101 മെഴുകുതിരിയുടെ ചില ട്വിസ്റ്റുകള്‍

 

 

 

 

 

 

 

വൈപ്പിന്‍ കരക്കാരി നായികയായി അഭിനയിച്ച ചിത്രം എന്നതിലുപരി ‘ വാവ’ യിലെ ബെന്നി .പി. നായരമ്പലത്തിന്റെ മകള്‍
അഭിനയിച്ച ചിത്രം എന്ന നിലക്കാണ് വൈപ്പിന്‍ കരയിലെ ഞാറക്കല്‍ മെജസ്റ്റിക്കില്‍ ‘ കപ്പേള’ സിനിമ കാണാന്‍ പോയത്.

സിനിമയുടെ ടൈറ്റില്‍ കാണിക്കുമ്പോഴുള്ള ബാക്ക്ഗ്രൗണ്ട് കമ്പ്യൂട്ടര്‍ ഗ്രാഫിക്ക് കാഴ്ചകളാണെന്നാണ് ആദ്യം ധരിച്ചത് . പക്ഷെ നായികയും കൂട്ടുകാരിയും വയനാട്ടിലെ ‘ പൂവാര്‍ മല’ ബസ്റ്റോപ്പില്‍ എത്തി ക്കഴിയുമ്പോഴാണ് അതൊക്കെ ഒരു പെരുമഴക്കാഴ്ചയായിരുന്നെന്ന് തിരിച്ചറിയാനായത്.

അപ്പോള്‍ തന്നെ കൊടുത്തു സംവിധായകന്‍ മുഹമ്മദ് മുസ്തഫക്കു ഒരു സ്റ്റാര്‍.

സിനിമയിലെ ഓരോ കഥാപാത്രവും ഒന്നിനൊന്നു മെച്ചം. അഭിനേതാക്കളെ ഓരോരുത്തരേയും അതിഭാവുകത്തിലേക്കൊന്നും പോകാതെ സംവിധായകന്‍ കുരുക്കിട്ട് നിയന്ത്രിച്ചിരിക്കുന്നു.

നടീ നടമാരൊക്കെ ബിഗ്സ്ക്രീനില്‍ താരതമ്യേന പുതു മുഖങ്ങളാണെങ്കിലും സീരിയലുകളിലും മിമിക്രിയിലും പയറ്റി തെളീഞ്ഞ് അഭിനയത്തിന്റെ കറയൊക്കെ കളഞ്ഞ് എടുത്തവരാണ് എല്ലാവരും തന്നെ.

കോഴിക്കോട് കെ. എസ്. ആര്‍. ടി ബസിലെ കണ്ടക്ടര്‍ റൂട്ടില്‍ പുതിയ ആളായതുകൊണ്ട് ഇറങ്ങേണ്ട സ്ഥലം, അറിയാത്ത യാത്രക്കാരനോട് ചോദിക്കാന്‍ പറഞ്ഞേല്പ്പിക്കുന്നു. ചാറ്റല്‍ മഴ പിറകിലേക്കു തെറിച്ചു വീഴുന്നതില്‍ അലോസരം പൂണ്ട യാത്രക്കാരന്‍ പെണ്‍കുട്ടിയോട് പരുഷ ശബ്ദത്തില്‍ ഷട്ടര്‍ താഴ്ത്തിയിടാന്‍ ആവശ്യപ്പെടുന്നു. ശബ്ദം മാത്രമേ ഉള്ളു അതും ഒരു കഥാ പാത്രമായി മനസില്‍ ഉണ്ട്.

കോഴിക്കോട് സ്റ്റാന്‍ഡില്‍ ബസ് എത്തിക്കഴിയുമ്പോള്‍ ബാക്കി കാശ് വാങ്ങാതെ പോകുന്ന ജാന്‍സിയെ വിളീച്ച് ( നായികാ കഥാപാത്രത്തിന്റെ പേര് ജാന്‍സി) ബാക്കി കൊടുക്കുന്ന കണ്ടക്ടര്‍. അല്ലെങ്കില്‍ അതുകൊണ്ടു പോയി ഡിപ്പോയില്‍ എസ്സസ്സ് കാശായി അടക്കണം .

