വെര്‍ണ്ണിക്കിന്റെ പ്രദേശം

“ഭ്രാന്തനായതുകൊണ്ട് നഷ്ടമൊന്നുമില്ല
ഭവനം നശിച്ചെങ്കിലെന്ത്?
നൂറു വാര മണ്ണിനു പകരം
മരുഭൂമിയാകെയും ലഭിച്ചില്ലേ?”

ഞാന്‍ ഭ്രാന്തനാണ്. എനിക്കു ചുറ്റും മരുഭൂമിയാണ്. മിര്‍സാ ഗാലിബ് പറഞ്ഞതി എന്നെ ഉദ്ദേശിച്ചാണോ എന്നറിയില്ല. വെര്‍ണ്ണിക് തിരിച്ചും മറിച്ചും ചിന്തിച്ചു. ജയ്പ്പൂര്‍ വരെ മിര്‍സാ ഗാലിബായിരുന്നു മനസ്സു നിറയെ ജയ്പൂരില്‍ നിന്നും ഇക്ത വരെ ഹരിമിശ്രകൂടെയുണ്ടായിരുന്നു. അവിടെ നിന്നും മരുഭൂമിയിലേക്ക് വെര്‍ണ്ണിക് ഒറ്റയ്ക്ക് യാത്രതിരിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ പരിധീയിലുള്ള മരുഭൂമി വേര്‍തിരിച്ച് കാണിക്കുന്ന ആരോ മാര്‍ക്കുകളും വേലികളും ബോര്‍ഡുകളും ശ്രീ ബുദ്ധന്റെ രൂപത്തില്‍ ചിരിക്കുന്നുണ്ട്. രാത്രിയിലാണ് മരുഭൂമിയ്ക്ക് ഭംഗി കൂടുതല്‍. പ്ലൂട്ടോണിയം ചേര്‍ന്ന മണലിന്റെ നിറം ചാരനിറമായിരിക്കുന്നു. ബുദ്ധന്‍ രണ്ട് പ്രാവശ്യവും ശരിക്കും ചിരിച്ചിരുന്നോ? നിലാവും തണുപ്പും കൂടി വരുന്നു, കണ്‍മുന്നില്‍ ഒരു ചാമ്പല്‍പ്പറമ്പ് പരന്നു കിടക്കുന്നു. അവിടവിടെ ശിരസ്സുടഞ്ഞ ബുദ്ധപ്രതിമകളെ പോലെ കള്ളിമുള്‍ച്ചെടി വിളരുന്നു നില്‍ക്കുന്നു. കുറച്ചുമാറി മുമ്പൊരിക്കലും കാണാത്ത മറ്റൊരു കാഴ്ച പൊക്രാനില്‍ ആദ്യമായി കണ്ടു. നഗരത്തിലെ മാലിന്യങ്ങള്‍ കൊണ്ടുവന്ന് കൂമ്പാരം കൂട്ടിയിട്ടിരിക്കുന്നു. എല്ലാം നശിപ്പിക്കുന്നതിന്റെ കൂടെ മാലിന്യങ്ങളും നശിച്ചുപോകട്ടെ എന്നായിരിക്കും.

ഭൂമിയിലെ എല്ലാ ഊടുവഴികളിലൂടെയും നടക്കാന്‍ വെര്‍ണ്ണിക് ആഗ്രഹിച്ചിരുന്നു. ഒരു തുരുത്തില്‍ നിന്ന് മറ്റൊരു തുരുത്തിലേക്ക് അലയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അലച്ചിലിനിടയില്‍ കാണാത്തതൊന്നുമില്ല. അറിയാത്തതൊന്നുമില്ല ധരമ്മം. അര്‍ത്ഥം. കാമം, മോക്ഷം. നാലവസ്ഥകളിലൂടെ സഞ്ചരിച്ചു അഞ്ചാമതൊരുവസ്ഥ കുറേ സ്ഥലങ്ങളില്‍ വെര്‍ണ്ണിക് കോറിയിട്ടിട്ടുണ്ട്. ദരിദ്രരാജ്യങ്ങളിലെ നദികളും നഗരങ്ങളും വെര്‍ണ്ണിക്കിന് മടുത്തിറ്റിക്കുന്നു. ഉറങ്ങാത്ത നഗരങ്ങള്‍ അവിടവിടെ ഉയര്‍ന്നു വരുന്നത് ഭാവിയുടെ ശാപവും നഗരങ്ങളുടെ തന്നെ അഴുക്കുചാലായി മാറുന്നതും കണ്ടു മടുത്തിരിക്കുന്നു.

മരുഭൂമിയ്ക്കപ്പുറം നഗരങ്ങളുടെ വെളിച്ചച്ചീളുകള്‍ കാണാം. രാത്രിയില്‍ അണുശക്തിയുടെ ബലത്തില്‍ തിളങ്ങി നില്‍ക്കുകയാണ്. ആണവോര്‍ജ്ജം പരത്തുന്ന പ്രകാശം എല്ലാ കെട്ടിടങ്ങളേയും ജ്വലിപ്പിക്കുന്നു.

