​​കവിത, ഹിംസ, സമകാലീനത

 
29178359_10156227760778415_3439224744790982656_n
( 2018 -ലെ എഴുത്തഛന്‍ പുരസ്കാരം സ്വീകരിച്ചു മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദൻ തിരുവനന്തപുരം ദര്‍ബാര്‍ ഹാളില്‍ നടത്തിയ പ്രസംഗം )
 
അത്യധികമായ വിനയത്തോടും അത്ര തന്നെ ചാരിതാര്‍ഥൃത്തോടും കൂടിയാണ് ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ നാമധേയത്തിലുള്ള ഈ പുരസ്കാരം ഞാന്‍ ഏറ്റു വാങ്ങുന്നത്. ഇതിനു മുന്‍പ് ഈ പുരസ്കാരത്തിനര്‍ഹരായ എല്ലാ മഹാസാഹിത്യകാരന്മാരെയും പണ്ഡിതരെയും ഞാന്‍ ഒരു മഹാവൃക്ഷത്തിലെ തളിരില തന്റെ മാതൃവൃക്ഷത്തെ പ്രണമിക്കും പോലെ സ്നേഹപൂര്‍വ്വം സ്മരിക്കുന്നു. ഉദാത്തകവിതയുടെ കോടിസൂര്യപ്രഭ ഞാന്‍ ആദ്യമായി അനുഭവിക്കുന്നത് ബാല്യകാലത്തെ രാമായണപാരായണത്തിലൂടെയാണെന്ന് സ്വദേശത്തും വിദേശത്തും നല്‍കിയ അനേകം അഭിമുഖങ്ങളില്‍ ഞാന്‍ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്.ആ അനുഭവത്തിന്റെ ചാരുതീക്ഷ്ണതയാണ് നാല്‍പ്പത്തിയഞ്ചു വര്‍ഷം മുന്‍പ് ‘എഴുത്തച്ഛനെഴുതുമ്പോള്‍’ എന്ന കവിത എന്നെക്കൊണ്ട് എഴുതിച്ചത്. അത് പിന്നീട് കുമാരനാശാന്‍, വൈലോപ്പിള്ളി, ഇടശ്ശേരി, പി കുഞ്ഞിരാമന്‍ നായര്‍, തുടങ്ങിയ എന്റെ ഗുരുതുല്യരായ പൂര്‍വകവികള്‍ക്കും സുഗതകുമാരി, അയ്യപ്പപ്പണിക്കര്‍, ആറ്റൂര്‍ രവിവര്‍മ്മ, കടമ്മനിട്ട രാമകൃഷ്ണന്‍ തുടങ്ങിയ എന്റെ മുതിര്‍ന്ന സമകാലീനര്‍ക്കും സമര്‍പ്പിച്ച ഏറെ കവിതകളുടെ ആരംഭമാവുകയും ചെയ്തു.
എഴുത്തച്ഛനു തിലോദകമര്‍പ്പിക്കുന്ന ‘പ്രണാമം’ എന്ന കവിതയില്‍ അധ്യാത്മ രാമായണരചന എങ്ങിനെ അക്കാലത്ത് ഒരു സാംസ്കാരികവിപ്ലവമായിരുന്നു എന്ന് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ സൂചിപ്പിക്കുന്നുണ്ട് : “ വിഴുപ്പു ഭേസാം നമ്പൂരാരുടേ, തെന്‍ വര്‍ഗ്ഗത്തി/ന്നെഴുത്തും പഠിപ്പുമൊല്ലാത്തതെന്നല്ലോ ചട്ടം/ ആ വിലങ്ങാദ്യം വെട്ടീ കാരിരുമ്പെഴുത്താണി/ യാലാര്യന്‍, പിന്നീടത്രേ കുറിച്ചൂ രാമായണം.” ധര്‍മ്മത്തിന്റെ ശംഖനിര്‍ഘോഷ ത്തെ വാത്സല്യം കൊണ്ട് എഴുത്തച്ഛന്‍ എങ്ങിനെ പൈങ്കിളിപ്പാട്ടായ് മാറ്റി എന്നും അദ്ദേഹം തുടര്‍ന്നു പറയുന്നു. “ ശ്രാന്തങ്ങളാകും മരക്കൂട്ടങ്ങള്‍ പോലും നിശാ/ ശാന്തിയില്‍ തരംഗിത പീയൂഷഝരി പോലെ / സാദരം നുകരുന്നൂ ശാശ്വതപ്പച്ചപ്പോലും / കേരളത്തിങ്കല്‍ ഗുരോ , ത്വല്‍ദ്ദിവ്യസന്ദേശത്തെ/ അന്നത്താല്‍ മാത്രം ജീവിപ്പീല, ജീവിപ്പൂ ലോകം /ആശയത്താലും ; ജീവദാതാവേ നമസ്കാരം!”
