നമ്മുടെ പ്രപഞ്ച ചിത്രം – (ഭാഗം 1)

ഒരിക്കല്‍ ജ്യോതിശാസ്ത്രത്തെക്കുറിച്ച് ഒരു പ്രശസ്ത ശാസ്ത്രജ്ഞന്‍ ( ചിലര്‍ പറയുന്നു ബര്‍ട്രാന്‍ഡ് റസ്സലാണെന്ന്) ഒരു പ്രഭാഷണം നടത്തി. ഈ പ്രഭാഷണത്തില്‍ അദ്ദേഹം ഭൂമി എങ്ങെനെ സൂര്യനു ചുറ്റും കറങ്ങുന്നുവെന്നും തിരിച്ച് സൂര്യന്‍ ഗാലക്സി എന്നു വിളിക്കുന്ന അതിബൃഹത്തായ നക്ഷത്രസമൂഹങ്ങളുടെ കേന്ദ്രത്തിനു ചുറ്റും എങ്ങനെ കറങ്ങുന്നുവെന്നും വിശദീകരിക്കുകയുണ്ടായി. പ്രഭാഷണത്തിന്റെ അവസാനത്തില്‍ ഹാളിന്റെ പിറകുവശത്തില്‍ നിന്നും വയസ്സായ ഒരു സ്ത്രീ എഴുന്നേറ്റു നിന്നു പറഞ്ഞു.

‘’ നിങ്ങള്‍ ഞങ്ങളോടു പറഞ്ഞതു മുഴുവന്‍ ശുദ്ധവിഢിത്തമാണ്. യഥാര്‍ത്ഥത്തില്‍ രാക്ഷസാകാരമുള്ള ഒരു ആമ തന്റെ പുറത്ത് താങ്ങി നിര്‍ത്തുന്ന ഒരു പരന്ന പലകയാണ് ഈ ഭൂമി’‘

ഇതുകേട്ട ശാസ്ത്രജ്ഞന്‍ ശ്രേഷ്ഠമായ ഒരു പുഞ്ചിരിയോടെ ഇങ്ങനെ ചോദിച്ചു.

‘’ ആമ നില്‍ക്കുന്നതോ?’‘ . ‘’ നിങ്ങള്‍ വളരെ ബുദ്ധിമാനാണ് ചെറുപ്പക്കാരാ വളരെ ബുദ്ധിമാന്‍ ‘’ സ്ത്രീ പറഞ്ഞു: ‘’ പക്ഷെ അങ്ങു താഴ വരെ ആമകളുടെ ഒരു ഗോപുരം തന്നെയാണ്’‘

ആമകളുടെ ഒരു അനന്തഗോപുരമെന്ന പ്രപഞ്ചചിത്രം മിക്കവാറും ആളുകള്‍ക്ക് പരമവിഢിത്തമായി തോന്നാം. പക്ഷെ നമുക്ക് ഈ പ്രപഞ്ചത്തെക്കുറിച്ച് എന്തറിയാം? ആ അറിവ് നമുക്ക് എങ്ങെനെ സിദ്ധിച്ചു? ഈ പ്രപഞ്ചമെവിടെ നിന്നു വന്നു? എവിടേക്ക് പോകുന്നു? പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടായിരുന്നോ? അങ്ങനെയെങ്കില്‍ അതിനുമുമ്പ് എന്തായിരുന്നു അവസ്ഥ? കാലത്തിന്റെ പ്രകൃതമെന്ത്? അത് എപ്പോഴെങ്കിലും അവസാനിക്കുമോ? കാലാകാലങ്ങളില്‍ നിലനിന്ന ഇത്തരം ചോദ്യങ്ങളില്‍ ചിലതിന് ഭൗതികശാസ്ത്രത്തില്‍ അടുത്ത കാലത്തുണ്ടായ വിചിത്രതരമായ പുതിയ സാങ്കേതിക കണ്ടെത്തലുകള്‍ ഭൗതികമായി ഉത്തരം നല്‍കുവാന്‍ പര്യാപ്തമായി. ഒരു ദിവസം ഈ ഉത്തരങ്ങള്‍ ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നതു പോലെ സ്പഷ്ടമായിരിക്കാം. അല്ലെങ്കില്‍ ഒരു പക്ഷെ ആമകളുടെ ഗോപുരം എന്നപോലെ വിഢിത്തമായേക്കാം . അതെന്തായാലും കാലം തെളിയിക്കും.

