ചെല്ലക്കിളി ചെമ്മാനക്കിളി – അധ്യായം – 1

റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാഴ്ചകളെ ഒരു കണ്ണാടിയിലെന്നപോലെ കാണിക്കുന്ന കാറിലിരുന്നുകൊണ്ടു സുനിമോന്‍ ഓര്‍മ്മിച്ചു.

എന്തു തിളക്കമുള്ള കാറ് ! ഗള്‍ഫിലെ ജോലി മതിയാക്കിയപ്പോള്‍ ഈ കാറും പിന്നെ ഒത്തിരിയൊത്തിരി വില നിശ്ചയിക്കാനാവാത്ത സാധനങ്ങളുമായാണ് അച്ഛന്‍ വന്നത്. വെറും പേരു വിളിക്കുന്നവരോട് അച്ഛനു ദേഷ്യമാണ്. വാസുമുതലാളി എന്നു തന്നെ വിളിക്കണം. മുമ്പിലിരുന്ന് ഇല്ലാത്ത ഗുണങ്ങള്‍ തട്ടിമൂളിക്കുന്നവര്‍ക്ക് എന്തുവേണമെങ്കിലും കൊടുക്കും.

കാര്‍ കൂള്‍ബാറിനു മുമ്പില്‍നിന്നു. അച്ഛന്‍ വിളിച്ചപ്പോള്‍ സുനിമോനും ഇറങ്ങി. അവിടെ നിന്ന കൂട്ടുകാരനുമായി കൂള്‍ബാറിനകത്തുകയറി….

“മോനെന്തുവേണം?” വാസുമുതലാളീ സുനിമോനോടു ചോദിച്ചു. വയറു നിറഞ്ഞിരുന്നതിനാല്‍ ഒന്നിനോടും താല്പര്യം തോന്നിയില്ല. “ഒന്നും വേണ്ടാ”. എങ്കിലും മുതലാളി ബോയിയോടു പറഞ്ഞു.“മോന് ഒരു ഐസ്ക്രീം …. ഞങ്ങള്‍ക്ക് ഓരോ കോള ….”

സുഹൃത്തുമായി അച്ഛന്‍ വാചകമടിയില്‍ മുഴുകി കഴിഞ്ഞപ്പോള്‍ സുനി ഐസ്ക്രീം തീര്‍ത്തു കാറിനടുത്തേയ്ക്ക് ഇറങ്ങി നടന്നു.

അരമണിക്കൂര്‍ കഴിഞ്ഞിട്ടും അച്ഛന്റെ വാചകമടി അവസാനിച്ചില്ല. സുനിമോന്‍ വാച്ചില്‍നോക്കി. ഫസ്റ്റ്ബെല്‍ അടിക്കാന്‍ ഇനി പത്തുമിനിറ്റുകൂടി….ഇപ്പൊഴെങ്കിലും അച്ഛന്‍ ഇറങ്ങി വന്നിരുന്നെങ്കില്‍…. അങ്ങോട്ടുപോയി വിളിച്ചാല്‍ ദേഷ്യപ്പെടും. ചിലപ്പോള്‍ അടിച്ചെന്നുമിരിക്കും.

സുനിമോന്‍ ഇടതുഭാഗത്തേക്കു വെറുതെ നോക്കി.

മണിക്കുട്ടന്‍ ഓടി വരുന്നു. ഫസ്റ്റ് ബെല്ലിനു മുമ്പു സ്കൂളിലെത്താനുള്ള വെപ്രാളം. അടുത്തെത്തിയപ്പോള്‍ പിടിച്ചു നിറുത്തി പറഞ്ഞു.

‘’ ഞാനും വരുന്നു’‘

‘’ എന്നാ വാ…’‘

‘’ നമുക്കൊന്നിച്ചു പോകാം’‘

‘’ താമസിച്ചു… വാ ഓടിപ്പോകാം…’‘

‘’ ഓടാതെ പോകാം..’‘

‘’ ഒത്തിരി താമസിക്കും…’‘

‘’ ഒട്ടും താമസിക്കാതെ പോകാം…’‘

‘’ എങ്ങെനെ?’‘

‘’ ഈ കാറില്‍…’‘

മണിക്കുട്ടനു സന്തോഷമായി ! ഏറെ നാളായി കൊതിക്കുകയാണ്, ഇത്തരം കാറിലൊന്നു തൊട്ടുനോക്കണമെന്ന്. മുഖം നോക്കണമെന്ന് ഇപ്പോള്‍ അകത്തു കയറിയിരുന്നു സഞ്ചരിക്കാനുള്ള ഭാഗ്യമുണ്ടായിരിക്കുന്നു!

സുനിമോന്‍ മണിക്കുട്ടന്‍ താമസിച്ചതിന്റെ കാരണം അന്വേഷിച്ചു. ആകെക്കൂടി ഒരു നിക്കറും ഉടുപ്പുമേയുള്ളു വെളുക്കും മുമ്പേ അമ്മച്ചി എണീറ്റു കഴുകിയിട്ടു. നല്ലപോലൊന്നു തോര്‍ന്നു കിട്ടാന്‍ വൈകി..

സുനി മോന്‍ ഓര്‍മ്മിച്ചു…

അലമാരി നിറയെ പലതരത്തിലുള്ള തന്റെ വേഷങ്ങള്‍.

അവയിലൊന്നു തെരെഞ്ഞെടുക്കാന്‍ തന്നെ അമ്മച്ചി അഞ്ചുമിനിറ്റെടുത്തു. അതിലൊന്നു മണിക്കുട്ടനു കൊടുത്താലോ? അക്ഷമനായി കൂള്‍ബാറിനകത്തേക്കു നോക്കിയപ്പോള്‍‍ അച്ഛന്‍ എഴുന്നേല്‍ക്കുന്നു. പിന്നെയും മതിവരാത്തതുപോലെ അവിടെ നിന്നു വാചകമടിക്കുന്നു.

