മനം കുളിര്‍ക്കുന്ന കാട്‌

മിഴികള്‍ മുകളിലേക്കുയര്‍ത്തി സീറ്റില്‍ ചാരിയിരുന്ന്‌ ടോം ഓര്‍ത്തു.

"വിശ്വം നീ പറഞ്ഞ്‌ പുകഴ്‌ത്തിയ, മനസ്സിന്‌ കുളിരേകിയ, പച്ച പട്ട്‌ വിരിച്ച, ദൈവീക ചൈതന്യം കുടികൊളളുന്ന, നിന്റെ നാട്ടിലേക്ക്‌, ദൈവത്തിന്റെ നാട്ടിലേക്ക്‌, നീ ഓര്‍ക്കാറുളള, പറയാറുളള, നിന്റെ മനം കുളിര്‍ക്കുന്ന നാട്ടിലേക്ക്‌, നീയില്ലാതെ... ഞാനിതാ..."

വലിയ കമ്പിളി പുതപ്പ്‌ വലിച്ച്‌ പുതച്ച്‌ മൗനമായ്‌ ശൂന്യതയിലേക്ക്‌ നോക്കിയിരുന്നു ടോം. ചിന്തോളങ്ങളില്‍ മുങ്ങിതാഴുന്ന മനസ്സ്‌ തളര്‍ന്ന്‌, തളര്‍ന്ന്‌, പോകുമ്പോലെ. ശക്തിയായ തണുപ്പില്‍ പല്ലുകള്‍ കൂട്ടിയിടിക്കുന്നു. വാഹനത്തില്‍നിന്നും കേള്‍ക്കുന്ന ഭക്തി നിര്‍മ്മലമായ സംഗീതം അയാളുടെ മനസ്സിന്‌ ശാന്തതയേകി.

ശക്തിയായ കൂരിരുട്ടില്‍ വഴിബള്‍ബുകള്‍ തെളിഞ്ഞ്‌ കാണാം. ഒരിക്കല്‍ തന്റെ നാടിനെ കുറിച്ച്‌ വിശ്വത്തിനോട്‌ പറഞ്ഞത്‌ ടോം ഓര്‍ത്തു.

"നോക്കൂ... വിശ്വം, തന്റെ നാടിനെപോലെയാണ്‌ എന്റെ നാടും. ഈ വന്‍ നഗരത്തിലെ കൂരിരുട്ടിലേക്കൊന്ന്‌ നോക്കൂ.. വര്‍ണ്ണപൊട്ടുപോലെയുളള ബള്‍ബുകളുടെ ആ തിളങ്ങുന്ന സൗന്ദര്യം. എത്ര തേജോമയമാണ്‌ അല്ലേ?"

"ഇല്ല ടോം, എല്ലാ പ്രകൃതിയുടെ മായാവലയങ്ങളാണ്‌. കറണ്ടില്ലെങ്കില്‍ ഈ വര്‍ണ്ണസൗന്ദര്യം നാം ആസ്വദിക്കുന്നതെങ്ങനെ? ഈ അന്ധകാരവും, സൗന്ദര്യവും പ്രകൃതിയുടെ വെറും പടച്ചട്ട മാത്രം. പക്ഷെ... സൂര്യനുദിച്ച്‌ കഴിഞ്ഞാല്‍ പ്രകൃതി തന്റെ പടച്ചട്ട ഊരിവയ്‌ക്കുന്നു. നോക്കൂ ടോം... ആ ആനന്ദം ഒന്ന്‌ വേറെ തന്നെയാണ്‌. അതാണ്‌ എന്റെ നാട്‌. മനം കുളിര്‍ക്കുന്ന നാട്‌."

"എങ്കില്‍ എനിക്ക്‌ ധൃതിയാകുന്നു വിശ്വം തന്റെ നാട്‌ കാണാന്‍."

"ശരി ഒരുദിവസം നമുക്ക്‌ ഒരുമിച്ച്‌ പോകാം. ലീവ്‌ ഒന്ന്‌ കിട്ടിക്കോട്ടെ ടോം."

"എല്ലാം നിന്റെ ഇഷ്‌ടംപോലെ വിശ്വം."

