ഇതുവരെ മുഖ്യധാരാപ്രവേശനം ലഭിക്കാത്ത കഥാകൃത്താണ് സതീശന്‍തട്ടാംപടി. എന്താണതിനു കാരണം എന്ന് സതീശനിതുവരെ മനസ്സിലായിട്ടില്ല. കേരളസാഹിത്യ അക്കാദമിയുടേയും, പുരോഗമനകലാസാഹിത്യസംഘത്തിന്റേയും ചെറുകഥാക്യാമ്പുകള്‍ സതീശന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആയതിന്റെ സര്‍ട്ടിഫിക്കറ്റുകളും ഇരിക്കുന്നുണ്ട്. ലിറ്റില്‍ മാഗസിനുകളിലും സുവനീറുകളിലും, വാരാന്ത്യപ്പതിപ്പുകളിലും സതീശന്‍ തട്ടാംപടിയുടെ കഥകള്‍ ഫോട്ടോ സഹിതം അച്ചടിച്ചു വന്നിട്ടുണ്ട്. പക്ഷെ ഇതുവരെ ഒരു മുഖ്യധാരാ പത്രാധിരുടെ കണ്ണില്‍പോലും സതീശന്റെ കഥകള്‍ പിടിച്ചിട്ടില്ല. അതുകൊണ്ടാണിപ്പോഴും അയക്കുന്ന വേഗതയില്‍തന്നെ രചനകള്‍ തിരിച്ചുവന്ന് അവശതയാര്‍ന്ന പക്ഷിയെപ്പോലെ കൈയിലിരുന്ന് വിറക്കുന്നത്.
ആരുടേയോ ആത്മകഥാക്കുറിപ്പില്‍ സതീശനിങ്ങനെ വായിച്ചു.എഴുത്ത് സ്വത്വാന്വേഷണമാണ്, ആത്മവേദനക്കൊരൗഷധമാണ്. നിരന്തരം എഴുതിക്കൊണ്ടിരിക്കുക. വേറൊന്നും ആലോചിക്കരുത്. ആത്മവേദന മാറും.
സതീശനപ്പോള്‍ സംശയം തോന്നി. വേദനയെടുക്കുമ്പോള്‍ നിലവിളിക്കില്ലേ. നിലവിളി ആരും കേള്‍ക്കാനില്ലെങ്കില്‍ പിന്നെയെങ്ങിനെയാ നമുക്ക് വേദനയെടുക്കുന്നുവെന്ന് മറ്റുള്ളവര്‍ അറിയുക.........,?
വായിച്ചിട്ടുള്ളതൊന്നും അധികവും പാഠപുസ്തകങ്ങളല്ലാത്തതുകൊണ്ട് സതീശന് ഡിഗ്രി പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല.പണിയൊന്നും ഇതുവരെ കിട്ടിയിട്ടില്ല. കവലയിലൊരു മുറുക്കാന്‍ കടയിട്ടിരിക്കാന്‍ മുത്തശ്ശി ഉപദേശിച്ചു. സതീശനതു കേട്ടതേ നാണക്കേടായിത്തോന്നി.
താനൊരു കഥാകൃത്തല്ലേ, മുത്തശ്ശിക്കറിയാലോ അത്, എന്നിട്ടും എന്നോടിതു പറയാന്‍ തോന്നിയല്ലോ.
