മാവോ


പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ ഞാനുള്‍പ്പെട്ടിട്ടുണ്ട്‌ എന്നറിഞ്ഞ ദിവസം രാത്രി മാവോ എന്റെ വീട്ടില്‍ വന്നു. ഞാനപ്പോള്‍ അത്താഴത്തിന്‌ ശേഷം വാര്‍ത്താ ചാനല്‍ കാണുകയായിരുന്നു. കയറി ഇരിക്കാന്‍ പറയും മുമ്പേ, മാവോ അകത്തെത്തി. ടെലിവിഷന്‌ മുന്നില്‍ സോഫയില്‍ ഇരുന്നു. പുറത്ത്‌ നല്ല തണുപ്പായിരുന്നിട്ടും അയാളുടെ ഉടലില്‍ നിന്ന്‌ വിയര്‍പ്പിന്റെ തീക്ഷ്ണഗന്ധം പരക്കുന്നുണ്ടായിരുന്നു. വളരെ പുതുമയുള്ള ഒരു വസ്തുവിനെയെന്ന വണ്ണം, മാവോ എന്ന സാകൂതം നോക്കി കഴിഞ്ഞ എട്ടോ പത്തോ വര്‍ഷമായി മിക്കവാറും തമ്മില്‍ കാണാറുണ്ടെങ്കിലും മാവോ എന്നെ ശ്രദ്ധിക്കാറില്ലായിരുന്നു. അക്കാര്യത്തില്‍ വളരെ സ്വകാര്യമായൊരു സങ്കടം എന്റെ ഉള്ളിലുണ്ടായിരുന്നു. ഇക്കാലത്തൊക്കെ നാട്ടിലെ ഒട്ടുമിക്ക പാര്‍ട്ടി പ്രവര്‍ത്തകരെയും മാവോ രഹസ്യമായി സന്ദര്‍ശിക്കുകയും അവരോടൊപ്പം ഏറെ സമയം സ്വകാര്യമായി സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. മാവോ തേടിയെത്തുന്നവരുടേയും അല്ലാത്തവരുടേയും എണ്ണം താരതമ്യപ്പെടുത്തിയാല്‍ ഞങ്ങളുടെ ഇരുപത്തേഴാം നമ്പര്‍ ബൂത്തിലെ രാഷ്ട്രീയ പക്ഷപാതിത്ത്വം കണിശപ്പെട്ടു കിട്ടും.

"ക്ലാസ്സ്‌ സ്ട്രഗ്ഗിളിനെ പ്രമോട്ട്‌ ചെയ്യാന്‍ ഒരു കട്ടന്‍ ചായയെടുക്ക്‌ മാഷേ".

അടുക്കളയിലേക്ക്‌ നടക്കുമ്പോള്‍ ഞാനാകെ ചെറുതായത്‌ പോലെ തോന്നി. ബഹിഷ്കൃതമായ ജീവിതത്തിന്റെ വറുതികളുമായി കയറി വന്ന ഒരു വൃദ്ധനോട്‌ ഭക്ഷണം കഴിച്ചോ എന്ന്‌ പോലും അന്വേഷിച്ചില്ലല്ലോ. ആഥിത്യ മര്യാദകളും അനുകമ്പയും ഏത്‌ തിരിവില്‍ വച്ചായിരിക്കും ഉറഞ്ഞ്‌ പോയത്‌.

ഫ്ലാസ്ക്കിലായിരുന്നിട്ടും ചായ തണുത്ത്‌ പോയിരുന്നു.

"നല്ല കടുപ്പത്തില്‍, ഒട്ടും മധുരം ചേര്‍ക്കാതെ".

മാവോ എന്റെയൊപ്പം അടുക്കളയിലേക്ക്‌ വന്നു.

"എ നൈസ്‌ കപ്പ്‌ ഓഫ്‌ ടീ, ചായയുണ്ടാക്കുന്നത്‌ എങ്ങനെയെന്നറിയാന്‍ ഓര്‍വെല്ലിനെ വായിക്കണം".

തണുത്ത ചായ ഞാന്‍ ചൂടാക്കുന്നതും അതില്‍ ധാരാളം തേയിലപ്പൊടി ചേര്‍ക്കുന്നതും നോക്കി മാവോ അലമാരയില്‍ ചാരിനിന്നു. ആ നില്‍പ്പില്‍ മാവോ എന്നെ പഠിക്കുകയാവും.

