പൂന്തോലം കളി പോലെ സാധം ഒളിപ്പിച്ചു വെച്ച് അത് കണ്ടു പിടിക്കുന്ന രസകരമായ ഒരു കളിയാണു ‘ ഇട്ടൂലി പാത്തൂലി ‘ ഇതിനു ‘ ചൂടു തണുപ്പുകളി ‘ എന്നും ചിലയിടങ്ങളില്‍ പറയാറുണ്ട്.
എത്ര പേര്‍ക്കു വേണമെങ്കിലും ഒരേസമയം പങ്കെടുക്കാവുന്ന ഈ കളിയില്‍ ഒരാളെ കളിയാശാനായി തിരഞ്ഞെടുക്കണം. ഇത് നറുക്കിട്ടെടുത്താണ് തീരുമാനിക്കുന്നത്. പിന്നീട് കളിയാശാന്‍ ചങ്ങാതിമാരോട് ഒരു വശത്ത് പുറം തിരിഞ്ഞു നില്‍ക്കാന്‍ ആവശ്യപ്പെടും. അപ്പോള്‍ കളിയാശാന്‍ ചെറിയ സാധങ്ങള്‍, ബട്ടനുകള്‍, പേന, നാണയങ്ങള്‍, പേനയുടെ അടപ്പ് ഇവ എവിടെയെങ്കിലും ഒളിപ്പിച്ചു വെക്കുന്നു. കളിയാശാന്റെ നിര്‍ദ്ദേശം കിട്ടിക്കഴിഞ്ഞാല്‍ അംഗങ്ങള്‍ ഒളിപ്പിച്ചു വച്ച സാധനം തിരഞ്ഞു കണ്ടു പിടിക്കണം.
ഒളിപ്പിച്ചു വച്ച സാധനത്തിനടുത്ത് അംഗങ്ങള്‍ ആരെങ്കിലും എത്തിയാല്‍ കളിയാശാന്‍ ‘ചൂട്… ചൂട്…. ചൂടാണേ’ എന്നു പറയും. ആരാണ് സാധനത്തിന്റെ അടുത്ത് എത്തിയിട്ടുള്ളത് എന്ന് അറിയാതെ അംഗങ്ങള്‍ വാശിയോടെ തിരച്ചില്‍ തുടരും. ഇനി സാധനത്തിന് അകലെയാണ് എത്തുന്നതെങ്കില്‍ കളിയാശാന്റെ കമന്റ് ഇങ്ങനെ ആയിരിക്കും ” തണുപ്പേ തണുപ്പേ തണുപ്പേ ” അങ്ങനെ ഒളിപ്പിച്ച സാധനം ആരാണോ കണ്ടു പിടിച്ചത് അയാള്‍ക്കായിരിക്കും അടുത്ത കളിയില്‍ സാധങ്ങള്‍ ഒളീപ്പിച്ചു വെക്കാനും കമന്ററി നടത്താനും അവസരം. ഇങ്ങനെ കളി തുടരും. കൂടുതല്‍ തവണ കളിയാശാനായ കുട്ടിയായിരിക്കും ‘ഇട്ടൂലി പാത്തൂലി’ കളിയിലെ ഗ്രാന്റ് മാസ്റ്റര്‍. ശരി , തുടങ്ങിക്കളയുക തന്നെ …ഓകെ ?