മിസ്സ്‌ കേരളായും പുണ്യാളനും

ഈ കഥ വെറും സാങ്കൽപ്പികം മാത്രമാണ്. ഇപ്പോൾ അമേരിക്കയിലോ ഇന്ത്യയിലോ ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ചെറിയ ഒരു നൂൽ ബന്ധംപോലുമില്ല . അങ്ങെനെ ആർക്കെങ്കിലും തോന്നാനിടവരുന്നുണ്ടെങ്കിൽ അതു വെറും യാദൃചികം മാത്രമാണെന്നുകൂടി പറഞ്ഞുകൊള്ളട്ടെ .

എന്ന് കഥാകൃത്ത്‌ രാജു കോടനാടാൻ

എന്റെ നാട്ടുകാരി അതായത് പള്ളിക്കത്തോട് എന്ന കുഗ്രാമത്തിൽ ജനിച്ചുവളർന്ന അനുപമാ മത്തായിയെപറ്റിതന്നെയാണ് പറഞ്ഞുവരുന്നത് . ഞാൻ അവളുടെ നാട്ടുകാരാൻ രാജു കോടനാടാൻ. അവളെപ്പറ്റിയുള്ള ഒരവിശ്വസനീയമായ കഥയായി ഒരു പക്ഷെ വായിക്കുന്നവര്ക്ക് തോന്നിയേക്കാം . അവളുടെ പേരിന്റെ പ്രത്യേകത തന്നെയായിരിക്കണം ആ പേര് ഇത്രയും നാൾ എന്റെ മനസ്സിൽ കുടിയിരുന്നതിന്റെ കാരണം എന്ന് ഇപ്പോൾ എനിക്കു തോന്നുന്നു. അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ എന്നുള്ള ഒരന്ന്വേഷണവും കൂടിയാണ് ഈ കഥ എന്നു വിചാരിക്കുന്നതിൽ അപാകതയുണ്ടെന്ന് തോന്നുന്നില്ല. അതിനൊന്നും തല്‍‌ക്കാലം ഇവിടെ വലിയ പ്രസക്തിയില്ല എന്നാണ് ഞാൻ കരുതുന്നത് . ഇതൊക്കെ എന്റെ വെറും ഓരോര്‍മ്മക്കുറിപ്പാണ് എന്ന് കരുതിയാൽ മതി . ഇങ്ങെനെ ഒരു കഥ എഴുതിയാൽ കഥാ നായികയെ പോലെയുള്ളവരെ വേദനിപ്പിക്കുമോ ചിന്തിപ്പിക്കുമോ എന്നൊന്നും ഓർത്തു എഴുത്തിൽ നിന്ന് പിന്തിരിയാൻ എനിക്കാവുമെന്നു തോന്നുന്നില്ല . അതുകൊണ്ടാണ് മുകളിൽ സിനിമാക്കാരെഴുതുന്നതുപോലെ ഒരു മുൻകൂർ ജാമ്യം എടുക്കേണ്ടി വന്നതും. അതുമാത്രമല്ല അമേരിക്കയിലാകുബോൾ ഇതിന്റെ പേരിൽ ലോ സൂട്ട് ഉൾപ്പെടെ പല പുലിവാലും വരാനുള്ള സാദ്ധ്യതകൂടി കണക്കിലെടുക്കണമല്ലോ..ഫേസ് ബുക്കിൽ കണ്ടുമുട്ടിയപ്പോൾ ആദ്യം ഒരു മെസ്സേജയച്ചു. ഒരൊർമ്മക്കുറിപ്പയിതന്നെ.

