ലെന്നയുടെ പ്രണയാന്വേഷണ പരീക്ഷണങ്ങള്‍

രാഹുല്‍ നായര്‍ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ ആണത്രെ..രാവിലെ നിഷ വിളിച്ചു പറഞ്ഞപ്പോഴാണു വിവരം അറിഞ്ഞത്‌.. വസന്ത് നഗറില്‍ ഉള്ള ഫ്ലാറ്റിന്റെ അഞ്ചാമത്തെ ഫ്ലോറില്‍ നിന്നും അയ്യാള്‍ താഴോട്ട്‌ ചാടി.. ഒരു കാലും രണ്ടു വാരിയെല്ലും ഒടിഞ്ഞതല്ലാതെ വെറൊന്നും സംഭവിച്ചില്ല.. ചാടുന്നതിനു മുന്‍പു അയ്യാള്‍ എന്റെ പേരു വിളിച്ചു പറഞ്ഞെന്നു ദൃക്‌സാക്ഷികള്‍!!! പോലിസ്‌ അത്മഹത്യാ ശ്രമത്തിനു കേസ്‌ എടുത്തിട്ടുണ്ടത്രേ..

അയ്യോ പറഞ്ഞു വന്നപ്പോള്‍ എന്നെ പരിചയപ്പെടുത്താന്‍ മറന്നുപ്പോയി..ഞാന്‍ ലെന്ന..ലെന്ന മാത്യു..

അല്‍പ്പം കുസൃതിയും..കുറച്ചു വിവരക്കേടും..ഏറേ വായാടിയുമായ ഒരു ശരാശ്ശരി ബാംഗ്ലൂര്‍ മലയാളി.. ഒരല്‍പ്പം പരസഹായം എന്റെ ഒരു വീക്ക്‌നെസ്സ്‌ ആണ്‌.. രാഹുലിനെ കാണാം എന്നു വിചാരിച്ചതല്ല പിന്നെ റിച്ച്‌മോണ്ട്‌റോടു വഴിപൊകേണ്ടതുകൊണ്ടു അയ്യാളെ കാണാം എന്നു കരുതി...രാഹുല്‍ പറഞ്ഞുവരുമ്പൊള്‍ എന്റെ സീനിയര്‍ മാനേജര്‍ അയി വരും കേട്ടോ..ഞാന്‍ വര്‍ക്ക്‌ ചെയ്യുന്ന കമ്പനിയിലെ സീനിയര്‍ ആര്‍ക്കിട്ടെക്റ്റ്‌ ആണയാള്‍...സുമുഖന്‍..സുന്ദരന്‍ ഒരു ബോളിവുഡ് സ്റ്റയില്‍ എന്നൊക്കെ പറയാം അയാളെ കുറിച്ചു.

ആര്‍ക്കിട്ടെക്റ്റ്‌ ആയതു കൊണ്ടാണോ അയാള്‍ അത്മഹത്യ ചെയ്യാന്‍ ഒരു ബില്‍ഡിംഗ്‌ തിരഞ്ഞെടുത്തത്‌?..ഛേ ..ഇതാണു എന്റെ വേറൊരു കുഴപ്പം..അനാവശ്യ ചിന്തകള്‍..

ഐ.സി.യു.വിന്റെ മുന്‍പില്‍ ആരൊക്കെയോ ഉണ്ട്‌.. കൂട്ടത്തില്‍ പ്രായം ചെന്ന ഒരു മാന്യനേയും ഒരു പാവം ആന്റിയേയും കണ്ടു. രാഹുലിന്റെ അച്ഛനും,അമ്മയും ആകണം..മുഖ സാദ്രിശ്യമുണ്ട്‌.. ഭാഗ്യം എന്നെ ആരും ഇവിടെ തിരിച്ചറിയാത്തത് .കിളിവാതിലിലൂടെ അവ്യക്തമായി ഞാന്‍ രാഹുലിനെ കണ്ടു..എന്തൊക്കെയൊ യന്ത്രങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ടു..അരികില്‍ നിന്ന ഒരു മധ്യവയസ്ക്കനേ നോക്കി ഞാന്‍ ഒന്നു ചിരിക്കാന്‍ ശ്രമിച്ചു എന്നിട്ടു പതുക്കെ ചോദിച്ചു"രാഹുല്‍..?"

അയാള്‍ തലകുലുക്കി എന്റെ അരികിലേക്കു നീങ്ങി..രാഹുലിന്റെ അങ്കിള്‍ ആണ്‌..ഞാന്‍ കൂടെ വര്‍ക്ക്‌ ചെയ്യുന്നതാണു എന്നറിയിച്ചു..

നേഴ്സ് പുറത്തു വന്നു ഒരു മരുന്നിന്റെ ലിസ്റ്റ്‌ നല്‍കി..പുറത്തേക്കിറങ്ങിയ അങ്കിള്‍ന്റെ കൂടെ ഞാനും ചെന്നു..

"വേറെ കുഴപ്പം ഒന്നും ഇല്ല..ഫ്രാക്ച്ചര്‍ ഉണ്ടു..ഈശ്വരന്‍ അനുഗ്രഹിച്ചു തലയടിച്ചു വീണില്ല.. ഒബ്‌സര്‍വ്വേഷനില്‍ അയതു കൊണ്ടു ഇനി ഐ.സി.യു.വില്‍ നിന്നു പുറത്തു വന്നിട്ടേ കാണാനൊക്കു...കുട്ടിയുടെ പേര്‌...?"

സ്വഭാവികമയി ഞാന്‍ ഒരു നുണ പറഞ്ഞു "ശ്രീദേവി..."

"അയാള്‍ക്കു എന്തോ പ്രേമനൈരാശ്യം ആണെന്നു പോലീസ്‌ പറയന്നു...ഒരു ലെറ്ററോ മറ്റോ കിട്ടിയത്രേ...കുട്ടിക്കു വല്ലതും..."

"ഇല്ല അങ്കിള്‍...എന്റെ അറിവില്‍ ഒന്നും ഇല്ല..പിന്നെ ഞങ്ങള്‍ സബോടിനേറ്റ്‌സുമായി രാഹുലിനു കമ്പനി കുറവാണു..."

കൂടുതല്‍ കള്ളങ്ങള്‍ വഴി സ്വര്‍ഗ്ഗത്തിലെ തേരട്ടയുടെ എണ്ണം കൂട്ടേണ്ട എന്നു കരുതി തിരക്കഭിനയിച്ചു ഞാന്‍ അവിടെ നിന്നും പോന്നു..എന്റെ വല്യമ്മച്ചി കത്രീന ചേടത്തിയുടെ കണ്ടുപിടിത്തമാണ്‌ ആ തേരട്ടകള്‍...

എന്തിനാണ്‌ രാഹുല്‍ എന്റെ പേര്‌ വിളിച്ചുപറഞ്ഞത്‌??? അതൊരു കഥയാണ്‌..അധികം ആര്‍ക്കും അറിയാത്ത ലെന്നയുടെ സ്വകാര്യ സ്വത്തുക്കളിലൊന്നു..

നിങ്ങള്‍ക്കു പറക്കുവാന്‍ ഇഷ്ടമണോ?? ഉയരങ്ങളെ ഭയക്കുന്ന ഒരു വ്യക്‌തിയാണ്‌ നിങ്ങളെങ്കില്‍ തീര്‍ച്ചയായും അല്ല.എന്നാല്‍ എനിക്കിഷ്ടമാണ്‌..ജീവിതത്തിന്റെ വര്‍ണ്ണചിറകുകള്‍ വിരിച്ചു പറക്കാന്‍..കെട്ടുപാടുകളില്ലാതേ സ്വതന്ത്രമായി സഞ്ചരിക്കുവാന്‍..വളരെ താഴ്‌ന്നു പറക്കുന്നതാണ്‌ എനിക്കിഷ്ടം..കാരണം എനിക്കും അത്യുന്നതങ്ങളെ ഭയമാണ്‌...

രാഹുല്‍ എന്റെ കമ്പനിയിലെ സീനിയര്‍ ആര്‍ക്കിട്ടെക്റ്റ്‌ ആയിട്ടു വെറും 4 മാസമേ ആയൊള്ളു..അവനു എങ്ങിനെയണ്‌ എന്നൊടു അടുപ്പം തോന്നിയത്‌ എന്നറിയില്ല.ഒരു പക്ഷേ കത്രീന ചേടത്തി പറയുന്നതു പോലെ എന്റെ പൊന്ന്‌ പോലുള്ള മുഖം ആകാം. അല്ലെങ്കില്‍ എന്റെ ജന്മസിദ്ധമായ വാചകമടി..അതുമല്ലെങ്കില്‍ അവനും എന്നെ പോലെ ഒരു മലയാളി അയതു കൊണ്ടൊ?? അതിനേക്കളേറെ അയാള്‍ എന്റെ സ്വന്തം നാട്ടുകാരന്‍ ആയതോ???? ഒരു നല്ല ചാര്‍മ്മിംഗ്‌ പേര്‍സ്സണാലിറ്റി എന്നതിനപ്പുറം അവന്‍ എന്നില്‍ ഒരു മാറ്റവും സൃഷ്ടിച്ചില്ല എന്നു വേണം കരുതാന്‍.