എഴുത്തച്ഛന്‍ ഇന്ത്യയുടെ മാനുഷിക ആധ്യാത്മികതയുടെ ഒരു സുദീര്‍ഘ പാരമ്പര്യത്തിന്റെ സൃഷ്ടിയാണ്. സമത്വം സ്വപ്നം കണ്ട ഇന്ത്യയിലെ ആദിവാസിക്കവികളിലും നാടോടിക്കവികളിലും നിന്നു തന്നെ ആരംഭിക്കുന്നുണ്ട് ആ പാരമ്പര്യം. ഋഗ്വേദവും ഉപനിഷത്തുകളും ആ ആത്മീയാന്വേഷണത്തിന്റെയും പ്രകൃതി-മനുഷ്യലയത്തിന്റെയും ആഘോഷങ്ങളാണ്. തിരുമൂലരെപ്പോലുള്ള തമിഴ് ശൈവകവികളിലും ബസവണ്ണയെയും അക്ക മഹാദേവിയെയും പോലുള്ള കന്നഡ വചനകാരരിലും വേമനയെയും തിക്കണ്ണയെയും പോലുള്ള തെലുങ്ക് ഭക്തകവികളിലും ദക്ഷിണേന്ത്യക്ക് പുറത്ത് കബീറിനെയും മീരാബായിയെയും സൂര്‍ ദാസിനെയും റഹീമിനെയും രസഖാനെയും ബഹീനാ ബായിയെയും തുക്കാ റാമിനെയും ചൊഖാമേളയെയും നാമദേവനെയും ചൈതന്യനെയും ലാല്‍ ദേദിനെയും പോലെ നൂറുകണക്കിന് ഭക്തകവികളിലും ബുള്ളേ ഷാ, ഷാ അബദുല്‍ ലത്തീഫ്, ബാബാ ഫരീദ്, സുല്‍ത്താന്‍ ബഹു തുടങ്ങിയ സൂഫി കവികളിലും കാണുന്നതും വിവേകാനന്ദനിലും ശ്രീ നാരായണഗുരുവിലും ഗാന്ധിജിയിലും തുടരുന്നതുമായ, പ്രപഞ്ചരഹസ്യത്തിനു മുന്നിലുള്ള അതേ വിനയവും അതേ സമസൃഷ്ടിസ്നേഹവും, വിശ്വഭാവനയും, വര്‍ണ്ണ- ലിംഗ സമത്വബോധവും ആചാരങ്ങളെക്കാളും പുരോഹിത മാദ്ധ്യസ്ഥത്തെക്കാളും മൂല്യങ്ങള്‍ക്ക് സ്ഥാനം കല്‍പ്പിക്കുന്ന ഉദാരവും മാനുഷികവുമായ ആത്മീയതയും, ജനഭാഷകളുടെ ആവിഷ്കാരശേഷിയിലുള്ള ഉറച്ച വിശ്വാസവും തന്നെയാണ് എഴുത്തച്ഛന്റെ കാവ്യപ്രപഞ്ചത്തെയും ഉന്മിഷത്താക്കുന്നത്. ഭക്തി-സൂഫി കവികളെക്കുറിച്ചും ഗുരുവിനെക്കുരിച്ചും ഗാന്ധിയെക്കുറിച്ചും ഏറെ കവിതകള്‍ എന്നെക്കൊണ്ട് എഴുതിച്ചതും ഈ ആദിപ്രചോദനമാണ്.
സാമൂഹ്യാപചയത്തിന്നെതിരായ നീതിചിന്ത, കവിതയും തത്വചിന്തയുമായുള്ള സമന്വയം, സമൂഹത്തിലെ തന്റെ ശൂദ്രപദവിയെ മറി കടന്നുള്ള ദര്‍ശനാധ്യയനം, തമിഴില്‍ നിന്ന് സ്വീകരിച്ച കിളിപ്പാട്ട് ഉപയോഗിച്ച് തത്തയെക്കൊണ്ട് കഥ പാടിച്ച് ബ്രാഹ്മണരുടെ പഴിയില്‍ നിന്ന് രക്ഷപ്പെടുന്നതില്‍ കാണിച്ച അതിജീവനചാതുരി, സംസ്കൃതത്തിന്റെ ധൈഷണികതയും വിചാര ഗരിമയും ദ്രാവിഡത്തിന്റെ വൈകാരികതയും സംഗീതാത്മകതയും ശരിയായ അനുപാതത്തില്‍ സമന്വയിച്ച് പുതിയ ഒരുജ്ജ്വല കാവ്യശൈലി രൂപീകരിക്കുന്നതില്‍ കാണിച്ച ഭാഷാജ്ഞാനവും സൌന്ദര്യബോധവും, ഹോമറിന്റെ സാര്‍വ്വ ജനീനതയും ദാന്തേയുടെയും മില്‍ട്ടന്റെയും ഗരിമയും ഒന്നിച്ചു ചേര്‍ത്ത ഭാഷാഭാവന, രാജനീതിയും പ്രണയനീതിയും തമ്മിലുള്ള സംഘര്‍ഷത്തെ, നില നില്‍ക്കുന്ന നീതി വ്യവസ്ഥയ്ക്കു മുന്നില്‍ നിസ്സഹായരായ രാമനോടും സീതയോടും തുല്യമായ അനുകമ്പയോടെ നിഷ്പക്ഷമായി അവതരിപ്പിക്കുന്നതിലെ ഔചിത്യം, രാമന്റെ ചരമഭാഷണത്തില്‍ പ്രകടമാവും പോലെ ദുരന്തനായകനും പരാക്രമിയും ശിവഭക്തനും സംഗീതജ്ഞനുമായ രാവണന്‍ ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളോടു പുലര്‍ത്തുന്ന കാരുണ്യം കിനിയുന്ന