ഇന്ത്യയിലെ നാണയാവിഷ്‌കരണത്തിന്റെ പ്രമുഖവശങ്ങള്‍

വര്‍ഷംതോറും ഇന്ത്യാഗവണ്‍മെന്റ് പുതിയ നാണയങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ഇതിന്റെ മുഖ്യ ഉദ്ദേശ്യം ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള നാണയ ലഭ്യത കൈവരുത്തുക എന്നുള്ളതാണ്. കൂടാതെ മഹാന്മാരുടെ ഓര്‍മ്മക്കായി പുതിയ നാണയങ്ങള്‍ ഇറക്കുകയും പതിവാണ്. ഉദാഹരണമായി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജന്മശതാബ്ദി പ്രമാണിച്ച് അഞ്ചുരൂപയുടെയും നൂറുരൂപയുടെയും പ്രത്യേകം പ്രത്യേകം നാണയങ്ങള്‍ പുറപ്പെടുവിച്ചു. ഇതില്‍ അഞ്ചു രൂപാ നാണയം ലീഗല്‍ ടെന്റര്‍ ആയി ഉപയോഗിക്കുമ്പോള്‍ നൂറുരൂപ നാണയം അങ്ങനെ ആയിരിക്കുകയില്ല. കാരണം, നൂറുരൂപാ നാണയം പ്രത്യേക ഓര്‍മ്മ നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതായിട്ടേ പൊതുജനം കണക്കാക്കേണ്ടതുള്ളൂ. ഇതുകൂടാതെ ചിലപ്പോള്‍ നാണയങ്ങള്‍ അവയുടെ പ്രായോഗികതയില്ലായ്മ കണക്കിലെടുത്ത് പ്രചാരത്തില്‍നിന്ന് പിന്‍വലിക്കാറുണ്ട്. ഉദാഹരണമായി 2011 ജൂലൈ ഒന്നുമുതല്‍ ഇന്ത്യയില്‍ 25 പൈസ വരെയുള്ള നാണയങ്ങള്‍ പിന്‍വലിച്ചല്ലോ. മേല്‍ പറഞ്ഞ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കൂടിയാണ് പുതിയ നാണയങ്ങള്‍ ഇറക്കുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നത്.

ഈ അവസരത്തില്‍ ഇന്ത്യയുടെ നാണയാവിഷ്‌കാരത്തിന്റെ ചരിത്രത്തിലെ ചില താളുകള്‍ മറിച്ചുനോക്കുന്നത് ഉചിതമായിരുക്കുമെന്ന് തോന്നുന്നു.

ലോകത്തെങ്ങും നാണയം ഒരു മാറ്റക്കച്ചവട വിനിമയ വസ്തുവായി മാറിയിരിക്കുകയാണ്. എന്നാലും വളരെ ചുരുക്കം സമുദായങ്ങളുടെ ഇടയില്‍ പണ്ടത്തേതുപോലെ മാറ്റക്കച്ചവടത്തില്‍ ചരക്കിനു പകരം ചരക്ക് കൊടുത്തുള്ള വ്യാപാരം ചെയ്യുന്ന സമ്പ്രദായം ഇന്നും ഉണ്ടെന്ന് പറയേണ്ടിയിരിക്കുന്നു. സാധാരണയായി നാണയമാണല്ലോ മാറ്റക്കച്ചവടത്തിന്റെ വിനിമയത്തിനുള്ള ഉപാധി.

മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും നാണയ വിനിമയം വളരെ നൂറ്റാണ്ടുകള്‍ മുമ്പുതന്നെ പ്രചാരത്തിലുണ്ടായിരുന്നു. ഗംഗാനദീതീര പ്രദേശങ്ങളില്‍ ക്രിസ്തുവിന് മുമ്പ് 7-ാം നൂറ്റാണ്ടില്‍ ശക്തിയായി കൈകൊണ്ടടിച്ചുണ്ടാക്കിയ വെള്ളി നാണയ ങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. ഈ നാണയങ്ങള്‍ വലിപ്പത്തില്‍ ചെറുതും നിയതം ഇല്ലാത്തവയും ആയിരുന്നു. ഇവ ഓരോന്നായി കൈകൊണ്ട് ആവശ്യമുള്ള അടയാളങ്ങള്‍ മുദ്രകുത്തിയാണ് ഉണ്ടാക്കിയിരുന്നത്. ചിലപ്പോള്‍, നാണയ വ്യാപാരികളുടെ അടയാളങ്ങളും ആ നാണയങ്ങളില്‍ ഉണ്ടായിരുന്നു.

