ജിസാൻ : ജിദ്ദയില്‍ നിന്ന് ഇന്നലെ പുറപ്പെട്ട ‘ജല’യുടെ ചാര്‍ട്ടേഡ് വിമാനം ജിസാനിലെ 175 പ്രവാസി മലയാളികളുമായി കോഴിക്കോട്ടെത്തി. ജിസാനില്‍ നിന്ന് പ്രത്യേക ബസുകളില്‍ പ്രവാസികളെ ജിദ്ദയിലെത്തിച്ചാണ് സ്‌പൈസ് ജെറ്റിന്റെ എസ്.ജി 9500 വിമാനത്തില്‍ യാത്രയാക്കിയത്.
ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് അവസരം ലഭിക്കാത്ത രോഗികളും ഗര്‍ഭിണികളും തൊഴില്‍ നഷ്ടപ്പെട്ടവരും വിവിധ പ്രശ്‌നങ്ങള്‍ നേരിടുന്നവരുമടക്കം അടിയന്തരമായി നാട്ടില്‍ പോകേണ്ട ജിസാനിലെ പ്രവാസികളായിരുന്നു ‘ജല’യുടെ ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാരെല്ലാം. എട്ടോളം കൈകുഞ്ഞുങ്ങളും പത്ത് ഗര്‍ഭിണികളും സന്ദര്‍ശക വിസയിലെത്തിയ വയോവൃദ്ധരും അടിയന്തര ചികിത്സ തേടുന്ന രോഗികളും മാസങ്ങളായി തൊഴിലും വരുമാനവുമില്ലാതെ മാനസികമായും സാമ്പത്തികമായും പ്രയാസമനുഭവിക്കുന്നവരുമെല്ലാം അതില്‍ ഉള്‍പ്പെട്ടിരുന്നു.
സാമ്പത്തിക പ്രയാസം മൂലം ടിക്കറ്റെടുക്കാന്‍ കഴിയാതിരുന്ന പ്രവാസികള്‍ക്ക് സൗജന്യ ടിക്കറ്റും നല്‍കിയിരുന്നു.വന്ദേ ഭാരത് മിഷന്‍ വിമാന സര്‍വീസുകളില്‍ ജിസാനിലെ പ്രവാസികള്‍ക്ക് കാര്യമായി അവസരം ലഭിക്കാത്തതും വിമാനങ്ങള്‍ പുറപ്പെടുന്ന ജിദ്ദ, റിയാദ്, ദമ്മാം വിമാനത്താവളങ്ങളില്‍ ആയിരത്തഞ്ഞൂറോളം കിലോമീറ്ററുകള്‍ അകലെയുള്ള ജിസാനില്‍ നിന്നുള്ളവര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തതുമായ സാഹചര്യത്തിലാണ് പ്രവാസികളുടെ യാത്രാദുരിതത്തിന് ആശ്വാസമേകാന്‍ ‘ജല’ ചര്‍ട്ടേഡ് വിമാന സര്‍വീസൊരുക്കിയത്.
ജൂണ്‍ അവസാന വാരം ജിസാനില്‍ നിന്നും അബഹയില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ട് ഫ്‌ളൈ ദുബയ് ചര്‍ട്ടേഡ് വിമാനങ്ങള്‍ക്ക്’ ജല’ ശ്രമം നടത്തിയിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ഇന്ത്യന്‍ എംബസിയുടെയും അനുമതി ലഭിച്ചിരുന്നെങ്കിലും ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ ഇന്ത്യന്‍ സൗദി വിമാന കമ്പനികള്‍ക്ക് മാത്രാമായി സൗദി വ്യോമയാന അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ അന്തിമ അനുമതി നിഷേധിക്കുകയായിരുന്നു. പിന്നീടാണ് സ്‌പൈസ് ജെറ്റിന്റെ ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ചര്‍ട്ടേഡ് വിമാന സര്‍വീസിന് അനുമതി ലഭിച്ചത്. ജിസാനിലെ മൈ ടിക്കറ്റ് ട്രാവല്‍സാണ് ചര്‍ട്ടേഡ് വിമാന സര്‍വീസിന്റെ ട്രാവല്‍ പര്‍ട്ട്‌നേഴ്‌സ്.
പ്രത്യേക ബസുകളില്‍ ജിസാനില്‍ നിന്ന് ജിദ്ദയിലേക്ക് പ്രവാസികളെ എത്തിക്കുന്നതിനും അവര്‍ക്ക് താമസ ഭക്ഷണ സൗകര്യങ്ങളൊരുക്കുന്നതിനും സഹായങ്ങള്‍ക്കുമായി ലോകകേരള സഭ അംഗം ഡോ.മുബാറക്ക് സാനി, ‘ജല’ പ്രവര്‍ത്തകരായ ശ്രീധരന്‍ ഉള്ളാട്ടില്‍, അന്തുഷ, ഷാജു ഗോപാലന്‍, അലി മഞ്ചേരി എന്നിവരുടെ നേതൃത്വത്തില്‍ യാത്രാ സംഘത്തെ അനുഗമിച്ച് സേവനവുമൊരുക്കുകയും ജിദ്ദ വിമാനത്താവളത്തിലെത്തിച്ച് യാത്രയയക്കുകയും ചെയ്തു. ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ശിബു തിരുവനന്തപുരത്തിന്റെ നേതൃത്വത്തില്‍ ജിദ്ദയില്‍ ജിസാനില്‍ നിന്നുള്ള പ്രവാസികള്‍ക്ക് സഹായമെത്തിക്കുന്നതിനായി നവോദയയുടെ പ്രവര്‍ത്തകരുമെത്തിയിരുന്നു. നാട്ടിലേക്ക് തിരിച്ച പ്രവാസികള്‍ക്ക് ജിസനില്‍ നല്‍കിയ യാത്രയയപ്പിന് ജല കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ വെന്നിയൂര്‍ ദേവന്‍, എം.കെ.ഓമനക്കുട്ടന്‍, റസല്‍ കരുനാഗപ്പള്ളി, സണ്ണി ഓതറ, മുഹമ്മദ് ഇല്യാസ്, ജേക്കബ് ചാക്കോ, സന്ദീപ്, തോമസ് കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
സൗദി ആരോഗ്യമന്ത്രാലയത്തിന്റെയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും കോവിഡ് പ്രൊട്ടോക്കോളും കര്‍ശനമായി പാലിച്ചാണ് ‘ജല’ ചാര്‍ട്ടേഡ് വിമാനസര്‍വീസ് ഒരുക്കിയതെന്ന് ജല രക്ഷാധികാരിയും ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗവുമായ താഹ കൊല്ലേത്ത് പറഞ്ഞു. ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ സാധാരണ പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്നും വിവിധ പ്രശ്‌നങ്ങള്‍ മൂലം അടിയന്തരമായി നാട്ടില്‍ പോകേണ്ട ജിസാനിലെ പ്രവാസികളുടെ യാത്രാ ദുരിതം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ജല ആവശ്യപ്പെട്ടു.
എമിഗ്രേഷന്‍ സൗകര്യമുള്ള അന്താരാഷട്ര വിമാനത്താവളമായ ജിസാനില്‍ നിന്ന് നേരിട്ട് വന്ദേ ഭാരത് സര്‍വീസുകള്‍ ആരംഭിക്കണമെന്നും അതിനായി ജിസാനിലെ പ്രവാസി സംഘടനകളുടെ ഐക്യവേദിയായ ജിസാന്‍ പ്രവാസി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനും കേരള മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയതായും ലോകകേരള സഭ സംഗം ഡോ.മുബാറക്ക് സാനി പറഞ്ഞു.