1514-ല്‍ പോളിഷ് പാതിരിയായിരുന്ന നിക്കോളാസ് കോര്‍പ്പര്‍ നിക്കസ് കുറെക്കൂടി ലളിതമായ ഒരു മാതൃകയുമായി മുന്നോട്ടു വന്നു. (പള്ളിയെ ഭയന്ന് അദ്ദേഹം തന്റെ മാതൃക ആദ്യം രഹസ്യമായി വിതരണം ചെയ്യുകയാണുണ്ടായത്) സൂര്യന്‍ സ്ഥിരമായി നില്‍ക്കുന്നുവെന്നും ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനു ചുറ്റും കറങ്ങുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഏകദേശം ഒരു നൂറ്റാണ്ടിനുശേഷമാണ് ഈ ആശയം ഗൗരവമായി എടുക്കപ്പെടുന്നത്. രണ്ടു ജ്യോതി ശാസ്ത്രഞന്‍മാര്‍ – ജര്‍മ്മന്‍കാരനായ ജോഹനാസ് കെപ്ലറും ഇറ്റലിക്കാരനായ ഗലീലിയൊ ഗലീലിയും കോപ്പര് നിക്കസിന്റെ സിദ്ധാന്തം കൂടുതല്‍ പഠന വിധേയമാക്കി. ഗ്രഹങ്ങളുടെ നിരീക്ഷിക്കപ്പെട്ട സഞ്ചാരപഥങ്ങളുമായി കോപ്പര്‍ നിക്കന്‍ സിദ്ധാന്തത്തിന്റെ പ്രവചനങ്ങള്‍ കൃത്യമായി യോജിച്ചില്ലെങ്കിലും അവര്‍ ആ സിദ്ധാന്തത്തെ പരസ്യമായി അനുകൂലിച്ചു. 1609- ല്‍ അരിസ്റ്റോറ്റില്‍ – ടോളമി സിദ്ധാന്തങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ട് ഗലീലിയോ ദൂരദര്‍ശിനി കണ്ടുപിടിച്ചതും അതുപയോഗിച്ച് രാത്രി സമയത്ത് നക്ഷത്ര നിരീക്ഷണം നടത്തുന്നതും വ്യാഴത്തെ നിരീക്ഷിച്ചപ്പോള്‍ അതിനു ചുറ്റും വളരെ ചെറിയ ചന്ദ്രന്മാരുണ്ടെന്നും അവ ജൂപ്പിറ്ററിനെ പ്രദിക്ഷിണം ചെയ്യുന്നുവെന്നും ഗലീലിയോ കണ്ടെത്തി. എല്ലാ ഗ്രഹങ്ങളും ഭൂമിക്കു ചുറ്റും പ്രദക്ഷിണം ചെയ്യുന്നുവെന്ന് അരിസ്റ്റ്റ്റോട്ടിലും ടോളമിയും കരുതിയത് തെറ്റായിരുന്നുവെന്ന് ഇത് തെളിയിച്ചു. ഇതേ സമയത്ത് ജോഹന്നാസ് കെപ്ലര്‍ കോപ്പര്‍ നിക്കന്‍ സിദ്ധാന്തത്തെ കുറെ കൂടി പരിഷ്ക്കരിച്ചിരുന്നു. ഗ്രഹങ്ങള്‍ വൃത്താകൃതിയിലല്ല മറിച്ച് ദീര്‍ഘവൃത്താകൃതിയിലാണ് സഞ്ചരിക്കുന്നതെന്ന് കെപ്ലര്‍ അനുമാനിച്ചു. നിരീക്ഷണങ്ങള്‍ ഈ വാദം സാധൂകരിക്കുകയും ചെയ്തു.
ഗ്രഹങ്ങളുടെ ദീര്‍ഘവൃത്താകൃതിയിലുള്ള സഞ്ചാരപഥം കെപ്ലര്‍ക്ക് വെറുമൊരു അനുമാനം മാത്രമായിരുന്നു. പക്ഷെ നിരീക്ഷണങ്ങള്‍ അതിന് യോജിച്ചു വന്നു. കാന്തിക ശക്തികൊണ്ടായിരിക്കണം ഗ്രഹങ്ങള്‍ സൂര്യന് ചുറ്റും കറങ്ങുന്നത് എന്ന തന്റെ ആശയം ദീര്‍ഘവൃത്താകൃതിയിലുള്ള സഞ്ചാരപഥങ്ങള്‍ക്ക് എതിരുമായിരുന്നു. വളരെ കാലത്തിനു ശേഷം 1687- ല്‍ സര്‍ ഐസക് ന്യൂട്ടന്റെ Mathematical Principles Philosophy എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചപ്പോഴാണ് ഇതിനൊരു വിശദീകരണം ലഭിക്കുന്നത്. ഭൗതിക ശാസ്ത്ര ശാഖയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധേയവുമായ ഒരു പുസ്തകമാണിത്. ഇതില്‍ വസ്തുക്കള്‍ സ്ഥലകാലങ്ങളില്‍ എങ്ങെനെ സഞ്ചരിക്കുന്നുവെന്നതിനെ സംബന്ധിച്ച് സിദ്ധാന്തം കൂടാതെ ഈ ചലനങ്ങളെ അപഗ്രഥിക്കാനുതകുന്ന സങ്കീര്‍ണ്ണമായ ഗണിത സൂത്രങ്ങളും അദ്ദേഹം വികസിപ്പിച്ചെടുത്തിണ്ടുണ്ട്. മാത്രമല്ല പ്രപഞ്ചത്തിലെ ഓരോ വസ്തുവും മറ്റുള്ളവയെ ആകര്‍ഷിക്കുന്നുവെന്നും ഈ ആകര്‍ഷണബലം വസ്തുക്കളുടെ പിണ്ഡത്തിനനുസരിച്ചും അകലത്തിനനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നുള്ള പ്രപഞ്ച ഗുരുത്വാകര്‍ഷണ നിയമം അദ്ദേഹം മുന്നോട്ടു വച്ചു. വസ്തുക്കളുടെ പിണ്ടം കൂടുന്നതിനനുസരിച്ച് അവ തമ്മിലുള്ള അകലം കുറയുന്നതിനനുസരിച്ചും ഈ ആകര്‍ഷണ ബലം വര്‍ദ്ധിക്കുന്നു. ഇതേ ആകര്‍ഷണ ബലം മൂലമാണ് വസ്തുക്കള്‍ താഴോട്ട് നിപതിക്കുന്നതും ( ന്യൂട്ടന്റെ തലയില്‍ പതിച്ച് ഒരാപ്പിളാണ് ആകര്‍ഷണ സിദ്ധാന്തത്തിന് പ്രേരകമായിത്തീര്‍ന്നത് എന്ന കഥ ഏറെക്കുറെ ഒരു കെട്ടുകഥ തന്നെ. ധ്യാനാവസ്ഥയില്‍ ഇരിക്കുമ്പോള്‍ ഒരാപ്പിള്‍ വീഴുന്നത് കണ്ടപ്പോഴാണ് തനിക്ക് ഗുരുത്വാകര്‍ഷണ സിദ്ധാന്തം എന്ന ആശയം തോന്നിയത് എന്നു മാത്രമാണ് ന്യൂട്ടന്‍ പറഞ്ഞത്) ഈ നിയമപ്രകാരം തന്നെയാണ് ചന്ദ്രന്‍ ഭൂമിക്കു ചുറ്റും , ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനു ചുറ്റും ഒരു ദീര്‍ഘവൃത്താകൃതിയില്‍ കറങ്ങുന്നത് എന്ന് ന്യൂട്ടന്‍ സ്ഥാപിച്ചത്.
ടോളമീയുടെ ഗോളമണ്ഡല ആശയത്തെയും പ്രപഞ്ചത്തിന് ഒരു സ്വഭാവികത അതിരുണ്ടെന്ന ആശയത്തെയും കോപ്പര്‍ നിക്കസിന്റെ മാതൃക ഇല്ലാതാക്കി. ഭൂമി സ്വന്തം അച്ചുതണ്ടിന്മേല്‍ കറങ്ങുന്നതു മൂലം സ്ഥിരനക്ഷത്രങ്ങള്‍ ആകാശത്തിനു കുറുകെ സഞ്ചരിക്കുന്നതായി തോന്നുന്നു. അല്ലാതെ അവയുടെ സ്ഥാനം മാറുന്നതായി തോന്നുന്നില്ല. ഇതിനാല്‍ ഇവ സൂര്യനെപ്പോലുള്ള വസ്തുക്കളാണെന്നും പക്ഷെ വളരെ അകലെയാണെന്നും ചിന്തിക്കുന്നത് സ്വാഭാവികം.
തന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തമനുസരിച്ച് നക്ഷത്രങ്ങള്‍ അന്യോന്യം ആകര്‍ഷിക്കുമെന്നും അതുകൊണ്ട് അവയ്ക്ക് ചലനരഹിതമായി സ്ഥിതി ചെയ്യുവാന്‍ കഴിയുകയില്ലെന്നും ന്യൂട്ടന്‍ മനസിലാക്കി. ഏതെങ്കിലും ഒരു ബിന്ദുവിലേക്ക് അവയെല്ലാം കൂടി ഒരുമിച്ച് വീഴുകയില്ലേ? ഒരു നിശ്ചിതസ്ഥലത്ത് പരിമിത നക്ഷത്രങ്ങള്‍ മാത്രമേ ഉള്ളുവെങ്കില്‍ ഇത് നിശ്ചയമായും സംഭവിക്കാമെന്ന് ന്യൂട്ടന്‍ 1691- ല്‍ അക്കാലത്തെ ഒരു പ്രധാന ചിന്തകനായ റിച്ചാര്‍ഡ് ബെന്‍ലേയ്ക്ക് അയച്ച ഒരു കത്തില്‍ പറയുന്നുണ്ട് . മറിച്ച് ഏറെക്കുറെ അനന്തമായ ഒരു സ്ഥലത്ത് ഏകസമാനമായി ചിതറിക്കിടക്കുന്ന അനന്തകോടി നക്ഷത്രങ്ങള്‍ ഉണ്ടെങ്കില്‍ അവയ്ക്ക് നിപതിക്കുവാന്‍ ഒരു കേന്ദ്രബിന്ദു ഉണ്ടായിരിക്കുകയില്ലെന്ന് ന്യൂട്ടന്‍ യുക്തിയുക്തം സ്ഥാപിച്ചു.