മൂകസങ്കടങ്ങളുടെ ഉണര്‍ത്തു പാട്ട്

sahyante-makan“വനാന്തരങ്ങളില്‍ കുടിച്ചും നീരാടിയും ജീവിച്ചു പോരുന്ന ആനയെ ദുരമൂത്ത മനുഷ്യന്‍ ചതിയില്‍ പെടുത്തി കാരാഗൃഹ സമാനമായൊരു ജീവിതത്തിലേക്കു പരിവര്‍ത്തിപ്പിച്ചു. ദൈവസന്നിധികളിലും സര്‍ക്കസ് കൂടാരങ്ങളിലും മരപ്പേട്ടകളിലും ആ മിണ്ടാപ്രാണികളുടെ കണ്ണീരു  വീണു”

ദുരന്തസഹനത്തിലേക്ക് എടുത്തെറിയപ്പെടുന്ന നാട്ടാനകളുടെ മൂക ദു:ഖത്തെ ഹൃദയസ്പൃക്കായി പ്രതിപാദിക്കുന്നു ഗിരീഷ് ജനാര്‍ദ്ദനന്‍. ഒരു പക്ഷെ , മലയാളത്തില്‍ ആദ്യമായിരിക്കും ഇത്തരമൊരു സം രംഭം.

മനുഷ്യന്റെ നിര്‍ദ്ദയത്വത്തിന്റെ നിശബ്ദസാക്ഷികളായി നില്‍ക്കുന്ന ആനകളെ വഴക്കാനും വാഴിക്കാനും ആവര്‍ത്തിച്ചു പോരുന്ന അതിക്രൂര ദണ്ഡനകള്‍ മറ്റേതെങ്കിലും മനുഷ്യ വ്യാപാര മേഖലയില്‍ മഷിയിട്ടു നോക്കിയാല്‍  പോലും കണ്ടെത്താനാകില്ല.മദപ്പാടു വരുന്ന ആനകളെ വരുതിയിലാക്കാന്‍ എന്തെല്ലാം കൈക്രിയകളാണ് നാം സ്വീകരിക്കുന്നത് ! ഉച്ചത്തില്‍ നിലവിളിക്കാന്‍ പോലും കഴിയാത്ത ഒരു വനജീവിയെ ഈ വിധം എന്തിനു പീഡീപ്പിക്കുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം, മലയാളികളുടെ പൊങ്ങച്ചങ്ങളില്‍നിന്നു വേണം തേടേണ്ടത്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പൂരപ്പറമ്പുകളിലും ക്ഷേത്രങ്ങളിലും കെട്ടി അലങ്കരിച്ചു കൊണ്ടു നടക്കുന്ന ആനകളെ അവയുടെ വിഹാരവന്യതകളില്‍ അലഞ്ഞു നടക്കാന്‍ നാം അനുവദിക്കാത്തതെന്തുകൊണ്ടാണ്?
അവയെ തടവിലാക്കി ക്രൂരമായി പീഡിപ്പിച്ച് രസിക്കാന്‍ കാലഹരണപെട്ട ആചാരങ്ങളെ ആധാരമാക്കുന്നന നാം അടിസ്ഥാനരഹിതമായ അതിപ്രധാനമായ ഒരു വസ്തുത വിസ്മരിക്കുന്നു. പൂവിനും പുഴുവിനും അതിന്റേതായ സ്വൈരതകള്‍ക്ക് സ്വാതന്ത്ര്യമുള്ളതുപോലെയും സ്വന്തം വ്യാപാരങ്ങളില്‍ വ്യാമുഗ്ദനാകാന്‍ മനുഷ്യന് സര്‍വ സ്വാതന്ത്യമുള്ളതുപോലെയും ആനകള്‍ക്കും  ആ സ്വാതന്ത്ര്യമുണ്ടെന്ന  സത്യം നാം വിസ്മരിക്കയല്ലേ ചെയ്യുന്നത്? അതിനെ കാണാമറയത്താക്കി നാം സ്വയം വിസ്മൃതരാവുന്നു.
ഈ കൃതിയിലെ ( സഹ്യന്റെ മകന്‍ കഥകളും കെട്ടു കഥകളും ) പതിനൊന്നു അദ്ധ്യായങ്ങളില്‍ പരന്നു കിടക്കുന്ന ക്രൂരതയുടെ ചോര പൊടിയുന്ന അനുഭസാക്ഷ്യങ്ങള്‍ വായിക്കുന്ന ആരും സ്വയം ചോദിച്ചു പോകുന്ന ഒരു ചോദ്യമുണ്ട് എന്തിനാണ് ഈ മൂക ജീവികളെ ഭേദ്യം ചെയ്ത് നാം ആഘോഷി‍ക്കുന്നത്?മനുഷ്യത്വവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ് ഖണ്ഡമുനയുള്ള ഈ ചോദ്യം. മലയാളി സമൂഹം ഇതിനൊരുത്തരം കണ്ടെത്തണം
ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ ആനക്കൂട്ടങ്ങളുടെ സംഖ്യ ആപല്‍ക്കരമായി കുറഞ്ഞു തുടങ്ങിയതിനെ പറ്റി നടത്തിയ അന്വേഷണം ആനക്കൊമ്പുകള്‍ക്കായുള്ള വേട്ടയിലേക്കാണു വിരല്‍ ചൂണ്ടിയത് . തുടര്‍ന്ന്, ഐക്യരാഷ്ട്ര സംഘടനകളുടെ നേതൃത്വത്തില്‍ ആനക്കൊമ്പു വ്യാപാരം നിരോധിക്കുകയും നിയമവിരുദ്ധമായി സംഭരിച്ചിരിക്കുന്ന ടണ്‍കണക്കിനുള്ള ആനക്കൊമ്പുകള്‍ തീയിട്ടു നശിപ്പിക്കുകയുമുണ്ടായി.അതിന്റെ ഫലമായി പോച്ചിംഗ് ഒരു പരിധി വരെ നിയന്ത്രിക്കാനായി . അതുപോലെ നാട്ടാനകള്‍ക്ക് സംരക്ഷണം നല്‍കാന്‍ കര്‍ക്കശമായും നിയമം ഇടപെടേണ്ടിയിരിക്കുന്നു.ആ വിധം മനുഷ്യ സ്നേഹം പ്രദര്‍ശിപ്പിക്കാതിരിക്കുന്നിടത്തോളം സംസ്കൃത ചിത്തരാണ് നമ്മുടെ സമൂഹം എന്നു അവകാശപ്പെടുന്നത് പൊള്ളത്തരമായിരിക്കും.
നാട്ടാനകള്‍ വിധേയമാകുന്ന പൈശാചികമായ ക്രൂരതകള്‍ മലയാളി വായനാസമൂഹത്തില്‍ എത്തിക്കുന്ന ഗ്രന്ഥകര്‍ത്താവ് നമ്മുടെയെല്ലാം സ്നേഹവാത്സല്യങ്ങള്‍ക്ക് അര്‍ഹനായിരിക്കുന്നു. അതിനായി ഉത്സവപറമ്പുകളില്‍ യാത്ര ചെയ്തും പാപ്പാന്മാരുടെ നിസ്വവും ക്ലേശഭരിതവും അനാഥവുമായ ജീവിതങ്ങളുമായി സഹവസിച്ചും ഗിരീഷ് ജനാര്‍ദ്ദനന്‍ സംഭരിച്ച അനുഭവ സാക്ഷ്യങ്ങള്‍ എത്രയെത്ര ! ആ സംഭവങ്ങളുടെ ഊഷ്മാവ് വായനക്കാരനെ നീറ്റുന്ന വിധത്തിലുള്ളതാണ് ഇതിലെ പ്രതിപാദനം.
നാം ഇനിയും എത്തി ചേര്‍ന്നിട്ടില്ലാത്ത , കല്ലുകളും മുള്ളുകളും  നിറഞ്ഞ കൊടിയ സങ്കടങ്ങളുടെ ആഴത്തിലെത്തപ്പെടുമ്പോള്‍ , അവിശ്വാസത്തോടെ നാം നെഞ്ചില്‍ കൈവച്ച് സ്വയം ചോദിച്ചു പോകും ഇത്രയും ക്രൂരതയുമായാണോ നാം ജീവിക്കുന്നത്?
മൂക സങ്കടങ്ങളുടെ ഉണര്‍ത്തു പാട്ടായ ഈ കൃതിയിലേക്ക് വായനക്കാരനെ സ്വാഗതം ചെയ്യുന്നതോടൊപ്പം സ്വയം ആലോചിക്കാനും അതിനുള്ള  പരിഹാരത്തിനായി മുന്‍ കയ്യെടുക്കാനും മലയാളി സമൂഹത്തോട് അപേക്ഷിക്കുന്നു. ഒപ്പം വായനക്കാരുടെ പരിലാളത്തിനായി ഈ കൃതി സമര്‍പ്പിക്കുകയും ചെയ്യുന്നു.
(ആമുഖക്കുറിപ്പ് – എസ്. ജയചന്ദ്രന്‍ നായര്‍)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here