പണ്ട് റേഡിയോവിലെ ചലച്ചിത്ര ഗാനങ്ങൾ കേൾക്കാൻ വേണ്ടി അടുത്ത വീടിന്റെ മതിലിനടുത്ത് പോയി നിന്ന ബാല്യകാലത്തെപ്പറ്റി ഒരു പ്രമുഖ ചലച്ചിത്ര നടൻ പറഞ്ഞത് ഓർത്തു പോയി. അന്നൊക്കെ താരപദവിയോടെ വാണിരുന്ന മാദ്ധ്യമമായിരുന്നല്ലോ റേഡിയോ. വീട്ടിലുമുണ്ടായിരുന്നു ഒരു മർഫി റേഡിയോ. പിതാവ് വാങ്ങിയതാണ്. വൈദ്യുതിയിൽ പ്രവർത്തിക്കുന്നതായിരുനതിനാൽ ഒരു കുഴപ്പമുണ്ട്,രാത്രി വോൾട്ടേജില്ലെങ്കിൽ ചിലപ്പോൾ അവ്യക്തമായേ കിട്ടൂ. അക്കലത്തെ എന്റെ പ്രിയ പരിപാടികളിലൊന്നായിരുന്നു എഴുത്തുപെട്ടി. എഴുത്തുപെട്ടിയിലെ ചേട്ടനെയും ചേച്ചിയേയും അവരുടെ അവതരണ ശൈലിയും ആർക്കാണ് മറക്കാൻ കഴിയുക? [എഴുത്തു പെട്ടി പ്രമേയമാക്കി ഞാൻ ’’അയ്യോ ചേട്ടാ,ദേ,ഡെൽഹി റിലേ..’’ എന്ന ഒരു അനുകരണമെഴുതുകയും അത് മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ചതും ഓർക്കുന്നു]
പിന്നെ ഞാനും കത്തുകളയക്കാൻ തുടങ്ങി. മിക്കവാറും എന്റെ കത്തുകളും അഭിപ്രായങ്ങളുമൊക്കെ ചേട്ടനും ചേച്ചിയും വായിക്കാനും അഭിപ്രായം പറായാനുമൊക്കെ തുടങ്ങിയപ്പോൾ എന്തു സന്തോഷമായിരുന്നു.. വൈകുന്നേരമാണ് പരിപാടി എന്നതിനാൽ അയലത്തെ വീട്ടിലെ ബാറ്ററി റേഡിയോ ആയിരുന്നു ശരണം
അതായിരുന്നു എന്റെ സാഹിത്യ പ്രവർത്തനങ്ങളുടെ ഏളിയ തുടക്കമെന്ന് തോന്നുന്നു..
പിന്നെ കോളേജിലായിരുന്നപ്പോൾ യുവവാണിക്ക് കവിതകൾ അയക്കാൻ തുടങ്ങി..അങ്ങനെയിരിക്കെ ഒരുനാൾ ആകാശവാണണിയിൽ നിന്ന് അറിയ്പ്പ് വരുന്നു.കവിത തെരഞ്ഞെടുത്തിട്ടുണ്ട്. അവതരിപ്പിക്കാൻ ചെല്ലണം..സന്തോഷവും വെപ്രാളവും എല്ലാം ഒന്നിച്ച്. കാരണം ചില കവിയരങ്ങുകളിൽ കവിത ചൊല്ലിയിട്ടുണ്ട് എന്നതൊഴിച്ചാൽ മറ്റ് പരിചയങ്ങളൊന്നുമില്ല.
എങ്ങനെയാണ് ആകാശവാണിയിലെ റെക്കോഡിംഗ്?ചോദിച്ചു മനസ്സിലാക്കാൻ ആരുമില്ല. ഏതായാലും ആകാംക്ഷ നിറഞ്ഞ മനസ്സോടെ ആലപ്പുഴയിൽ നിന്നും വെളുപ്പിനെയുള്ള തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറിൽ യാത്ര പുറപ്പെട്ടു.. ആകാശവാണിയിലേക്കുള്ള എന്റെ ആദ്യ യാത്ര..പിന്നെ എത്ര തവണ എത്ര റെക്കോഡിങ്ങുകൾക്ക് പോയിട്ടുണ്ടെങ്കിലും ആ ആദ്യ യാത്രയുടെ ആകാംക്ഷ പിന്നെ ഒരു യാത്രയ്ക്കും ഉണ്ടായിട്ടില്ല.