കച്ചോടമറിയാത്തവന്‍ കഥാകൃത്തായിട്ടെന്ത്, കലാകാരനായിട്ടെന്ത്....... മുത്തശ്ശി കളിയാക്കിപ്പയും
വായനശാലയിലെ പുസ്തകങ്ങളുടെയെല്ലാം നമ്പര്‍ സതീശന് കാണാപാഠമാണ്. അഞ്ചുകൊല്ലം ലൈബ്രറേയിനുമായിരുന്നു. സതീശന്‍ കഥയെഴുതുമെന്ന് നാട്ടില്‍ ചിലര്‍ക്കൊക്കെ അറിയാം. ചിലര്‍ക്കുമാത്രം. അതുകൊണ്ട് ഒരു ഗുണമേയുണ്ടായിട്ടുള്ളൂ. വായനശാലാ വാര്‍ഷീകത്തിന് കലാമത്സരങ്ങള്‍ നടത്തുമ്പോള്‍ ജഡ്ജിയായിട്ടിരിക്കുക. കൂടെ നെല്ലിമോളം യു. പി.സ്കൂളിലെ ഏറ്റവും പ്രായം കൂടിയ മാഷും ഉണ്ടായിരിക്കും. അവര്‍ രണ്ടുപേരും കൂടിയാണ് അന്നാട്ടിലെ കലാപ്രതിഭകളെ തിരഞ്ഞെടുക്കുന്നത്. മാഷ്ക്കടെ കാര്യം പറഞ്ഞാല്‍ ബഹുരസമാണ്. പദ്യപാരായണത്തിന് കുമാരനാശാന്റെ കവിതകള്‍ ചൊല്ലിയില്ലെങ്കില്‍ മാഷ്ക്ക് ദേഷ്യം വരും. സിനിമാഗാനമത്സരത്തിന് വയലാര്‍ രചനകള്‍ പാടിയില്ലെങ്കില്‍ മാഷിരുന്ന് പിറുപിറുക്കും. പ്രഛന്ന വേഷത്തിന് കള്ളുകുടിയന്‍, കുഷ്ഠരോഗി, പിച്ചക്കാരന്‍ എന്നിവരെ ശ്രദ്ധിക്കുകയേയില്ല. പകരം ഗാന്ധി, ഭക്തന്‍ എന്നീ വേഷങ്ങള്‍ കെട്ടണം. സംഘാടകര്‍ക്ക് ഇതിലൊന്നും പരാതിയില്ല. ഫലത്തില്‍ സതീശന്റെ മാര്‍ക്കിലാണ് പ്രതിഭകളുടെ അന്ത്യവിധി. എന്നാല്‍ മാഷെ മാറ്റി വേറെയാളെ വക്കാന്‍ പറയാനുള്ള വാക്കുവില സതീശനില്ല. അതിന് കൊള്ളാവുന്ന പ്രസിദ്ധീകരണത്തില്‍ കഥയെഴുതി കഴിവു തെളിയിക്കണം.
സതീശന് നാട്ടില്‍ കനപ്പെട്ട കൂട്ടുകാരില്ലെങ്കിലും വേറെ ജില്ലകളില്‍ കുറച്ച് കൂട്ടുകാരുണ്ട്. അവരും എഴുത്തുകാരാണ്. അവരുടെ കാര്‍ഡിലെഴുതിയ കത്തുകള്‍ സതീശന്റെ മടങ്ങിവരുന്ന കഥകളുടെ കൂടെ വരും. അങ്ങിനെ പതിവായി കുറെ കത്തുകളുടെ ഉടമയായ സതീശന്‍ പോസ്റ്റുമാന്റെ മുന്നില്‍ വലിയൊരു വ്യക്തിയും പ്രസ്ഥാനവുമാണ്. കൂട്ടുകാരുടെ കഥാസമാഹാരങ്ങളും കവിതാസമാഹാരങ്ങളും, സതീശന് വെറുതെ അയച്ചുകൊടുക്കും. അതുകൊണ്ടാണ് സതീശനും ഒരു പുസ്തകമിറക്കണമെന്ന് ആഗ്രഹം തോന്നിയത്. അങ്ങിനെയാണ് പാതിരാപ്പുള്ളിന്റെ രോദനം എന്ന കഥാസമാഹാരത്തിന്റെ പിറവി. പക്ഷെ പ്രകാശനം ചെയ്യാന്‍ പറ്റിയില്ല. അപ്പോഴേക്കും കൈയിലുള്ള കാശ് മുഴുവന്‍ തീര്‍ന്നുപോയി. പുസ്തകം മുഴുവന്‍ ഒരു പ്ലാസ്റ്റിക് ചാക്കിലാക്കി മുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. അക്കൊല്ലം മുതലാണ് ജഡ്ജിയായത്. പിന്നെയിതുവരെ സ്ഥിരം ജഡ്ജിയാണ്.