തീവ്രകാലങ്ങള്‍ വിട്ട്‌ സ്വാഭാവിക ജീവിതത്തിന്റെ ചട്ടക്കൂട്ടിലേക്കും അച്ചടക്കമുള്ള പാര്‍ട്ടി കൂട്ടിലേക്കും മടങ്ങിവന്ന എന്റെ ചലനങ്ങളില്‍ നിന്നും ഒരു വിപ്ലവകാരിക്ക്‌ പാകമാവാത്ത മസിലുപിടിത്തങ്ങളെ ഇഴതിരിച്ചെടുക്കുകയാവും. സൂക്ഷ്മദര്‍ശിനിയുടെ കണിശതയായിരുന്നു മാവോയുടെ കണ്ണുകള്‍ക്ക്‌. അയാളെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകളുടെ ആദ്യപക്ഷത്തിലും ആ കണ്ണുകള്‍ക്ക്‌ ഇതേ തിളക്കമായിരുന്നു. യുവജന സംഘടനയുടെ വാര്‍ഡ്‌ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ദിവസം, ഒരു പ്രീഡിഗ്രിക്കാരന്‍ പയ്യന്റെ ആദ്യതെരുവോര പ്രസംഗം തീരുവോളം ഒരു ഇല്‍ക്ട്രിക്ക്‌ പോസ്റ്റില്‍ ചാരി മാവോ നിന്നു.

യോഗം കഴിഞ്ഞപ്പോള്‍ അയാള്‍ അടുത്തു വന്നു. ആളൊഴിഞ്ഞ ഒരിടത്തേക്ക്‌ എന്നെ മാറ്റി നിറുത്തി. "ചെയര്‍മാന്‍ മാവോ പറഞ്ഞിട്ടുണ്ട്‌, സാമ്രാജ്യത്വത്തെ നേരിടാനുള്ള ആയുധങ്ങള്‍ വാഷിംഗ്‌ ടണ്ണിലാണ്‌ നിര്‍മ്മിക്കുന്നതെന്ന്‌. ആന്റിഇംപീരിയല്‍ സ്ട്രഗ്ഗിളിനെ പറ്റി സഖാവ്‌ ആഴത്തില്‍ പഠിക്കണം".

എനിക്ക്‌ കാര്യമായൊന്നും മനസ്സിലായില്ല. സഖാവ്‌ അയമ്മദിക്കയാണ്‌ കാര്യങ്ങള്‍ വ്യക്തമാക്കി തന്നത്‌. അയമ്മദിക്ക നിശ്വാസത്തില്‍ ചോരയുടെ ഗന്ധം കൊണ്ടു നടക്കുന്ന യാളായിരുന്നു. എല്ലാകാലത്തേക്കുമുള്ള പാര്‍ട്ടി മെമ്പര്‍. സംസാരിച്ചുകൊണ്ടിരിക്കെ അയമ്മദിക്ക പെട്ടെന്ന്‌ വികാരം കൊള്ളുകയും, അപ്പോഴൊക്കെ മൂക്കില്‍ നിന്നും ചോര കിനിയുകയും ചെയ്യാറുണ്ടായിരുന്നു. രക്തത്തില്‍ മുളയ്ക്കുന്ന റിവിഷനിസ്റ്റ്‌ അണുക്കള്‍ ഗത്യന്തരമില്ലാതെ പാര്‍ട്ടി ശരീരം വിട്ടുപൊകുന്നതാണെന്ന്‌ അപ്പോഴൊക്ക അയമ്മദിക്ക നര്‍മം കൊള്ളും.

"മാവോ എന്ത്‌ പറഞ്ഞു?"

അയമ്മദിക്ക ചോദിച്ചപ്പോള്‍ കൃത്യമായി മറുപടി പറയാനാകാതെ ഞാന്‍ കുഴങ്ങി.

"സ്പെഷ്യല്‍ ബ്രാഞ്ചുകാര്‍ വീട്‌ വളയുന്നതിനെപ്പറ്റി എന്തെങ്കിലും"

'ഇല്ല' എനിക്കാകെ അത്ഭുതമായി.

"നീയൊരു വിപ്ലവകാരിയും അടിയുറച്ച സഖാവുമായി മാറി എന്നതിന്റെ തെളിവായിട്ട്‌ കണ്ടാമതി മാവോയുടെ ഈ സംസാരത്തെ". അയമ്മദിക്ക തെളിഞ്ഞ്‌ ചിരിച്ചു. ഒന്നിനെക്കുറിച്ചും ക്ഷോഭം കൊള്ളാതെ അന്ന്‌ അയമ്മദിക്കയും എന്നോടേറെ സംസാരിച്ചു. എനിക്ക്‌ ചോരയുടെ മണം വന്നില്ല.

