ചൊവ്വയിലേക്ക്

പേരുകേട്ട ശാസ്ത്രജ്ഞനാണ് കിട്ടാപ്പി. തന്റെ പരീക്ഷണശാലയില്‍ ചൊവ്വാഗ്രഹത്തില്‍ നിന്നും കൊണ്ടുവന്ന മണലും കല്ലും പരിശോധിക്കുകയാണിഷ്ടന്‍. പെട്ടെന്ന് മണലിനടിയില്‍ ഒരു തിളക്കം! ? ഒരു ചെറിയ സ്വര്‍ണ്ണഗോളം അനങ്ങുന്നു! സ്വര്‍ണ്ണഗോളം ഇതാ വലുതാകാന്‍ തുടങ്ങി. അതിന് കയ്യും കാലും മുളച്ചുവന്നു! അത് മുകളിലേക്കുയര്‍ന്നു!

“ഗുഡ്മോണിംഗ് ഡോക്ടര്‍..”

“..ഗു..ഡ്..മോണിംഗ്..” വിറച്ചുകൊണ്ട് കിട്ടാപ്പി പറഞ്ഞു. “എന്റെ പേര് ലുഡ്ഡു. ഞാന്‍ ചൊവ്വാഗ്രഹത്തിലെ ഒരു ജീവിയാണ്. ഒരു ശാസ്ത്രജ്ഞനുമാണ്. ഞങ്ങളുടെ പേടകം ഭൂമിയില്‍ നിന്നും കോരികൊണ്ടുവന്ന മണല്‍ പരിശോധിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് നിങ്ങളുടെ പേടകം അവിടെയെത്തിയത്. മണലിനോടൊപ്പം എന്നേം കോരിക്കൊണ്ട് പോന്നു. അങ്ങനെ ഞാനിവിടെത്തിയത്. “..ഞാന്‍ പരിചയപ്പെടുത്താന്‍ മറന്നു. എന്റെ പേര് കിട്ടാപ്പി.” “നല്ല പേര്. നല്ല കിടിലന്‍ പേര്.” ലുഡ്ഡു പറഞ്ഞു. “താങ്കളുടെ പേരും വിചിത്രം തന്നെ. എന്താ “ലുഡ്ഡു” എന്ന പേരിടാന്‍ കാരണം?”

“ഞാന്‍ ലഡ്ഡുപോലെ ഉരുണ്ടിരിക്കുന്നത്കൊണ്ടാവാം… ”

“ഏതായാലും കണ്ടുമുട്ടിയതില്‍ വളരെ സന്തോഷം.”

“എനിക്കും”

“ഒരു സംശയം ഈ മലയാള ഭാഷ എങ്ങനെ പഠിച്ചു?’

“ഞങ്ങള്‍ക്കൊരു പ്രത്യേകകഴിവുണ്ട്. ലോകത്ത് ചെന്നെത്തുവോ ആ സ്ഥലത്തെ ഭാഷ ഞങ്ങള്‍ക്ക് നിഷ്പ്രയാസം സംസാരിക്കാന്‍ സാധിക്കും.”

“അതിശയമായിരിക്കുന്നു.”

“എനിക്ക് ഈ ഭൂമി മുഴുവന്‍ ചുറ്റിനടന്ന് കാണണമെന്നുണ്ട്. എത്ര മനോഹരമായ പ്രകൃതി! ഞാനൊന്ന് കറങ്ങീട്ട് വരാം. “ശരി.” കിട്ടാപ്പി അന്നത്തെ പത്രം ഒന്ന് മറിച്ച് നോക്കിയ സമയം കൊണ്ട് ലുഡ്ഡു തിരിച്ചെത്തി.

“എന്ത്! ഇത്ര പെട്ടെന്ന് ഭൂമി മുഴുവന്‍ ചുറ്റിക്കറങ്ങിതിരിച്ചെത്തിയല്ലോ?!

“അതേ. ഞങ്ങള്‍ക്ക് ഭയങ്കര വേഗതയാണ്. നിമിഷം കൊണ്ട് ഈ ലോകം മുഴുവന്‍ ചുറ്റിവരാന്‍ ഞങ്ങള്‍ക്ക് കഴിയും.”

“അല്ല.. ഞങ്ങളുടെ ഭൂമി കാണാന്‍ എങ്ങനുണ്ട്?”

“എത്രസുന്ദരം! എത്രമനോഹരം! ലോകത്തിലെ ഒട്ടുമിക്ക ഗ്രഹങ്ങളും ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പക്ഷേ ഏറ്റവും സുന്ദരമായ ഗ്രഹം ഈ ഭൂമി മാത്രമാണ്.”

“മി.ലുഡ്ഡു… എനിക്കൊരാഗ്രഹം..”

“എന്താ? പറഞ്ഞോളു മി.കിട്ടാപ്പി…

“എനിക്ക് നിങ്ങളുടെ ചൊവ്വാഗ്രഹം ഒന്ന് സന്ദര്‍ശിക്കണമെന്നുണ്ട്. ..”

“അതിനെന്താ. ഞാന്‍ കൊണ്ടുപോകാം. എന്റെ കൈയില്‍ തൊട്ടോളൂ…”

കിട്ടാപ്പി ലുഡ്ഡുവിന്റെ സ്വര്‍ണ്ണക്കയ്യില്‍ തൊട്ടു. ഞൊടിയിടയില്‍ കിട്ടാപ്പി ഒരു സ്വര്‍ണ്ണജീവിയായി മാറി. അവര്‍ ആകാശത്തേക്ക് പറന്ന് പറന്ന് പോയി…!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here