Everybody knows what it is
Where it is &How it is
But nobody wants to go there" .
ആഗോള അധിനിവേശങ്ങള്‍ക്കെതിരെ സമരത്തിനിറങ്ങേണ്ടി വരുന്ന ശബ്ദായമാനമായ ദിവസങ്ങളാണ് വരാനിരിക്കുന്നതെന്ന ആശങ്കകള്‍ മോഹന്‍ദാസ് മേനോന്റെ മനസ്സിലെ സ്വാസ്ഥ്യത്തിന്റെ ഇടങ്ങളെ മുഴുവനും അപഹരിച്ചു കഴിഞ്ഞിരുന്നു. പക്ഷേ വേവലാതികള്‍ സ്വകാര്യമായി കൂട്ടിക്കിഴിച്ചും പെരുക്കിയും അങ്ങനെ കഴിയുകയല്ലാതെ ആരുമായും പങ്കുവെച്ചിരുന്നില്ല മോഹന്‍ദാസ് മേനോന്‍. അതിനിടെ ഇന്ന് അപ്രതീക്ഷിതമായി വിവേക് മുന്‍പിലെത്തി ചില ഉല്‍കണ്ഠകള്‍ ഭാഗിച്ച് നല്‍കിയപ്പോള്‍ കൂടുതല്‍ അസ്വാസ്ഥ്യപ്പെടുകയല്ലാതെ അയാള്‍ക്ക് ഒരു ജനതയെ രക്ഷിക്കാനായുള്ള പ്രതിരോധത്തിന്റെ പാഠങ്ങളൊന്നും ആലോചിച്ചുറപ്പിക്കാന്‍ സാധിച്ചതേ ഇല്ല.
വെയില്‍കാലത്ത് കണ്ണീര്‍ ചാലുപോലെ ഒഴുകുന്ന പുഴ അതിരിടുന്ന വിസ്തൃതമായ ദേശം ഏതോ വിദേശ കമ്പനി പാട്ടത്തിനെടുക്കുകയാണെന്ന അറിവ് മോഹന്‍ദാസ് മേനോനെ സംബന്ധിച്ചിടത്തോളം ഒരു ദൃഷ്ടാന്തം മാത്രമായിരുന്നു. സംഭവിക്കാന്‍ പോകുന്ന വലിയ ചില ദുരന്തങ്ങളുടെ ആദിസൂചന. വാര്‍ത്ത ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ അയാളും അറിഞ്ഞിരുന്നു. അപരിചിതരായ പലരും പല സന്ദര്‍ഭങ്ങളിലായി നാട്ടില്‍ വന്നു പോകുമ്പോള്‍ പുതിയ ചില വികസനങ്ങള്‍ വരികയാണെന്ന് മാത്രമായിരുന്നു കരുതിയത്. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പിരിഞ്ഞതില്‍ പിന്നെ കാര്യമായ സാമൂഹ്യപ്രവര്‍ത്തനങ്ങളൊന്നുമില്ലാതെ ഒതുങ്ങിക്കൂടി കഴിയുകയായിരുന്നല്ലൊ മോഹന്‍ദാസ് മേനോന്‍.
ഇ.ഡി.ബിയുടെയും ആഗോളവല്‍ക്കരണത്തിന്റെയും കാലത്ത് സാറിനെ പോലുള്ളവര്‍ ഒന്നും കണ്ടില്ല കേട്ടില്ല എന്ന് നടിച്ച് കഴിയുന്നത് ഒട്ടും ശരിയല്ല.? വിവേക് ഒടുവില്‍ പറഞ്ഞു.
പിന്നെ എന്തു ചെയ്യണമെന്നാ??
ഇതാ ഇപ്പോള്‍ നമ്മുടെ നാട് പാട്ടത്തിന് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണല്ലൊ. ഒരുപാട് വികസനം വരാന്‍ പോവുകയാണെന്നാ ജില്ലാഭരണകൂടം പറയുന്നത്. പക്ഷേ പാട്ടത്തിനെടുക്കുന്നവരുടെ ലക്ഷ്യം നാടിന്റെ സമഗ്ര വികസനവും ഐശ്വര്യവും ആയിരിക്കുമെന്ന് അധികാരികള്‍ പറയുന്നത് പൂര്‍ണ്ണമായങ്ങ് വിശ്വസിക്കുന്നത് വിഡ്ഢിത്തമല്ലെ.??
ശരിയാണ്, വിഡ്ഢികളെയും സ്വപ്നങ്ങള്‍ കാണുന്നവരെയുമാണ് മള്‍ട്ടിനാഷണലുകള്‍ക്ക് വേണ്ടത്. ചിന്തിക്കുന്നവരും ചോദ്യം ചെയ്യുന്നവരും അവരുടെ റിപ്പബ്ലിക്കില്‍ നിന്നും പുറത്താണ്.?
സര്‍, ഒരു സംവാദത്തിന് വേണ്ടിയല്ല ഞാന്‍ വന്നത്. നമ്മുടെ ഗ്രാമം ലീസിന് കൊടുക്കാനുള്ള ഡീലുകള്‍ ഉറപ്പിക്കപ്പെടുന്നതിന് മുന്‍പെ എന്തെങ്കിലും ചെയ്യണം. അവസാനം എല്ലാം കഴിഞ്ഞിട്ട് ഉണരുന്നതില്‍ കാര്യമില്ലല്ലൊ.?
