സിങ്കോ-ഡി-മേയോ അഥവാ മെയ് അഞ്ച്

ഹോളിവുഡ് നഗരത്തിന് പടിഞ്ഞാറുള്ള ആൻസ് കഫേയിൽ വച്ചാണ് ജോർജിയുമായുള്ള കൂടിക്കാഴ്ച നടന്നത്. സ്ഥലപരിചയം കുറവായതിനാൽ ഓഫീസിന് സമീപം എവിടെങ്കിലും കാണാം എന്ന് സൂചിപ്പിച്ചതും അവൻ തന്നെ. പതിനഞ്ചു കൊല്ലം മുൻപ് കാലിഫോർണിയാ സ്വപ്നങ്ങൾ ബാഗിൽ നിറച്ചു ആലുവായിൽ നിന്ന് പുറപ്പെട്ടതാണ് എന്റെ കസിൻ ജോർജി . വ്യക്തമായി പറഞ്ഞാൽ അപ്പന്റെ നേരെ അനുജന്റെ പുത്രൻ. പക്ഷെ മൂന്നു വയസ്സിന്റെ മൂപ്പും, കുടുംബത്തിലെ സ്വരഭിന്നതകളും, അവന്റെ അമേരിക്കൻ കുടിയേറ്റവും എല്ലാം ഞങ്ങൾ തമ്മിലുള്ള അകൽച്ച കൂട്ടി.

” ഹൌ ആർ യു മാൻ ? ഈ സ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടായോ ? ഞാൻ വരുന്ന വഴി നിന്റെ ഓഫീസ് കെട്ടിടം കണ്ടു. പുതിയ ജോലിയെല്ലാം എങ്ങനെ പോകുന്നു? നീ പത്താം ക്ലാസ്സിൽ ആയിരുന്നു നമ്മൾ അവസാന കണ്ടപ്പോൾ. പിന്നെ ഞാൻ നാട്ടിൽ വന്നപ്പോൾ എല്ലാം കോളേജും, ജോലിയും ഒക്കെയായി പല സ്ഥലങ്ങളിൽ ആണെന്ന് അറിഞ്ഞു. നമുക്ക് ഈ തിരക്കിൽ നിന്ന് മാറി കുറച്ച് അപ്പുറത്തേക്ക് ഇരിക്കാം. ഇത് എനിക്ക് നല്ല പരിചയം ഉള്ള കടയാണ്. എന്താണ് കുടിക്കാൻ ? ഇവിടെ ചില സ്പെഷ്യൽ കാപ്പിയൊക്കെ കിട്ടും . ഞാൻ ഓർഡർ കൊടുത്തിട്ടു ഇപ്പൊ വരാം”

റോബർട്സൺ സ്ട്രീറ്റ്യിലേക്ക് തുറക്കുന്ന ജനലിന് അടുത്ത് ഒരു മേശ ചൂണ്ടി, ഇരിക്കാൻ ആംഗ്യം കാണിച്ച് ജോർജി ക്യാഷ് കൗണ്ടറിലേക്കു അപ്രത്യക്ഷനായി.

ഫേസ്ബുക്കിൽ കണ്ടറിഞ്ഞ ജോർജി കുറച്ചു കൂടി ചെറുപ്പമാണ്. അമേരിക്കൻ അഭിരുചികളുള്ള, പാശ്ചാത്യ രീതികളെ സാത്മീകരിക്കാൻ വെമ്പുന്ന ഒരു പുരോഗമനവാദി. അനുബന്ധങ്ങളായ ചില വിഷമ സന്ദർഭങ്ങൾ തരണം ചെയ്യേണ്ടി വരും എന്നുറപ്പിച്ചാണ് വന്നത്. പക്ഷെ ആ പഴയ നിറുത്താതെയുള്ള സംസാരം, വേഗത്തിലുള്ള ചലനം, വിചാരണയില്ലാത്ത നോട്ടം ഇതിലെല്ലാമുപരി, സ്വാതന്ത്ര്യത്തോടെയുള്ള ഇടപെടൽ ഇതെല്ലം തന്നെ പതിനഞ്ചു വർഷം നീണ്ട ശൂന്യതയെ മറികടക്കാൻ ഒത്തിരി സഹായിക്കുന്നുണ്ട്.

