പിറക്കാനിരിക്കുന്ന ഗോള്‍!

ഒന്ന്‌

തെക്കേ മൈതാനത്തേക്കൊന്നു നോക്കൂ. എന്തു സുന്ദരമാണാ കാഴ്‌ച!

കറുത്ത ജഴ്‌സിയണിഞ്ഞു ഇടതു വിങ്ങിലൂടെ കുതിരയെപ്പോലെ കുതിക്കുന്ന ജോളി. ആ കാലുകളുടെ കാന്തശക്തിയില്‍ നിന്നും തെറിച്ചു പോകാനാവാതെ ഒട്ടി നില്‍ക്കുന്ന ഫുട്‌ബാള്‍. എങ്ങിനേയും അതൊന്നു അടിച്ചു തെറിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന മഞ്ഞ ജഴ്‌സിക്കാരന്‍. അയാള്‍ ദയനീയമായി പരാജയപ്പെടുന്നതു കണ്ട്‌ ഓടിയടുക്കുകയാണു എതിര്‍ പ്രതിരോധ നിരയിലെ മറ്റു മൂന്നു കളിക്കാര്‍.

ഒന്നാമനെ ആയത്തിലൊന്നു വെട്ടിയൊഴിഞ്ഞു കുതിച്ച ജോളി, രണ്ടാമന്‍ ലക്ഷ്യം വെക്കുന്നതു തന്റെ ശരീരമാണെന്നു മനസിലാക്കിയതും വെട്ടിക്കല്‍ ശ്രമം ഉപേക്ഷിച്ച്‌ പന്ത്‌ അയാളുടെ തലക്കു മുകളിലൂടെ കോരിയിട്ടു. പിന്നെ വെട്ടിയൊഴിഞ്ഞൊന്നു കുതിച്ച്‌ വീണ്ടും പന്തിലെത്തി ഗോള്‍ മുഖത്തേക്കു ലക്ഷ്യം വെക്കുമ്പോള്‍ മൂന്നാമന്‍ പുറകില്‍ നിന്നും ചവിട്ടി വീഴ്‌ത്തി.

വേദന കൊണ്ടു പെനാല്‍ട്ടി ബോക്സിനു മുന്നില്‍ കിടന്നുരുളുകയാണ്‌ ജോളി. ഓടിയെത്തിയ റഫറി മഞ്ഞ ജഴ്‌സിക്കാരനു മഞ്ഞക്കാര്‍ഡ്‌ കാണിച്ചു. പിന്നെ കറുത്ത ജഴ്‌സിക്കാര്‍ക്കു അനുകൂലമായി ഫ്രീ കിക്ക്‌ അനുവദിക്കേണ്ട താമസം, ജോളി ചാടി എഴുന്നേറ്റു. കിക്ക്‌ എടുക്കാന്‍.

മഞ്ഞ ജഴ്‌സിക്കാര്‍ പന്തിനും ഗോള്‍ പോസ്റ്റിനുമിടക്ക്‌ മതിലു കെട്ടിയ പോലെ നിരന്നു നില്‍ക്കുകയാണ്‌. പക്ഷേ ജോളിയുടെ കണ്ണുകള്‍ കാണുന്നത്‌ ആ മതിലല്ല, അതിലൊരാളുടെ ഉയരക്കുറവാണ്‌.

ഫ്രീ കിക്കു എടുക്കാനുള്ള റഫറിയുടെ വിസില്‍. പന്തില്‍ നിന്നും അല്‍പ്പം പിന്നോട്ടു നീങ്ങി നിന്നിരുന്ന ജോളിയുടെ കാലുകള്‍ ഒരു പ്രത്യേക ചടുല നൃത്ത രീതിയില്‍ നാലു ചുവടു മുന്നോട്ട്‌. ഇടത്തേക്കാലിലെ ബൂട്ട്‌ മുത്തമിട്ട ഉശിരില്‍ ചിറകു വിരിച്ച പന്തു മീന്‍ കണ്ട പൊന്മാന്‍ കുളത്തിലേക്കെന്ന പോലെ ആ ഉയരക്കുറവിലൂടെ ചെത്തിപ്പറന്നു, ഗോള്‍ വലയുടെ വലത്തേ മോന്തായത്തിലേക്ക്‌.

ഒന്നാം പകുതിയില്‍ ഒപ്പത്തിനൊപ്പം പിടിച്ചു നിന്ന മഞ്ഞ ജഴ്‌സിക്കാര്‍ ഇപ്പോള്‍ ഒരു ഗോളിനു പിന്നിലാണ്‌. എന്നുവെച്ച്‌ പിടി അയച്ചുകൂടാ. കാണികളുടെ ആരവത്തില്‍ മതിമറക്കാനും പാടില്ല. ഇനിയും പതിനഞ്ചു നിമിഷത്തെ കളി കൂടെ ബാക്കിയുണ്ട്‌. ഇതൊക്കെ ജോളിക്കു നന്നായറിയാം.

