മാതൃവിലാപം അവസാനിക്കുന്നില്ല. ചരിത്രത്തിന്റെ ഏടുകളിൽ കണ്ണീർ പുരട്ടിയ വിലാപങ്ങൾക്ക് തനിയാവർത്തനം കുരുക്ഷേത്രഭൂമിയിൽ തന്നെയെന്നത് യാദൃശ്ചികമാവാം. എങ്കിലും നിതാരി നമ്മുടെ മനസുകളിൽ പ്രാകൃതത്വത്തിന്റെ പേക്കോലങ്ങൾ തീർക്കുകയാണ്.
എല്ലും മാംസവും വേർപെടുത്തപ്പെട്ട്, അതിക്രൂരമായ ലൈംഗിക വൈകൃതങ്ങൾക്കിരയായി കാലപുരിക്കയക്കപ്പെട്ട നാല്പതോളം കുട്ടികൾ. ഓരോ കുട്ടിയെ കാണാതാവുമ്പോഴും ഇന്ത്യയുടെ ഗ്രാമാന്തരങ്ങളിൽ പോലും നിതാരി നടുക്കമായി പടരും. മനുഷ്യൻ എന്തുകൊണ്ടിങ്ങനെ എന്ന ചിന്തയ്‌ക്ക് അർത്ഥമില്ല. സമാനതകളില്ലാത്ത അപവാദങ്ങളാകാം ഇവ. എങ്കിലും അത് സൃഷ്ടിക്കുന്ന നടുക്കം നമ്മെ സ്വയം തിരിച്ചറിയാൻ സഹായിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ എത്രമാത്രം അരക്ഷിതരാണെന്ന് ബോധ്യമാക്കുന്നു.
ആലപ്പുഴയിലെ രാഹുലിന്റെ കഥ ഓർമ്മ വരുന്നു. കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിച്ചശേഷം മൈതാനത്തു നിന്ന് വീട്ടിലേക്ക് മടങ്ങിയ രാഹുൽ എന്ന പത്തു വയസുകാരൻ കുഴൽകിണറിൽ നിന്ന് വെള്ളം കുടിക്കുന്നതാണ് അവസാനത്തെ കാഴ്‌ച. പിന്നെ എങ്ങോട്ടോ മറഞ്ഞ രാഹുൽ എവിടെയെന്ന് വർഷങ്ങളായിട്ടും ആർക്കുമറിയില്ല. നിതാരിയിലെ അഴുക്കുചാലുകളിൽ നിന്ന് കിട്ടിയ എല്ലിൻ കഷ്‌ണങ്ങൾ ഇനിയും പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടില്ലല്ലോ.
ഇത്രയുമെഴുതി നിർത്തുമ്പോൾ, സ്വന്തം മക്കളെ 12000രൂപയ്‌ക്ക് ദല്ലാളുമാർക്ക് വിൽക്കുന്ന ഹൈദരാബാദിലെ മാതാപിതാക്കളെക്കുറിച്ച് വായിക്കുന്നു. നിതാരിയിൽ ഗാന്ധാരിമാർ നിലവിളിക്കുമ്പോൾ, ഹൈദരാബാദിൽ എണ്ണിത്തിട്ടപ്പെടുത്തിയ നോട്ടുകൾക്ക് മുന്നിൽ മക്കളെ വിറ്റ് അമ്മമാർ സായൂജ്യമടയുന്നു. ഒരു തരത്തിലും മനസിലാക്കാൻ കഴിയാത്ത വൈരുദ്ധ്യം. പ്രിയപ്പെട്ട ഭാരതാംബേ, നിന്റെ അന്തർഗതങ്ങൾ ആർക്കറിയാം?