സമയം ഒൻപതു മണി കഴിഞ്ഞതേയുള്ളു. സ്ട്രീറ്റിലെ ഫൂട്പാത്തിൽ വ്യായാമത്തിനായി ഒരു മനുഷ്യനും മൂന്നു വളർത്തു നായ്ക്കളും ധൃതി പിടിച്ച് നടക്കുന്നു. റോഡിന് അപ്പുറത്ത് ഒരു ടൂർ കമ്പനിയുടെ മുൻപിൽ വിനോദയാത്രക്കായി എത്തിയ ഒരു കൂട്ടം ഏഷ്യാക്കാർ ഗൈഡിന്റെ നിർദ്ദേശങ്ങൾക്കു കാതുകൂർപ്പിക്കുന്നു. ലോസ് ആഞ്ചലസ്‌ നഗരം കാണാനുള്ള ആവേശം മൂത്ത്, സെൽഫി സ്റ്റിക്ക് ആയുധമാക്കിയ ഒരു പറ്റം അമേരിക്കൻ സഞ്ചാരികൾ.

വർഷങ്ങൾക്കു മുൻപ് ജോർജിയുടെ അമേരിക്കൻ യാത്ര അഘോഷങ്ങളില്ലാതെയാണ് വന്നത്. വല്യപ്പന്റെ മകൻ പോളിന് വിസ വന്നപ്പോൾ അവിടെ സദ്യയും കുടുംബയോഗവും നടത്തിയവർ ഈ വാർത്ത അത്ര ഗൗനിച്ചില്ല. പോളിന്റെതരം വിസയിലേക്കെത്താൻ അനവധി കടമ്പകൾ കടക്കണം. പത്താം ക്ലാസ്സിലെ ഉന്നത വിജയം, എൻട്രൻസ് പരീക്ഷ, കോതമംഗലാം എഞ്ചിനീയറിംഗ് കോളേജ്, ബാംഗ്ലൂർ ഐ. ടി. കമ്പനിയിലെ ജോലി അങ്ങനെ ആഘോഷ ശൃംഖലയിലെ ഒരു പുതിയ കണ്ണി മാത്രമായിരുന്നു അമേരിക്കൻ വിസ. ജോർജിയുടെ വിസ വന്നത് അമ്മ വഴിയാണ്. അനിയത്തിയുടെ കഷ്ടപ്പാട് കണ്ടു മടുത്ത, കാലിഫോർണിയയിൽ സ്ഥിരതാമസമാക്കിയ അമ്മാവന്റെ നീണ്ട ശ്രമങ്ങളുടെ ഫലം.

ദയവോടെ എന്റെ അമ്മ പ്രസ്താവിച്ചു.

“ആ പാവം ഇവടന്ന് പോണതാ നല്ലത്. കാർന്നോമ്മാര്ക്ക് പിടിപ്പില്ലെങ്കിൽ പിള്ളേര് നാലും നാലു വഴിക്കാകും. ഈ നശിച്ച വർഗ്ഗത്തിന്റെ ഇടയിൽ നിന്ന് വല്ലടത്തും പോയി ജീവിക്കട്ടെ”

നശിച്ച വർഗ്ഗം എന്നുദ്ദേശിച്ചതു അപ്പന്റെ കുടുംബത്തെയാണ്. അപ്പനടക്കം മതിപ്പുളവാക്കുന്ന എന്തെങ്കിലും ഈ കുടുംബത്തിൽ ഉള്ളതായി അമ്മക്ക് ഓർമ്മയില്ല. പലപ്പോഴും ജോർജി അമ്മക്ക് സഹായമായിരുന്നു. വായന ശാലയിലെ നോവലുകളും അത്യാവശ്യ പലചരക്കും ജോർജി പരാതി ഇല്ലാതെ എത്തിക്കുമായിരുന്നു. അതുകൊണ്ടു തന്നെ “തല്ലിപ്പോളി ആണെങ്കിലും അവൻ സ്നേഹമുള്ളവനാണ്” ഇങ്ങനെയുള്ള സമതുലിത വാക്യങ്ങൾ ആണ് അധികവും അമ്മയിൽ നിന്ന് വരാറ്.