നീതിബോധം, മായാസീതയെ സൃഷ്ടിക്കുന്നതിലെ ഔചിത്യം, മറ്റൊരു രാമായണത്തിലും കാണാത്ത രീതിയില്‍ ‘അധ്യാത്മ’ത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സ്തോത്രങ്ങളിലെ ഉദാത്തമായ കാവ്യാത്മകത: ഇങ്ങിനെ മലയാളത്തില്‍ കവിധര്‍മ്മത്തിന്റെ മാതൃകയാകാന്‍ കഴിഞ്ഞതാണ് എഴുത്തച്ഛനെ മുന്‍പും പിന്‍പും വന്ന പല കവികളില്‍ നിന്നും ഉയര്‍ത്തി നിര്‍ത്തിയത്. ബനാറസ് സര്‍വകലാശാലയിലും മദ്രാസ് സര്‍വകലാശാലയിലും ഗുജറാത്തില്‍ മഹുവായില്‍ നടന്ന രാമായണസെമിനാറിലും ഭക്തി പാരമ്പര്യത്തെയും അധ്യാത്മരാമായണത്തെയും കുറിച്ചു നടത്തിയ പ്രഭാഷണങ്ങളിലും ‘രാമായണ ത്രൂ ദി ഏയ്‌ജെസ്’ ( ഡീ കെ പബ്ലിഷിംഗ് വേള്‍ഡ് , ഡല്‍ഹി) എന്ന പഠനഗ്രന്ഥത്തിലെ ദീര്‍ഘമായ ആംഗലപ്രബന്ധത്തിലും ഈ സൌന്ദര്യാത്മക-സാമൂഹ്യ-സാംസ്കാരികമാനങ്ങള്‍ ഞാന്‍ വിശദമായി പരിശോധിച്ചിട്ടുണ്ട്.
മലയാളകവിതയുടെ പാരമ്പര്യം, എഴുത്തച്ഛനില്‍ നിന്നേ ആരംഭിക്കുന്ന നിരന്തരം പുതുക്കുന്ന മൂല്യബോധത്തിന്റെയും സൌന്ദര്യബോധ ത്തിന്റെയും പാരമ്പര്യമാണ്. നീതിയെയും ലാവണ്യത്തെയും നമ്മുടെ വലിയ എഴുത്തുകാര്‍ രണ്ടായി കണ്ടില്ല. ഒന്നിന്റെ പേരില്‍ മറ്റേതിനെ നിരാകരിച്ചില്ല. അഥവാ അങ്ങിനെ നിരാകരിച്ചവരെ, ഒന്നിനായി മറ്റേതിനെ ബലി കൊടുത്തവരെ, മലയാളികളായ വായനക്കാര്‍ ലാളിച്ചില്ല. അവര്‍ക്ക് സൌന്ദര്യത്തിന്റെ നീതിയും നീതിയുടെ സൗന്ദര്യവും വേണമായിരുന്നു, വേണം. പാബ്ലോ നെരൂദയുടെ ഭാഷയില്‍ “ഉപയോഗിച്ചതും ഉപേക്ഷിച്ചതുമായ വസ്തുക്കള്‍, കാലുകളുടെയും വിരലുകളുടെയും പാടുകള്‍, എല്ലാ വസ്തുക്കളുടെയും അകത്തും പുറത്തും പതിഞ്ഞിട്ടുള്ള മാനുഷികതയുടെ ശാശ്വതമുദ്രകള്‍: അത്തരം കവിതയാണ് നാം ലക്ഷ്യമാക്കേണ്ടത്: അമ്ലം കൊണ്ടെന്ന പോലെ കൈപ്പെരുമാറ്റം കൊണ്ട് തേയ്മാനം വന്ന, വിയര്‍പ്പും പുകയും നിറഞ്ഞ, ലില്ലിപ്പൂവും മൂത്രവും മണക്കുന്ന, നിയമത്തിന്നനുകൂലമായും പ്രതികൂലമായും നാം ചെയ്യുന്ന കാര്യങ്ങളുടെ വൈവിധ്യം ചാര്‍ത്തുന്ന, കവിത. ഭക്ഷണക്കറയും അവമാനവും പറ്റിപ്പിടിച്ച, ചുളിവുകളും നിരീക്ഷണങ്ങളും സ്വപ്നങ്ങളും ഉറക്കമിളപ്പും പ്രവചനങ്ങളും സ്നേഹവൈരാഗ്യപ്രഖ്യാപനങ്ങളും വിഡ്ഢിത്തങ്ങളും ഞെട്ടലുകളും നാടോടിക്കവിതകളും രാഷ്ട്രീയവിശ്വാസങ്ങളും നിഷേധങ്ങളും സംശയങ്ങളും സ്ഥിരീകരണങ്ങളും പ്രകീര്‍ത്തനങ്ങളും ചേര്‍ന്ന, ശരീരം പോലെ, പഴന്തുണി പോലെ,അവിശുദ്ധമായ കവിത”- അത്തരം കവിതയാണ്, സാഹിത്യമാണ്, അവര്‍ അന്വേഷിച്ചത്. എഴുത്തുകാര്‍ വൈലോപ്പിള്ളി വിശേഷിപ്പിച്ച പോലെ ഒരു “സൌവര്‍ണ്ണ പ്രതിപക്ഷം” ആണെന്ന് കരുതാനാണ്‌ എന്റെ പൂര്‍വകവികളെപ്പോലെ എനിക്കും ഇഷ്ടം. ഏതു വ്യവസ്ഥയിലും കവികള്‍ദുര്‍നീതികളെയും ദുരാധിപത്യങ്ങളെയും ചോദ്യം ചെയ്യും , ചെയ്തിട്ടുണ്ട്. മനുഷ്യവംശത്തിന്റെ മനസ്സാക്ഷിയാകുമ്പോഴാണ് അവര്‍ അവരുടെ ധര്‍മ്മം നിര്‍വ്വഹിക്കുന്നത്.