വിവേക് അത്രയും പറഞ്ഞിട്ടും മോഹന്‍ദാസ് മേനോന് ഉണര്‍ച്ച ഉണ്ടായില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയില്‍ പീഡനം അനുഭവിച്ച് മരണപ്പെട്ട പോരാളിയുടെ മകനാണ് മോഹന്‍ദാസ് മേനോന്‍. പിന്നെ നക്സലിസത്തിന്റെ നാളുകളില്‍ വസന്തകാലത്തിന്റെ ഇടിമുഴക്കം കേട്ട് ഒളിപ്പോര് സംഘടിപ്പിക്കാനായി ബൊളീവിയന്‍ വനാന്തരങ്ങളുടെ വിളി പിന്‍തുടര്‍ന്ന് ഇറങ്ങിപുറപ്പെട്ട ഒരാള്‍. പക്ഷേ ഇപ്പോള്‍ വിവേകിന്റെ മുന്‍പില്‍ നെഞ്ചില്‍ അഗ്നി നിറച്ച് അയാള്‍ക്ക് ഉണരാനാവുന്നില്ല. വിവേക് പറഞ്ഞ കാര്യങ്ങളാണെങ്കില്‍ പുത്തനറിവല്ല. ദേശീയപാതയുടെ അരികിലായുള്ള ഗ്രാമം ലീസിന് കൊടുക്കാനുള്ള ജില്ലാ ഭരണകൂട തീരുമാനം അയാളും അറിഞ്ഞതായിരുന്നല്ലൊ. വാര്‍ത്ത കേട്ട് ആദ്യം ചിരിയാണ് വന്നത്. ജനവാസം കൂടിയ ഒരു പ്രദേശം പാട്ടത്തിനെടുക്കുന്നവര്‍ ആരായാലും രസികന്മാര്‍ തന്നെ. പക്ഷേ തുടര്‍ന്ന് ആലോചിച്ച് നോക്കെ മോഹന്‍ദാസ് മേനോന്റെ മനസ്സിലെ ചിരി വറ്റി. വലിയൊരു പുഴ അതിരിടുന്ന പ്രദേശമാണ്. വിജനമായ കുന്നിന്‍ പുറങ്ങളും താഴ്‌വാരങ്ങളും ഇഷ്ടം പോലെ ഉണ്ട്. ഗ്രാമത്തിന്റെ ടൂറിസം സാദ്ധ്യതകളായിരിക്കും അവര്‍ മുന്‍പില്‍ കാണുന്നത്. ഐ.ടി പാര്‍ക്കുകളും റിസോര്‍ട്ടുകളുമൊക്കെയായി ഒരാഗോള കമ്പനിക്ക് ഗ്രാമത്തെ മാറ്റിയെടുക്കാന്‍ അധികകാലമൊന്നും വേണ്ടി വരില്ല. എന്നാല്‍ വരാന്‍ പോകുന്ന പുതിയ അവസ്ഥയില്‍ നാടിനെ വീണ്ടെടുക്കാന്‍ സത്യത്തില്‍ ആരോടാണ് യുദ്ധം ചെയ്യേണ്ടത്? എതിരാളികള്‍ പ്രാദേശികരോ പരദേശികളോ എന്ന് തിരിച്ചറിയാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഒരു ഗ്രാമം ലീസിന് കൊടുക്കാനുള്ള ജില്ലാഭരണകൂടത്തിന്റെ തീരുമാനം ഒരിക്കലും സ്വതന്ത്ര നിലപാടായിരിക്കില്ല. അതിനു പിറകിലുള്ള സമ്മര്‍ദ്ദങ്ങളും പ്രലോഭനങ്ങളും ഏറെയായിരിക്കും. ഒരുപക്ഷേ ഏതെങ്കിലും ഓരാഗോള ഏജന്‍സിയുടെ തീരുമാനം പ്രാവര്‍ത്തികമാക്കുന്ന മദ്ധ്യവര്‍ത്തി മാത്രമായിരിക്കും ജില്ലാ ഭരണകൂടം.
സാറ് ഒന്നും പറഞ്ഞില്ല.? വിവേക് അസ്വസ്ഥത പ്രകടമാക്കി.
അതെ, എന്താ ചെയ്യുകയെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍. വാസ്തവത്തില്‍ ആര്‍ക്കെതിരായാ നമ്മളിപ്പോള്‍ സമരത്തിനിറങ്ങുക...?
സംശയങ്ങള്‍ നമ്മെ എവിടെയുമെത്തിക്കില്ല സര്‍.?
എങ്കില്‍ വിവേക് പറയൂ, നമ്മളെന്താണ് ചെയ്യുക??
നാളെ രാഷ്ട്രീയ കക്ഷികള്‍ക്ക് പങ്കാളിത്തമുള്ള ഒരു പ്രതിരോധ സമിതി ഉണ്ടാക്കുന്നുണ്ട്. ജില്ലാ ഭരണകേന്ദ്രങ്ങള്‍ക്കും ഉത്തരവാദപ്പെട്ട ഓഫീസുകള്‍ക്കും മുന്‍പില്‍ ധര്‍ണ്ണയും പിക്കറ്റിങ്ങുകളും സത്യാഗ്രഹങ്ങളുമായി സമരം മുന്നോട്ടു കൊണ്ടു പോകണം.?
ഫലം??
സര്‍, ദയവുചെയ്ത് സന്ദേഹങ്ങളില്‍ വീഴാതിരിക്കുക.?
ശരി, എന്റെ ഭാഗത്തുനിന്നും എല്ലാ സഹകരണവും ഉണ്ടാകും.?