രണ്ടാമത്തേതു എന്റെ പരസഹായ പ്രസ്ഥാനം..പുതിയതായ്‌ വന്ന സിറ്റിയില്‍ അവനു താമസവും മറ്റും അറേഞ്ച്‌ ചെയ്തു കൊടുത്തതു ഞാന്‍ ആണ്‌ ..ഒരു മലയാളി അല്ലേ എന്ന ഒരു കണ്‍സിടറേഷന്‍..മറിച്ചു ചിന്തിക്കേണ്ട കാര്യം ആണ്‍പെണ്‍ ഭേദമില്ലാതെ പത്തിലധികം അത്മസുഹൃതുക്കള്‍ ഈ സിറ്റിയില്‍ എനിക്കുണ്ടായിരുന്നില്ല..അതുപോലെ തന്നെ രാഹുലിന്റെ മാന്യമായ പെരുമാറ്റം..ഹീ'സ്‌ എക്സ്ട്രഓര്‍ഡിനര്‍ലി ഡിപ്ലോമാറ്റിക്ക്‌!!!.

കഴിഞ്ഞ രണ്ടുമാസം മുന്‍പു മഴയുള്ള ഒരു വൈകുനേരം അവന്‍ എന്നെ കഫേയിലേക്കു വിളിച്ചപ്പോള്‍ അവനു വട്ടു തുടങ്ങിയെന്നു എനിക്കറിയില്ലായിരുന്നു..മഴയുടെ സംഗീതവും..ചെറിയതണുപ്പും എല്ലാം കൂടി ഒരു കോഫിക്കു പറ്റിയ മൂഡ്‌ ഉണ്ടയിരുന്നു...ഒരു കോഫിയുമായി പുറത്തേ മഴയിലേക്ക്‌ നോക്കി അവന്റെ മുന്‍പിലിരിക്കുമ്പൊള്‍ അവന്‍ എന്റെ കൈപിടിച്ചു..വിരല്‍ ഞൊട്ടയിടുക മുന്‍പും അവന്റെ ഒരു സ്വഭാവമണു, അതു കൊണ്ടു ഞാന്‍ ശ്രദ്ധിച്ചില്ല..മഴകാരണം പുറത്തു റോഡില്‍ വാഹനങ്ങളും കാല്‍നടക്കാരും കുറവ്‌..കൈയില്‍ എന്തോ കുളിര്‍മ്മ അനുഭവപെടുന്നതു തോന്നിയിട്ടാണ്‌ ഞാന്‍ വീണ്ടും മേശയിലേക്കു ശ്രദ്ധ തിരിച്ചതു..ഒരു പാതിവിടര്‍ന്ന റോസാപൂ..ഇടിവെട്ടിയ പോലെ ഞാന്‍ രാഹുലിനെ നോക്കവേ കോഫി ഒരു കവിള്‍ കുടിച്ചു അവന്‍ പറഞ്ഞു...

"ഐ ലവ്‌ യു..ലെന്ന" ...

ഒരു നിമിഷം എനിക്കു ഒന്നും പിടികിട്ടിയില്ല...കൈയ്യിലിരുന്ന പൂവു പതുക്കെ ഞാന്‍ എടുത്തു അതിന്റെ സുഗന്ധം പരിശോധിക്കവേ എന്റെ മനസ്സ്‌ ഒരു റോമന്റിക്ക്‌ മൂടില്‍ പോലും അയിരുന്നില്ല എന്നതു സത്യം...

"വാട്ട്‌?? നീ എന്തേലും പറഞ്ഞോ...?"

പൂവു തിരിച്ചും മറിച്ചും ഭംഗി നോക്കുന്ന എന്റെ കൈ ബലമായി പിടിച്ചു മേശയില്‍ വച്ചു രാഹുല്‍..

ഞാന്‍ വര്‍ത്തമാന ലോകത്തിന്റെ സ്ഥലകാലതയിലേക്കു കടക്കുകയായിരുന്നു അപ്പോള്‍..മുന്‍പില്‍ ഇരിക്കുന്ന രാഹുല്‍ എന്നൊടു പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നും, അവന്‍ എന്റെ കണ്ണുകളില്‍ ഉറ്റു നോക്കുകയാണെന്നും അപ്പൊഴാണു എനിക്കു മനസ്സിലായത്‌...

പതുക്കെ കൈ വലിച്ചു ഞാന്‍ നിവര്‍ന്നിരുന്നു..പുറത്തെ മഴയും, കോഫിയുടെ മധുരവും എല്ലാം ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു എന്നില്‍ നിന്ന്‌...

'നല്ല പൂവാണ്‌ കേട്ടൊ.." മേശയില്‍ കിടന്ന റോസാപൂ വീണ്ടും കൈയിലെടുത്തു ഞാന്‍ രാഹുലിനെ നോക്കി ചിരിച്ചു..

"ലെന്ന..പ്ലീസ്‌.." അവന്‍ വിടുന്ന മട്ടില്ല..

"എനിക്കിത്തിരി സമയം തരൂ രാഹുല്‍..." അവനെ നിരാശപ്പെടുത്തുക എന്നതിനേക്കാള്‍ അ നല്ല സായഹ്നം സ്‌പോയില്‍ ചെയ്യാന്‍ എന്റെ മനസ്സ്‌ അനുവദിച്ചില്ല എന്നതാണു സത്യം...

ഉത്തരമെഴുതാത്ത ചോദ്യം ഒരു പുതിയ പ്രശ്നത്തിന് തുടക്കം കുറിക്കുന്നു..വിശകലനത്തിന്റേയും,ചിന്തകളുടേയും, ചര്‍ച്ചകളുടേയും ആയ ഒരു പുതിയ ലോകം. നമ്മുടെ ജീവിതത്തേ സംബന്ധിച്ചാവുമ്പോള്‍ അതിന്‌ ഉത്തരത്തിലെത്താനുള്ള വേഗം കൂടുതലാണ്‌, അയുസ്സും. ഇതെന്റെ കണ്ടുപിടിത്തമാണ്‌ കേട്ടോ.. അദ്യമായി എനിക്കതു തോന്നിയതു സച്ചിനെ പരിചയപ്പെട്ടപോള്‍ ആണ്‌... ഓഫീസിലെ പ്ലേയ്ബോയ്‌ ആയിരുന്നു അവന്‍, രണ്ടു വര്‍ഷം മുന്‍പു അവന്‍ ജോയിന്‍ ചെയ്തപ്പോള്‍ എല്ലാരും പറഞ്ഞു ഈ പയ്യന്‍ എന്തേ ബോളിവുഡില്‍ ഒരു കൈ നോക്കിയില്ല എന്ന്‌.. പക്ഷേ സെയില്‍സ് ടിമിനു അവന്‍ ഒരു അസ്സെറ്റ്‌ ആയിരുനു.. സ്മാര്‍ട്ട്‌, ചടുലമായ സംസാരം, നന്നായി ജോക്ക്‌ അടിക്കും അങ്ങിനെ ഒരു ഓവര്‍ആള്‍ ഫിഗര്‍.. ഫീമെയില്‍ സ്റ്റാഫ്‌ അവന്റെ പിന്നാലെ കൂടിയപോള്‍ എനിക്കു ഒരു കുസൃതി തോന്നി..ഒരു സുപ്രഭാതത്തില്‍ അവന്റെ ഡെസ്ക്കില്‍ ഒരു വലിയ ബുക്കേ എത്തി..ചുവന്ന റോസാപൂക്കളും...മനോഹരമായി എഴുതിയ ഒരു പ്രേമലേഖനവും... ഫ്രം യുവര്‍ അട്‌മയെറര്‍ ആന്‍ഡ്‌ കൊളീഗ്‌.. എല്ലാരുടേയും കൂടെ ഒരുപോലെ ഇടപഴകുന്ന എന്നെ ആരും സംശയിക്കില്ല എന്ന ഉറപ്പുണ്ടായിരുന്നു...അന്നത്തെ സച്ചിന്റെ വെപ്രാളവും നനഞ്ഞ പൂച്ചയേ പോലുള്ള അവന്റെ അവസ്ഥയുമൊക്കേ വൈകീട്ടു നിഷയോട്‌ കഫേയില്‍ കയറിയപ്പോള്‍ പറഞ്ഞു ചിരിക്കാനുള്ള വകയായി... വളരേ മുന്‍കൂട്ടി ചിന്തിച്ചിക്കുന്ന ഞാന്‍ ഒരു അഡിഷ്ണല്‍ സെക്വിരിറ്റിക്കു വേണ്ടി നിഷയെ ആണ്‌ ഫ്ലവര്‍ ഓര്‍ഡര്‍ ചെയ്യാന്‍ എല്‍പ്പിച്ചത്‌.. പക്ഷെ രാവിലെ നിഷയെ ഫ്ലവര്‍ ഷോപ്പിനു മുന്‍പില്‍ ഇറക്കിവിട്ട അവളുടെ ഏട്ടന്‍ സച്ചിന്റെ ഫിറ്റ്‌നെസ്സ്‌ ക്ലബ്ബ്‌ മെംബറും അവിടെ ആഴ്ചയില്‍ കണ്ടുമുട്ടുന്ന സുഹൃത്തും അണെന്നു എനിക്ക്‌ ഈശ്വരന്‍ നേരത്തേ ഈ-മെയില്‍ അയച്ചില്ലായിരുന്നു.... സച്ചിനെ ഫൂള്‍ ആക്കിയ ആഴ്ചയുടെ പിറ്റേ ആഴ്ച എനിക്കും കിട്ടി ഒരു വലിയ ബുക്കേ റോസപൂക്കള്‍...ഒരു വത്യാസം മാത്രം..പൂക്കളുടെ എണ്ണം ഇരട്ടിയും കളര്‍ മഞ്ഞയും സാധാരണ കാണേണ്ട ലവ്‌ലെറ്റര്‍ ഇല്ലാതെയും ആണ്‌ രാവിലെ തന്നെ അതെന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്‌... അന്തിച്ചു നില്‍ക്കുന്ന എന്നെ നോക്കി എല്ലാരും ചിരിക്കവേ സച്ചിന്‍ എന്റെ അരികിലെത്തി...ഉയര്‍ത്തിപ്പിടിച്ച കയ്യില്‍ ഒരു കവര്‍ അയാള്‍ എല്ലാരേയും വട്ടം ചുറ്റി കാണിച്ചു എന്നിട്ടു എന്റെ കയ്യില്‍ തന്നിട്ടു പറഞ്ഞു...