യാത്രയുടെ അവസാനം ഒരു മരുഭൂമിയിലായിരിക്കണമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പേ നിശ്ചയിച്ചതാണ്. മരിക്കുന്നവരുടെ ഭവനത്തില്‍ അന്തേവാസിയായി എത്തിയ അന്ന് തീരുമാനിച്ചതാണ്. ദക്ഷിണ കാളിഘട്ടിലെ ഭവാനിദേവിയുടെ ക്ഷേത്രത്തിന്റെ മുന്നില്‍ ഒരു അവധൂതനെപ്പോലെ റോഡരികില്‍ ഇരുന്ന ദിവസം. അതു മാത്രമാണ് ദിവസങ്ങള്‍ക്കുശേഷം ഓര്‍മ്മ വന്നപ്പോള്‍ ആകെ ഓര്‍മ്മ ഉണ്ടായിരുന്നത്. ഓര്‍മ്മ വീണ്ടും നിറയാന്‍ തുടങ്ങിയപ്പോള്‍ രണ്ടു നിലകളുള്ള കെട്ടിടത്തില്‍ എനിക്കു ചുറ്റും മരിക്കാന്‍ തയ്യാറെടുക്കുന്നവര്‍
മാത്രം. എന്റെ വലത് ഭാഗത്ത് ഒരു വൃദ്ധനും ഇടത് ഭാഗത്ത് ഒരു പെണ്‍കുട്ടിയും മരണത്തിനും ജീവിതത്തിനും ഇടയില്‍ നിവര്‍ന്നു കിടന്നു. വൃദ്ധന്റെ മുഖം വിവര്‍ണ്ണമായിരുന്നു. മരണത്തെ ഏറ്റവും വാങ്ങാന്‍ അയാള്‍ തയ്യാറായതുപോലെ ചുറ്റും നില്‍ക്കുന്നവരോട് എന്തൊക്കെയോ അവസാനമായി പറയാന്‍ അയാല്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ശരീരത്തിന്റെയുള്ളില്‍ എവിടെയൊക്കെയോ ഉടക്കി ഒന്നും പുറത്തേക്ക് വന്നില്ല. അയാളുടെ വലതുകൈ തന്നെ റോഡില്‍ നിന്നും എടുത്തുകൊണ്ടുവന്ന സിസ്റ്ററിന്റെ കൈയ്യോട് ചേര്‍ത്തു പിടിച്ചിരുന്നു. കൂടി നിന്നവര്‍ അയാളുടെ കഴുത്തിലെ ഉണങ്ങാത്ത കുഴിയോളം പോന്ന വൃണത്തെ സൂക്ഷിച്ചു നോക്കി നില്‍ക്കുകയായിരുന്നു. അയാള്‍ ഏതു ജാതിക്കാരനാണെന്നോ ഏതു മതക്കാരനാണെന്നോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചു കഴിഞ്ഞാല്‍ അയാളെ എങ്ങനെ സംസ്കരിക്കണമെന്ന ആലോചനകളും ചിലരുടെ മനസ്സില്‍ നടക്കുന്നു.

ഇടതു ഭാഗത്ത് മരണത്തിനെ കാത്തു കിടക്കുന്ന പെണ്‍കുട്ടിയെ സോനാഗച്ചിയില്‍ നിന്നാണ് ഇവിടെ കൊണ്ടുവന്നിരിക്കുന്നത്. അവളുടെ മുഖം സ്വര്‍ണ്ണത്തിന്റെ നിറം പ്രാപിച്ചു വരുന്നു. സോനാ ഗച്ചിയിലെ ഇരട്ടയാല്‍ മരങ്ങളുടെ പിറകിലെ മുസ്ലീം പള്ളിയുടെ മുറ്റത്ത് ബോധം കെട്ട് കിടക്കുകയായിരുന്നു അവള്‍. മയക്കുമരുന്നുകള്‍ നിറഞ്ഞതായിരുന്നു അവളുടെ രക്തം. അവളുടെ ശരീരം നിറയെ ചില്‍ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ പരസ്യങ്ങള്‍ പച്ചകുത്തിയിരുന്നു. ശരീരം നിറയെ പര്യങ്ങളുമായി അവള്‍ പള്ളിമുറ്റത്ത് ഒരു രാത്രി മുഴുവന്‍ കിടന്നു. മരിക്കുന്നവരുടെ ഭവനത്തില്‍ നിന്നും ആള്‍ക്കാര്‍ ചെല്ലുമ്പോള്‍ നഗരത്തിലെ കുറേ കറുത്ത നായ്ക്കള്‍ അവള്‍ക്കു ചുറ്റും കൂട്ടിനിരിക്കുന്നുണ്ടായിരുന്നു. പിഞ്ഞിയ വസ്ത്രങ്ങള്‍ക്കിടയിലും പച്ചകുത്തിയ പരസ്യങ്ങള്‍ മുഴച്ചു നില്‍ക്കുന്നുണ്ടായിരുന്നു. അവലെ പള്ളിമുറ്റത്തു നിന്നു എടുത്തുകൊണ്ട് പോകുമ്പോള്‍ അരയാല്‍ ഇലകള്‍ ഖുറായിലെ സൂക്തങ്ങല്‍ ഓതുന്നതുപോലെ മര്‍മ്മരം പൊഴിച്ചു, പള്ളിയ്ക്കെതിരെയുള്ള ഇടിഞ്ഞുപൊളിഞ്ഞ പുരാതനമന്ദിരങ്ങളില്‍ നിന്നും കുറേ കടവാവലുകള്‍ ഇരുട്ടിലേക്ക് പറന്നു പോയി അവളോടൊപ്പം പരസ്യങ്ങളൊന്നും പതിക്കപ്പെടാത്ത ഒരു കുഞ്ഞു ജീവന്‍ കൂടി അവളോടൊപ്പം മരിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് അധികമാരും അറിഞ്ഞിരുന്നില്ല.