സമയം പോകുന്തോറും ടോമിന്‌ ആകാംക്ഷയേറി. "തന്റെ വിശ്വത്തിന്റെ നാടുകാണാന്‍ തന്റെ മിഴികള്‍ക്ക്‌ ധൃതിയായി. പ്രകൃതി.... നീ.. നിന്റെ പടചട്ട ഒന്നഴിച്ചുമാറ്റൂ. എന്റെ വിശ്വത്തിന്റെ നാട്‌ കാണാന്‍ എന്റെ മിഴികളിതാ... കൊതിക്കുന്നു.." അയാള്‍ മൗനമായി പുലമ്പിക്കൊണ്ടേയിരുന്നു.

"എന്താ... സാര്‍, ഉറങ്ങുകയാണോ? പിച്ചും പേയും പറയുന്നതുപോലെ" ഡ്രൈവര്‍ ചോദിച്ചു.

ടോം പെട്ടെന്ന്‌ കണ്ണു തുറന്നു. എന്നിട്ട്‌ ചോദിച്ചു! "എന്താ... ചോദിച്ചത്‌?"

"ഉറക്കത്തില്‍ എന്തോ പുലമ്പുന്നതുകേട്ടു."

"ഏയ്‌ ഒന്നുമില്ല; ഇനി എത്ര ദൂരം ഉണ്ട്‌."

"ഏകദേശം ഒരു രണ്ടു കിലോമീറ്റര്‍. അത്രേയുളളു."

"ഉം. ടോം മൂളി.

"സര്‍, ആദ്യമായിട്ടാണോ? ഇവിടെ."

"അതെ. ഈ വര്‍ഷം ഇതുവരെയില്ലാത്ത തണുപ്പാണിവിടെ. പ്രകൃതി ഇവിടേയും മാറിമറിയുന്നു സാര്‍."

"ഉം, അയാള്‍ മൂളി. വിജനമായ അന്തരീക്ഷത്തിലെവിടെയോ? ഒരു റാന്തല്‍ വെളിച്ചം പ്രത്യക്ഷപ്പെട്ടു.

"ആ കാണുന്നതാ.. സാര്‍ പറഞ്ഞ സ്ഥലം. ദാമോദരന്‍ ചേട്ടന്റെ കട അതാണ്‌. വേറെയും ദാമോദരന്‍ ചേട്ടന്‍മാര്‍ ഇവിടെ കാണും സാര്‍. എന്തായാലും ഇവിടെ ഇറങ്ങിക്കോളൂ... സമയം അഞ്ച്‌ മണി കഴിഞ്ഞിരിക്കുന്നു."

"ഇവിടെ വീടൊന്നും കാണുന്നില്ലല്ലോ?"

"കുറച്ച്‌ ഉളളിലേക്ക്‌ നടക്കണം. ആ ചായക്കടക്കാരോട്‌ ചോദിച്ചോളൂ." ഡ്രൈവര്‍ ഡിക്കിതുറന്ന്‌ പെട്ടി എടുത്ത്‌ പുറത്തേക്ക്‌ വച്ചു. കൂലി കൊടുത്തു കൊണ്ട്‌ അയാള്‍ പറഞ്ഞു. "ഒരു ചായയാകാം."

"വേണ്ട സാര്‍, എനിക്ക്‌ അല്‌പം ധൃതിയുണ്ട്‌." കാര്‍ കണ്‍മുമ്പില്‍ നിന്നും മറയുന്നത്‌ വരെ ടോം നോക്കി നിന്നു. എന്നിട്ട്‌ ബാഗുമെടുത്ത്‌ കടയിലേക്ക്‌ നടന്നു. കടക്കുളളില്‍നിന്നും കടക്കാരന്‍ എത്തിനോക്കി. ദേഹമാകെ കമ്പിളി വസ്‌ത്രങ്ങളണിഞ്ഞ്‌, തലയില്‍ ഒരു മങ്കിതൊപ്പിക്കുളളില്‍ നിന്നും രണ്ട്‌ കണ്ണുകള്‍ മാത്രം പുറത്ത്‌ കാണാം.

"ആരാ.." കടക്കാരന്‍ എത്തിനോക്കി ചോദിച്ചു.

"കുറച്ച്‌ അകലെ നിന്നാ..."

"ഒരു ചായ എടുക്കട്ടെ."

"ഉം, ടോം മൂളി. അല്‌പസമയത്തിനുളളില്‍ ആവി പറക്കുന്ന ചായയുമായി വന്ന കടക്കാരന്‍ ചോദിച്ചു.

"അകലെന്ന്‌ വച്ചാല്‍."