സഖാവ്‌ അയമ്മദിക്കയുടെ വാക്കുകളിലൂടെയാണ്‌ ഞാന്‍ മാവോയെ ആദ്യം പരിചയപ്പെടുന്നത്‌. ഞങ്ങളുടെ പഞ്ചായത്തില്‍ നിന്നും സ്വതന്ത്ര്യസമരത്തില്‍ പങ്കെടുത്ത മൂന്ന്‌ പേരില്‍ ഒരാളായിരുന്നു മാവോ. അന്ന്‌ തൃക്കളത്തൂരുകാരന്‍ ഒരു രാമന്‍നായര്‍ക്ക്‌ തൊടുപുഴയില്‍ ഒരു ചായക്കടയുണ്ടായിരുന്നു. ആ കടയില്‍ സമ്മേളിച്ച്‌ മദ്യഷാപ്പുകള്‍ പിക്കറ്റുചെയ്യാന്‍ പോയവരില്‍ പാണ്ട്യാര്‍പ്പിള്ളി ഇബ്രാഹിം സാഹിബിനും, എഴുത്താനിക്കാട്ട്‌ ഇബ്രാഹിം സാഹിബിനുമൊപ്പം അയ്യപ്പനുമുണ്ടായിരുന്നു. അന്ന്‌ സ്കൂളില്‍ പഠിക്കുകയായിരുന്നു അയ്യപ്പന്‍. പിന്നീട്‌ നാട്ടില്‍ ചില്ലറ ജോലിയൊക്കെയായി നടക്കുമ്പോള്‍ സ്വന്തം വിവാഹത്തലേന്ന്‌ അയ്യപ്പന്‍ പാലക്കാട്ടേക്ക്‌ ഒളിച്ചോടി. ഒളിച്ചോടുമ്പോള്‍ നാലോ അഞ്ചോ കമ്പനികളുടെ എക്സ്പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റുണ്ടായിരുന്നു അയ്യപ്പന്റെ കൈയില്‍. സ്വന്തമായി നിര്‍മ്മിച്ച സീലും, ലെറ്റര്‍ഹെഡ്ഡു മായിരുന്നു അയാളുടെ ആയുധം. ഒരു ആവേശത്തിന്‌ അങ്ങനെയൊക്കെ ചെയ്തെങ്കിലും ആ സര്‍ട്ടിഫിക്കറ്റുകള്‍ അയ്യപ്പന്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്ന്‌ അയമ്മദിക്ക പറഞ്ഞപ്പോള്‍ എനിക്ക്‌ മാവോയോട്‌ വല്ലാത്തൊരു ആദരവ്‌ തോന്നി.

അത്തരം ചില ബഹുമാനങ്ങള്‍ ഒട്ടും ഉടവ്‌ തട്ടാതെ മനസ്സിലുള്ളത്‌ കൊണ്ടാണ്‌ മുഷിഞ്ഞൊരു വാര്‍ദ്ധക്യത്തിന്റെ രൂക്ഷഗന്ധങ്ങളോട്‌ എനിക്ക്‌ അലോസരമില്ലാതിരിക്കുന്നത്‌. അദ്ദേഹത്തിനായി ഈ രാത്രിയിലും ഞാന്‍ ചായ കൂട്ടുന്നത്‌.

കട്ടന്‍ ചായ മെല്ലെ ആസ്വദിച്ച്‌ കുടിച്ചുകൊണ്ട്‌ മാവോ ചാനല്‍ വാര്‍ത്തയിലേക്ക്‌ കണ്ണുനട്ടു. മിന്നിമറയുന്ന ഫ്ലാഷ്‌ ന്യൂസുകള്‍ അല്‍പ്പം ഉച്ചത്തില്‍ മാവോ വായിച്ചു കൊണ്ടിരുന്നു. വാര്‍ത്താ അവതാരകന്‍ ചടുലമായ ചലനങ്ങളോടെ അക്ഷോഭ്യനായി ചോദ്യങ്ങള്‍ ഉതിര്‍ത്തുകൊണ്ടിരുന്നു.

"മാഷിനറിയ്‌വോ അവന്‍ മിടുക്കനാ, പഴയൊരു പോരാളി. പണ്ട്‌ മുണ്ടൂരൊക്കെ അകത്ത്‌ കിടന്ന്‌ കാലത്ത്‌ പയ്യന്നൂരില്‍ പഠിപ്പുമുടക്കിന്‌ നേതൃത്വം കൊടുത്തയാളാ. നല്ല ഉശിരന്‍ സഖാവായിരുന്നു.

മാവോയ്ക്ക്‌ ചരിത്രം മന:പാഠമായിരുന്നു. ഭീകരമായ ചില പേടികളാല്‍ പിന്തുടരപ്പെട്ട്‌, ചിലപ്പോഴൊക്കെ പരക്കംപാച്ചിലുകളിലായിരിക്കുമ്പോള്‍ പോലും വിപ്ലവ ചരിത്രത്തിലെ ഓരോ ഏടുകളും അയാള്‍ ഇഴ തെറ്റാതെ ഓര്‍മ്മിച്ചിരുന്നു.

