കുടനനയ്ക്കാതെ

“ഇടപ്പാതി പിറന്നാല്‍ പിന്നെ
കുടകൂടാതെ നടക്കാന്‍ വയ്യ”

ബസ്സിലിരുന്ന് ഞാനീ പഴഞ്ചൊല്ലോര്‍മ്മിച്ചു. കുട കൂടാതെ നടക്കുന്നില്ല. എല്ലാ ദിവസവും ഉടയും ബാഗിലിട്ടുകൊണ്ടാണു ഞാനിറങ്ങുന്നത്. ജോലി സ്ഥലത്തേക്ക് ഒന്നൊന്നര മണികൂര്‍ യാത്രയുണ്ട്. രണ്ടു കിലോ മീറ്റര്‍ നടന്നാണു ഞാന്‍ ബസ്സ് സ്റ്റോപ്പിലെത്തുന്നത്. അവധി ദിവസങ്ങളിലും മിക്കവാറും, യാത്രയുണ്ടാവാറുണ്ട്. ഇടവപ്പാതി പിറന്നിട്ടിപ്പോള്‍ ഒന്നര മാസം പിന്നിട്ടു. കൃത്യമായി പറഞ്ഞാല്‍ ഒന്നരമാസവും നാലു ദിവസവുമായി. ഇന്നു ജുലൈ പത്തൊന്‍പത് രാവിലെ ജോലിസ്ഥലത്തേയ്ക്കു പോകുമ്പോഴാകട്ടെ, വൈകിട്ടു തിരിച്ചു വരുമ്പോഴാകട്ടെ, ഇതുവരെ കുട എനിക്കു ബാഗില്‍ നിന്നെടുക്കേണ്ടി വന്നിട്ടില്ല!.

ആകാശം കാര്‍മൂടി നില്ക്കും ഇപ്പോള്‍ തകര്‍ത്തുകളയുമെന്ന മട്ടില്‍ മഴ തുടങ്ങും.. ദുര്‍ബ്ബലമായി പെയ്ത്. രണ്ടു മിനിട്ടു പെയ്തു, നിന്നു. ഇതാണു മഴയുടെ രീതി. കാലാവസ്ഥ തന്റെ മനോഗതം വെളിപ്പെടുത്തുന്നില്ല. ഇതു മഴക്കാലമാണോ വേനല്‍ക്കാലമാണോ? പ്രകൃതിക്കു തന്നെ പറയാന്‍ വയ്യ.

തിരുവാതിര ഞാറ്റുവേലയ്ക്കു തിരിമുറിയാത്ത മഴയെന്നാണ്. പഴഞ്ചൊല്ലുകള്‍ വേറെയുമുണ്ട്. കര്‍ക്കിടകത്തിലെ കറുത്ത വാവിനു കരിമ്പോത്തിനു തുടവിറയ്ക്കും. കര്‍ക്കിടകത്തിലെ കുളിരിനെ കുറിച്ചാണ്. തോറാനയ്ക്ക് ആറാന. തോറാന എന്നത് ഞാറ്റുവേലക്കാലത്തെ ഒരു പെരുന്നാളാണ്. കാട്ടിലൂടെയുള്ള മഴവെള്ളത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ഓരോ വര്‍ഷവും ആറാനപുഴയിലൂടെ ഒഴുകിപ്പോവുന്നതു നിരീക്ഷിച്ചവര്‍ ഉണ്ടാക്കിയ ചൊല്ല്
-ചൊല്ലുകള്‍ അനാഥവുമാവുന്നു.

ബസ്സു പാലം കടക്കുന്നു. പുഴയുടെ ചക്രവാളത്തില്‍ മേഘങ്ങള്‍ പരന്നിട്ടുണ്ട്. കറുത്ത ചായം കൊണ്ടു വരച്ച ഒരു ചരിത്രത്തില്‍ വെള്ളം വീണാലെന്നതു പോലെ ആകാശം കാണപ്പെടുന്നു. മേഘങ്ങള്‍ അലിഞ്ഞു തീരുന്നു.

കാലാവസ്ഥയില്‍ എന്തൊക്കെയോ തകിടം മറിച്ചിലുകളുണ്ട്. അണിയറയില്‍ എന്തൊക്കെയോ നടക്കുന്നുണ്ട്. കഴിഞ്ഞ കൊല്ലം മുഴുവന്‍ ഏതാണ്ടു തുടര്‍ച്ചയായി മഴയുണ്ടായിരുന്നു. മഴയില്ലാതെ രണ്ടാഴ്ചയുടെ ഇടവേള പോലും ഉണ്ടായിട്ടില്ല. അതും അസാധരണമാണ്. മഴയുടെയും കാറ്റിന്റെയു ഇടിയുടെയും എല്ലാം സ്വഭാവം മാറി, മൂന്നു നാലു മാസം മുമ്പൊരു രാത്രിയില്‍ ഒരു കല്യാണപ്പന്തലില്‍ നില്കുമ്പോള്‍ മഴ പെട്ടെന്നു പെയ്തിട്ടു. ഇടയ് ഒരടിവെട്ടി. ഭൂമിയില്‍ നിന്ന് ഒരു ഗുണ്ട് ആകാശത്തേക്കു തെറിച്ചു വീണു പൊട്ടിയ പോലെ. ആളുകള്‍ ഭയന്നു പോയി. ഭയത്തിനിടയിലും എല്ലാവരും ചീ‍രിച്ചു.