"വിദേശത്ത്‌ നിന്ന്‌.."

"അപ്പോള്‍ മലയാളം തിരിയുമോ?" അത്ഭുതം കൂറുന്ന മുഖഭാവത്തോടെ അയാള്‍ ചോദിച്ചു.

"അറിയാം, എന്റെ സുഹൃത്ത്‌ മലയാളിയായിരുന്നു. ഞങ്ങള്‍ ഒരുമിച്ച്‌ വര്‍ഷങ്ങള്‍ ജോലി ചെയ്‌തിട്ടുണ്ട്‌."

"ഇവിടെ..?"

"ആ സുഹൃത്തിന്റെ വീട്ടിലേക്ക്‌.."

"വീട്‌ എവിടെയാണെന്നറിയാമോ?"

"അറിയില്ല? കണ്ടെത്തണം."

"പേര്‌ പറഞ്ഞാല്‍ ചിലപ്പോള്‍ ഞാനറിയുമായിരിക്കും." കടക്കാരന്‍ അല്‌പം പുഞ്ചിരിയോടെ പറഞ്ഞു.

അയാള്‍ കടക്കാരന്റെ മിഴികളിലേക്ക്‌ സൂക്ഷിച്ച്‌ നോക്കി. ഒരു നിമിഷം അയാളുടെ മനസ്സില്‍ കൊടുങ്കാറ്റടിച്ചുയരുമ്പോലെ. ആ പേര്‌ ഉച്ചരിക്കാന്‍ തനിക്ക്‌ കഴിയുമോ? മിഴികളില്‍ നിന്നും രണ്ടു തുളളി കണ്ണുനീര്‍ നിലത്തു വീണ്‌ ചിതറി തെറിച്ചു. അയാള്‍ അവിടെനിന്നും എഴുന്നേറ്റ്‌ വിശാലമായ അന്തരീക്ഷത്തിലേക്ക്‌ നോക്കി. അകലെ കിഴക്കെ ചക്രവാളത്തില്‍ നേര്‍ത്ത ഒരു പ്രകാശത്തോടെ സൂര്യഭഗവാന്‍ എത്തിനോക്കാന്‍ വെമ്പല്‍ കൊളളുന്നു. തൂമഞ്ഞിനാല്‍ മൂടപ്പെട്ട അന്തരീക്ഷം. ആ പ്രകാശ തേജോവലയത്തെ പുണരാന്‍ കൈകള്‍ നീട്ടുമ്പോലെ. ആ അനുഭൂതിയില്‍ ലയിക്കേണ്ട ഞാനിതാ... നിറഞ്ഞ ദുഃഖഭാരത്താല്‍ തലകുനിച്ച്‌ കണ്ണുനീരൊഴുക്കുന്നു.

"ദൈവമേ... ശക്തി തരേണമേ.. അങ്ങയുടെ ചൈതന്യമുളള അങ്ങയുടെ നാട്ടില്‍നിന്നും ഞാന്‍ അപേക്ഷിക്കുകയാണ്‌. എങ്ങനെയാണ്‌ ഞാന്‍ പറയേണ്ടത്‌ മരിച്ചുപോയ സുഹൃത്തിന്റെ വീട്‌ തേടിവന്നവനെ ആരെങ്കിലും വിശ്വസിക്കുമോ ഒടുവില്‍ കുറ്റവാളി ഞാന്‍ തന്നെയെന്ന്‌ കരുതി എന്നെയവര്‍ കല്ലെറിയില്ലേ?"

"ചായ കുടിച്ചോളൂ. ചൂട്‌ ചെന്നാല്‍ ചിലപ്പോള്‍ ഉളളിലെ വിറയല്‍ മാറും." മിഴികള്‍ തുടച്ചയാള്‍ ബെഞ്ചില്‍ വന്നിരുന്നു. ചായമൊത്തി കുടിച്ച്‌ എല്ലാം കെട്ടടങ്ങിയ ഒരു മന്ദഹാസത്തോടെ അയാള്‍ മൊഴിഞ്ഞു. "ഇവിടെ വീടൊന്നുമില്ലേ?"

"കുറച്ച്‌ അങ്ങ്‌ നടക്കണം സാര്‍, ഒത്തിരി വീടുകളുണ്ട്‌. സാധാരണകാരില്‍ സാധാരണക്കാരായ ഒരു പറ്റം കൂലിപണിക്കാര്‍."