ഹായ് അനു മത്തായി

നീ എന്റെ നാട്ടുകാരിയായിരുന്നെങ്കിലും കോളേജു ലൈഫിന്റെ മൂർദ്ധന്യാവസ്ഥയിലെ ആ ബസ്‌ യാത്രകളിലാണെല്ലോ നമ്മൾ കാണാറുണ്ടായിരുന്നത് . തിക്കും തിരക്കുമുള്ള സുപ്രഭാതം ബസ്സിന്റെ മുൻസീറ്റിലിരിക്കുന്ന നീണ്ടു മെലിഞ്ഞ പെണ്‍കുട്ടിയെ അന്ന് ബസിലുണ്ടായിരുന്ന ആരുംതന്നെ മറന്നിട്ടുണ്ടാവില്ല . എപ്പോഴും മുൻ സീറ്റിലിരിക്കുന്നതിന്റെ രഹസ്യം മറ്റൊന്നുമല്ല. സുപ്രഭാതം ബസ്‌ യാത്ര ആരംഭിക്കുന്നതു നിന്റെ വീടിനടുത്തുള്ള പള്ളിക്കത്തോട് ബസ്റ്റാന്റിൽ നിന്നായിരുന്നല്ലോ. അതെന്റെ ഊഹം മാത്രമായിരുന്നു. കൂടുതലും വെള്ളയും അതിനു ചേരുന്ന കളറുകളുള്ള വസ്ത്രങ്ങളാണല്ലോ നീ ധരിച്ചിരുന്നത് . നീ ശരിക്കുംഎന്റെ സ്വപ്നത്തിലെ രാജകുമാരിയായിരുന്നു. അതൊരുപക്ഷെ അന്നത്തെ എന്റെ പ്രായത്തിന്റെ ഒരു പ്രത്യകതകൊണ്ട് തോന്നിയതായിരുന്നിരിക്കണം. ഉറക്കത്തിൽ പോലും നിന്റെ മുഖമാണ് തെളിഞ്ഞിരുന്നത്. അന്ന് നീ അറിയാതെ തന്നെ നിനക്കൊരു അപരനാമാമുണ്ടായിരുന്നു”മിസ്സ്‌ കേരളാ”. വെറുതെ കളിയാക്കി കൂട്ടുകാർ ഇട്ട പേരാണെങ്കിലും നിനക്കു യോജിക്കുന്ന ഒരു പേരു തന്നെയായിരുന്നു. ഏതായാലും നീയൊരു മിസ്സ്‌ പള്ളിക്കത്തോട് ആണെന്നുള്ള കാര്യത്തിൽ ആർക്കും തർക്കമില്ലായിരുന്നു. ഞാനോ സ്ഥലത്തെ പ്രധാന കള്ളുകുടിയനായാ ലോറിഡ്രൈവർ പത്രോസിന്റെ മകൻ. നാട്ടുകാർ കള്ളൻ പത്രോസ് എന്നും വിളിക്കും. പണ്ടെങ്ങോ ഏതോ മോഷണക്കേസിലെ പ്രതിയായിരുന്നു എന്ന് നാട്ടിലൊരു വർത്തമാനമോക്കെയുണ്ട് . അത് അന്ന് എനിക്കൊരു അപകർഷതാബോധം തന്നെയായിരുന്നു. അതുകൊണ്ട് മാത്രമാണ് നീയറിഞ്ഞ് നിന്നെയൊന്നു നോക്കതിരുന്നതുപോലും . എന്നാൽ വര്‍ഷങ്ങള്‍ക്ക് ശേഷം അതും ന്യു യോർക്കിൽവെച്ച് വീണ്ടും അപ്രതീഷിതമായി ഫേസ് ബുക്കിൽ നിന്നെ കണ്ടതുമുതൽ ആ ഓർമ്മകൾ എന്റെ പിറകെ നടക്കുകയായിരുന്നു.. അതും ലോകതലസ്ഥാനത്തു നിന്ന് നിന്റെ തല ഫേസ് ബുക്കിലൂടെ എത്തിനോക്കിനിന്നു ചിരിക്കുന്നു. എനിക്ക് എന്തെന്നില്ലാത്ത ഒരു ഉത്സാഹവും സന്തോഷവും ഒക്കെ തോന്നി. കാരണം അന്നൊന്നും ഒരിക്കൽ പോലും നീ എന്നെ ശ്രെദ്ധിക്കുകയോ ഒന്ന് നോക്കി പുഞ്ചിരിക്കുകയോ ചെയ്തിട്ടില്ലായിരുന്നെല്ലോ. . ആ മുഖഭാവംതന്നെയാണ് എന്റെ ഓർമ്മയിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത് . എന്നാലും ഞാൻ നീയറിയാതെ തന്നെ മിസ്സ്‌ കേരളയെ മതിവരുവോളം ആസ്വദിച്ചിരുന്നു.നീയും ഞാനറിയാതെ എന്നെപോലെയുള്ള ഒരു പാവം ചെക്കനെ ശ്രദ്ധിച്ചിരിക്കാനാണ് സാദ്ധ്യത. അല്ലെങ്കിലും പള്ളിക്കതോട്ടിൽനിന്നുപോകുന്ന ഏക ബസ്സായ സുപ്രഭാതവും അതിലെ സഹായാത്രികരെയും അത്ര പെട്ടന്നു മറക്കാൻ പറ്റില്ലല്ലോ. നമ്മുടെ പഴേയ കാല പിന്നണി ഗായകാൻ രാഘവാൻ മാഷിൻറെ ഒരു പാട്ടിന്റെ വരികളാണ് പെട്ടന്ന് ഓർമ്മവരുന്നത് ” എങ്ങെനെ നീ മറക്കും കുയിലേ” സ്നേഹപൂർവം ഫേസ് ബുക്കിനും കൂടി നന്ദി പറഞ്ഞുകൊണ്ട് രാജു കോടനാടാൻ

ഇത്രയും ഒരു മെസേജായി അയച്ചതിന്റെ പിറ്റേദിവസമാണ്‌ നീ വീണ്ടും ചാറ്റിൽ വന്നത് . അപ്പോൾ അവൾ വായിച്ചിരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അതിൽ എനിക്ക് വളെരെ സന്തോഷം തോന്നുന്നു. അടുത്ത ദിവസം പച്ച ലൈറ്റ് തെളിഞ്ഞപ്പോൾ . ഞാൻ തന്നെ തുടങ്ങി .

“ഹായ് അനു ” ‘ ഹായ് കോടനാടാൻ ഹൌ ആർ യു ” ” എല്ലാം ഒരു നിമിത്തം പോലെ” അവൾ പറഞ്ഞു രാജുവിന് കൂടുതൽ ഉത്സാഹം തോന്നി. അപ്പോഴാണ് ആ ചോദ്യം ചോദിച്ചത് “ഒരുപക്ഷെ നീ ഒന്നു ചിരിച്ചിരുന്നെങ്കിൽ സംസാരിച്ചിരുന്നെങ്കിൽ ഇന്ന് എന്റെ ഭാവി മറ്റൊരു തലത്തിൽ ആകുമായിരുന്നില്ലേ.”. “എടാ നിന്നെപ്പോലുള്ള ഒരു പുണ്യാളനെ പ്രേമിച്ചു കെട്ടാനും മാത്രം മണ്ടിയൊന്നുമല്ലായിരുന്നു ഞാൻ” അതായിരുന്നു കോടനാടന് കിട്ടിയ ആദ്യത്തെ അടി. അല്പ്പനേരത്തേക്ക് മസസിന് ഒരങ്കലാപ്പോക്കെ തോന്നിയെങ്കിലും . അത് മനസിലായില്ലന്നുള്ള വ്യാചേന അടുത്ത ചോദ്യത്തിലേക്ക് കടന്നു.