“ഇതുപോലത്തെ ഒരു ഇടിവെട്ട് ഇതുവരെ കേട്ടിട്ടില്ല”. തൊണ്ണൂറു വയസ്സിനടുത്തു പ്രായമുള്ള പാച്ചു ചേട്ടന്‍ അഭിപ്രായപ്പെട്ടു
മഴ മടിച്ചു നില്ക്കുന്നു. മഴക്കാറുകള്‍ പെയ്യാനറിയാത്തതുപോലെ. അഥവാ പെയ്യാന്‍ മറന്നതുപോലെ.

ഇടയ്ക്കുമാത്രം ചെറിയൊരു പെയ്ത്തു വലിയ സന്നാഹങ്ങളോടെയെല്ലാം വരും, പക്ഷേ പെയ്യില്ല. ശക്തമായി വന്ന ഒരു തുമ്മല്‍ അലസിപ്പിക്കുമ്പോഴുള്ള ഒരു ജാളയം പോലെയാണ് ആകാശത്തിന്റെ അവസ്ഥ

ബസ്സിലെ യാത്രക്കാരെല്ലാം ടൌവ്വലെടുത്തു മൂക്കു പൊത്തുന്നു. വഴിയരികില്‍ കുമിഞ്ഞു കൂടിയ മാലിന്യങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധത്തെ പ്രതിരോധിക്കാനാണ്. രണ്ടു കിലോ മീറ്ററോളം ദൂരെ ഇനി ഇങ്ങനെ പോകണം.
മഴയില്ല
എത്ര ശ്രമിച്ചിട്ടും പെയ്യാന്‍ കഴിയുന്നില്ലല്ലോ എന്ന് മേഘങ്ങള്‍ പരാതി പറയുന്നത് എനിക്കു കേള്‍ക്കാം. കറവ പറ്റിയ പശുവിനെ പ്പോലെ നില്കയാണവ.

കുട ഞാന്‍ ബാഗില്‍ നിന്നെടുത്തിട്ടില്ല. അദ്ഭുതം, ഇതുവരെ:
ദിവസങ്ങള്‍............ദിവസങ്ങള്‍........മഴയില്ലാതെ ദിവസങ്ങളും ആഴ്ചകളും പിന്നിടുന്നു.

“മടിയോടെ മഴ നിന്നിടുന്നു വിണ്ണീല്‍
കുട ഭദ്രമെന്നുമെന്‍ ബാഗിനുള്ളില്‍ രണ്ടു വരി കവിത തോന്നി.

മഴ പെയ്യാത്ത അവസ്ഥയെക്കുറിച്ചു ചിന്തിച്ചപ്പോള്‍ മൂന്നു നാലു വരികള്‍ പിന്നെയും മനസ്സില്‍ തോന്നി.

“മാനമിപ്പോഴും മടിച്ചു തന്നെ
മാരി മേഘങ്ങളകന്നു തന്നെ
മണ്ണും മനസ്സും വരണ്ടു തന്നെ
മാമകഛത്രം ചുരുണ്ടു തന്നെ

പക്ഷേ ആര്‍ക്കു വേണം കവിത? കവിത് വരുന്ന് വഴിക്കുള്ള ചിന്ത ഞാന്‍ നിര്‍ത്തി. മഴയും ആര്‍ക്കും ആവശ്യമില്ലായിരിക്കും. നെല്ലു നടുതിനയും മറ്റും കൃഷി ചെയ്യുന്നിടത്തല്ലേ മഴയുടെ ആവശ്യമുള്ളൂ ? കെട്ടിടം പണി മാത്രം നടക്കുന്ന ഒരു നാട്ടില്‍ മഴ എന്തിനാണ്? പണികള്‍ക്ക് ? പണികള്‍ക്ക് തടസ്സം എന്നല്ലാതെ?
പ്രകൃതി അറിഞ്ഞു കൊണ്ട് തന്നെ പെയ്യുന്ന താകാം. ഇവിടെ മഴ വേണ്ട::

പുറകിലത്തെ സിറ്റിലിരുന്ന ഒരാള്‍ തന്റെ അടുത്തിരിക്കുന്ന കൂട്ടുകാരനോടു പറയുകയാണ്.

