വൈകുന്നേരത്തെ ത്തെ മഴ

mazha

അത്രയൊന്നും ദീര്‍ഘമല്ലാത്ത ആ യാത്രയ്ക്കിടയില്‍ എനിക്ക് ,ഊര്‍മിളയെ ഓര്‍മ വന്നു.
തൊട്ടടുത്ത നിമിഷം അമ്പരപ്പുതോന്നി.
ജീവിയാത്രയുടെ ഏതോ വഴിയോരങ്ങളില്‍ മന:പ്പൂര്‍വം ഉപേക്ഷിച്ചുപോന്ന എന്തൊക്കെയോ ചിലത് ഉള്ളില്‍ വീര്‍പ്പുമുട്ടി.
ഈ യാത്ര അവസാനിപ്പിച്ച് തിരിച്ചുപോകാന്‍ ചില നേരങ്ങളില്‍ പ്രേരണയുണ്ടായതാണ്‌.
പക്ഷേ , ‘എന്തിന്‌?’, ‘ആര്‍ക്കുവേണ്ടി?’, തുടങ്ങിയ ചോദ്യങ്ങളുടെ ഘനത്വം എന്നെ നോക്കി പല്ലിളിച്ചു.
സ്വയം സൃഷ്ടിച്ച ഒറ്റപ്പെടലിന്റെ തുരുത്തില്‍, ആരുടെതെന്നറിയാത്ത ശാപവചനങ്ങള്‍ക്കുകീഴെ നിര്‍വികാരതയോടെ എരിച്ചുതീര്‍ക്കുന്ന തന്റെയീ ജീവിതത്തിലിനിയെന്തുബാക്കി?
റെയില്‍വെസ്റ്റേഷനിലെ, തുരുമ്പെടുത്തുതുടങ്ങിയ കസേരയിലിരുന്ന് ഞാന്‍ ചുറ്റും നോക്കി. അങ്ങിങ്ങായി ചിതറികിടക്കുന്ന ആള്‍ക്കൂട്ടങ്ങള്‍. വര്‍ത്തമാനങ്ങളുടെ പെരുക്കത്തിലും, ഞെരുക്കത്തിലും പുറത്തെ ഉഷ്ണത്തെ മറികടക്കാന്‍ പരിശ്രമിക്കുകയാണ്‌ പലരും.
ചൂടിന്റെ ആധിക്യത്തോട്, പൊരുതിത്തോറ്റിട്ടാവണം സ്റ്റേഷനിലെ ഫാനുകളെല്ലാം പ്രവര്‍ത്തനം നിലച്ചമട്ടാണ്‌.
ഞാന്‍ വാച്ചില്‍ നോക്കി.ട്രെയിന്‍ അരമണിക്കൂര്‍ വൈകുമെന്നാണ്‌ അറിയിപ്പ്. പ്ലാറ്റ്ഫോമില്‍ സ്ഥാപിച്ച ടീവിയില്‍ കണ്ണുടക്കി.

ഇലക്ഷന്‍ ചൂടില്‍ ചാനലുകളും വിയര്‍ത്തൊഴുകുന്നു. മടുപ്പോടെ മുഖം തിരിച്ചു.
മനസ്സിന്റെ കോണിലെവിടെയോ, ഒരു കാണാമുറിവിന്റെ നനവു പടരുന്നു…
ഭൂതകാലത്തിന്റെ നേര്‍ത്ത അടരുകള്‍ക്കുള്ളില്‍നിന്നും ചാലുവെച്ചൊഴുകുന്ന നൊമ്പരത്തില്‍, ഉരുകിയൊലിച്ചേക്കുമെന്ന തിരിച്ചറിവില്‍, ഞാന്‍ പതിയെ എഴുന്നേറ്റു.
ബാഗ് തുറന്ന്,മിനറല്‍ വാട്ടറിന്റെ കുപ്പിയെടുത്ത്, അടപ്പു തുറന്നു വായിലേക്കു കമിഴ്ത്തി…
അപ്പോഴാണ്‌ സാമാന്യം വലിയൊരു ലഗേജും വലിച്ചുകൊണ്ട് ഒരു യുവാവ് അരികിലേക്ക് വന്നത്. കൂടെ ഒരു യുവതിയുമുണ്ട്. ദമ്പതികളാവണം. ചെവിയില്‍ നിന്നും മുളച്ചു പുറത്തുചാടിയ വേരുകളിലൂടെ, സംസാരത്തിന്റെ നേര്‍ത്ത വീചികളെ, ഏതോ കാണാമറയത്തേക്ക് പറത്തിവിട്ടുകൊണ്ട് അവനും, മൊബൈല്‍ ഫോണിന്റെ സ്ക്രീന്‍ ചതുരത്തില്‍ വിരല്‍ച്ചിത്രങ്ങള്‍ വരച്ച് ആര്‍ക്കൊ കൈമാറി അവളും രണ്ടു ധ്രുവങ്ങളിലെന്നപോലെ എന്റെ ഇരുവശങ്ങളിലുമായി ഉപവിഷ്ടരായി.