മേല്‍പറഞ്ഞ നാണയങ്ങളുടെ ചരിത്രം നമുക്ക് എങ്ങനെ മനസിലായെന്ന് അറിയേണ്ടേ? 1924ല്‍ ബീഹാറിലെ തക്ഷിലക്കടുത്തുള്ള ഭിര്‍മൊണ്‍ട്ട് താഴ്‌വരകള്‍ ഖനനം ചെയ്തപ്പോള്‍ കണ്ടുകിട്ടിയതില്‍ പെട്ടതാണവ. ആയിരത്തില്‍ കൂടുതല്‍ നാണയങ്ങള്‍ അന്ന് കുഴിച്ചെടുത്തു. ഇവയില്‍ മുപ്പത്തിമൂന്നെണ്ണം രണ്ടറ്റത്തും ചക്രം അടയാളങ്ങള്‍ അടിച്ചുപതിപ്പിച്ചുള്ളതുമായ വെള്ളികഷ്ണങ്ങളുടെ ആകൃതിയിലായിരുന്നു. ‘വളഞ്ഞ വെള്ളി ഗാന്ധാരന്‍’ എന്ന പേരിലാണ് ഈ നാണയങ്ങളെ അറിയപ്പെടുന്നത്.

പുരാതന നാണയങ്ങളെ രണ്ടുതരത്തില്‍ വിഭജിക്കാം. ഒന്ന്, തദ്ദേശതലത്തിലുള്ളവ. രണ്ട്, രാജകീയമായവ. സൂര്യരശ്മിയുടെയും ഒന്നുമുതല്‍ അഞ്ചുവരെ മുദ്രകള്‍ ഉള്ളതുമായ നാണയങ്ങള്‍ ഒന്നാം വിഭാഗത്തിലും, ആറ് കൈപ്പത്തിയുടെ മുദ്രകള്‍ ഉള്ളവ രണ്ടാം വിഭാഗത്തിലും ആയി ചേര്‍ക്കാം. രാജകീയ നാണയങ്ങള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും ലഭ്യമായിരുന്നു. കാലാനുക്രമമായി പറയുമ്പോള്‍ തദ്ദേശതലത്തിലുള്ള നാണയങ്ങളാണ് പുരാതനമായിരിക്കുന്നത്. ഈ നാണയങ്ങളിലുള്ള അനവധി സമാഹാരങ്ങളെപ്പറ്റി ഇപ്പോഴും വേണ്ടത്ര അറിവോ അര്‍ത്ഥമോ നമുക്ക് ലഭിച്ചിട്ടില്ലതന്നെ. ഈ മുദ്രകള്‍ ഗൂഢാര്‍ത്ഥ വാക്യങ്ങള്‍ അഥവാ കീറാമുട്ടികള്‍ പോലെ നിലകൊള്ളുന്നു.