ഒരു ഓട്ടോയിൽ കയറി ആകാശവാണിയിൽ ചെന്നു. കവാടത്തിൽ ഇരിക്കുന്ന സെക്യൂരിറ്റിയുടെ മുന്നിൽ വെച്ചിരിക്കുന്ന സന്ദർശക ബുക്കിൽ പേരെഴുതി അകത്തേക്ക് കയറി. റെക്കോഡിംഗ് റുമിൽ എന്റെ ഹൃദയമിടിക്കുന്ന ശബ്ദം എനിക്കു കേൾക്കാം. എതായാലും എന്റെ ശബ്ദം അങ്ങനെ ആദ്യമായി റെക്കോഡ് ചെയ്യപ്പെട്ടു. അന്ന് രവീന്ദ്രൻ ചെന്നിലോട് സാറായിരുന്നു അവിടെ ഉണ്ടായിരുന്നത് എന്നാണ് എന്റെ ഓർമ്മ. ഏതായാലും അന്ന് ആകാശവാണിയ്ലേക്ക് വലതു കാൽ വെച്ച് കയറിയത് നല്ല സമയത്തായിരുന്നു എന്നാണ് എന്റെ വിശ്വാസം..
കാരണം പിന്നെ പല പ്രാവശ്യം കഥകൾ,കവിതകൾ,നർമ്മകഥകൾ ഒക്കെ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. ആകാശവാണിയിൽ നിന്നു കിട്ടുന്ന ചെക്കുകൾ അക്കാലത്ത് ഒരു ആശ്വാസവും കൂടിയായിരുന്നു. ചെറിയ ചെറിയ കാര്യങ്ങൾക്ക് ആരെയും ആശ്രയിക്കണ്ടല്ലോ?യുവവാണിയിൽ നിന്നു പതുക്കെ സാഹിത്യവേദി പരിപാടിയിലേക്ക് പ്രമോഷൻ ലഭിച്ചു.. സാഹിത്യകാരൻമാരും അല്ലാത്തവരുമായ പല പ്രമുഖരുമായും പരിചയപ്പെടാൻ അവസരം ലഭിച്ചുവെന്നതും തുടക്കക്കാരനായ എനിക്ക് വളരെ സന്തോഷം നൽകി. രവീന്ദ്രൻ ചെന്നിലോട് സാറിൽ തുടങ്ങി ഇപ്പോൾ പ്രശസ്ത കഥാകൃത്തായ .എം.രാജീവ്കുമാർ സാർ വരെ നീളുന്നു ആ നിര
ആദ്യറെക്കോഡിംഗ് കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ പിന്നെ എങ്ങനെയെങ്കിലും പരിപാടി പ്രക്ഷേപണം ചെയ്യുന്ന ദിവസമെത്തിയാൽ മതിയെന്നായി. കൂട്ടുകാരെയൊക്കെ വിവരമറിയിച്ചു. അന്ന് വൈകുന്നേരം അപ്പുറത്തെ ബാറ്ററി റേഡിയോ വാങ്ങി വെച്ചു,അഥവാ കറന്റെങ്ങാനും പോയാലോ?അൽപം അകലെയുള്ള ഒരു ഗൾഫുകാരന്റെ വീട്ടിൽ ചെന്ന് ഒരു ടേപ്പ്റെക്കോർഡറും കാസറ്റും കടം വാങ്ങി. ആദ്യത്തെ പരിപാടിയല്ലേ റെക്കോഡ് ചെയ്ത് വെച്ച് കേൾക്കാത്തവരെ കേൾപ്പിക്കണമല്ലോ?
അങ്ങനെ ആ സമയവും വന്നു,എന്റെ ശബ്ദം ആകാശവാണിയിലൂടെ ഒഴുകി വരുന്നു. നാടിന്റെ പേരും ചേർത്ത് എന്റെ പേരും പല പ്രാവശ്യം കേട്ടപ്പോൾ നാട്ടുകാർക്കും കൂട്ടുകാർക്കുമൊപ്പം എനിക്കും സന്തോഷം. പിന്നെ അടുത്ത ആകാംക്ഷയും കാത്തിരിപ്പും തുടങ്ങുകയായി,അടുത്ത ആഴ്ച്ചത്തെ എഴുത്തുപെട്ടിക്കായി…കുഴപ്പമില്ല എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞിരിക്കുന്നത്.ഏതായാലും അതൊരു നല്ല തുടക്കം തന്നെയായിരുന്നു..
പിന്നെയുള്ള സാഹിത്യ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ എഴുതാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന് ആകാശവാണി തന്ന പിന്തുണയും പ്രോൽസാഹനവും ഒരിക്കലും മറക്കാൻ കഴിയില്ല. അതിന് എന്റെ ആദ്യപുസ്തകത്തിന്റെ ആമുഖത്തിൽ പ്രത്യേകം നന്ദി അറിയിച്ചിട്ടുണ്ട്. ഇപ്പോൾ ആകാശവാണി പഴയ പ്രതാപത്തിൽ നിന്നും അൽപ്പം പിന്നോട്ട് പോയെങ്കിലും സ്ഥിരം ശ്രോതാക്കൾ ഒരുപാട് ഇപ്പോഴുമുണ്ട്.
