ഉറക്കത്തിന്റെ രാവുകള്‍.....

അസൈനാര്‍ കുട്ടിയെ ആരോ ചുമലില്‍ തട്ടി വിളിച്ചു. അയാള്‍ കൂര്‍ത്ത ഇരുട്ടിലേക്ക്‌ ഞെട്ടിയുണര്‍ന്നു. പക്ഷെ കണ്ണുകള്‍ തുറക്കാന്‍ കഴിയുന്നില്ല. ഇമകള്‍ക്ക്‌ വല്ലാത്ത ഭാരം. അസൈനാര്‍കുട്ടി മിഴിയിമകള്‍ തുറക്കാന്‍ പിന്നെയും കഠിന ശ്രമം നടത്തി. അയാള്‍ക്ക്‌ നിരാശ തോന്നി. സങ്കടവും. കൈകള്‍ പോലും അനക്കാന്‍ കഴിയുന്നില്ല. ആകെ ബന്ധനസ്ഥനായതു പോലെ.

"അസൈനാര്‍ കുട്ടീ.." ആരോ പിന്നെയും വിളിക്കുന്നു.

ആരാണ്‌ ! കണ്ണു തുറന്നൊന്ന്‌ നോക്കുവാന്‍ കഴിയുന്നില്ലല്ലൊ. അസൈനാര്‍ കുട്ടി ശരീരമിളക്കാന്‍ നോക്കി. സുഖകരമായ ഒരു ഭാരമില്ലായ്മയില്‍ അയാള്‍ക്ക്‌ ശരീരം പോലും ഇല്ലെന്ന്‌ തോന്നി. അല്ലാഹുവേ, ഇതെന്താണ്‌...! എന്താണ്‌ തനിക്ക്‌ സംഭവിച്ചിരിക്കുന്നത്‌...!

ചുമലില്‍ ഭാരമില്ലാത്ത പക്ഷികള്‍ പോലെ എന്തോ ഇരിക്കുന്നു. അയാള്‍ ചുമലിളക്കുവാന്‍ നോക്കി. കഴിയുന്നില്ല. ഒന്നിനും കഴിയുന്നില്ല. താനിപ്പോഴും ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെയാണോ...! കുറച്ചു മാത്രം മുമ്പാണ്‌ അവര്‍ ഓപ്പറേഷന്‍ തിയേറ്ററിനുള്ളിലേക്ക്‌ തന്നെ കൊണ്ടു പോയത്‌. അപ്പോള്‍ മക്കളും മരുമക്കളും ചെറുമക്കളുമൊക്കെ അടുത്തുണ്ടായിരുന്നു. അവരുടെയൊക്കെ കണ്ണൂകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവരിലാരെങ്കിലുമാണോ തന്നെ വിളിച്ചത്‌ ! തിയേറ്ററിനുള്ളില്‍ മൂക്കിന്‍മേല്‍ വായടച്ച്‌ ഡോക്ടര്‍ ഒരു മൂടി വച്ചത്‌ ഓര്‍മ്മയുണ്ട്‌. പിന്നെ എന്തോ മരുന്ന്‌ ചന്തിയില്‍ കുത്തിയിറക്കി. ഡോക്ടര്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. എന്തൊക്കെയോ മറുപടിയും പറഞ്ഞു. പിന്നെ എപ്പോഴോ താന്‍ മയങ്ങി പോയെന്ന്‌ തോന്നുന്നു. ഓപ്പറേഷന്‍ കഴിഞ്ഞിരിക്കും. ഇപ്പോള്‍ തന്റെ രോഗമൊക്കെ മാറിയിരിക്കുന്നു. എന്തു സുഖമാണിപ്പോള്‍ ! വീണ്ടും ആശുപത്രി കിടക്കയിലാണോ... അവരൊക്കെ ചുറ്റും നില്‍ക്കുന്നുണ്ടാകും.

"അസൈനാര്‍കുട്ടീ..." ചെവിക്കടുത്തു നിന്നാണ്‌ കേട്ടത്‌.. ഇടത്തെ ചെവിക്കടുത്ത്‌ നിന്ന്‌.

" അസൈനാര്‍ കുട്ടീ..." ഇപ്പോള്‍ വലത്തെ ചെവിക്കടുത്തു നിന്ന്‌. അത്‌ മറ്റൊരു ശബ്ദമാണ്‌.. പക്ഷെ ഒരു പോലെ തന്നെ.. ഒരേ മുഴക്കം... എതോ അത്യഗാധ ഗര്‍ത്തങ്ങളില്‍ നിന്നുയരുന്നതു പോലെ. ആരൊക്കെയാണത്‌.. ഇത്രയും മുഴക്കമുള്ള ശബ്ദം ആര്‍ക്കുമില്ലല്ലൊ...ആരാണത്‌... ശബ്ദമുയര്‍ത്താന്‍ ശ്രമിച്ചു നോക്കി... ഇല്ല, ശബ്ദം പോലും ഉയരുന്നില്ലല്ലോ...