നേരം വെളുക്കുന്നതിന്‌ മുമ്പ്‌ തന്നെ കടയില്‍ ജനങ്ങള്‍ കൂടി കൂടിവന്നു. പരിചയമില്ലാത്ത ഒരാളെ കണ്ടപ്പോള്‍ എല്ലാവരും ദാമുവിനോട്‌ തിരക്കി.

"ആരാ ദാമു?"

"അറിയില്ല. ആരെയോ തിരക്കി വന്നിരിക്കുന്നുയെന്നാണ്‌ പറഞ്ഞത്‌."

"ഇനി വല്ല സി.ബി.ഐ മറ്റോ ആണോ?" അവര്‍ അതു പറയും, അതിലപ്പുറവും പറയും." ഒരു വയസന്‍ പറഞ്ഞു.

"ഓ..അറിയില്ലാ."

ടോം ചായകുടിച്ച്‌ പുറത്തേക്കിറങ്ങി. അയാളുടെ രൂപഭാവങ്ങള്‍ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങി. കറുത്ത ജീന്‍സ്‌, കറുത്ത ബനിയന്‍, പുറമെ കറുത്ത ഒരു കമ്പിളികോട്ട്‌, കണ്ണില്‍ കറുത്ത കണ്ണട, സാമാന്യം നല്ല ഉയരം, നീണ്ട നാസിക, വെളുത്ത നിറം, ഒതുങ്ങാത്ത ചെമ്പിച്ച മുടി. ഒരു വന്‍കിടക്കാരന്റെ ലുക്ക്‌. ഏറെനേരം കഴിഞ്ഞ്‌ കടയിലുളളവര്‍ എല്ലാവരും പിരിഞ്ഞു. സൂര്യകിരണങ്ങള്‍ പ്രകൃതിയെ പുണര്‍ന്ന്‌ കഴിഞ്ഞു. തണുപ്പിന്‌ അല്‌പം ശമനം കിട്ടി. അയാള്‍ ചുറ്റും വീക്ഷിച്ചുകൊണ്ട്‌ പുലമ്പി

വിശ്വം നീ പറഞ്ഞ്‌ കൊതിപ്പിച്ച നിന്റെ നാടും നിന്റെ ഓരോ വാക്കും, എന്റെ മനസില്‍ മായാതെ കിടക്കുന്നു. എല്ലാം കണ്ട്‌ മതിമറന്നിരിക്കുന്നു ഞാന്‍. നീ പറഞ്ഞതുപോലെ ഇത്‌ ദൈവത്തിന്റെ നാട്‌ തന്നെ വിശ്വം. ഏത്‌ കാലാവസ്ഥയേയും അതിജീവിക്കുന്ന പ്രകൃതിയും, മനുഷ്യനും, മണ്ണും, ഒന്നുചേര്‍ന്ന്‌ ഒരാന്മാവും, ഉടലുംപോലെ. ഈ പ്രപഞ്ചത്തിലെവിടെയോ? ഒരു ചൈതന്യം. ഒരു കുളിര്‍കാറ്റ്‌, ഒരനുഭൂതി, ശാന്തത, ഇവിടുത്തെ വായുവിനുപോലും ആ സൗരഭ്യവും സൗന്ദര്യവും ഉണ്ട്‌. അന്തരാത്മാവിനുളളില്‍ ഒരു ചേതോ വലയം രൂപപ്പെട്ടതുപോലെ. ഒരു മാന്ത്രിക സ്‌പര്‍ശനം. ചൂടും തണുപ്പും ഒത്തു ചേരുമ്പോഴുണ്ടാകുന്ന ഒരുതരം കുളിര്‌. ഇത്‌ മനം കുളിര്‍പ്പിക്കുന്ന നാട്‌ തന്നെ വിശ്വം, അയാള്‍ ഒരു നിമിഷം മിഴികളടച്ച്‌ നിര്‍വൃതി പൂണ്ടു.

"എന്താ...സര്‍ ആലോചിക്കുന്നത്‌. ഇവിടെ സാറിന്‌ ഇഷ്‌ടമായെന്ന്‌ തോന്നുന്നു."