വയനാട് മലയടിവാരത്തിന്റെ പ്രകൃതി ഭംഗി അതേപടി ഒപ്പിയെടുത്തിരിക്കുന്ന ക്യാമറാ ചലനങ്ങള്‍ വയനാട്ടിലെ ‘ പൂവാര്‍ മല ‘ ഇനിയും ഒത്തിരി സിനിമാ ചിത്രീകരണങ്ങള്‍ക്ക് ലൊക്കേഷനാകാന്‍ സംവിധായകന്‍ നിമിത്തമാകുന്നു.

ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് ‘ ഹൈലൈറ്റ്’ സുധാസ്, നിഖില്‍ വാഹിദ് മുഹമ്മദ് മുസ്തഫ തുടങ്ങിയവരുടെ കൂട്ടായ യത്നം.

ഒറ്റവാക്കില്‍ സിനിമയെ കുറിച്ചു പറയാന്‍ ശ്രമിച്ചാല്‍ പണ്ടത്തെ മുത്തശിമാര്‍ പറയാറുള്ള സദാചാര ഗുണപാഠ കഥകളുടെ പുതിയ ഭാഷ്യത്തിലേക്കു എത്തുന്നു. ആദ്യ പകുതിയില്‍ നാം നായകനായി മനസില്‍ കൊണ്ടു നടന്ന വിഷ്ണു രണ്ടാം പകുതില്‍ കറയറ്റ വില്ലനായി മാറുമ്പോള്‍ പ്രേക്ഷകര്‍ തരിച്ചിരുന്നു പോകും.

തയ്യല്‍ക്കാരിയായ അമ്മ പറഞ്ഞിട്ട് ബ്ലൗസിന്റെ അളവ് മേടിക്കാനായി കലണ്ടറിന്റെ മൂലക്ക് കുറിച്ചു വച്ച ഫോണ്‍ നമ്പറിലേക്ക് ഡയല്‍ ചെയ്തപ്പോള്‍ അതെങ്ങനെയോ തെറ്റി ഓട്ടോക്കാരന്‍ വിഷ്ണുവിലേക്ക് എത്തപ്പെടുന്നു. തിരിച്ചു വിളീകളില്‍ നിന്നൊക്കെ അവള്‍ പല വട്ടം ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ
അവള്‍ക്ക് കണ്ടെത്താവാനാകാത്ത ചില കടം കഥകള്‍ക്ക് ഉത്തം കണ്ടെത്തി കൊടുത്ത് അവന്‍ അവളെ ലൈനപ്പിലേക്കാക്കുന്നു.

പിന്നെ ജാന്‍സി വിഷ്ണുവിന്റെ വലയില്‍ വീഴാനായി നിന്നു കൊടുക്കുന്നു.

ഒരു വട്ടം പോലും തമ്മിലൊന്നു കാണാതെയുള്ള സ്മാര്ട്ട് ഫോണടുപ്പം പിന്നെ സംസാരമായി വിഷ്ണുവിന്റെ സഹോദരിമാരോട് സംസാരമായി.

ഇതിനിടക്കുള്ള ചില സംഭവങ്ങളിലൂടെ, ദൃശ്യങ്ങളിലൂടെ വിഷ്ണു ആ നാട്ടിലുള്ള ഓരുത്തര്‍ക്കും വേണ്ടപ്പെട്ടവനാകുന്നു. ആദ്യ പകുതിയിലെ നന്മ വിളക്കു മരം.

ഇക്കാലത്തെ ഏതു പെണ്‍കുട്ടികളേയും പോലെ തന്റെ ചിത്രം പുതിയ ജവുളിക്കടയുടെ പരസ്യ ബോര്‍ഡില്‍ വന്നപ്പോള്‍ അത് കാണിച്ചു കൊടുക്കാനായി അനിയത്തിയേയും കൂട്ടുകാരിയേയും കൂട്ടി അത്യാഹ്ലാദത്തോടെ ജാന്സി ഓടുമ്പോള്‍ ആ നാടു മുഴുവന്‍ ആ കാഴ്ച ആകാംക്ഷയോടെ നോക്കി നില്ക്കുന്നു. പ്രേക്ഷകരും.