“ഇനി അനുതന്നെ പറ ആരാണാ ഭാഗ്യവാൻ . നമ്മുടെ നാട്ടിലെ ഉണ്ണിയാര്‍ച്ചയായ മിസ്സ്‌ കേരളയെ അടിച്ചോണ്ടു പോയവൻ ”

“അതൊക്കെ ശരിയായിരിക്കും നിന്റെ കാഴ്ചപ്പാടിൽ. പക്ഷെ ആ റിച്ചാർഡിനോട് ചോദിച്ചാൽ അവൻ പറയും നീ രക്ഷപെട്ടന്ന്“ ” അതാരാ റിച്ചാർഡ് ”

” എന്റെ പ്രസന്റ് ഹസ്ബെന്റ റിച്ചാർഡ് ബഹനാൻ ”

പെട്ടന്ന് ഒരു ഞെട്ടൽ മറ്റൊന്നും കൊണ്ടല്ല പ്രസന്റ് ഹസ്ബെന്റെന്നു പറഞ്ഞതുകൊണ്ടാണ്. അത്രക്കും ത്രില്ലിംഗ് ആയിരുന്നു അവളുടെ ലൈഫ് എന്ന് അവൾ തന്നെ എന്നോടു പറഞ്ഞു. അതൊക്കെ ഇനി ഒരിക്കൽ പറയാം എന്നൊരു സസ്പെൻസിൽ കൊണ്ടെ നിർത്തി ലോഗ് ഓഫ് ചെയിതു. ഇപ്പോൾ അവൾ പറഞ്ഞ കാര്യങ്ങൾ വച്ചുനോക്കുബോൾ അവൾ എന്നെ ശ്രെദ്ധിച്ചിരുന്നു എന്നാണ്‌ . കാരണം ആ ബസിലെ കുട്ടികളിൽ ഏറ്റവും സാധാരണക്കാരൻ ആയ സഹായാത്രികനായതുകൊണ്ട് മാത്രം. ഒരിക്കെൽ അവൾ എന്നെയോർത്ത് ഒരുപാട് ചിരിച്ചിട്ടുമുണ്ടെന്നു ഇടക്കെപ്പോഴോ അവൾ പറഞ്ഞപ്പോൾ എനിക്ക് അത്യധികം ആകാംക്ഷ‌യായി.കാരണം കുറെ മണ്ടത്തരങ്ങൾ പറ്റിയിട്ടുണ്ടല്ലോ. അതിൽ ഏതായിരിക്കും അവളുടെ മനസ്സിൽ എന്നുള്ള ഒരു ടെൻഷനും ഉണ്ടായിരുന്നു. അതും ഞാൻ വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നു കാണിക്കാൻ ശ്രമിച്ചെങ്കിലും . അതവൾക്ക് മനസിലായി കാണാനാണ് സാധ്യത . അങ്ങനെ പ്രതീഷിച്ചതുപോലെ ഒരു ദിവസം എന്നെ വിളിച്ചു.

” എടാ അനുഭവങ്ങളൊക്കെ ഇഷ്ട്ടമുള്ളവരോട് പറയുന്നതിന്റെഒരു സുഖമുണ്ടെല്ലോ അത് അനുഭവിച്ചുതന്നെ അറിയണം ”

അനുപമ ആ കഥ പറയുവാൻ തുടങ്ങി . ഹി..ഹി..ഹി…എന്ന് ഊറി ചിരിച്ചുകൊണ്ടാണ് തുടക്കം. ആന്നൊരു തിരക്കുള്ള വെള്ളിയാഴ്ച്ച ദിവസം നീ ഓടി വന്നു ബസിൽ കയറുകയായിരുന്നു. അപ്പോൾ ആകെയുണ്ടായിരുന്ന നിന്റെ റബ്ബർ ചെരിപ്പിന്റെ വള്ളി പോട്ടിപോയി. ബസിൽ കയറിയപ്പോൾ കാലിൽനിന്ന് ഊരിപ്പോയിരുന്നു.സുപ്രഭാതം ബസ്സിലുണ്ടായിരുന്ന എല്ലാ കുട്ടികളും ചിരിച്ചുപോയി. അയ്യോ പാവം എന്ന് അപ്പോൾ തോന്നിയിരുന്നെങ്കിലും നീ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി തിരിച്ചു നടന്നപ്പോൾ ഞാനും ഒരുപാടു ചിരിച്ചു. പിന്നീട് രാത്രിയിൽ കിടന്നോപ്പോൾ നിന്നെപ്പറ്റി വെറുതെയോർത്തു. നിന്റെ കാലിൽ ആ നീല വള്ളിയുള്ള തേഞ്ഞു തീരാറായ ഒരു ചെരിപ്പല്ലാതെ മറ്റൊന്നും കണ്ടിട്ടില്ലയായിരുന്നു. എപ്പോഴും ഒറ്റമുണ്ടുടുത്ത് നീലം മുക്കിയ കറുത്ത വരയുള്ള വെള്ള ഷർട്ടാണ് നീ ഇടാറുണ്ടായിരുന്നത്. ആരോടും അധികം മിണ്ടാത്ത ഒറ്റയാനായ നീണ്ടു മെല്ലിച്ച കോടനാടൻ. ആ കള്ളൻ പത്രോസിന്റെ മകനെ അന്നുമുതൽ ആരും അറിയാതെ ഞാനുംശ്രദ്ധിക്കുവാൻ തുടങ്ങിയിരുന്നു. അതുകഴിഞ്ഞ് അവൾ പറഞ്ഞ തമാശ മാത്രം രാജു കോടനാടന് ഇഷ്ടപ്പെട്ടില്ല