എതിര്‍ ടീമിനും അറിയാം, ഒരു ഗോള്‍ അടിച്ചാല്‍ പിന്നെ ജോളിയുടെ നീക്കങ്ങളൊക്കെ ഏതെങ്കിലും തരത്തില്‍ ഗോളില്‍ കലാശിക്കുമെന്ന്‌. അതുകൊണ്ട്‌ രണ്ടു മഞ്ഞ ജഴ്‌സിക്കാര്‍ എപ്പോഴും ജോളിയുടെ മുന്നിലും പിന്നിലുമായി അച്ചാലും പിച്ചാലും ഓടിക്കൊണ്ടിരുന്നു, കാന്ത ശക്തിയുള്ള ആ കാലുകളില്‍ പന്ത്‌ എത്താതിരിക്കാന്‍.

രണ്ടു കളിക്കാരെ ജോളിയെ തളക്കുന്നതിനു മാത്രമായി വിനിയോഗിച്ചതു അവര്‍ക്കു തന്നെ വിനയായി. കറുത്ത ജഴ്‌സിക്കാരുടെ മുന്നേറ്റങ്ങള്‍ക്കു മൂര്‍ച്ച കൂടി. ഏറെ വൈകാതെ ഒരു ലോങ്ങ്‌ കോര്‍ണറും അവര്‍ നേടിയെടുത്തു.

കോര്‍ണ്ണര്‍ എടുത്ത ക്യാപ്ടന്‍ മൈതാനത്തിന്റെ വലത്തേ മൂലയില്‍ നിന്നും പന്ത്‌ പെനാല്‍ട്ടി ബോക്സിലേക്കു ഉയര്‍ത്തി അടിച്ചു. ഉയരങ്ങളില്‍ നിന്നു താഴ്‌ന്നു വരുന്ന പന്തിനായി പല തലകളും തയ്യാറെടുക്കുന്നു. പെട്ടെന്നു കുതിര ജോളിയെ വിട്ടകന്നു. പകരം ഒരു കഴുകന്‍ ആ ശരീരത്തിലേക്കു കയറി. കുതിച്ചുയരുന്ന തലകള്‍ക്കു മുകളിലേക്കു ജോളി പൊങ്ങി ഉയര്‍ന്നു ശക്തിയായി തല കുടഞ്ഞു. ചാടിവീഴുന്ന ഗോളിക്കു പിടി കൊടുക്കാതെ, പീരങ്കിയുണ്ട പോലെ പന്തു വലയിലെത്തി.

ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു കറുത്ത ജഴ്‌സിക്കാര്‍ക്കു സെമി ഫൈനല്‍ വിജയം.

മൈതാനത്തെ വിജയാഹ്ലാദം കഴിഞ്ഞു ഡ്രസ്സിംഗ്‌ റൂമിലേക്കു നടക്കുമ്പോള്‍ ജോളിയുടെ കണ്ണുകള്‍ പരതുകയായിരുന്നു, പുഞ്ചിരിച്ച്‌ കൈവീശി നില്‍ക്കുന്ന നിധിയുടെ മുഖം. സാധാരണ നില്‍ക്കാറുള്ളിടത്തു അവളില്ല. ഒരു പക്ഷേ ഗോളൊന്നും പിറക്കാത്തതു കണ്ട്‌ ആദ്യ പകുതി കഴിഞ്ഞപ്പോള്‍ത്തന്നെ അവള്‍ സ്ഥലം വിട്ടിരിക്കുമോ?

ചിന്തകളെ മുറിച്ചു കൊണ്ട്‌ അയാളുടെ പോക്കറ്റില്‍ മൊബേല്‍ ഫോണ്‍ വിറച്ചു. "പാര്‍ക്കിങ്ങ്‌ ഗേറ്റിലേക്കു വേഗം വാ. ഇന്നു തകര്‍ത്തു ട്ടോ. കണ്‍ഗ്രാറ്റ്‌സ്‌!" നിധിയുടെ എസ്‌ എം എസ്‌ സന്ദേശമാണ്‌.

കുപ്പായം മാറി പാര്‍ക്കിംഗ്‌ ഗേറ്റിലെത്തുന്നതിനു മുമ്പേ നിധി ഓടിയെത്തി കൈ കൊടുത്തു. "ഇന്നു ശരിക്കും തകര്‍ത്തൂ ട്ടോ!" അവള്‍ സന്തോഷം കൊണ്ടു തുള്ളുകയാണ്‌.

തന്റെ കവിളിലേക്കു വിരല്‍ ചൂണ്ടി കൊണ്ടു ജോളി പറഞ്ഞു - "കിസ്‌ ഇങ്ങോട്ടു പോരട്ടെ"

"അയ്യടാ മോനെ. വേലയങ്ങു പോക്കറ്റില്‍ വെച്ചാല്‍ മതി."

"വിജയിച്ചാല്‍ തരാമെന്നു പറഞ്ഞിട്ട്‌ ഇപ്പോള്‍ വാക്കു മാറുകയാണോ?"