പക്ഷേ വിവേകിനോട് അങ്ങനെയൊക്കെ സംസാരിച്ച ദിവസം രാത്രി വണ്ടി കേറി മോഹന്‍ദാസ് മേനോന്‍ ചില തീര്‍ത്ഥാടന കേന്ദ്രങ്ങളിലേയ്ക്ക് പോവുകയാണുണ്ടായത്. മന്ദാകിനിയുടെ അനുവാദത്തോടെയായിരുന്നു മേനോന്റെ യാത്ര. മന്ദാകിനിക്ക് മേനോന്റെ സ്വഭാവം അറിയാം. ഒരു വിഷയം വലിച്ച് തലയിലിട്ട് കഴിഞ്ഞാല്‍ മേനോന് അതെന്തെങ്കിലും ആകുന്നതിന് മുന്‍പ് വിശ്രമമുണ്ടാകില്ല. അയാളുടെ കൂടെയുള്ള ജീവിതം അക്കാര്യം മന്ദാകിനിയെ മുന്‍പേ തന്നെ ബോധ്യപ്പെടുത്തിയതാണ്.
വിവേക് വന്നതും ഗൗരവത്തോടെ മോഹന്‍ദാസ് മേനോനോട് സംസാരിച്ചതും മന്ദാകിനി കേട്ടതാണ്. അവന്‍ പറഞ്ഞത് മുഴുവനും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണെങ്കിലും മോഹന്‍ദാസ് മേനോന്‍ നാടിന്റെ പ്രശ്നങ്ങളില്‍ ഇടപെട്ടു കഴിഞ്ഞാല്‍ പിന്നെ അതിനൊരു പരിഹാരം ഉണ്ടാകുന്നതിന് മുന്‍പ് മടക്കമുണ്ടാകില്ല. ഓര്‍മ്മകളില്‍ അങ്ങനെയുള്ള ഒരുപാട് അനുഭവങ്ങളുണ്ട്. എന്നാല്‍ വിവേക് പോകുന്നതുവരെ മന്ദാകിനി ഒന്നും മണ്ടിയില്ല.
വിവേക് ഇറങ്ങിയതും ഏതോ അസ്വസ്ഥതയില്‍ വീണ ആളായി മോഹന്‍ദാസ് മേനോന്‍ ഇരുന്നു.
എന്താ കാര്യം?? മന്ദാകിനി ഒന്നുമറിയാത്തതു പോലെ ചോദിച്ചു.
മനസ്സിനൊര് സ്വസ്ഥതയുമില്ല.?
ഇതുതന്നെയാണ് അവസരമെന്ന് മന്ദാകിനി വിചാരിച്ചു.സാധാരണ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ശാന്തി തേടി മോഹന്‍ദാസ് മേനോന്‍ വീടുവിട്ടിറങ്ങും. പുണ്യ നഗരങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിച്ച് ചിലപ്പോള്‍ ആഴ്ചകള്‍ക്ക് ശേഷമായിരിക്കും തിരിച്ചു വരിക. ആദ്യമൊക്കെ മേനോന്റെ ഭൗതികതയും ആത്മീയതയും തിരിച്ചറിയാന്‍ കഴിയാത്ത സമസ്യകളായി മന്ദാകിനിയെ അലട്ടിയിരുന്നു. ഒരു നാള്‍ അതിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ മേനോന്‍ നിര്‍മ്മമമായൊന്ന് ചിരിച്ചു. വിഗ്രഹങ്ങള്‍ പലതും ഉടയുന്നതറിയുമ്പോള്‍ മനസ്സിന് എന്തെങ്കിലും അവലംബം വേണ്ടേ എന്ന് മേനോന്‍ ചോദിച്ചില്ല. നക്സലിസം പരാജയമാണെന്നറിഞ്ഞ മുറിവുകളുടെ ഗ്രീഷ്മത്തിലാണ് മനസ്സിങ്ങനെയൊന്നിലേയ്ക്ക് ചാഞ്ഞതെന്ന രഹസ്യം മേനോന്‍ വെളിപ്പെടുത്തിയതുമില്ല.
എന്തോ മനസ്സിന് തെല്ല് ശാന്തി കിട്ടുന്നത് തീര്‍ത്ഥാടനത്തില്‍ ഏര്‍പ്പെടുമ്പോഴാ..? മോഹന്‍ദാസ് മേനോന്‍ പുഞ്ചിരിച്ചു.
തീര്‍ത്ഥാടന കേന്ദ്രങ്ങളും പുണ്യസ്ഥലങ്ങളും ആരും ലീസിനെടുക്കാതെ ഇപ്പോഴും അവശേഷിക്കുന്നുണ്ടല്ലൊ... നിങ്ങള്‍ പറയുന്ന മള്‍ട്ടിനാഷണലുകള്‍ ദൈവങ്ങളെക്കൂടി വിഴുങ്ങുന്നതിനു മുന്‍പെ അവിടങ്ങളിലൊക്കെ ഒന്നുകൂടി പോയി സമാധാനം കണ്ടെത്തി മടങ്ങിക്കൊ.? മന്ദാകിനി പലതും ഓര്‍മ്മിച്ചുകൊണ്ട് പറഞ്ഞു.