" ഞങ്ങളാണ്‌.." മറുപടി പോലെ രണ്ട്‌ ശബ്ദങ്ങളും ഒരുമിച്ചാണ്‌ കേട്ടത്‌.

ആര്‌..... അസൈനാര്‍ കുട്ടി വീണ്ടും ശബ്ദമില്ലാതെ ചോദിച്ചു.

" ഞങ്ങള്‍ മുങ്കറും നക്കീറും .................! " ഈണം നിറഞ്ഞ മുഴക്കത്തോടെ അവര്‍ മറുപടി പറഞ്ഞു.

അസൈനാര്‍ കുട്ടി ഞെട്ടി വിറച്ചു. പണ്ട്‌ ഓത്തു പള്ളിക്കൂടത്തില്‍ ആദ്യത്തെ പേടിയുടെ വിഹ്വലതകള്‍ സൃഷ്ടിച്ച ഖബറടക്കത്തിന്റെ രാവിനെ കുറിച്ചുള്ള മുസലിയാരുടെ ഹദീസിന്റെ ഈണം അസൈനാര്‍ കുട്ടി വീണ്ടും കേട്ടു... മയ്യത്ത്‌ ഖബറടക്കി എല്ലാവരും പിരിഞ്ഞ്‌ പോകുന്ന രാത്രിയില്‍ ഉറക്കത്തിന്റെ നിശ്ശബ്ദ യാമങ്ങളില്‍ നിന്നും അല്ലാഹുവിന്റെ മലക്കുകള്‍ നിന്നെ തേടി വരും, മുങ്കറും നക്കീറും.........നിന്റെ നന്മയുടെയും തിന്മയുടെയും കണക്കെടുക്കാന്‍...

അല്ലാഹുവേ... ഞാനെവിടെയാണ്‌....അസൈനാര്‍കുട്ടി ഒരു വിലാപം പോലെ ആരോടെന്നില്ലാതെ...

"അസൈനാര്‍ കുട്ടീ, നീയിപ്പോള്‍ നിന്റെ ഖബറിലാണ്‌...സര്‍വ്വശക്തനായ അല്ലാഹുവിങ്കലേക്ക്‌ നീ മടക്കയാത്ര ആരംഭിച്ചിരിക്കുന്നു."

ഞാനിപ്പോള്‍ എന്റെ ഖബറിലാണെന്നോ...ഇല്ല, എനിക്കെന്റെ മക്കളെ കാണണം.. എനിക്കവരുടെയടുത്തേക്ക്‌ പോണം...അസൈനാര്‍കുട്ടി വിലപിച്ചു.

" നീ ഒരു ഭീരുവാകാതിരിക്കൂ അസൈനാര്‍കുട്ടീ... നീ ഈമാനുള്ളവനല്ലെ, നീ ഒരു ഹാജിയല്ലെ, നീ സത്യത്തെ എന്തിനു ഭയക്കുന്നു...."

എനിക്ക്‌ ജീവിച്ച്‌ കൊതി തീര്‍ന്നിട്ടില്ല...എനിക്ക്‌ ഭൂമിയില്‍ എന്റെ മക്കളോടും പേരക്കിടാങ്ങളോടും കൂടെ ജീവിക്കണം, കുറച്ചു നാളു കൂടി....അസൈനാര്‍ കുട്ടി കണ്ണീരില്ലാതെ കരഞ്ഞു.

" ഇല്ല അസൈനാര്‍ കുട്ടീ, ഭൂമിയിലെ നിന്റെ ക്ഷണിക ജീവിതം അവസാനിച്ചിരിക്കുന്നു. അത്‌ വെറും താല്‌കാലികമായിരിക്കും എന്ന്‌ നീ പഠിച്ചിട്ടുള്ളതല്ലെ... അതായിരിക്കില്ല യഥാര്‍ത്ഥ ജീവിതമെന്ന്‌ നിനക്കറിയുമായിരുന്നില്ലെ....... നീ പിന്നിട്ടത്‌ വെറുമൊരു പരീക്ഷണ പാതയാണ്‌... നിന്റെ വാതിലുകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളു.. ഇപ്പോഴാണ്‌ നീ ജനിച്ചത്‌ തന്നെ...."