കുടുംബത്തിലെ പെണ്‍കുട്ടികള്‍ വഴി തെറ്റിപ്പോകാതിരിക്കാന്‍ മാതാപിതാക്കള്‍ എത്രത്തോളം ശ്രമിക്കുന്നുണ്ടെന്നു ജാന്‍സിക്കോ അനിയത്തി സ്കൂള്‍ വിദ്യാര്‍ത്ഥിനി ഒരു ആണ്‍കുട്ടിയുടെ കൂടെ സൈക്കിളില്‍ വന്നിറങ്ങുന്നത് കാണാനിടയായ ചാച്ചന്‍ വേലിപ്പത്തല്‍ ഒടിച്ചെടുത്ത് ഓടിച്ചിട്ട് തല്ലുന്നതില്‍ നിന്ന് നമുക്ക് മനസിലാക്കാം. അതിലും വലിയ തെറ്റുകളിലേക്ക് കാലെടുത്തു വച്ചുകൊണ്ടിരിക്കുന്ന ജാന്‍സിയുടെ കണ്ണുകളിലൂടെ തന്നെയാണ് നാമതൊക്കെ കാണുന്നത് തന്നെ.

എന്നിട്ട് ആ കുട്ടി പറയുന്നതു നോക്കു.

എനിക്ക് സൈക്കിള്‍ വാങ്ങി തരാത്തതുകൊണ്ടല്ലേ ഞാന്‍ അവന്റെ സൈക്കിളില്‍ കയറിയത് എന്നാണ്.

നായികയായ ജാന്‍സിക്കും വേണമെങ്കില്‍ പറയാം എന്നെ കടല്‍ കാണിച്ചു തരാത്തതുകൊണ്ടല്ലേ ഞാനീ കണ്ട ഏടാ കൂടങ്ങളിലെല്ലാം ചെന്നു പെട്ടതെന്ന്. ഇന്നത്തെ പെണ്‍കുട്ടികള്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകള്‍ക്ക് സാധൂകരണം കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നു സിനിമ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

മുഹമ്മദ് മുസ്തഫ എന്ന സംവിധായകന്റെ കയ്യില്‍ അന്നാ ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു, തന്‍വിറാം, സുധി കോപ്പ, നിഷ സാരംഗ്, ജയിംസ് എന്നിങ്ങനെയുള്ള ഓരോ അഭിനേതാക്കളും തങ്ങളുടെ ഭാഗം ഭംഗിയാക്കി.

ജാന്‍സിക്ക് ഒരു കല്യാണാലോചന വരുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായി മലയടിവാരത്തുള്ള മേല്‍ക്കൂര പോലുമില്ലാത്ത കപ്പേളയില്‍ ചെന്ന് ആ കല്യാണാലോചന അലസിയപ്പോള്‍ നൂറ്റൊന്നു മെഴുകുതിരി കത്തിച്ചേക്കാമെന്നു നേര്‍ച്ച നേരുന്നു. ഈശ്വരന് അവള്‍ ചോദിച്ചതു മാത്രമേ കൊടുക്കു എന്ന വാശിയൊന്നും കാണിക്കാതെ അതായത്, വെറും കച്ചവട മനസ്കാണിക്കാതെ അവളെ ഓരോ ആപത്തുകളില്‍ നിന്നും രക്ഷിക്കാന്‍ അവളുടെ നിഴലായി കൂടെയങ്ങു കൂടുന്നു.

ഈശ്വരനോട് നാം ചോദിക്കുന്നത് എപ്പോള്‍ തരണം എങ്ങനെ തരണം ഈശ്വര നിശ്ചയം. അതിനു തക്കവണ്ണം ഒരു കഥാപാത്രത്തെ രണ്ടാം പകുതിയില്‍ രംഗത്തിറക്കുന്നു.

ശ്രീനാഥ് ഭാസി എന്ന നടന്റെ മാസ് എന്‍ട്രി.