മോഹന്‍ദാസ് മേനോന്‍ പറഞ്ഞില്ല. മന്ദാകിനിയുടെ സംസാരം വളരെ താത്വികമാവുകയാണല്ലൊ എന്ന് വിചാരിച്ചു. മുന്‍പ് കാല്‍പനികമായ സ്വപ്നങ്ങളും സങ്കല്‍പങ്ങളും വാക്കുകളില്‍ നിറച്ച് ജീവിതത്തെ വര്‍ണ്ണപ്പെടുത്തിയവളായിരുന്നു മന്ദാകിനി. അങ്ങനെയുള്ള ഒരുവള്‍ മധ്യവയസ്സു കഴിഞ്ഞപ്പോള്‍ ആകെ മാറിയിരിക്കുന്നു. മക്കളൊക്കെ ഓരോ ചില്ലകളില്‍ കൂടൊരുക്കി, ഒരേകാന്ത ജീവിതത്തിന്റെ അധ്യായങ്ങളില്‍ കുരുങ്ങി കഴിയുമ്പോള്‍ ഉണ്ടാകുന്ന അനുഭവങ്ങളും, അനുഭവങ്ങള്‍ നല്‍കുന്ന മാനസിക പക്വതയും ആയിരിക്കാം മന്ദാകിനിയെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിക്കുന്നത്. വിവേക് വന്നുപോയതിനു ശേഷമാണ് മള്‍ട്ടിനാഷണലുകള്‍ ദൈവങ്ങളെ വിഴുങ്ങുന്ന ഒരു കാലത്തെപ്പറ്റി അവള്‍ സംസാരിക്കുന്നത്. ഇപ്പോള്‍ തമാശയായിട്ടാണ് മന്ദാകിനി അങ്ങനെ സൂചിപ്പിച്ചതെങ്കിലും കാര്യങ്ങളുടെയൊക്കെ മുന്‍പോട്ടുള്ള പോക്ക് ഇങ്ങനെയാണെങ്കില്‍ അതും സംഭവിച്ചേക്കുമെന്ന് അയാള്‍ കരുതി. വരും, അങ്ങനെയുള്ള ഒരു കാലവും വരും.
നീ ഒറ്റയ്ക്കാവില്ലെ??
അത് സാരമില്ല. മുന്‍പും പല ദിവസങ്ങളിലും ഒറ്റയ്ക്ക് ഇവിടെ കഴിഞ്ഞിട്ടുണ്ടല്ലൊ. ഇനി ഈ വയസ്സുകാലത്ത് എന്ത് പേടിക്കാനാ...!?
എന്നാലും..?
ഒര് കുഴപ്പവുമില്ല. ഒറ്റയ്ക്ക് കഴിഞ്ഞ് മടുക്കുമ്പോള്‍ അജിതയുടെയോ വേണുവിന്റെയോ വീട്ടിലേയ്ക്ക് പോകാലോ.. അങ്ങനെയെങ്കിലും അമ്മ മക്കളുടെ വീട് സന്ദര്‍ശിച്ചു എന്നാകട്ടെ.. ഇങ്ങനെയാണെങ്കില്‍ പാട്ടക്കാര്‍ വരും നാളുകളില്‍ സന്ദര്‍ശനങ്ങള്‍ക്കും വിലക്കും നികുതിയുമൊക്കെ ഏര്‍പ്പെടുത്തില്ലെന്ന് ആര് കണ്ടു.?
മന്ദാകിനിയുടെ വാക്കുകള്‍ കേട്ട് മോഹന്‍ദാസ് മേനോന്‍ മൗനിയായി. തമാശയായിട്ടാണ് അവള്‍ പലതും പറയുന്നതെങ്കിലും അതിലത്രയും ചില പൊരുളുകളുണ്ട്. വരും കാലത്ത് സംഭവിക്കാന്‍ പോകുന്ന ആപത്തുകളുടെ സൂചനകളുണ്ട്. ഒക്കെ മനസ്സിലാക്കിക്കൊണ്ടുതന്നെയായിരുന്നു കൂടുതല്‍ തര്‍ക്കിക്കാന്‍ നില്‍ക്കാതെ ഒരൊളിച്ചോട്ടം പോലെ രാത്രിയില്‍ മോഹന്‍ദാസ് മേനോന്‍ പുറപ്പെട്ടത്.
യാത്ര കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷം അയാള്‍ തിരിച്ച് വരുമ്പോള്‍ മന്ദാകിനി വേണുവിന്റെ വീട്ടിലായിരുന്നു. അജിതയുടെയും വേണുവിന്റെയും നഗരത്തിലെ വീടുകളില്‍ മാറി മാറി കഴിയുകയായിരുന്നു അവര്‍. കൃത്യം മോഹന്‍ദാസ് മേനോന്‍ പുറപ്പെട്ടതിന്റെ പൈറ്റ്ദിവസം മുതല്‍ മന്ദാകിനിയും മക്കളുടെ വീടുകളില്‍ ചേക്കേറി കഴിഞ്ഞിരുന്നു. മോഹന്‍ദാസ് മേനോനെ യാത്രയയച്ചതിന് ശേഷം വീട്ടില്‍ ഒറ്റയ്ക്ക് കഴിയാന്‍ എന്തുകൊണ്ടോ മന്ദാകിനിക്ക് പേടിയായിരുന്നു. ഭീതിക്ക് കാരണമാണെങ്കില്‍ അജ്ഞാതം. ശാന്തി തേടിയുള്ള അച്ഛന്റെ യാത്രാവിശേഷമറിഞ്ഞ് വേണുവും അജിതയും ഓരോ കിറുക്കെന്ന് പറഞ്ഞ് ചിരിച്ചു.
വേണുവിന്റെ വീടുവഴി വന്ന് മന്ദാകിനിയെയും കൂട്ടി മോഹന്‍ദാസ് മേനോന്‍ വീട്ടിലെത്തിയതും വൈകിയിട്ട് വിവേക് വീണ്ടും വന്നു.
വിവേകേ, എനിക്ക് അത്യാവശ്യമായി ദൂരെ ഒരിടം വരെ പോകേണ്ടി വന്നു.? വിവേക് ഇങ്ങോട്ടെന്തെങ്കിലും അന്വേഷിക്കുന്നതിനു മുന്‍പ് അയാള്‍ പറഞ്ഞു.