"എനിക്ക്‌ ഈ നാടിനെക്കുറിച്ച്‌ മതിപ്പുതോന്നുന്നു. എവിടെയും ദൈവിക ചൈതന്യം കുടികൊളളുന്ന ഒരനുഭൂതി. ഇന്ത്യയെന്ന മഹാമണ്ണിന്റെ ഉറവിടം. ആ ഭാരതീയ സംസ്‌കാരം കാത്തുസൂക്ഷിക്കുന്ന നാട്‌. ഹായ്‌.. ബ്യൂട്ടിഫുള്‍.. അതിമനോഹരം.." അയാള്‍ നിര്‍വൃതി പൂണ്ടു. മന്ദഹാസത്തോടെ പുലമ്പി.

"ഓ... ശരി തന്നെ. പക്ഷെ എവിടെയോ ഒരു കുറവ്‌ സാറിന്‌ തോന്നുന്നുണ്ടോ."

"ഉവ്വ്‌, എന്റെ സുഹൃത്തിന്റെ കുറവ്‌. അവന്റെ കൂടെയുളള യാത്രയാണ്‌ ഞാന്‍ ആഗ്രഹിച്ചത്‌. പക്ഷെ...?" അയാള്‍ മൗനിയായി ഒരു നിമിഷം നിന്നു.

"നിങ്ങളുടെ സുഹൃത്തിന്റെ മനം കുളിര്‍പ്പിക്കുന്ന നാട്ടില്‍ ഇന്ന്‌ പലതും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നു സാര്‍."

ഒരു നിമിഷം ടോം പരിഭ്രമിച്ചു. എന്നിട്ട്‌ മൗനമായ മനസോടെ ആകാംക്ഷയേറിയ മിഴികളോടെ ദാമുവിന്റെ മുഖത്തേക്ക്‌ സൂക്ഷിച്ച്‌ നോക്കി.

ഒരു ചോദ്യം തന്ന്‌ ഒരായിരം ഉത്തരത്തിനായ്‌ ദാമു കാതോര്‍ത്തു നിന്നു. നിഷ്‌കളങ്കമായ മനോഭാവത്തില്‍ നിന്നും നിഷ്‌ഠൂര ചിന്ത ഉയര്‍ത്തെഴുന്നേറ്റ്‌ വരുമ്പോലെ ഒരു പരിഹാസം ആ മുഖത്ത്‌ പ്രകടമായിരുന്നു. ശക്തമായ വൈരാഗ്യം പൊട്ടി ചിതറുമ്പോലെ ആ മുഖഭാവം മാറുന്നതായാള്‍ കണ്ടു.

ദാമുവിന്റെ ചുണ്ടുകള്‍ ചലിച്ചു. "പലപ്പോഴും നിങ്ങളെ പോലെയുളളവര്‍ക്ക്‌ ഇവിടം സ്വര്‍ഗ്ഗമാണ്‌ സാര്‍, ഇന്ത്യയെന്ന മഹാമണ്ണിന്റെ പവിത്രത കാത്തു സൂക്ഷിക്കുന്ന സാറിന്റെ സുഹൃത്തിന്റെ നാട്‌ ഇന്നിതാ.. മനംനോവിക്കുന്ന നാടായി മാറിക്കഴിഞ്ഞിരിക്കുന്നു. പാവപ്പെട്ടവന്റെ വേദനയറിയാന്‍ പോലും ഇവിടെയാരും ഇല്ല. ഈ നാട്ടില്‍നിന്നും ദൈവം മറഞ്ഞുകൊണ്ടിരിക്കയാണ്‌."

"ഹാ... മനുഷ്യന്റെ മനസ്സല്ലേ ദാമു. മാറിയില്ലെങ്കിലേ അത്ഭുതമുളളു." ടോം നടന്നു പിന്നാലെ ദാമുവും.

"നേരം ഉച്ചയായിരിക്കുന്നു. സാറിന് ഊണ്‌ വേണമെങ്കില്‍ കുറച്ചു നടന്നാല്‍ ഒരു ഹോട്ടല്‍ കാണാം. അവിടെ പോയി കഴിച്ചോളൂ. അല്ലെങ്കില്‍ സുഹൃത്തിന്റെ വീട്ടിലേക്ക്‌ തിരിക്കയാണോ?"

"ഒന്നും തീരുമാനിച്ചില്ല."

"ഞാന്‍ കടപൂട്ടുകയാണ്‌. സുഹൃത്തിന്റെ പേര്‌ പറഞ്ഞാല്‍ ഒരുപക്ഷെ വഴികാണിച്ച്‌ തരാന്‍ കഴിഞ്ഞെങ്കിലോ?"

