ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച്- 33

This post is part of the series ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച്

Other posts in this series:

  1. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് : മുപ്പത്തി ഏഴ്
  2. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വെച്ച്- 35
  3. ഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വെച്ച്- 34

ഫ്രാൻസിലെ യുജീൻ ഡി മസിനോഡ് (Eugene de Mazenod) എന്ന കത്തോലിക്കാ പുരോഹിതനാണ് The Missionary Oblates of Mary Immaculate (OMI) എന്ന മഹാപ്രസ്ഥാനം 1816 ൽ ഫ്രാൻസിൽ ആരംഭിച്ചത്. പിന്നീട് ലോകമെമ്പാടും പടർന്ന ഈ സ്ഥാപനത്തിന്റെ പ്രധാനലക്ഷ്യം സേവനത്തിലൂടെ evangelization കൈവരിക്കുക എന്നതായിരുന്നു.

സൗത്ത് ആഫ്രിക്കയിൽ അതിനുവേണ്ടി അദ്ദേഹം തിരഞ്ഞെടുത്ത, ഇരുപത്തിരണ്ടു വയസ്സുള്ള പുരോഹിതനായിരുന്നു ഫാദർ ജോസഫ് ജെറാർഡ്.

മസേറുവിൽ നിന്നും ഉദ്ദേശം 25 km ദൂരേ, മനോഹരമായ റോമാ താഴ്‌വാരത്തിൽ ഫാദർ ജെറാർഡ്, Marie Jean Francois Allard എന്ന ബിഷപ്പുമായി Motse Oa MaJesu ( Mother of Jesus) എന്ന സ്ഥാപനം രാജാവിന്റെ സമ്മതത്തോടെ തുടങ്ങി. ല്സോത്തോയിൽ മതപരവും ചരിത്രപരവുമായ പ്രാധാന്യമുള്ള രണ്ടു പ്രദേശങ്ങളാണ് റോമാ, മസിനോഡ് എന്നിവ. റോമായെക്കുറിച്ച് മുൻപും പരാമർശിച്ചിട്ടുണ്ടല്ലോ.
ല്സോത്തോയിലെ ഒബ്ലേറ്റ്സ് ആദ്യമായി ഇവിടെ എത്തിയത് 1862 ൽ ആണ്. അങ്ങനെ ആരംഭിച്ച ഒബ്ലേറ്റ്സ് പ്രസ്ഥാനം ഇവിടെയും വളർന്നു, പടർന്നു പന്തലിച്ചു. അവരുടെ കീഴിലാണ് സെനെസ് ഹൈസ്‌കൂളും. അതിനാൽ പലേ ഔദ്യോഗിക നീക്കങ്ങൾക്കും അവരുടെ സമ്മതവും അനുഗ്രഹവും വേണം. ഫണ്ടിങ്ങ് ഉൾപ്പെട്ടകാര്യങ്ങളിൽ ഞാനാണ് ഒബ്ലേറ്റ്സ് ഹൌസിൽ പോവുക. കാര്യങ്ങൾ സുഗമമായി നടന്നു.

ഞങ്ങളുടെ സ്റ്റാഫിലെ ഒരംഗമായ സിസ്റ്റർ താറ്റോ (Sr. Thato) യുടെ ചുമതലയിൽ ഒരു Ethics Committee ഉണ്ടാക്കി, അതിന്റെ നിയമാവലി അയർലൻഡിലെ ഓഫീസിലേക്ക് അയച്ചുകൊടുത്തു. അതോടൊപ്പം, അധ്യാപകർക്ക് ഒരു ട്രെയിനിങ് കൊടുത്തു. അയർലൻഡ് ഒബ്ലേറ്റ്സ് അങ്ങനെ ഞങ്ങൾ ആവശ്യപ്പെട്ട ഫണ്ട്‌ അംഗീകരിച്ചു.

പ്രൊജക്റ്റ്‌ തുടങ്ങി. വൈകിട്ട് സ്കൂൾ വിട്ടശേഷം സാമ്പത്തികബുദ്ധിമുട്ടുള്ള, അനാഥരായ കുട്ടികൾക്ക് രാത്രിഭക്ഷണം കിട്ടിത്തുടങ്ങി. പല മാതാപിതാക്കൾക്കും സന്തോഷമായി. അതുകൊണ്ടും തീരുന്നില്ല. പ്രോജക്ടിനുവേണ്ടി ക്ഷമയോടെ നമ്മുടെ സമയം പാകപ്പെടുത്തിയെടുക്കണം. പ്രോജക്റ്റ്‌ പൂർത്തിയായപ്പോൾ രശീതികളുടെ തെളിവുസഹിതം ഒരു പുരോഹിതന്റെ സാക്ഷ്യപത്രത്തോടെ റിപ്പോർട്ട്‌ അടക്കം അയർലൻഡിലേക്ക് എല്ലാം അയച്ചുകൊടുത്തു. അവർ അംഗീകരിക്കുകയും ചെയ്തു.