ചട്ടകക്കൂട്ടിൽ നിന്ന് പുറത്തുചാടിയതാണ് നാട്ടിൽ തല്ലിപ്പൊളി എന്ന സ്ഥാനത്തിനു അർഹത നേടിയത്. നാലാം ക്ലാസ്സിൽ വച്ച് ആനക്കാരന്റെ മകൻ ഓമനകുട്ടനെ സ്കൂൾ ഗ്രൗണ്ടിൽ ഇട്ടു ചവിട്ടിയതാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവം. അച്ഛനോട് പറഞ്ഞു ആനയെകൊണ്ട് ചവിട്ടിക്കും എന്ന് ഓമനക്കുട്ടൻ മാർട്ടിനെ ഭീക്ഷണിപ്പെടുത്തി. ബലത്തിന് ജോർജിയെ കൂട്ടി അത് ചോദിയ്ക്കാൻ ചെന്നപ്പോൾ സ്വന്തം നിലപാടിൽ ഉറച്ചുനിന്നതാണ് ചവിട്ടിൽ കലാശിച്ചത്. ആന ഭീഷണി മുതിർന്നവരുടെ യാഥാർഥ്യബോധത്തിന് അപ്പുറമായതിനാൽ ശിക്ഷ ജോർജിയിലേക്കു മാത്രം ഒതുങ്ങി. വരാനിരുന്ന ഒരു വലിയ അപകടം ഒഴിവാക്കിയ ആശ്വാസത്തിൽ ആയിരുന്നു മാർട്ടിൻ.

പത്താം ക്ലാസ്സിൽ എത്തിയപ്പോഴേക്കും ഒരു വർഷം കൂടുതൽ പഠിച്ച വളർച്ചയും, അസാമാന്യ കായിക പ്രാപ്തിയും കാരണം ജോർജി ക്ലാസ്സിൽ വേറിട്ട് നിന്നു. ഒറ്റ നോട്ടത്തിൽ നീളവും മുടിയുമൊഴിച്ചാൽ ജോർജിക്ക് തറവാട്ടിലെ മറ്റു കുട്ടികളുമായി വലിയ്യ് സാമ്യം ഒന്നുമില്ല്ല. തവിട്ടു നിറത്തിലുള്ള കണ്ണുകളും, വിളറിയ നിറവും ചേർത്ത് നോക്കി കൂട്ടുകാർ അവനെ പറങ്കി എന്ന് വിളിച്ചു. കൗമാരത്തിൽ ഇരട്ടപ്പേര് ‘ചിക്ക് മാഗ്നറ്റ് ‘ എന്ന് കൂട്ടുകാർ തിരുത്തി. പത്തിൽ കഷ്ടി പാസ്സായി സ്പോർട്സ് കോട്ടയിൽ കിട്ടിയ പ്രീ-ഡിഗ്രി അഡ്മിഷൻ സർക്കാർ ചെലവിൽ കളിച്ചു തോറ്റിരുന്നപ്പോൾ ആണ് അമേരിക്കൻ പ്രവാസത്തിനുള്ള കടലാസുകൾ വരുന്നത്. പുതിയ ഒരു തുടക്കത്തിന് വെമ്പിയാണ് ജോർജി വീടിറങ്ങിയത്.

കാപ്പിയും കടികളും മേശയിൽ നിരത്തി കഴിക്കുവാൻ പ്രോത്സാഹിപ്പിക്കുകയാണ് ജോർജി ഇപ്പോൾ. കൂട്ടിനു വേറെ കഥകളും. ആൻസ് കഫേ അവന് പ്രിയപ്പെട്ട സ്ഥലമാണ്. ഇതിന്റെ ഉടമസ്ഥ അന്ന പ്രസന്നവതിയാണ്. സെൽഫികൾ ഉണ്ടാകുന്നതിനു മുൻപ്, അന്നയും ജോർജിയും പോളറോയിഡ് കാമറ തിരിച്ചു പിടിച്ചു എടുത്ത ഒരു ചിത്രം ചുവരിലെ കസ്റ്റമേഴ്സ് കൊളാഷിൽ പണ്ടേ സ്ഥാനം പിടിച്ചു കഴിഞ്ഞു . ജോർജി സ്ഥിരം ഇവിടെ നിന്നാണ് ടാൻസാനിയൻ ഇറക്കുമതിയായ പീബെറി കോഫി ബീൻസ് ശേഖരിക്കുന്നത്. വീട്ടിൽ അറുനൂറു ഡോളറിനു വാങ്ങിയ ഒരു കോഫീ മെഷീൻ ഈ വിശിഷ്ട വിളവിനെ കുറുക്കി, തിളച്ച പാലും, പതയും ചേർത്ത് സൗരഭ്യമുള്ള ‘കാപ്പുച്ചിനോ’ ആക്കി മാറ്റും. വീമ്പു മാത്രമല്ല വില കൂടിയ ഈ മെഷീൻ ചൂടിനെ ക്രമീകരിക്കാനും ഒപ്പം പല തരത്തിലുള്ള കാപ്പികൾ നിർമ്മിക്കാനും സഹായിക്കും.

കാപ്പിയുടെ ലോകത്ത് അല്പഭാഷിയായത് ശ്രദ്ധിച്ചാവണം സംസാരം ഒരു ഗതകാല സുഖസ്മരണയിലേക്ക് ജോർജി തിരിച്ചു വിട്ടത്.

“നീ പണ്ട് ഓർക്കണില്ലേ. തറവാട്ടിൽ ? അമ്മാമ്മ നമ്മടെ പറമ്പീന്ന് പറിച്ച കാപ്പിക്കുരു വറകലത്തിൽ ഇട്ട് വറുത്ത്, ഇടിച്ചു പൊടിച്ച് കാപ്പി തെളപ്പിക്കും. കാലത്തു ഒരു സ്റ്റീൽ ഗ്ലാസ് കട്ടൻ കാപ്പിയും ഒരു അച്ചുവല്ല്ലം ശർക്കരയും കയ്യിൽ തരും. കയ്പ്പൻ കാപ്പി ഒരിറക്ക് കുടിച്ചിട്ട് ശർക്കര നീട്ടി നക്കണം. എനിക്ക് ആ ചടങ്ങ് അന്ന് അത്ര പിടികിട്ടിയില്ല. സത്യം പറഞ്ഞാ പഞ്ചസാര പിശുക്കിയതാണ് അമ്മാമ. പക്ഷെ അമേരിക്കയിൽ വന്നിട്ട് ഞാൻ ചുറ്റും നോക്കിപ്പോ എല്ലാരും കൈപ്പൻ കാപ്പിയാണ് കുടിക്കുന്നത് . ചിലപ്പോ സൈഡ് ആയി ഒരു ഷുഗർ കുക്കിയും വാങ്ങും. അമ്മാമ ഒരു സംഭവം തന്നെ. കട്ടൻ കാപ്പിയും അടിച്ചു , കറുപ്പും തിന്നു ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതെ സ്വസ്ഥമായി ജീവിച്ചു. എന്നെ വല്യ കാര്യമായിരുന്നു. മരിച്ചപ്പോ ഇവിടുന്നു ഒന്ന് ഊരാൻ പറ്റിയില്ല. കാപ്പി മരങ്ങളൊക്കെ വെട്ടി തീ കത്തിച്ചെന്ന് അടുത്തയിടക്ക് അമ്മ പറഞ്ഞു ”