ഇടക്കു എന്നെ നോക്കി, “ഇന്റര്‍ സിറ്റി പോയോ” എന്നൊരു ചോദ്യമെറിയാന്‍ അവള്‍ മറന്നില്ല. ഞാന്‍, ‘ഇല്ലെ’ന്ന് തലയാട്ടി.
അവരെ നോക്കിയിരിക്കുമ്പോള്‍, അമ്പരപ്പിന്റെ ആകാശവിതാനം സമ്മാനിച്ച്കൊണ്ട് ആ പഴയ മുഖം വീണ്ടും മനസ്സില്‍..
ഓര്‍മത്താളുകളില്‍ നനവു പടര്‍ത്തുന്ന മുഖം..

മറവിയുടെ, മോക്ഷപാതാളങ്ങളിലേക്ക് എത്രയൊക്കെ ചവിട്ടിത്താഴ്ത്തിയിട്ടും, പിന്നെയും ഉയര്‍ന്നുവന്ന്, ഹൃദയത്തിന്റെ നേര്‍ത്ത ഭിത്തികളില്‍ ഒട്ടിപിടിക്കുന്ന നാണമില്ലാത്ത നോവായ്, ആ മുഖം..

ആരംഭദശയില്‍ത്തന്നെ, അവസാനിപ്പിക്കേണ്ടിവന്ന ഒരു യാത്രയായിരുന്നുവല്ലോ,തന്റെയും ഊര്‍മിളയുടേയും ജീവിതം.

എതിര്‍പ്പുകളെ അവഗണിച്ച്, ഊര്‍മിളയുമൊത്തൊരു ജീവിതം തുടങ്ങുമ്പോള്‍,യുവത്വത്തിന്റെ തീക്ഷ്ണത, ഓരോ രോമകൂപങ്ങളിലും ഒരു അഹങ്കാരമായി ത്രസിച്ചു നിന്നിരുന്നു, അന്ന്‌.
സ്നേഹത്തിന്റെ പറുദീസകള്‍ പരസ്പരം സമ്മാനിക്കുവാന്‍ മത്സരിച്ചുകൊണ്ടിരുന്ന തങ്ങള്‍ക്കിടയില്‍ പിന്നീട് സംഭവിച്ചത് എന്താണ്‌?

തങ്ങളുടെ, യാത്രാവീഥികളില്‍ തണല്‍ പരത്താന്‍ സ്നേഹത്തിന്റെ പച്ചത്തലപ്പുകള്‍ നീട്ടി ‘മക്കള്‍ മര’ങ്ങള്‍ ഉണ്ടാവുകയില്ലെന്ന തിരിച്ചറിവുകളിലായിരുന്നോ?

അസ്തമിക്കാത്ത പ്രതീക്ഷകളുമായി ഇനിയുമെത്രയോ സാന്ധ്യനേരങ്ങളില്‍, യാത്ര തുടരുമെന്ന് പരസ്പരം വിശ്വസിപ്പിക്കുമ്പോഴും,എപ്പോഴൊക്കെയോ രൂപം കൊണ്ട ചെറിയ സുഷിരങ്ങളിലൂടെ,തങ്ങള്‍, സ്വയം വീണ്ടെടുക്കാനാവാത്തവിധം നഷ്ടപ്പെടുകയായിരുന്നുവല്ലോ…

ഒടുവില്‍…

ആഴ്ച്ചകളും മാസങ്ങളുമായി ഉറഞ്ഞുകൂടിയ മൗനത്തിന്റെ കനത്ത മഞ്ഞുമലകള്‍ക്കിരുവശവും നിന്നൊരു കണക്കെടുപ്പ്..

കൂട്ടലുകള്‍ക്കും, കിഴിക്കലുകള്‍ക്കും, പെരുക്കലുകള്‍ക്കുമൊന്നും തങ്ങളുടെ മുന്നില്‍ നീണ്ടുകിടക്കുന്ന വരണ്ടുണങ്ങിയ പാതകളില്‍ ഉള്‍വരതയുടെ നനുത്ത ചിറകടിയൊച്ചകള്‍ സൃഷ്ടിക്കാന്‍ കഴിയില്ലെന്നു സ്വയം ബോദ്ധ്യപ്പെട്ട നിമിഷങ്ങളില്‍, ‘ഇനിയൊരിക്കലും കാണാതിരിക്കട്ടെ’യെന്നൊരു ആശംസയോടെ ഉപാധികളേതുമില്ലത്തൊരു വേര്‍പിരിയല്‍…

നിശ്ചയമില്ലാത്തൊരു ദിശയില്‍,സ്വയം വെട്ടിത്തുറന്ന വഴിയിലൂടെ പിന്നീടിങ്ങോട്ടൊരു യാത്ര..
തനിച്ച്..

