നദി വറ്റി വറ്റി പാതാളത്തിന്റെ
ആഴങ്ങളിലേക്ക് പോയകന്ന
അന്തരാള നേരങ്ങളില്‍
ഒരു അവധൂതര്‍ നദിയുടെ
പൂര്‍വാ ശ്രമത്തിലേക്ക് യാത്ര പോയി ….
പണ്ട് പണ്ട് ശൃംഗ കാനനങ്ങളില്‍
ശിലാ ഖണ്ഡങ്ങളില്‍ ഉറകൊണ്ട്
വിപിന ശീതള ഭൂവിലൂടെ
നീരായി നീരുറവയായി അരുവിയായി
പ്രവാഹ പ്രയാണങ്ങളായി
ഓരോ മണല്‍ തരിയിലും
വാല്‍സല്യാമൃതമൂട്ടി
മഹാ സംസ്കൃതികളെ
പെറ്റെടുത്തണയാ നേരായി
നിറഞ്ഞൊഴുകിയൊഴുകി
ത്രികാലങ്ങളില്‍ വേരുകള്‍
പാകി അമര പ്രവാഹമായി
അമൃത പ്രവാഹിനി
അവിടെ ഒഴുകി കൊണ്ടേയിരുന്നു …
പുതിയ ഫ്രെയിമില്‍
പുതിയ കാഴ്ച വട്ടത്തില്‍
നദി പാതാളപടവിറങ്ങി
മാഞ്ഞുപോയ പുതിയ
സംക്രമസന്ധ്യയിലിരുന്നു
ചില ജലപ്പക്ഷികള്‍ ധ്യാനിച്ചു
ധ്യാനിച്ചു വന്ധ്യമേഘങ്ങളില്‍
ജലസമൃത്ഥികള്‍നോറ്റെടുത്തു
വരണ്ട മണ്ണില്‍ വരണ്ട നദിയില്‍
മഴ മനം നിറഞ്ഞുറഞ്ഞു പെയ്തു
പെയ്തു ജല തരംഗാ വലികള്‍ തീര്‍ത്തു,
നദി നിറഞ്ഞുലഞ്ഞുലഞ്ഞോളപ്പരപ്പായി
ഒഴുകി ഒഴുകി കാലദേശം താണ്ടിയൊഴുകി
ത്രികാലങ്ങളെ തീണ്ടി എങ്ങോ മാഞ്ഞുപോയി.