” എടാ രാജു നിന്നോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല നിന്നെ ശ്രദ്ധിച്ചത് . ആ ബസിൽ എന്നെ ശ്രദ്ധിക്കാത്ത ഒരേ ഒരു ചെക്കൻ നീയായിരുന്നു. അതുകൊണ്ട് ഒരു കൌതുകം അത്രയേയുള്ള അങ്ങനെയൊക്കെയാണല്ലൊ പലപ്പോഴും പ്രണയം തുടങ്ങുന്നത്. പഷേ അന്ന് അതൊന്നും സംഭവിച്ചില്ല എന്നുമാത്രം. അതിന് എന്നേക്കാൾ ഉത്തരവാദിത്വം നിനക്കാണ് നീ വെറും ഒരു പാവം പുണ്ണ്യാളൻചെക്കൻ കഴുത്തിലൊരു കൊന്തയും കുരിശും ഉണ്ടായിരുന്നു എന്നാണു എന്റെ ഓർമ്മ” അതുകൊണ്ട് നിനക്ക് കൂട്ടുകാരിട്ട പേരായിരുന്നല്ലൊ പുണ്ണ്യാളൻ. പെട്ടന്ന് ഒരു ചമ്മലോക്കെ തോന്നിയെങ്കിലും അതവൾ അറിയാതിരിക്കാൻ അവൻ പ്രത്യകം ശ്രദ്ധിച്ചു . ഞാൻ അവളറിയാതെ അവളെ ശ്രദ്ധിച്ചിരുന്ന കാര്യം തൽക്കാലം പറയുന്നില്ലെന്നു തീരുമാനിച്ചു. അങ്ങെനെ അവൾ അഹങ്കരിക്കേണ്ട എന്നുതന്നെ കരുതി . അല്ലെങ്കിൽ തന്നെ അതൊക്കെ പറയാതിരിക്കുന്നതല്ലേ നമുക്ക് ആണുങ്ങൾക്ക് ഒരു അന്തസ്സ് .

രാജു അവളുടെ കഥ കേൾക്കാനും അവളിലെ രെഹസ്യം അറിയാനും തിരക്കുകൂട്ടി . അവൾ അപ്പോഴേക്കും ഗുഡ് ബയിയും ഗുഡ് നൈറ്റും പറഞ്ഞു വീണ്ടും ലോഗോഫ് ആയി. കോടനാടാൻ മനസ്സിൽ വിചാരിച്ചു. എടീ അനുപമാ മത്തായി നിനക്കിപ്പോഴും ഒരുമാറ്റവുമില്ല വെരി അണ്‍ പ്രെടിക്കറ്റബിൾ . അതുമാത്രമല്ല എത്ര സ്വാതന്ത്ര്യമായിട്ടാണ് നീ എന്നെ എടാ നീ എന്നൊക്കെ വിളിച്ചത് . അതിനുള്ള അടുപ്പമൊന്നും ഒരിക്കലും ഉണ്ടായിട്ടില്ലായിരുന്നെല്ലോ . ഒരു പക്ഷെ ഉള്ളിന്റെ ഉള്ളിൽ എന്നെ സ്നേഹിച്ചിരുന്നിരിക്കും എന്നവനു തോന്നാതിരുന്നില്ല . അങ്ങെനെ സ്നേഹമുള്ളവർ എടാ പോടാ എന്നൊക്കെ വിളിക്കുന്നത്‌ ന്യു ജെനറേഷൻ സിനിമയിൽ കേട്ടിട്ടുണ്ട് . രാജു അതൊക്കെ വെറുതെ മനസ്സിൽ ഓർത്തപ്പോൾ ഒരു സുഖമൊക്കെ തോന്നി .

വീണ്ടും ഒരുദിവസം അപ്രതീക്ഷിതമായി ഫേസ് ബുക്കിൽ പച്ച ലൈറ്റ് തെളിഞ്ഞപ്പോൾ .അവൻ എഴുതി ഹായ് അനു എനിക്ക് നിന്റെ കഥ കേൾക്കണം. ” നിർബെന്ധമാണെങ്കിൽ പറയാം. ക്യാൻ ഐ കോൾ യു” ‘ ഷുവർ അനുപമാ” ഉടെൻ ഫോണ്‍ ബെല്ലെടിച്ചു . തെല്ലൊകാംഷയോടെയാണ് . ഫോണെടുത്തത് ..

