ദക്ഷിണ കര്‍ണാടകത്തിലെ ക്ഷേത്രങ്ങളിലൂടെ

This post is part of the series ആകാശഗംഗയുടെ ആഗമനം

Other posts in this series:

  1. ശ്രീ വീര വെങ്കിടേശ്വര ക്ഷേത്രം
  2. വിഘ്നങ്ങളകറ്റുന്ന വിഘ്നേശ്വരന്‍
  3. ദക്ഷിണ കര്‍ണാടകത്തിലെ ക്ഷേത്രങ്ങളിലൂടെ (Current)

yathraviര്‍ക്കിടകം കനത്തു പെയ്തു. കാടെല്ലാം കറുത്തിരുണ്ടു. കാട്ടില്‍ കാല്‍ദിവസമെങ്കിലും കഴിയാന്‍ സാധിക്കാതെ വന്നപ്പോള്‍ മനസു നൊന്തു. കാലം തെറ്റി എത്തിയ കാലവര്‍ഷം കടുപ്പം കാട്ടുകയാണ്. നാലുദിവസമായി മലഞ്ചെരുവിലെ കൂട്ടുകാരന്റെ കുടിലില്‍ കഴിഞ്ഞുകൂടാന്‍ തുടങ്ങിയിട്ട്. മഴ മാനത്തു നിന്നു മണ്ണിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്. മൂടല്‍ മഞ്ഞും ഇടതിങ്ങിയ അടിക്കാടും കാടിന്നകത്തേക്ക് കടക്കാന്‍ അടുത്തൊന്നും അനുകൂലമാകില്ല എന്നോര്‍ത്ത് ഞാന്‍ സങ്കടപ്പെട്ടുകൊണ്ടിരുന്നു.

മുതലമട പഞ്ചായത്തിലെ വെള്ളാരം കുടിലിലാണ് ഞാനിപ്പോള്‍ തങ്ങുന്നത്. നെല്ലിയാമ്പതി മലനിരകളില്‍ നിന്നൊഴുകുന്ന പാല്പത നിറമുള്ള വെള്ളം കരിമ്പാറകളിലൂടെ താഴേക്ക് പതഞ്ഞൊഴുകുന്നത് കണ്ടാല്‍ ആകാശഗംഗയുടെ ആഗമനമാണെന്ന് തോന്നും. ഈ മനോഹര കാഴ്ചയും അതിന്റെ പ്രഭവ കെന്ദ്രങ്ങളും കണ്‍കുളിരെ കാണാന്‍ എത്തിയതാണ് ഞാന്‍. പക്ഷെ കരച്ചില്‍ നിര്‍ത്താന്‍ മറന്നുപോയ മഴ കാലൊന്നു കുത്താന്‍ സമ്മതിക്കാതെ ദിവസം നാലായി….

ഏതു നിമിഷവും ഉരുള്‍പൊട്ടലൊ മണ്ണിടിച്ചിലൊ സംഭവിക്കാന്‍ സാധ്യത. കാടിന്നകത്തേക്ക് കടക്കാന്‍ തല്‍ക്കാലം ഒരാഴ്ച കഴിയട്ടെ എന്ന സുഹൃത്തിന്റെ സ്നേഹശാസന. ഞാന്‍ കാത്തിരിക്കാന്‍ തന്നെ തിരുമാനിച്ചു. ഇതിനിടയ്ക്കാണ് നഗരത്തില്‍ നിന്നും എന്റെ സുഹൃത്ത് ജഗദീഷ് വിളിച്ചു പറഞ്ഞത്. ‘കര്‍ണാടകയിലെ ഏതാനും ക്ഷേത്രങ്ങള്‍ കാണാന്‍ കുറച്ചുപേരടങ്ങുന്ന ഒരു സംഘം പോകുന്നുണ്ട്. താല്പര്യമെങ്കില്‍ ഉടനെ പോന്നോളു’ എന്നാണയാള്‍ പറഞ്ഞത്. ഞാന്‍ മറ്റൊന്നും ആലോചിക്കാതെ വീട്ടിലേക്ക് തിരിച്ചു. ഒരാഴ്ചയ്ക്ക് വേണ്ട വസ്ത്രങ്ങള്‍ ബാഗില്‍ അടുക്കിവെച്ചു. ആവശ്യത്തിനുള്ള രൂപ കരുതി. ഒരു രൂപയുടെ ചില്ലറനാണയങ്ങള്‍ കുറേ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞെടുത്തു.