"ഐ ഗോറ്റ്‌ എ ഡീറ്റെയിലെട്‌ റിപ്ലയ്‌ ഹിയര്‍. പോസ്റ്റ്‌ ഈസ്‌ ജസ്റ്റ്‌ ഡിലെയ്ട്‌ ബിക്ക്കോസ്‌ ഒഫ്‌ ദി മിസ്സിംഗ്‌ അഡ്രസ്സ്‌!!!!" ചമ്മി നില്‍ക്കുന്ന എന്നെ നോക്കി ഒരു സുന്ദരന്‍ ചിരിയും പാസാക്കി അയാള്‍ തിരിഞ്ഞു നടന്നു ...എല്ലാരും ചിരിക്കുന്നതു എന്തോ ഞാന്‍ കണ്ടില്ല എന്നു നടിച്ചു...

അന്നു വൈകീട്ടു നിഷയുമൊത്തു ആ കത്തു വായിക്കുമ്പോള്‍ കത്തിന്റെ ആദ്യപകുതിയില്‍ അയാള്‍ ഞാന്‍ നല്‍കിയ പൂക്കളിന്റെ ഉറവിടം കണ്ടുപിടിച്ചതു അറിഞ്ഞു ഞാന്‍ വായന നിര്‍ത്തി നിഷയുമായ്‌ തര്‍ക്കിച്ചു..അവളോടു ഞാന്‍ പറഞ്ഞതാണു എന്റെ പ്ലാനിന്റെ സീരിയസ്‌നെസ്സ്‌..അതവള്‍ക്കെങ്ങിനെ അവളുടെ ഏട്ടനുമായി പങ്കുവക്കാന്‍ കഴിഞ്ഞു??? വീട്ടില്‍ ചെന്നു ഏട്ടനുമായി അവള്‍ ഉടക്കാം എന്നു ഉറപ്പു വാങ്ങിയിട്ടാണു ഞാന്‍ പിന്നെയും കത്തിലേക്കു തിരിഞ്ഞതു...

തമാശകളുടേയും സൗഹൃദത്തിന്റേയും മുഖങ്ങള്‍ക്കപ്പുറം മനുഷ്യര്‍ കരുതിവക്കുന്ന കൊച്ചുകൊച്ചു സ്വകാര്യ സന്തോഷങ്ങള്‍...അവയില്‍ അവര്‍ അര്‍പ്പിക്കുന്ന വിശ്വാസവും , അവയെ മുറുക്കെ പിടിക്കാനുള്ള അടങ്ങാത്ത ആത്മദാഹവും..ഒരു പക്ഷെ ഇതാകാം ജീവിതത്തില്‍ നമ്മളേയൊക്കെ മുന്‍പോട്ടു നയിക്കുന്ന പ്രേരകശക്തി.. സച്ചിന്റെ ബാക്കിയുള്ള വരികളില്‍ നിന്നും പിന്നെ അതു കഴിഞ്ഞു വന്ന മറ്റൊരു പരീക്ഷണത്തില്‍നിന്നും എനിക്കു ജീവിതത്തേ കുറിച്ചു ഇത്രയും മനസ്സിലായി...

സച്ചിന്‍ എന്‍ഗേജ്ട്‌ ആയിരുന്നു...പിന്നിടുള്ള വരികളില്‍ അയാളുടെ പ്രേയസ്സിയെ കുറിച്ചും അവരുടെ പ്രണയത്തെകുറിച്ചും എല്ലാം വര്‍ണ്ണിച്ചിരുന്നു... പ്രണയത്തിന്റെ വിശ്വസ്തനായ ഒരു കാവല്‍ക്കാരനേ ഞാന്‍ അയാളുടെ വരികളില്‍ കണ്ടു... വെറുതെ ഞാന്‍ കാണിച്ച പൊട്ടത്തരത്തിനു ആദ്യമായി എനിക്കു എന്നൊടു തന്നെ ദേഷ്യം തോന്നി..പിന്നീടു സച്ചിനെ കാണുമ്പോള്‍ ഞാന്‍ ചിരിക്കാന്‍ ശ്രമിക്കും പക്ഷേ ഞാന്‍ ചിരിക്കുന്നതിനു മുന്‍പു തന്നെ അയാള്‍ ഇങ്ങോട്ടു കയറി സംസാരിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്തു..ദിവസങ്ങള്‍ കടന്നപ്പോള്‍ കവിതയെ(അതായിരുന്നു സച്ചിന്റെ ഫിയാന്‍സെയുടെ പേര്‌) പറ്റി കൂടുതല്‍ അറിയുന്ന ഒരു വ്യക്തി ആയി മാറിയിരുന്നു ഞാന്‍.. പിന്നിടു രണ്ടു മാസങ്ങള്‍ക്കു ശേഷം ഒരു വൈകുനേരം സച്ചിന്‍ എന്റെ ഡെസ്ക്കിനരുകില്‍ എത്തി..

"ലെന്ന...ജോയിന്‍ ഫോര്‍ എ കോഫി പ്ലീസ്‌??"

എനിക്കു തിരക്കുണ്ടു എന്നു പറയാന്‍ തുടങ്ങവേയാണു ഞാന്‍ അവന്റെ കണ്ണുകള്‍ ശ്രദ്ധിച്ചതു..പതുക്കെ ചെയ്ത വര്‍ക്കുകള്‍ ഒതുക്കി ബാഗുമെടുത്തു ഞങ്ങള്‍ പുറത്തു കടന്നു..

കോഫി കപ്പില്‍ തിരുപിടിച്ചുകൊണ്ടു സച്ചിന്‍ എന്റെ മുന്‍പില്‍ ഇരുന്നു..

"വാട്ട്‌ ഹാപ്പെന്‍...?" അവന്റെ മൂട്‌ കണ്ടപ്പോള്‍ തന്നെ എനിക്കു പന്തികേട്‌ തോന്നിയിരുന്നു...

"ഐ പുട്ട്ഡൗണ്‍ മൈ പപ്പേര്‍സ്സ്‌..യെസ്റ്റര്‍ഡേ..ദിസ്‌ ഫ്രയ്ഡേ ഈസ്‌ മൈ ലാസ്റ്റ്‌ ഡേ.."

ഒരു കവിള്‍ കോഫി കുടിച്ച ശേഷം അവന്‍ സാവധാനം പറഞ്ഞു..

"വാട്ട്‌??!!!" എനിക്കു വിശ്വാസം വന്നില്ല..എന്റെ അറിവില്‍ സച്ചിന്‍ അവന്റെ ജോബില്‍ സാറ്റിസ്‌ഫൈഡ്‌ അയിരുന്നു...അതിനേക്കാള്‍ എറെ കഴിഞ്ഞ ആഴ്ച്ചയില്‍ അയാള്‍ മാര്‍ക്കെറ്റിംഗ്‌ ടിമിന്റെ ഹെഡ്‌ ആയി പ്രൊമോട്ട്‌ ചെയ്യപെടുകയും ചെയ്തു..

"ഇറ്റ്‌'സ്‌ നോറ്റ്‌ മീ ലെന്ന..കവി ഈസ്‌ മൂവിംഗ്‌ റ്റു ദില്ലി...ഷി ഗൊറ്റ്‌ ഇന്‍റ്റു എയ്മ്‌സ്‌ അസ്‌ എ റിസര്‍ച്ച്‌ ഫെല്ലൊവ്‌.." കവിത മെഡിസിന്‍ കഴിഞ്ഞു പ്രാക്ക്റ്റിസ്‌ ആരംഭിച്ച കാര്യം അവന്‍ എന്നോടു മുന്‍പേ പറഞ്ഞിരുന്നു....

"ബട്ട്‌ യു'ര്‍ ഡുയിംഗ്‌ എക്സല്ലെന്റ്‌ ഹിയര്‍..സച്ചിന്‍..വാട്ട്‌'സ്‌ ദി.." എന്നെ മുഴുമിപ്പിക്കാന്‍ അവന്‍ അനുവദിച്ചില്ല...

"ഇറ്റ്‌'സ്‌ ഓക്കെ ലെന്ന, ഐ കാന്‍ ഗെറ്റ്‌ അനതര്‍ ജോബ്‌ , ദില്ലി ഇസ്‌ നോറ്റ്‌ ന്യൂ റ്റു മീ..ഫോര്‍ ഹേര്‍ ദിസ്‌ ഈസ്‌ എ ലൈഫ്‌ ടൈം ഓപ്പര്‍ച്ച്യുനിറ്റി..ആന്‍ഡ്‌ യു നോ.. ഐ കാന്‍'റ്റ്‌ സ്റ്റേയ്‌ ഏവയ്‌ ഫ്രം ഹേര്‍ ..." അവന്‍ ചിരിക്കുന്നുണ്ടെങ്കിലും അവന്റെ കണ്ണില്‍ ഒരു വിഷമം ഞാന്‍ കണ്ടു..കൂടുതല്‍ പറഞ്ഞു അവനെ വിഷമിപ്പിക്കാന്‍ തോന്നിയില്ല..ഒരു നിമിഷം ഒരു മൂകത ഞങ്ങള്‍ക്കിടയില്‍ തിരയടിച്ചു..പിന്നെ പെട്ടന്നു തന്നെ സച്ചിന്‍ വിഷയം മാറ്റി..