വെര്‍ണ്ണികിന് തിരിച്ചറിവുണ്ടായി. തന്റെ വലത്തും ഇടത്തും മരണം ഒതുങ്ങി നില്‍ക്കുന്നു. ഇവരില്‍ ആരായിരിക്കും ആദ്യ മരിക്കുക? ഒരാള്‍ക്കു പിറകെ അടുത്തയാളും പൊകും. താഴത്തെ നിലയില്‍ നിന്നും ചിലരെ പുറത്തേയ്ക്ക് കൊണ്ടു പോകുകയും വേറെ ചിലരെ അകത്തേക്ക് കൊണ്ടു വരികയും ചെയ്യുന്നു. റോഡില്‍ കിടന്ന് നായ്ക്കളെ പോലെ മരിക്കുന്നതില്‍ നിന്നും അന്തസ്സോടെ മരിക്കാന്‍ സഹായിക്കുകയാണ് മരിക്കുന്നവരുടെ ഭവനത്തിന്റെ ശുശ്രൂഷകര്‍. വെര്‍ണിക് പുറത്തേക്ക് നോക്കി, തഴെ തെരുവാണ്, ജഡ്കകളും, ഓട്ടോറിക്ഷകളും പായുന്നു. റോഡിന്റെ അവസാനം ഭവാനിദേവിയുടെ ക്ഷേത്രമാണ് വിഴിനീളെ യാചകര്‍ നിരന്നിരിക്കുന്നു. അധികവുഇം വികലാംഗര്‍, മരണം വരെ അവിടെ ഇരിക്കാന്‍ വിധിക്കപ്പെട്ടര്‍. മരണത്തിനു മുന്നിലായി ചുരുണ്ടു വീഴുമ്പോള്‍ മരിക്കുന്നവരുടെ ഭവനത്തില്‍ നിന്ന് ആരെങ്കിലും എത്തും. അതാണ് ഭവാനിദേവി ക്ഷേത്രത്തിനു മുന്നില്‍ ഭിക്ഷക്കാരുടെ ഇത്രയധികം തിരക്ക്.

ഭവാനിക്ഷേത്രത്തിനപ്പുറം ഹൂഗ്ലിനദിയാണ്, ദിവസവും മരിച്ചവരുടെ ശവശരീരങ്ങള്‍ ഒഴുകിപോകുന്നത് കാണാം മരിക്കുന്നവരുടെ ഭവനത്തില്‍ നിന്നും വെര്‍ണ്ണിക് പുറത്തിറങ്ങുന്നതിനും ദിവസങ്ങള്‍ക്കു മുമ്പ് മരണം തന്റെ ഇരുവശങ്ങളില്‍ നിന്നും രണ്ടുപേരേയും കൊണ്ടുപൊയ്ക്കഴിഞ്ഞിരിന്നു. വീണ്ടും അലയാന്‍ തുടങ്ങണം. അലഞ്ഞുതിരിഞ്ഞുള്ള യാത്രയാണ് യാത്ര ലക്ഷ്യമില്ലാത്ത യാത്ര അതിന്റെ ഉത്തുംഗത ജീവിതത്തില്‍ വേറെന്തിനാണുള്ളത്? ഓരോ കിലോമീറ്റര്‍ കഴിയുമ്പോഴും ജീവിതങ്ങളുടെ പുതിയ പുതിയ മുഖങ്ങള്‍............. പ്രകൃതിയുടെ വ്യത്യസ്ത ഭാവങ്ങള്‍......

