കോടമഞ്ഞിന്റെ കൂട്ടുകാരി..
ആലപ്പുഴ ധൻബാദ് ട്രെയിന് കോയമ്പത്തൂരിൽ വന്ന് പിന്നെ ബസ്സിനായിരുന്നു ഊട്ടിയിലേക്കുള്ള യാത്ര..തണുപ്പിന്റെ കൊടുമുടിയിലേക്ക് 36 ഹെയർപിൻ വളവുകൾ കേറിയുള്ള ആ യാത്ര ഒരിക്കലും മറക്കാൻ കഴിയില്ല.വയനാട് ചുരത്തിലൂടെയുള്ള 9 ഹെയർപിൻ വളവുകൾ കയറിയപ്പോൾ തന്നെ പണ്ട് കുഴഞ്ഞു പോയത് ഓർമ്മ വന്നു. അപ്പോഴാണ് ഈ 36 വളവുകൾ..
കോയമ്പത്തൂർ റെയിൽവേസ്റ്റേഷനിൽ വന്നപ്പോൾ ഉച്ചയ്ക്ക് 12 മണി കഴിഞ്ഞതിനാൽ അവിടെയിരുന്ന് തന്നെ ഊണ് കഴിച്ചിട്ടു പോകാമെന്ന് തീരുമാനിച്ച് ഊണൊക്കെ കഴിച്ച് ഇറങ്ങി വരുമ്പോഴാണ് ടിക്കറ്റ് ചെക്കു ചെയ്യുന്ന പോലീസുകാർ പിടിച്ചു വെച്ചത്.
ഞങ്ങൾ വന്ന ട്രെയിൻ പോയിക്കഴിഞ്ഞ് പല ട്രെയിനുകൾ വന്ന് പോയതിനാൽ ആയിരം രൂപ ഫൈൻ അടക്കണമത്രേ. ഏതായാലും വിരട്ടി എന്തെങ്കിലും വാങ്ങിക്കാനായിരുന്നു അവരുടെ ഉദ്ദേശം. പക്ഷേ അറിയാവുന്ന തമിഴിലും അറിയാവുന്ന ഇംഗ്ളീഷിലും പേശി നിന്നതു കൊണ്ടാവണം കൂടുതൽ പ്രശ്നമുണ്ടാക്കാതെ അവർ നമ്മളെ വിട്ടത്. ഏതായാലും ഓരോ യാത്രയും അവിസ്മരണീയമാക്കാൻ ഓരോ അനുഭവങ്ങൾ.
മേട്ടുപ്പാളയത്തിറങ്ങി വേണം ഊട്ടി ബസ്സിന് പോകാൻ..യാത്ര അൽപം ബുദ്ധിമുട്ടായിരുന്നെങ്കിലും ഊട്ടിയുടെ അകം കുളിർപ്പിക്കുന്ന തണുപ്പിൽ ചെന്നു ചേർന്നപ്പോൾ അതൊക്കെ മറന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ഹിൽസ്റ്റേഷനുകളിൽ ഒന്നാണല്ലോ ഊട്ടി. അഥവാ ഉദഗ മണ്ഡലം. തമിഴ് നാട്ടിലെ നീലഗിരി ജില്ലയിലെ മലയോര പട്ടണവും നഗസഭയുമാണ് ഊട്ടി. ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ് എന്നാണ് ഊട്ടി അറിയപ്പെടുന്നത്. ഊട്ടക്കാമണ്ഡ് എന്നാണ് ബ്രിട്ടീഷുകാർ വിളിച്ചിരുന്ന പേര്, അതിന്റെ ചുരുക്കമാണ് ഊട്ടി. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡൻസിയുടെ വേനൽക്കാല ആസ്ഥാനമായാണ് ഇത് സംവിധാനം ചെയ്തത്. ലോകപൈതൃക സ്മാരകങ്ങളിലും ഊട്ടി ഇടം പിടിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിനും പൂർവ്വ ഘട്ടത്തിനും ഇടയിലാണ് ഊട്ടി സ്ഥിതി ചെയ്യുന്നത്. നീലഗിരി മല നിരകളുടെ അടിവാരം ഭവാനി നദിയാൽ ചുറ്റപ്പെട്ടു കിടക്കുന്നു.