“ഇപ്പോഴുത്തെ, ഒരു പ്രത്യേക സൈസു മഴ : ഞാന്‍ എടപ്പള്ളത്തുന്നു വരാ ബസ്റ്റാന്റീന്ന് തുറവങ്കര പാലത്തുണ്ടെ എത്തണവരെ മഴയില്ല. നല്ല വെയില്. അവടന്നു കമ്പനിപ്പടിവരെ പൊരിഞ്ഞ മഴ. പൊരിഞ്ഞ മഴാ‍ന്നൊച്ചാ പൊരിഞ്ഞ മഴ പിന്ന്യാവടന്നു കപ്പേളവരെ മഴേല്ലാട്ടോ. കപ്പേള തുടങ്ങി പിന്നേം മഴ, കാരിക്കോട്ടുവരെ അവടന്നു ദേ, പിന്നെ മഴേല്ല”

ആകാശത്തേക്കു നോക്കിക്കൊണ്ടയാല്‍ കൂട്ടിച്ചേര്‍ത്തു.

“ മഴേം വേലികെട്ടിത്തിരിച്ചേക്ക് ആന്നാ തോന്നണെ:“

അയാള്‍ കൂട്ടുകാരനോടാണു പറഞ്ഞതെങ്കിലും ബസ്സിലുള്ളവരെല്ലാം അതുകേട്ടു അതു ശരി. അപ്പോള്‍ ഇവരും മഴയെക്കുറിച്ചു തന്നെയാണു ചിന്തിക്കുന്നത്. ബസ്സിലുള്ളവരെല്ലാം എന്റെ ചിന്തകളെ പിന്തുടരുന്നതു പോലത്തെ ഒരനുഭവം എനിക്കുണ്ടാവുന്നു.

ഇന്നു വെളുപ്പിനു മഴയുണ്ടായിരുന്നു. പക്ഷേ എന്തു മഴ? മഴയ്ക്കിടയിലൂടെ, കണ്ണിനെ അസ്വസ്ഥമാക്കുന്ന ഒരു വെളിച്ചം ചോര്‍ന്നു വന്നിരുന്നു.
അനാശാസ്യമായ ഏതോ വികിരണങ്ങള്‍.

ഇതു മഴയാണോ? അതോ മറ്റെന്തെങ്കിലുമോ?

തിമിരത്തു പെയ്യാടുള്ള മഴകള്‍ ഞാനോര്‍മ്മിച്ചു. ഈ ബസ്സിലുള്ള മറ്റു യാത്രക്കാരും ഓര്‍മ്മിക്കുന്നുണ്ടാവണം.

മഴക്കാര്‍ മൂടിയ മാന്‍, എന്തിനെയോ കാത്തു നില്ക്കുന്ന ഭൂമി.

ഇരുട്ടടച്ചു പെയ്യുന്ന മഴ.
പുലര്‍ച്ചയ്ക്കുള്ള മഴ
രാത്രി മഴ
നമ്മെ നനയ്ക്കാന്‍ വേണ്ടി മാത്രം കച്ച കെട്ടിവരുന്ന കുസൃതിമഴകള്‍
അകലെ നിന്നു പെയ്തു പെയ്ത് ഓടിവരുന്ന മഴ്.........
മഴയില്‍ നനഞ്ഞു കറുത്ത തടികളോടെ നില്ക്കുന്ന പ്ലാവും പുളിമരവും തെങ്ങും.
ഇല്ല
ഇനിയിവിടെ മഴയുണ്ടായില്ലെന്നു വരാം
മലിനീകരണങ്ങളും മഹാരോഗങ്ങളും പ്രകൃതിക്ഷോഭങ്ങളും വിഭാഗീയ ചിന്തകളും അസഹിഷ്ണതയും അക്രമവാസനയും എല്ലാമായിരിക്കാം കാലം ഇനി ഈ മണ്ണിനും മനസ്സുകള്‍ക്കും വേണ്ടി ഒരുക്കിവച്ചിരിക്കുന്നത്.
“ടൌണ്‍........ടൌണ്‍”

ക്ലീനര്‍ വിളിച്ചു പറഞ്ഞു, അതേ, നഗരം. എനിക്കിറങ്ങാനുള്ള സ്റ്റേപ്പായി ബസ്സില്‍ നിന്നിറങ്ങിയിട്ട് കുറേ കൂരം നടക്കാനുണ്ട്.

ഞാനിറങ്ങി.
നോക്കുമ്പോഴെന്താണ്?
ഇടവപ്പാതി പിറന്നിട്ട് ഇതാദ്യമായി, ഇതാ, എനിക്കു കുട നിവര്‍ത്തേണ്ടിവരുന്നു. ഞാന്‍ ഒരു കടയുടെ വാരാന്തയില്‍ കയറി നിന്ന് ബാഗു തുറന്നു കുടയെടുത്തു നിവര്‍ത്തുന്നു.

വീണ്ടും റോഡിലേക്കിറങ്ങുന്നു. ഈ പൊരിയുന്ന വെയിലത്ത് കുടകൂടാതെ നടക്കാന്‍ വയ്യ.

പി.മധുസൂദനന്‍.


-, ഒക്കല്‍,



Your response will be e-Mailed to the poster.