‘എടാ രാജു നീ ഓർക്കുന്നില്ലേ ആ സ്വർണ്ണക്കടക്കാരെൻറെ മകനെ ഇപ്പോഴും അടിപൊളി ചെത്ത്‌ ഷർട്ടൊക്കെ ഇട്ടു വരുന്ന ജോസ് അഗസ്റ്റിൻ. സെക്കണ്ട് ഇയർ ബികോം.അവനെത്തന്നെ ഞാൻ പൊക്കി.’ രാജു ഓർക്കാൻ ശ്രമിക്കുകയായിരുന്നു.ചിലപ്പോളൊക്കെ ബൈക്കിൽ വരുന്ന … അപ്പോഴേക്കും അവൾ തുടർന്നു.നീ അമേരിക്കയിൽ പഠിക്കാൻ പോയെകാര്യം ജോസ് പറഞ്ഞാണ് ഞാൻ അറിഞ്ഞതും. അന്നുമുതൽ എനിക്കും തോന്നിയതാ ഈ അമേരിക്ക ഒന്നനുഭവിക്കണമെന്ന്‌.പക്ഷെ അന്നത്തെ എന്റെ ഇര അവനായിരുന്നു ജോസ് അഗസ്റിൻ .

‘ അവനിട്ട് ഞാൻ നല്ല ഒരു പണികൊടുത്തു. ഒരു തമാശിനു തുടങ്ങിയതാ പിന്നെ കേറി അങ്ങു പ്രേമിച്ചു. നാട്ടുകാരൊക്കെ അറിഞ്ഞു ആകെ പുകിലായി . നിവർത്തിയില്ലാതെവന്നപ്പോൾ നാട്ടുനടപ്പനുസരിച്ച് കല്യാണവും കഴിച്ചു. അങ്ങനെ ആദ്യംതന്നെ കുറെ സ്വർണ്ണം വാരിക്കോരിതന്നു . അവൻറെ ബുള്ളറ്റു മോട്ടോർ സൈക്കളിൽ കുറെ കറങ്ങി . എൻറെ രണ്ടാനുജത്തിമാരെയും കെട്ടിച്ചുവിടാനുള്ള പേരുപറഞ്ഞ് ബാക്കി സ്വർണ്ണം മുഴുവൻ അടിച്ചുമാറ്റി. സ്വർണ്ണക്കട രണ്ടു വർഷംകൊണ്ട് പൂട്ടിച്ചു. അവനു എന്നോട് വല്ലാത്തൊരു ഹരമായിരുന്നു. അത് ഞാൻ നല്ലതുപോലെ മുതലെടുത്തു . അവന്റെ പേരിലുള്ള കുറെ സ്ഥലവും വീടും വെറും ഒരു തലയണ മന്ത്രത്തിലൂടെ സമ്മതിപ്പിച്ചു. അതും എന്റെ പേരിൽ എഴുതിച്ചു . അതോടെ അവരുടെ വീട്ടിൽ പ്രശ്നങ്ങളായി. അങ്ങെനെ പിരിയാൻ തീരുമാനിച്ചു.. സ്വത്തു കൈയിൽ കിട്ടിയതുകൊണ്ട് അപ്പച്ചനും അമ്മച്ചിയും കമാന്നോരഷരം മിണ്ടിയില്ല”

” അതു വല്ലാത്തൊരു ചതിയായിപ്പോയി അനുപമേ”

‘ എന്തു ചതി അവന്റെ ഒന്നുരണ്ടു കേസുകെട്ടുകൾ ഞാൻ കൈയ്യോടെ പൊക്കി. അതും അവന്റെ കടയിലെ തന്നെ സൈൽസ് ഗേൾസ്‌ . അവളുമാരും കുറെ സ്വർണ്ണവുമായി കടന്നു. ഉഷ്ണം ഉഷ്ണേന ശാന്തി എന്നല്ലേ നമ്മളെ കുച്ചുപണിക്കരുസാറു പഠിപ്പിച്ചത് ”

” എടീ അനുപമേ നിന്നെ ഞാൻ സമ്മതിച്ചുതന്നിരിക്കുന്നു.”

” എടാ രാജു സാറുംമ്മാരു പടിപ്പിക്കുബം ക്ലാസ്സിൽ ശ്രധിച്ചാ മാത്രം പോര അതു ജിവിതത്തിൽ പ്രാവർത്തികമാക്കാൻ നോക്കണം.”

കോടനാടന് ദേഷ്യം വന്നു തുടങ്ങിയിരുന്നു. ഓരോ ക്ലാസും കഷ്ടിച്ചു കടന്നുകൂടിയ അവൾ തനിക്കിട്ട്‌ മനപ്പൂർവം ഒരു കൊട്ടു കൊട്ടിയതാനെന്നും മനസിലായി. അവിടെയും ഒന്നു പൊട്ടാൻ കളിച്ചിട്ട് അടുത്ത ചോദ്യത്തിലേക്കു കടന്നു.