ആരേയും കൂടെകൂട്ടാന്‍ തോന്നിയില്ല.

ഏകാന്തത വല്ലാതെ ഇഷ്ടപ്പെട്ടു തുടങ്ങിരുന്നുവെന്നതായിരുന്നു, സത്യം.
ഊര്‍മിള വേറെ കല്യാണം കഴിച്ചതും കുട്ടികളുണ്ടായതും ആരോ പറഞ്ഞറിഞ്ഞിരുന്നു. അവളാഗ്രഹിച്ചതു പോലൊരു ജീവിതം സാധ്യമായതില്‍ തനിക്കായിരുന്നുവല്ലൊ ഏറ്റവും സന്തോഷം…
സ്റ്റേഷനില്‍ ഉയര്‍ന്ന അനൗണ്‍സ്മെന്റ് ചിന്തകളുടെ വേരറുത്തു.

അടുത്തിരുന്ന യുവദമ്പതികള്‍,സ്റ്റേഷനിലേക്കിരച്ചെത്തിയ ട്രെയിനിനു നേര്‍ക്ക് കുതിച്ചു.
വാച്ചില്‍ നോക്കി. തന്റെ ട്രെയിന്‍ വരാന്‍ ഇനിയുമുണ്ട് സമയം.

പുറത്ത് വേനല്‍മഴ പെയ്തുതുടങ്ങിയിരുന്നു..!

“ഹലോ..മാഷെ..”

മോക്ഷപാതാളങ്ങളില്‍ നിന്നും ഉയര്‍ന്നു വന്ന്‌ ഹൃദയത്തിന്റെ വരണ്ട ഭിത്തികളില്‍ പ്രകമ്പനം സൃഷ്ടിച്ച ആ ശബ്ദം.. ഞാന്‍ തിരിഞ്ഞ് നോക്കി..

ഇത്..ഈ മുഖം.

ഊര്‍മിളയല്ലേ ഇത്?

കാലപ്രയാണത്തിന്റെ, അവക്ഷിപ്തങ്ങള്‍ വടുകെട്ടിയ ആ മുഖം, ഊര്‍മിളയുടേതെന്ന് തിരിച്ചറിയാന്‍ നിമിഷം പോലും വേണ്ടിവന്നില്ല.

“എന്നെ മനസ്സിലായോ?” ഊര്‍മിള എനിക്കരികിലിരുന്നു.

എന്റെ തൊണ്ടക്കുഴിയില്‍ വാക്കുകള്‍ വറ്റി.

തന്റെ ഏകാന്തയാത്രയുടെ, ഏതോ ചില മുഹൂര്‍ത്തങ്ങളില്‍ ഒന്നു കണ്ടാല്‍ മാത്രം മതിയെന്നാഗ്രഹിച്ച മുഖം..ഒന്നു കേട്ടാല്‍ മാത്രം മതിയെന്നാഗ്രഹിച്ച ശബ്ദം..

തികച്ചും അപ്രതീക്ഷിതമായി….ഇത്രയടുത്ത്..

താനിപ്പോള്‍ മൗനത്തിന്റെ മഹാസമുദ്രത്തിലൂടെ ദിശയറിയാതെ നീന്തുകയാണോ? “മാഷ് ..,എന്താ ഒന്നും മിണ്ടാത്തെ?”

ഊര്‍മിള ചോദിക്കുകയാണ്‌.

“മാഷ്..ഒറ്റക്ക് എങ്ങോട്ടുപോകുന്നു?”

“കോയമ്പത്തൂര്‍ക്ക്..ഫ്രണ്ടിന്റെ മകളുടെ കല്യാണത്തിന്‌…ഊര്‍മിള?”. വാക്കുകള്‍ തട്ടിത്തടഞ്ഞ് പുറത്തേക്ക് ചാടി.

“ഞാന്‍.. മകളുടെ വീട്ടിലേക്ക്..തൃശൂര്‍ക്ക്..മകന്റെ വീട്ടിലായിരുന്നു കഴിഞ്ഞ മാസം..ഈ മാസം മകളുടെ..ഷട്ടില്‍ സര്‍വ്വീസാണ്‌..മക്കളുടെ വീട്ടില്‍ മാറിമാറി നിക്കാന്‍ നല്ല രസാട്ടോ..ബോറടിക്കില്ല..മക്കള്‍ക്കും..എനിക്കും..”ആത്മനിന്ദയില്‍ അവളുടെ പുരികക്കൊടികള്‍ വളഞ്ഞു..