സംസാരം അവിടെ നിന്നും നീണ്ട് നാട്ടിലേക്കും അമേരിക്കൻ ജീവിതാനുഭവങ്ങളിലേക്കും പരന്നു. നാട്ടിൽ കേട്ടത് പലതും ശരിയാണ്. ജോർജി ഭാര്യയുമായി പിരിഞ്ഞിട്ട് രണ്ടു വർഷമായി. അനിയത്തി ലിൻഡ ഇവിടെ വന്നു നേഴ്സ്സിങ് പഠിച്ചു ഇപ്പോൾ ജോലി നോക്കുന്നു. കല്യാണം കഴിഞ്ഞു കുടുംബവും കുട്ടികളും ഒക്കെ ആയി കുറച്ചകലെ വേറൊരു പട്ടണത്തിലാണ്.

“അമ്മക്ക് ഇവിടെ തീരെ പിടിച്ചില്ല. അതുകൊണ്ടാ ആറു കൊല്ലം കഴിഞ്ഞു തിരിച്ചു നാട്ടിലേക്കു പോയത് . അവിടെ ആകുമ്പോ നാട്ടുകാരോട് നാല് വർത്താനം പറയാം, അടിന്റേം കോഴിടെം പിറകെ നടന്നു സമയം പോക്കാം. അങ്ങനെ ചെറിയ സ്വപ്നങ്ങളെ അമ്മക്കുള്ളൂ. ഇവിടേം അത്ര സുഖമൊന്നും അല്ലായിരുന്നു. അങ്കിളിന്റെ വീട്ടിലേക്കാണ് ഞങ്ങളെ എയർപോർട്ടിൽ നിന്ന് കൂട്ടികൊണ്ടു പോയത്. അവിടെ കുട്ടികൾ ഒക്കെ പഠിത്തം കഴിഞ്ഞു വേറെ സ്ഥലങ്ങളിലേക്ക് ജോലി ആയി പോയി. അങ്കിളിനു ആരോഗ്യത്തിന്റെ പ്രശ്നങ്ങൾ ഒക്കെ ഉണ്ടെകിലും ഞങ്ങളെ കൂടെ കൂടി . ഹിൽഡ സ്കൂളിൽ ചേർന്നു. ഞാൻ ഒരു കമ്മ്യൂണിറ്റി കോളേജിൽ ഒരു മീഡിയ ആർട്സ് കോഴ്‌സിന് ചേർന്നു. ഒരു കൊല്ലത്തോളം പോയി . ബാക്കി സമയത്തു ചില്ലറ ജോലി ചെയ്തു കാശുണ്ടാക്കി . ഈ ഡോളർ കണ്ടു തുടങ്ങിയാൽ പിന്നെ എല്ലാം മാറും. അടുത്ത കൊല്ലം ഫീസ് ചോദിക്കാനുള്ള മടികൊണ്ടു ഞാൻ പഠിക്കാൻ താല്പര്യമില്ല എന്ന് അങ്കിൾനോട് കള്ളം പറഞ്ഞു . സത്യം പറഞ്ഞാൽ അമേരിക്കൻ സ്വപ്നങ്ങൾ അവിടെ നിന്നും നെയ്തു തുടങ്ങിയതാണ്. പലതും പിഴച്ചു. പക്ഷെ ആരെയും ആശ്രയിക്കാതെ, സ്വതന്ത്രമായി ജീവിക്കുന്നതും ഒരു തരം ആഢംബരം അല്ലെ.”

പിഴവുകൾ മറിച്ചു വെക്കാൻ പാട് പെടുന്ന ആ മുഖത്തു് ചെറിയ ചെറിയ നേട്ടങ്ങൾ മിന്നിമറിയുന്നുണ്ട്. എല്ലാവരിലും നന്മ കാണുക, മറ്റുള്ളവരിൽ നിന്നും ഏറ്റവും കുറഞ്ഞത് പ്രതീക്ഷിക്കുക ഇവയെല്ലാം ജോർജിക്കു ജീവിതത്തിൽ നിന്ന് കിട്ടിയ പരിശീലനമാണ്.