സുനിമോന്‍ തലമുടിയിഴകളിലൂടെ വിരലുകളോടിച്ചപ്പോള്‍ വാസു മുതലാളി എത്തി.

കൂട്ടുകാരനും അച്ഛനും കൂടി മുന്‍ സീറ്റില്‍ കയറി…

ബാക് ഡോര്‍ തുറന്നു മണിക്കുട്ടനെ കയറ്റിയതിനു ശേഷമാണ് സുനിമോന്‍ കയറിയത്.

‘’ മോനെങ്ങനാ പഠിത്തത്തില്‍? ഓടിത്തുടങ്ങിയ കാറിലിരുന്നുകൊണ്ട് സുഹൃത്ത് വാസു മുതലാളിയോടു ചോദിച്ചു.

‘’ അക്കാര്യം നോക്കാന്‍ എനിക്കു നേരമുണ്ടോ? മൂന്നുപേര്‍ വീട്ടില്‍ വന്നു ട്യൂഷനെടുക്കുന്നുണ്ട്…’‘

‘’ ഈ അച്ഛന്റെ മോനല്ലേ? ഒട്ടും മോശമാവൂല്ല’‘

അച്ഛന്‍ നാലുതവണ പത്താം ക്ലാസ് തോറ്റു. പഠിത്തം മതിയാക്കിയതാണെന്ന് അമ്മ പറഞ്ഞതു സുനിമോന്റെ മനസ്സില്‍ തികട്ടി. ഒരു ജോലിയുമില്ലാതെ നാട്ടില്‍ തേരാപ്പാര നടന്നപ്പോള്‍‍ ഒരു വിസാ ഒപ്പിച്ചു ഗള്‍ഫിലെത്തി …ഇപ്പോള്‍‍…’‘

‘’ അവന്‍ തന്നെ പറയട്ടെ ‘’ നിനവിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് അച്ഛന്‍ തിരിഞ്ഞു സുനിയെ നോക്കി. അപ്പോള്‍ അടുത്തിരുന്ന മണിക്കുട്ടനെയും കണ്ടു. അവനെ പറ്റി എന്തോ ചോദിക്കാനൊരുങ്ങിയപ്പോള്‍‍ സുഹൃത്തിന്റെ ചോദ്യം.

‘’ ഗള്‍ഫിലെ തെരെക്കും ഇതുമായി നോക്കുമ്പോള്‍ എങ്ങനെയാണ്?’‘

‘’ ഹതു കൊള്ളാം ‘’ മുതലാളി പൊട്ടിച്ചിരിച്ചു ‘’ ആ റോഡിനെ പറ്റി എന്തു പറയാനാ! അവിടെ ഓടുന്ന കാറുകളെപറ്റി എന്തു പറയാനാ? ആ കാറുകളുടെ വേഗതയെ പറ്റി എന്തു പറയാനാ’‘?

‘’ ഇത്രയും കാറുകളായിട്ട് ദെവസോം ഇവിടെ എത്രയെത്രയപകടങ്ങളാ! ഇക്കണക്കിന് അവിടാകുമ്പം…’‘

‘’ എണ്ണത്തിന്റെ കാര്യത്തിലല്ല കാര്യം … നോക്കി നടത്തുന്നതിലാ… അവിടെ എല്ലാ കാര്യങ്ങളിലും വലിയ ശ്രദ്ധയാ…’‘

”സൂക്ഷ്മതക്കുറവുകൊണ്ട് അപകടം വരുത്തിവയ്ക്കുന്നതു മിസ്ക്കീനായാലും സുല്‍ത്താനായാലും അനുഭവിക്കും…’‘

കാര്‍ ബാങ്കിനടുത്തെത്തിയപ്പോള്‍ അച്ഛന്റെ സുഹൃത്ത് ഇറങ്ങി. വാഹനത്തിരക്കു കുറഞ്ഞപ്പോള്‍ തിരിഞ്ഞു നോക്കി മുതലാളി ചോദിച്ചു.

‘’ മോന്റെ കൂട്ടുകാരനേതാ?’‘

‘’ എന്റെ ക്ലാസ്സില്‍ പഠിക്കുന്നതാ… എന്റെ അടുത്ത കൂട്ടാ…’‘

‘’ പേര്?’‘

‘’ മണിക്കുട്ടന്‍’‘

‘’ നല്ല പേര്’‘ പൊട്ടിച്ചിരിച്ചുകൊണ്ട് മുതലാളി പറഞ്ഞു.

‘’ സംസാരോം മണി മണി പോലായിരിക്കുമല്ലോ…’‘ അതു കേട്ടപ്പോള്‍ മണിക്കുട്ടനും സുനി മോനും ചിരിച്ചു പോയി…

വാസു മുതലാളി പിന്നെയും ചോദിച്ചു.

‘’ മണിക്കുട്ടച്ഛന്റെ പേരെന്താ?

സുനിമോന്‍ മണിക്കുട്ടന്റെ മുഖത്തുനോക്കിയപ്പോള്‍ പറഞ്ഞു.

‘’ പരമു…’‘

‘’ ഏതു പരമു…?

‘’ കൊച്ചുതെങ്ങുമുക്കിലെ’‘

‘’ ചുമട്ടുകാരന്‍ പരമുവോ?’‘

‘’ ങാഹാ…’‘

മുതലാളി പിന്നീടൊന്നും ചോദിച്ചില്ല… അച്ഛന്റെ മുഖത്തെ തെളിച്ചം അകലുന്നതും ചുണ്ടുകള്‍ ചുളിയുന്നതും സുനിമോന്‍ നോക്കിയിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English