"അതു ഫൈനല്‍ ജയിക്കുമ്പോള്‍. അന്നേരം ചോദിക്കാതെ കിട്ടും. ഉറപ്പ്‌"

ഒന്നര വര്‍ഷം തികയുന്ന ആ പ്രണയത്തില്‍ ആദ്യത്തെ ചുംബനം വിരിയാന്‍ പോകുന്നു! നാളെ. അതോര്‍ക്കുമ്പോള്‍ തന്നെ ആവേശം അണപൊട്ടുന്നു.

ബൈക്കിലേക്കു കയറിയ ജോളി ഒരു യന്ത്ര മനുഷ്യനായി. വാഹനങ്ങള്‍ക്കിടയിലൂടെ ബൈക്കു ചെത്തിപ്പറക്കുമ്പോള്‍ നിധി കണ്ണടച്ചു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. വാഹനങ്ങളുടെ ശബ്ദം നിലച്ചപ്പോള്‍ നിധി കണ്ണു തുറന്നു. ബൈക്കു കോളേജു മൈതാനത്തിലെത്തിയിരുന്നു.

"ഹോ, എന്തൊരു പറത്തലാ ഇത്‌! ശുദ്ധവായു ശ്വസിച്ചുകൊണ്ടു അല്‍പ്പനേരം അവിടെയിരിക്കാം." മൈതാനത്തിന്റെ ഒരു മൂലക്കു നില്‍ക്കുന്ന വലിയ വേപ്പു മരച്ചുവട്ടിലേക്കു കൈ ചൂണ്ടിക്കൊണ്ടു നിധി പറഞ്ഞു.

"എന്തായാലും നാളെ തരാനുള്ളതല്ലേ. ആ കിസ്‌ ഇപ്പോഴേ ഇങ്ങു തന്നേക്ക്‌. ജയിച്ചില്ലെങ്കില്‍ ഞാനത്‌ അതു പോലെ തിരിച്ചു തന്നേക്കാം." വേപ്പു മരത്തിന്റെ അല്‍പ്പം ഉയര്‍ന്നു നില്‍ക്കുന്ന ഒരു വേരില്‍ ഒന്നു കൂടെ ചേര്‍ന്ന്‌ ഇരുന്നുകൊണ്ട്‌ ജോളി പറഞ്ഞു.

"അങ്ങിനെ മോന്‍ കഷ്ടപ്പെടേണ്ടാ കേട്ടോ." ഒന്നു നിര്‍ത്തിയിട്ട്‌ നിധി തുടര്‍ന്നു. "ഇത്ര ധൃതിയാണെങ്കില്‍ വേഗം അതിനൊക്കെയുള്ള ലൈസന്‍സ്‌ എടുത്തൂടെ നിനക്ക്‌?"

"അതിനൊരു ജോലി തരപ്പെടേണ്ടേ?"

"ഇന്നത്തെ പോലെ ഒരു പ്രകടനം നാളെ ഫൈനലില്‍ നടത്തിയാല്‍ ഏതെങ്കിലും കമ്പനിക്കാര്‍ തൂക്കിയെടുത്തോണ്ടു പോകും. ഉറപ്പ്‌."

ജോളിക്കും അതറിയാം. പ്രശസ്തമായ പല കമ്പനികളുടേയും ഫുട്‌ബാള്‍ ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമന്റ്‌ ആയതുകൊണ്ട്‌ കലാശക്കളി കാണാന്‍ അവരുടെയൊക്കെ പ്രതിനിധികള്‍ എത്തിയേക്കും. അവരുടെ ശ്രദ്ധയില്‍ പെടുന്ന കളി പുറത്തെടുക്കാനായാല്‍ അവരുടെ കമ്പനിയില്‍ ജോലി സാദ്ധ്യത തെളിയും. തങ്ങളുടെ ഫുട്‌ബാള്‍ ടീം ശക്തമാക്കുകയാണ്‌ അവരുടെ ലക്ഷ്യം. പക്ഷേ അതിനു നാളെ നന്നായി കളിക്കാന്‍ കഴിയണം.

പെട്ടെന്നു ജോളിക്കു ശ്വാസം മുട്ടുന്നതു പോലെ തോന്നി. "നമുക്കു പോകാം. എനിക്കു ശ്വാസം മുട്ടുന്നു. തലയും കറങ്ങുന്നുണ്ട്‌."

"എന്തു പറ്റി പെട്ടെന്ന്‌?" നിധിയുടെ മുഖത്തെ പ്രകാശം മറഞ്ഞു.

"അറിഞ്ഞു കൂടാ. വല്ലാത്ത ഒരു അസ്വസ്ഥത. വാ,നമുക്കു പോകാം." ജോളി പതുക്കെ എഴുന്നേറ്റു.

"തല കൊണ്ട്‌ പന്തിലടിക്കുമ്പോള്‍ ബോധം വേണം, സ്വന്തം തലയാണെന്ന്‌"

"എന്തു ചെയ്യാം. തല നിറച്ചും കിട്ടാന്‍ പോകുന്ന ആ കിസ്‌ ആയിരുന്നു." മൈതാനത്തിനു മുമ്പിലുള്ള പെട്ടിക്കടയില്‍ നിന്നും സോഡ കുടിക്കുന്നതിനിടയില്‍ ജോളി പറഞ്ഞു. പിന്നെ ബൈക്കു സ്റ്റാര്‍ട്ടു ചെയ്തുകൊണ്ട്‌ ചോദിച്ചു. "എന്താ കയറുന്നില്ലേ?"

