ഉള്ളി വെറും ഒരു പച്ചക്കറിയല്ല.
ഉത്തരത്തിൽ നിന്ന്
ദക്ഷിണത്തിലേക്കുള്ള
നൂൽപ്പാലമാണ്.
ഉത്തരമില്ലത്ത
ചോദ്യങ്ങളെ
അല്ലികളായി
അടുക്കി വെച്ച
വൃത്താന്തമാണ്.
തൊട്ടു മുന്നിലിരിക്കുന്നവനെ
കണ്ണീർ കുടിപ്പിക്കാനായ്
വിസർജ്യത്തിൽ നിന്നും
ജന്മമെടുത്തവനാണ്.
പാത്രത്തിന്റെ
ഒത്ത നടുവിൽ
വെന്തു പാകമായ
പോത്തിറച്ചിക്ക്
സ്വയം മുറിഞ്ഞ്
കൂട്ടിരിക്കുന്നവനാണ്.
ഉള്ളവന്റെയും
ഇല്ലാത്തവന്റെയും
ഇടനെഞ്ചിൽ
തീ കോരിയിട്ട്
ഉള്ളു കലക്കാനും
മടിയില്ലാത്തവനാണ്.
ഉള്ളു കാണാനായി
തൊലിയുരിച്ചവർക്ക്
ഉള്ളു നിറയെ
ഇല്ലായ്മ കൊടുത്ത്
പൊട്ടിച്ചിരിപ്പിച്ച
നാറാണത്തു ഭ്രാന്തന്റെ
പച്ചയായ
അവതാരമാണ്