വിവേക് ആദ്യം പുഞ്ചിരിച്ചു.
ഒരു തരം ഒളിച്ചോട്ടം, അല്ലെ സര്‍? സാറ് മാത്രമല്ല, മറ്റ് പലരും കുറേ ദിവസമായി ഇങ്ങനെ പിടി തരാതെ തെന്നിക്കളിക്കുകയാ.. ഏതായാലും ഒരു പ്രതിരോധ സമിതി നിലവില്‍ വന്നിട്ടുണ്ട്. ഇനിയും വൈകാതെ ജില്ലാഭരണകൂടത്തിന്റെ തീരുമാനം തിരുത്തിക്കാനുള്ള സമര പരിപാടികള്‍ ആരംഭിക്കേണ്ടതുണ്ട്. അതിന്റെ തുടക്കമായി നാട്ടുകാരെ ആദ്യം കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തണം. വരും ദിനങ്ങള്‍ ചില പൊതുയോഗങ്ങളുടേതാണ്. യോഗങ്ങളില്‍ സാറും സംസാരിക്കണം.?
വരാം! ഞാന്‍... വരാം.? പൊടുന്നനെ മോഹന്‍ദാസ് മേനോന്‍ പറഞ്ഞു.
പക്ഷേ അങ്ങനെ സൂചിപ്പിച്ച് കഴിഞ്ഞതും അത് വേണ്ടിയിരുന്നില്ലെന്ന് തോന്നി. ഭരണകൂട തീരുമാനങ്ങള്‍ മാറ്റിക്കുക എന്നത് അത്ര എളുപ്പമല്ല. ഇത്തരം നിലപാടുകള്‍ ഒരിക്കലും പ്രാദേശിക ഭരണകൂടത്തിന്റേത് മാത്രമല്ലാത്ത സ്ഥിതിക്ക് പ്രത്യേകിച്ചും ഇനി വരും ദിവസങ്ങളില്‍ നാട്ടിന്‍ പുറങ്ങള്‍ മാത്രമല്ല നഗരങ്ങളും തീര്‍ത്ഥാടനസ്ഥലങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളുമൊക്കെ ലീസിന് കൊടുക്കുന്ന അവസ്ഥാവിശേഷങ്ങള്‍ ഉണ്ടായേക്കാം. രാജ്യത്തിന്റെ ആവശ്യങ്ങള്‍ പെരുകുമ്പോള്‍ അവ നിവര്‍ത്തിക്കാനായി വന്‍ മൂലധനം വേണ്ടിവരും. നികുതി പണം ഒന്നിനും തികയാതെ വരുമ്പോള്‍ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നും വലിയതോതില്‍ പണം വാങ്ങേണ്ടി വരുമെന്നത് സ്വാഭാവികം. അപ്പോള്‍ ഏജന്‍സികള്‍ നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കാതെ നിവൃത്തിയുണ്ടാകില്ല. അങ്ങനെ സംഭവിച്ചു കഴിഞ്ഞാല്‍ ഒരു രാജ്യം എങ്ങനെ ചിന്തിക്കണം, ജീവിക്കണം എന്നൊക്കെ ചാര്‍ട്ട് ചെയ്യുന്നത് അവരായിരിക്കും. സഹായസംഖ്യയും അതിന്റെ ലാഭവും തിരിച്ച് പിടിക്കാനായി അവര്‍ നടപ്പിലാക്കുന്ന അജണ്ട പ്രാവര്‍ത്തികമാക്കിക്കൊടുക്കുന്ന ഏജന്‍സികള്‍ മാത്രമായി മാറും അപ്പോള്‍ സ്റ്റേറ്റുകള്‍ നാടുകളും നഗരങ്ങളും ലീസിനു വേണമെന്നാണ് ഫണ്ടിംഗ് ഏജന്‍സികള്‍ പറയുന്നതെങ്കില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് പ്രതിഷേധിക്കാനാവില്ല. അനുസരിക്കലാണ് പുതിയ കാലത്ത് ഭരണകൂടങ്ങള്‍ക്ക് ചെയ്യാനുള്ള ഒരേ ഒരു കര്‍മ്മം. സംഘടിതമായ പോരാട്ടങ്ങള്‍ പോലും ഫലം കാണാതെ പോകും.
വിവേകേ, എല്ലാ കാര്യങ്ങളേയും നമ്മള്‍ സംശയിക്കുന്നത് ശരിയല്ലല്ലൊ. ഇതിപ്പം ഏതെങ്കിലും ഒരേജന്‍സി നാട് പാട്ടത്തിനെടുത്താല്‍ തന്നെ നേട്ടങ്ങളാണുണ്ടാകുന്നതെങ്കില്‍ നമ്മളെന്തിന് വെറുതെ പ്രതിരോധിക്കണം. അങ്ങനെ ചെയ്യുമ്പോള്‍ വികസനത്തിന്റെ പുതിയ വഴികളിലൂടെ മുന്നേറാനുള്ള അവസരങ്ങളല്ലേ നമ്മള്‍ നഷ്ടപ്പെടുത്തുന്നത്.? ഒരുവേള മനസ്സിനുണ്ടായ ചാഞ്ചാട്ടത്തിനിടെ മോഹന്‍ദാസ് മേനോന്‍ ചോദിച്ചു.