എറണാകുളത്തും, തിരുവനന്തപുരത്തും കോഴിക്കോടും, കോട്ടയത്തുനിന്നുമൊക്കെ പുറത്തിറങ്ങുന്ന വലിയമാസികകളുടെ ആഫീസുകള്‍ സതീശന്‍ കണ്ടിട്ടുണ്ട്. അതിന്റെ മുന്നിലെ കടയില്‍നിന്നും നാരങ്ങാവെള്ളം കുടിച്ചിട്ടുണ്ട്. പിന്നെയൊരു സിഗരറ്റും പുകച്ച് അങ്ങോട്ട് നോക്കിനില്‍ക്കുമ്പോള്‍, അതിനുള്ളില്‍ തന്റെ കഥകള്‍ക്കുവേണ്ടി അവര്‍ അച്ചു നിരത്തുന്നത് സതീശന്‍ ഭാവനയില്‍ക്കാണും. അതോടെ സതീശന്‍ വലിയ കഥാകൃത്താവും. തിരികെ വന്നിരുന്ന് രണ്ടുമൂന്ന് കഥകള്‍ എഴുതും. തുരുതുരാന്ന് അയക്കും. ഒരാഴ്ചകഴിയുമ്പോള്‍ പോസ്റ്റുമാന്റെ തപാല്‍ഭാരം വര്‍ദ്ധിക്കും.
ഭഎങ്ങിനെയാ കഥകള്‍ പ്രസിദ്ധീകരണയോഗ്യമായരീതിയിലെഴുതുക.ഭ
സതീശന്‍ ചെറുപ്പക്കാരനായ ഒരു സാഹിത്യകാരനോട് ഒരു ക്യാമ്പില്‍ വച്ച് രഹസ്യമായി ചോദിച്ചു. സിഗരറ്റിന്റെ പുകയൂതിവിട്ടുകൊണ്ട് അയാള്‍ സതീശന്റെ നാടും വീടും ചോദിച്ചറിഞ്ഞു. പിന്നെ ഒരല്‍പ്പം ശബ്ദം താഴ്ത്തിപ്പറഞ്ഞു. ഭലാറ്റിനമേരിക്കന്‍ കഥകളുടെ ഒരു കളക്ഷന്‍ വാങ്ങിക്ക്. അതങ്ങട് വായിച്ച് ഹൃദിസ്ഥമാക്കുക. പിന്നെ കഥകളെഴുതിനോക്ക്. പ്രസിദ്ധീകരിക്കും. കൂടെ എന്റെയൊരു സമാഹാരവുമുണ്ട് അതും കൂടി വാങ്ങിച്ചോ. ഉപകാരപ്പെടും.ഭ
സതീശന്റെ മുഖം പ്രസന്നമായി. ഭനന്ദി സാര്‍ വീട്ടില്‍ചെന്നാലുടന്‍പോയി വാങ്ങിച്ചോളാം.ഭ തന്റെ മുന്നില്‍ നില്‍ക്കുന്നത് ദൈവമാണെന്ന് തോന്നി സതീശന്.
ഇപ്പോള്‍ സതീശന്‍ ആ ഗ്രന്ഥങ്ങള്‍ വായിച്ചുകൊണ്ടിരിക്കുകയാണ്.
വായനശാലയിലേക്ക് പോകാനിറങ്ങുമ്പോള്‍ ചാറ്റല്‍ മഴയുണ്ടായിരുന്നു. മേശപ്പുറത്ത് ചിതറിക്കിടക്കുന്ന മാസികകളുടെ ചുറ്റും കുറെ പേര്‍ ഇരിക്കുന്നുണ്ട്. അതിലൊരുത്തന്‍ സതീശനെ കണ്ടപ്പോള്‍ വിളിച്ചു പറഞ്ഞു. ഭസതീശാ ദേ ഇതില്‍ കഥാമത്സരത്തിന്റെ വാര്‍ത്തയുണ്ട്. സമ്മാനങ്ങളൊക്കെ വലിയ തുകയാ കഥ അയക്ക്. ഭ സതീശന്‍ പല്ലുപുറത്തുകാണിക്കാതെ ഒന്ന് ചിരിച്ചു. പിന്നെ കുറച്ച് വെയിറ്റിട്ടു.