” എന്നിട്ട് ക്ലൈമാക്സ് പറ നീയെങ്ങെനെ വാഷിംഗ്‌ടനിലെത്തി അതും ലോകത്തിന്റെ തലസ്ഥാനത്ത് ”

‘ ഒരു കൊച്ചുണ്ടാകുന്നതുവരെ പിടിച്ചുനിന്നു. അപ്പോഴാണ്‌ അമേരിക്കാൻ മോഹം വീണ്ടും തളിർത്തത്. ആയിടെക്കാണ് സിനിമാക്കാർ പലരേയും ലെക്ഷങ്ങൾ മേടിച്ച് അമേരിക്കക്ക് കടത്തുന്നുടെന്നറിഞ്ഞത്. ജോസ് അഗസ്റ്റിന്റെ സ്വർണ്ണക്കടയിൽ വന്ന ഒരു കുടിൽകുമാറാണ് ആദ്യം പറഞ്ഞത്. വളെരെ രെഹസ്യമായിട്ടാണ് എന്നോടു പറഞ്ഞതെങ്കിലും എനിക്ക് അതൊരു ബ്രക്കിംഗ് നൂസ് തന്നെയായിരുന്നു. അയാളുടെ ശെരിക്കുള്ള പേര് കൃഷ്ണകുമാർ . ഏതോ സിനിമ നിർമ്മിച്ചു അതിൽ കുടിൽ കുമാർ എന്നപേരിൽ അഭിനയിച്ചു . ആ സിനിമാ എട്ടു നിലയിൽ പൊട്ടിയെങ്കിലും പേര് കുടിൽ കുമാറായി . ആ താരം അവിടുത്തെ സ്ഥിരം സന്ദർശകനായിരുന്നു. അയൾ പലനടികൾക്കുവേണ്ടിയും സ്വർണ്ണം മേടിച്ചിരുന്നു എന്നാണ് ജോസ് പറഞ്ഞത്. അങ്ങെനെ കുടിൽ കുമാറിനെ നടികൾ തന്നെ പാപ്പരാക്കി..അതിനുശേഷമാണ് ഈ വിസാ ക്കച്ചവടത്തിലേക്ക് തിരിഞ്ഞെതെന്നാണ് അറിഞ്ഞത് . ” കനകം മൂലം കാമിനിമൂലം” എന്നല്ലേ നമ്മൾ പഠിച്ചിരിക്കുന്നത്. അപ്പോഴേക്കും എനിക്കും അയാളുടെ വീക്കിനെസ്സ് മനസിലായി. പിന്നെ അയാളെ ഞാനും ഒന്നു തട്ടീം മുട്ടീം ഒക്കെ നിന്നു ഒന്ന് സുഖിപ്പിച്ചു. അങ്ങെനെ രഹസ്യമായി എന്റെ പേപ്പറൊക്കെ അയാൾ ശരിയാക്കിത്തന്നു. സത്യം പറയാമെല്ലോ എന്നോടുമാത്രം കുടിൽ കുമാർ കാശൊന്നും മേടിച്ചില്ല. ഇന്റെർവ്യുവിനു ചെന്നപ്പോൾ കോണ്‍സുലേറ്റ്കാർ സിനിമാനടിയാനെന്നു കരുതിയാണ് വിസാ തന്നത്. എന്തെങ്കിലും അഭിനയിച്ചു കാണിക്കണമെന്ന് സായിപ്പ് പറഞ്ഞു. ഓ എൻറെ വിസാ സ്വപനം അവിടെ പൊലിഞ്ഞെന്നു കരുതി. ഞാനൊരറ്റ കരച്ചില് അങ്ങു കരഞ്ഞു. ഇനിക്കങ്ങു സങ്കടം സഹിക്കാൻ മേലായിരുന്നു. സായിപ്പു ഞെട്ടിപ്പോയി . ഇത്രയം നന്നായി അഭിനയിക്കുന്ന നടികൾ ഇന്ത്യയിൽ ഉണ്ടോ എന്നയിരുക്കും അയാൾ ഓർത്തത്‌. ആ മണ്ടൻ സായിപ്പിനു മനസിലായില്ല ഞാൻ ശെരിക്കും കരഞ്ഞതാണെന്ന്.അതോടെ ആ സായിപ്പിന് മതിയായി. ഉടനെ സായിപ്പ് ഒന്നു പുഞ്ചിരിച്ചുകൊണ്ട് ഐ അം ഗീവിംഗ് യു വിസാ എന്നു പറഞ്ഞു. അപ്പോൾ ഞാനും ചിരിച്ചുപോയി . അങ്ങെനെ സായിപ്പിന്റെ സ്വഭാവം ഏതാണ്ട് കുറച്ചൊക്കെ മനസിലായി. അമെരിക്കക്കു വരുബോൾ അതൊക്കെയല്ലെ അറിഞ്ഞിരിക്കേണ്ടത്. ഇവിടെ വന്ന് ഒരു പണക്കാരൻ സായിപ്പിനെ തന്നെ വീഴിച്ചു. അതൊക്കെ ഒരുപാടു പറയാനുണ്ട്. വേണമെങ്കിൽ ഒരു മെഗാ സീരിയൽ ഉണ്ടാക്കാം . ഏതായാലും അഞ്ചു വർഷംകൊണ്ട് ഗ്രീൻ കാർഡും പിന്നെ സിറ്റിസണുമായി. മോനിപ്പം ഇവിടെ പ്രൈവറ്റ് സ്കൂളിൽ പഠിക്കുന്നു.”

രാജു സ്തംഭിച്ചിരുന്നുപോയി. ഇതൊരു ന്യു ജെനറേഷൻ സിനിമാക്കഥ പോലെയാകുമെന്ന് സ്വപ്നത്തിൽപോലും വിചാരിച്ചിരുന്നില്ല. അപ്പോൾ കോടനാടന് ക്ലൈമാക്സ് കൂടി കേൾക്കാനുള്ള ആകാംക്ഷയായി.