"കയറാം. പക്ഷേ അതിനുമുമ്പ്‌ എന്റെ കൈയിലടിച്ചു വാക്കു തരണം, മനുഷ്യന്മാരെ പോലെ ബൈക്കു ഓടിക്കാന്ന്‌. മാത്രമല്ല, നേരെ സിറ്റി ഹോസ്പിറ്റലിലേക്കു ചെന്നു ഡോക്ടറെ കാണാമെന്നും." നിധി ശഠിച്ചു.

"ആദ്യത്തേതു ഓകെ. രണ്ടാമതു പറഞ്ഞതു വേണോ?"

"വേണം, ഞാനാ പറയുന്നതു. നാളെ ഫൈനല്‍ കളിക്കാനുള്ളതാ. ഞാനും കൂടെ വരാം" നിധി നിര്‍ബ്ബന്ധിച്ചപ്പോള്‍ ജോളി സമ്മതിച്ചു. ബൈക്കു സിറ്റി ഹോസ്പിറ്റലിലേക്കുള്ള വഴിയിലേക്കു തിരിഞ്ഞു.

പക്ഷേ ഹോസ്പിറ്റല്‍ എത്തുന്നതിനു തൊട്ടു മുമ്പ്‌ ബൈക്കു വശത്തേക്കു ഒതുക്കിയിട്ടുകൊണ്ടു ജോളി പറഞ്ഞു. "നോക്ക്‌ ഇപ്പോള്‍ എനിക്കു യാതൊരു പ്രശ്നവുമില്ല. അതുകൊണ്ടല്ലേ ഇത്ര ദൂരം ബൈക്ക്‌ ഓടിച്ചത്‌. "

"എന്നാലും ഒന്നു ഡോക്ടറെ കണ്ടതുകൊണ്ടു പ്രശ്നമൊന്നുമില്ലല്ലോ" നിധി വിടാന്‍ ഭാവമില്ല.

"എന്തിനാ വെറുതെ സമയം മിനക്കെടുത്തുന്നത്‌. അതെന്തോ ഉച്ച ഭക്ഷണത്തിന്റെ പ്രശ്നമായിരുന്നെന്നു തോന്നുന്നു. ഇപ്പോള്‍ ഒരു കുഴപ്പവും ഇല്ല. നമുക്ക്‌ കുറച്ചു നേരം ഈ അത്താണിയില്‍ ഇരിക്കാം. അഥവാ വീണ്ടും തല ചുറ്റല്‍ വന്നാല്‍ ഡോക്ടറെ കാണുകയും ചെയ്യാം."

"എന്നാലും.."

"ഒരെന്നാലുമില്ല. ഇനി ഒരിക്കല്‍ക്കൂടെ വന്നാല്‍ തീര്‍ച്ചയായും ഡോക്ടറെ കാണാം."

"പ്രോമിസ്‌?"

"പ്രോമിസ്‌" പാതയോരത്തെ അത്താണിയിലിരിക്കുന്നതിനിടയില്‍ ജോളി വാക്കു കൊടുത്തു. പിന്നെ നിധിയുടെ മടിയിലേക്കു തല ചായ്‌ച്ചു കൊണ്ടു അഭ്യര്‍ഥിച്ചു. "നാളെ നീ മുന്‍നിരയിലുണ്ടാവണം."

"അതു ശരിയാവില്ല മോനേ. നിന്റെ കണ്ണെപ്പോഴും എന്നെ ചുറ്റിപ്പറ്റിയാവും. പന്തിലാവില്ല. അതുകൊണ്ടു ഞാന്‍ പിന്നിലൊളിഞ്ഞിരുന്നു കണ്ടോളാം."

പെട്ടെന്നു നിധിക്കു തല ചുറ്റുന്നതായി തോന്നി. ശ്വാസം മുട്ടുന്നതായും. ചെറിയ ഒരു കാറ്റിനൊപ്പം കുത്തുന്ന ഗന്ധമുള്ള കറുത്ത പുക അവിടെയെങ്ങും നിറഞ്ഞു. തെല്ലകലെ ആശുപത്രിയുടെ പിന്നിലെ മൊട്ടപ്പറമ്പില്‍ മാലിന്യ കൂമ്പാരത്തിനു ആരോ തീയിട്ടിരിക്കുകയാണ്‌. നിധിയുടെ കണ്ണുകള്‍ നീറിത്തുടുത്തു.

ജോളിയാവട്ടെ ഒരു പ്രശ്നവുമില്ലാതെ നിധിയുടെ കനത്ത മുടിക്കെട്ടു കൈയിലെടുത്ത്‌ ഏറ്റവും നീളമുള്ള മുടി കണ്ടെത്താനുള്ള ശ്രമത്തിലാണ്‌. നിധിക്കു ദേഷ്യം വന്നു.