വിദേശത്ത് ഐശ്വര്യങ്ങളാണ് വരാന്‍ പോകുന്നതെന്ന് എനിക്കേതായാലും വിശ്വസിക്കാന്‍ പറ്റില്ല. ഇതാ ഇക്കഴിഞ്ഞ ഒരാഴ്ചക്കിടെ മുന്‍പ് പലപ്പോഴും നടന്നതിന് പുറമെ ഒട്ടേറെ സര്‍വ്വേകള്‍ വീണ്ടും ഇവിടെ നടന്നു കഴിഞ്ഞു. ഭൂ വിസ്തൃതി, ഭൂമിയുടെ ഘടന, ജനസംഖ്യാകണക്കെടുപ്പ്, വിഭവങ്ങളുടെ അളവ് - അങ്ങനെ പല സര്‍വ്വേകള്‍. സര്‍ക്കാര്‍ പ്രതിനിധികളൊന്നുമല്ലാത്ത ചില സ്വകാര്യ ഏജന്‍സികളാണ് സര്‍വ്വേ നടത്തിയിരിക്കുന്നത്. ഇവിടെ പാര്‍ക്കുകളും റിസോര്‍ട്ടുകളും മറ്റും വരികയാണെന്നാ പറഞ്ഞു കേള്‍ക്കുന്നത്.?
അതെ, അങ്ങനെ പുതിയ പല സ്ഥാപനങ്ങളും കൊണ്ടുവന്നിട്ടായിരിക്കും ലീസിനെടുക്കുന്നവര്‍ ലാഭമുണ്ടാക്കാന്‍ നോക്കുക. അതുവഴി നമുക്കും നേട്ടങ്ങളുണ്ടായിക്കൂടെന്നില്ലല്ലൊ. പുതിയ ജോലി സാധ്യതകളും വരുമാന മാര്‍ഗ്ഗങ്ങളും തുറന്ന് കിട്ടിയെന്ന് വരും.?
ഉവ്വ് സര്‍, വിഡ്ഢികളെയും സ്വപ്നങ്ങള്‍ കാണുന്നവരെയുമാണ് മള്‍ട്ടി നാഷണലുകള്‍ക്ക് വേണ്ടത്.?
തന്റെ വാക്കുകള്‍ തനിക്കുനേരെ തിരിച്ചുവരുന്നത് കണ്ട് മോഹന്‍ദാസ് മേനോന്‍ നിശ്ശബ്ദനായി. ഇനി തര്‍ക്കിച്ചിട്ട് ഫലമില്ല. അനന്തരം ഒന്നും പറയാതെയും വായിച്ചു നോക്കുകപോലും ചെയ്യാതെയുമായിരുന്നു വിവേക് നീട്ടിയ സാമൂഹ്യസാംസ്കാരിക നേതാക്കള്‍ പ്രതികരിക്കുന്നു എന്ന വിശദമായ മീഡിയാ പ്രസ്താവനയ്ക്കു കീഴെ അയാള്‍ ഒപ്പുവെച്ചത്.
അടുത്തദിവസം മുതല്‍ ജില്ലാഭരണകൂടതീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള നാട്ടുകൂട്ടായ്മയുടെ മീറ്റിംഗുകളില്‍ മോഹന്‍ദാസ് മേനോനും സജീവമായി പങ്കെടുത്തു തുടങ്ങി. ദേശം പാട്ടത്തിന് കൊടുത്താലുണ്ടാകാവുന്ന വിപത്തുകളെപ്പറ്റി അയാള്‍ സംസാരിച്ചു. വിവിധ പത്രങ്ങളിലായി ഭരണകൂട നിലപാടിനെതിരെ സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകരുടെ വിയോജനക്കുറിപ്പുകള്‍ വന്നും തുടങ്ങി. ഭരണകൂടം നടപ്പിലാക്കാന്‍ പോകുന്ന ജനവിരുദ്ധ നയത്തിനെതിരെ ദേശമാകെ ഉണര്‍ന്ന് തുടങ്ങിയിരുന്നു. എന്നാല്‍ അതിനിടെ തന്നെ മോഹന്‍ദാസ് മേനോന്‍ വീണ്ടും ധര്‍മ്മസങ്കടത്തില്‍ വീണു. ഒരു രാത്രി വേണുവും അജിതയും വിളിച്ചതോടെയായിരുന്നു സ്വസ്ഥത പിന്നെയും നഷ്ടപ്പെട്ടത്.
പഴയ ബാധകളൊക്കെ അച്ഛനെ വീണ്ടും പിടികൂടിയൊ? വയസ്സ് കാലത്ത് സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളുമായി നീങ്ങാന്‍ അച്ഛനിതെന്തിന്റെ കേടാ? നോക്ക് സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ഞാനും അജിതയുമൊക്കെയാ അച്ഛന്റെ തോന്ന്യാസത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെടുക. കഴിഞ്ഞ ദിവസം എന്റെ ഓഫീസര്‍ അങ്ങനെ ചില സൂചനകള്‍ നല്‍കിക്കഴിഞ്ഞു.?
മോനേ നമ്മുടെ നാട് തന്നെ നഷ്ടപ്പെടുന്ന ഒരു സ്ഥിതി വരുമ്പം മിണ്ടാതിരിക്കാന്‍ പറ്റ്വോ..!?
നാട് നഷ്ടപ്പെട്ടാല്‍ അച്ഛനെന്താ! അച്ഛനിനി ഇത്ര കാലമെന്നില്ലെ.?
പുതിയ തലമുറയെപ്പറ്റിക്കൂടി നമ്മളാലോചിക്കണ്ടെ??