” എടാ ഈ സായിപ്പിൻമാര് വെറും മണ്ടന്മാര എനിക്കത് ആദ്യംതന്നെ മനസിലായി. വെള്ളിയാഴ്ചകളിൽ അവന്റെ കൂടെ ബാറിൽ പോകും. അവിടിരുന്നു ഓരോന്നടിക്കും. ഞാൻ ഒരെണ്ണത്തെ നിർത്തും അവൻ രണ്ടെണ്ണം അടിച്ചുകഴിഞ്ഞാൽ എല്ലാം സമ്മതിക്കും. ഇടെക്കിടെ പുറത്തൊന്നു തലോടണം ഒന്നു കേട്ടിപിടിക്കണം. പിന്നെ എന്തു കാര്യവും സാധിക്കും. നാട്ടിലാണെങ്കിൽ തലേയിണ മന്ത്രം മതി. ഇവിടെ ബാർ മന്ത്രം.. അവസാനം വീടുവരെ റിച്ചാർഡ് എനിക്കെഴുതിത്തന്നു . ഒരു ദിവസം അവനെയും സ്പോട്ടിൽ പിടിച്ചു. അവനൊരു ബൈ സെക്സൽ ആയിരുന്നെടാ . എന്നാപിന്നെ ഗേയും ആണന്ന് അവനു നേരത്തെ പറഞ്ഞു തുലക്കാൻ മേലായിരുന്നോ. ഒരു ദിവസം ബാറിൽ വെച്ചാണ് അവൻ കുറ്റസമ്മതം നടത്തിയത്. പ്രതി ഒരു റിയൽഎസ്റ്റെറ്റ് എജന്റായിരുന്നു. ഉടനെ വക്കീലിനെ കണ്ടു ഡിവോഴ്സു നോട്ടീസ്സയച്ചു . ഇപ്പോൾ ജീവിതം പരമ സുഖം ചൈൽഡ് സപ്പോർട്ടും കിട്ടും വീടും സ്വന്തം. എനിക്കൊരു സുന്ദരക്കുട്ടനെക്കൂടെ കിട്ടിയല്ലോ അതുമതി . നല്ല ഒന്നാതരം കേരള മിക്സ്‌ ചുരുണ്ട മുടി ഒരു നല്ല ചുവന്നു തുടുത്ത സായിപ്പുചെറുക്കൻ. ഇപ്പോൾ കിന്റർ ഗാർഡനില്‍ പഠിക്കുന്നു. ഇതുവല്ലോം ആ പള്ളിക്കത്തോട് പട്ടിക്കാട്ടിൽ കിടന്നാൽ പറ്റുമോ. വെറുതെ അങ്ങു ജനിച്ചു മരിക്കാൻ ഒരു പാഴ്ജന്മമൊന്നുമല്ലല്ലോ എൻറെത് . എനിക്കീ ലോകം മുഴുവനും കണ്ടാൽ പോര തൊട്ടുനോക്കണം അനുഭവിക്കണം. പാവമായിരുന്നെങ്കിലും പഠിക്കാൻ മിടുക്കനായ നീ അമേരിക്കയിലേക്ക് പോയതാണ് ഈ അമേരിക്കാൻ ലൈഫിലേക്കുള്ള മോട്ടിവേഷൻ. നിങ്ങൾ ആണുങ്ങൾക്കൊക്കെ എന്തുമാകാം ആരേം അനുഭവിക്കാം.എവിടെയും പോകാം ഞങ്ങൾ പെണ്‍പിള്ളേരു മാത്രം ചാരിത്ര്യം നോക്കി കുടുബം നോക്കി അടങ്ങി ഒതുങ്ങി അവരുടെ ആട്ടും തുപ്പും കേട്ട് കഴിഞ്ഞോണം . ആ കളിക്ക്‌ എന്നെ കിട്ടുകേല മോനെ ദിനേശാ. എടാ നിന്നെപ്പോലെയുള്ള പുണ്ണ്യാളന്മാരെ പണ്ടേ എനിക്കിഷ്ട്ടമല്ല . എന്നാലും നിന്നെ എനിക്ക് ഇഷ്ട്ടമാ . നീയൊരു പാവം ചെക്കൻ . നിൻറെ സ്വപ്നമായിരുന്നല്ലോ അമേരിക്ക . ഇതാ ആ സ്വപ്നത്തിലൂടെ ഞാനും ഇവിടെയെത്തിയിരിക്കുന്നു”

“എടീ നീയാണ് ശരിക്കും കേരളത്തിന്റെ ഉണ്ണിയാർച്ച ഐ സലുട്ട് യു”

“എടാ രാജു ലൈഫ് ഈസ്‌ ഷോർറ്റ് . മുകളിലോരാളുണ്ടെങ്കിൽ എല്ലാം കാണട്ടെ . ഞാൻ എന്തു തെറ്റാണ് ചെയ്തത് നീ പറ. കോടനാടാൻ മനസ്സിൽ എന്തൊക്കെയോ മിന്നി മറഞ്ഞു. ഇങ്ങെനെ വെറുതെ ക്രിസ്തുവിനെയും ഓർക്കാൻ പറ്റിയ സമയം. ഇടെക്കിടെ വന്നുചേരാറുണ്ട്‌. അപ്പോൾ അറിയാതെ പറഞ്ഞുപോയി .