"ഇരിക്കാന്‍ കിട്ടിയ സ്ഥലം! പിന്നിലോട്ടൊന്നു നോക്കിയേ. എന്തൊക്കെയാ അതില്‍ കത്തുന്നതെന്നു ആര്‍ക്കറിയാം. വാ നമുക്കു പോകാം. എനിക്കു ശ്വാസം മുട്ടുന്നു."

നിധി ജോളിയുടെ തല മടിയില്‍ നിന്നും മാറ്റി എഴുന്നേറ്റു.

"ശ്വാസം മുട്ടുന്നോ? എന്നാല്‍ നിന്റെ സിറ്റി ഹോസ്പിറ്റല്‍ തൊട്ടടുത്തുണ്ട്‌. അങ്ങോട്ടു വിട്ടേക്കാം"

"കളിയാക്കല്ലേ മോനേ. ഈ നശിച്ച പുകയില്‍ ആര്‍ക്കാ ശ്വാസം മുട്ടാതിരിക്കുക!"

ബൈക്കു നിധിയുടെ വീട്ടിലേക്കു കുതിച്ചോടി.

രണ്ട്‌

ഫൈനല്‍ അവസാനിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. ഇതുവരെ ആര്‍ക്കും ഗോള്‍ അടിക്കാന്‍ കഴിഞ്ഞിട്ടില്ല. പെനാല്‍ട്ടി ഷൂട്ടിനു കളിക്കാര്‍ മാനസികമായി തയ്യാറെടുക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. പക്ഷേ ജോളി പെനാല്‍ട്ടി ഷൂട്ട്‌ വെറുക്കുന്നു. കാരണം അനുവദിച്ചു കിട്ടുന്ന അഞ്ചു പെനാല്‍ട്ടി ഷൂട്ടില്‍ ഒന്നു മാത്രമേ ജോളിക്കു എടുക്കാനാവൂ. ബാക്കിയുള്ളത്‌ മറ്റു നാലു കളിക്കാര്‍ എടുക്കണം. നിധിയുടെ ചുംബനം വഴുതി മാറുകയാണോ?

ആ ഒരു ചിന്തയില്‍ ജോളിയുടെ കാലുകള്‍ ചിനമാന്തിക്കുതിച്ചു. കാന്തത്തിലൊട്ടിയ ആണികള്‍ പോലെ ചുറ്റും തൂങ്ങി നിന്നിരുന്ന നീല ജഴ്‌സിക്കാരെ കുതറിത്തെറിപ്പിച്ച്‌ ജോളി മിഡ്‌ ഫീല്‍ഡിലെത്തി. ഒന്നു സ്‌കിഡ്‌ ചെയ്തു എതിര്‍ പാസിലെ പന്തു കവര്‍ന്ന്‌ ജോളി ഗോള്‍മുഖത്തേക്കു ഗിയറുകള്‍ മാറ്റി കുതിച്ചു.

കുതിരക്കാലുകളില്‍ നിന്നും പന്തിനു തീ പിടിച്ചു. അപകടം മണത്ത നീല ജഴ്‌സിക്കാര്‍ ജോളിയെ വളഞ്ഞതും അയാള്‍ സമര്‍ഥമായി പന്ത്‌ തെല്ലകലെ ഒറ്റക്കു നീങ്ങുന്ന ക്യാപ്ടനു തട്ടിക്കൊടുത്തു. ഒഴുകിയകലുന്ന ആ പന്ത്‌ ക്യാപ്ടന്‍ വല്ല വിധേനയും വരക്കു പുറത്തു പോകാതെ പിടിച്ചെടുത്തു. അവിടെ നിന്നും ഗോള്‍ മുഖത്തേക്കു ലക്ഷ്യം വെക്കാന്‍ കഴിയാഞ്ഞതിനാല്‍ പന്തു പെനാല്‍ട്ടി ബോക്സിലേക്കു ഉയര്‍ത്തി അടിച്ചു. താഴ്‌ന്നിറങ്ങുന്ന പന്തിലേക്കു ചീറിയടുക്കുന്ന ഗോളി. മറ്റൊരു വശത്തു നിന്നും പാഞ്ഞു വരുന്ന എതിര്‍ ടീമിന്റെ ക്യാപ്ടന്‍. ഒരു പരുന്തിനെപ്പോലെ ജോളി പൊങ്ങി ഉയര്‍ന്നു കരണം മറിഞ്ഞു. ഗോളിയുടെ ശ്രദ്ധ ഒരു നിമിഷ കണം പന്തില്‍ നിന്നു വിട്ട്‌ വായുവില്‍ തലകീഴായി നില്‍ക്കുന്ന ജോളിയിലായി. അടുത്ത നിമിഷം അയാളുടെ പിന്നില്‍ ഗോള്‍ വല കിടന്നു കുലുങ്ങി. തകര്‍പ്പന്‍ സിസര്‍ കട്ട്‌ ഗോള്‍!!