നാലുപാറ്റു തരിശുപാടങ്ങല്‍, പാടങ്ങള്‍ക്കു നടുവിലെ ചെമ്മണ്‍ പാതയില്‍ ഞാന്‍ മാത്രം. എന്റെ മുന്നേ ആരും നടക്കുന്നില്ല. എന്റെ പിറകിലായും ആരും നടക്കുന്നില്ല. ഈ ഭൂമിയില്‍ തന്നെ ഞാന്‍ ഒറ്റപ്പെട്ടു പോയതുപോലെ എനിക്ക് ആരുമില്ല. അല്ലെങ്കില്‍ തന്നെ ആര് ആര്‍ക്കാണുള്ളത്? വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ വരള്‍ച്ചയാണ് ഈ തരിശുപാടങ്ങളുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം മഴത്തുള്ളിയ്ക്കായി പ്രാര്‍ത്ഥിച്ച് പ്രാര്‍ത്ഥിച്ച് ജനങ്ങള്‍ കുടിയിറങ്ങിപോയിട്ട് വര്‍ഷങ്ങളായിരിക്കുന്നു. പാടങ്ങള്‍ക്കിരുവശമുള്ള വരുടെ വീടുകള്‍ പൊളിഞ്ഞു കിടക്കുന്നു. വൃക്ഷങ്ങള്‍ അറംപറ്റിയപ്പോലെ ശിഖരങ്ങള്‍ മാത്രം പേറി നില്‍ക്കുന്നു. മറിഞ്ഞുവീഴുക. അത്ര മാത്രമാണ് അവയുടെ അവസാനത്തെ ധര്‍മ്മം ഉടഞ്ഞുപോയ കളിപ്പാട്ടങ്ങളും പാത്രങ്ങളും വീടുകള്‍ക്കുള്ളില്‍ ഇടിഞ്ഞു വീണ ചുമരുകള്‍ക്കിടയില്‍ ചിതറി കിടപ്പൊണ്ട്. രണ്ടായിപിളര്‍ന്ന ദൈവങ്ങളുടെ പ്രതിമകള്‍ ദാഹജലത്തിനായി വാ തുറന്ന് കിടക്കുന്നത് പോലെ ചെമ്മണ്‍ പാതയുടെ ഒരു വശം സൂര്യ കാന്തിപ്പൂക്കളും മറുവശം കരിമ്പ് തോട്ടങ്ങളുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരിയ്ക്കളും നിലയ്ക്കാത്ത നൂറ് ഉറവകള്‍ ദസ്റാഹള്ളിയെന്ന ഈ ഗ്രാമത്തിലുയിരുന്നു. അവരുടെ കാര്‍ഷിക സമൃദ്ധി ദസ്റഹള്ളിയിലേക്ക് കയറുമ്പോള്‍ തന്നെ കാണാം. ഗ്രാമത്തിലെ കവാടത്തില്‍ അവരുടെ ഭീമാകാരമായ് കുലദൈവങ്ങളുടെ പ്രതിമകള്‍ എവിടെ നോക്കിയാലും ആല്‍മരങ്ങള്‍. അവയീല്‍ നിറയെ പക്ഷികളും കുരങ്ങന്മാരും പക്ഷികളിലധികവും മയിലുകളാണ്. ചോളപ്പാടത്ത് മയിലുകളുടെ കൂട്ടം തന്നെയുണ്ട്. ബീറ്റ്റൂട്ട് പാടങ്ങളുടേയും കാബേജ് പാടങ്ങളുടേയും നടുവില്‍ നില്‍ക്കുന്ന ആല്‍മരചുവട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്ന കര്‍ഷകരോടൊപ്പമിരിക്കുന്ന നായ്ക്കളും പൂച്ചകളും കുരങ്ങന്മാരും മയിലുകളും തത്തകളും അവിടത്തന്നെ വീണ് മരിച്ചുവോ? അതോ എവിടേയ്ക്കെങ്കിലും പാലയനം ചെയ്തുവോ? വെള്ളം അതില്ലെങ്കില്‍ വരള്‍ച്ച. വരള്‍ച്ച ദാരിദ്ര്യം കൊണ്ടു വരും ദാരിദ്ര്യം വന്നാല്‍ പാലയനം . എല്ലാ വേരുകളും മുറിച്ചു കളഞ്ഞുകൊണ്ടോരു ദേശാടനം ഒരര്‍ത്ഥത്തില്‍ എന്നെപ്പോലെ ദേശാടനം എന്ന തീര്‍ത്ഥാടനം. പക്ഷേ പാലായനം അതിന്റെ അവസ്ഥ. ദുരന്തം തന്നെയാണ് ജീവിതത്തില്‍ നേടിയതു മുഴുവന്‍ ഉപേക്ഷിച്ചു പോകേണ്ട അവസ്ഥ ദസ്റഹള്ളിയില്‍ ഇപ്പോള്‍ ആരുമില്ല. നൂറ് ജലസ്രോതസ്സുകളില്‍ ഇപ്പോള്‍ കന്മാദപ്പാറകള്‍ ഉറഞ്ഞു കൂടിയിരിക്കുന്നു. ഒരര്‍ത്ഥത്തില്‍ ദസ് റഹള്ളി മറ്റൊരു മരുഭൂമി തന്നെയല്ലെ? ഓരോ പാടവും ഇപ്പോള്‍ വിലയ്ക്കു വാങ്ങിയിരിക്കുന്നത് ചുവന്ന് തടിച്ച ഒരു മനുഷ്യനാണ്. അയാള്‍ ദസ് റഹള്ളിയെ ഏതാണ്ട് മൊത്തത്തില്‍ വിലയ്ക്കു വാങ്ങിയിരിക്കുകയാണ്. അയാള്‍ വിലയ്ക്കു വാങ്ങിയ പാടങ്ങളിലെല്ലാം ഓരോ ചുവന്ന ബോര്‍ഡ് വച്ചിട്ടുണ്ട്. അതിലെല്ലാം This Site acquired for multipurpose projects എന്ന് എഴുതി ചേര്‍ത്തിട്ടുണ്ട്.

തിരിച്ചു നടന്നാലോ? വെര്‍ണ്ണിക്കിന് സന്ദേഹം, ദാഹിക്കുന്നുമുണ്ട്. മുമ്പ് ദാഹിച്ചാല്‍ അരയാല്‍ത്തറയില്‍ ഗ്രാമത്തിലെ മുത്തശ്ശിമാര്‍ കൂട്ടം കൂടിയിരുന്ന് വഴിപോക്കര്‍ക്ക് തണുത്തവെള്ളം കൊടുത്തുരുന്നു. അവിടെ ഇപ്പോള്‍ കുറേ കരിങ്കല്ലുകള്‍ മാത്രം അവശേഷിക്കുന്നു. ഓരോ മുത്തശ്ശിയും ഓരോ കരിങ്കല്ലായതു പോലെ ചുവന്ന മനുഷ്യന്‍ കരിങ്കല്ലുകള്‍ അവിടവിടെ കൂട്ടിയിട്ടിരിക്കുന്നു. പെട്ടെന്ന് കറുത്ത് മെല്ലിച്ച കുറേ കുട്ടികള്‍ വെര്‍ണ്ണിക്കിന്റെ എതിരേ കടന്നുപോയി. അവരുടെ കൈകളില്‍ എല്ലാത്തരം ദൈവങ്ങളുടേയും ശില്പങ്ങളുണ്ടായിരുന്നു. എല്ലാം വര്‍ണ്ണ ശില്‍പ്പങ്ങള്‍ തന്നെ. രാമനും കൃഷ്ണനും ബുദ്ധനും യേശുക്രിസ്തുവുമൊക്കെ അവരുടെ കൈയ്യിലുണ്ട്. കുറച്ചുകഴിഞ്ഞപ്പോഴാണ് അവര്‍ തെക്കോട്ട് പാലായനം ചെയ്യുന്നവരാണെന്ന് മനസ്സിലായത്. ദൈവങ്ങളുടെ നഗരങ്ങളില്‍ അതാത് ദൈവങ്ങളുടെ പ്രതിമകള്‍ക്ക് നല്ല മാര്‍ക്കറ്റാണെന്നുള്ള മാര്‍ക്കറ്റിംഗ് തന്ത്രമാണ് അവരുടെ പാലായനയാത്രയില്‍ നിന്നും ഊഹിച്ചെടുത്തത്. എന്തും വിറ്റ് കാശാകുന്ന ഇക്കാലത്ത് അവര്‍ അവരുടെ വയറിനുവേണ്ടി ദൈവങ്ങളെ തന്നെ വില്‍ക്കുന്നതില്‍ എന്താണ് തെറ്റ്?