ഓഫീസിലെ ചില തമാശകള്‍ ഒക്കെ പറഞ്ഞു ഞങ്ങള്‍ കോഫീ അവസാനിപ്പിച്ചു...പിരിയാന്‍ നേരം ഞാന്‍ അവന്റെ പുറത്തു തട്ടി കൊണ്ടു പറഞ്ഞു

"സേയ്‌ മൈ കണ്‍ഗ്രാറ്റ്‌സ്‌ റ്റു കവി..ആന്‍ഡ്‌ ഗുഡ്‌ ലുക്ക്‌ റ്റു യു..."

മുന്നൊട്ടു നടക്കാന്‍ തുടങ്ങിയ എന്നെ സച്ചിന്‍ പിടിച്ചു നിര്‍ത്തി

"ലെന്ന..താങ്ക്സ്‌ ഫോര്‍ എവെരിതിംഗ്‌..." അപ്പോഴാണു അവന്‍ എന്റെ കയ്യില്‍ വച്ചു തന്ന ഗിഫ്റ്റ്‌ പായ്ക്കറ്റ്‌ ഞാന്‍ കണ്ടതു..മനൊഹരമയ ഒരു ബ്ലു ഡയറി..ഞാന്‍ ഡയറി എഴുതും എന്നു മുന്‍പു എപ്പോഴൊ പറഞ്ഞിരുന്നു..

"ഐ ഡോന്‍'റ്റ്‌ മിസ്സ്‌ മച്ച്‌ അബൗറ്റ്‌ ഡിസ്‌ പ്ലേയ്സ്‌ എക്സപ്റ്റ്‌ യു...യു'ര്‍ സച്ച്‌ എ വണ്ടര്‍ഫുള്‍ ഫ്രണ്ട്‌.." അവന്‍ ചിരിക്കുകയാണു..

എന്നെ പതുക്കെ ചേര്‍ത്തണക്കുമ്പൊള്‍ അവന്‍ പറഞ്ഞു "യു കം റ്റു മൈ വെഡ്ഡിംഗ്‌..ഐ'ല്‍ റൈറ്റ്‌ റ്റു യു..."

പതുക്കെ മുന്നോട്ടു നടന്നു നീങ്ങുന്ന സച്ചിനെ നോക്കി ഞാന്‍ നിന്നു...പ്രണയത്തിനു ഇത്രയും മധുരമായ ഒരു ത്യാഗത്തിന്റെ മുഖം കൂടിയുണ്ടെന്നു എനിക്കു ആദ്യമായി മനസ്സിലാവുകയായിരുന്നു...അവന്‍ എന്റെ ഫ്രണ്ട്‌ ആണ്‌ എന്ന തോന്നല്‍ എന്നെ അഹങ്കരിപ്പിച്ചുവോ...?

ഈ-മെയില്‍ വഴി വിവരങ്ങള്‍ അറിയാറുണ്ടെങ്കിലും പിന്നിടു സച്ചിനെ നേരില്‍ കാണുന്നതു 4 മാസങ്ങള്‍ക്കു ശേഷം അവന്റെ വിവാഹത്തിനാണ്‌..

ചടങ്ങിന്റെ പിറ്റേന്നു എന്നെ തിരിച്ചു എയര്‍പ്പോര്‍ട്ടില്‍ വിടുമ്പോള്‍ സച്ചിന്‍ ഒരു സ്വകാര്യം പറഞ്ഞു.."ഐ സ്റ്റില്‍ കീപ്‌ യുവര്‍ ലെറ്റര്‍..."

ചിരിച്ചുകൊണ്ടു മുന്‍പോട്ടു നടന്ന എന്റെ കയ്യില്‍ തട്ടി അവന്‍..

"ലെന്ന...യു ഷുഡ്‌ തിങ്ക്‌ സീരിയസ്സ്‌ലി..ഇറ്റ്‌'സ്‌ ടൈം ഫോര്‍ യു റ്റു സ്റ്റോപ്‌ ഫ്ലയിംഗ്‌ എലോണ്‍..."

"ഒഫ്‌കോര്‍സ്സ്‌ ഡാ..." അങ്ങിനെ പറയുമ്പോഴും ഒറ്റക്കു പറക്കുന്നതിന്റെ രസം എനിക്കു ഒരിക്കലും ഉപേക്ഷിക്കാന്‍ കഴിയും എന്നു കരുതിയില്ല..

സച്ചിന്‍ പോയി വീണ്ടും രണ്ടു മാസങ്ങള്‍ക്കു ശേഷമാണ്‌ രാഹുല്‍ വരുന്നതു. അന്നത്തെ കോഫിറ്റേബിളില്‍ അവന്‍ ഒരു ചോദ്യം ചോദിച്ചിരിക്കുന്നു..പിന്നെയും ഉത്തരമില്ലാത്ത ഒരു ചോദ്യം പുതിയ സംഭവങ്ങള്‍ക്കു തുടക്കം കുറിക്കുകയായിരുന്നു...സ്വതന്ത്രമായ എന്റെ ജീവിതചിന്തകളെ തിരിച്ചു വിളിച്ചു ഒരു അടിയന്തിര സമ്മേളനം കൂടേണ്ടിയിരിക്കുന്നു..ഇതു തികച്ചും ശ്രമകരം തന്നെ..

ഇപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലായി കാണുമല്ലോ എന്നകൊണ്ടു ഞാന്‍ ചോദ്യങ്ങളെ ഭയക്കുന്നു എന്ന്‌..എന്റെ പറക്കലിന്റെ സ്വച്ഛതയെ ആണ്‌ അവ പലപ്പോഴും അലസോരപ്പെടുത്തുന്നത്‌....

പിന്നീടുള്ള രണ്ടാഴ്ച്ചകളില്‍ ഞാന്‍ പരമാവധി രാഹുലിനെ ഒഴിവാക്കുകയായിരുന്നു..കാരണം മറ്റൊന്നും അല്ല, അവനോടുള്ള ഉത്തരം എനിക്കു വളരേ മുന്‍പു തന്നെ അറിയാമായിരുന്നു.. പറക്കുന്ന എന്റെ ചിന്തകള്‍ ഇപ്പോഴും കൂടണയാന്‍ തയ്യാറല്ല അതു കൊണ്ടു കാത്തിരിക്കാന്‍ പറയാന്‍ കഴിയില്ല. ആര്‍ക്കും പ്രതീക്ഷകള്‍ കൊടുക്കരുതല്ലൊ, അപ്പോള്‍ എളുപ്പത്തില്‍ ഒരു ഉത്തരത്തില്‍ ഒരു ചോദ്യത്തെ അവസാനിപ്പിക്കുക എന്നുള്ളതാണു ഇവിടെ ഉത്തമം.

പിന്നീടുവന്ന തിങ്കളാഴ്ച്ച രാഹുലിനുള്ള മറുപടിയും തയ്യാറാക്കിയാണു ഞാന്‍ ഓഫീസില്‍ എത്തിയതു.. രാവിലെ പതിവുള്ള കോഫി ബ്രേക്കില്‍ എല്ലാം പറഞ്ഞു തീര്‍ക്കണം എന്നു കരുതിയതാണ്‌.. ഓഫീസ്‌ ഡെസ്ക്‌ ഒതുക്കുമ്പോഴാണ്‌ പുറകില്‍ നിന്നും ആ സ്വരം കേട്ടത്‌..

"ജുലിയെറ്റ്‌ ഇപ്പോഴും കണ്ണട യൂസ്‌ ചെയ്യുന്നുണ്ടല്ലേ..?"

കയ്യിലിരുന്ന പേന അറിയാതെ താഴോട്ടു വീണതും ഇരുന്ന ചെയര്‍ അറിയാതെ വട്ടം തിരിഞ്ഞതും എനിക്കു എങ്ങിനെയെന്നു മനസ്സിലായില്ല..എന്റെ പറന്നുപോയ

ചിന്തകളെല്ലാം ദാ ഒരു അടിയന്തര സമ്മേളനത്തിന്നു തിരിച്ചെത്തിയിരിക്കുന്നു. മുന്‍പില്‍ നിന്നു ചിരിക്കുന്നതു ജിജോ ആണ്ണെന്നു ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല... ഇവനെങ്ങിനെ ഇവിടെ??? ഈശ്വരാ ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍ ഇനിയും ഉടലെടുക്കയണോ...? എന്റെ വെപ്രാളം കണ്ടിട്ടാകണം , താഴേ വീണ പേന എന്റെ കയ്യില്‍ എല്‍പ്പിച്ചിട്ടു അവന്‍ പറഞ്ഞു... "ഇപ്പൊ ലാന്റ്‌ ചെയ്തതേ ഒള്ളു..എല്ലാരേം ഒന്നു കാണട്ടെ എന്നിട്ടു വരാംട്ടോ..." ഒരല്‍പ്പം ശ്വാസം എടുത്തു ഞാന്‍ എത്തി നോക്കിയപോഴേക്കും അവന്‍ ഇടനാഴിയിലേക്കു നടന്നു മറഞ്ഞു കഴിഞ്ഞിരുന്നു...

