കവിതയുടെ രാഷ്ട്രീയം, കവിയുടെ രാഷ്ട്രീയം എന്നിവ എല്ലാ കാലത്തും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്.കവിത അതിന്റെ ജൈവികതയിൽ രാഷ്ട്രീയത്തിനപ്പുറം മറ്റെന്തൊക്കെയോ കൂടി ഉൾക്കൊള്ളുന്നു എന്ന് വാദിക്കുന്നവരും ഏറെ. കവിയും,നോവലിസ്റ്റുമായ മനോജ് കുറൂർ ഈ വിഷയത്തെ പരാമർശിച്ച് എഴുതിയ കുറിപ്പ് വായിക്കാം
ചിൻ വെയ്സു സമാഹരിച്ച ആഫ്രിക്കൻ കവിതകളുടെ പുസ്തകത്തിലാണെന്നു തോന്നുന്നു, ഒരു കവിതയുണ്ട്. കവിതാവതരണവും കവിതയും ഒന്നാകുന്ന ഒരു സന്ദർഭമാണത്. ഒരാൾ ഒരു കൂട്ടായ്മയിൽ സ്വന്തം കവിത അവതരിപ്പിക്കുകയാണ്. പെട്ടെന്ന് അയാൾ വായന നിർത്തിയിട്ടു പറഞ്ഞു: ‘ഞാനിവിടെനിന്ന് ഇങ്ങനെ കവിത ചൊല്ലിയിട്ട് എന്തുകിട്ടാനാണ്? എന്റെ കൂട്ടാളികൾ ഒളിപ്പോരിലേർപ്പെട്ടിരിക്കുകയാണ്. ഞാൻ അവരോടൊപ്പം ചേരാൻ പോകുന്നു.’തന്റെ പേരുപോലും സൂചിപ്പിക്കാതെ ആ കവി അവിടെനിന്നു പെട്ടെന്നു മറഞ്ഞു.(പഴയ ഓർമ്മയിൽനിന്ന് എഴുതിയതാണ്. വിശദാംശങ്ങളിൽ വ്യത്യാസമുണ്ടാവാം)
രാഷ്ട്രീയമായ വല്ലാത്തൊരനിവാര്യതയിൽ അയാൾ കവിതയെക്കാൾ പ്രധാനം തന്റെ ശരീരംകൊണ്ടുള്ള സമരമാണെന്നു തീരുമാനിക്കുകയാണ്. കവിത ഒരു രാഷ്ട്രീയപ്രവർത്തനം മാത്രമാണെന്നു വിചാരിക്കുന്നവർക്കു പിന്തുടരാവുന്ന ഒരു മാതൃകയാണത്. അതിനപ്പുറം കവിത മറ്റെന്തോ കൂടിയാണെന്ന ധാരണയുള്ളതുകൊണ്ടാവുമോ അടഞ്ഞ മുറിയിലിരുന്നെഴുതിയും തുറന്ന വേദികളിൽ വായിച്ചും ഇതു രണ്ടുമല്ലാത്ത ഇടങ്ങളിലിരുന്ന് അതെന്നും ഇതെന്നും ചർച്ച ചെയ്തും കവികൾ മേലനങ്ങാത്ത മറ്റ് ഒളിപ്പോരുകളിൽ ഇപ്പോഴും ഏർപ്പെട്ടിരിക്കുന്നത്?