നിറഞ്ഞു കിടക്കുന്ന വെള്ളരിപ്പാടങ്ങളും ഇപ്പോള്‍ മരുഭൂമിതന്നെ. പാകമായ വെള്ളരി പൊട്ടിച്ചെടുക്കുന്ന സ്ത്രീകള്‍ ദസ്റാഹള്ളിയില്‍ എന്നും തിരക്കുള്ളവരായിരുന്നു. തിരിഞ്ഞുനോക്കിയാല്‍ സുഗന്ധം പൊഴിച്ചു നില്‍ക്കുന്ന കുറ്റിമുല്ലപാടം ഇപ്പോള്‍ പര്യവേക്ഷണങ്ങള്‍ക്ക് തയ്യാറായി കിടക്കുന്നു. ചുവന്ന മനുഷ്യന്റെ മണ്ണു മാന്തിയന്ത്രങ്ങള്‍ കുറ്റിമുല്ലപ്പാടത്ത് നിരയായി കിടക്കുന്നു.

എന്താണ് അയാളുടെ ഉദ്ദേശം? അയാള്‍ക്ക് ഒരുപാട് ലക്ഷ്യങ്ങളും ഒരുപാട് മാര്‍ഗ്ഗങ്ങളുമുണ്ട്. അയാളൊരു ജിയോളജിസ്റ്റായിരുന്നു. ഗോഹാട്ടിയില്‍ കുറേക്കാലം ചീഫ് എഞ്ചിനീയറായി ഭൂമിയുടെ ആഴങ്ങള്‍ നന്നായി അളന്നു തിട്ടപ്പെടുത്തിയ മനുഷ്യനായിരുന്നു. ഭൂമിയുടെ പുറംതോടിനേക്കാള്‍ അയാള്‍ സ്നേഹിച്ചത് ഭൂമിയുടെ ഉള്ളറകളെയാണ്. ഭൂമിയുടെ ഗര്‍ഭപാത്രം തോണ്ടലാണ്. അയാളുടെ പണി അയാളുടെ പക്ഷപ്രകാരം അതിന്റെയുള്ളില്‍ നിന്നു വരുന്ന ആര്‍ത്തവ രക്തമാണ് പെട്രോള്‍ എന്തെല്ലാം അടുക്കിയടുക്കിയാണ് ഭൂമി കിടക്കുന്നത്. അടിയില്‍ അഗ്നിയും ജലവും പേറി കിടക്കുന്ന ഭൂമിയെ അറിയണമെങ്കില്‍ അവളെ കുഴിച്ച് കുഴിച്ച് നോക്കുകതന്നെ വേണം. അയാള്‍ ചിരിച്ചു. നിര തെറ്റിയ വെള്ളാരങ്കല്ലുകളെപ്പോലെ അയാളുടെ പല്ലുകള്‍ ദസ്റഹള്ളിയെ ആക്കി മാറ്റാന്‍ ഒരുമ്പെട്ട് നില്‍ക്കുന്നു.

എപ്പോഴാണ് ഞാനൊറ്റപ്പെട്ടു പോയത്? എന്റെ ഒറ്റപ്പെടലിനു ദസ്റഹള്ളിക്ക് ഒരു പങ്കുണ്ട് ദക്ഷിണ കാളിഘട്ടിനൊരു പങ്കുണ്ട്. സോനാഗച്ചിയ്ക്കൊരു പങ്കുണ്ട്. ഈ ഭൂമിയിലെ എല്ലാ പ്രദേശങ്ങള്‍ക്കും പരീക്ഷമായി ഒരു പങ്കുണ്ട്. ഈ ലോകത്തെ ജനങ്ങള്‍ക്കൊരു പങ്കുണ്ട്. അവര്‍ക്ക് ഞാനെന്നും ഒറ്റയായി അലഞ്ഞു തിരിഞ്ഞ് നടക്കുന്നത് കാണാനാണ് ആഗ്രഹം. എന്നെ തിരസ്കരിക്കാന്‍ അവര്‍ മത്സരിച്ചു അര്‍ദ്ധരാത്രിയില്‍ മിന്നലുകള്‍ക്കും മഴവള്ളികള്‍ക്കും നടുവില്‍ ഉള്ളിപ്പാടത്തിനു കാവല്‍ നില്‍ക്കുമ്പോള്‍ വെര്‍ണ്ണിക് അറിഞ്ഞിരുന്നില്ല അത്
ദസ് റഹള്ളിയില്‍ പെയ്യുന്ന അവസാന മഴയാണെന്ന് കുലദൈവങ്ങളെല്ലാം മഴയില്‍ നനഞ്ഞു മിന്നലുക്കള്‍ ഭൂമിയെ അവിടവിടെ കീറി. മഴയുടെ ട തണുപ്പ് ഗ്രാമീണരെ മുഴുവന്‍ ഉറക്കത്തിലാഴ്ത്തിയപ്പോള്‍ അര്‍ദ്ധരാത്രിയില്‍ പ്രളയം രൂപപ്പെടുന്നത് വെര്‍ണ്ണിക് മാത്രമാണ് കണ്ടത്. രാത്രിയിലെ പ്രളയം വെളുക്കുമ്പോള്‍ കാണില്ല എന്നാണ് വയ്പ് വെര്‍ണ്ണിക് ഉള്ളിപ്പടത്തിനു നടുവിലെ ആല്‍മരത്തില്‍ വലിഞ്ഞു കയറി. മയിലുകള്‍ പേടിച്ചരണ്ടിരിക്കുന്നു. കുലദൈവങ്ങള്‍ കാവല്‍ നില്‍ക്കുന്ന ഗ്രാമകവാടത്തിലൂടെ വെള്ളം കുത്തിയൊലിക്കാന്‍ തുടങ്ങി. തൊട്ടടുത്ത ഗ്രാമമായ നൂര്‍ഹള്ളി പ്രളയത്തില്‍ ഒന്നാക് ഒഴുകി വരികയാണ്. ആല്‍മരത്തിന്റെ മുകളിലിരുന്ന് വെര്‍ണ്ണിക് കണ്ടു. നൂര്‍ഹള്ളി പുകയിലയുടേയും വേശ്യകളുടേയും ഗ്രാമമാണ്. പുകയിലപാടങ്ങളും വേശ്യാകളും ഒന്നിനു പിറകെ ഒന്നായി ഒഴുകി വരുന്നുണ്ട്. ശിശുക്കളും മൃഗങ്ങളും ദസ് റഹള്ളിയിലെ സൂര്യകാന്തിപ്പാടങ്ങളില്‍ വന്നടിഞ്ഞു. സര്‍വ്വനാശത്തിനും സാക്ഷിയായി വെര്‍ണ്ണിക്കും മയിലുകളും ആല്‍മരത്തില്‍ തന്നെയിരുന്നു. ആരെയും വിളിച്ചുണര്‍ത്താന്‍ വെര്‍ണ്ണിക്കിനു തോന്നിയില്ല.