“നിങ്ങളിൽ കുറ്റമില്ലത്തവർ അവളെ കല്ലെറിയട്ടെ ” “എടാ പുണ്ണ്യാളച്ചാ കല്ലെറോക്കെ പണ്ടല്ലേ. ഇതാമേരിക്കയാ ഏറിനു പകരം വെടിയാ. അതും ഒറ്റ ഒരാൾ മതി. അതിന് ബൈബിളിൽ പറയുന്നതുപോലെ ഒരാൾക്കൂട്ടമൊന്നും വേണ്ട ”

രാജു കോടനാടാൻ ബൈബിളിനെ പോലും വകവെക്കാത്ത അവളുടെ വാക്ക് ചാതുര്യം കേട്ട് കുറേനേരം അന്തം വിട്ടിരുന്നു.

‘അതുപോട്ടെ ഇനി കേൾക്കെട്ടെ നിന്റെ കഥ.”

കോടനാടാൻ ഒന്നുകൂടി ഞെട്ടി .ഏതോ മയക്കതിൽനിന്ന് ആരോ ഉണർത്തിയതുപൊലെ. “അതിനിയൊരിക്കലാകാം ഞാനീ ഷോക്കിൽനിന്ന് ഒന്ന് രക്ഷപെടട്ടെ ”

” എടാ രാജു നീയിപ്പളും വെറും പാവം ചെക്കനാ . ഞാനിപ്പം അമേരിക്കാൻ ശൈലിയിൽ പറഞ്ഞാൽ ‘സിംഗിൾ, റെഡി റ്റു മിംഗിള്‍ . എനിക്കറിയാം നിനക്കന്നെ പണ്ടേ ഇഷ്ട്ടമായിരുന്നു എന്ന് . പഷേ അന്ന് ഒരു പുണ്ന്യാളനെ കെട്ടി നമ്മുടെ രണ്ടു പേരുടെയും ജന്മം എന്തിനു പാഴാകണം. ഇപ്പോഴിതാ എല്ലാത്തിനും ദൃക്‍സാക്ഷിയായ ദൈവം നിന്നെ എന്റെ അടുത്തുള്ള പട്ടണത്തില്‍ തന്നെ എത്തിച്ചിരിക്കുന്നു. ഞാനിപ്പം ഫ്രീയുമാണ്‌ . നീ പറ ഞാനെങ്ങനെ ഈ ദൈവത്തിൽ വിശ്വസിക്കാതിരിക്കും. ഇനിയിപ്പം നിന്റെ ഉഴം നീ ഒരു തീരുമാനമെടുക്കണം നമ്മുടെ കാര്യത്തിൽ ”

” അനുപമേ ഇറ്റ്‌ ഈസ്‌ ടൂ ലേറ്റ് . അവളിപ്പം നാട്ടിലാ മറ്റന്നാൾ വരും ഈ മെസ്സജെങ്ങാനും അവളു കണ്ടാൽ അവളൊരു തീരുമാനമെടുക്കും . പിന്നെ നമ്മുടെ രണ്ടു പേരുടെയും അന്ത്യമായിരുക്കും “. “അല്ലേലും നീ ഇപ്പോഴും ആ പഴെയ പുണ്ണ്യാളന്‍ തന്നെ. ഞാൻ പറഞ്ഞന്നേയുള്ളു ഇനിയിപ്പം ഒക്കെ കോടനാടെന്റെ ഇഷ്ട്ടം. അവസരങ്ങൾ എപ്പോഴും കിട്ടിയെന്നിരിക്കില്ല .ഇല്ലെങ്കിൽ വേണ്ട ഞാൻ ജീവിതത്തിന്റെ അടുത്ത അദ്ധ്യായത്തിലേക്ക് കടക്കും.”

‘ ഗുഡ് നൈറ്റ് ഡിയർ”

” ബൈ ഫോർ നൗ ”

ഫോണ്‍ താഴെ വെച്ചിട്ട് ഉറങ്ങാൻ കിടന്നപ്പോൾ കോടനാടാൻ എന്തൊക്കെയോ ആലോചിച്ചു അന്ന് സുപ്രപ്രഭാതം ബസിന്റെ മുൻ സീറ്റിലിരുന്ന തൂവെള്ള സാരിയുടുത്ത കാവൽ മാലാഖാ അനുപമാ മത്തായി തന്നെയാണോ അവനോടു സംസാരിച്ചത്’? ” .എന്റെ മിസ്സ്‌ കേരളാ നീയല്ലേ യഥാര്‍ത്ഥ മലയാളി മങ്ക . കോടനാടാൻ ഉറക്കം വരഞ്ഞിട്ട്‌ തിരിഞ്ഞും മറിഞ്ഞും കിടന്നു

ജീവിതത്തിൽ ഒരിക്കെലും കല്ല്യാണമേ വേണ്ട എന്നൊരു തീരുമാനം എടുത്തത്‌ എത്ര നന്നായി എന്ന് പൂർണമായിട്ടും മനസിലായത്തിലുള്ള ഒരാശ്വാസം മാത്രമായിരുന്നു അപ്പോഴും കോടനാടന് .
തമ്പി ആന്റണി തെക്കേക്കുറ്റ്‌

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here