"സഖാവ്‌ സുന്ദരേശന്‍ . . . കേള്‍ക്കാമോ . . താങ്കളോടാണ്‌ ചോദ്യം. ചോദ്യമിതാണ്‌. കമ്മ്യൂണിസ്റ്റുകാര്‍ മാവോയിസ്റ്റുകളെ പേടിക്കേണ്ടതുണ്ടോ?

കണ്ണൂര്‍ സ്റ്റുഡിയോവില്‍ പ്രത്യക്ഷപ്പെട്ട സഖാവ്‌ സുന്ദരേശന്റെ മുന്നിലെ വെള്ളം കുടിച്ചു തീര്‍ന്ന ഒരു ഗ്ലാസ്സ്‌ സൂം ചെയ്യപ്പെട്ടു.

"സഖാവ്‌ സുന്ദരേശന്‍, ഞാന്‍ താങ്കളിലേക്ക്‌ ഉടനെ മടങ്ങിയെത്താം, മറ്റൊരു പ്രധാന വാര്‍ത്തയിലേക്ക.്‌ ദുരന്തത്തെ തുടര്‍ന്ന്‌ അടച്ചിട്ട പാറമടകള്‍ വീണ്ടും തുറന്നതോടുകൂടി അന്യസംസ്ഥാനക്കാരായ തൊഴിലാളികളെ പോലീസ്‌ കര്‍ശനമായി നിരീക്ഷിച്ചു വരുന്നു. പലയിടങ്ങളിലും രഹസ്യയോഗങ്ങള്‍ നടക്കുന്നതായി പോലീസ്‌ സംശയിക്കുന്നു". വാര്‍ത്തയില്‍ ശ്രദ്ധിച്ചിരുന്ന മാവോയുടെ ഉടല്‍ ചൂടുകാറ്റില്‍ അകപ്പെട്ടത്‌ പോലെ അലങ്കോലമാവുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു. വാര്‍ത്ത മാവോയെ വല്ലാതെ പൊള്ളിക്കുമെന്ന്‌ എനിക്ക്‌ ഉറപ്പായിരുന്നു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നാട്ടിലുള്ള ഒരു പാറമടയില്‍ പണിക്കാരനായിരുന്നു മാവോ. ജീവിതത്തിന്റെ കേവുഭാരങ്ങള്‍ ചുമക്കാനാവാത്ത വിധം ക്ഷീണിതനായിട്ടും തൊഴിലാളികള്‍ക്ക്‌ ഒരു സഹായിയായി മാവോ ഇപ്പോഴും അവിടെ പോകാറുണ്ടായിരുന്നു. ഇക്കാരണം മാത്രമല്ല മാവോയെ അസ്വസ്ഥനാക്കുന്നതെന്ന്‌ എനിക്കറിയാം.

വിജിലന്‍സും സ്പെഷ്യല്‍ ബ്രാഞ്ചും മാവോയെ നായാടാന്‍ തുടങ്ങിയിട്ട്‌ പതിറ്റാണ്ടുകള്‍ കഴിഞ്ഞിരുന്നു. അയമ്മദിക്ക തന്നെയാണ്‌ ഒരിക്കല്‍ എന്നോട്‌ ആ കഥ പറഞ്ഞത്‌. അടിയന്തിരാവസ്ഥ ക്കാലത്തായിരുന്നു അത്‌. അക്കാലത്തിന്റെ അത്യാഹിതങ്ങളൊന്നും ഞങ്ങളുടെ ഗ്രാമത്തെ ഊഷരമാക്കിയിരുന്നില്ല. റേഷന്‍ മുണ്ടും അരിയുടെ തീവിലയും വറുതിക്കാരായ ഗ്രാമീണരെ കൂടുതല്‍ പൊള്ളിക്കാന്‍ പോന്നതൊന്നും ആയിരുന്നില്ല. കൂടുതലാളുകളും ചരിത്രത്തിലെ ഈ രാവണഘട്ടം അറിഞ്ഞിരുന്നതേയില്ല.

കണ്ടത്തില്‍ ഉലഹന്നാന്‍ മാപ്പിളയുടെ ചക്കിലെ പണിക്കാരനായിരുന്നു അന്ന്‌ അയ്യപ്പന്‍. എണ്ണ നിറച്ച പാട്ടകള്‍ കോരച്ചേട്ടന്റെ കാളവണ്ടിയിലേക്ക്‌ കയറ്റുന്നതിനിടയില്‍ ഒരു ദിവസം ഉലഹന്നാല്‍ മാപ്പിള അയ്യപ്പനെ പ്രകോപിപ്പിച്ചു.