പിരിയാൻ നേരം വീട്ടിലേക്കു കാര്യമായി ക്ഷണിച്ചിട്ടാണ് ജോർജി പോയത്. കാര്യങ്ങളുടെ മറ്റൊരു പതിപ്പാണ് മടക്കയാത്രയിൽ ഞാൻ ആലോചിച്ചു കൂട്ടിയത്.

ജോർജി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവന്റെ അപ്പൻ ഡേവിസ് എളേപ്പൻ നാട് വിട്ടു പോയത് . നാടകം കളിച്ചും, കള്ളു കുടിച്ചും കുടുംബത്തിന് പ്രതേകിച്ച് ഉപകാരമൊന്നുമില്ലാഞ്ഞതിനാൽ “തെണ്ടി തിരിഞ്ഞ് കയ്യിലെ കാശു തീരുമ്പോൾ വന്നോളും” എന്ന് പറഞ്ഞു പിള്ളാരെ അമ്മാമ്മ ആശ്വസിപ്പിച്ചു . ഇത് ആദ്യ തവണ അല്ല. പണ്ട് കൽക്കത്ത പോയി മടങ്ങി വന്നപ്പോൾ ആണ് കിട്ടിയ തക്കത്തിന് നന്നാവാൻ വേണ്ടി പിടിച്ച് പെണ്ണ് കെട്ടിച്ചത് . വാർത്തയുടെ ഗൗരവം മാറിയത് നാടകക്കാരി ലളിതയും ഇളയപ്പന്റെ കൂടെയുണ്ട് എന്നും കൽക്കത്തയിലേക്കാണ് അവർ പുറപ്പെട്ടിരിക്കുന്നുവെന്നും സ്ഥിതികരിച്ചപ്പോളാണ്.

“ആ പെഴ എല്ലാവരോടും ഉള്ള വാശി തീർത്തതാ. പോണ പോക്കിൽ അവന്റെ തല തട്ടി പോട്ടെ”. അമ്മാമ വിഷമം തീർക്കാൻ നീട്ടി പ്രാകി. ഒപ്പം ജോർജിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

അമ്മാമ ഒരു പക്ഷെ ശപിച്ചത് വല്യപ്പനെ അല്ല . പണ്ട് സങ്കിർണതകൾ പിരിച്ചു മുറുക്കിയ ഒരു സന്ദർഭത്തിൽ പതറാതെ നിന്ന തന്നെതന്നെയാണ്. അമ്മ പറഞ്ഞാണ് ബാക്കി അറിഞ്ഞത്. അമ്മമ്മയുടെ നിബന്ധത്തിനു വഴങ്ങി പണ്ട് പെണ്ണ് കാണാൻ പോയ ഇളയപ്പൻ തിരിച്ചു വന്നു ആരും പറയാതെ കുടിയും വലിയും നിറുത്തി. അപ്പന്റെ കൂടെ കൃഷി നോക്കി. പിന്നീട് മനസമ്മതവും കഴിഞ്ഞു.

പക്ഷെ കല്യാണദിവസം കാലത്തു പള്ളിമുറ്റത്ത് മാറ്റിനിറുത്തി ഇളയപ്പൻ അമ്മാമയെ തീ തീറ്റിച്ചു.

