അച്ഛന്‍ പറയാമെന്നു പറഞ്ഞിട്ട് ഇതുവരെയായും പറഞ്ഞില്ല സാന്ദ്രമോള്‍ മുഖം കറുപ്പിച്ചു. അവള്‍ കുറെ നാളായി ചോദിക്കുന്നു കുട്ടിയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണ്? അവള്‍ക്ക് തന്റെ നാടിന്റെ പഴയകാല കഥ ഉള്‍ക്കൊള്ളാനാകുമോ? അയാള്‍ക്ക് സംശയമായിരുന്നു. ഭാര്യ അടുക്കളയില്‍ പപ്പടം വറുക്കുന്നു, അയാളുടെ മനസ്സിലും, ഒരു പപ്പടം പൊള്ളിക്കുടിരുകയായിരുന്നു.
അയാള്‍കഥ പറഞ്ഞു തുടങ്ങി -
സാന്ദ്രമോളുടെ കണ്ണുകള്‍ പ്രകാശിച്ചു. രണ്ടു കുഞ്ഞു നക്ഷത്രങ്ങള്‍ പോലെ
അവിടെയുണ്ടല്ലോ............. അങ്ങ് .......... അച്ഛന്റെ നാട്ടില്‍............സാന്ദ്രമോളെപ്പോലെ ഒരു കുട്ടിയുണ്ടായിരുന്നു. കുഞ്ഞുലക്ഷ്മി നല്ല ചന്തമുള്ള കുട്ടി. അവളുടെ അച്ഛന്‍ വലിയൊരു ജന്മിയായിരുന്നു. അവരുടേതാണ് ആ പ്രദേശം മുഴുവനെന്നു പറയാം. അവരുടെ ആശ്രിതനായിരുന്നു എന്റെ അപ്പന്‍. അയിത്തമുള്ള കാലമാണ് ഒരു തുണ്ടു ഭൂമി പോലും സ്വന്തമായില്ലാത്ത കുറെ ആളുകള്‍ പണിയെടുക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍. കുഞ്ഞു ലക്ഷ്മിയുടെ വീട്ടിലെ നെല്ലറ എപ്പോഴും നിറഞ്ഞു കിടക്കും അവളുടെ അച്ഛന്‍ എല്ലാവര്‍ക്കും തമ്പ്രാനാണ്. നല്ല ഒത്തയൊരു മനുഷ്യനാണയാള്‍ ആജ്ഞാശക്തിയുള്ള കണ്ണുകള്‍.
കുഞ്ഞുലക്ഷ്മിയോ? നല്ല കുട്ടി.
നല്ല ചന്തമുള്ള കുട്ടി......... അല്ലേ അച്ഛാ.......
സാന്ദ്രമോള്‍ കഥയിലേയ്ക്ക് വന്നിരിക്കുന്നു.
എന്റെ അപ്പൂനോ...........?
അപ്പൂപ്പന്‍............അയാളുടെ മനസ്സുപിടഞ്ഞു ശബ്ദമിടറി...
ഭൂതകാലം അയാളെ പിടിച്ചുലച്ചു.
അപ്പൂപ്പനൊരു പാവം പണിയെടുത്താല്‍ കൂലി പോലും ചോദിക്കാന്‍ പേടിയായിരുന്നു. തമ്പ്രാന്‍, അപ്പന് ദൈവത്തെപ്പോലെയാണ്. ചുറ്റുപാടും പട്ടിണിയായിരുന്നു കടുത്ത പട്ടിണി. ദിവസങ്ങള്‍ ആഹാരം കഴിക്കാതിരുന്ന് സ്ക്കൂളിലേക്ക് പോയ ഞാന്‍ തലകറങ്ങി വീണു. പോയിട്ടുണ്ട്. അപ്പോഴൊക്കെ കുഞ്ഞുലക്ഷ്മിയൊരു താങ്ങായിരുന്നു.
അവളുടെ അമ്മൂമ്മയ്ക്ക് എന്നെ ഏറെ ഇഷ്ടവും . വെളുവെളുത്ത തലമുടിയുള്ള അമ്മുമ്മയ്ക്ക് അയിത്തമെന്തന്നറിയില്ല. അവര്‍ കുഞ്ഞുലക്ഷ്മിയുടെ കയ്യില്‍ പലഹാരങ്ങള്‍ കൊടുത്തുവിടും. നീയത് ആരും കാണാതെ കണ്ടനെ മകന് കൊടുക്കണം ആരും കാണരുത്, നിന്റെ അച്ഛന്‍ അറിയേം അരുത്.