"എമര്‍ജന്‍സിയായിട്ട്‌ അയ്യപ്പന്റെ പാര്‍ട്ടിയെന്താ സമരത്തിനൊന്നൂല്ലേ?"

"ഭരണകൂടവും നിങ്ങളെപ്പോലെ തന്ന്യാന്റെ മാപ്പിളേ; പാവങ്ങളെ ചക്കിലാട്ടി, ചോരയിതുപോലെ കടത്തികൊണ്ടുപോവും", അയ്യപ്പന്‍ തിരിച്ചടിച്ചു.

എന്നാല്‍ മാപ്പിള വെറുതെ ചിരിച്ചതേയുള്ളൂ.

"വേണ്ടാതീനം പുറത്തെങ്ങും പറയണ്ട അയ്യപ്പാ, എല്ലായിടത്തും വിജിലന്‍സുകാരാ, പടിക്കലേമാന്റെ ക്യാമ്പിലേക്കെങ്ങാനും കൊണ്ടുപോയാല്‍ കത്തിക്കാനും കുഴിച്ചിടാനും പൊടിപോലും കിട്ടലുണ്ടാവില്ല. അന്നു രാത്രി മുതലാണ്‌ അയ്യപ്പന്‍ മാവോയിലേക്ക്‌ പരിവര്‍ത്തനപ്പെട്ടത്‌" സഖാവ്‌ അയമ്മദിക്ക തുടര്‍ന്നു.

"വാതിലില്‍ ആഞ്ഞുള്ളൊരു ചവിട്ടായിരുന്നു ആദ്യം. പിന്നെ പൊളിഞ്ഞ മുരിക്കിന്‍ പലകള്‍ക്കിടയിലൂടെ മുള്ളാണി തറച്ച ഒരു ബൂട്ട്‌ അകത്തേക്ക്‌ നീണ്ടു. വീടിനകത്ത്‌ സമൃദ്ധമായി പൂത്തു നിന്നിരുന്ന നിലാവില്‍ അയ്യപ്പനത്‌ വ്യക്തമായി കണ്ടു. ശബ്ദിക്കാന്‍ തുടങ്ങുന്നതിനു മുമ്പേ പച്ചിരുമ്പ്‌ പോലൊരു വിരല്‍ തൊണ്ടക്കുഴിയിലൂടെ നൂഴ്‌ന്ന്‌ പ്രാണനിലുടക്കി".

(കള്ളത്താക്കോലെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു കള്ളനുണ്ടായിരുന്നു നാട്ടില്‍. അയാളെത്തേടിവന്ന പോലീസ്‌ കൂരമാറിക്കേറിയതാണെന്നും അതല്ല ഉലഹന്നാന്‍ മാപ്പിള ഒറ്റുകൊടുത്തതാണെന്നും ഈ സംഭവത്തിന്‌ പിന്നീട്‌ രണ്ട്‌ വ്യാഖ്യാനങ്ങളുണ്ടായി.)

"പിറ്റേ ദിവസം പ്രഭാതത്തില്‍ കൊള്ളിപ്പറമ്പിനടുത്ത പുല്ലാന്തിക്കാട്ടിലെ ഒളിയിടത്തില്‍ നിന്നും മാവോയിസ്റ്റ്‌ സുക്തങ്ങള്‍ കേട്ടാണ്‌ ഞങ്ങള്‍ അയ്യപ്പനെ കണ്ടെത്തിയത്‌".

ഗ്രാമീണ ചരിത്രത്തിന്റെ നേരിടങ്ങളില്‍ നിന്ന്‌ ഒരു ചരിത്രഗവേഷകനെപ്പോലെ സഖാവ്‌ അയമ്മദിക്ക പറഞ്ഞ്‌ നിറുത്തി. ഇപ്പോഴും ചന്ദ്രായനത്തിന്റെ വെളുത്തപക്ഷങ്ങളില്‍ വിജിലന്‍സുകാര്‍ തന്നെ പിന്തുടരുന്നതായി കരുതി മാവോ ഒളിയിടം തേടിയിറങ്ങും. കൊള്ളിപ്പറമ്പും പുല്ലാന്തി ക്കാടുമൊക്കെ വെട്ടിത്തെളിച്ച്‌ ഇലക്ട്രിക്‌ ശ്മശാനം വന്നതോടെ വിശ്വസ്തരായ പാര്‍ട്ടി സഖാക്കളുടെ വീടുകളില്‍ മാവോ അഭയം തേടും. ബോധമണ്ഡലത്തില്‍ മുഴങ്ങുന്ന ഭയത്തിന്റെ പെരുമ്പറകളുമായിട്ടാണ്‌ അയ്യപ്പന്‍ എന്ന മാവോ ഈ രാത്രി എന്നെ തേടിയെത്തിയിട്ടുള്ളത്‌.