മുകളില്‍ വിസ്തരിച്ച ശ്രദ്ധേയമായ നാണയങ്ങള്‍ നിലവിലിരിക്കെ, അലക്‌സാണ്ടര്‍ മഹാരാജാവിന്റെ സൈന്യപ്പടകള്‍ ബി.സി. 326ല്‍ ഹിന്ദു-കുഷ് പര്‍വ്വതനിരകള്‍ കയറി ഇന്ത്യയിലെത്തി. ആ ആക്രമണത്തില്‍ ഇന്ത്യയും ഗ്രീസും ഒന്നിച്ചാക്കി. ആ സാമ്രാജ്യവാഴ്ച തുടര്‍ന്ന് മൂന്ന് ശതവര്‍ഷങ്ങള്‍ യാതൊരു തടസ്സവും കൂടാതെ നീണ്ടുനിന്നു. ഈ കാലമത്രയും അവരുടെ സ്വാധീനവും പ്രേരണയും പ്രതാപവും മറ്റും കാരണം സംഭവബഹുലവും ശുദ്ധിയും ഉള്ള നാണയാവിഷ്‌കരണം ഉണ്ടായെന്ന് പറയട്ടെ. വടക്കുപടിഞ്ഞാറ് അതിര്‍ത്തിയിലുള്ള പല രാജാക്കന്മാരുടെയും നാടുവാഴികളുടെയും ഒക്കെ കൂടുതല്‍ വിവരങ്ങളും ചരിത്ര വാല്യങ്ങളും അന്ന് നിലവിലുണ്ടായിരുന്ന വിവിധ നാണയങ്ങളില്‍ നിന്നും ലഭിക്കാന്‍ ഇടയായി.

കാലക്രമേണ ഇന്‍ഡോ-ഗ്രീക്ക് സാമ്രാജ്യങ്ങള്‍ പിന്നെ വന്ന ‘കുസാനസ്’ മുതലായ അക്രമികള്‍ക്കിരയായി. അതിന്റെ ഫലമായി നാണയാവിഷ്‌കരണത്തിലും ചില്ലറ മാറ്റങ്ങള്‍ വന്നുചേര്‍ന്നു. എന്നിരുന്നാലും ഇന്‍ഡോ-ഗ്രീക്ക് സംസ്‌കാരത്തില്‍ നിന്ന് ഉടലെടുത്ത അടിസ്ഥാനത്തിലുണ്ടായിരുന്ന നാണയങ്ങള്‍ക്ക് മോടിപിടിപ്പിക്കുകയും പൊടിപ്പും തൊങ്ങലും വച്ച് അലങ്കരിക്കുകയും ചെയ്തു.

പില്‍ക്കാലത്ത് ഏതാണ്ട് എ.ഡി. നാലാം ശതാബ്ദത്തില്‍ വടക്കേ ഇന്ത്യയിലെ ഒരു വലിയ ശക്തിയായി ഭരണം നടത്തിവന്ന ‘ഗുപ്ത’ സാമ്രാജ്യം ആവിര്‍ഭവിച്ചപ്പോള്‍ ശുദ്ധിയുള്ളതും വിപുലവുമായ തോതില്‍ സ്വര്‍ണ്ണനാണയങ്ങള്‍ ആവിഷ്‌കരിച്ചിരുന്നു. ഇതിന് നേതൃത്വം കൊടുത്തവരില്‍ മുഖ്യന്മാര്‍ ചന്ദ്രഗുപ്ത ഒന്നാമന്‍, സമുദ്രഗുപ്ത, കുമാരഗുപ്ത, സ്‌കന്ദഗുപ്ത എന്നിവരായിരുന്നു. ഇന്ത്യന്‍ നാണയാവിഷ്‌കാരത്തിന്റെ സുവര്‍ണ്ണദശ എന്ന് അഭിമാനത്തോടെ പറയാം ഗുപ്തന്മാരുടെ ഭരണകാലത്തെ കാലഘട്ടത്തെ!

ഏഴു ശതാബ്ദങ്ങള്‍ക്കുശേഷം, അതായത് എ.ഡി. 11-ാം ശതാബ്ദത്തില്‍ ഖാസിനിയിലെ മുഹമ്മദ് പഞ്ചാബ് കയ്യടക്കി. പക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷമേ മുസ്‌ലിം സ്വാധീനം ഇന്ത്യന്‍ നാണയത്തെ തേടിവന്നുള്ളൂ. തെക്കേ ഇന്ത്യ ഒഴികെ ബാക്കിയെല്ലായിടത്തും ഭരണാവകാശം നടത്തിവന്ന ഡെല്‍ഹി മുസ്‌ലിം ഭരണകൂടത്തിന്റെ ശക്തിയിലായിരുന്നു പിന്നീടുണ്ടായ നാണയാവിഷ്‌കാരത്തിന്റെ മുഖ്യമായ പ്രബലത അനുഭവപ്പെട്ടത്.