അവരുടെ ശബ്ദത്തിന്‌ അസാധാരണമായ മുഴക്കമുണ്ടായിരുന്നു. അപൂര്‍വ്വ സാന്ത്വനത്തിന്റെ ശക്തി പോലെ ആ വാക്കുകള്‍ അസൈനാര്‍കുട്ടിയെ സ്പര്‍ശിച്ചു. അയാള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപെടാനുള്ള ശ്രമത്തിലായിരുന്നു. ഒക്കെ ഒരു സ്വപ്നം കണ്ടു തീര്‍ന്നതു പോലെ. പാണത്തറയിലെ മേലക്കരവീട്ടില്‍ നിന്നും എത്രയോ വര്‍ഷങ്ങളിലൂടെ നഗരത്തിലെ പ്രധാന ആശുപത്രിയുടെ ഓപ്പറേഷന്‍ തിയേറ്റര്‍ വരെ നീണ്ട യാത്ര എത്ര പെട്ടെന്ന്‌ കഴിഞ്ഞു പോയിരിക്കുന്നു... ഒടുവില്‍ പള്ളിപ്പറമ്പിലെ ആറടി മണ്ണിനടിയില്‍....

അസൈനാര്‍ കുട്ടി മനസ്സിന്റെ അപാരതീരങ്ങളില്‍ പിന്നിട്ട ജന്മം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി കാണാന്‍ ശ്രമിച്ചു. ഇല്ല.. അതൊരു സ്വപ്നം മാത്രമായിരുന്നു. വെറുമൊരു സ്വപ്നം. ഇപ്പോള്‍ ഈ മണ്ണിനടിയിലെ ഇരുളും ശ്വാസമില്ലായ്മയും എന്നത്‌ മാത്രമാണ്‌ യാഥാര്‍ത്ഥ്യം. സ്വപ്ന ജീവിതത്തിനിടയില്‍ പള്ളിയില്‍ പോകുമ്പോഴും എന്തിന്‌ ഹജ്ജ്‌ ചെയ്യുമ്പോള്‍ പോലും പരലോകം എന്നസങ്കല്‍പം യാഥാര്‍ത്ഥ്യമാകുമെന്ന്‌ പൂര്‍ണ്ണമായി വിശ്വസിച്ചിരുന്നില്ല. ഒക്കെയും ഒരു മിഥ്യയായിരിക്കുമെന്ന വിശ്വാസം എല്ലാചെയ്തികള്‍ക്കും കീഴില്‍ അമര്‍ന്നണഞ്ഞ്‌ കിടന്നിരുന്നുവോ... ഇതു സത്യമാണെന്നറിഞ്ഞിരുന്നുവെങ്കില്‍ ... ഒക്കെ വൈകി പോയിരിക്കുന്നു...

" അസൈനാര്‍കുട്ടീ, നിന്റെ റബ്ബാര്‌ ?" ചോദ്യം കേട്ട്‌ അസൈനാര്‍കുട്ടി ഒന്നു ഞെട്ടി.... തന്റെ റബ്ബ്‌. സര്‍വ്വ ശക്തനായ അല്ലാഹു. അതെ, അല്ലാഹു അക്‌ബര്‍... ഓരോ നമസ്‌കാരത്തിനു ശേഷവും ഇരുപത്തിയേഴു പ്രാവശ്യം വീതം താന്‍ ഉരുവിട്ടിരുന്ന വാക്കുകള്‍...

പെട്ടെന്ന്‌ അസൈനാര്‍കുട്ടിയുടെ മനസ്സിന്റെ നദിയിലൂടെ മിന്നലൊളി പോലെ ജീവിതത്തില്‍ നിന്നും ഒരു രംഗം കടന്നു വന്നു... മൂത്തവന്‍ റസാഖിന്റെ കെട്ടിയവള്‍ ആമിനയുടെ വീട്ടില്‍ നിന്നും സ്ര്തീധനത്തിന്റെ ബാക്കി കൊണ്ടു വരാന്‍ വൈകിയപ്പോള്‍ അവളെ വീട്ടില്‍ നിന്നിറക്കി വിട്ടത്‌... ആമിനയുടെ ബാപ്പ വന്ന്‌ അന്ന്‌ കരഞ്ഞു കൊണ്ട്‌ മുന്നില്‍ നിന്നത്‌.... അല്ലാഹുവിന്റെ പേരില്‍ അയാള്‍ അന്ന്‌ യാചിച്ചതാണ്‌... പക്ഷെ എന്താണ്‌ അന്ന്‌ പറഞ്ഞത്‌...ങ്‌ഹും.. അല്ലാഹുവിനെന്തിനാണ്‌ പണം ഖാദറെ.. എനിക്കല്ലേ പണം വേണ്ടത്‌...അല്ലാഹുവിന്‌ കൊണ്ട്‌ തരാന്‍ പറ്റുമോ നിന്റെ പണം... അല്ലാഹുവേ മാപ്പ്‌.... അന്ന്‌ ഖാദറിന്റെ കണ്ണീരിന്‌ മുന്നില്‍ പുച്ഛത്തോടെ, അഹങ്കാരത്തോടെ നിന്നെ തളളി പറഞ്ഞു... തെറ്റ്‌.. തെറ്റ്‌... മാപ്പ്‌...മാപ്പ്‌...

