പതിവുപോലെ വീണ്ടുമൊരു ഓണക്കാലം കൂടി. പ്രകൃതി അതിന്റെ സൗന്ദര്യം മുഴുവന്‍ അനുഭവവേദ്യമാക്കുന്ന കാലം കൂടിയാണിത്. വസന്തവും കാര്‍ഷിക സമൃദ്ധിയും മഴക്കാറൊഴിഞ്ഞ മാനവും ഓണത്തെ സുന്ദരമാക്കുന്നു. കൂടാതെ കള്ളവും ചതിവുമില്ലാത്ത ഒരു ദേശജീവിതത്തിന്റെ ഓര്‍മകള്‍ കൂടി പങ്കുവയ്ക്കുന്നുണ്ട് ഓണം. അങ്ങനെ സ്‌നേഹത്തിന്റെയും സഹോദര്യത്തിന്റെയും അടയാളം കൂടിയാകുന്നു ഈ ഉത്സവം.
ഇങ്ങനെയൊക്കെ പറയാമെങ്കിലും, ആസുരമായ ഒരു കാലത്തിന്റെ പകപ്പിലാണ് നാം. ഒരു പക്ഷെ പഴയ കാലത്തില്‍ നിന്ന് വ്യത്യസ്തമായ എല്ലാ സുഖസൗകര്യങ്ങളുടെയും ഒപ്പമാണ് ഇന്നത്തെ ജീവിതം. എന്തും നേടാനുള്ള അവസരങ്ങള്‍ ആര്‍ക്കും കൈയ്യെത്താദൂരത്തുണ്ട്. നിരവധി പേര്‍ അത് നേടുന്നുമുണ്ട്. കേരളത്തില്‍ ദാരിദ്ര്യത്താല്‍ ആരും മരിക്കുന്നുവെന്ന് പറയാനാവില്ല. പട്ടിണി ഉണ്ടോ എന്നു പറഞ്ഞാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണാന്‍ കഴിഞ്ഞേക്കും. ജീവിത സാഹചര്യങ്ങള്‍ ഏറെ മാറിക്കഴിഞ്ഞു. കേരളം വളരെ സുഖകരമായാണ് മുന്നോട്ടു പോകുന്നത്. വലിയ ദുരന്തങ്ങളൊന്നും നമ്മെ തേടിവരുന്നില്ല. ഒരുപക്ഷെ ലോകത്തിന്റെ മറ്റു കോണുകളെ അപേക്ഷിച്ച് തികച്ചും സുരക്ഷിതമായ ഒരിടം.
ഇതാണ് കേരളത്തിന്റെ പ്രശ്‌നം. വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന പ്രശ്‌നം. അത് വലിയ പ്രശ്‌നമാണെന്ന് തിരിച്ചറിയുന്നത് മലയാളിയുടെ മനസിന്റെ വലിപ്പക്കുറവ് കാണുമ്പോഴാണ്. മൂന്നടി തികയ്ക്കാന്‍ തന്റെ ശിരസ് കുനിച്ചുകൊടുത്ത ചക്രവര്‍ത്തിയുടെ പിന്മുറക്കാരുടെ മാനസികാവസ്ഥ മനസിലാക്കേണ്ടത് തന്നെയാണ്. വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിളിച്ച കേരളത്തെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച ഒട്ടേറെ മഹാത്മക്കള്‍ ഇവിടെ ഉണ്ടായിരുന്നു. അവരെ അനുയായികള്‍ തിരുത്തിയെഴുതുമ്പോള്‍ ആ ജീവിതം എത്ര പാഴെന്ന് വിലപിക്കാനാനേ ചിന്തിക്കുന്നവര്‍ക്ക് കഴിയൂ.
്മഹാത്മാക്കള്‍ ജനിക്കാതെ പോകുന്നു എന്നതാണ് കേരളം നേരിടുന്ന ഇന്നത്തെ വലിയ വിപത്ത്. തിരിച്ചറിവ് പകരാന്‍ തക്ക ശേഷിയുള്ള വലിയ മനസുകളുടെ അഭാവത്തിലാണ് ഇന്ന് കേരളം. മൂടൂപടമണിഞ്ഞ ചില ചെന്നായ്ക്കള്‍ വലിയ വായില്‍ വര്‍ത്തമാനം പറയുന്നത് മാത്രമാണ് നാം കാണുന്നത്. ഈ കാഴ്ചകളാണ് കേരളത്തിന്റെ ദുരന്തം. ഇവര്‍ പറയുന്നതാകുന്നു ഈ നാടിന്റെ സുവിശേഷം.
തിരിച്ചറിയേണ്ടതുണ്ട് ഈ നാടകത്തെ. മനുഷ്യനെ മനുഷ്യനായി തന്നെ മനസിലാക്കുന്ന സമൂഹത്തില്‍ മാത്രമേ നല്ല ഓണക്കാലം ഉണ്ടാകൂ. ആ ഓണക്കാലത്തിനാകും അര്‍ഥവും ആഴവും ഉണ്ടാകുക. ഈ ഓണം അത്തരം തിരിച്ചറിവുകളിലേക്കുള്ള പാതയായി മാറട്ടെ എന്നു കരുതാം.. പ്രതീക്ഷിക്കാം…
ആശംസകളോടെ.. പ്രതീക്ഷകളോടെ
ഓണാശംസകള്‍
എഡിറ്റര്‍, പുഴ ഡോട്ട് കോം