സംഭവം വലിയ പേരുനേടി. ഒബ്ലേറ്റ്സിലെ വൈദികർ പലവട്ടം ഞങ്ങളുടെ സ്കൂൾ സന്ദർശിച്ചു. അവർക്കും ഒരു റിപ്പോർട്ട്‌ മേലോട്ടയക്കേണ്ടതുണ്ട്. ഞങ്ങളുടെ പ്രോജെക്ടിന്റെ വിജയം കണ്ടുപഠിക്കുവാൻ മറ്റു ജില്ലകളിലെ സ്‌കൂളുകളിൽ നിന്നും പ്രിൻസിപ്പൽമാർ വന്നു.

ഉള്ളതുപറഞ്ഞാൽ എനിക്ക് അത്യാവശ്യം പേരും കിട്ടി. ഇതിൽനിന്നുമുള്ള പാഠങ്ങൾ പലതാണ്. ഒരു കർമ്മപദ്ധതി ഉണ്ടാകുമ്പോൾ അതിലാവണം പൂർണശ്രദ്ധ. കണക്കുകളിൽ മാത്രം ഒതുങ്ങുന്നില്ല. ഓരോ നീക്കവും പുരോഗതിയും വേണ്ടപ്പെട്ടവരെ അറിയിക്കണം, അംഗീകാരം വേണം. പലഭാഗത്തുനിന്നും ചോദ്യങ്ങൾ ഉയരാം.

എനിക്കും സ്‌കൂളിനും സഭയ്ക്കും ഇതുകൊണ്ട് വളരെ പ്രയോജനം ഉണ്ടായി.

പിൽക്കാലത്ത് സഭയുടെ കീഴിലുള്ള വിദ്യാലയങ്ങളുടെ നിലവാരം ഗവേഷണം ചെയ്യുക എന്നൊരു വലിയ പ്രോജക്റ്റ്‌ എന്നിലാണ് വന്നുചേർന്നത്. ആർച്ച്ബിഷപ്പ്, റ്റ്ലാടി ലെറോത്തോഡി (Tlali Gerard Lerotholi – OMI) യുടെ അനുഗ്രഹത്തോടെ തുടങ്ങിയ ആ സംരംഭം വലിയ ഒച്ചപ്പാടുണ്ടാക്കി. Durham University അതിലൂടെ എന്നെ അറിയുകയും ഇവിടെ മറ്റൊരു ഗവേഷണം (iPIPs) തുടങ്ങുവാൻ പിന്നീട് ഒരവസരം കിട്ടുകയും ചെയതു എന്നത് വലിയൊരു അവസരമായി ഞാൻ കാണുന്നു.
ഈ അവസരത്തിൽ ഓർക്കേണ്ട മറ്റൊരു വ്യക്തിത്വമാണ് ഫാദർ ഹോസിയ ചാലി (Fr. Mookameli Hosea Chale). അദ്ദേഹം ല്സോത്തോ കാത്തോലിക്ക ബിഷപ്പ് കോൺഫറൻസ് (LCBC) ന്റെ ജനറൽ സെക്രട്ടറി ആണ്. ഞാനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം പരസ്പര ബഹുമാനത്തിന്റെതാണ്. ഓരോ സന്ദിഗ്ധഘട്ടത്തിലും ഞാൻ അദ്ദേഹത്തിന്റെ ഉപദേശമാണ് ആദ്യം തേടുക. വളരെ പ്രസന്നനായ അദ്ദേഹം ഞാൻ വിഭാവനം ചെയ്ത ഓരോ സ്വപനത്തിനും ചിറകുകൾ നൽകി, ഒരു സഹോദരനെപ്പോലെ ആ ചിറകിൻകീഴിൽ എന്നെ സംരക്ഷിച്ചു. അത് എനിക്കു ഏറെ പ്രയോജനം ചെയ്തു. LCBC യുടെ കീഴിലാണ് ഒരു ഗവേഷണം ഞാൻ പിൽക്കാലത്ത് ചെയ്തത്. ഒരുപക്ഷേ, അദ്ദേഹത്തിന്റെ സഹായം ഇല്ലായിരുന്നെങ്കിൽ കാത്തോലിക്കാസ്‌കൂളുകളുടെ നിലവാരത്തെക്കുറിച്ചുള്ള പഠനം ല്സോത്തോയിൽ ഉണ്ടാവില്ലായിരുന്നു.
അതേപോലെ, ഞാൻ ഏറെ മധുരത്തോടെ ഓർക്കുന്ന മറ്റൊരു മുഖമാണ് ആർച്ച് ബിഷപ്പ് ലെറോത്തോഡി. വളരെ സൗഹാർദ്ദത്തോടെ എന്നെ കേൾക്കുകയും ആവശ്യമുള്ളപ്പോൾ പ്രോത്സാഹനം തരികയും ചെയ്തിരുന്നു. കാത്തോലിക്കാസ്കൂളുകളുടെ പഠനനിലവാരം ഉയർത്തുവാൻ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് ഒരുപാട് ചർച്ചകളിൽ ഞങ്ങളെല്ലാം സംസാരിക്കുകയും നിരന്തരം സംവദിക്കുകയും ചെയ്യുമായിരുന്നു. ആ കാര്യങ്ങളെല്ലാം വിശദമായി പിന്നീട് പറയാം.
ഈ രണ്ടു മഹദ് വ്യക്തിത്വങ്ങളെക്കുറിച്ച് ഏറെ പറയാനുണ്ടാകും. കത്തോലിക്കാ സഭക്ക് അവരുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.