“അമ്മ ഇങ്ങട് നോക്കേ. ഞാൻ കണ്ട പെണ്ണ് ഇതല്ല. ഞാൻ കണ്ട പെണ്ണ് ദേ ആ കൂട്ടത്തിൽ നേരെ നോക്കാതെ നിക്കണ കണ്ടോ. അവളുടെ അനിയത്തി. എനിക്ക് മനസമ്മതത്തിന്റെ അന്ന് തന്നെ തന്നെ സംശയമുണ്ടായിരുന്നു. പിന്നെ ഞാൻ വിചാരിച്ചു വല്ല പനിയും പിടിച്ചു കോലം കെട്ടതായിരിക്കും എന്ന്. അന്ന് അപ്പനും പെണ്ണ് കാണാൻ വന്നതല്ലേ. എനിക്കൊന്നും മനസിലാവുന്നില്ല. അമ്മ പോയി ഒന്ന് ചോദിക്ക്”

കളിപ്പാട്ടം തട്ടിപ്പറിക്കപ്പെട്ട ഉണ്ണിയുടെ നിസ്സഹായാവസ്ഥ കണ്ട അമ്മാമ ഒരു നിമിഷം അന്ധാളിച്ചു. കാര്യഗൗരവം ഓർത്ത് ആ ചിന്തയെ പെട്ടന്ന് തളച്ചു.

“പെണ്ണും കണ്ടു മനസമ്മതവും കഴിഞ്ഞു, മൂന്ന് ഞാറാഴ്ച വിളിച്ചും ചൊല്ലി കഴിഞ്ഞപ്പോളാ അവന്റെ ഒരു സംശയം. ഇവര് നല്ല എണ്ണം പറഞ്ഞ തറവാട്ടുകാരാ മോനേ. നീ വിചാരിച്ച പോലത്തെ ഇടപാടിനൊന്നും ഇവരെ കിട്ടൂല. കാര്യങ്ങൾ കഴിയുന്നവരെ നീ മിണ്ടാതെ അടങ്ങി ഒതുങ്ങി നിന്നൊ. മെത്രാനും നാട്ടിലെ മാന്യന്മാരും നോക്കി നിക്കണ ഇവിടെ ഇല്ലാവചനം പറഞ്ഞു പരത്തിയാൽ എന്റെ ശവം ഞാൻ എടുപ്പിക്കും. ഈ കാഞ്ഞൂ പുണ്യാളനാണെ സത്യം”.

ഒരു അംശം പോലും ബോധ്യപ്പെട്ടില്ലങ്കിലും അമ്മയുടെ ഉറപ്പിൽ കരുതൽ കൊണ്ട് ഇളയപ്പൻ തിരിച്ചു നടന്നു . കല്യാണത്തിന് ശേഷം ഓരോ പ്രാവശ്യം അനിയത്തിപ്പെണ്ണിനെ കാണുമ്പോഴും ഉള്ളിൽ കരഞ്ഞു. കുറ്റബോധത്തിൽ കുതിർന്ന കുശലങ്ങൾ പറഞ്ഞു വന്ന പെണ്ണിൻറെ തന്തയെ നിരന്തരം അവഗണിച്ചു. നിർദയം രഹസ്യമായി ആട്ടി. ഇതിനൊക്കെ ഇടയിൽ അനിശ്ചിത ചിന്തകൾക്ക് അറുതി വരുത്താൻ ജോർജി ജനിച്ചു. ദാമ്പത്യ സ്ഥിരത വിളിച്ചറിയിച്ച് ലിൻഡ ജനിച്ചു. ബന്ധുവീട്ടിൽ നിന്നുള്ള നിർലോഭ സഹായം കൊണ്ട് ജീവിതങ്ങൾ ഒരു പുതിയ ക്രമത്തിൽ ചലിക്കാൻ തുടങ്ങി. പരുപരുത്ത ഈ യാത്രക്കിടയിൽ ആണ് ഇളയപ്പൻ ബാധ്യതകളെ വിസ്മരിച്ച് പക പൊക്കാൻ പറ്റിയ ഒരു അവസരം മുതലാക്കിയത്.