കുറച്ചു നാൾ മുമ്പ് എന്റെഒരു നർമ്മകഥ പ്രക്ഷേപണം ചെയ്യുന്ന കാര്യം ഇന്നത്തെ പരിപാടിയിൽ പറഞ്ഞെന്ന് വിളിച്ചറിയിച്ചത് എന്റെ ചെറിയമ്മാവനാണ്,സ്ഥിരം റേഡിയോ ശ്രോതാവായ അദ്ദേഹം ആ പരിപാടി മൊബൈലിൽ റെക്കോഡ് ചെയ്ത് എനിക്ക് അയച്ചു തരികയും ചെയ്തു. യാത്രയിലായതിനാൽ എനിക്ക് അത് കേൾക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് ഒരു മൊബൈലുണ്ടെങ്കിൽ എല്ലാമായി,പണ്ട് ഞാൻ പറഞ്ഞല്ലോ ടേപ്പ് റെക്കോർഡ് കടം വാങ്ങിയായിരുന്നു റെക്കോഡിംഗ്. ഈ ചെറിയമ്മാവൻ എഴുത്തുപെട്ടിയ്യുടെ സ്ഥിരം എഴുത്തുകാരനായിരുന്നു. അതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഞാൻ എഴുത്തുപെട്ടിയിൽ കത്തെഴുതി തുടങ്ങുന്നത്. അന്നത്തെ പ്രിയ പരിപാടികളായ രഞ്ജിനിയെപ്പറ്റിയും റേഡിയോ നാടകോൽസവങ്ങളെപ്പറ്റിയും എഴുതിയത് ഓർക്കുന്നു. ഏതായാലും അക്കാലത്ത് അഭിപ്രായങ്ങൾ എഴുതാൻ പല പരിപാടികളും ശ്രദ്ധയോടെ കേട്ടിരുന്നു.
പിന്നെയതാ ഹൗസ് ബോട്ട് ജീവനക്കരനായ എന്റെ പ്രിയ സുഹൃത്ത് സതീശൻ വിളിക്കുന്നു,ഹൗസ് ബോട്ടിലിരുന്ന് കഥ കേട്ടയുടൻ വിളിച്ചതാണ്. [എന്റെഓഫീസിലെ രണ്ട് സൂപ്രണ്ടുമാരെക്കൂടി പറയാതിരുന്നാൽ ഇത് പൂർണ്ണമാകില്ല. ഓഫീസിലുണ്ടായിരുന്നപ്പോഴും പെൻഷനായി പോയി കഴിഞ്ഞും ആകാശവാണിയിലെ കഥകൾ കേട്ട് എന്നെ വിളിച്ചിരുന്ന സ്നേഹലത സാറും സുദർശനൻ സാറും.അതു പോലെ പതിനേഴു വർഷം എന്റെ സഹപ്രവർത്തകയായിരുന്ന കഴിഞ്ഞ മാസം ജോലിയിൽ നിന്ന് വിരമിച്ച വൽസലയും ]
പിന്നെ ഞാൻ ഗൾഫിൽ പോയതും സ്വന്തമായി ടേപ്പ് വാങ്ങിയതും ആരെയുമാശ്രയിക്കാതെ അതിൽ റെക്കോഡ് ചെയ്തതും മറ്റൊരനുഭവം.,അന്നത്തെ എന്റെ പരിപാടികൾ പിടിച്ചതുൾപ്പെടെയുള്ള ആഡിയോ കാസറ്റുകൾ ഭാര്യയുടെ എതിർപ്പ് മറി കടന്ന് ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്,പ്രവർത്തന രഹിതമായ രണ്ടു ടേപ്പ് റെക്കോഡുകളും!അങ്ങനെ ആകാശവാണിക്കാലത്തെപ്പറ്റി ഓർക്കാൻ എന്തെല്ലാം ഓർമ്മകൾ. ഏതായാലും എന്റെ ആകാശവാണിക്കാലമാണ് എന്നെ എഴുത്തുകാരനാക്കിയതെന്നും ചെറിയ പ്രശസ്തിയൊക്കെ എനിക്കു സമ്മാനിച്ചതെന്നും സന്തോഷപൂർവ്വം ഞാൻ എന്നും ഓർക്കും..
Click this button or press Ctrl+G to toggle between Malayalam and English