ഇല്‍ത്തുമിഷിന്റെ ഭരണകാലത്ത് (എ.ഡി. 1211-36) തികച്ചും ഇസ്‌ലാം ആദര്‍ശത്തിനനുസരിച്ച് ‘തന്‍ക’ എന്ന നാമകരണത്തില്‍ പുതിയതും ഭംഗിയും ഉള്ള വെള്ളിനാണയം ഇറങ്ങി. ഈ നാണയത്തിന് 96 മഞ്ചാടികുരുവിന്റെ (11.1 ഗ്രാം) തൂക്കമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഷേര്‍ഷാസൂരിയുടെ ഭരണകാലത്ത് (എ.ഡി. 1542-45) ആണ് ഇന്ത്യയില്‍ ആദ്യമായി ‘രൂപിയ’ എന്ന പേരില്‍ 11.5 ഗ്രാം തൂക്കം വരുന്ന വെള്ളിനാണയം അവതരിപ്പിക്കപ്പെട്ടത്. ഇന്ന് നിലവിലുള്ള രൂപനാണയത്തിന്റെ ഉല്‍പ്പത്തി ഇപ്പോള്‍ മനസിലാകുമല്ലോ. നാണയാവിഷ്‌കരണത്തിന്റെ മറ്റൊരു തലമുറ തുടങ്ങിയത് മഹാനായ അക്ബര്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്താണെന്ന് (എ.ഡി. 1566-1605) പറയേണ്ടിയിരിക്കുന്നു. സ്വന്തം വ്യക്തിമുദ്ര മറ്റു കാര്യങ്ങളിലെന്നപോലെ ലോകജനതയെ അറിയിക്കുവാന്‍ ആശിച്ച അക്ബര്‍ ചക്രവര്‍ത്തി നാണയകലയിലും നാണയാവിഷ്‌കരണത്തിലും അസൂയാവഹമായവിധം അങ്ങേയറ്റം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

അക്ബര്‍ ചക്രവര്‍ത്തിയുടെ ഏറ്റവും അടുത്ത സഹചാരിയായിരുന്ന അബുല്‍ ഫാസിയുടെ സഹകര ണത്തോടെ നാണയാവിഷ്‌കരണത്തില്‍ അടിസ്ഥാനപരമായ ശുദ്ധിയുടെ മാഹാത്മ്യത്തിലും ആകൃതിയുടെ വീക്ഷണ കാഴ്ചപ്പാടിലും അക്ബര്‍ ചക്രവര്‍ത്തി തീവ്രമായ പരീക്ഷണ ങ്ങള്‍ നടത്തിയിരുന്നു. നാണയങ്ങളുടെ കൊത്തുപണികള്‍ പൂര്‍വ്വാധികം ഭംഗിയായി ചെയ്തിരുന്നത് ഡല്‍ഹി സ്വദേശി കൂടിയായിരുന്ന മുള്ള ആലി ആയിരുന്നെന്ന് ഈ അവസരത്തില്‍ പ്രത്യേകം പറഞ്ഞുകൊള്ളട്ടെ. അസാധാരണമായ ശുദ്ധീകരണത്തിലും അതീവാനന്ദം പ്രകാശിപ്പിക്കുന്ന കാഴ്ചഭംഗിയിലും ഉള്ള നാണയാവിഷ്‌കരണമായിരുന്നു മുള്ള ആലിയില്‍ കൂടി അക്ബര്‍ ചക്രവര്‍ത്തി നേടിയിട്ടുള്ളത്. ഈ ശ്രദ്ധേയമായ പാരമ്പര്യം മുഗള്‍ രാജവംശ കാലഘട്ടത്തില്‍ തുടര്‍ച്ചയായി സൂക്ഷിച്ചുകൊണ്ടു പോകുവാന്‍ സാധിച്ചു എന്ന വസ്തുത നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