നേരെ വെളുത്തപ്പോള്‍ ഗ്രാമീണര്‍ കണ്ടത് തങ്ങളുടെ പാടങ്ങളില്‍ അടിഞ്ഞു കിടക്കുന്ന ശിശുക്കളേയും വേശ്യകളേയുമായിരുന്നു. ആല്‍മരത്തിലിരുന്ന് ഉറങ്ങുന്ന വെര്‍ണ്ണിക്കിനെ കണ്ട് അവര്‍ കോപാകുലാരായി. വെര്‍ണ്ണിക്കിന്റെ പ്രദേശമായ ഉള്ളിപ്പാടത്ത് നാലു ശിശുക്കളും ദേവകന്യകയെന്നു തോന്നിക്കുന്ന ഒരു വേശ്യയും ചത്ത് കിടന്നിരുന്നു.വെര്‍ണ്ണിക്ക് ആല്‍മരത്തിലിരുന്ന് വിറയ്ക്കാന്‍ തുടങ്ങി. മയിലുകള്‍ കൂട്ടത്തോടെ ആല്‍മരത്തില്‍ നിന്നും പറന്നുയര്‍ന്നു വെര്‍ണ്ണിക്കിനെ തിരിഞ്ഞു നോക്കി നോക്കി അവ കിഴക്കുദിക്കിനെ നോക്കി പറന്നു പോയി. പിന്നെയവ ദസ് റാഹള്ളിയിലേക്ക് മടങ്ങിവന്നില്ല. മയിലുകള്‍ മറഞ്ഞപ്പോള്‍ മാംസം ഭക്ഷിക്കാനായി കിഴക്കുദിക്കില്‍ നിന്നും കുറേ കഴുകന്മാര്‍ പറന്നെത്തി, അവ ശിശുക്കളെ കൊത്തി തിന്നാന്‍ തുടങ്ങി.

നാട്ടുകാരുടെ കല്ലേറേറ്റ് വെര്‍ണ്ണിക് താഴെ വീണു പക്ഷേ ആരും അയാളുടെ അരികിലേക്ക് അടുത്തില്ല. നിലത്തു വീണുകിടക്കുന്ന വെര്‍ണ്ണിക്കിനെ കഴുകന്മാര്‍ കഴുത്ത് തിരിച്ച് നോക്കി. അവരുടെ എല്ലാം നഷ്ടപ്പെടുത്തിയത്. വെര്‍ണ്ണിക്കാണ്, വീണ്ടും നാട്ടുകാര്‍ അയാളെ കല്ലെറിയാന്‍ തുടങ്ങി. ഉള്ളിപ്പാടത്ത് അയാളുടെ ചോര വീണു അയാള്‍ മണ്ണിനെ പിടിച്ചു കിടന്നു തല ഉയര്‍ത്താനാവാതെ.

നാട്ടുകാരോട് അരുതെന്ന് പറയാന്‍ കഴിയാതെ കുറച്ചുദൂരെ ഒരു സ്ത്രീയും മൂന്നു കുട്ടികളും നിന്ന് കരയുന്നുണ്ടായിരുന്നു. അരും അവരുടെ കരച്ചില്‍ കേട്ടില്ല ഇനിയില്ലാത്ത അവരുടെ ജീവിത ദേഷ്യമാണ് അവര്‍ അയാളോട് തീര്‍ത്തത് ഒരു അപകടം വന്നാല്‍ ആ അപകടത്തോടൊപ്പം മരിക്കുകയാണ് ദസ്റാഹള്ളിക്കാര്‍ ചെയ്യുക. അതിന് ഇത്തവണ്‍ തടസ്സം നിന്നത് വെര്‍ണ്ണിക്കാണ് ആ പ്രളയത്തില്‍ എല്ലാവരും മരിക്കേണ്ടവരായിരുന്നു. കാവല്‍ നില്‍ക്കുന്നവരും അവന്റെ കുടുംബത്തിനും വിശുദ്ധി നഷ്ടമാവുമ്പോഴാണ് പ്രളയമുണ്ടാവുക!