"ജുലിയെറ്റ്‌....!!!" 5 വര്‍ഷങ്ങള്‍ക്കു മുന്‍പു , യൂണിവേഴ്സിറ്റി കോളേജില്‍ എം.എസ്‌.ഡബ്ലിയു.-നു ചേര്‍ന്നു ആദ്യ ദിവസം ക്ലാസ്സില്‍ കാല്‍വച്ചപോഴാണ്‌ ആ ശബ്ദവും ആ പേരും ഞാന്‍ ആദ്യമായി പരിചയപ്പെട്ടത്‌...ജിജൊ തോമസ്സ്‌ അവസാന വര്‍ഷ എം.ബി.എ സ്റ്റുഡന്റ്‌.. യൂണിവേഴ്സിറ്റിയില്‍ പുതുതായി സ്റ്റാര്‍ട്ട്‌ ചെയ്ത ഞങ്ങളുടെ കോഴ്സിന്റെ അദ്യ ദിവസം... പുതിയ മാടപ്പിറാവുകളെ പരിചയപ്പെടാന്‍ എത്തിയ സീനിയര്‍ സ്റ്റുഡന്റ്സ്ന്റെ ഇടയിലാണ്‌ അ മുഖം ആദ്യമായി കാണുന്നതു.. ഒരല്‍പ്പം ഉയരത്തില്‍ ഷേവ്ചെയ്യാതെ കണ്ണട വച്ച ഒരു പയ്യന്‍. ഗാങ്ങിലുള്ള മറ്റു സ്റ്റുഡന്റ്സ്‌ എല്ലാം പുതിയ കുട്ടികളെ പരിചയപെടുകയും, റെഗുലര്‍ ജോക്കുക്കള്‍ അരംഭിക്കുകയും ചെയ്തപോള്‍ ഒരു ചെയര്‍ വലിച്ചിട്ടിരുന്നു എല്ലാം കണ്ടു രസിക്കയായിരുന്നു അയാള്‍..ഞങ്ങളുടെ കൂട്ടത്തില്‍ കൂടുതലും സീനിയേര്‍സ്സ്ന്റെ കൂടെ മറ്റു കോളേജുകളില്‍ പഠിച്ച പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതിനാല്‍..ചേട്ടന്മാരുടെ നമ്പറുകള്‍ക്ക്‌ അവര്‍ മറു നമ്പര്‍ ഇറക്കാന്‍ തുടങ്ങി..പിന്നെ ആ കൂടികാഴ്ച്ച ഒരു പരിചയപ്പെടലായ്‌ മാറി..പിന്നീടെപ്പോഴൊ അവരുടെ ഗാങ്ങ്‌ പുറത്തേക്കിറങ്ങുകയായിരുന്നപ്പോള്‍ ഞാന്‍ എന്റെ സ്വതസിദ്ധമായ ശൈലി പുറത്തെടുത്തു...

"ആ കണ്ണടയുടെ പേരെന്ത...?"

മുന്നോട്ടു പോയ അവര്‍ അതേപടി തിരിഞ്ഞു നിന്നു...എല്ലാരും എന്നെ ഉറ്റുനോക്കുന്നു..ചൂളിപോയ ഞാന്‍ ജാള്യ്ത മറക്കാന്‍ ചിരിക്കുമ്പോള്‍ കൂട്ടത്തില്‍ നിന്നും അയാള്‍ മുന്നിലേക്കു കയറി...വളരെ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.."എന്നെയാണോ..?"

ഞാന്‍ എന്തു പറയണം എന്നറിയാതെ തലയാട്ടി... ഒന്നു ചിരിച്ചിട്ടു അയാള്‍ മറുപടിയേകി...

"റോമിയോ..." ഒരു കൂട്ട ചിരി ക്ലാസ്സില്‍ ഉയര്‍ന്നു.. എന്റെ പുറകിലിരുന്ന സൂസ്സന്ന വിളിച്ചു ചോദിച്ചു..

"എന്നിട്ടു ജുലിയെറ്റ്‌ എവിടെ..?"

മറുപടി പെട്ടന്നായിരുന്നു...

"അന്വേഷിച്ചു വന്നതല്ലെ ഇവിടെ...ദാ ഇപ്പൊ കണ്ടുകിട്ടി...." എന്റെ കണ്ണിലേക്കു ഉറ്റു നോക്കി ഒരു കുസൃതിയോടെ ആയിരുന്നു അയാള്‍ അതു പറഞ്ഞതു...ആര്‍ത്ത് ചിരിക്കുന്ന കുട്ടികള്‍ക്കിടയില്‍...ഈശ്വരാ അവരുടെ ഫസ്റ്റ്‌ ഡേ പരേട്‌ ഞാന്‍ തന്നെ സക്സസ്സ്‌ ആക്കി കൊടുത്തു....പിന്നീടു അയ്യാളെ പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞു...യൂണിവേഴ്സിറ്റി അര്‍ട്ട്സ്‌ ക്ലബ്ബ്‌ സെക്രട്ടറി ജിജോ തോമസ്സ്‌...നല്ല എഴുത്തുകാരന്‍..നന്നായി പാടും..കോളേജ്ജിന്റെ ഹരമാണയാള്‍...

പിന്നെ പിന്നെ കാണുമ്പോഴൊക്കെ ചിരിക്കാതിരിക്കാന്‍ ശ്രമിച്ചു..പക്ഷെ അയ്യാള്‍ ചിരിയോടെ വിളിക്കും "ഹായ്‌ ജുലിയെറ്റ്‌.." അറിയാതെ ചിരിച്ചുപോകും...അ പരിചയം വളര്‍ന്നു...പ്രണയത്തിന്റെ ലോകത്തു ഞാന്‍ ചിറകു വിരിച്ചു പറക്കാന്‍ തുടങ്ങിയതും അവനുമായുള്ള അത്തരം എതോ കൂടികാഴ്ചയിലാണ്‌..പരസ്പരം ഇഷ്ടപെട്ടിട്ടും..തമ്മില്‍ പറയാതെ...അടുത്തിട്ടും സുഹൃത്തുക്കളെപോലെ..ക്യാമ്പസ്സിന്റെ നിറഭേദങ്ങളില്‍ ഞങ്ങള്‍ക്കു ഇണപ്രാവുകളുടെ രൂപമായിരുന്നുവെങ്കില്ലും, നല്ല സുഹൃത്തുക്കള്‍ എന്നു ഞങ്ങള്‍ സ്വയം സമാധാനിച്ചു.. ഒരു പക്ഷേ ഉള്ളിലുള്ള ഇഷ്ടം പുറത്തു പറയുന്നതു ആ നല്ല ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമോ എന്നു ഞങ്ങള്‍ രണ്ടു പേരും ഭയന്നിരിക്കണം!!. വര്‍ഷാവസാനം സീനിയര്‍സ്സിന്റെ ഫെയര്‍വെല്ലിന്നു മുന്‍പുള്ള ഒരാഴ്ച്ച ജിജോയെ കണ്ടതേയില്ല. വിരഹത്തിന്റെ വേദന അറിഞ്ഞ ദിവസങ്ങള്‍ ആയിരുന്നു അത്‌..എന്റെ ജീവിതത്തില്‍ എല്ലാം വേഗംകൂടിയ അനുഭവങ്ങള്‍ ആയതിനാല്‍ ഇതും അത്തരത്തില്‍ എന്നാശ്വസിച്ചു.. ഫെയര്‍വെല്‍ ഡേയുടെ അന്ന്‌ വൈകീട്ടു അവനെ കണ്ടു....പതിവുപോലെ ഫൂട്ബോള്‍ ഗ്രൗണ്ടിന്റെ അറ്റത്തുള്ള വാകമരച്ചോട്ടില്‍..

പരസ്പരം മിണ്ടിയില്ല കുറച്ചു നേരം, പിന്നെ പതുക്കെ അവന്‍ കയ്യിലെ കവറില്‍ നിന്നും രണ്ടു ചെറിയ ചുവന്ന റോസാപൂക്കള്‍ എടുത്തു നീട്ടി..

"ഞാന്‍ നാളെ പോവുകയാണ്‌..ദുബൈ'യില്‍ ഒരു കസിന്‍ ജോലി ശരിയാക്കാം എന്നു പറഞ്ഞിട്ടുണ്ട്‌.."

എന്തു പറയണം എന്നെനിക്കറിയില്ലായിരുന്നു..ആദ്യമായാണു ജീവിതത്തില്‍ ഓരാള്‍ക്കു വേണ്ടി ഞാന്‍ കരഞ്ഞത്‌..എന്തെങ്കിലും പറയുന്നതിനു മുന്‍പു പോക്കെറ്റില്‍ നിന്നും ഒരു കത്തെടുത്ത്‌ എന്റെ കയ്യില്‍ വച്ചിട്ടു അവന്‍ പറഞ്ഞു..

"എല്ലാം ഇതിലുണ്ടു...എന്നും തന്നെ ജുലിയെറ്റ്‌ ആയിട്ടു കാണട്ടെ എന്നു പ്രാത്ഥിക്കണുണ്ടു ഞാന്‍..വരട്ടെ.."

കണ്ണില്‍ നിറഞ്ഞ കണ്ണുനീരിനിടയില്‍ അവന്‍ അവ്യക്തമായതും പിന്നെ മറഞ്ഞു പോയതും മനസ്സിലാക്കാന്‍ കുറച്ചു നിമിഷങ്ങളെടുത്തു..