അതിനിടയില്‍ പന്തിനായി ചാടിയ എതിര്‍ ടീം ക്യാപ്ടന്റെ വലതു കാല്‍ ഒരു കൂടം പോലെ ജോളിയുടെ അടിവയറ്റിലേക്കു കയറി. കാണികളുടെ ആരവത്തിനൊപ്പം റഫറിയുടെ ലോങ്ങ്‌ വിസിലും മുഴങ്ങി.

അതൊന്നുമറിയാതെ ജോളി മൈതാനത്തു ബോധമറ്റു കിടന്നു.

മൂന്ന്‌

ആശുപത്രിക്കിടക്കയില്‍ തളര്‍ന്നു കിടക്കുന്ന ജോളിയുടെ ഇടതും വലതും കവിളുകളില്‍ മാറി മാറി ചുംബിച്ചു കൊണ്ടു നിധി അപ്പോഴും അതിശയിക്കുന്നുണ്ടായിരുന്നു- "എന്തൊരു ഗോളായിരുന്നെടാ മോനേ അത്‌! കിടുകിടുക്കന്‍!!"

"പിന്നീടെന്താ ഉണ്ടായത്‌?" ജോളി ചോദിച്ചു.

"എതിര്‍ ക്യാപ്ടനുമായി കൂട്ടിയിടിച്ചു വെട്ടിയിട്ട ചക്ക പോലെ മൈതാനത്തു കിടന്നു. ആഹ്ലാദം കൊണ്ടല്ല, ബോധം കെട്ടാണു കിടക്കുന്നതെന്നു അറിഞ്ഞതു തന്നെ കുറച്ചു നേരം കഴിഞ്ഞപ്പോഴാ. എന്തു ചെയ്തിട്ടും ബോധം തെളിയാഞ്ഞപ്പോഴാ ആശുപത്രിയിലേക്കു കൊണ്ടു വന്നത്‌. ഇവിടെ എത്തിയപ്പോഴും ബോധമില്ലായിരുന്നു. അഡ്മിറ്റ്‌ ചെയ്തു സ്ര്ടെച്ചറില്‍ കൊണ്ടു പോകുമ്പോള്‍ ഓക്സിജന്‍ മാസ്‌ക്‌ വെച്ചപ്പോഴാ മോന്‍ ചാടി എഴുന്നേറ്റതും അതൊക്കെ തട്ടി മാറ്റിയതും. പിന്നീടുള്ള കാര്യങ്ങള്‍ നിനക്കല്ലേ കൂടുതല്‍ അറിയുക?"

"സത്യം പറയാമോ? എന്താ ഡോക്ടര്‍ പറഞ്ഞത്‌?" ജോളി വീണ്ടും ചോദിച്ചു.

"രണ്ടു ദിവസത്തെ ഒബ്‌സര്‍വേഷന്‍ വേണമെന്ന്‌. പല ടെസ്റ്റുകളും ചെയ്യാനുണ്ടത്രെ."

പുഞ്ചിരിച്ചു കൊണ്ട്‌ മുറിയിലേക്കു കയറി വന്ന നഴ്‌സ്‌ ചോദിച്ചു. "ഇപ്പോള്‍ എങ്ങിനെയുണ്ട്‌?"

"ഒരു പ്രശ്നോം ഇല്ല." ജോളിയും പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

"എന്നാല്‍ ആ കൈയൊന്നു നീട്ടിക്കേ. അല്‍പ്പം ബ്ലഡ്‌ എടുക്കാനാ."

"കുറച്ചു മുമ്പും എടുത്തിരുന്നല്ലോ ടെസ്റ്റ്‌ ചെയ്യാനെന്നും പറഞ്ഞ്‌." നിധി പറഞ്ഞു.

"ആ ടെസ്റ്റ്‌ ശരിയായില്ലെന്നു ഡോക്ടര്‍ക്കു സംശയം. അതോണ്ടു വീണ്ടും ചെയ്യാനാ."

നഴ്‌സ്‌ രക്തം സിറിഞ്ചിലെടുത്തു ലാബിലേക്കു കൊണ്ടു പോയി.

രണ്ടാം പരിശോധനയുടെ റിപ്പോര്‍ട്ട്‌ കണ്ട ഡോക്ടര്‍ പകച്ചിരുന്നു. മുമ്പു ചെയ്ത ടെസ്റ്റ്‌ അബദ്ധമായിരുന്നില്ലെന്നു ആണയിടുന്ന റിപ്പോര്‍ട്ട്‌. രക്തത്തിലെ പി എച്ച്‌ അളവു കണ്ടാല്‍ ഏതു ഡോക്ടറാണു വിയര്‍ക്കാതിരിക്കുക! വൈദ്യശാസ്ര്ത കണക്കുകള്‍ പ്രകാരം ഈ രക്തത്തിനുടമ എന്നേ മരിച്ചു കഴിഞ്ഞിരിക്കണം. അത്രയേറെ കുറവാണു രക്തത്തിലെ പൊട്ടന്‍ഷ്യല്‍ ഹെഡ്രജന്‍.