ചായ കുടിച്ചു തീര്‍ത്ത്‌ മാവോ വാര്‍ത്തകള്‍ക്കുള്ളില്‍ നിന്നും പേടിയുടെ തീനാമ്പുകള്‍ ചികഞ്ഞെടുക്കാന്‍ തുടങ്ങി. പുക നിറഞ്ഞ അയാളുടെ കണ്ണുകളില്‍ അഗ്നിയാളാന്‍ തുടങ്ങുന്നത്‌ കണ്ടപ്പോള്‍ വിഷയം മാറ്റാനായി ഞാന്‍ ചോദിച്ചു.

"വേറെ ചാനലില്‍ നല്ല സിനിമയുണ്ടാകും നമുക്കൊരു സനിമ കണ്ടാലോ?"

"സിനിമയും സീരിയലുമൊക്കെ റിവിഷനിസത്തിലേക്കുള്ള ചുവടുവെയ്പ്പല്ലേ മാഷേ, നിങ്ങളൊന്നും ഇങ്ങിനെയാകാന്‍ പാടില്ല."

"അപ്പോള്‍ അറബിക്കഥ കാണാന്‍ പോയതോ?", എന്റെ ചോദ്യത്തില്‍ അയ്യപ്പന്‍ ഒന്നു പതറി, മെല്ലെ തണുത്തു. "വലതുപക്ഷ വ്യതിയാനത്തിനെതിരെയുള്ള ശക്തമായ താക്കീതല്ലേ ശ്രീനിവാസന്‍ കൊടുത്തത്‌. ഇറാനിയന്‍ സിനിമയൊക്കെപ്പോലെ വിപ്ലവകാരിക്കുള്ള മണ്ണ്‌ പാകപ്പെടുത്തുന്ന സിനിമ.

പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ അയ്യപ്പനില്‍ ഒരു ചിരി പൂത്തുവരുന്നത്‌ കണ്ടു. അസ്വസ്ഥ തയുടെ കിനാവള്ളികളെല്ലാം പൊട്ടിച്ച്‌ വളരെ സ്വാഭാവികമായി സംസാരിക്കുന്ന ഇദ്ദേഹത്തിന്റെ ഏത്‌ കോശങ്ങളിലായിരിക്കാം പേടിയുടെ നരിച്ചീറുകള്‍ തൂങ്ങിക്കിടക്കുന്നത്‌.

"അയ്യപ്പനെന്താ ഒരിക്കലും പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ വരാത്തത്‌?"

എന്തിനെന്ന്‌ തിട്ടമില്ലാതെയാണ്‌ ഞാന്‍ ചോദിച്ചത്‌.

അയ്യപ്പന്‍ ഉത്തരം പറഞ്ഞില്ല. സങ്കടം കലര്‍ന്ന ഒരു ചിരിയില്‍ പറയാന്‍ വന്നതെല്ലാം പൊതിഞ്ഞ്‌ എന്നെ നോക്കി. "വല്ലാത്ത ക്ഷീണമുണ്ട്‌ മാഷേ, ഞാനിത്തിരി കിടന്നോട്ടെ".

അകത്ത്‌ കിടക്കാമെന്ന്‌ പറയണമെന്നുണ്ടായിരുന്നു, പക്ഷെ അയ്യപ്പന്‍ ഏറെ വ്യദ്ധനും രോഗിയുമായിരുന്നു എന്തെങ്കിലും സംഭവിച്ചാല്‍..... വേണ്ട, പുറം ജീവിതം ചിലര്‍ക്കൊരു വിധിയാണ്‌.

പഴയൊരു കമ്പിളിയെടുത്ത്‌ കാര്‍ ഷെഡ്ഡിലെ ബഞ്ചില്‍ വിരിച്ച്‌ കൊടുത്തു. കാര്‍ ഷെഡ്ഡിന്റെ സ്ഥാനത്ത്‌ പണ്ടൊരു ചായ്പുണ്ടായിരുന്നു. ചായ്പിലെ കയറു കട്ടിലില്‍, മുന്‍പ്‌, അയ്യപ്പന്റെ വിഭ്രാമകമായ ചിന്തകളില്‍ പോലീസ്‌ തേടി വരാറുള്ള ചില രാത്രികളില്‍ അയാള്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ സ്വസ്ഥമായി ഉറങ്ങിയിട്ടുണ്ട്‌.

മാവോ കിടന്നു കഴിഞ്ഞ്‌ ഞാനകത്തു കയറിയപ്പോള്‍, ഒളിയിടങ്ങളില്‍ പോലീസ്‌ റെയ്ഡു ചെയ്യുന്നതിന്റെ തത്സമയദൃശ്യങ്ങളായിരുന്ന ചാനലില്‍.