അയാള്‍ അല്‌പം മൗനിയായ്‌ നിന്നിട്ട്‌ പറഞ്ഞു.

വിശ്വം...

"അവന്റെ അടുത്തുനിന്നാണോ?" ദാമു പുഞ്ചിരിയോടെ ചോദിച്ചു. അവന്‍ നാട്ടിലേക്ക്‌ വരുന്നില്ലേ? എത്രകാലമായ്‌ അവനെ കണ്ടിട്ട്‌. വര്‍ഷം മൂന്ന്‌ കഴിഞ്ഞിരിക്കുന്നു. കാലം ഇത്രയായിട്ടും അവന്‌ നാട്ടിലേക്ക്‌ വരാന്‍ തോന്നിയില്ലല്ലോ? അവന്‍ ഇനി വരില്ലെന്നാണോ പറഞ്ഞിരിക്കുന്നത്‌? നാട്ടീന്ന്‌ പോയാല്‍ പിന്നെ വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒരു ചിന്തയുമില്ല ഇപ്പോഴത്തെ കുട്ടികള്‍ക്ക്‌.." ദാമു പുഞ്ചിരി തൂകികൊണ്ട്‌ പറഞ്ഞു. ടോം അകലേക്ക്‌ മിഴികളൂന്നി. ടോമിന്റെ വാടിയ മുഖത്തേക്ക്‌ നോക്കി കടക്കാരന്‍ ചോദിച്ചു.

"അതെന്താ അവന്‌ ലീവ്‌ കിട്ടിയില്ലേ? അവന്റെ വയസായ മാതാപിതാക്കളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അവന്‍ ഓര്‍ക്കുന്നില്ലേ?"

"അവന്‍ ഇനി ഒരിക്കലും വരില്ല. ആ പെട്ടികളെല്ലാം അവന്റെ ഭാര്യയെ ഏല്‍പ്പിക്കണം. അവനെ അറിയുമെങ്കില്‍ എന്റെ കൂടെ വരണം. കാര്യങ്ങളെല്ലാം വെളിപ്പെടുത്താന്‍ ഒന്ന്‌ സഹായിക്കണം."

ദാമു ഒരു നിമിഷം തരിച്ചുനിന്നു. ഭൂമി കീഴ്‌മേല്‍ മറിയുന്നതുപോലെ. ദാമു പിന്നെയും ചോദിച്ചു.

"എന്താ.. നിങ്ങള്‍ പറഞ്ഞുവരുന്നത്‌. അവന്‍ ഇനി ഒരിക്കലും മടങ്ങിവരില്ലെന്നാണോ? അവന്‌ എന്തു സംഭവിച്ചു?"

"സിറ്റിയില്‍ ഉണ്ടായ ഒരു ബോംബ്‌ സ്‌ഫോടനത്തില്‍ അവനും ഉള്‍പ്പെട്ടിരുന്നു എന്ന സത്യം വളരെ വൈകിയാണ്‌ ഞാന്‍ അറിഞ്ഞത്‌... എല്ലാം ഛിന്നഭിന്നമായിപോയി.." അയാള്‍ പൊട്ടിക്കരഞ്ഞു.

ദാമുവിന്റെ ചുണ്ടുകള്‍ വിതുമ്പി നിറഞ്ഞ മിഴികളോടെ ദാമു തലയില്‍ നിന്നും മങ്കിത്തൊപ്പി എടുത്തു. ടോം ചായക്കടക്കാരനെ സൂക്ഷിച്ച്‌ നോക്കി. എഴുപത്‌ വയസ്‌ തോന്നിക്കുന്ന ഒരു വൃദ്ധന്‍, കവിളൊട്ടി, കുഴിഞ്ഞ കണ്ണുകള്‍, തല നിറയെ നരകീറുകള്‍.. ടോം ദാമുവിന്റെ അടുത്ത്‌ ചെന്ന്‌ ചോദിച്ചു. "എന്താ കരയുന്നത്‌.. അറിയുമോ? അവനെ..?"

ദാമു പൊട്ടിക്കരഞ്ഞു. "അറയാമെടോ.. എനിക്കറിയാം അവന്‍.. അവന്‍.. എന്റെ മകനാണ്‌.."

ടോം ഞെട്ടി..! തീഷ്‌ണമായ ഒരു കൊടുങ്കാറ്റ്‌ ഹൃദയത്തിലൂടെ കയറിയിറങ്ങിപോകുംപോലെ. വ്യാകുല ദൃഷ്‌ടിയോടെ അയാള്‍ വിളിച്ചു.

