മനുഷ്യന്‍റെ മഹാമിത്രം

_img

 

(“Man’s Best Friend” എന്ന എന്‍റെ ആംഗലകവിതക്ക്  പരിഭാഷ)

മഴമേഘങ്ങള്‍ ഭ്രാന്തരായ് പാഞ്ഞു
ഗിരിശൃംഗങ്ങളില്‍
കരിക്കൂട്ടങ്ങള്‍ പോലെ
ചൂളം വിളിച്ചു കാറ്റുകള്‍
കിരാതന്മാരെപ്പോലെ
കാട്ടിലെയാ മലഞ്ചുരവിജനതയില്‍

ഒരു ചായ ഉന്‍മേഷമേകാം
വണ്ടിനിര്‍ത്തി ഞാന്‍ നടന്നു
പൊളിഞ്ഞമരാന്‍ വെമ്പുമൊരു
ഷെഡ്ഡിലേക്ക്, അവിടെ
അടിഞ്ഞു കൂടിയിരുന്നു
വിവിധമുഖരാം മനുഷ്യര്‍
കോച്ചും മലന്തണുപ്പില്‍
ബീഡിയും പുകച്ച്

അവനപ്പോളെത്തി
എന്നെയും പിന്‍തുടര്‍ന്ന്
വാലാട്ടി
മേലോട്ടെന്‍ മുഖം നോക്കി
കണ്‍കളില്‍ അനാദിയാം ചങ്ങാത്തത്തിന്‍
നനവിന്‍ തിളക്കവും പേറി
എന്‍റെ തുടകളില്‍ മുന്‍കാലുകളമര്‍ത്തി

മലഞ്ചുരത്തിലെ തെണ്ടിപ്പട്ടി
കണ്ണെഴുതിയൊരഴകപ്പനാണ്ടി
തവിട്ടുസില്‍ക്കിലൊരാഹ്ലാദപ്പൊതി
ദൃഢപേശീതരംഗസൗന്ദര്യലഹരി

ഇവനെന്താണിഷ്ടം?
ഇവിടുള്ളതെന്തുമവനിഷ്ടം
ഞാനവനൊരു മധുരബണ്‍ വാങ്ങി
അവനതുടന്‍ വിഴുങ്ങി
വീണ്ടും വീണ്ടും വാലാട്ടി
ആദിമസൗഹൃദം കണ്ണില്‍

ഒരു ബണ്ണുകൂടി ഞാന്‍ വാങ്ങി
ക്ഷണമവനതും വിഴുങ്ങി
ദൈവം പോലും കാലുകുത്താന്‍ മടിക്കും
ആ മലഞ്ചുരത്തിലെന്തൊക്കെയോ കാച്ചി-
ച്ചമച്ച ചുടുചായക്കഷായത്തിന്നവസാന തുള്ളിയും
ഞാന്‍ കുടിച്ചുതീര്‍ക്കും മുമ്പെ

പിന്നെ, ഭൂതങ്ങളുടെ ചുഴലിയില്‍
കാറ്റില്‍ മഴച്ചാറ്റലില്‍ മൂടല്‍മഞ്ഞില്‍
പായും മേഘങ്ങളെയുരുമ്മി
ഒരു കിറുക്കനെപ്പോല്‍ ഞാനെന്‍
കാറിലേക്ക് വേച്ചുനടക്കുമ്പോള്‍
അവനുണ്ടായിരുന്നു പിന്നില്‍
കണ്‍കളിലാ മറക്കാനാവാത്ത
സൗഹൃദദീപ്തിയും പേറി

സുഹൃത്തെ, നമ്മുടെ പരിചയമനന്തമാവാം
ചങ്ങാത്തമനവസാനമാവാം
അനാദിയാകാം
കാലാകാലങ്ങളിലൂടെ
ജനിമൃതികളിലൂടെ
പുനര്‍ജ്ജനീവ്യഥകളിലൂടെ
നാമൊരുമിച്ച് വിഹരിച്ചിരിക്കാം

ഒരുപക്ഷെ, എന്‍റെ നിയാന്‍ഡര്‍ഥല്‍
ഗുഹക്ക് നീ കാവലിരുന്നിരിക്കാം
ഞാനകത്തു കൂര്‍ക്കം വലിച്ചുറങ്ങവെ
ഉയരും ശശാങ്കനെ നോക്കി നീ
ഈ ഉലകത്തെയെന്തിനിത്ര സുന്ദരമാക്കി
പടച്ചോനെന്നപ്പോള്‍ നിനച്ചിരിക്കാം

അല്ലെങ്കില്‍, നീ മഞ്ഞുമഴയില്‍ കൊടുംതണുപ്പില്‍
എന്‍റെ ഇഗ്ളുവിന്‍ വാതല്‍പടിയില്‍
അനന്താപാരധവളിമയെപ്പാര്‍ത്ത്
മരവിച്ചിരുന്ന് തലചൊറിഞ്ഞിരിക്കാം
ഈശ്വരാ! ഈ ദൃശ്യമെന്തിനിത്ര വിസ്മ‍യാവഹമാക്കി
എല്ലുകള്‍ കടഞ്ഞുതരിക്കെ
ഗഗനത്തില്‍ താരാദൃഷ്ടിപോലും മരവിച്ച് വിലപിക്കവെ?

വിടപറയുന്നു ഞാന്‍ സുഹൃത്തേ!
വരും യാത്രാവേളകളില്‍ നമുക്കിനിയും കണ്ടുമുട്ടാം
ജനിമൃതികളിലൂടെ
നിന്‍റെ മിഴിയിന്‍ നനവില്‍
സൗഹൃദത്തിന്‍ തിരി നീ തെളിച്ചുവെക്കൂ
എനിക്കുറപ്പുണ്ട് നീയുണ്ടാവുമെന്‍
തലക്കരുകില്‍ ഏതോ മലഞ്ചെരുവില്‍
ഞാനെന്നന്ത്യശ്വാസം വലിക്കവെ
മനുഷ്യന്‍റെ മഹാമിത്രമേ!
അതിന്നപ്പുറം ഞാനെന്ത് നിന്നോട് ചോദിക്കുവാന്‍?
ഒരു മനുഷ്യനല്ലെങ്കിലെന്താവശ്യപ്പെടാന്‍?

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപ്രത്യാശ
Next article2017ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരങ്ങള്‍
ജീവിതത്തില്‍ വളരെ വൈകിയാണ് എഴുതിത്തുടങ്ങിയത്. അറുപതിന് ശേഷം. ആംഗലത്തില്‍ കുറെ കവിതകള്‍ രചിച്ചിട്ടുണ്ട്. അവ മിക്കതും ഈ ലിങ്കില്‍ കാണാം: http://www.poemhunter.com/madathil-rajendran-nair/poems/?a=a&search=&l=2&y=0 വേദാന്തത്തിലും ജ്യോതിഷത്തിലും താല്‍പര്യം. ചില വേദാന്തലേഖനങ്ങള്‍ വെബ്ബില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലക്കാടനായ ഞാന്‍ മിക്കവാറും കൊയമ്പത്തൂരിലാണ് താമസം. 36 വര്‍ഷം കുവൈറ്റില്‍ പ്രവാസിയായിരുന്നു. E-Mail: madathil@gmail.com

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English