അവര്‍ അയാളെ കല്ലെറിയുന്നത് നിര്‍ത്തി കരഞ്ഞുകൊണ്ടു നിന്ന് അയാളുടെ പെണ്‍ മക്കളുടേയും ഭാര്യയുടേയും നേര്‍ക്ക് അവര്‍ തിരിഞ്ഞു.
“അവനെ എറിഞ്ഞോടിക്ക്”
കുറേ കല്ലുകള്‍ അവര്‍ക്ക് നല്‍കിയശേഷം കൂടെ നിന്നവര്‍ അലറി.
അലര്‍ച്ച കൂടി വന്നപ്പോള്‍ അയാളുടെ ഭാര്യയും മക്കളും കരഞ്ഞുകൊണ്ട് അയാളെ കല്ലെറിഞ്ഞു.
“ഇരിക്കെവിടെ”
ആ സ്ത്രീയോടെ വീണ്ടുമവര്‍ അലറി.

പെട്ടെന്നൊരാള്‍ ആ സ്ത്രീയുടെ മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കാന്‍ തുടങ്ങി. പിന്നീട് കണ്ടത് അവളുടെ തലമുണ്ഡനം ചെയ്ത് മുടി അയാളുടെ ദേഹത്തേയ്ക്ക് വലിച്ചെറിയുന്നതാണ്.

ഇളയ മകനെ പിടിച്ചുവലിച്ച് ശവം കടിച്ചു തിന്നാന്‍ വന്ന് ഒരു നായയുമയി ചേര്‍ത്തു നിര്‍ത്തി ഇലകള്‍ കൊണ്ടുള്ള മാലയിടീച്ച് ശ്വാന വിവാഹം നടത്തി അവരുടെ നാശത്തില്‍ നിന്നും രക്ഷ നേടാന്‍ ഒരാള്‍ കണ്ടെത്തിയ പോവഴി.
“ഇവര്‍ ഇനി ഇവിടെ വേണ്ട”
ആള്‍ക്കൂട്ടം ഗര്‍ജ്ജിച്ചു
അവര്‍ വീണ്ടും കല്ലുകള്‍ ചെറുക്കാന്‍ തുടങ്ങി.

കല്ലുകള്‍ അമ്മയുടേയും മക്കളുടേയും നേര്‍ക്ക് ചീറപ്പായാന്‍ തുടങ്ങി. മക്കളേയും പിടിച്ചുകൊണ്ട് അവര്‍ ഓടി. പിറകെ ആള്‍ക്കൂട്ടവും ഓടുന്ന അവരുടെ വസ്ത്രങ്ങള്‍ മുഴുവന്‍ അവര്‍ വലിച്ചു പറിച്ചു. ഉടുവസ്ത്രത്തെ മറന്ന് മക്കളേയും പിടിച്ചുകൊണ്ട് അവര്‍ ഗ്രാമകവാടത്തിലെ കുല ദൈവങ്ങള്‍ക്കടുത്തെത്തി.

പിന്നെ യൊന്ന് തിരിഞ്ഞുനോക്കി.

അവരുടെ കണ്ണുകളില്‍ നിന്ന് വരള്‍ച്ചയുടെ വിത്തികളും ഭ്രാന്തിന്റെ വിത്തുകളും അവിടെ വീണു. അത് പാടങ്ങളിലേക്ക് മെല്ലെ പരന്നു.

ഇരുട്ടും രാത്രിയും കഴുകന്മാരും നാട്ടുകാരും വെര്‍ണ്ണിക്കിന്റെ പ്രദേശത്തെ ചുറ്റിനിന്നു. ഉള്ളി അഴുകാന്‍ തുടങ്ങി. പ്രയശവങ്ങള്‍ അപ്പോഴും അവിടെതന്നെയുണ്ടായിരുന്നു.

വെര്‍ണ്ണിക് ഇഴഞ്ഞു നീങ്ങി. കുലദൈവങ്ങളുടെ പ്രതിമകളില്‍ ചാരിയിരുന്നു. അയാളുടെ ഭാര്യയും മക്കളും അപ്പോഴേക്കും വേറൊരാള്‍ക്കൂട്ടത്തില്‍ പെട്ട് പല വഴിക്കായി ക്കഴിഞ്ഞിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ പ്രദേശത്ത് ഇപ്പോള്‍ ഡ്രില്ലിംഗ് നടക്കുകയാണ് അന്ന് തന്നെ കല്ലെറിഞ്ഞ ആരേയും കാണാനില്ല. എല്ലാവരും ഉന്മാദരോഗം വന്ന് കിട്ടിയതൊക്കെ പെറുക്കി അലഞ്ഞു തിരിയുന്നുണ്ടാവും.

ചുവന്ന മനുഷ്യന്‍ എല്ലാ ദിക്കുകളിലേക്കും നോക്കി കിഴക്ക് ഇരുണ്ടു തുടങ്ങുന്നു പടിഞ്ഞാറ് അസ്തമയച്ചടങ്ങുകള്‍ തെക്കു വടക്കും വിളറി നിന്നു. മണ്ണുമാന്തി യന്ത്രങ്ങള്‍ പണി തുടര്‍ന്നുകൊണ്ടേയിരുന്നു. അയാള്‍ക്ക് അദ്യമാദ്യം അരയാ‍ലിന്റെ വേരിറങ്ങിയ വരണ്ട മണ്ണ് ലഭിച്ചു. പിന്നെയും കുഴിച്ചപ്പോള്‍ കല്‍ക്കരി ലഭിച്ചു. പിന്നെയും കുഴിച്ചപ്പോള്‍ എന്നോ മണ്ണിനടിയിലായിപ്പോയ പേരറിയാത്ത സംസ്ക്കാര രൂപങ്ങളെ കണ്ടു പിന്നെയും പിന്നെയും കുഴിച്ചിട്ടും കുഴിച്ചിട്ടും വെള്ളത്തിന്റെ ഒരു തരി മാത്രം കണ്ടില്ല. മറിച്ച് തുളുമ്പി മറിയാന്‍ വെമ്പികിടക്കുന്ന ലാവയുടെ കൊഴുപ്പ് പരന്നു കിടക്കുന്നത് കണ്ടു. അത് ദസ് റാഹള്ളിയിലെ പാടങ്ങളുടെ അടിയില്‍ അങ്ങനെ പരന്നു കിടക്കുകയാണ്.