കുഞ്ഞുലക്ഷ്മി മിനുസമുള്ള ഒരലുമിനിയ പെട്ടിയിലാണ് പുസ്തകം കൊണ്ടുവന്നിരുന്നത്. അത്തരം പെട്ടി അവള്‍ക്ക് മാത്രമെ ഉണ്ടായിരുന്നുള്ളു കുട്ടികള്‍ക്ക് ആ പെട്ടി കൌതുകമായിരുന്നു, അതിലൊന്നു തൊടാന്‍ കൊതിക്കാത്തവരില്ല. കുഞ്ഞുലക്ഷ്മിഎന്റെ കൂടെയാണ് സ്കൂളിലേക്ക് വന്നിരുന്നത്. പലപ്പോഴും ആ പെട്ടി പിടിക്കാന്‍ എന്റെ കൈയില്‍ തന്നിരുന്നു. അമ്മൂമ്മ തന്നുവിടുന്ന പലഹാരങ്ങള്‍ ഇലപ്പൊതിയിലാക്കി അതിലാണ് അവള്‍ വെച്ചിരുന്നത്. പെട്ടിപിടിച്ചുകൊണ്ട് വലിയ ഗമയിലാണ് എന്റെ നടത്തം.
തമ്പ്രാന്റെ പാടത്ത് നെല്ലും പറമ്പുകളില്‍ കപ്പയും കാച്ചിലും വാഴക്കുലയും വിളഞ്ഞ് പാകമായികിടക്കും. വിശന്നു വലയുന്ന പറവകള്‍ ഇതു മോഷ്ടിക്കുമെന്ന് തമ്പ്രാനറിയാം എന്റെ അപ്പന് വിളകളില്‍ പേ കയറ്റുന്ന വിദ്യയറിയാം. പേ കയറ്റുക എന്നാല്‍ ഒരു മന്ത്രമാണ്. മന്ത്രത്തിലൂടെ പേ വിഷം കായ്കളിലേക്ക് കടത്തി വിടും പോലും ആരെങ്കിലും അത് മോഷ്ടിച്ചു തിന്നാല്‍ പേ പിടിക്കും. പേപ്പട്ടി കടിച്ചാലെങ്ങനെയോ അതുപോലെ ചുമച്ചും കുരച്ചും ചത്തു പോകുമത്രേ!
അതുകൊണ്ട് പേടിച്ചാരും അതൊന്നും പറിച്ചിരുന്നില്ല.
സാന്ദ്രമോളുടെ ഉള്ളില്‍ ഒരു പേപ്പട്ടി കുരച്ചു. കഥ തുടങ്ങിയപ്പോള്‍ നക്ഷത്ര തിളക്കമുണ്ടായിരുന്ന അവളുടെ കണ്ണുകള്‍ക്ക് മങ്ങലേറ്റു തുടങ്ങിയിരിക്കുന്നു.
കുഞ്ഞുലക്ഷ്മിയൊരു ദിവസം അവളുടെ അമ്മുമ്മയ്ക്ക് സുഖവില്ലാത്ത വിവരം പറഞ്ഞു. എങ്കിലും അമ്മൂമ്മയുടെ വക പലഹാരം പെട്ടിയിലുണ്ടെന്നും.
കുഞ്ഞുലക്ഷ്മീടെ അച്ഛനറിഞ്ഞാല്‍ കുഴപ്പമാവില്ലേ?
അച്ഛനിതിനൊക്കെ എവിടാനേരം ഒന്നുമറിയാന്‍ പോണില്ല. ഇതും പറഞ്ഞുകൊണ്ടു കുഞ്ഞലക്ഷ്മി തോടിനു കുറുകെ ഇട്ടിരുന്ന തെങ്ങിന്‍ പാലത്തിലേക്ക് കയറി. ചില്ലി തെങ്ങു കൊണ്ടുള്ള പാലം പാലത്തിനു നടുവിലെത്തിയവള്‍ കാല്‍ തെറ്റി വീണു പോയി തോട്ടില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. തെളിഞ്ഞ വെള്ളത്തില്‍ കുഞ്ഞുലക്ഷ്മി പലവട്ടം കരണം മറിഞ്ഞു. പാലത്തില്‍ നിന്നും വെള്ളത്തിലേക്ക് എടുത്തു ചാടി. പിടിക്കും തോറും വഴുതിപ്പോകുന്ന കുഞ്ഞുലക്ഷ്മിയെ ഒരു കണക്കിനാണ് കരയ്ക്കടുപ്പിച്ചത്. വീട്ടില്‍ ചെന്ന കുഞ്ഞുലക്ഷ്മി യ്ക്ക് പലവട്ടം കുളിക്കേണ്ടി വന്നു, കണ്ടന്റെ മകന്‍ തൊട്ടതിന്
പിറ്റേന്ന് സ്കൂളില്‍ പോകും വഴി വഴങ്ങിലയിലവള്‍ ചക്കപ്രഥമന്‍ കൊണ്ടുവന്നു ജീവന്‍ രക്ഷിച്ചതിന് പാരിതോഷികം! പരീക്ഷയില്‍ നല്ല മാര്‍ക്കു വാങ്ങുമ്പോഴെല്ലാം അവളുടെ വക സമ്മനങ്ങള്‍.