ക്രിസ്തുവിന് 340 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അരിസ്റ്റോട്ടില്‍ എന്ന ഗ്രീക്കു ചിന്തകന്‍ തന്റെ ‘ഓണ്‍ ദ ഹെവന്‍സ്’ എന്ന പുസ്തകത്തില്‍ ഭൂമി ഒരു ഉരുണ്ട ഗോളമാണെന്നതിന് രണ്ടു വാദങ്ങള്‍ നിരത്തി വയ്ക്കുന്നുണ്ട്. ചന്ദ്രഗ്രഹണം ഉണ്ടാകുന്നത് ഭൂമി ചന്ദ്രനും സൂര്യനും ഇടയില്‍ വരുന്നതുകൊണ്ടാണെന്ന് അദ്ദേഹം മനസിലാക്കി. ചന്ദ്രനില്‍ പതിക്കുന്ന ഭൂമിയുടെ നിഴല്‍ എല്ലായ്പ്പൊഴും വട്ടത്തിലാണ്. ഭൂമി ഗോളാകൃതിയിലാണെങ്കില്‍ മാത്രമേ ഇത് ശരിയാവുകയുള്ളു. ഗ്രഹണം നടക്കുന്ന സമയത്ത് പരന്ന ഭൂമിക്ക് നേരെ താഴെ മദ്ധ്യത്തിലല്ല സൂര്യന്‍ എങ്കില്‍ ഭൂമിയുടെ നിഴല്‍ നീളം കൂടിയതും ദീര്‍ഘവൃത്താകൃതിയിലുള്ളതുമായിരുന്നേനെ. രണ്ടാമത്തേത് ഗ്രീക്കുകാര്‍ അവരുടെ സമുദ്രയാത്രകളില്‍ ധ്രുവനക്ഷത്രത്തിന്റെ സ്ഥാനം നിരീക്ഷിച്ചതില്‍ നിന്നും ലഭിച്ചതാണ്. ദക്ഷിണ ഭാഗത്തുള്ള സ്ഥലങ്ങളില്‍ നിന്ന് നോക്കുമ്പോള്‍‍ ധ്രുവനക്ഷത്രം ആകാശത്തില്‍ താണും ധ്രുവനക്ഷത്രം ഉത്തരധ്രുവത്തിന് മുകളിലായതുകൊണ്ട് അവിടെ നിന്നും നോക്കുന്ന ഒരാള്‍ക്ക് അത് തലയ്ക്കു മുകളിലാണെന്നും തോന്നും. ഈജിപ്തില്‍ നിന്നും ഗ്രീസില്‍ നിന്നും വീക്ഷിക്കുമ്പോഴുള്ള ധ്രുവനക്ഷത്രത്തിന്റെ സ്ഥാനം കണക്കാക്കി അരിസ്റ്റോട്ടില്‍ ഭൂമിയുടെ ചുറ്റളവ് 4 ലക്ഷം സ്റ്റേഡിയ ആണെന്ന് കണക്കാക്കിയിരുന്നു. ഒരു സ്റ്റേഡിയം എന്നത് എത്ര ദൂരമാണെന്ന് കൃത്യമായി അറിയില്ല എങ്കിലും അത് 200 വാരയാകണമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ അരിസ്റ്റോട്ടില്‍ കണക്കാക്കിയ ചുറ്റളവ് ഇന്ന് അംഗീകരിച്ചിട്ടുള്ളതിന്റെ ഇരട്ടിയോളം വരും. ഗ്രീക്കുകാര്‍ക്ക് ഭൂമി ഉരുണ്ടതാണെന്നതിന് മൂന്നാമതൊരു വാദം കൂടിയുണ്ടായിരുന്നു. കരയില്‍ നിന്നു നോക്കുമ്പോള്‍ തീരത്തേക്കു വരുന്ന ഒരു കപ്പലിന്റെ പുകക്കുഴലാണ് ആദ്യം കണ്ണീല്‍ പെടുന്നത്. പിന്നീട അടുത്തെത്തുമ്പോള്‍ മാത്രമേ കപ്പല്‍ മുഴുവനായി കാണുന്നുള്ളു.