മാളിയേക്കല്‍ തറവാടിന്റെ മട്ടുപാവില്‍ ഇരുന്നു നിലാവിനെ സാക്ഷിയാക്കി ജീവിതത്തിലെ ആദ്യത്തെ പ്രേമലേഘനം വായിച്ചു..

"പ്രിയപ്പെട്ട ലെന്നക്ക്‌, ഒരു നല്ല സൗഹൃദം ഒരു ഇഷ്ടമായി മാറിയതു അറിയാതിരുന്നിട്ടല്ല..പക്ഷെ ജീവിതം എനിക്കു വിധിച്ച കെട്ടുപാടുകളില്‍ നിന്റെ റോമിയൊ ആകാന്‍ എനിക്കു കഴിയും എന്നു തോന്നുന്നില്ല..അറിയാതെ മോഹിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്‌..എല്ലാ നന്മകളും നേരുന്നു..ഒരു നല്ല സൗഹൃദത്തിന്റെ കുറച്ചു നിമിഷങ്ങള്‍ നല്‍കിയതിനു നന്ദി..ഇനിയെന്നെങ്കിലും കണ്ടുമുട്ടിയാല്‍ ആ സൗഹൃദം ബാക്കി നില്‍ക്കും എന്നു പ്രതീക്ഷിക്കുന്നു..."

ആ രാത്രി കരഞ്ഞോ , ഉറങ്ങിയോ എന്നു ഒര്‍ക്കുന്നില്ല..നോക്കു എന്റെ ആദ്യത്തെ പ്രണയപത്രം തന്നെ പ്രണയത്തിനെ സ്മാരകപത്രമായ്‌ മാറിയത്‌!!! എന്റെ ജീവിതത്തില്‍ എല്ലാറ്റിനും വേഗതകൂടുതല്‍ അണെന്നു ഞാന്‍ പറയുന്നതു ഇപ്പോള്‍ നിങ്ങളും സമ്മതിക്കുമല്ലോ... പിന്നിടുള്ള വിരസങ്ങളായ കോളേജ്‌ ദിനങ്ങള്‍ തള്ളി നീക്കുമ്പോള്‍ തീരുമാനിച്ചു..ഓര്‍മ്മകളുടെ ഈ ലോകത്തു നിന്നും രക്ഷനേടണം..കോര്‍സ്സ്‌ കഴിഞ്ഞു റിസള്‍ട്ട്‌ വന്നു കഴിഞ്ഞപ്പോള്‍ , പപ്പയുടെ അടുത്തു ശാഠ്യം പിടിച്ചു, അവധിക്കു വന്ന ആന്റിയോടൊപ്പം ബാംഗ്ലൂര്‍ക്കു തിരിക്കുമ്പോള്‍ മനസ്സില്‍ പറഞ്ഞു ജനിച്ചു വളര്‍ന്ന ഈ ലോകത്തിനു ഞാന്‍ അതിഥി ആയി മാറുന്നു എന്ന്‌..

കഫെറ്റീരിയയില്‍ കയ്യിലെ കോഫീ മഗ്ഗില്‍ നിന്നു ചൂടു നുകരവേ കുറച്ചു നേരം തമ്മില്‍ മിണ്ടിയില്ല..പിന്നെ ജിജോ പതുക്കെ പറഞ്ഞു തുടങ്ങി..

"താന്‍ ഇവിടെ ഉണ്ടെന്നറിഞ്ഞില്ല..ഇന്നലെ എച്ച്‌.ആര്‍ എന്റെ അക്കെഡെമിക്ക്‌ കണ്ടപോഴാണു താന്‍ ഇവിടുള്ള കാര്യം പറഞ്ഞത്‌...അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍..."

"ജോയിന്‍ ചെയുകയില്ലായിരുന്നു അല്ലേ.." എനിക്കു തന്നെ അറിയില്ല എങ്ങിനെ ആ മറുപടി എന്നില്‍ നിന്നും വന്നു എന്ന്‌..

എന്റെ ചിരിക്കുന്ന മുഖം കണ്ടിട്ടാകണം ജിജോ ഒരല്‍പ്പം റിലാക്സ്‌ട്‌ ആയി...പതിയെ ഒരു പുഞ്ചിരി അവന്റെ മുഖത്തും

തെളിഞ്ഞു..ഓര്‍മ്മകള്‍ വീണ്ടും ചികഞ്ഞെടുത്ത്‌ ഞങ്ങള്‍ പഴയ തമാശകളും, സഹപാഠികളുടെ സുഖവിവരങ്ങളും പരസ്പരം കൈമാറി.ജിജോയുടെ വരവു ഒരുപകാരം കൂടി ചെയ്തു, രാഹുലിന്റെ പതിവു ക്ഷണങ്ങളില്‍ നിന്നു രക്ഷപെടാന്‍ അവന്‍ മൂലം കഴിഞ്ഞു.. പഴയ സൗഹൃദം മാത്രം പുറത്തെടുക്കാന്‍ ഞങ്ങള്‍ രണ്ടുപേരും പഠിച്ചു കഴിഞ്ഞിരുന്നു..അതോ ഞാന്‍ പഠിച്ചുവോ??

രണ്ടു ദിവസത്തിനു ശേഷം ഒരിടവേളയില്‍ ജിജോ പറഞ്ഞു അയാളുടെ എന്‍ഗേജ്‌മന്റ്‌ കഴിഞ്ഞ കാര്യം. എന്റെ പേര്‍സ്സണല്‍ ലൈഫിനെ പറ്റി അവന്‍ ഒന്നും ചോദിക്കാതിരുന്നതു എന്നെ അത്ഭുതപെടുത്തി..

ഓഫീസീന്റെ പടികള്‍ കയറുമ്പോള്‍ അറിയാതെ ഞാന്‍ ഓര്‍ത്തു പോയി..രാഹുല്‍ നായര്‍ പിന്നെയും എന്നെ ധര്‍മ്മസങ്കടത്തിലാക്കിയിരിക്കുന്നു.. അയാള്‍ക്കുള്ള ഉത്തരം ഇനി വൈകിക്കരുത്‌ എന്ന ഉറച്ച തീരുമാനവുമായാണ്‌ ഇന്നലെ ഉറങ്ങാന്‍ കിടന്നത്‌. കഴിഞ്ഞ രണ്ടാഴ്ചകളില്‍ ജിജോയുമായി തള്ളിനീക്കിയ ഒഴിവുസമയങ്ങളില്‍ ഞാന്‍ അക്കാര്യം മറന്നു പോയിരുന്നു.ഇന്നലെ രാവിലെ ഓഫീസില്‍ വച്ചു രാഹുലിന്റെ ക്യാബിനില്‍ പോകുന്നതുവരെ..തന്റെ ചോദ്യങ്ങള്‍ക്കൊന്നും അയാള്‍ ഉത്തരം പറയുന്നുണ്ടായിരുന്നില്ല..ചെയറില്‍ തന്നെ ഉറ്റു നോക്കി കൊണ്ടു അയാള്‍ ഇരിക്കുകയായിരുന്നു..

'രാഹുല്‍ ആര്‍ യു ഓക്കെ??"

നിശ്ചലമായ ഭാവം, മറുപടി ഒന്നും ലഭിക്കാതായപോള്‍ ഞാന്‍ പതിയെ പുറത്തു കടന്നു..അയാളുടെ ആ ഭാവം എന്നെ തെല്ലു അസ്വസ്ഥമാക്കി.. അപ്പോഴാണു തീരുമാനിച്ചത്‌ അവനു ഒരു മറുപടി കൊടുക്കേണ്ടിയിരിക്കുന്നു.. ഇന്നലെ അയാളെ ക്യാബിനില്‍ നിന്നും പുറത്തു കണ്ടതേയില്ല..ഇന്നു രവിലെ നിഷയുടെ ഫോണ്‍ കാള്‍ വന്നപോഴാണു ആ മൗനത്തിന്റെ അര്‍ത്ഥം എനിക്കു മന്‍സ്സിലയത്‌..രാഹുല്‍ , നിങ്ങള്‍ ഒരു ദിവസം കൂടി ക്ഷമിച്ചിരുന്നെങ്കില്‍.....ഇപ്പോല്‍ നിങ്ങള്‍ കാണുന്നില്ലേ..ഉത്തരം കണ്ടെത്തിയ ഒരു ചോദ്യം അതു കേള്‍ക്കാന്‍ ശ്രോതാവില്ലാതെ കഷ്ടപെടുന്നത്‌!! ഇതാണ്‌ ചോദ്യങ്ങളുടെ മറ്റൊരു കുഴപ്പം..അവയ്ക്കു ഒരുപാടു വ്യക്തികളുടെ സംവദനം അവശ്ശ്യമാണ്‌..ചിന്തകള്‍ അങ്ങനെയല്ല, അതു നമ്മളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു..

