വിനാശകാലേ വിനോദയാത്ര..

untitled-16

പെസഹാ വ്യാഴവും ദുഖവെള്ളിയും അവധി..ശനിയാഴ്ച കൂടി ലീവെടുത്താൽ ഞായറാഴ്ച്ചയും ചേർത്ത് നാല് ദിവസം കിട്ടും.

ചേട്ടാ,നമുക്ക് അന്ന് ടൂറിന് പോയാലോ’’..പ്രിയതമയുടെ ചോദ്യം കേൾക്കാത്ത ഭാവത്തിൽ ഞാൻ പത്രത്തിൽ തന്നെ ശ്രദ്ധിച്ചിരുന്നു..
‘’ചേട്ടനോട് തന്നെയാ ചോദിച്ചത്..’’.
ചില നേരങ്ങളിൽ ചിലത് കേട്ടില്ലെന്ന് നടിക്കുന്നത് തന്നെ നല്ലത്…കാശു പോകുന്ന കാര്യമാണെങ്കില്‍ പ്രത്യേകിച്ചും..ടൂറൊക്കെ പ്ളാനിടുന്നത് പ്രിയതമയാണെങ്കിലും കീശ ചോരുന്നത് എന്റേതായിരിക്കും..
അത് കൊണ്ട് എന്തെങ്കിലും ഒഴിവു പറഞ്ഞ് ഒഴിയുകയാണ് പതിവ്…
‘’ പെസഹാ വ്യാഴം പോകുന്ന കാര്യമല്ലേ നീ പറഞ്ഞത്..അന്നല്ലേ ഞങ്ങൾ ഓഫീസിൽ നിന്ന് ടൂറ് പോകാൻ തീരുമാനിച്ചിരിക്കുന്നത്..’’ അത്ര വിശ്വാസം വരാത്ത മട്ടില്‍ അവളെന്നെ ഒന്ന് നോക്കി..
”ചേട്ടാ ഓഫീസ് ടൂറില് നിന്നൊഴിവാകാൻ എന്തെങ്കിലും വഴിയുണ്ടോന്ന് നോക്ക്..ഇത് കഴിഞ്ഞാൽ പിന്നെ നമുക്ക് വേറെ ഡേറ്റ് കിട്ടില്ല..”
ടൂറ് പോകാതിരുന്നാൽ ലോകമെങ്ങാനുവസാനിച്ചു പോയാലോ എന്ന ആശങ്കയോടെ ഭാര്യ പറഞ്ഞു..
”ഞാൻ ചെല്ലാമെന്നേറ്റു പോയി..വാക്ക് പറഞ്ഞതു മാറ്റിയാല്‍ അവരെന്തു കരുതും..വാക്കാണ് സത്യം..”
‘ ‘’അത് ഏതോ സിനിമയിലെ ഡയലോഗല്ലേ..”…ഭാര്യ സംശയം പ്രകടിപ്പിച്ചു. ”അത് ആദ്യം പറഞ്ഞത് ഞാനാ,പിന്നെയാ സിനിമയിൽ വന്നത്..” വേണമെങ്കിൽ അവൾ അതും വിശ്വസിക്കും. പ്രിയതമ അടുക്കളയിലേക്കും ഞാൻ പത്രത്തിലേക്കും തിരിച്ചു പോയി. അങ്ങനെ വായിച്ച് വായിച്ച് അവസാനമെത്തിയപ്പോഴാണ് ആ വാർത്ത കണ്ടത്..”ഭർത്താവ് വിനോദയാത്ര പോയപ്പോൾ ഭാര്യ വേറെ വിവാഹം കഴീച്ചതായി പരാതി..”ഭാര്യയെക്കൂടാതെ ഒരാൾ വിനോദയാത്ര പോയി തിരികെ വന്നപ്പോൾ ഭാര്യരുടെ പൊടി പോലുമില്ല കണ്ടു പിടിക്കാൻ.

ഇപ്പോൾ പോലീസിൽ പരാതിപ്പെട്ടിരിക്കുകയാണത്രേ..പാവം ഭർത്താവ്

’’വിനാശകാലേ,വിനോദ യാത്ര..’’
പ്രിയതമ ഈ വാർത്ത കണ്ടിട്ടുണ്ടാവില്ലെന്ന് സമാധാനിക്കാൻ ഞാൻ ശ്രമിച്ചു. അതിൽ നിന്ന് അവൾ വല്ല പ്രചോദനവുമുൾക്കൊണ്ടാൽ..? ഏതായാലും ഒരു പരീക്ഷണത്തിന് നിൽക്കാതിരിക്കലാണ് ബുദ്ധി..എന്റെ ഉച്ചത്തിലുള്ള വിളി കേട്ട് അവൾ ഓടിയെത്തി..സാധാരണ ഇങ്ങോട്ട് വിളിക്കുമ്പോൾ അങ്ങോട്ട് പോകലാണ് പതിവെങ്കിവുംഇത്തവണ ഒരു വിളിക്ക് തന്നെ ആള് ഹാജർ.
”ഏതായാലും നീ പറഞ്ഞതല്ലേ,എല്ലാവരുമൊന്നിച്ച് ടൂറ് പോകാമെന്ന്. വിചാരിച്ചു. പെസഹാ വ്യാഴാഴ്ച്ച തന്നെ പൊയ്ക്കളയാം’’ എന്റെ വാക്ക് കേട്ട് അവൾ അത്ഭുത പരതന്ത്രയായി..
‘’പെട്ടെന്ന് എന്തു പറ്റി വാക്ക് മാറ്റാൻ?..വാക്കാണ് സത്യം എന്ന് ഇത്തിരി മുമ്പ് ചേട്ടൻ തന്നെയല്ലേ പറഞ്ഞത്..’’
‘’അതൊക്കെ ശരി മാറ്റാൻ പറ്റുന്നതും ഈ വാക്ക് തന്നെയല്ലേ..?’’ അവൾ കാര്യമൊന്നും മനസ്സിലാകാതെ അന്തം വിട്ടു നിന്നു. പത്രം വായിച്ചാൽ ചിലപ്പോൾ കള്ളി വെളിച്ചത്തായേക്കാം.അതു കൊണ്ട് ഞാൻ പത്രംഎടുത്ത് മാറ്റി വെച്ചു. ഏതായാലും ഇന്നത്തെ പത്രം അവൾ വായിക്കേണ്ട…

 

.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപി.എൻ. ലിനിയുടെ പേരിൽ രോഗികൾക്കായി ഒരു വായനശാല
Next articleകേന്ദ്രസാഹിത്യ അക്കാദമി യുവ സാഹിത്യ പുരസ്‌കാരം അമൽ പിരപ്പനംകോടിന്
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here