" അസൈനാര്‍ കുട്ടീ, പറയ്‌, നിന്റെ റബ്ബാര്‌..." അസൈനാര്‍ കുട്ടിയുടെ അഭേദ്യമായ മനസ്സിന്റെ കിന്നരികളിലെവിടെയോ ഭയവും വേദനയും ഇരുളും കുടികുഴഞ്ഞു.

അല്ലാഹു.. സര്‍വ്വ ശക്തനായ അല്ലാഹു.. അല്ലാഹുവല്ലാതെ മറ്റൊന്നുമല്ല.. തീര്‍ച്ച....

"പക്ഷെ ഭൂമിയിലെ ജീവിതത്തിനിടയില്‍ എന്തു കൊണ്ടാണ്‌ നീയത്‌ തിരിച്ചറിയാതിരുന്നത്‌..."

ക്ഷമിക്കണം.... എന്നോട്‌ പൊറുക്കണം. ഞാനറിവില്ലാത്തവനായി പോയി.... അസൈനാര്‍കുട്ടിയുടെ മനസ്സ്‌ കേഴുകയായിരുന്നു.

"എന്താണ്‌ പൈസയുടെ വിലയെന്ന്‌ നിനക്കറിയുമോ.."

പൈസ... പൈസ... അല്ലാഹുവേ ഒക്കെയും പൈസയെന്നാണെല്ലൊ ധരിച്ചിരുന്നത്‌... എല്ലാം ഇപ്പോള്‍ എവിടെയാണ്‌... ലക്ഷങ്ങള്‍... കോടികള്‍... ഇന്ന്‌ ഈ മണ്ണിനടിയില്‍ കോടികളുടെ വിലയെത്ര...ഭൂമിയില്‍ ആ കോടികള്‍ക്കായി എത്രപേരാണ്‌ കണ്ണീര്‍ കുടിച്ചത്‌...എത്രപേരെയാണ്‌ താന്‍ കണ്ണീര്‍ കുടിപ്പിച്ചത്‌.... എന്തൊരു തിരക്കായിരുന്നു, പൈസ വാരിക്കൂട്ടാന്‍ ! വഴിയിലുണ്ടായിരുന്നവരിലാരൊക്കെയാണ്‌ കണ്ണീര്‍ വിതച്ച്‌ ശാപങ്ങള്‍ എയ്ത്‌ കടന്നു പോയത്‌. ഒന്നും പക്ഷെ ഹൃദയത്തിലെത്തിയില്ല... ഉയരങ്ങള്‍ ഒരുപാട്‌ കീഴടക്കി എന്നാണ്‌ കരുതിയത്‌... നാട്ടില്‍ പ്രമാണിയാവുകയായിരുന്നു... പള്ളിയും പള്ളിക്കാരും സ്വന്തം കാല്‍ചുവട്ടില്‍... ഒടുവില്‍ എവിടെയാണ്‌ വന്നെത്തിയത്‌... എത്ര പെട്ടെന്ന്‌.

"മെയിലത്തറയിലെ കൃഷ്ണകുമാരമേനോനെ നീ അറിയുമോ...?"

കൃഷ്ണകുമാരമേനോന്‍... മെയിലത്തറയിലെ കൃഷ്ണകുമാരമേനോന്‍... കുട്ടിക്കാലത്തെ സന്തത സഹചാരി..ഒടുവില്‍... അറിയും...വളരെ നന്നായി...

"അസൈനാര്‍ കുട്ടീ, കണക്കുകള്‍ എപ്പോഴും തുല്ല്യമായിരിക്കണം...പറയ്‌, കൃഷ്ണകുമാരമേനോന്‍ നിനക്ക്‌ തന്നതും നീ തിരിച്ചു കൊടുത്തതും, പറയ്‌ " ആ ശബ്ദത്തില്‍ എവിടെ നിന്നോ പെട്ടെന്ന്‌ തീക്ഷ്‌ണമായ ഗൗരവം കടന്നു വന്നിരിക്കുന്നു.

കൃഷ്ണകുമാരമേനോന്‍... ഒരവിശ്വാസി... ഒരു കാഫിറിനോടുള്ള ചെയ്തിയുടെ കണക്കുകളും ഇവിടെ നിര്‍ണ്ണയിക്കപ്പെടുന്നുവോ...! അസൈനാര്‍കുട്ടി ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വിചാരണയുടെ ദൈന്യതയാര്‍ന്ന നിസ്സഹായതയിലായിരുന്നു.