അമ്മൂമ്മയ്ക്ക് സുഖക്കേട് കൂടുതലാണ്.
അതുപറയുമ്പോള്‍ അവള്‍ കരയാന്‍ പോകുന്നതായി തോന്നി.
ഉച്ചയ്ക്കു ശേഷം ആരോ വന്ന് കുഞ്ഞു ലക്ഷ്മിയെ കൂട്ടികൊണ്ടുപോയി. സ്ക്ലൂള്‍ വിട്ടപ്പോള്‍ കുഞ്ഞുലക്ഷ്മിയുടെ അമ്മൂമ്മ മരിച്ച വിവരമാണറിയുന്നത്! വെളുവെളുത്ത തലമുടിയുള്ള അമ്മൂമ്മ.................
സ്നേഹത്തിന് അമ്മൂമ്മയുടെ രൂപമായിരുന്നോ? അതോ കുഞ്ഞുലക്ഷ്മിയുടേതോ?
അമ്മൂമ്മ ശാന്തമായി കിടക്കുന്നു. എന്നത്തേതിലും ചൈതന്യത്തോടെ ഉറക്കമാണെന്നെ തോന്നു. മരണം ചിലരുടെ മുഖത്തിന് ജീവിച്ചിരിക്കുമ്പോഴെത്തെക്കാള്‍ ശാന്തിയും ചൈതന്യവും കൊടുക്കുമെന്ന്, എനിക്ക് അന്നാണ് മനസ്സിലായത്. പ്രത്യേകിച്ച് നല്ല മനസ്സുള്ളവര്‍ക്ക് എല്ലാം വെടിയുന്ന മരണത്തിന്റെ മുഹൂര്‍ത്തത്തില്‍മനുഷ്യന്‍ഒരുശിശുവിനെപ്പോലെയാകുന്നു.
അമ്മൂമ്മയുടെ തലയ്ക്കല്‍ ഒരു നിലവിളക്ക് കത്തിനില്ക്കുന്നു. ചന്ദനത്തിരിയുടെ മടുപ്പിക്കുന്ന ഗന്ധവും. എന്തിനാണ് കുഞ്ഞുലക്ഷ്മിയുടെ അമ്മൂമ്മ ഇത്ര നേരത്തെ മരിച്ചത്? എനിക്ക് പലഹാരം തരാതിരിക്കാനാവും ദൈവമിങ്ങനെയൊരു കടുംകൈ ചെയ്തത്! കുറച്ചുകൂടി അവര്‍ ജീവിച്ചിരുന്നെങ്കില്‍ എത്രമാത്രം പലഹാരം തിന്നാമായിരുന്നു. എനിക്ക് നിരാശതോന്നി.
കുഞ്ഞുലക്ഷ്മി സ്കൂളില്‍ വന്നിട്ട് ദിവസങ്ങളായിരിക്കുന്നു. അവളുടെ വീടിനു സമീപമുള്ള ചക്കര മാവിന്റെ അടുത്തെത്തുമ്പോള്‍ ഉള്ളില്‍ പെരുമ്പറ മുഴങ്ങും. അതിന്റെ ചോട്ടിലാണ് അമ്മൂമ്മയെ ദഹിപ്പിച്ചത്. ഒരു മുരളലോടെ അടിക്കുന്ന കാറ്റത്ത് മാങ്ങകള്‍ ഒന്നോടെ ആടുമ്പോള്‍ അതേതോ പ്രേതബാധകൊണ്ടാണെന്ന് തോന്നും. പിന്നെ ശ്വാസം പിടിച്ച് ഒറ്റയോട്ടമാണ്. അപ്പോള്‍ പിന്നില്‍ ചടപുട ശബ്ദം കേള്‍ക്കാം. ചക്കര മാമ്പഴം വീണുകിടന്നു ചിരിക്കും എടുക്കാന്‍ പേടിയാണ്.