"അച്‌ഛാ.."

വൃദ്ധന്‍ പെട്ടെന്നയാളെ കെട്ടിപ്പിടിച്ച്‌ പൊട്ടിപൊട്ടി കരഞ്ഞു. ദാമു തന്റെ മകന്റെ സാമീപ്യം അറിയുംപോലെ പുലമ്പി.. "മോനെ..."

"എല്ലാം വിധിയാണ്‌, സമാധാനിക്കണം." ടോം അയാളെ മുറുകെ പിടിച്ച്‌ സാന്ത്വനിപ്പിച്ചു.

"അവന്റെ ശവശരീരം പോലും ഭാഗ്യദോഷികളായ ഈ മാതാപിതാക്കള്‍ക്ക്‌ കാണാന്‍ സാധിച്ചില്ലല്ലോ?"

ടോം ഓര്‍ത്തു. "ഇതുവരെ വിശ്വത്തിന്റെ വീട്ടുകാരെ എങ്ങനെയറിയിക്കുമെന്ന വിഷമത്തിലായിരുന്നു ഞാന്‍. ഇപ്പോഴിതാ... ഒരു വൃദ്ധനായ ഒരു പിതാവിന്റെ മുന്നിലിരുന്ന്‌ ഞാനുരുകുകയാണ്‌. ദൈവമേ... ശക്തിതരേണമേ..."

ഒരു നിമിഷം തന്നെയെങ്കിലും തന്റെ മകന്റെ സാമിപ്യമറിഞ്ഞ ദാമു എല്ലാം നഷ്‌ടപ്പെട്ടവനെപ്പോലെ പുലമ്പി. "വരുന്നോ? വീട്ടിലേക്ക്‌."

"ഇല്ല."

"ഇന്നു രാത്രി എവിടെ കിടക്കും?"

"ഈ ബെഞ്ചില്‍."

വീട്ടില്‍ ചെന്ന്‌ അവന്റെ ഭാര്യയോടും കുഞ്ഞിനോടും ഞാന്‍ ഇത്‌ എങ്ങനെ..? പറയും. ദൈവമേ.. നീ ഒരു വഴി കാണിച്ചു തരുമോ?"

"ഈശ്വരന്‍ ഒരു വഴി കാണിക്കാതിരിക്കില്ല." ടോം പറഞ്ഞു.

ദാമു തിരിഞ്ഞു നടന്നു.

"ഈ പെട്ടികള്‍?" ടോം ചോദിച്ചു.

"ഇവിടെയിരിക്കട്ടെ. എല്ലാം അവരെ അറിയിച്ചതിന്‌ ശേഷം മതി. ഇടനെഞ്ചിലിനിയും വേദനയുമായ്‌. ഇനി എത്രനാള്‍... അറിയില്ല? ജീവിതത്തിലെ മോഹങ്ങളെല്ലാം ഒരു നിമിഷം കൊണ്ട്‌ ദുഃഖങ്ങളായ്‌ തീര്‍ന്നിരിക്കുന്നു. പ്രപഞ്ചമേ... ഇതുകണ്ട്‌ നീ നിശ്ചലമാകരുതേ..." അയാള്‍ ഒരു നിമിഷം മൗനമായ്‌ നിന്നു. നിരാശയുടെയും ദുഃഖത്തിന്റെയും, കരിനിഴലുകള്‍ അയാളെ വലയം ചെയ്‌തു കഴിഞ്ഞു. ദാമു ഇരുട്ടിലൂടെ നടന്നു നീങ്ങി. ഇടംനെഞ്ചില്‍ ടോര്‍ച്ചും വലംകൈ നെഞ്ചിലുമേറ്റി ചലനമില്ലാത്ത കല്‍പ്രതിമപോലെ.

ഒത്തിരി ചോദ്യങ്ങള്‍ക്കുത്തരമായ്‌ ടോം ഇരുട്ടിലേക്ക്‌ മിഴികളൂന്നി. രാത്രി വണ്ടിയുടെ ചൂളം വിളി കേള്‍ക്കാന്‍ കാതോര്‍ത്ത്‌ അയാളിരുന്നു.

അംബിക നാരായണന്‍കുട്ടി


-, വെങ്ങോല,



Your response will be e-Mailed to the poster.