" അസൈനാര്‍കുട്ടീ, നിന്റെ മനുഷ്യ ജീവിതം വിശദമായ ഒരു കണക്കു പുസ്തകമായി എഴുതപ്പെട്ടിട്ടുണ്ട്‌. ഇത്‌ ഒരു ചടങ്ങാണ്‌..നിന്നിലെ സത്യം നിന്നിലൂടെ അന്വേഷിക്കുക എന്ന ചടങ്ങ്‌. നിനക്കനുവദിക്കുന്ന കുറ്റവും ശിക്ഷയും നിന്റെ തന്നെ നന്മയുടെയും തിന്മയുടെയും നീതിയാണെന്ന്‌ നിന്നെ അറിയിക്കുവാനുള്ള ചടങ്ങ്‌... ഒരു പാട്‌ ചോദ്യങ്ങളില്ല. നിന്റെ മനസ്സിന്റെ പശ്ചാത്താപപക്ഷങ്ങളിലേക്കുള്ള സചേതനയുടെ അളവെടുക്കുകയാണ്‌ ഞങ്ങള്‍. മനുഷ്യരില്‍ കാഫിറില്ല. കൃഷ്ണകുമാരമേനോന്‍ അല്ലാഹുവിന്റെ മറ്റൊരു സൃഷ്ടി മാത്രം. അവന്‍ വിശ്വസിച്ചിരുന്നതും അല്ലാഹുവില്‍ തന്നെ, മറ്റൊരു പേര്‍ ചൊല്ലി വിളിച്ചു കൊണ്ട്‌. "

സമയം രാത്രിയുടെ മഞ്ഞിന്‍കണങ്ങള്‍ക്കൊപ്പം കൊഴിഞ്ഞു വീഴുന്നു.

അസൈനാര്‍കുട്ടി ഒരിക്കലും തിരിഞ്ഞു നോക്കാനാഗ്രഹിക്കാത്ത പിന്നിട്ട വഴിത്താരയിലേക്ക്‌ ഭയത്തോടെ മനസ്സോടിച്ചു. കൃഷ്ണകുമാരമേനോന്‍.. കുട്ടിക്കാലത്തെ കളിക്കൂട്ടുകാരന്‍. ഒരു വേലിക്കപ്പുറവുമിപ്പുറവുമായി കഴിഞ്ഞിരുന്നവര്‍.... എവിടെയാണ്‌ പിഴവു സംഭവിച്ചത്‌... മനസ്സ്‌ ഏതത്യാഗ്രഹത്തിന്റെ രാക്ഷസശാഖകളിലേക്കാണ്‌ ചിറകടിച്ചു പോയത്‌, ഒരു കഴുകനെ പോലെ...

ആദ്യമായി പണത്തോട്‌ അതിയായ ആര്‍ത്തി തോന്നിയതെന്നാണ്‌... വിശപ്പിന്റെ രൗദ്രം അശാന്തി സൃഷ്ടിച്ച വയറുമായി കൊട്ടിയമ്പലം കടന്നു ചെല്ലുന്ന പത്ത്‌ വയസ്സുകാരന്റെ മുന്നില്‍ വച്ച്‌ അവന്റെ ബാപ്പ രണ്ടാംകുടിയിലെ കുട്ടിക്ക്‌ ചോറുരുള ഉരുട്ടി കൊടുത്ത്‌ ചിരിച്ചുല്ലസിച്ച്‌ ഊണു കഴിക്കുന്നത്‌ കണ്ടു കൊണ്ടു നിന്നപ്പോഴോ... ഒസ്യത്തുകളില്‍ നിന്നും ഒരു തരി പോലും നല്‍കാതെ എല്ലാം ഇളയമ്മയും മക്കളും കൂടി പിടിച്ചു വാങ്ങിയപ്പോഴോ...എപ്പോഴാണ്‌ !

പക്ഷെ അപ്പോഴൊക്കെയും ആശ്വസിപ്പിക്കാന്‍ കൃഷ്ണകുമാരമേനോന്‍ ഉണ്ടായിരുന്നു, ഒരു സതീര്‍ത്ഥ്യനായി. ഉഷ്ണങ്ങള്‍ക്കു മീതെ സാന്ത്വനത്തിന്റെ തണല്‍ വീശിയ കൃഷ്ണകുമാരമേനോന്‍.

നിതാന്തമായ പ്രക്ഷുബ്ദ തീരങ്ങളിലൂടെ ശാന്തിതീര്‍ത്ഥങ്ങളുടെ മന്ത്രവുമായി എന്നും കൃഷ്ണകുമാരമേനോന്‍ കടന്നു വന്നിരുന്നു. ചുമലില്‍ കൈചേര്‍ത്ത്‌ ആര്‍ദ്രതയുടെ നദിതീരത്തു കൂടെ നടക്കുമ്പോള്‍ ഊര്‍ന്നു വീഴുന്ന കണ്ണീര്‍കണങ്ങള്‍ ഒപ്പാന്‍ അവന്റെ ഊഷ്മളമായ കരങ്ങളെന്നും സമീപത്തുണ്ടായിരുന്നു...