കത്തോലിക്കാ സഭയിലെ ഓരോ പ്രസ്ഥാനങ്ങളുമായും അവയുടെ വിദേശ നേതൃത്വവുമായും ക്രമേണ ഞാനും പരിചയപ്പെട്ടു. അവരിൽ പ്രമുഖരാണ് കാനഡയിൽനിന്നുമുള്ള Sisters of St. Joseph of Htacynth മഠം. ആ മഠത്തിലെ സിസ്റ്റർ ക്ള്വോഡറ്റ് റോബർട്ട്‌സ് (Sr. Claudette Roberts) ഞാനുമായി ബന്ധപ്പെട്ടു. പുണ്യം നിറഞ്ഞ മനസ്സാണ് അവർക്കുള്ളത്. വ്യക്തിപരമായ ഒരു വിഷമം, സംഘർഷം മനസ്സിൽ തോന്നിയാൽ സിസ്റ്റർ റോബർട്ടുമായാണ് ഞാൻ പങ്കുവയ്ക്കുക. അവർ എനിക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും, കൂട്ടത്തിലുള്ളവരുടെ പ്രാർത്ഥനയിൽ എന്നെ ഉൾപ്പെടുത്തുകയും ചെയ്യും. ആ ഒരു ഊർജം വല്ലാത്തതാണ്. ഇന്നും അവരുമായി നല്ല ഒരു സൗഹൃദം തുടരുന്നു.
കൂട്ടത്തിൽ പറയട്ടെ, എന്റെ പ്രോജെക്ടിന്റെ ഭാഗമായ സിസ്റ്റർ താറ്റൊ പിന്നീട് എന്റെ ഡെപ്യൂട്ടി ആവുകയും ചെയ്തിരുന്നു. അവർ സെയ്ന്റ് ജോസഫ് മഠത്തിലെ പ്രധാന ഉത്തരവാദിത്തവും വഹിക്കുന്നുണ്ട്.

ചുരുക്കത്തിൽ, ചിക്കൻ ഫാം നല്ലൊരു വിജയമായി ഇന്നും സെനെസ് സ്കൂൾ തുടരുന്നു എന്നത് വ്യക്തിപരമായ ഒരു അനുഗ്രഹമായി ഞാൻ കരുതുന്നു.

ഇത്തരം അനുഭവങ്ങളും സംരംഭങ്ങളും ഒരു വ്യക്തിയെയും അയാൾ പ്രവർത്തിക്കുന്ന തലങ്ങളെയും പാകപ്പെടുത്തിയെടുക്കും എന്ന് ഉറപ്പിച്ചുപറയാം. സാഹചര്യം, പ്രകൃതി, സമൂഹം എല്ലാം കൂടെയുണ്ടാകും. എന്റെ അനുഭവമാണ്. നാടും നാട്ടുകാരും കഷ്ടപ്പെടുന്ന അവസ്ഥയിൽ നമുക്കെന്തുചെയ്യാം എന്ന ചെറിയ ചിന്തയ്ക്ക് പിന്നാലെ എല്ലാ കരുക്കളും വേണ്ടവിധം ചേർന്നപ്പോൾ അതിന്റെ പ്രയോജനം കിട്ടിയത് നമ്മുടെ കുട്ടികൾക്കാണ്. അതാണ് പുണ്യം.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപ്രണയത്തിന്റെ കടലാഴം
Next articleഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വെച്ച്- 34
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here