പുരസ്കാരം കവിതയ്ക്കു മാത്രമല്ല എനിക്കു നല്‍കപ്പെടുന്നത് എന്ന് എനിക്കറിയാം. ബാല്യത്തിലേ എഴുത്താരംഭിച്ചെങ്കിലും അര നൂറ്റാണ്ടായെങ്കിലും ഞാന്‍ പൊതു പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നുണ്ട്. മലയാളത്തില്‍ എഴുതിയ വിമര്‍ശപഠനങ്ങള്‍ മുതല്‍ ഇന്ഗ്ളീഷില്‍ എഴുതിയ ഇന്ത്യന്‍ താരതമ്യ സാഹിത്യപ്രബന്ധങ്ങള്‍ വരെ, രണ്ടു ഭാഷകളിലുമുള്ള പുസ്തകനിരൂപണങ്ങളും സാഹിത്യപംക്തികളും മുതല്‍ തത്വചിന്തയും രാഷ്ട്രീയ സിദ്ധാന്തങ്ങളും സൌന്ദര്യമീമാംസയും പരിസ്ഥിതിവിചാരങ്ങളും വിദ്യാഭ്യാസചിന്തകളും വരെ, കവിതകളും കവിതാ വിവര്‍ത്തനങ്ങളും മുതല്‍ നാടകങ്ങളും നാടകപരിഭാഷകളും യാത്രാവിവരണങ്ങളും വരെ, പല ഗണങ്ങളില്‍, പല തലങ്ങളില്‍ ഉയര്‍ച്ചകളും താഴ്ച്ചകളുമായി പടര്‍ന്നു കിടക്കുന്ന ആ ചെറുലോകത്തെ വിലയിരുത്താന്‍ ഞാന്‍ ആളല്ല. എങ്കിലും എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ഒരു കാര്യം അവയ്ക്കെല്ലാമടിയില്‍ പ്രവര്‍ത്തിക്കുന്ന മൂല്യസങ്കല്‍പ്പം ഒന്നു തന്നെയാണ് എന്നതാണ്. സ്നേഹവും സമത്വവും ഭരിക്കുന്ന ഒരു മാനുഷികലോകത്തെക്കുറിച്ചുള്ള സ്വപ്നമാണ് അത്. ലോകത്തിന്റെ മുഴുവന്‍ സൗഖ്യം സ്വപ്നം കാണുന്നതിനേക്കാള്‍, അതിനു വേണ്ടി ചിന്തിക്കുകയും എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനേക്കാള്‍ വലിയ ഒരു ആത്മീയപ്രവര്‍ത്തനം ഇല്ലെന്നാണ് എന്റെ പക്ഷം. അവനവന്റെ സുഖത്തിനാചരിക്കുന്നത് അപരന്റെ ഗുണത്തിനാകണമെന്ന ഗുരുവചനം ഈ ആത്മീയതയുടെ കാതല്‍ ആവഹിക്കുന്നുണ്ട്.
അറിയപ്പെടാത്ത ഒരു നാട്ടിന്‍ പുറത്തെ ഒട്ടും സമ്പന്നമല്ലാത്ത വീട്ടില്‍ ജനിച്ച, ഭാവിയെക്കുറിച്ചു വലിയ സ്വപ്‌നങ്ങള്‍ പോലും അപ്രാപ്യമായിരുന്ന, താരതമ്യേന ഏകാകിയായ ഒരു കുട്ടിയെ, അമ്മൂമ്മയില്‍ നിന്ന് ഭ്രാന്തമായ ഭാവനയും അമ്മയില്‍ നിന്ന് മൃഗങ്ങളോടും സസ്യങ്ങളോടും സംസാരിക്കാനുള്ള പ്രാപ്തിയും അച്ഛനില്‍ നിന്ന് മരിച്ചവരുമായി സംവദിക്കാനുള്ള ശേഷിയും അധ്യാപകരില്‍ നിന്ന് പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്വരയും കേരളീയവും ഭാരതീയവും ആഗോളവുമായ കവിതാപാമ്പര്യങ്ങളില്‍ നിന്ന് കവിതയുടെ അനന്ത വൈവിധ്യ ത്തെക്കുറിച്ചുള്ള വിസ്മയനിര്‍ഭരമായ ബോധവും നേടിയ ഒരു സാധാരണനെ, അയാളുടെ കവിതകളോടുള്ള പ്രിയം ഒന്നു കൊണ്ട് മാത്രം മുപ്പതിലേറെ ഭാഷകളിലുള്ള പരിഭാഷകളിലൂടെ ലോകമെമ്പാടുമുള്ള സഹൃദയരില്‍ എത്തിച്ച, ഞാന്‍ അറിയുന്നവരും അറിയാത്തവരുമായ, സര്‍ഗ്ഗാത്മകരായ വായനക്കാരെ ഞാന്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു.