തോക്കിന്‍ പാത്തികൊണ്ടുള്ള ശക്തമായ ഇടിയില്‍ ഒരു വാതില്‍ അകത്തേക്ക്‌ പൊളിഞ്ഞു തൂങ്ങി. പേടിച്ചരണ്ട രണ്ട്‌ കുഞ്ഞു മുഖങ്ങളും തോര്‍ത്ത്‌ സ്ഥാനം തെറ്റി അനാവരണപ്പെട്ട മുഷിഞ്ഞ്‌ ചുളുങ്ങിയ രണ്ട്‌ മാറിടങ്ങളും സ്ക്രീനില്‍ നിറഞ്ഞു.

വാര്‍ത്താ അവതാരകന്‍ കൂടുതല്‍ ഊര്‍ജ്ജസ്വലനായി, "റെയ്ഡ്‌ സംഘത്തെ അനുഗമിക്കുന്ന ലേഖകന്‍ ലൈനിലുണ്ട്‌ . . പറയൂ എന്തൊക്കെയാണ്‌ പുതിയ വിശേഷങ്ങള്‍".

കഴിഞ്ഞമാസമുണ്ടായ ദുരന്തത്തില്‍ കൊല്ലപ്പെട്ട സുകുമാരന്‍ എന്നയാളുടെ വീട്ടിലാണ്‌ ഇപ്പോള്‍ പോലീസുള്ളത്‌. സുകുമാരന്റെ ഭാര്യയും രണ്ടു കുട്ടികളുമാണ്‌ വീട്ടിലുണ്ടായിരുന്നത്‌. അവരെ പോലീസ്‌ ചോദ്യം ചെയ്യുകയാണ്‌. വീടിനോട്‌ ചേര്‍ന്നുള്ള ഷെഡ്ഡില്‍ നിരവധിയാളുകളുടെ വസ്ത്രം കിടക്കുന്നുണ്ട്‌. തൊഴിലാളികളുടേത്‌ പോലുള്ള വസ്ത്രങ്ങളാണ്‌ എല്ലാം തന്നെ. ഇവിടെ സഹായിയായി ഉണ്ടായിരുന്ന മാവോ എന്നറിയപ്പെട്ടിരുന്നയാളെ പോലീസ്‌ തിരയുകയാണ്‌. റെയ്ഡ്‌ വിവരം മണത്തറിഞ്ഞ മാവോ ഇപ്പോളേതെങ്കിലും ഒളിസങ്കേതത്തിലേക്ക്‌ രക്ഷപ്പെട്ടിരിക്കാമെന്ന്‌ പോലീസ്‌ സംശയിക്കുന്നു.

"റെയ്ഡ്‌ തുടരുകയാണ്‌. കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുന്നതാണ്‌. ഇപ്പോള്‍, പോലീസ്‌ തിരയുന്ന മാവോ എന്ന വ്യക്തിയെക്കുറിച്ച്‌ ഞങ്ങളുടെ പൊളിറ്റിക്കല്‍ ഡെസ്ക്‌ തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടിലേക്ക്‌ . . . 1925-ല്‍ തേവന്‍ കുറുമ്പന്റെയും പൊയ്കയുടേയും മകനായി ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ജനനം. സ്കൂള്‍പഠനസമയത്ത്‌ സ്വാതന്ത്ര്യസമരത്തില്‍ ആകൃഷ്ടനാവുകയും പന്ത്രണ്ടോളം തീവെയ്പ്‌ കേസില്‍ പ്രതിയാകുകയും ചെയ്ത ഇയാളുടെ യതാര്‍ത്ഥ പേര്‌ അയ്യപ്പനെന്നാണ്‌".

നട്ടെല്ലില്‍ വിഷദംശനമേറ്റത്‌ പോലെ ഞാനൊന്ന്‌ പൊള്ളിപ്പിടഞ്ഞു.

"വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ സ്വയംനിര്‍മ്മിച്ച്‌ നിരവധി സ്ഥലങ്ങളില്‍ ഇയാള്‍ ജോലി നേടുകയും അവിടെയെല്ലാം വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുകയും ചെയ്തു. അടിയന്തിരാവസ്ഥക്കാലത്ത്‌ നാട്ടിലെ പണക്കാരനായിരുന്ന കണ്ടത്തില്‍ ഉലഹന്നാലന്‍ എന്നയാളെ ചക്കിനുള്ളില്‍ പൂട്ടിയിട്ട്‌ കൊള്ള നടത്തിയ കേസ്സില്‍ ഇയാള്‍ ഒന്നാം പ്രതിയാണ്‌. ഈ കേസിന്റെ അന്വേഷണത്തിനെത്തിയ പോലീസുകാരനെ തൊണ്ടയില്‍ കമ്പിക്കുത്തിയിറക്കി ഇയാള്‍ കൊലപ്പെടുത്തുകയും ജഡം അടുത്തുള്ള പുല്ലാന്തിക്കാട്ടില്‍ കുഴിച്ചു മൂടുകയും ചെയ്തു. ആധുനിക തോക്കുകള്‍ വരെ ഉപയോഗിക്കുന്നതില്‍ വിദഗ്ദ്ധനായ ഇയാള്‍ക്ക്‌ പിന്നില്‍ ചില വിദേശ സംഘടനകളുടെ കൈകളുണ്ടെന്ന്‌ സംശയിക്കപ്പെടുന്നു".