ഉച്ചക്കു ലഞ്ച്‌ ബ്രേക്കിനിടയില്‍ കഥയിലെ വില്ലനെ ജിജോ അവതരിപ്പിച്ചു..വിനയ്‌ മണവാളന്‍..ജിജോയുടെ ബാച്ച്‌മേറ്റ്‌ ആണയാള്‍, കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കു മുന്‍പു ജിജോ അയ്യാളെ ആകസ്മികമായി കണ്ടുമുട്ടി..നാട്ടില്‍ നിന്നും എത്തിയ പാര്‍സ്സല്‍ എടുക്കാന്‍ റയില്‍വേ സ്റ്റേഷനില്‍ പോയതാണ്‌ അയാള്‍. പഴയ പരിചയം പുതുക്കുനതിനിടയില്‍ എന്റെ കൂടെയാണ്‌ വര്‍ക്ക്‌ ചെയുന്നതു എന്നു പറഞ്ഞു ജിജോ..പിന്നിടാണ്‌ വിനയ്‌ പറഞ്ഞത്‌ അയ്യാള്‍ രാഹുലിന്റെ റൂംമേറ്റ്‌ അണെന്നു.. കഥയുടെ ശേഷം നിങ്ങള്‍ക്കു ഊഹിക്കാമല്ലൊ...

രാഹുലിനെ പിന്നെ കണ്ടതേയില്ല. അയാള്‍ റിസൈയിന്‍ ചെയ്തതായി അറിഞ്ഞിരുന്നു. മറ്റൊന്നും ആര്‍ക്കും അറിയുമായിരുന്നില്ല.ജിജോയുടെ കൂട്ട്‌ ഒരല്‍പ്പം ആശ്വാസം നല്‍കി, മനപൂര്‍വ്വം എന്നെ ചിയര്‍ ആക്കാന്‍ അയാള്‍ ശ്രധിച്ചിരുന്നു അതു പോലെ തന്നെ പോലീസിന്റെ അനാവശ്യ ചോദ്യങ്ങള്‍ ഒഴിവാക്കനും. ഇന്നിപ്പോള്‍ രണ്ടു മാസം കഴിഞ്ഞിരിക്കുന്നു ആ സംഭവങ്ങള്‍ക്കു ശേഷം..ആഴ്ചാവസാനം ജിജോയുടെ മാരിയേജാണ്‌ , രാവിലെ അയാളെ എയര്‍പ്പോര്‍ട്ടില്‍ വിട്ടു തിരിച്ചു വന്നപോഴാണ്‌ പപ്പ വിളിച്ച കാര്യം ആന്റി പറഞ്ഞത്‌. കത്രീന ചേടത്തിക്കു ബോധകേടായത്രേ.. വലിവിന്റെ അസുഖം അവര്‍ക്കുള്ളത്‌ കുറച്ചു കൂടുതലാണ്‌ എന്നറിയാമായിരുന്നു.. ഫ്ലൈറ്റില്‍ ഇരിക്കുമ്പോള്‍ മനസ്സു പ്രാര്‍ത്ഥിക്കുയായിരുന്നു അവര്‍ക്കൊന്നും വരുത്തല്ലേ എന്ന്‌.. അമ്മയില്ലാതെ വളര്‍ന്ന എനിക്കു പപ്പയുടെ ചിട്ടവട്ടങ്ങളില്‍ അല്‍പ്പം ആശ്വാസം നല്‍കിയതു അവരുടെ സ്നേഹമാണ്‌..മാളിയേക്കല്‍ തറവാട്ടിലെ എല്ലാവര്‍ക്കും കത്രീന ചേടത്തിയെ ഭയമായിരുന്നു..പപ്പായ്ക്കു പോലും. ഒരാളോട്‌ മാത്രമേ കത്രീന ചേടത്തി തോറ്റു കൊടുക്കാറുള്ളു, ലെന്ന മാത്യുവിനോട്‌..

വീടിനു മുന്‍പില്‍ രണ്ടുമൂന്ന്‌ കാറുകള്‍ കിടക്കുന്ന കണ്ടു..ഈശ്വരാ കുഴപ്പം വല്ലതും....വല്യ അങ്കിളും, സാന്റിച്ചായനുമൊക്കെ എത്തീട്ടുണ്ടല്ലൊ???

അറിയാതെ ഒരു ഭയം തോന്നി എനിക്ക്‌, പൂമുഖത്ത്‌ അരേയും കാണാതെ ഞാന്‍ ബാഗുമെടുത്ത്‌ പതുക്കെ അകത്തൊട്ടു കയറി..അപ്പോഴാണ്‌ കണ്ടതു,,ഊണുമേശയില്‍, മേശയുടെ തലപ്പത്ത്‌ കത്രീന ചേടത്തി ദാ വടിപോലിരിക്കുന്നു, ഒരു കുറ്റി പുട്ടു പഴവും കൂട്ടി വെട്ടുകയാണ്‌ ചേടത്തി.. അരികത്തു തന്നെ ഉണ്ടു പ്രൈവറ്റ്‌ സെക്രട്ടറി, കിച്ചനിലെ റോസി ചേച്ചി..

"ഓ നീ വന്നോ...എടിയേ ദെ അവള്‍ക്കും കൂടി ഒരു കുറ്റി പുട്ടെടുതെ..." കത്രീന ചേടത്തി ബിസ്സി ആണ്‌..

"ഇതെന്നാ ഏര്‍പ്പടാ വല്ല്യമ്മച്ചി..സുഖമില്ലാന്നു പറഞ്ഞു പപ്പാ എന്നാതിനാ ഫോണ്‍ ചെയ്തെ???" എനിക്കാകെ ഒരു പന്തികേടു തോന്നി..

"ആ..നിന്റെ കറുത്ത കോട്ടിനോട്‌ തന്നെ ചോദിക്ക്‌, അപ്പന്റെ മോന്‍ അല്ലേ അവന്‍.. വക്കീലു നേരു പറഞ്ഞു നീ കേട്ടിട്ടുണ്ടോടി പൊന്നു..?"

പപ്പായ്ക്കു വക്കീലു പണി ആയതിനാല്‍ ദേഷ്യം വരുമ്പോള്‍ കത്രീന ചേടത്തി ഇട്ടിരിക്കണ പേരാണ്‌ "കറുത്ത കോട്ട്‌".. എന്തയാലും എവിടെയൊ എന്തോ ഒരു കുഴപ്പമുണ്ട്‌ എനിക്കു തോന്നി..റൂമില്‍ ചെന്നു ഒന്നു കുളിച്ചു ഫ്രഷ്‌ ആയിട്ടു രണ്ടു കുറ്റി പുട്ടടിച്ചേക്കാം....നല്ല വിശപ്പ്‌...

വൈകുനേരം മാളിക മുകളില്‍ വലിയ സഭ കൂടിയപോള്‍ ഞാനും അങ്ങോട്ടു വിളിക്കപ്പെട്ടു.. സാന്റിച്ചായന്റെ മീന ചേച്ചി പറഞ്ഞറിഞ്ഞു..എന്തോ കാര്യം ഉണ്ട്‌.. വല്ല്യമ്മച്ചിക്കു ഇഷ്ടമായിട്ടില്ല...രാവിലെ അവര്‍ പപ്പായുമായി ശണ്ട കൂടിയത്രേ...എന്താണ്‌ കാര്യം എന്ന്‌ അവരും പറയുന്നില്ല..കുടുംബ കാരണവര്‍ എന്ന നിലയില്‍ പതിവു പോലെ വല്യ അങ്കിള്‍ തന്നെ വിഷയം എടുത്തിട്ടു...സംഭവം എന്റെ കല്യാണം ആണ്‌..അമേരിക്കയില്‍ നിന്നും എതോ ഒരു അഖില്‍ ജോണ്‍ കയറും പൊട്ടിച്ചു പോന്നിരിക്കുന്നു എന്നെ കെട്ടാന്‍... സംഗതിയുടെ മട്ടും ഭാവവും കണ്ടിട്ടു എല്ലാവരും എല്ലാം ഉറപ്പിച്ച മട്ടുണ്ട്‌..

"എനിക്കിപ്പോ കല്യാണം വേണ്ട പപ്പാ...ഒരു രണ്ടു കൊല്ലം കൂടി കഴിയട്ടേ" പറഞ്ഞു തീന്നതും വക്കീല്‍ ഭാഷയില്‍ എനിക്ക്‌ മറുപടി കിട്ടി..

"രണ്ടു കൊല്ലം കഴിയുമ്പോള്‍ അത്മഹത്യ ചെയ്യാന്‍ പോയ നായരു കെട്ടാമെന്നേറ്റിട്ടുണ്ടോ നിന്നെ...അല്ലേ തന്നെ മനുഷ്യനു നാണകേടു വരുത്തി വച്ചിരിക്കയാണ്‌..എന്നിട്ടു നിന്നു തര്‍ക്കുത്തരം പറയുന്നു..!!"

അപ്പോള്‍ അതാണ്‌ കാര്യം..മുഖം കുനിച്ചിരിക്കണ സാന്റിച്ചായനെ കണ്ടപോള്‍ എനിക്കു കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല..അപ്പോള്‍ രാഹുലിന്റെ ആത്മഹത്യാ ശ്രമം മാളിയേക്കല്‍ തറവാട്ടിലും എത്തി ചേര്‍ന്നിരിക്കുന്നു...

"പപ്പാ എനിക്കതില്‍ യാതൊരു പങ്കുമില്ല..മാത്രമല്ല അയാള്‍ ഇപ്പോള്‍ എന്റെ കൂടെ വര്‍ക്ക്‌..." മുഴുമിപ്പിക്കാന്‍ എന്നെ സമ്മതിച്ചില്ല പപ്പ..

'പറയുന്നതനുസരിച്ചാല്‍ മതി..ഈ ചെറുക്കനെന്താ കുറവ്‌??, വിദ്യാഭ്യാസമില്ലേ..നല്ല ജോലി ..നിന്നെ അവന്‍ അമേരിക്കയിലേക്കു കൊണ്ടു പോകും..ഞങ്ങള്‍ ഇതങ്ങു ഉറപ്പിക്കയാണ്‌..." കൂടുതല്‍ തര്‍ക്കിക്കാന്‍ എനിക്കു തോന്നിയില്ല..താഴേക്കു പോരുമ്പോള്‍ ഇടനാഴിയില്‍ വല്ല്യമ്മച്ചിയെ കണ്ടു...