പതിവു പോലെ റൂം തിരക്കിയുള്ള യാത്ര തുടങ്ങി. അധികം നടന്ന് അലയാനൊന്നും സമയമില്ല. തണുപ്പ് പതുക്കെ പതുക്കെ പിടി മുറുക്കുന്നു. കോടമഞ്ഞ് വീഴാൻ തുടങ്ങുന്ന സന്ധ്യ. അടുത്തു കണ്ട വലിയ മോശമല്ലാത്ത റൂമെടുത്തു. ഊട്ടിയിൽ മറ്റൊരു പ്രത്യേകത ലോഡ്ജുകാർ മുറികളുടെ വാടക് 12 മണിക്കൂർ വെച്ചാണ് കണക്കാക്കുന്നത് 24 മണിക്കൂർ വെച്ച് നമ്മുടെ നാട്ടിലുൾപ്പെടെ മുറിയെടുത്തു ശീലിച്ചതിനാൽ അത് വലിയ ബുദ്ധിമുട്ടായിരുന്നു.
എല്ലായിടത്തും അങ്ങനെ തന്നെ ആയതിനാൽ എവിടെയെങ്കിലും മുറി എടുക്കാതെ വേറെ വഴിയില്ലായിരുന്നു. ഏതായാലും വൈകിട്ടത്തെ തണുപ്പിൽ ടൗണൊക്കെ ഒന്ന് കറങ്ങി. മഫ്ളറും കോട്ടും മറ്റ് അത്യാവശ്യ സാധനങ്ങളും വാങ്ങി. രാത്രി കിടന്നുറങ്ങണമെങ്കിൽ കോട്ടും മഫ്ളറുമൊന്നും ഇല്ലാതെ പറ്റില്ല. ചെറിയ പർച്ചേസൊക്കെ കഴിഞ്ഞ് ഭക്ഷണവും കഴിച്ച് റൂമിലേക്ക് പോകാമെന്ന് വെച്ചു. തമിഴ് നാട്ടിലെ ഭക്ഷണം പൊതുവെ നമ്മൾ മലയാളികൾക്കു അത്ര ഇഷ്ടപ്പെട്ടു കൊള്ളണം എന്നില്ല, ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. എങ്കിലും ഒരു ഹോട്ടലിൽ നിന്നു കിട്ടിയ വലിയ പൊറോട്ട എല്ലാവർക്കും ഇഷ്ടമായി. പിന്നെ ഇവിടെയുണ്ടായിരുന്ന രണ്ടു ദിവസം അതു തന്നെയായിരുന്നു പ്രധാന ഭക്ഷണം.
പിറ്റേന്ന് പ്രശസ്തമായ പുഷ്പോൽസവം നടക്കുന്ന ബൊട്ടാനിക്കൽ ഗാർഡനിൽ പോയി. നീലഗിരി മലകളുടെ ഏറ്റവും ഉയർന്ന കൊടുമുടിയായ ഡൊഡ്ഡബെട്ടയുടെ ചരിവിലാണ് ഈ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. 55 ഏക്കർ വ്യാപ്തിയുള്ള ഗാർഡൻ ആറ് വ്യത്യസ്ത വിഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ലോവർ ഗാർഡൻ, ന്യൂ ഗാർഡൻ, ഇറ്റാലിയൻ ഗാർഡൻ, കൺസർവേറ്ററി, ഫൗണ്ടൻ ടെറസ്, നഴ്സറി എന്നിങ്ങനെ..അപൂർവ്വമായ ഒട്ടേറെ ചെടികളും പൂക്കളും ഇവിടെ കാണാം. കുരങ്ങൻ കയറാനാവാത്ത മങ്കി പസ്സിൽ മരം, കോർക്കു മരം, 20 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ മരം, പേപ്പർ ബാക്ക് മരം തുടങ്ങിയവ ഇവിടെ മാത്രം കാണപ്പെടുന്നവയാണ്. വിദേശത്ത് മാത്രം കാണപ്പെടുന്ന നിരവധി ചെടികളും വൃക്ഷങ്ങളും ഇവിടെയുണ്ട്. ഔഷധ സസ്യങ്ങളും കുറ്റിച്ചെടികളും ബോൺസായി മരങ്ങളും ബൊട്ടാനിക്കൽ ഗാർഡന്റെ പ്രത്യേകതകളാണ്. മെയ് മാസത്തിലാണ് പ്രശസ്തമായ ഫ്ളവർ ഷോ.
റോസയുടെ വർണ്ണഭംഗിയിൽ
റോസ് ഗാർഡനാണ് മറ്റൊരു പ്രധാന കാഴ്ച്ച. 3600 വ്യത്യസ്ത റോസാ ചെടികളുമായി സഞ്ചാരികളുടെ മനസ്സിന് കുളിർമ്മയേകി റോസ് ഗാർഡൻ നമ്മെ സ്വാഗതം ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ റോസാ ഗാർഡൻ 10 ഹെക്ടറിലായി വ്യാപിച്ചു കിടക്കുന്നു. 1995ൽ ഇത് തുടങ്ങുമ്പോൾ 1910 തരം ചെടികൾ മാത്രമാണ് ഉണ്ടായിരുന്നത്. ഊട്ടിയുടെ സവിശേഷമായ കാലാവസ്ഥ കാരണമാണ് ഇത്രയും റോസാ ചെടികൾ ഉണ്ടാകാൻ കാരണം. ടീ റോസ്, ക്യാക്റ്റസ്റോസ്, മിനിയേച്ചർ റോസ്, ബ്ളാക്ക് റോസ്, ഗ്രീൻ റോസ് തുടങ്ങിയവ വൈവിദ്ധ്യങ്ങളിൽ ചിലത് മാത്രം.