ഇച്ഛാഭംഗങ്ങളുടെ ചിപ്പിത്തോടുകള്‍ക്കു മീതെ ഉയര്‍ത്തപ്പെട്ടപ്പോഴും അവന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്‌ അവന്‍ ദുബായിലേക്ക്‌ പോയപ്പോള്‍ അവന്റെ പട്ടണത്തിലുള്ള കട നടത്താന്‍ സമ്മതിച്ചത്‌. പിന്നീടങ്ങോട്ടെന്തൊരുയര്‍ച്ചയായിരുന്നു... ആരാണ്‌ വെണ്‍മേഘങ്ങളുടെ സുഖലാസങ്ങളിലേക്ക്‌ എടുത്തുയര്‍ത്തിയത്‌...

ദുബായില്‍ നിന്ന്‌ നാട്ടില്‍ മടങ്ങി വന്ന്‌ കൃഷ്ണകുമാരമേനോന്‍ കട മടക്കി ചോദിച്ചപ്പോഴാണ്‌ സൗഭാഗ്യങ്ങള്‍ തിരിച്ചു നല്‍കേണ്ടതാണെന്ന സത്യം ഒരുള്‍ക്കിടിലമായി മനസ്സിലായത്‌.

നഗരത്തിന്റെ കണ്ണായ സ്ഥലത്ത്‌ നിന്ന്‌ കച്ചവടം മാറ്റുക എന്നത്‌ ആത്മഹത്യാപരമായിരുന്നു. മടക്കി കൊടുക്കേണ്ടതില്ലെന്ന്‌ ഉപദേശിക്കാന്‍ നൂറു പേരും. .. ആരാണ്‌ കച്ചവടം ഇത്രയും ഉയര്‍ത്തി കൊണ്ടു വന്നത്‌... ഗള്‍ഫില്‍ നിന്ന്‌ കോടിക്കണക്കിന്‌ സമ്പാദിച്ച്‌ തിരിച്ചെത്തിയവനെന്തിനാണ്‌ ഈ കട, അത്‌ വേണ്ടത്‌, ഒന്നുമില്ലാത്തവനല്ലെ... ഇത്രയും കൊണ്ടെത്തിച്ചപ്പോള്‍ എല്ലാം മടക്കി കൊടുക്കാനോ... വേണമെങ്കില്‍ വാടക കൊടുക്കണം...

പക്ഷെ അവന്‍ ഒന്നിനും തയ്യാറായിരുന്നില്ല. അവന്റെ സ്വത്ത്‌ അവന്‌ നഷ്ടപ്പെടുമെന്ന്‌ ആരൊക്കെയോ അവനെയും ഭയപ്പെടുത്തിരിക്കണം. പക്ഷെ അവന്‍ പറഞ്ഞ അവന്റെ പ്രാരാബ്ദങ്ങള്‍. അതൊക്കെ സത്യമായിരുന്നു, ദുബായില്‍ നിന്ന്‌ പോയതിനേക്കാള്‍ നഷ്ടത്തിലാണ്‌ അവന്‍ മടങ്ങിയെത്തിയത്‌... ഒന്നും കാണുവാന്‍ കണ്ണുകള്‍ക്കാവുമായിരുന്നില്ല. ചുറ്റും പ്രകാശമായിരുന്നു, വെള്ളി നാണയങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം. എന്തൊരു ക്രൂരതയായിരുന്നു... എന്തൊക്കെയാണ്‌ വാദിച്ചത്‌. മുന്നില്‍ നിന്നും കണ്ണീരോടെ ഇറങ്ങിപോയ കൃഷ്ണകുമാരമേനോനെ

കുറിച്ച്‌ ഒരിക്കല്‍ കൂടി ചിന്തിക്കുവാന്‍ അന്ന്‌ സമയമുണ്ടായിരുന്നില്ലല്ലോ...

മൂന്നു പെണ്‍മക്കളായിരുന്നു കൃഷ്ണകുമാരമേനോന്‌. ഭാഗം വച്ച്‌ കിട്ടിയതില്‍ ആകെയുണ്ടായിരുന്ന കെട്ടിടമാണ്‌ അവന്‍ വിശ്വസിച്ചേല്‍പിച്ചത്‌. പക്ഷെ ഒരിക്കല്‍ മക്കളോട്‌ കടയും കെട്ടിടവും തിരിച്ചു കൊടുക്കുന്നതിനെ കുറിച്ച്‌ ഒന്നു പറഞ്ഞു നോക്കിയതാണ്‌, ഹജ്ജിന്‌ പോകുന്നതിന്‌ മുമ്പ്‌... അന്നവന്‍മാര്‍ ചാടി തുള്ളി. ബാപ്പാക്ക്‌ വേണ്ടെങ്കില്‍ വേണ്ട, പക്ഷെ ഇതും വിട്ടു കൊടുത്തിട്ടെങ്ങിനെ ജീവിക്കും, ഇന്നീ സ്ഥലത്തിനിത്രയും വിലയുണ്ടായതു തന്നെ ഈ കച്ചവടം കൊണ്ടാണ്‌...അപ്പോള്‍ ആര്‍ക്കാണിതവകാശപ്പെട്ടത്‌..? വേണമെങ്കില്‍ ഇതിനുള്ള വില കൊടുക്കാം.