ഒരിക്കള്‍ കൂടി തനെ പ്രദേശം കണ്ടശേഷമാണ് വെര്‍ണ്ണിക് ജയപൂരിലേക്ക് ട്രെയിന്‍ കയറിയത്. അവിടെ നിന്നും ഇക്തവരെ ഹരിമിശ്ര സഹയാത്രികനായിരുന്നു, ഇക്തയില്‍ നിന്നുമാണ് അയാള്‍ക്ക് വയ്പുകാലുകള്‍ കിട്ടിയിരുന്നത്. അത് വാങ്ങാനാണ് അയാള്‍ അവിടെ ഇറങ്ങിയത്. ഒരു ഉറക്കത്തിലും രാത്രിയിലുമായാണ് അയാളുടെ രണ്ട് കാലുകളും അറുത്ത് മാറ്റപ്പെട്ടത്. അയാള്‍ അവിടെ ഇറങ്ങുമ്പോഴും തുടര്‍ച്ചയായി നമശിവായ് ഉരുക്കഴിച്ചുകൊണ്ടിരുന്നു.

ഒടുവില്‍ മരുഭൂമിയിലെത്തിയിരിക്കുന്നു. മണലിന്റെ സൌന്ദര്യം വന്യമാണ് ചിരിച്ചുകൊണ്ട് കൊല്ലും അവസാനത്തെ ഓര്‍മ്മകള്‍ക്ക് ഭാര്യയുടേയും മക്കളുടേയും നേര്‍ത്ത നനുപ്പാണ്. അജ് മീറില്‍ വച്ച് എതിരേ വന്ന പ്രവാചകന്‍ പറഞ്ഞത് ഇപ്പോഴും മറന്നിട്ടില്ല. പെട്ടെന്ന് മറക്കാനും പറ്റില്ല....... നിങ്ങളുടെ ഭാര്യ ഇപ്പോള്‍ ഗര്‍ഭിണിയാണ് അവള്‍ വിശപ്പടക്കാന്‍ ഒരു കഷ്ണം റൊട്ടി മോഷ്ടിച്ചതിന് ബലാത്സംഗം ചെയ്യപ്പെട്ടു പിന്നീട് വിശപ്പ് വരുമ്പീഴൊക്കെ അവള്‍ ബലാത്സംഗം ഇഷ്ടപ്പെട്ടു............ നിങ്ങളുടെ ഒരു മകള്‍ മരുക്കുന്നവരുടെ ഭവനത്തില്‍ വച്ച് നിങ്ങളുടെ വലതുഭാഗത്ത് കിടന്ന് മരിച്ചിട്ടും നിങ്ങള്‍ത് തിരിച്ചറിഞ്ഞില്ല...... നിങ്ങളുടെ മറ്റൊരു മകള്‍ അവളുടെ അച്ഛനേയും അമ്മയേയും അന്വേഷിച്ച് ആകാശത്ത് കിടന്ന് അലയുകയാണ്. നിങ്ങളുടെ മകനാകട്ടെ ദൈവങ്ങളുടെ പ്രതിമകളുമായി തകര്‍ന്നുപോയ ക്ഷേത്രങ്ങളുടെ മുന്നിലിരിക്കുകയാണ്.......... അവന്റെ വിശപ്പിനിപ്പോള്‍ കരിഞ്ഞ ചോരയുടെ മണമാണ്.........

വെര്‍ണ്ണിക് മരുഭൂമിയെ നോക്കി ചിരിച്ചു. ആ ചിരിയില്‍ ശ്രീബുദ്ധന്റെ ഒരു ഗൂഡസ്മിതം അലിഞ്ഞു ചേര്‍ന്നിരുന്നു. ഇതാണ് എന്റെ പ്രദേശം. വെര്‍ണ്ണിക് മുട്ടുകുത്തിയിരുന്നു. പിന്നീട് തല മണലിലേക്ക് പൂഴ്ത്താന്‍ തുടങ്ങി. അയാളുടെ മുഖം മണലിന്റെ മേല്‍പ്പാട തുരന്ന് ഉള്ളിലേക്കും അവിടെ നിന്ന് പിന്നെയും ഉള്ളിലേക്ക് നീണ്ടു നീണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ വെര്‍ണ്ണിക് ഒരു കാഴ്ച് കണ്ടു മരുഭൂമിയുടെ അടിയില്‍ക്കിടന്ന് അലറിച്ചിരിക്കുന്ന ശ്രീബുദ്ധനെ . അപ്പോഴേക്കും മാനത്ത് നിന്നും രണ്ട് നക്ഷത്രങ്ങള്‍ വെര്‍ണ്ണിക്കിന്റെ അരികിലായി മരുഭൂമിയിലേക്കടര്‍ന്നു വീണു. മണലില്‍ കിടന്ന് അവ തിളങ്ങി. നക്ഷത്രങ്ങളുടെ തിളക്കം കാണാന്‍ ഉറങ്ങാന്‍ തുടങ്ങിയ ഒട്ടകങ്ങള്‍ കൂട്ടത്തോടെ വെര്‍ണ്ണിക്കിന്റെ അരികിലേക്ക് മെല്ലെ മെല്ലെ എത്താന്‍ തുടങ്ങി..........ഒട്ടകപക്ഷികളാകട്ടെ അപ്പോഴും ഉറക്കം തന്നെ........

സുധീരന്‍. എം.എസ്.


-, തിരുവന്തപുരം,



Your response will be e-Mailed to the poster.