അതിജീവിക്കാന്‍ കഴിവുള്ളവരും, പുതിയ സാമൂഹ്യ വ്യവസ്ഥയ്ക്ക് ഫിറ്റായിട്ടുള്ളതും മാത്രം സര്‍വൈവ് ചെയ്താല്‍ മതി... സര്‍വ്വ ജനതയും ഇവിടെ ജീവിക്കണമെന്നോ സര്‍വ്വതും നിലനിന്ന് പോകണമെന്നോ ഒര് നിര്‍ബ്ബന്ധവുമില്ല.?
അധികാരസ്ഥാപനങ്ങള്‍ക്കും ഈ കാഴ്ചപ്പാട് തന്നെയാ.. അത് തിരുത്തിക്കാന്‍ ശ്രമിക്കേണ്ടത് ഉത്തരവാദിത്വമുള്ള ഓരോ പൗരന്റെയും കടമയാണ്?
അച്ഛന്‍ അച്ഛനോട് മാത്രം കമ്മിറ്റ്മെന്റ് കാണിച്ചാ മതി... അല്ലാതെ സമസ്ത ലോകത്തിനും വേണ്ടി സാക്രിഫൈസ് ചെയ്യേണ്ട കാര്യമൊന്നുമില്ല.?
മകന്റെ സംസാരം വഴി തെറ്റുന്നതറിഞ്ഞ് മോഹന്‍ദാസ് മേനോന്‍ പിന്നെ മിണ്ടിയില്ല. അധികം കഴിഞ്ഞില്ല, മകളുടെ വിളിയും വന്നു. അവള്‍ക്കും കേള്‍പ്പിക്കാനുണ്ടായിരുന്നത് വേണുവിന്റെ ന്യായങ്ങളൊക്കെത്തന്നെയായിരുന്നു. പക്ഷേ ഒടുവില്‍ അവളൊരു കാര്യം കൂടി തീര്‍ത്തു പറഞ്ഞു.
ഇത് പഴയ നക്സലിസത്തിന്റെ കാലമൊന്നുമല്ല അച്ഛാ.. തോക്കിന്‍ കുഴലിലൂടെ വ്യവസ്ഥകളെ മാറ്റി മറിക്കാനാവില്ല. അതുകൊണ്ട് വേണ്ടാത്ത വിഷയങ്ങളിലൊന്നും എടുത്തു ചാടാതെ അച്ഛന്‍ സ്വന്തം കാര്യങ്ങളും നോക്കി വല്ല തീര്‍ത്ഥാടനവുമായങ്ങ് കഴിഞ്ഞൊ..?
എല്ലാം കേട്ട് മോഹന്‍ദാസ് മേനോന്‍ തളര്‍ന്നിരുന്നു. പോരാട്ടങ്ങളൊന്നും ഫലപ്രദമാവില്ലെന്ന് മൂന്ന് നാല് ദിവസമായി അയാള്‍ക്കും തോന്നിത്തുടങ്ങിയിരുന്നു. വാര്‍ത്താമാധ്യമങ്ങളില്‍ ഒരു നാടിന്റെ പ്രതിഷേധം പ്രസ്താവനകളായി പ്രത്യക്ഷപ്പെട്ടിട്ടും നാട്ടുകാര്‍ ഭരണകൂട തീരുമാനത്തിനെതിരെ നിരന്തരം പൊതുയോഗങ്ങള്‍ നടത്തിയിട്ടും ഗവണ്‍മെന്റ് ഓഫീസുകള്‍ക്കു മുന്‍പില്‍ അധിനിവേശ വിരുദ്ധസമരങ്ങള്‍ സംഘടിപ്പിച്ചിട്ടും ഇതുവരെ നേതൃസ്ഥാനങ്ങളില്‍ യാതൊരിളക്കവും ഉണ്ടായിത്തുടങ്ങിയിട്ടില്ല. ഡീലുകളിലൊക്കെ ഒപ്പുവെച്ചു കഴിഞ്ഞു എന്ന മറുപടി മാത്രമാണ് ഭരണകേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്. ആ സ്ഥിതിക്ക് ഇനിയും സമരങ്ങളിലേര്‍പ്പെട്ടിട്ട് എന്ത് നേട്ടം. മക്കള്‍ പറയുന്നതുപോലെ സ്വന്തം കാര്യങ്ങളും നോക്കിയങ്ങനെ കഴിയുന്നതായിരിക്കും നല്ലത്. പക്ഷേ ഉറച്ച ഒരു തീരുമാനവും എടുക്കാന്‍ സാധിക്കുന്നുമില്ല.
നിങ്ങളുടെ മനസ്സ് വീണ്ടും തീര്‍ത്ഥാടനങ്ങളെപ്പറ്റി ആലോചിച്ച് തുടങ്ങിയെന്ന് തോന്നുന്നു.? പൊടുന്നനെ ഭാര്യയുടെ ശബ്ദം കേട്ട് അയാള്‍ ഞെട്ടി.
ശരിയാ, ഇവിടുന്നൊന്ന് രക്ഷപ്പെടണം. നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ ഞാന്‍ വീണ്ടും പോക്..ാ.. ഇത്തവണ നീയും കൂടെ വരുന്നെങ്കില്‍ വന്നൊ.? മറ്റൊന്നും ആലോചിക്കാതെ അപ്പോള്‍ വളരെ ആത്മാര്‍ത്ഥമായിത്തന്നെ മോഹന്‍ദാസ് മേനോന്‍ പറഞ്ഞു.
വരാം, ഞാനും വരാം.. ഇതാ വന്നുവന്ന് നിങ്ങളുടെ പേടിയും ആശങ്കകളും എന്റെ മനസ്സിനേം കീഴ്പെടുത്തിത്തുടങ്ങി.?