അതൊരു നല്ല കാര്യമായിരിക്കുമെന്ന്‌ തോന്നിയതാണ്‌.. കൃഷ്ണകുമാരമേനോനോട്‌ ചെന്നു സംസാരിക്കാന്‍, ഹജ്ജ്‌ എന്ന മഹദ്‌കര്‍മ്മം ചെയ്യുന്നതിന്‌ മുമ്പ്‌ കടപ്പാടും കര്‍മ്മങ്ങളുമൊന്നും

ബാക്കിയാവരുതായിരുന്നുവല്ലോ..

കൃഷ്ണകുമാരമേനോന്‍ നിശ്ശബ്ദനായിരുന്നു. പഴയ പ്രസരിപ്പ്‌ എവിടെയോ നഷ്ടപ്പെട്ടിരുന്നു മുഖത്തു നിന്ന്‌... അതൊ ആരോ അപഹരിച്ചതോ... കുറ്റബോധത്താല്‍ മനസ്സ്‌ വിങ്ങി...

ഞാന്‍ ഒന്നും കാണുന്നുണ്ടായിരുന്നില്ല, ഒന്നും... നിന്നെ ഞാനറിഞ്ഞില്ല. അറിയുമ്പോള്‍ വൈകി പോയിരിക്കുന്നു, മേനോന്‍, നീ എന്നോട്‌ ക്ഷമിക്കണം. നിനക്ക്‌ മൂന്നു പെണ്‍മക്കളാണ്‌, എനിക്കറിയാം, അവരെ കെട്ടിച്ചു വിടാന്‍ പോലും നിനക്കൊന്നുമില്ല, അതുമറിയാം.. നിന്റെ വേദന എന്റേതും കൂടിയാണ്‌...

അവന്‍ ഒന്നും പറഞ്ഞില്ല, പക്ഷെ കണ്ണൂകളില്‍ നിന്നും ഉരുകിയിറങ്ങിയ നീര്‍തുള്ളികള്‍ മാത്രം അവന്‍ കേള്‍ക്കുന്നുണ്ടെന്ന്‌ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു..

നിനക്ക്‌ ഞാന്‍ വസ്തുവിന്‌ ഇന്നു കാണുന്ന വില തരാം, അതില്‍ കൂടുതല്‍ തരും... നമുക്ക്‌ മക്കളെ കെട്ടിച്ചയക്കണ്ടെ... ഹജ്ജ്‌ കഴിഞ്ഞ്‌ വന്ന്‌ ഞാനും സ്വസ്ഥമായിരിക്കാന്‍ പോകുന്നു, ഇനി മക്കളുടെ കാലമാണ്‌....

അവന്റെ കൈകളില്‍ കൈകൂട്ടി പിടിക്കുമ്പോള്‍ ആ ഹൃദയത്തിന്റെ വിറയല്‍ അറിഞ്ഞു. പൊട്ടി കരഞ്ഞു കൊണ്ട്‌ അവന്‍ കൈകള്‍ക്കു മീതെ മുഖമമര്‍ത്തി. അവന്റെ കണ്ണീര്‍ വീണ്‌ കൈകള്‍ പൊള്ളി... അവന്‍ വിതുമ്പി..

വേണ്ട കുട്ടീ... എന്റെ മുന്നില്‍ നീ ഇപ്പോഴും വിശപ്പു കൊണ്ട്‌ കണ്ണീര്‍ വാര്‍ക്കുന്ന ആ കൊച്ചു കുട്ടിയാണ്‌, വേണ്ട, ആ സ്ഥലത്തിനു വേണ്ടി കോടതിയില്‍ പോകാന്‍ പോലും ഞാന്‍ ഒരുങ്ങില്ല... ആ സ്ഥലം എഴുതി തരാന്‍ മാത്രം നീ പറയരുത്‌...

മേനോന്‍ പൊട്ടിക്കരഞ്ഞു. അവന്റെ മുന്നില്‍ ഒരു മെഴുകുതിരി പോലെ ഉരുകിയോ...