ട്രെയിന്‍ രാത്രി 8.45 നാണ്. ഞാന്‍ 7.30 തന്നെ സ്റ്റേഷനിലെത്തി. എന്നെയും കാത്ത് അവിടെ അപരിചിതനായ രാജന്‍ എന്നയാള്‍ ഇരിക്കുന്നുണ്ടത്രേ. അയാളുടെ വശമാണ് ടിക്കറ്റ്. സ്റ്റേഷനിലെത്തി അയാളെ ബന്ധപ്പെടാനൊരു നമ്പറും ജഗദീഷ് തന്നിരുന്നു. ജീവിതവും വ്യക്തിത്വവും എല്ലാം ഇപ്പോള്‍ ഒരു നമ്പര്‍ ആണല്ലോ. ഞാന്‍ ജഗദീഷ് തന്ന നമ്പറില്‍ വിളിച്ചു. അപരിചിതനിരിക്കുന്നത് ഞാന്‍ വിളിക്കുന്നതിന് തൊട്ടടുത്ത് ആയിരുന്നു. കാള്‍ അറ്റന്‍ഡ് ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഞങ്ങള്‍ പരസ്പരം അടുത്തുനില്‍ക്കുന്നവരാണ് എന്നറിയുന്നത്. ഞങ്ങള്‍ പരിചയപ്പെട്ടു. എന്റെ യാത്ര റിസര്‍വ് ചെയ്ത് വരാതിരിക്കുന്ന ഒരു കക്ഷിയുടെ പേരിലാണ്.

ട്രെയിന്‍ വരുന്നതും കാത്ത് ഞങ്ങള്‍ പരിചയക്കാരെപോലെ പലതും പറഞ്ഞുകൊണ്ടിരുന്നു. ജഗദീഷ് ഷോര്‍ണൂര്‍ സ്റ്റേഷനില്‍ നിന്നാണ് കയറുന്നത്. അവിടെ നിന്നും ഞങ്ങളുടെ സംഘത്തില്‍ ചേരാന്‍ കുറെ പേരുണ്ട് എന്നതിനാലാണ് അയാള്‍ എന്നോടും രാജനോടും ഒലവക്കോടുനിന്നും വണ്ടിയില്‍ കയറാന്‍ പറഞ്ഞിരുന്നത്. ട്രയിനില്‍ മംഗലാപുരത്തെത്തി അവിടെ നിന്നും ബസ്സിലാണ് (സ്പെഷല്‍) തുടര്‍ യാത്രകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് കടക്കുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഒരു സീറ്റിന് 650 രൂപ നികുതി കൊടുക്കണമത്രെ. ഇതൊഴിവാക്കനാണ് മംഗലാപുരം വരെ ട്രെയിനും അവിടന്ന് ബസും ഏര്‍പ്പാടാക്കിയിരിക്കുന്നത്.

എട്ടേമുക്കാലിന് എത്തേണ്ട ട്രെയിന്‍ പതിനഞ്ചുമിനിറ്റ് നേരത്തെ സ്റ്റേഷനിലെത്തി ഞാനും രാജനും ഞങ്ങളുടെ ബോഗിയും സീറ്റും കണ്ടെത്തി അവിടെ ഇരിപ്പുറപ്പിച്ചു. വണ്ടിയില്‍ തീരെ തിരക്കില്ല ഓഫ് സീസണായതു കൊണ്ടായിരിക്കണം. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ അടുക്കല്‍ യാത്രാസംഘാടകന്‍ സ്നേഹാന്വേഷണവുമായെത്തി. ഞാനും അദ്ദേഹവും ആദ്യമായി കാണുകയാണ്. ഏതാണ്ട് ആറരയടി ഉയരവും അതിനുതക്ക വണ്ണവുമുള്ള നല്ലതിളക്കവും ചുറുചുറുക്കും സുസ്മേരവദനനുമായ ഒരാള്‍. നെറ്റിമുതല്‍ നെറുകം തല വരെ കഷണ്ടിയുണ്ട്. പ്രായം അറുപത്തഞ്ചു തോന്നിക്കും. നിരയൊത്ത പരന്ന പല്ലുകളാണ് അയാള്‍ ചിരിക്കുമ്പോള്‍ കാണുന്നത്. സമൃദ്ദമായ താടി, നീട്ടിവളര്‍ത്തിയിട്ടൊന്നുമില്ല, കഷ്ടിച്ച് രണ്ടിഞ്ചു നീളത്തില്‍ ട്രിമ്മു ചെയ്ത് പാകപ്പെടുത്തിയിരിക്കയാണ്. കാവി കസവുമുണ്ടും കസവുജുബയുമാണ് വേഷം. കോയമ്പത്തൂരില്‍ നിന്നും മുപ്പതു നാഴിക അകലെയുള്ള അവിനാഷിയില്‍ ഒരു ആശ്രമം നടത്തിവരുന്ന ഗൃഹസ്ഥനായ സ്വാമിയാണ് അദ്ദേഹം. ഞങ്ങള്‍ പലപല യാത്രകളെപറ്റിയും സംസാരിച്ചു കൊണ്ടിരുന്നു. ട്രെയിന്‍ 10.15 ന് ഷോര്‍ണൂര്‍ എത്തുമ്പോഴേക്കും ഞങ്ങള്‍ വളരെ അടുത്തുകഴിഞ്ഞു.