കവിതയെക്കുറിച്ചുള്ള യാഥാസ്ഥിതികസങ്കല്‍പ്പത്തിന്നായി ജീവിതത്തെ നിരാകരിക്കുന്നതിനുപകരം, ജീവിതത്തിന്നായി കവിതയെക്കുറിച്ചുള്ള യാഥാസ്ഥിതികസങ്കല്‍പം ഉപേക്ഷിക്കുന്നവരാണ് ഇന്നത്തെ കവികള്‍: കാവ്യബാഹ്യമോ കാവ്യേതരമോ ആയി എന്തെങ്കിലുമുണ്ടെന്നു അവര്‍ കരുതുന്നില്ല. പഴയ നിയമങ്ങള്‍ അവര്‍ ലംഘിക്കുന്നു, പുതിയ നിയമങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കയും ചെയ്യുന്നു. ‘വരൂ, ഈ തെരുവുകളിലെ രക്തം കാണൂ’ എന്ന് കവിത വിളിച്ചു പറയുന്നു. അതുകൊണ്ടാണ് കവിത സാക്ഷ്യമാണ് എന്ന് പറയുന്നത്. പേരില്ലാത്തതിനു പേരിടുക, വാക്കില്ലാ ത്തതിനു വാക്ക് കണ്ടെത്തുക, ശബ്ദമില്ലാത്തവരുടെ ശബ്ദമാകുക; അദൃശ്യമായതിനെ ദൃശ്യമാക്കുകയും അശ്രാവ്യമായതിനെ ശ്രാവ്യമാക്കുകയും ചെയ്യുക, ദൈനംദിനരാഷ്ട്രീയത്തിന്റെ വര്‍ണ്ണരാജിക്കപ്പുറവുമുള്ള അസ്തിത്വത്തിന്റെ വിരുദ്ധനിറങ്ങള്‍ പിടിച്ചെടുക്കുക: കലാകാരന്‍ ചെയ്യുന്നത് അതാണ്‌.
അവനവനോടും അപരരോടും പ്രകൃതിയോടും പ്രപഞ്ചത്തോടുമുള്ള ഒരു നിരന്തരസംന്ഭാഷണമാണ് കവി നടത്തുന്നത്. അതില്‍ ചില കാലങ്ങളില്‍ ഏതെങ്കിലും ഒരു സംഭാഷണം കൂടുതല്‍ മുന്നോട്ടു വന്നെന്നിരിക്കാം, അപ്പോളും മറ്റു സംഭാഷണങ്ങള്‍ നിലയ്ക്കുന്നില്ല. ഉദാഹരണത്തിന് അപരരുമായുള്ള സംഭാഷണം കൂടുതല്‍ പ്രധാനമായ ഒരു നിര്‍ദ്ദയകാലത്താണ് നാം ഇന്ന്. ഈ സംഭാഷണം ഹിംസയെ അതിന്റെ എല്ലാരൂപങ്ങളിലും ചെറുക്കുന്നതിനുവേണ്ടിയുള്ള ഒരു മഹാസൗഹൃദം രൂപപ്പെടുത്താനുള്ള സംഭാഷണമാണ്. എന്നാല്‍ ഹിംസ അമൂര്‍ത്തമല്ല, അത് നമ്മുടെ ഉള്ളിലും പരിസരത്തിലും , നമ്മുടെ മനസ്സിലും വാക്കിലും പ്രവൃത്തിയിലും മൂര്‍ത്തമായി പ്രത്യക്ഷമാകുന്നു; ഓരോ കാലത്തും പുതിയ രൂപങ്ങള്‍ ധരിക്കുന്നു.
നമ്മുടെ കാലത്തെ ഹിംസയുടെ പ്രധാനപ്രഭവങ്ങള്‍ നമുക്കറിയാം. ഋഷികവി രബീന്ദ്രനാഥ് ടാഗോര്‍ രൂക്ഷമായി വിമര്‍ശിച്ച സങ്കുചിത ദേശീയവാദവും അത് ജന്മം നല്‍കുന്ന അഹന്തയും അപരവത്കരണവും പരസ്പരസംശയവും വിപണിമത്സരങ്ങളും സാമ്രാജ്യത്തിന്റെ യുദ്ധവ്യവസായങ്ങളില്‍ അധിഷ്ഠിതമായ സാമ്പത്തിക മോഹങ്ങളും ആണ് യുദ്ധങ്ങളും പൊതുവായ യുദ്ധാവസ്ഥയും നിലനിര്‍ത്തുന്നത്.