നിധി ആശുപത്രി ക്യാന്റീനില്‍ നിന്ന്‌ ഫ്ലാസ്‌ക്കില്‍ ചായയുമായി വന്നപ്പോള്‍ ജോളി മുറിയിലില്ല. ഇറങ്ങി ഓടിക്കാണുമെന്നാണു അവള്‍ ആദ്യം കരുതിയത്‌. നോക്കുമ്പോള്‍ മേശപ്പുറത്തുണ്ടായിരുന്ന ബിസ്‌ക്കറ്റ്‌ പാക്കറ്റും ബ്രഡും ഒന്നും കാണുന്നില്ല. വിശന്നപ്പോള്‍ ജോളി അതു തിന്നിരിക്കും എന്നു കരുതാനും കഴിയില്ല. കാരണം അതിന്റെയൊന്നും പോളിത്തീന്‍ കവറുകള്‍ പോലും താഴെയോ വേസ്റ്റ്‌ ബോക്സിലോ കിടക്കുന്നില്ല. വരാന്തയിലൂടെ ഡ്യൂട്ടി നഴ്‌സ്‌ പോകുന്നതു കണ്ടപ്പോള്‍ നിധി പുറകേ ഓടിച്ചെന്നു അന്വേഷിച്ചു.

"പേടിക്കേണ്ട, ചില ടെസ്റ്റുകള്‍ക്കായി കൊണ്ടുപോയിരിക്കുവാ"

നിധി സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു. 'ആധുനിക സൗകര്യങ്ങളുള്ള പ്രഗത്ഭരായ ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ പേടിക്കാനെന്തിരിക്കുന്നു?'

എന്നാല്‍ നിധി അറിയുന്നുണ്ടോ അകത്ത്‌ ഡോക്ടര്‍മാര്‍ വിയര്‍ക്കുകയാണെന്ന്‌. ജോളിയുടെ വയറു കഴുകിയപ്പോള്‍ കിട്ടിയത്‌ പാതി മുക്കാലും ദഹിച്ച ബിസ്‌ക്കറ്റ്‌ പാക്കറ്റും ബ്രഡു പൊതിഞ്ഞ പൊളീത്തിന്‍ തുണ്ടും. അയാള്‍ ശ്വസിക്കുന്നത്‌ കാര്‍ബണ്‍ഡയോക്സൈഡും ഉച്ഛ്വസിക്കുന്നത്‌ ഓക്സിജനും. എന്തിനേറെ പറയണം, വൈദ്യശാസ്ര്തത്തെ കീഴ്മേല്‍ മറിക്കുന്ന ഒരു പ്രതിഭാസമായി അവരുടെ മുന്നിലിരിക്കുകയാണു ജോളി.

എന്നാല്‍ അവരെ അതിലേറെ അത്ഭുതപ്പെടുത്തുന്നതു ഇപ്പോള്‍ അയാള്‍ക്കു യാതൊരു അസുഖവും ഇല്ലെന്നുള്ളതാണ്‌. ഓക്സിജന്‍ കൂടുമ്പോള്‍ അല്ലെങ്കില്‍ കാര്‍ബണ്‍ഡയോക്സൈഡ്‌ കുറയുമ്പോള്‍ ഉണ്ടാകുന്ന ചില അസ്വാസ്ഥ്യങ്ങളും വിമ്മിട്ടങ്ങളും മാത്രം.

നാല്‌

അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ജോളിയും നിധിയും വീണ്ടും സിറ്റി ഹോസ്പിറ്റലില്‍ എത്തിയിരിക്കുകയാണ്‌. നാലര വര്‍ഷം തികയുന്ന ആ ദാമ്പത്യത്തില്‍ ആദ്യമായി ഒരു ഗോള്‍ പിറക്കാന്‍ പോകുന്നു!

ആറര മാസം ഗര്‍ഭിണിയായ നിധിക്കു ഇതുവരെ പ്രശ്നമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോഴുമില്ല. എന്തിനോടും പെട്ടെന്നു പൊരുത്തപ്പെട്ടു പോകുന്ന നിധിക്കു എന്തു പ്രശ്നമുണ്ടാകാന്‍?

വൈദ്യശാസ്ര്തം ഉള്‍പ്പെടെ എല്ലാ മേഖലകളില്‍ നിന്നും ഉയര്‍ന്ന എതിര്‍പ്പുകളെ അതിജീവിച്ചാണു അവള്‍ ജോളിയുടെ ഭാര്യയായത്‌. തുടക്കത്തില്‍ ചില്ലറ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ ജോളിയുടെ ഉപദേശങ്ങള്‍ അവള്‍ക്കു കരുത്തേകി.