മനസ്സിലേക്ക് തികട്ടിവന്ന എന്തൊക്കെയോ, തള്ളിക്കളായനെന്നവണ്ണം ഊര്‍മിള മുഖം കുടഞ്ഞു..
“അടുത്ത മാസം മുതല്‍ പുതിയ ഷെല്‍ട്ടറാണ്‌.എന്റെ അറുപതാം പിറന്നാളിന്‌ മക്കള്‍ റിസര്‍വ് ചെയ്ത ഫൈവ്സ്റ്റാര്‍ വൃദ്ധസദനത്തിലെ സീറ്റ്, ഇന്നലെ റെഡിയായത്രെ…” ഊര്‍മിളയുടെ കയ്പ്പുനിറഞ്ഞ ചിരി…

“അപ്പോള്‍ ഭര്‍ത്താവ്?‘

”മരിച്ചു.. മൂന്നു കൊല്ലമായി..! മാഷിന്റെ ഫാമിലി? ”

ഊര്‍മിള സാകൂതം നോക്കി..

“ഇല്ല… വേണ്ടെന്നുവെച്ചു..”

ഊര്‍മിളയില്‍ ഒരു ഞെട്ടല്‍ പടര്‍ന്നു.

മനസ്സിന്റെ സംഘര്‍ഷമത്രയും ഊര്‍മിളയുടെ നിശ്വാസവായുവിന്റെ താപനില ഉയര്‍ത്തിയതുപോലെ എനിക്കുതോന്നി.

മൗനം ചിറകുവിടര്‍ത്തിയ കുറേ നിമിഷങ്ങള്‍.

പരസ്പരം കൈമാറിയ തങ്ങളുടെ ജീവിത സത്യങ്ങളുടെ നടുക്കത്തില്‍ വാക്കുകള്‍ നഷ്ട്ടപെട്ട് ഞങ്ങള്‍ ആ തിരക്കില്‍ സ്വയം മറന്നിരുന്നു.

ഏതോ ഒരു ,‘ഹിരനായ്’ നാടകത്തിലെ,മുഖങ്ങളില്ലാത്ത കഥാപാത്രങ്ങളെപ്പോലെ.

ഓര്‍മപ്പാളികള്‍ക്കപ്പുറം ഇരമ്പിയാര്‍ക്കുന്ന പച്ചപ്പിലേക്ക് മുഖം ചേര്‍ത്തുവെച്ച നിമിഷങ്ങളിലൊന്നിലായിരുന്നു,സ്റ്റേഷനിലേക്ക് ട്രെയിന്‍ ഇരച്ചെത്തിയത്.

ഊര്‍മിള ഒന്നും മിണ്ടാതെ എഴുന്നേറ്റു.

ചെറിയ ബാഗ് തോളിലേറ്റി,വിളര്‍ത്ത ഒരു നോട്ടത്തിലൂടെ യാത്രമൊഴി നല്‌കി,ട്രെയിനു നേര്‍ക്ക് നടന്നു.
മൗനം വാക്കുകളായി കിളിര്‍ക്കുമെന്നും, ദൂരങ്ങള്‍ക്കുമേല്‍ ചിറകുകള്‍ മുളയ്ക്കുമെന്നും, ഈ നേരമത്രയും തങ്ങള്‍ പറയാതെ പറഞ്ഞതെല്ലാം എവിടെയോ മറന്നിട്ട വരണ്ടപാതകളില്‍, ഉറവുകളായിത്തീരുമെന്നും എനിക്കുതോന്നി.

ഊര്‍മിളയും അതാഗ്രഹിക്കുന്നുണ്ടാവുമെന്ന, തിരിച്ചറിവിന്റെ ആ നിമിഷത്തിലാണ്‌ ഞാന്‍ , ചലിച്ചു തുടങ്ങിയ ട്രെയിനു നേര്‍ക്ക് ഓടിയത്.

ഒരു മിന്നായം പോലെ ഞാന്‍കണ്ടു.

കനത്ത ചൂട് ബഹിര്‍ഗമിപ്പിക്കുന്ന രണ്ടു കണ്ണീര്‍ത്തുള്ളികള്‍ക്കപ്പുറം, ഊര്‍മിള…..

നീട്ടിയകൈകളിലേക്ക്,ഒരു മഞ്ഞിന്‍ തണുപ്പായി ഊര്‍മിളയുടെ കരതലം അമരുമ്പോള്‍, പുറത്തെ ചാറ്റല്‍മഴയുടെ ചിരി കാതുകളില്‍ നിറയുന്നത് ഞാനറിഞ്ഞു…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here