ഹിംസയുടെ മറ്റൊരു പ്രഭവമാണ് മുതലാളിത്തത്തില്‍ അധിഷ്ഠിതമായ ആഗോളീകരണം. ഓരോ രാഷ്ട്രത്തിനും പരമാധികാരം നല്‍കി സമാധാനവും അന്യോന്യസഹകരണവും ഉറപ്പിക്കുന്ന സാര്‍വദേശീയത എന്ന സോഷ്യലിസ്റ്റ്‌ ആശയത്തിന് കടക വിരുദ്ധമാണ് ആഗോളീകരണം. അത് സാംസ്കാരിക വൈവിധ്യത്തെ ഇല്ലാതാക്കുന്നു. മാധ്യമങ്ങളുടെ കുത്തകവത്കരണവും വാര്‍ത്തകളുടെ നിര്‍മ്മിതിയും ഭാഷയുടെ ജഡവത്കരണവും പല ഭാഷകളുടെയും കൊലപാതകവും, നമ്മുടെ ഇന്ന് പാശ്ചാത്യരുടെ ഇന്നലെയും നമ്മുടെ നാളെ അവരുടെ ഇന്നും ആണെന്ന രീതിയിലുള്ള ഒരു ശ്രേണീക്രമത്തിന്റെ സൃഷ്ടിയും, ‘മൂന്നാംലോക’ത്തിന്റെ സാംസ്കാരികസ്മ്രുതികളുടെ നശീകരണവും യുക്തിയുടെ ആക്രമണോത്സുകതയിലൂടെ പാരമ്പര്യലോകവീക്ഷണങ്ങളെ തകര്‍ക്കുന്ന ജ്ഞാനഹിംസയും എണ്ണാനും അളക്കാനും തൂക്കാനുമാകാത്ത എല്ലാ മനുഷ്യാനുഭവത്തെയും ബഹിഷ്കരിക്കുന്ന സ്ഥിതിവിവരക്കണക്കുകളുടെ ആധിപത്യവും ആഗോളീകരണത്തിന്റെ ചില പ്രത്യാഘാതങ്ങള്‍മാത്രമാണ്.
വീട്ടിലും തെരുവിലും ഓഫീസിലും ചരിത്രത്തിലും സംസ്കാരത്തിലും സാമൂഹ്യമാധ്യമങ്ങളിലുംസ്ത്രീയെ പ്രത്യക്ഷവും പരോക്ഷവുമായി ധ്വംസിക്കുന്ന പുരുഷ മേധാവിത്തം ഹിംസയുടെ മറ്റൊരു പ്രമുഖ പ്രഭവമാണ്. ഇതിന്റെ തന്നെ ഒരു ഭാഗമാണ് ഇതരലൈംഗികതകളെ അസ്വാഭാവികമായി കാണുന്നത്. ബലാത്കാരവും ദുരഭിമാനക്കൊലയും മുതല്‍ അടുക്കളത്തടവും വാക്കാല്‍ ഹിംസയും വരെ ഇത് പല രൂപങ്ങള്‍ സ്വീകരിക്കുന്നു.ജാതിവാദം സമൂഹത്തെ സവര്‍ണര്‍ക്ക് അനുകൂലമാക്കുന്നു. അവര്‍ണരെയും ആദിവാസികളെയും നിരന്തരം ദ്രോഹിക്കുകയും പ്രാഥമികാ വകാശങ്ങള്‍ നിഷേധിക്കുകയും സംസ്കാരത്തിലും അറിവിലും നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. ഇന്ത്യന്‍ നാട്ടിന്‍പുറങ്ങള്‍ മുതല്‍ രാഷ്ട്രീയം വരെ ജാതിവിചാരത്താല്‍ ദുഷിച്ചിരിക്കുന്നു.
പുരോഗമനാഭിമാനികളായകേരളീയരില്‍ ഒരു വിഭാഗം പോലുംആദിവാസിജനതയ്ക്കും വിവേചനത്തിന്നെതിരെ പൊരുതുന്ന ദളിതര്‍ക്കും എതിരായി നടത്തുന്ന അക്രമങ്ങള്‍, വടക്ക്-കിഴക്കന്‍ ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കൊപ്പം, ഇന്ത്യയില്‍ വംശവാദവും ശക്തമെന്ന് തെളിയിക്കുന്നു.വികസനത്തിന്റെ പേരില്‍ പരിസ്ഥിതി നശിപ്പിക്കുകയും ലക്ഷക്കണക്കിനാളുകളുടെ ആവാസഭൂമി നഷ്ടമാക്കുകയും മലകളും കാടുകളും അപൂര്‍വ ഭൂപ്രദേശങ്ങളും ജന്തു-സസ്യജാലവും ഇല്ലാതാക്കുകയും ചെയ്യുന്ന ലാഭക്കൊതി മനുഷ്യഭാവിയെതന്നെ അസാധ്യമാക്കുന്നു. മുതലാളിത്തരീതിയിലുള്ള വികസനസങ്കല്‍പ്പത്തിന്റെ ദുരന്തോല്പന്നമാണിത്.