 

ഒന്നാം പകുതിയില്‍ വിഷ്ണുവിനു നാം ആവോളം സ്നേഹം കൊടുക്കാന്‍ നിര്‍ബന്ധിതനാകുന്നു. അല്ല തിരക്കഥാകാരന്‍ ‍ നമ്മെ കൊണ്ട് സ്നേഹം കൊടുപ്പിക്കുന്നു. കാശിനോട് ലവലേശം ആര്‍ത്തി കാണിക്കാത്ത വിഷ്ണു നാട്ടിലും ഓട്ടോ സ്റ്റാന്‍ഡിലും ഇടപെടുന്ന എല്ലായിടങ്ങളിലും നല്ലതെന്ന് ബോധപൂര്‍വം പറയിപ്പിക്കുന്ന കഥാ പാത്രം.

കണ്ണില്‍ വിടരും രാത്താരങ്ങള്‍ …

എന്ന വിഷ്ണു ശോഭനയുടെ വരികള്‍ സുഷിന്‍ ശ്യാമിന്റെ സംഗീത സംവിധാനത്തില്‍ സൂരജ് സന്തോഷും, ശ്വേത മോഹനനും കൂടി പാടി അസലാക്കിയിരിക്കുന്നു.

വില്ലനില്‍ നിന്നും രക്ഷപ്പെടുത്തി രണ്ടാം നായകന്‍ ജാന്‍സിയെ ഓട്ടോയില്‍ കയറ്റി കൂടെ കൊണ്ടു പോകുമ്പോള്‍ വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ ശ്രീനാഥ് ഭാസി നായികക്ക് ഫോണ്‍ കൈമാറുന്നു. ഫോണ്‍ പലവട്ടം തുടച്ചു കഴിഞ്ഞാണ് കൊടുക്കുന്നത് തന്നെ. ഇതില്‍ നിന്നൊക്കെ മനസിലാകുന്നത് ഓരോ കഥാപാത്രത്തിന്റെയും സൂക്ഷ്മതലങ്ങളലേക്കൊക്കെ സംവിധായകന്‍ ശ്രദ്ധ ചെലുത്തിയിരുന്നു എന്ന കാര്യം.

നായകനും പ്രതിനായകനും ഹോട്ടല്‍മുറിയില്‍ അടി പിടി കൂടുമ്പോള്‍ ജാന്‍സി എങ്ങിനെയോ ബാത്ത്റൂമില്‍ കയറി വാതില്‍ ലോക്ക് ചെയ്യുന്നു . ജാന്‍സി തൊഴുകയ്യോടെ, പ്രാര്‍ത്ഥനയോടെ പേടിച്ചരണ്ട് ഇരിക്കുമ്പോഴുള്ള മുഖത്തെ ഭാവഭേദങ്ങള്‍ മഞ്ചുവാര്യരുടെ ചില അഭിനയ മുഹൂര്‍ത്തങ്ങള്‍ മനസിലെത്തിച്ചു.

നാളത്തെ മലയാള സിനിമയുടെ അഭിഭാജ്യ ഘടകമായി തീരാനുള്ള യാത്രയിലാണ് അന്നബെന്‍. അല്ല ജാന്‍സി ബെന്‍. ട്വിസ്റ്റുകളുടെ ഒരു പൊങ്കാല തന്നെ ചിത്രത്തില്‍ ഉടനീളം ഉണ്ട്.

പടം കഴിഞ്ഞിറങ്ങുമ്പോള്‍ എന്നിലെ കഥാകാരന്‍ സംവിധായകനോട് ഒ‍ന്ന് കലഹിച്ചാണ് ഇറങ്ങിയത്. ഞാന്‍ ഉദ്ദേശിച്ചപോലെ, സങ്കല്പ്പിച്ച പോലെ കണക്കു കൂട്ടിയ പോലെ കഥയും കഥാപാത്രങ്ങളും പോയില്ല എന്നതു തന്നെ കാര്യം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവഴി
Next articleആദ്യാനുരാഗം …
മുപ്പത് വർഷമായി ആനുകാലികങ്ങളിൽ കഥകൾ എഴുതാറുണ്ട്.ആകാശവാണി യിൽ കഥകൾ അവതരപ്പിച്ചിട്ടുണ്ട്.വൈപ്പിൻ കരയിലെ ചെറായി സ്വദേശി. കാനപ്പിള്ളി സുകുമാരൻ്റേയും സതിയുടേയും മകൻ.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here