ഭനമക്കൊരു കഥ അയച്ചാലെന്നാടാഭ അവിടെയിരുന്ന വേറൊരുത്തന്‍ ചോദിച്ചു. ഭഎങ്ങാനും ഒന്നാം സമ്മാനം കിട്ടിയാ ഈഗിള്‍ബാറില്‍പോയി ഒന്നടിച്ചുപൊളിക്കാം. ഭ
ഭഅതിനു നിനക്ക് കഥയെഴുതാനറിയാവോ.ഭ
ഭഅതൊക്കെ എങ്ങിനെയെങ്കിലുമൊപ്പിക്കാം. ഒരു ഡാറ്റാലോട്ടറിയെടുക്കുവാന്ന് വിചാരിച്ചാ മതി.ഭ
ഭഎടാ അക്ഷരതെറ്റുകൂടാതെയെഴുതണം. അല്ലെങ്കിലവര് വായിക്കുന്നതെങ്ങനെയാ.ഭ
അരോചകമായ ഒരു ചിരി ആ ഹാളില്‍ മുഴങ്ങി.
ഭഎന്നാ നമക്ക് കുമാരനെക്കൊണ്ട് എഴുതിക്കാം. അവന്റെ ഹാന്ററൈറ്റിംഗ് ഉഗ്രനാ. പേപ്പറും പേനയും ഞാന്‍ സ്പോണ്‍സര്‍ ചെയ്യാം.ഭ
കഥയെക്കുറിച്ച് ഇത്ര സിംപിളായിട്ടു പറയുന്നത് സഹിക്കാനാവാതെ സതീശനിറങ്ങിപ്പോന്നു.
അമ്പലത്തിനടുത്ത് ഒരൊഴിഞ്ഞ ഭാഗത്ത് സതീശനെന്നും കുറച്ചു നേരം ഒറ്റക്കിരിക്കാറുണ്ട്. അവിടെയിരുന്നാലോചിച്ചു. മത്സരത്തിന് ആരുടെ കഥയെഴുതണം.
ക്ഷേത്രത്തിലെ ശാന്തിക്കാരനും, മാരാരും കൂടി അമ്പലമടച്ച് ഇരുട്ടിലൂടെ നടന്നു പോകുന്നുണ്ട്. അവരുടെ കഥയെഴുതിയാലോ.?
എന്നും രാവിലെ കുളിച്ച് നിര്‍മ്മാല്യം തൊഴാനെത്തുന്ന ഒരു മുതുകാര്‍ന്നോരുണ്ട്. കുളിക്കടവില്‍ വച്ചു തന്നെ ശരീരം മുഴുവന്‍ ഭസ്മം തൊടും. പിന്നെ ഇരുട്ടിലൂടെ പോകുന്നതു കണ്ടാല്‍ ശംഖുവരയന്‍പാമ്പ് ഇഴയുകയാണെന്നേ തോന്നുകയുള്ളൂ. അയാള്‍ കല്ല്യാണം കഴിച്ചിട്ടില്ല. ലൈംഗികാവശ്യത്തിന് അയാള്‍ ആരെയൊക്കെയാവും സമീപിച്ചിട്ടുണ്ടാവുക....... ദാരിദ്ര്യമനുഭവിച്ചിട്ടുണ്ടോ എന്നൊക്കെ ചിന്തിച്ചാല്‍ വേണങ്കില്‍ ഒരു കഥ രൂപപ്പെടുത്താം...
അതോ മീന്‍കാരന്‍ മാപ്പിളയോ, കന്നുകാലി വില്‍പനക്ക് നടക്കുന്ന മുഹമ്മദിക്കയെക്കുറിച്ചോ.? ഒടുവില്‍ ഇരുട്ട് കനത്തപ്പോള്‍ സതീശന്റെ മനസ്സില്‍ ഒരു കഥ രൂപപ്പെട്ടു. അയാളത് എഴുതി മത്സരത്തിന് അയക്കുകയും ചെയ്തു. ശേഷം വന്ന് കിടന്ന് മനസ്സമധാനത്തോടെ ഉറങ്ങി.