ഇന്നത്തെ ഇന്ത്യയില്‍ വര്‍ഗ്ഗീയാധികാരമാണ് ഏറ്റവും ശക്തമായി ജീവിതങ്ങളെ സംഘര്‍ഷപൂര്‍ണമാക്കുന്നത്.ആത്മീയത നഷ്ടപ്പെട്ടു അധികാരസമ്പാദനോപാധിയാകുന്ന മതമാണ്‌ വര്‍ഗീയത. ആധുനികചിന്തയുടെ തിരസ്കാരം, അന്ധമായ പാരമ്പര്യാരാധന , ബുദ്ധിജീവിവിരോധം, അഭിപ്രായവ്യത്യാസങ്ങളോടുള്ള അസഹിഷ്ണുത, ‘അപരരെ’ സൃഷ്ടിച്ചു അവരെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദികള്‍ ആയി കാണല്‍, വംശവിദ്വേഷം,ദുര്‍ബലരോടുള്ളപുഛഭാവം, ‘ആണത്ത’ത്തെക്കുറിച്ചുള്ള വീമ്പുപറച്ചില്‍, വിമതലൈംഗികതയോടുള്ള വിരോധവും പൊതുവായ സദാചാരനാട്യവും, വീരസ്വര്‍ഗത്തിലുള്ള വിശ്വാസം, ജനങ്ങള്‍ തങ്ങളാണെന്ന മട്ടിലുള്ള സംസാരം,
പൊള്ളയായവാഗാടോപം, ചിന്തയുടെ സങ്കീര്‍ണതയോടുള്ള ഭയം, കപടപ്രചാരണം,എല്ലാറ്റിനെയും കറുപ്പും വെളുപ്പും മാത്രമായി കാണുന്ന പ്രവണത, ഏതു ഉപാധി ഉപയോഗിച്ചും വിമര്‍ശകരെ നിശ്ശബ്ദരാക്കാനുള്ള ശ്രമം,അതിന്റെ ഫലമായ മാധ്യമ നിയന്ത്രണം,’ശത്രു’ വിന്റെ കരുത്തു അധികരിച്ചു കാണല്‍ ഇങ്ങിനെ രാഷ്ട്രീയ ചിന്തകര്‍ ഫാസിസത്തിന്റെ ലക്ഷണങ്ങളായി പറഞ്ഞിട്ടുള്ളതെല്ലാം അത് പ്രദര്‍ശിപ്പിക്കുന്നു . ബുദ്ധന്‍, ഗാന്ധി, അംബേദ്‌കര്‍, നാരായണഗുരു ഇവര്‍ മുന്നോട്ടു വെച്ച ധ(ര്‍)മ്മം, സ്വാശ്രയത്വം, വിവേചനനിര്‍മ്മാര്‍ജനം, നിര്‍ഭയമായ ആത്മവിമര്‍ശനം, സത്യഗ്രഹം, സുതാര്യത, സാരള്യം ഇവയ്ക്കെല്ലാം കടകവിരുദ്ധമായ , ഗാന്ധിക്കു പകരം ഗാന്ധിയുടെ കൊലയാളിയെ പിന്‍ചെല്ലുന്ന, ഈ പ്രത്യയശാസ്ത്രത്തിന്റെ പ്രധാനഇരകള്‍ ദളിതര്‍, ആദിവാസികള്‍, മത-വംശ- ലൈംഗിക ന്യൂനപക്ഷങ്ങള്‍, തൊഴിലാളികള്‍, ഭൂരഹിത-ചെറുകിട കര്‍ഷകര്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍, മതേതര വാദികള്‍, പുരോഗമന രാഷ്ട്രീയക്കാര്‍, ലിബറല്‍ ബുദ്ധിജീവികള്‍, ആത്മീയമാനവികതാവാദികള്‍, സ്വതന്ത്രകലാസാഹിത്യകാരന്മാര്‍ എന്നിവരാണ്.ഇന്ത്യാവിഭജനത്തോളം പിന്നോട്ട് പോകുന്ന, മതത്തില്‍ വിശ്വസിക്കാത്ത മതതീവ്രവാദങ്ങള്‍ സാമൂഹ്യാന്തരീക്ഷത്തെ ആകെ തീപ്പൊരി കാത്തു കിടക്കുന്ന വെടിമരുന്നുകൂന പോലെയാക്കുന്നു. സംവാദത്തിന്നു പകരം കൊലപാതകത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രീയം, അത് ആരുടെതുമാകട്ടെ, ഈ അന്തരീക്ഷം ശ്വസിച്ചാണ് വളരുന്നത്‌.
എഴുത്തുകാരന്‍ എന്തിനു ഈ വിഷയങ്ങളെക്കുറിച്ച് വേവലാതിപ്പെടണം എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഏറ്റവും നല്ല മറുപടി പരിവേഷം നഷ്ടപ്പെട്ടതിനാല്‍ ദൈനംദിന യാഥാര്‍ഥൃത്തെ അഭിമുഖീകരിക്കാന്‍ വിധിക്കപ്പെട്ട കവിയെക്കുറിച്ചുള്ള ബോദലേരുടെ കവിതയാവും . കവി അഥവാ എഴുത്തുകാരന്‍ മനുഷ്യര്‍ക്കിടയില്‍ ജീവിക്കുന്നതു കൊണ്ട് ഓരോ ദളിതനും ഏല്‍ക്കുന്ന പ്രഹരം, ഓരോ ആദിവാസിയെയും കൊല്ലുന്ന വെടിയുണ്ട, ഓരോ വൃക്ഷത്തിലും പതിക്കുന്ന കോടാലി, ഓരോ വെള്ളച്ചാട്ടത്തെയും തടുത്തു നിര്‍ത്തുന്ന കോട്ട, അവരെ സംബന്ധിച്ചിടത്തോളം കലയ്ക്കു നേരെയുള്ള ആക്രമണമാണ്. നമ്മുടെ കാലത്തെ വലിയ എഴുത്തുകാര്‍ ഇത് തിരിച്ചറിഞ്ഞവരാണ്. കലയുടെ ഇന്ദ്രജാലത്തെ, അതിലെ ലീലാംശത്തെ , നിരാകരിക്കാതെ തന്നെ സമൂഹത്തെ സൂക്ഷ്മമായ ബോധപരിണാമത്തിനു പ്രേരിപ്പിക്കുന്നവരാണ് അവരെല്ലാം. മലയാളത്തില്‍ വായനക്കാരുടെ സ്നേഹാദരങ്ങള്‍ നേടിയ എഴുത്തുകാരും നീതിബോധവും സൌന്ദര്യബോധവും അനുപാത ബോധത്തോടെ സമന്വയിച്ചവരാണ്. അവരെല്ലാം ഭാഷയെയും പ്രേക്ഷണത്തെയും ഒന്നിച്ചു പുതുക്കി. ഇന്നു നമുക്ക് സൌന്ദര്യത്തെ വ്യാപാരികളില്‍ നിന്നും കൊലപാതകികളില്‍ നിന്നും സംരക്ഷിക്കേണ്ടതുണ്ട്.നാസി വിഷവാതകപ്പുരകളില്‍ ദാന്തേയുടെ നാരകാഗ്നി പുനര്‍ജനിക്കുന്നതു കണ്ട് ആ അഗ്നിയില്‍ നിന്നാണ് ഇന്നത്തെ പ്രതിരോധത്തിന്റെ സൌന്ദര്യശാസ്ത്രം ഉരുത്തിരിയേണ്ടത് എന്ന് പ്രസ്താവിച്ച പീറ്റര്‍ വീസ്സിനെപ്പോലെ നാമും ഈ ഇന്ത്യയില്‍ ഇന്നു കത്തിപ്പടരുന്ന ഹിംസയുടെ കാട്ടുതീയില്‍ ചെറുത്തുനില്‍പ്പിന്റെ ഉപകരണങ്ങള്‍രൂപപ്പെടുത്തിയെടുക്കണം.സാമ്രാജ്യത്തിന്നെതിരെ ഒരിക്കല്‍ ഉയര്‍ത്തിപ്പിടിക്കപ്പെട്ട ഒരു പിടി ഉപ്പു പോലെ ലളിതസുതാര്യവും സ്നേഹപ്രചോദിതവുമായ മായ കല നിര്‍മ്മിക്കാന്‍ നാമിന്നു ക്ഷണിക്കപ്പെടുന്നു. നാം, ഈ വിഷണ്ണകാലത്തിന്റെ എഴുത്തുകാര്‍, ഏകാകികളായി, ഒഴിഞ്ഞ പേജിന്റെ ഭീഷണിക്കു മുന്നില്‍ ധ്യാനസ്ഥരായിരിക്കുമ്പോള്‍, നമ്മുടെ കലയുടെ മൂല്യങ്ങളെയും ലാവണ്യ ദര്‍ശനത്തെയും ആത്യന്തികമായി നിര്‍ണ്ണയിക്കുക കരുണയ്ക്കും നീതിയ്ക്കും സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി ജീവിച്ചു മരിച്ച ഇന്ത്യയിലെ ധന്യാത്മാക്കള്‍ ആയിരിക്കാം.
എഴുത്തച്ഛന്റെ ദീപ്തസ്മരണ നമ്മെ ഒരിക്കല്‍ കൂടി കാവ്യലാവണ്യത്തിന്റെയും നീതിബോധത്തിന്റെയും ഈ സമന്വയത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തട്ടെ. ആത്മാവ് സംസാരിക്കുന്നതു നിര്‍ത്തുകയും മനുഷ്യന് മറ്റു മനുഷ്യരുടെയും മൃഗങ്ങളുടെയും വൃക്ഷങ്ങളുടെയും വെള്ളച്ചാട്ടങ്ങളുടെയും ഭാഷ മനസ്സിലാക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന ഒരു ലോകത്തിന്റെ ശ്വാസം മുട്ടിക്കുന്ന മൌനം നമ്മെ പ്രതികരണശൂന്യരാക്കുകയും പ്രപഞ്ചത്തിന് അതിന്റെ പവിത്രത നഷ്ടമാവുകയും ഹിംസയും അനീതിയും ഏകാധിപത്യവും ചോദ്യം ചെയ്യപ്പെടാതെ അധീശത്വംപുലര്‍ത്തുകയും കലാകാരന്മാര്‍ അധികാരത്തോട് സത്യം പറയാന്‍ ഭയപ്പെടുകയും ചെയ്യുന്ന ദുര്‍ദ്ദിനം കാണുവാന്‍ ജീവിച്ചിരിക്കരുതെന്ന പ്രാര്‍ഥനയോടെ ഞാന്‍ എന്റെ ദീര്‍ഘമായിപ്പോയ ഈ ഭാഷണം അവസാനിപ്പിക്കട്ടെ.
ഒരിക്കല്‍ കൂടി ഈ മഹത്തായ പുരസ്കാരം സ്വീകരിക്കാന്‍ എന്നെ പ്രാപ്തനാക്കിയ എന്റെ വായനക്കാര്‍ക്കും വിമര്‍ശകര്‍ക്കും വിവര്‍ത്തകര്‍ക്കും ശാന്തമായ ഗൃഹാന്തരീക്ഷം നല്‍കി എന്നെ അനുഗ്രഹിക്കുന്ന എന്റെ പ്രിയതമയ്ക്കും ഈ പുരസ്കാരത്തിന്റെ പ്രതിഭാശാലികളായ വിധികര്‍ത്താക്കള്‍ക്കും ഈ ലളിതസുഭഗമായ ചടങ്ങിനു പിറകില്‍ പ്രവര്‍ത്തിച്ച സുമനസ്സുകള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ കൃതജ്ഞത.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here