ഞാന്‍ എന്റെ ബര്‍ത്തില്‍ നീണ്ടു വലിഞ്ഞു കിടന്നു. ഷോര്‍ണൂരില്‍ നിന്നു കയറിയവര്‍ സീറ്റുകള്‍ കണ്ടെത്തി ലഗ്ഗേജുകള്‍ ഒതുക്കി വയ്ക്കുന്നത് യുദ്ധസമാനാവസ്ഥയിലാണ്. പുറത്ത് മഴ ശക്തിയായി പെയ്തുകൊണ്ടിരുന്നു. ഇട്യ്ക്ക് ജഗദീഷ് വന്ന് സ്നേഹാന്വേഷണം നടത്തി. ഞാന്‍ നിദ്രയുടെ കയങ്ങളിലേക്ക് ഇറങ്ങിതുടങ്ങി.

പുലര്‍ച്ചെ നാലരമണിക്ക് ട്രെയിന്‍ മംഗലാപുരത്തെത്തി. ഞങ്ങള്‍ സാവകാശം ഇറങ്ങി. എല്ലാവരും പരസ്പരം കാണുന്നത് ഇപ്പോളാണ്. പ്ലാറ്റ്ഫോമില്‍ നിന്നും ആവശ്യമുള്ളവര്‍ ഓരോ ചായ കഴിച്ചു. അപ്പോഴെക്കും സ്റ്റേഷനപ്പുറത്ത് ഞങ്ങള്‍ക്കുള്ള മിനിബസ് കാത്തു നില്‍ക്കുന്നുണ്ട് എന്ന് സ്വാമിക്ക് ഫോണ്‍ വന്നു. ഞങ്ങള്‍ സ്റ്റേഷനപ്പുറത്തു കടന്നു. ബസ് കണ്ടെത്തി. ലഗ്ഗേജുമായി കയറാന്‍ ഡ്രൈവര്‍ സഹായിച്ചു. (കാര്യമായ ലഗ്ഗേജുകളൊന്നും ആരുടെ പക്കലും ഇല്ലായിരുന്നു.)

ഇരുപത്തിമൂന്നു സീറ്റുള്ള ബസ്സാണ് വന്നിട്ടുള്ളത്. ഞങ്ങള്‍ സ്വാമിയും ജഗദീഷും അടക്കം 16 പേരെ ഉള്ളു. ബസ്സും ട്രെയിനും ബുക്കു ചെയ്യുമ്പോള്‍ 23 പേരുണ്ടായിരുന്നു എന്ന് ജഗദീഷ് പറഞ്ഞു. യാത്രാ സമയമാകുമ്പോഴേക്കും ഏഴുപേര്‍ കൊഴിഞ്ഞു പോയതാണ്. ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാനുള്ള പണം മാത്രമേ സംഘാടകര്‍ മുന്‍കൂറായി വാങ്ങിയിരുന്നുള്ളു. വരാത്തവര്‍ക്ക് അതുകൊണ്ട് കാര്യമായ നഷ്ടമൊന്നുമില്ല. അതെസമയം അംഗങ്ങളുടെ കുറവ് സംഘാടകരെ നഷ്ടത്തിലാക്കുമെന്ന് ഉറപ്പായിരുന്നു. ആളുകളുടെ എണ്ണത്തിനനുസരിച്ചാണല്ലൊ വാഹനം ബുക്കു ചെയ്യുന്നത്.

റെയില്‍വേ സ്റ്റേഷനില്‍ നിന്നും കേവലം അഞ്ചുമിനിറ്റ് ദൂരെയുള്ള വീനസ് ലോഡ്ജിലാണ് ഒരു ദിവസത്തേക്ക് മുറിയെടുത്തിട്ടുള്ളത്. മൂന്നുപേര്‍ക്ക് ഒരു മുറി എന്ന നിലയിലാണ് സൗകര്യം. മുറിയില്‍ കുറച്ചു വിശ്രമിച്ച് ഫ്രഷായി ആറരമണിക്ക് യാത്രയ്ക്ക് തയ്യാറായി എത്തണമെന്നാണ് നിര്‍ദേശം. ഇന്നുമുഴുവന്‍ മംഗലാപുരവും പരിസരങ്ങളിലേക്കും പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കലാണ് പരിപാടി.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here