കോട്ടയത്തിനു പോയിരുന്ന സതീശന്‍ മത്സരഫലം വന്ന മാസികയുമായി വിജീഗിഷുവിനെപ്പോലെയാണ് വീട്ടില്‍ വന്നത്. തലേന്ന് രാത്രി സതീശന്റെ വീടിന്റെ മുകളിലേക്ക് ഒരു തെങ്ങ് വീണ് മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നുപോയിരുന്നു. ഇടതടവില്ലാതെ മഴപെയ്തതുകൊണ്ട് ഭിത്തികള്‍ നനഞ്ഞ് വെള്ളം ചാലിട്ടൊഴുകി. അനിയനും കൂട്ടുകാരും കൂടി വെള്ളം കേറാതെ സാധനങ്ങള്‍ മാറ്റി വച്ചിരുന്നു. പ്ലാസ്റ്റിക് ചാക്കില്‍ വച്ചിരുന്ന സതീശന്റെ പുസ്തകങ്ങളുടെ മുകളിലേക്കാണ് തെങ്ങിന്‍ തലപ്പ് വീണുകിടന്നിരുന്നത്. അനിയനും കൂട്ടുകാരും അഹോരാത്രം പണിയുകയാണ്.
സതീശനും അവരുടെകൂടെകൂടി. പക്ഷെ അനിയനും കൂട്ടുകാരും കൂടി ചെയ്യുന്നതുപോലെ ഒരു മരുങ്ങുണ്ടായിരുന്നില്ല സതീശന്റെ പണിക്ക്. അയാള്‍ കിടന്ന് പാടുപെട്ടു. ഭചേട്ടന്‍ മാറിക്കോ ഞങ്ങള്‍ ചെയതോളാം. ഭ അനിയന്‍ പറഞ്ഞു.
ഭഅതേ ഇങ്ങോട്ട് മാറ് സതീശാ ആ പിള്ളേരെ മെനക്കെടുത്താതെ. ഭ കൂട്ടത്തിലൊരു കാര്‍ന്നോര്‍ അവരെ പിന്തുണച്ചപ്പോള്‍ സതീശന്‍ ഒന്നും മിണ്ടാതെ മാറി നിന്നു. അവര്‍ ഇടക്കിടക്ക് തൊഴുത്തിന്റെ പിന്നാമ്പുറത്തേക്ക് പോയി മദ്യപിക്കുന്നത് സതീശന്‍ കണ്ടു.
പിറ്റേന്ന് കൈയിലുള്ള കാശ് തട്ടിക്കുടഞ്ഞെടുത്ത് ആരോടും പറയാതെ സതീശന്‍ മൂകാംബികക്ക് യാത്രയായി. യാത്രയിലുടനീളം സതീശന്‍ തന്റെ കഴിഞ്ഞകാലത്തേക്കുറിച്ചോര്‍ത്തു. ആദ്യ രചന പ്രസിദ്ധീകരിച്ചത്. സുവനീറിലേക്ക് വായനശാലക്കമ്മറ്റി കഥ ചോദിച്ചത്. സുവനീറിന്റെ പത്രാധിപസമിതി അംഗമായത്. ക്യാമ്പുകളില്‍ പങ്കെടുത്തത്. ആദ്യമായി എം.ടി. വാസുദേവന്‍നായരെ കണ്ടത്. എം. മുകുന്ദന്റെ നോവലുകള്‍ വായിച്ച് മടി കൂടാതെ കള്ളുകുടിച്ചു തുടങ്ങിയത് ഹോ എന്തൊരു ത്രില്ലായിരുന്നു.
ഒരു ദിവസം സതീശന്‍ ക്ഷേത്രപരിസരത്ത് കിടന്നുറങ്ങി. പിറ്റേന്ന് എഴുനേറ്റ് രാവിലെ കുളിച്ചു. വേറെ വസ്ത്രങ്ങള്‍ ധരിച്ചു. ബാഗില്‍ കരുതിയിരുന്ന തന്റെ കഥാസമാഹാരം-പാതിരാപ്പുള്ളിന്റെ രോദനമെടുത്ത് സൗപര്‍ണ്ണികയില്‍ നിമജ്ജനം ചെയതു. തിരികെ നടയില്‍ വന്ന് നിന്ന് തൊഴുതു. തൊഴുതിറങ്ങാന്‍ നേരം പോക്കറ്റില്‍ നിന്ന് പേനയെടുത്ത് തിരുനടയില്‍വച്ചു. പിന്നെ ദേവിയെ താണുതൊഴുത് സതീശന്‍ തിരിച്ചിറങ്ങി. നടയിറങ്ങുമ്പോള്‍ സതീശന്‍തുണിബാഗിന്റെ വള്ളികൊണ്ട് കണ്ണുകള്‍ അമര്‍ത്തിതുടച്ചു.
കൃഷ്ണകുമാര്‍ മാരാര്‍