വാര്‍ത്ത കേട്ടുകൊണ്ടിരിക്കെ ഭയം ഒരു ചുഴലിപോലെ എന്നെ ദീനപ്പെടുത്താന്‍ തുടങ്ങി.

ഞങ്ങളുടെ ഗ്രാമചരിത്രം പരിണാമത്തിന്റെ ഊടുവഴികളിലൂടെ ചുറ്റിത്തിരിഞ്ഞ്‌ ഒരു കൊടും പാപിയുടെ ഭൂതകാലത്തെ പെരുംകാറ്റായി തുറന്നു വിട്ടിരിക്കുന്നതായി എനിക്ക്‌ തോന്നി. സഖാവ്‌ അയമ്മദിക്ക (എനിക്കിപ്പോള്‍ സ്നേഹത്തോടെ അങ്ങിനെ വിളിക്കാന്‍ തോന്നുന്നില്ല) യുടെ കള്ളങ്ങള്‍ എത്രപെട്ടെന്നാണ്‌ കീറിപ്പൊളിയുന്നത്‌. മാവോയെ തിരഞ്ഞ്‌ പോലീസ്‌ അടുത്ത നിമിഷം ഇവിടെ എത്തിച്ചേരാമെന്ന്‌ ഓര്‍ത്തപ്പോള്‍ എനിക്ക്‌ പ്രഷര്‍ കൂടി. അലമാരയില്‍ നിന്ന്‌ ഗുളികയെടുത്ത്‌ നാവിനടിയില്‍ വെച്ചപ്പോള്‍ ഞാനാലോചിച്ചു.

പാര്‍ട്ടി അംഗത്വം കിട്ടിയ ഞാന്‍ ഇനി ആരെ പേടിക്കാനാണ്‌.

ശാഖാ സെക്രട്ടറി മുതല്‍ ഏരിയാ സെക്രട്ടറി വരെയുള്ളവരെ ഞാന്‍ മൊബെയിലില്‍ വിളിച്ചു.

ഇപ്പോള്‍ ആരും പ്രതികരിക്കുന്നില്ല. വിപ്ലവകാരികളൊക്കെ നേരത്തെ ഉറക്കം പിടിച്ചോ?

ടി.വി. സ്ക്രീനില്‍ കണ്ട ഒരു മുഖം ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നു. ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍. റെയ്ഡ്‌ സംഘത്തെ നയിക്കുന്ന അദ്ദേഹം എന്റെ സഹപാഠിയാണ്‌. പാര്‍ട്ടിയുടെ സാംസ്ക്കാരിക സമിതിയില്‍ നേരത്തെ ഞങ്ങള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

വിളിക്കണോ?... വേണ്ട, ഒരു എസ്‌.എം.എസ്‌. മതി. പത്തു പൈസയുടെ മൂലധനം.

മലയാളം ഒപ്ഷനെടുത്ത്‌ ഇങ്ങനെ ടൈപ്പ്‌ ചെയ്തു.

"മാവോ ഇവിടെ ഒളിച്ചിരിപ്പുണ്ട്‌, എന്റെ കാര്‍ഷെഡ്ഡില്‍".

ബ്രൈറ്റ്ലൈറ്റിന്റെ കൂറ്റന്‍ ടോര്‍ച്ചും, ഇരുമ്പ്‌വടിയുമായി ഞാന്‍ മെല്ലെ പുറത്തിറങ്ങി. വാതില്‍ പുറമെ നിന്നും പൂട്ടി.

ദൂരെ വളവ്‌ തിരിഞ്ഞ്‌ ഒരു പോലീസ്‌ ജീപ്പ്പിന്റെ ഇരമ്പമെത്തുന്നതും കാത്ത്‌ ഞാനക്ഷമനായി. പോലീസ്‌ എത്തുന്നതിന്‌ മുമ്പേ മാവോ ഉണര്‍ന്നാലോ. ഇരുമ്പു വടിയില്‍ ഞാന്‍ മുറുകെ പിടിച്ചു.


എം.എം. കബീര്‍


-, ആലുവ,



Your response will be e-Mailed to the poster.