നാണക്കേടിന്റെയും വഞ്ചനയുടെയും പിരിമുറുക്കത്തിൽ ഇളയമ്മ പതുക്കെ ഉൾവലിഞ്ഞു. അപ്പനെപ്പോലെ കളി, ഡാൻസ്, നാടകം ഒക്കെ ആയിരുന്നു ജോര്ജിക്കും താല്പര്യം. കുട്ടികളുടെ ഭാവിയെ കരുതിയാണ് ചേട്ടന്റെ ഉപദേശം അംഗീകരിച്ചു അമേരിക്കയിൽ പോയത് . ഇംഗ്ലീഷും ഡ്രൈവിങ്ങും അറിയാതെ അവിടെ കഴിഞ്ഞു കൂടൽ ദുസ്സഹമായിരുന്നു . ഒന്നരവർഷം ആങ്ങളയുടെ കൂടെ അവർക്കു ഒരു സഹായം ആയി വാടക ലാഭിച്ചു നിന്നു. അപ്പോഴേക്കും ജോർജിക്ക്‌ ഒരു കൊള്ളാവുന്ന റീറ്റെയ്ൽ സ്റ്റോറിൽ ക്ലാർക്ക് ആയി ജോലി കിട്ടി. പിന്നെ ചെറിയ വാടകക്ക് ഒരു വീട് എടുത്തു മാറി. അവന്റെ കോളേജ് പഠിത്തവും അതോടെ നിലച്ചു. ചേട്ടന്റെ വലിയ വീട്ടിൽ നിന്ന് മാറി താമസിക്കാൻ ഇടയായത് മറ്റൊരു നീണ്ട കഥയാണ്. ചുരുക്കി പറഞ്ഞാൽ വ്യക്തി സ്വാതന്ത്രത്തിന്റെ വശീകരിക്കുന്ന സൂചനകളെ വിശ്വസിച്ച് ഒരു പത്തൊൻപതു വയസുകാരന്റെ തണലിൽ ജീവിതം തിരുത്തിയെഴുതാനാണ് ഇളയമ്മ ശ്രമിച്ചത്.

തിരിച്ചു ഫ്ലാറ്റിൽ എത്തുന്നതിനു മുൻപ് തന്നെ ജോർജി വിളിച്ചു. ആവേശത്തോടെയാണ് ലിൻഡയെ വിളിച്ച കാര്യം പറഞ്ഞത്.

“ലിൻഡ നിന്നെ കാണണം എന്ന് പറഞ്ഞു. നമ്മുടെ വല്യപ്പന്റെ പോളിയെ പോലെ നീ മാറിയോ എന്ന് അവൾക്കു ഒരു സംശയം. പണ്ട് നാട്ടിന്നു നമ്പർ ഒക്കെ തേടി പിടിച്ച് അവൾ പോളിയെ വിളിച്ചു. അവൻ തിരിച്ചു വിളിക്കാന്ന് പറഞ്ഞു ഫോൺ വച്ചിട്ടുപോയി. അത് തന്നെ. അവനു പണ്ടേ അതെ ഒരു തരം കുത്തിത്തിരുപ്പാ. പഠിപ്പൊക്കെ കഴിഞ്ഞിട്ടും വല്യ മാറ്റമൊന്നും കാണാനില്ല. കാണുമ്പോ നീ അവനോടിതോന്നും പറയാൻ നിക്കണ്ട. ജീവിച്ചു പോട്ടെ നമ്മടെ കുശുമ്പൻ പോളി ” .

coffeeshop2ഇന്ന് സിങ്കോ-ഡി-മേയോ ആണ്. മെയ് അഞ്ച് എന്ന മെക്സിക്കൻ ആഘോഷദിവസം. പത്തൊൻപതാം നൂറ്റാണ്ടിൽ ആധുനികരായ ഫ്രഞ്ച് നാവികപ്പടയെ അപ്രതീക്ഷിതമായി തോൽപ്പിച്ച മെക്സിക്കൻ പടയുടെ വിജയത്തിന്റെ ഓർമ്മ. മാർഗരീറ്റ ഒഴുകുന്ന ആഘോഷങ്ങളുടെ തെരുവായ ഒലിവേര സ്ട്രീറ്റ് ലക്ഷ്യമാക്കി ഞാൻ പടിയിറങ്ങി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here