ആർക്കാണ് റോസ് പുഷ്പം ഇഷ്ടമല്ലാത്തത്? എപ്പോഴും കോട്ടിൽ ഒരു റോസ് പുഷ്പം ചൂടിയിരുന്ന കുട്ടികളുടെ പ്രിങ്കരനായ ചാച്ച നെഹ്റുവിന്റെ കാര്യമാണ് പെട്ടെന്ന് ഓർമ്മ വന്നത്.. വിവിധ വർണ്ണങ്ങൾ നിറഞ്ഞ വിവിധ തരം പുഷ്പങ്ങളുടെ വിപുലമായ നിര ഇപ്പോഴും ഓർമ്മയിൽ വർണ്ണം നിറച്ചു നിൽക്കുന്നു. ഇനിയൊരിക്കൽ പ്രശസ്തമായ പുഷ്പോൽസവം നടക്കുമ്പോൾ ഇവിടെ വരണം. ഇതു വരെ വിനോദയാത്ര പോയസ്ഥലങ്ങളിൽ ഊട്ടി ലേക്കിലേതായിരുന്നു ഏറ്റവും മനോഹരമായ ബോട്ടിങ്ങ് എന്നു തോന്നുന്നു, ഊട്ടി ലേക്ക് ഊട്ടിയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ്. മലനിരകൾക്കു താഴെയായി താഴ്വരകൾക്ക് നടുവിൽ ഹരിതഭംഗിയിൽ നിറഞ്ഞ് 65 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു നയനമനോഹരമ്മായ ഊട്ടി ലേക്ക്. 1824ൽ ജോൺ സള്ളിവൻ എന്ന ബ്രിട്ടീഷുകാരനാണ് ഈ കൃത്രിമ തടാകം നിർമ്മിക്കാൻ നേതൃത്വം നൽകിയത്.
നീലഗിരിയിലെ ഏറ്റവും ഉയരമുള്ള കുന്നാണ് ഡൊഡ്ഡാബെട്ടാ പീക്ക്. ഉയരത്തിൽ നിന്ന് ഊട്ടിയിലെ കാഴ്ച്ചകൾ കണ്ട് ആസ്വദിക്കാം. ആനമുടിയും മീശപ്പുലി മലയും കഴിഞ്ഞാൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലുപ്പമേറിയ പർവ്വതം കൂടിയാണിത്. ഷൂട്ടിംഗ് പോയിന്റിലൂടെയും ഒരോട്ട പ്രദക്ഷിണം നടത്താനേ കഴിഞ്ഞുള്ളു. വിവിധ ഭാഷകളിലെ സിനിമകളുടെ ഷൂട്ടിംഗ് നടക്കാറുള്ളതു കൊണ്ടാണ് ഇത് ഷൂട്ടിംഗ് പോയിന്റ് അഥവാ ഷൂട്ടിംഗ് മേട് എന്ന് അറിയപ്പെടുന്നത്.
മനോഹരമായ ചിത്രപ്പണികളും കൊത്തുപണികളും നിറഞ്ഞ 19ആം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട സെന്റ് സ്റ്റീഫൻസ് ചർച്ചും ഊട്ടിയുടെ പൈതൃകങ്ങളെ അടയാളപ്പെടുത്തുന്ന ഇടമാണ്. നീലഗിരിയിലെ ഏറ്റവും പഴ്ക്കം ചെന്ന ഈ ദേവാലയം ആദ്യം ബ്രിട്ടീഷുകാർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിച്ചത്.
ദോഡബട്ട ടീ മ്യൂസിയം
മൂന്നാർ പോയപ്പോഴും കണ്ടിരുന്നു അവിടത്തെ ടീ മ്യൂസിയം. തേയിലത്തോട്ടങ്ങൾക്കും നീലഗിരി പർവ്വത നിരകൾക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇവിടെ തേയില ഇലയിൽ നിന്നും തേയില പൊടിയിലേക്ക് എത്തുന്നതു വരെയുള്ള കാര്യങ്ങൾ കാണാം. ടീ മ്യൂസിയത്തിന് അടുത്തു തന്നെയാണ് തേയില ഫാക്ടറിയും. ലോകത്തെ വിവിധ തേയിലകൾ, അവയുടെ ചരിത്രം,നീലഗിരി തേയില ഇവയെല്ലാം പരിചപ്പെടാൻ മ്യൂസിയം സഹായിക്കുന്നു. ചായയും ചോക്ളേറ്റും എങ്ങനെ നിർമ്മിക്കാമെന്ന് മനസ്സിലാക്കാം. ഊട്ടിയിലെ വിവിധ തരം ചോക്ളേറ്റുകൾ വാങ്ങിക്കൊണ്ടു പോയതും ഓർക്കുന്നു.
