ഓണമില്ലാത്ത ഓണം

ഓര്‍മ്മയില്‍‍ പൂത്തോരു പൂക്കാലമിങ്ങിനി
ഒരുനാളും വഴിതെറ്റി വന്നുചേരാ…

പൂങ്കോഴിച്ചാത്തനും, പൂവാലിപ്പൈക്കളും
പൊന്നോണപ്പൂമുറ്റത്തൊത്തുചേരാ…

പഴമൊഴിപ്പാട്ടിന്‍റെ വായ്ത്താരി പാടുന്ന
പാണനും തുടികൊട്ടി വരികയില്ല…

പൂവിളി പൂവൊളി പുലര്‍കാലമുറ്റത്തു
ഇനിയേതു കാലത്തു കണ്ടിടാവൂ…

പുന്നെല്ലിന്‍ പുതുമണം പരത്തുമിളങ്കാറ്റിന്‍
പുല്ലാംകുഴല്‍വിളി കേട്ടതില്ല…

പൊന്നോണം വന്നുവോ പൂപ്പട കൂട്ടിയോ
തിരുവോണപ്പാട്ടിന്‍റെ ശീലു കേട്ടോ…?

പൂപ്പട കൂട്ടുവാന്‍ പൂക്കളം തീര്‍ക്കുവാന്‍
പുതുവീടിനരികത്തു മുറ്റമില്ല…

പുന്നെല്ലിന്‍ പുതുമണം പാരില്‍പരത്തുവാന്‍
എങ്ങുമെവിടേയും വയലുമില്ല…

തിരുവോണ സദ്യക്കൊരുക്കുകള്‍ കൂട്ടുവാന്‍
വിലയേറും വിഭവങ്ങളാരു വാങ്ങും… !

വിശക്കും വയറിന്‍റെ പതം പാട്ടു കേട്ടിട്ട്
മാവേലിത്തമ്പുരാന്‍ വരുവതെങ്ങ്…?

ഇക്കുറി പൊന്‍ചിങ്ങത്തിരുവോണമേവര്‍ക്കും
ഓണമില്ലാത്തൊരോണമാകും… !

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here