കുഞ്ഞുകവിതകള്‍

 

 

 

 

 

 

പതനം
————

ഏതൊരു വമ്പിനും
പതനമുണ്ടെന്നോര്‍മ്മിക്കുവന്
വെയിലായി മണ്ണില്‍ നിത്യം
വീഴുന്നു , സൂര്യന്‍

നിര്‍വചനം
—————

എഴുത്തുകാര്‍ , കലാവ്യക്തിത്വങ്ങള്‍
ദാഹത്തിലലയുന്ന മഴമേഘങ്ങള്‍

കാലം
———-

മഴമേഘങ്ങള്‍ മണ്ണില്‍
കൊത്തിവച്ചതാം കനവുകള്‍
വെയില്‍ ‍ കൈയിനാല്‍ മായ്ക്കുന്നു
വേനല്‍ സൂര്യന്‍, നിഷ്ഠൂരം !

വിരുദ്ധം
————

ഏകാന്തതക്കായി കൊതിച്ചു
കാലം ഒറ്റപ്പെടുത്തി
ആശീര്‍വദിച്ചു

കടല്‍
———-

നിമിഷ തീരങ്ങളില്‍
നുരകള്‍ ചര്‍ദ്ദിക്കുന്ന
മുത്തുക്കുടിയന്റെ പേര്‍ –
അതാകുന്നു കടല്‍!

പനി
———

പകലിന്റെ പേടി
പനിക്കുമൊരോര്‍മ്മ
രാത്രിക്കീയീറന്‍
കദനനിലാവ്.

ദഹനം
———–

ജീവിതശരീരവും
പച്ചക്ക് ദഹിപ്പിക്കയാല്‍
ചിന്തയത് ചിതയേക്കാള്‍ ഭീകരമല്ലോ!!

സൂര്യന്‍
———–

വെളിച്ചം കൊടുത്ത്
മുടിഞ്ഞോണ്ടിരിക്കുന്ന
മാവിന്റെ പേരീ
വിണ്ണിലെ സൂര്യന്‍

 

വിമര്‍ശനങ്ങള്‍
——————

മദമുള്ള ലോകത്തെ മതങ്ങള്‍
കാരുണ്യത്തിന്‍ ആട്ടിന്‍-
തോലണിഞ്ഞ ”കഴുതച്ചെന്നായ്ക്കള്‍”

അഹന്തയ്ക്കും
പരപുച്ഛത്തിനും
കൈകാല്‍ മുളച്ചാല്‍
യുക്തിവാദം മര്‍ത്യാകാരമായി.

 

ശാപം
———-

വേനല്‍ , സൂര്യന്റെ
വെയില്‍ ലാത്തിച്ചാര്‍ജ്ജ്
ഒന്ന് തീര്‍ന്നതേയുള്ളു
അപ്പോഴേക്കും ദാ,വന്നു
മഴമേഘങ്ങളുടെ ജലപ്പീരങ്കി!
എല്ലാമെല്ലാം ഏറ്റ് വാങ്ങുവാന്‍
മണ്ണിലെ മര്‍ത്യര്‍ക്ക്
ജീവിതമിനിയും ബാക്കി.

നയപ്രഖ്യാപനം
————————

എന്റെ വികാരങ്ങള്‍
വിചാരങ്ങള്‍
എന്റെ കൃതികള്‍
അസ്ഥിയില്‍ മാത്രം
ഞാന്‍ കുറിച്ചിടാന്‍
കൊതിക്കുന്നവ!

ചര്‍മ്മത്തിന്റെ തടങ്കല്‍
ഭേദിച്ച്
അവ പുറത്ത് വരുന്നൊരു നാളില്‍
അപ്പോള്‍മാത്രം
നിലാവിനെ നോക്കി
കുരയ്ക്കുന നായ്ക്കള്‍
അവ കണ്ടെടുത്തനുഭവിച്ച്
ആനന്ദിച്ചുകൊള്ളട്ടെ!

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

2 COMMENTS

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English