"നോക്ക്‌, ഇന്നലെ നാം ടി.വി. ചാനലുകളില്‍ കണ്ടതല്ലേ, യൂറിയയും സോപ്പും പേസ്റ്റും ഒക്കെ ഉപയോഗിച്ച്‌ പാലുണ്ടാക്കുന്നത്‌. വ്യാപകമായി വിതരണം ചെയ്യപ്പെടുന്ന ആ പാലു കുടിച്ചല്ലേ ഉത്തരേന്ത്യന്‍ നഗരങ്ങളിലെ പല കുട്ടികളും വളരുന്നത്‌. അതല്ലെങ്കില്‍ അകിടില്‍ ഇഞ്ചക്ഷന്‍ എടുത്ത്‌ ലിറ്ററുകളോളം കറന്നെടുക്കുന്ന സ്റ്റീറോയിഡ്‌ പാല്‍. വാഴക്കൂമ്പിന്റെ പാതി വെട്ടി അതില്‍ സള്‍ഫേറ്റ്‌ കെട്ടിവെച്ച്‌ പെട്ടെന്നു മുഴുപ്പിച്ചെടുക്കുന്ന വാഴപ്പഴം. പച്ചക്കറികളും മീനുമൊക്കെ ദിവസങ്ങളോളം കേടുവരാതിരിക്കാനും ഉപയോഗിക്കുന്നതു ഹാനികരമായ പല രാസവസ്തുക്കളുമല്ലേ? എന്തിനു പല അസുഖങ്ങള്‍ക്കുമുള്ള ഗുളികകള്‍ പോലും ചോക്കുപ്പൊടി മിശ്രിതം കൊണ്ടല്ലേ ഉണ്ടാക്കുന്നത്‌? എന്നിട്ടും നഗരങ്ങളില്‍ ആളുകള്‍ ജീവിക്കുന്നില്ലേ? കുറേശ്ശയായി എന്തിനോടും ഇണങ്ങിച്ചേരാന്‍ കഴിയുമെന്നല്ലേ അതു സൂചിപ്പിക്കുന്നത്‌? അങ്ങിനെ ഇണങ്ങിച്ചേരുവാന്‍ കഴിയുന്നവ നിലനില്‍ക്കുമെന്നും അല്ലാത്തവക്കു വംശനാശമുണ്ടാവുമെന്നല്ലേ പരിണാമ സിദ്ധാന്തം നമ്മെ പഠിപ്പിക്കുന്നത്‌?...." നിരന്തരമായ ജോളിയുടെ ഉപദേശങ്ങളില്‍ പതിരൊന്നും കാണാന്‍ നിധിക്കു കഴിഞ്ഞില്ല.

ഒരു ഫുട്‌ബാള്‍ കളിയിലെന്നപോലെ ഏതു അവസ്ഥയോടും പെട്ടെന്നു ഇണങ്ങിച്ചേര്‍ന്നു വെല്ലുവിളികള്‍ക്കു പരിഹാരം കണ്ടിരുന്ന ജോളിയുടെ ആ കഴിവു നിധിയും പെട്ടെന്നു സ്വായത്തമാക്കി. ആദ്യമൊക്കെ മണിക്കൂറുകള്‍ വായിലിട്ടു ചവച്ചാലും അതു പോലെ കിടന്നിരുന്ന പോളിത്തീന്‍ കവറുകള്‍ ഇന്നു പൂവന്‍ പഴം പോലെ തിന്നാന്‍ നിധിക്കു കഴിയും. ജോളിയുടെ ശീലങ്ങള്‍ ഒക്കെയും സ്വാംശീകരിക്കണമെന്ന ഒരു വാശി ക്രമേണ നിധിയില്‍ വേരുറച്ചു. വെറും വാശി മാത്രമായിരുന്നില്ല, അതിനു വേണ്ടി ശ്രമിക്കാനും അതു വിജയിപ്പിച്ചെടുക്കാനുമുള്ള കടുത്ത ഇച്ഛാശക്തിയും അവള്‍ക്കുണ്ടായിരുന്നു. ആ വിജയങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു പാതിപിന്നിട്ട അവളുടെ ഗര്‍ഭം.

ആ ഗര്‍ഭത്തിലേക്കാണു സ്‌കാനിംഗ്‌ മെഷീന്‍ ഇപ്പോള്‍ കണ്ണു കൂര്‍പ്പിക്കുന്നത്‌. പക്ഷേ അതു കണ്ട ഗൈനക്കോളജിസ്റ്റ്‌ ഞെട്ടിത്തരിച്ചിരുന്നു.

പുകയും അമ്ലമഴയും നിറഞ്ഞ ഗര്‍ഭാശയം! അതില്‍ കൂസലേതുമില്ലാതെ നിവര്‍ന്നിരുന്നു പ്ലാസ്റ്റിക്ക്‌ ചവച്ചിറക്കുന്ന പുതിയ രൂപത്തിലുള്ള ഒരു കുഞ്ഞ്‌!!

ഗൈനക്കോളജിസ്റ്റ്‌ മിഴിച്ചു പോയെങ്കിലും ഹോസ്പിറ്റലിലെ ആ പഴയ ഡോക്ടര്‍ക്കു പലതും മനസിലാവാന്‍ തുടങ്ങിയിരുന്നു.


ജിതേന്ദ്ര കുമാര്‍


-, ഡല്‍ഹി,



Your response will be e-Mailed to the poster.