അമ്മൂമ്മ പാവമാണ്. എന്നാലും ചത്തു കഴിഞ്ഞാല്‍ പിശാചാണുപോലും.,
കുഞ്ഞുലക്ഷ്മിയുടെ വീട്ടില്‍ തളം കെട്ടി നിന്ന മുകത മെല്ലെ മാറാന്‍ തുടങ്ങി. അവള്‍ പഴതുപോലെ സ്കൂളില്‍ വന്നു തുടങ്ങി.അടുത്ത ദിവസംഅമ്മൂമ്മേടെ അടിയന്ത്രമാണെന്ന് അവള്‍ പറഞ്ഞു. എല്ലാവരേം വിളിച്ച് സദ്യ കൊടുക്കും, പഴം നുറുക്കും പപ്പടോം പായസ്സോം ഒക്കെയുണ്ടാകും ഒരു വല്യപ്പടം ഉണ്ടാക്കുന്ന് കിഴക്കേലേ കോന്നന്‍ പറഞ്ഞു മൊറത്തിന്റെ വലിപ്പോള്ള ഒരു പപ്പടം!അത്രേയൊള്ള പപ്പടോണ്ടോ ? എനിക്കു സംശയം തോന്നി
അത്രേയൊള്ള പപ്പടോണ്ട്. തീര്‍ച്ച.
വീട്ടിലേയ്ക്ക് പോകുന്ന വഴി ആ പപ്പടത്തെക്കുറിച്ചായിരുന്നു വിചാരം. സന്ധ്യ കനത്തു വരുന്നു, വാതുക്കല്‍ ഒരു ശരറാന്തല്‍കത്തിച്ച് അപ്പന്‍ തൂക്കിയിടുന്നു. കിഴക്ക് ഉദിച്ചു വരുന്ന ചന്ദ്രന് ഒരു വല്യപ്പടത്തിന്റെ വലിപ്പമുണ്ട്.
ചാണകം മെഴുകിയ തറയുടെ ഗന്ധത്തില്‍, അപ്പനെ കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ അനവധി വല്യപ്പടങ്ങള്‍ ആകാശത്ത് പൊന്തി വരുന്നതായി തോന്നി.
കുഞ്ഞുലക്ഷ്മിയുടെ വീട്ടില്‍ ഒരാഘോഷം പോലുണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കരഞ്ഞവരൊക്കെ ചിരിക്കുന്നു. എത്ര പെട്ടെന്നാണ് ജീവിതത്തില്‍ നിന്ന് വേര്‍പാടിന്റെ വേദനകള്‍ മാഞ്ഞുപോകുന്നത്.!
സ്കൂളിലേയ്ക്ക് പോകുമ്പോഴാണ് അതുകണ്ടത്. അമ്പിളിയമ്മാവന്റെ വലിപ്പമുള്ള ഒരു പപ്പടം! കിഴക്കേലെ കോന്നന്‍ ഒരു ചരടില്‍ കോര്‍ത്ത് ഒരു കമ്പിന്റെ അറ്റത്ത് കെട്ടിവയ്ക്കുന്നു. സ്കൂളിലേയ്ക്ക് നടക്കുമ്പോള്‍ ആ പപ്പടം ഒരു പ്രലോഭനമായി മുന്നില്‍ തൂങ്ങിയാടുന്നു. സ്കൂളില്‍ നിന്നും അവസാനത്തെ മണിയും മുഴങ്ങിക്കഴിഞ്ഞു. ആരും കാണാതെ സ്കൂളിന്റെ കിഴക്കേപ്പുറത്തെ
കുടപ്പനചോട്ടില്‍ ചെന്നു നിന്നു. സമയം ഇഴയുകയാണ്. കുടപ്പനയില്‍ കൂടുകൂട്ടിയിരുന്ന കുരുവികള്‍ ചൂളം കുത്തുന്നു.
അവറ്റക്ക് പഠിക്കാനൊന്നുമില്ല. എന്തൊരു സ്വാന്ത്ര്യം! കുഞ്ഞിച്ചിറകുമായി പനമ്പട്ടകളില്‍ പറന്നു നടക്കുന്നു. പനയുടെ മറവില്‍ നിന്ന് ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം നടന്നു തുടങ്ങി കുഞ്ഞുലക്ഷ്മിയുടെ വീട്ടുമുറ്റത്ത് എല്ലാവരും വട്ടം കൂടി നില്‍ക്കുന്നു.