ഭൂമി നിശ്ചലമാണെന്നും സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും നക്ഷത്രങ്ങളുമെല്ലാം ഭൂമിക്കു ചുറ്റും വൃത്താകൃതിയില്‍ കറങ്ങുകയാണെന്നും അരിസ്റ്റോട്ടില്‍ കരുതി. ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന് അദ്ദേഹം വിശ്വസിച്ചു. ക്രിസ്തുവിനു ശേഷം രണ്ടാം ശതകത്തില്‍ ടോളമി എന്ന ശാസ്ത്രജ്ഞന്‍ ഈ ധാരണക്ക് ഒരു പ്രപഞ്ചമാതൃകയുടെ സഹായത്താല്‍ കൂടുതല്‍ വ്യാപ്തി നല്‍കി. ഈ മാതൃകയില്‍ ഭൂമി നടുവിലും ചുറ്റും എട്ടു ഗോളങ്ങളിലായി ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളും അന്ന് അറിയപ്പെട്ടിരുന്ന അഞ്ചു ഗ്രഹങ്ങളും ( ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി) സ്ഥാനം പിടിച്ചു. ഗ്രഹങ്ങള്‍ അവയുടെ ഗോളങ്ങളില്‍ നിന്നുകൊണ്ടു തന്നെ ചെറുവൃത്തത്തില്‍ സ്വയം കറങ്ങുന്നു. ഇത് അവയുടെ കുറെക്കൂടി വിഷമം പിടിച്ച സഞ്ചാരപഥത്തെ വിശദീകരിക്കുവാന്‍ ചെയ്തതാകണം. ഏറ്റവും പുറത്തുള്ള ഗോളത്തിലാണ് നക്ഷത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. അവ ഭൂമിയെ സംബന്ധിച്ച് സ്ഥിരമാണ്. പക്ഷെ, ഒന്നിച്ച് കറങ്ങുകയും ചെയ്യും. അവസാനത്തെ ഗോളത്തിന് പുറത്തുള്ള ലോകത്തെക്കുറിച്ച് ടോളമി ഒന്നും പറയുന്നില്ല. പക്ഷെ അത് മനുഷ്യന് നിരീക്ഷിക്കാന്‍ കഴിയുന്ന പ്രപഞ്ചത്തിനും അപ്പുറത്തയിരുന്നല്ലോ.

ടോളമിയുടെ മാതൃക ആകാശീയ ഗോളങ്ങളുടെ സ്ഥാനം പ്രവചിക്കുന്നതില്‍ കണിശമായ ഒരു വ്യവസ്ഥ പ്രദാനം ചെയ്തു. പക്ഷെ ഇതിനായി ടോളമിക്ക് ചന്ദ്രന്റെ സഞ്ചാരപഥത്തെക്കുറിച്ച് ഒരു അനുമാനം നടത്തേണ്ടി വന്നു. ചന്ദ്രന്‍ ചിലപ്പോള്‍ സാധാരണത്തേതിലും പകുതി ദൂരം ഭൂമിക്കടുത്തായി വരുന്നു എന്നതായിരുന്നു അത്. ഇതിന്റെ അര്‍ത്ഥം ചിലപ്പോള്‍ ചന്ദ്രന്‍ ഇരട്ടി വലിപ്പത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്നാണ് . ഈ തെറ്റ് ടോളമി മനസിലാക്കിയിരുന്നു താനും. എങ്കിലും അദ്ദേഹത്തിന്റെ മാതൃക പൊതുവെ അംഗീകരിക്കപ്പെട്ടു. നക്ഷത്ര ലോകത്തിനപ്പുറത്ത് സ്വര്‍ഗ്ഗനരകങ്ങള്‍ക്ക് ധാരാളം സ്ഥലം ഒഴിച്ചുവെച്ചിരുന്നതുകൊണ്ട് ക്രിസ്ത്യന്‍ പള്ളിയും ടോളമിയുടെ മാതൃക അംഗീകരിക്കുകയുണ്ടായി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here