ചിരിക്കുകയൊ കരയുകയൊ വേണ്ടതെന്നറിയാതെ മോഹന്‍ദാസ് മേനോന്‍ മൗനിയായി. ഒരുപാട് ആലോചനകള്‍ അയാളുടെ മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. എല്ലാ സമാധാനവും നഷ്ടപ്പെടുന്ന മൂന്നാം ലോകത്തെ പ്രജകള്‍. കളഞ്ഞു പോകുന്ന കരകള്‍ വീണ്ടെടുക്കാനുള്ള അവരുടെ സ്വാതന്ത്ര്യസമരങ്ങള്‍. സമരങ്ങളത്രയും പരാജയങ്ങളിലൊടുങ്ങുന്നു. മൂന്നാം ലോകത്തെ പ്രജയ്ക്ക് സ്വപ്നങ്ങളുടെ ഇടങ്ങള്‍ പോലും നഷ്ടപ്പെടുന്നു.
മനസ്സിന്റെ ഉഷ്ണപ്പെരുക്കങ്ങളെ പിടിച്ചുനിര്‍ത്താന്‍ പണിപ്പെട്ടുകൊണ്ടായിരുന്നു ഒടുവില്‍ സമാധാനത്തോടെ ഒന്ന് ഉറങ്ങാന്‍ കിടന്നത്. എന്നിട്ടും രാത്രിയുടെ നാലാം യാമത്തിലെപ്പോഴോ ഒരു സ്വപ്നം തീച്ചിറകുകളുമായി മനസ്സിലേയ്ക്ക് ഇടിച്ചിറങ്ങി. സ്വപ്നത്തില്‍ വിവേകും നാലഞ്ച് ചെറുപ്പക്കാരും കിതച്ചും നിസ്സഹായപ്പെട്ടും മോഹന്‍ദാസ് മേനോന്റെ മുന്‍പിലെത്തി. അയാള്‍ പത്രം വായിക്കുന്നു എന്ന രീതിയില്‍, ഒന്നും വായിക്കാനാകാതെ അങ്ങനെ ഇരിക്കുകയായിരുന്നു.
സര്‍, നമ്മുടെ എല്ലാ സമരങ്ങളും വെറുതെയായെന്ന് തോന്നുന്നു.. വിവിധ ഏജന്‍സികള്‍ നാട്ടിലെ ഓരോ വീട്ടിലും കേറി ഇറങ്ങി പുതിയ ജീവിതക്രമങ്ങള്‍ ചിട്ടപ്പെടുത്തിയ അറിയിപ്പുകള്‍ വീട്ടുകാര്‍ക്ക് കൊടുത്തു തുടങ്ങി. അതിനു പുറമെ അച്ചടക്കത്തോടെ ജീവിക്കേണ്ടതിനെപ്പറ്റി ചില മുന്നറിയിപ്പുകളും..?
പുതിയ നികുതികള്‍ പലതും കൊടുക്കേണ്ടതിന് പുറമെ ഓരോ വീടുകാരും സഞ്ചാരികളെ സ്വീകരിക്കാനും മാന്യമായി പരിചരിക്കാനും തയ്യാറാകണമെന്ന കല്‍പനയുമുണ്ട്?
ഫണ്ടിംഗ് ഏജന്‍സികളുടെ ആര്‍മി ഗ്രാമം വളഞ്ഞിരിക്കുകയാ.. നൂറ് കണക്കിന് എസ്കവേറ്ററുകളും ലോറികളും നാട്ടിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നു.?
വിവേകും ചെറുപ്പക്കാരും ധൃതിപ്പെട്ട് പറഞ്ഞുകൊണ്ടിരുന്നു. അതൊക്കെ കേട്ടിട്ടും മോഹന്‍ദാസ് മേനോന് പക്ഷേ ഞെട്ടലുണ്ടായില്ല. മുന്‍പെ അറിഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും കേള്‍ക്കുന്ന ലാഘവം. എല്ലാം പ്രതീക്ഷിച്ചതുതന്നെയാണല്ലൊ എന്നൊരു ഭാവം.
ഗ്രാമങ്ങള്‍ നഗരങ്ങളെ വളഞ്ഞുപിടിക്കും, ഭരണകൂടം കൊഴിഞ്ഞുവീഴും തുടങ്ങിയ മുദ്രാവാക്യങ്ങള്‍ തിരുത്തുക.. ഇനി ഫണ്ടിംഗ് ഏജന്‍സികളുടെ ആര്‍മിയാ ഗ്രാമങ്ങളെയും നഗരങ്ങളെയും വളഞ്ഞ് പിടിക്കുക. അതിനിടെ ജനതയുടെ ചെറുത്തുനില്‍പുകള്‍ മുഴുവനും പരാജയപ്പെടും. ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യം പഴം കഥയാകും.?
സ്വപ്നത്തില്‍ വിവേകിനോടും കൂട്ടരോടും പതുക്കെ, വളരെ പതുക്കെ മോഹന്‍ദാസ് മേനോന്‍ അങ്ങനെ പറയുമ്പോള്‍ കൊടും ശൈത്യത്തിന്റെ മരവിപ്പായിരുന്നു അയാളെ ആവേശിച്ചുകൊണ്ടിരുന്നത്. അപ്പോള്‍ രാത്രിയുടെ നാലാം യാമത്തിന് തണുപ്പും ഏതോ അമാവാസി രാത്രിയുടെ ഇരുളും ആവരണം തീര്‍ത്തു തുടങ്ങിയിരുന്നു.
ചന്ദ്രന്‍ പൂക്കാട്