പച്ചച്ചോറ് ഉരുളയുരുട്ടി നാക്കിലയില്‍ വച്ചിട്ടുണ്ട്. കുഞ്ഞുലക്ഷ്മീടെ അച്ഛന്‍ കോടി മുണ്ടുടുത്ത്, ഭസ്മം പൂശിയിരുന്നുകൊണ്ട് ചോറ് വീണ്ടും ഉരുളകളാക്കി വയ്ക്കുന്നു.വല്യപ്പടത്തിന്റെ അടുത്ത് ആരുമില്ല! ആരും..............
പതുക്കെ അതിനടുത്തെത്തി. ആരു കാണുന്നില്ല! പപ്പടം കൈക്കലാക്കി ഒറ്റയോട്ടമായിരുന്നു.
എടാ......... നിക്കെടാ..........
കിഴക്കേലെ കോന്നന്‍ അലറികൊണ്ടു പുറകെ വരുന്നു!
കള്ളന്‍ ........... പിടിച്ചോ....................
അയാള്‍ ആര്‍ത്തു വിളിച്ചു. കോന്നന്റെ തഴമ്പുള്ള കയ്യില്‍ വാഴക്കുമ്പുള്ള കയ്യില്‍ വാഴക്കുമ്പുപോലെ തന്റെ കൈത്തണ്ട ഞെരിയുന്നു!
അവിടെ വട്ടം കൂടി നിന്ന എല്ലാവരും വന്നു. തമ്പ്രാന്റെ കണ്ണില്‍ നിന്നും തീ പാറിപിടിച്ചുകെട്ടടാ അവനെ.........
അകാലത്തില്‍ വെട്ടിയ ഒരു ഇടിനാദമായി ആ ശബ്ദം ഇല്ലെങ്കില്‍ ഇവന്‍ ഭാവിയില്‍ ഇതിലും വലിയ കള്ളനാകും, കോന്നന്‍ കയറുമായി വന്നു. കൈവരിഞ്ഞുമുറുക്കികെട്ടി. കുഞ്ഞുലക്ഷ്മിയുടെ അച്ഛന്‍ ചൂരലുമായി വന്ന് തലങ്ങും വിലങ്ങും തല്ലാന്‍ തുടങ്ങി
കൊണ്ടുവാടാ...... ഉറുമ്പില്‍ കൂട്
കോന്നന്‍ ഉറുമ്പിങ്കൂട് തലവഴി കുടഞ്ഞു. ഒരുകുടം വെള്ളം തലയില്‍ കമഴ്ത്തി.
പുറം പൊട്ടി ചോരയൊലിക്കുന്നു. അടികൊണ്ടു പൊട്ടിയ ഭാഗത്ത് ഉറുമ്പുകള്‍ കടിച്ചു ചാകുന്നു, ആരോ പറഞ്ഞറിഞ്ഞ് അപ്പനവിടെയ്ക്കോടി വന്നു.
തമ്പ്രാന്‍ ചൂരലുമായി അപ്പന്റെ അടുത്തേയ്ക്ക് അടിവെച്ചുചെന്നു. അറഞ്ചാം പുറഞ്ചാം തല്ലാന്‍ തുടങ്ങി. നെഞ്ചത്ത് പിണച്ചുവെച്ച കൈയ്യുമായി അപ്പന്‍ നിന്നുകൊണ്ടു. ചോരപ്പാടുള്ള അപ്പന്റെ തോളില്‍ കിടന്ന് വീട്ടിലേയ്ക്ക്................
എന്തെന്നില്ലാത്ത വേദന........
രാത്രിയില്‍ പനിയുണ്ടായി. മയക്കത്തില്‍ ഒരു സ്വപ്നം കണ്ടു കുഞ്ഞുലക്ഷ്മി ഒരു വലിയ പപ്പടവുമായി വന്നിരിക്കുന്നു.
അമ്പിളിമ്മാവന്റെ വലിപ്പമുള്ള പപ്പടം! അവള്‍ ചിരിക്കുന്നുണ്ടായിരുന്നു.
ഇപ്പ തീര്‍ന്നോ സങ്കടം........അമ്മൂമ്മ തന്നയച്ചതാ.................
വല്യപ്പടം.......... വല്യപ്പടം എന്നു പിറുപിറുത്തുകൊണ്ട് കണ്ണു തുറന്നു.
കഥയില്‍ മുഴുകിയിരുന്ന സാന്ദ്രമോള്‍ ഏങ്ങലോടെ കരയുകയാണിപ്പോള്‍.
രാജു കഞ്ഞിപ്പാടം.