പിന്നീട് ബ്രിട്ടീഷുകാരും വിവിധ നാട്ടുരാജാക്കന്മാരും നാണ്യവ്യവസ്ഥയുടെ അടിസ്ഥാനപരമായ ഉന്നം ‘രൂപാ’ അഥവാ ‘രുപ്പി’ തത്വത്തിലായിരുന്നു വളര്‍ത്തിക്കൊണ്ടു പോന്നത്. സ്വതന്ത്രഭാരതവും ‘രൂപാ’യെ വളര്‍ത്തിയെടുക്കുവാന്‍ ശ്രദ്ധാപൂര്‍വ്വം ഒരുമ്പെട്ടു.

ഇന്ന് ഇന്ത്യയില്‍ വിവിധ തരത്തിലുള്ള നാണയങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 1957 മുതല്‍ ഇവയെല്ലാം മെട്രിക് സമ്പ്രദായത്തിലുള്ളവയാണ്. അതായത്, പണ്ടത്തെ രുപ്പി, അണ, പൈസ സമ്പ്രദായം മാറ്റി നാണയഘടന ദശാംശീകരിക്കപ്പെട്ടു. ഇന്നിപ്പോള്‍ വിവിധതരത്തില്‍ പത്തോളം 50 പൈസ നാണയങ്ങളും 50ല്‍ ഏറെ ഒരുരൂപ നാണയങ്ങളും പത്തിലേറെ രണ്ടുരൂപാ നാണയങ്ങളും പ്രചാരത്തിലുണ്ട്. കൂടാതെ, കുറെ അഞ്ചുരൂപാ നാണയങ്ങളും ചുരുക്കം എണ്ണാവുന്ന പല ഇനത്തില്‍ 10 രൂപ നാണയങ്ങളും ലീഗല്‍ ടെന്റര്‍ ആയി ഉപയോഗത്തിലുണ്ട്. ഇതിനും പുറമെ ജനങ്ങളുടെ ഉപയോഗ സൗകര്യാര്‍ത്ഥം ഒരു രൂപ, രണ്ടുരൂപ, അഞ്ചു രൂപ, പത്തുരൂപാ, ഇരുപത് രൂപാ, അന്‍പത് രൂപാ, നൂറ് രൂപാ, അഞ്ഞൂറ് രൂപ ഇനത്തില്‍ കറന്‍സി നോട്ടുകളും പ്രചാരത്തിലുണ്ട്. ഇങ്ങനെ വിഭവസമൃദ്ധമായ ഒരു വലിയ നാണയ ശൃംഖല തന്നെയാണ് ഇന്ത്യ കെട്ടിപണിതിട്ടുള്ളത്.

ഇന്ത്യന്‍ നാണയത്തിന്റെ അതിവേഗതയിലുള്ള കടന്നുപോകല്‍ ഒരു വിജ്ഞാനപ്രദമായ സവിശേഷതയായിട്ടാണ് വിദേശികള്‍ പോലും കരുതുന്നത്. അയല്‍രാജ്യങ്ങളായ നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നിവടങ്ങളിലും രൂപായുടെ അടിസ്ഥാനത്തിലാണ് നാണയാവിഷ്‌കരണം നടത്തുന്നത്. തന്നെയുമല്ല, ഇന്ത്യന്‍ രൂപ മറ്റു ഏഷ്യന്‍ രാജ്യങ്ങളിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യന്‍ രൂപ അടിസ്ഥാനത്തിലുള്ള നാണയാവിഷ്‌കരണം ഒരു നല്ല പങ്കുവഹിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ ഇന്ത്യന്‍ രൂപായെ തിരിച്ചറിയുവാനായി ഒരു പുതിയ ചിഹ്‌നം കൂടി കൊടുത്തിട്ടുണ്ട്.

(ലേഖകന്‍ റിസേര്‍വ് ബാങ്ക്/നബാര്‍ഡ് മുന്‍ ജനറല്‍ മാനേജര്‍ ആണ്.)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English