"നെയിങ്ങു വന്നേ പൊന്നു...നിന്റെ വക്കീലപ്പനു വട്ടാനെ..എല്ലം ആ സാന്റികൊച്ചന്റെ കുത്തിതിരുപ്പാ..അവന്റെ പെണ്ണും വീട്ടുകാരുടെ കുടുംബ സുഹൃത്ത് ആണത്രേ ആ അമേരിക്കകാരന്‍... അവരു വീട്ടുകാരു തമ്മില്‍ എന്തോക്കെയൊ വെസ്സനസ്സ്‌ ഉണ്ടു" മട്ടുപാവില്‍ നടക്കാന്‍ ഇറങ്ങിയതാണു വല്ല്യമ്മച്ചി..എന്നും രാത്രി പതിവുള്ളതാണത്‌..."നെയെന്തു തീരുമാനിച്ചു പൊന്നു...?" വല്ല്യമ്മച്ചി ചോദിച്ചു..ഈ വീട്ടില്‍ എന്റെ ഇഷ്ടങ്ങള്‍ തിരക്കുന്ന ഏക വ്യക്തി അവരാണ്‌...

"ഞാന്‍ നാളേ തിരിച്ചു പോവുകയാണ്‌ വല്ല്യമ്മച്ചി..."

അവര്‍ പല്ലു കാട്ടി ചിരിച്ചു..എന്നിട്ടു പറഞ്ഞു..

"പെണ്ണുങ്ങള്‌ പണിയെടുക്കുന്നതു കണ്ടുകൂടാത്തതാ പണ്ടേ ഈ തറവാട്ടില്‌.. കാലം മാറണത്‌ കാണാന്‍ കണ്ണില്ലണ്ടായിരിക്കണ്‌ എല്ലാര്‍ക്കും..നീ നിന്റെ മനസ്സു പറയണതനുസരിച്ചു ചെയ്യു പൊന്നു..ഇന്ത്യാ മഹാരാജ്യത്ത്‌ ഇപ്പഴും ജനാധിപത്യം തന്യാ..ജയില്ലിലൊന്നും ഇടത്തില്ലലോ നിന്റെ വക്കീല്‌... പെണ്ണിനെ നാടുകടത്തി മാനക്കേട്‌ മാറ്റാന്‍ ഇറങ്ങിയിരിക്കണ്‌..."

രാവിലെ എയര്‍പ്പോര്‍ട്ട്‌ ലൗഞ്ചിലിരിക്കുമ്പോള്‍ മനസ്സു ശൂന്യമായിരുന്നു..കഴിഞ്ഞ രണ്ടു മണിക്കൂര്‍ മുന്‍പു നടന്ന നാടകം അലോചിച്ചപോള്‍ മാളിയേക്കലില്‍ ഇനി എനിക്കാരും സ്വന്തമായില്ല എന്നു തോന്നി..കത്രീന ചേടത്തി അല്ലാതെ..തോന്യാസത്തിനു ഇറങ്ങി പോയാല്‍ എനിക്കിങ്ങനെ ഒരു മകളില്ല എന്നു പറഞ്ഞുകളഞ്ഞു പപ്പ..വിഷമം തോന്നിയില്ല..പണ്ടും പുസ്തകങ്ങള്‍ക്കും യൂണിഫോമിനും ഹോസ്റ്റല്‍ ഫീസിനും ഉള്ള കാശിന്റെ കണക്കല്ലാതെ മറ്റൊന്നും പപ്പ അന്വേഷിക്കാറില്ലായിരുന്നു...ഒരു കോഫി കുടിക്കണമെന്നു തോന്നി..കോഫി മെഷീനരുകില്‍ ചെന്നപ്പോള്‍ അരോ ഒരു കോഫി എടുക്കാന്‍ ശ്രമിക്കുന്നതു കണ്ടു..കയ്യില്‍ ക്രച്ചസ്‌ ഉള്ളതിനാല്‍ അയാള്‍ ബുദ്ധിമുട്ടുന്നു എന്നു തോന്നി...

"മേ ഐ ഹെല്‍പ്‌ യു..?"

"ഓ പ്ലീസ്‌, താങ്ക്‌ യു.."

ഒരു നിമിഷം ഞാന്‍ സ്തംഭിച്ചുപോയി..രാഹുല്‍!!!. അയാളും ആകെ വല്ലാതായിരിക്കുന്നു..

പതുക്കെ ഒരു കോഫിയെടുത്തു ഞാന്‍ രാഹുലിനു നല്‍കി തിരിച്ചു നടന്നു..ഞാന്‍ ഇരിക്കുന്ന രണ്ടു വരിക്കു മുന്‍പിലാണു അയാള്‍. ഇരിക്കാനും എഴുന്നേല്‍ക്കാനും അയാള്‍ നന്നായി ക്ലേശിക്കുന്നു എന്നു തോന്നി..പതുക്കെ എഴുന്നേറ്റ്‌ അയാളുടെ അരികില്‍ പോയിരുന്നു..രാഹുല്‍ എന്നെ നോക്കി ചിരിച്ചു...

"തന്നെ ഇവിടെ കാണും എന്നു കരുതിയില്ല.."

"ഞാനും..."

"വെക്കേഷന്‍ മടുത്തു, തിരിച്ചു ചെല്ലണം, ബൈ ദി വേ എ ജോയിന്‍ എല്‍ ആന്‍ഡ്‌ ട്ടി"

"ഓ..കണ്‍ഗ്രാജുലേഷന്‍..ഇപ്പോള്‍ സ്റ്റാര്‍ട്‌ ചെയ്യുകയാണോ, ഈ അവസ്ഥയില്‍.."

"ഇല്ലടോ..ഇനിയും രണ്ടാഴ്ച്ചത്തെ വെക്കേഷന്‍ ഉണ്ടു..പോയി പുതിയ ഒരു താവളം കണ്ടുപിടിക്കണം..പിന്നെ ഐ നീട്‌ റ്റു ഗെറ്റ്‌ ഇന്‍ ഷേയ്പ്‌.." അതു പറഞ്ഞിട്ടു അയ്യാള്‍ ചിരിച്ചു...

ഫ്ലൈറ്റില്‍ കയറാന്‍ ഞാന്‍ രാഹുലിനെ സഹായിച്ചു..അയാളുടെ ലഗ്ഗേജ്ജ്‌ ക്യാബിനില്‍ വച്ചു ഞാന്‍ എന്റെ സീറ്റ്‌ തേടി മുന്‍പോട്ടു നീങ്ങവേ പതുക്കെ രാഹുല്‍ എന്റെ കൈ പിടിച്ചു..

"ലെന്ന.. ഐ'മാം സോറി.." എന്റെ നെരേ നീണ്ട അയ്യാളുടെ കണ്ണില്‍ ആ പഴയ രാഹുലിനെ എനിക്കു കണാമായിരുന്നു..5 മാസങ്ങള്‍ക്കു മുന്‍പു എന്റെ കമ്പനിയില്‍ വന്നെത്തിയ എന്റെ സുഹൃത്ത്‌ രാഹുല്‍ നായര്‍...

ചെക്‌ക്‍ഔട്ട്‌ കഴിഞ്ഞു ഒരു ടാക്സി തേടി ഞാന്‍ പുറത്തേക്കു നടക്കവേ പിറകില്‍ നിന്നും രാഹുല്‍ വിളിച്ചു...

"ലെന്ന...ഇഫ്‌ യു ടൊന്‍'റ്റ്‌ മെയിന്‍ ഷാല്‍ വീ ഹാവ്‌ എ കോഫി...?"

ഞാന്‍ തിരിഞ്ഞു രാഹുലിനെ നോക്കി..അയ്യാളുടെ കണ്ണില്‍ ആകാംഷ ഞാന്‍ കണ്ടു...

"പിന്നീടൊരിക്കലാകട്ടെ രാഹുല്‍..നോക്കു ഇപ്പോള്‍ പുറത്തു മഴയില്ല..നിങ്ങള്‍ ഇനി ഒരു ഗ്രൗണ്ട്‌ഫ്ലോര്‍ അപാര്‍ട്ട്‌മെന്റിലേക്കു മാറു..എന്നിട്ടു വിളിക്കണം..തീര്‍ച്ചയ്യായും നമ്മള്‍ക്കു ഒരു കോഫി ആകാം..."

രാഹുല്‍ ഉറക്കെ ചിരിച്ചു...ഒരു ബുദ്ധിമോശത്തിന്റെ ഓര്‍മ്മയില്‍ ചിരിക്കാന്‍ അയ്യാളെ വിട്ടിട്ടു ഞാന്‍ പുറത്തേക്കു നടന്നു...മനസ്സിനു വല്ലാത്ത അശ്വാസം തോന്നുന്നു...

ടാക്സിക്കു വേഗം പോര എന്നു എനിക്കു തോന്നി..ഇതിനു പറക്കാനയെങ്കില്‍..മുന്‍പേ പറന്ന എന്റെ ചിന്തകള്‍ക്കൊപ്പം ഒത്തുചേരാനയെങ്കില്‍.......


ഡെന്നി


-, ആലുവ,



Your response will be e-Mailed to the poster.