ചോക്ളേറ്റ് ചായ, ഗ്രീൻ ചായ, മസാല ചായ, ലെമൺ ചായ അങ്ങനെ ചായയുടെ വൈവിധ്യങ്ങൾ കണ്ട് നമ്മൾ അത്ഭുതപ്പെട്ട് പോകും. പിന്നെ നാം പോയത് വാക്സ് വേൾഡ് മ്യൂസിയത്തിലേക്കായിരുന്നല്ലോ? സ്വാതന്ത്ര്യ സമരസേനാനികളുടെയും ദേശീയ നേതാക്കളുടെയും മെഴുകു പ്രതിമകൾ ഇവിടെയുണ്ട്. കന്യാകുമാരിയിലെ വാക്സ് മ്യൂസിയത്തിന്റെ കാര്യം പെട്ടെന്ന് ഓർമ്മയിൽ വന്നു.
ഊട്ടി ടോയ് ട്രെയിൻ
ഊട്ടിയേയും മേട്ടുപ്പാളയത്തെയും ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് നീലഗിരി മലയോര തീവണ്ടിപ്പാത എന്നറിയപ്പെടുന്നത്.നീലഗിരി മലനിരകളിലൂടെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. റാക്ക് റെയിൽവേ പാത ഉപയോഗിക്കുന്ന ഒരേയൊരു തീവണ്ടിപ്പാതയാണീത്. മണിക്കൂറിൽ 104 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത് എന്നതിനാൽ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടിയും ഇതാണ്. മേട്ടുപ്പളയത്തു നിന്ന് നാൽപ്പത്തിയാറ് കിലോമീറ്ററേ ദൂരമുള്ളു എങ്കിലും നാലര മണിക്കൂർ എടുത്താണ് ഈ ട്രെയിൻ എത്തുന്നത്,സമുദ്രനിരപ്പിൽ നിന്ന് 30 കിലോമീറ്റർ ഉയരമുള്ള മേട്ടുപ്പാളയത്തു നിന്ന് 2200 മീറ്റർ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് ഈ ട്രെയിന്റെ സഞ്ചാരം.
മദ്രാസ് റെയിൽവേ കമ്പനിയാണ് ബ്രിട്ടീഷ് കാലത്ത് ഇതിന്റെ പ്രവർത്തനം നടത്തി വന്നത്. നീരാവി എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്. നീലഗിരി മൗണ്ടൻ ട്രെയിൻ ടോയ് ട്രെയിൻ എന്നും പാസഞ്ചർ എന്നും അറിയപ്പെടുന്നു. ഊട്ടിയ്ക്കും മേട്ടുപ്പാളയത്തിനും ഇടയിൽ 208 വളവുകൾ,16 തുരങ്കങ്ങൾ,250 പാലങ്ങൾ വഴിയാണ് ഈ ട്രെയിൻ കടന്നു പോകുന്നത്. സമയക്കുറവ് കാരണം അടുത്ത സ്റ്റേഷനായ കൂനൂർ വരെ യാത്ര ചെയ്ത് തിരിച്ച് ഇങ്ങോട്ട് ബസ്സിൽ പോന്നു. ഊട്ടി സന്ദർശിക്കുമ്പോൾ ഒരിക്കലും ഒഴിവാക്കാരുതാത്തതാണ് ഈ ട്രെയിൻ യാത്ര.
ഏതായാലും വിനോദ സഞ്ചാരികൾ ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലമാണ് ഊട്ടി എന്ന് പറയുന്നത് വെറുതെയല്ല എന്നത് ഊട്ടിയിൽ നിന്ന് തിരികെയുള്ള യാത്രയിൽ ഓർത്തു പോയി. എല്ലാ സ്ഥലത്തു നിന്നും തിരിച്ചു പോരുമ്പോൾ വിചാരിക്കാറുള്ളത് പോലെ ഓർത്തു ഇനിയും വരണം ഊട്ടിയിൽ,ഒരു ഓട്ട പ്രദക്ഷിണം കൊണ്ടൊന്നും കണ്ടു തീർക്കാവുന്ന സ്ഥലമല്ല ഊട്ടി