ഹജ്ജ്‌ കഴിഞ്ഞ്‌ മടങ്ങിയെത്തിയപ്പോള്‍ ആദ്യം കേട്ട വാര്‍ത്ത അതായിരുന്നു, കൃഷ്ണകുമാരമേനോന്‍ ആത്മഹത്യ ചെയ്തിരിക്കുന്നു...

ഒരു നൂറു ചോദ്യമുണ്ടായിരുന്നു മനസ്സില്‍, ഒരു ചുഴലിക്കാറ്റായി...ആര്‌, ആ കൊലപാതകിയാര്‌...ചോദ്യങ്ങള്‍ നിറഞ്ഞ്‌ കുരുങ്ങി നെഞ്ച്‌ നിറഞ്ഞു.. മനസ്സ്‌ പൊള്ളിയടര്‍ന്നു. ശരീരമാകെ പൊട്ടിത്തെറിക്കുന്നതു പോലെ, ഒരു വീര്‍പ്പു വന്നു നിറഞ്ഞു മുറുകിയതു പോലെ നെഞ്ചിനകത്ത്‌ എന്തോ ഉരുണ്ടു വീര്‍ത്തത്‌ ഓര്‍മ്മയുണ്ട്‌.... പിന്നീടോര്‍മ്മ വരുമ്പോള്‍ ആശുപത്രിയുടെ ഇന്റന്‍സീവ്‌ കീയര്‍ യൂണിറ്റിലായിരുന്നു.

അവിടെ നിന്നങ്ങോട്ട്‌ എത്രകാലം... മക്കളൊഴുക്കിയ കാശ്‌, കൂടെ കൂടെ പിടി മുറുക്കുന്ന നെഞ്ച്‌, നീറിയെരിയുന്ന മനസ്സ്‌... കനലുകള്‍ പോലെ പൊള്ളിക്കുന്ന കണ്ണീര്‍...

ആരോടാണ്‌ മാപ്പിരക്കേണ്ടിയിരുന്നത്‌... കൃഷ്ണകുമാരമേനോന്റെ ഭാര്യയെയും മക്കളെയും കുറിച്ചന്വേഷിക്കാന്‍ പറഞ്ഞത്‌ കേള്‍ക്കാന്‍ മക്കള്‍ക്കൊന്നും സമയമുണ്ടായിരുന്നില്ല.അവരെവിടെയാണ്‌... എത്രയോ പറഞ്ഞതാണ്‌... അത്‌ കേട്ട ഭാവം പോലും പിന്നെയവര്‍ കാണിക്കാതായപ്പോള്‍ പിന്നീടാരെയും അന്വേഷിച്ചില്ല. മനസ്സില്‍ മരവിപ്പായിരുന്നു... ഇന്റന്‍സീവ്‌ കീയര്‍ യൂണിറ്റിലും പേവാര്‍ഡിലെ എ സി മുറിയിലുമായി മാറി മാറി പിന്നെയും എത്ര ദിനങ്ങള്‍... ഒടുവില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍...

" അസൈനാര്‍കുട്ടീ... നിന്റെ നീതിയെന്ത്‌ ?" ചുമലിനിരുവശവും നിന്ന്‌ അവര്‍ വീണ്ടും ചോദിക്കുന്നു.

അസൈനാര്‍കുട്ടി മനസ്സ്‌ കൊണ്ട്‌ കരയുകയായിരുന്നു. നീതി, സത്യം, ന്യായം... എല്ലാം അന്യമായിരുന്നു.

" അസൈനാര്‍കുട്ടീ, കൃഷ്ണകുമാരമേനോനോട്‌ നീ ചെയ്ത നീതിയെ കുറിച്ച്‌ പറയ്‌. " അവര്‍ വീണ്ടും...

സ്വന്തം മക്കള്‍ക്കു വേണ്ടിയുള്ള ജീവിതത്തിനിടയില്‍ മേനോനെയും മക്കളെയും കുറിച്ചോര്‍ത്തില്ല... പാപമാണ്‌ ചെയ്തത്‌, കൊടും പാപം... ആരും ഒരിക്കലും പൊറുക്കാത്ത പാപം... അല്ലാഹുവേ, നീ പോലും എനിക്ക്‌ മാപ്പ്‌ തരില്ലല്ലൊ...

ഞാന്‍ ചെയ്തത്‌ അനീതിയാണ്‌... കടുത്ത അനീതി... വഞ്ചനയുടെ വിഷമാണ്‌ ഞാന്‍ നല്‌കിയത്‌...

അസൈനാര്‍ കുട്ടിയുടെ മനസ്സ്‌ പിന്നെയും കരഞ്ഞു. ഇതിനു വേണ്ടിയാണല്ലൊ ഒരു ജീവിതം ജിവിച്ചു തീര്‍ത്തത്‌... ഈ കൊടും പാതകങ്ങള്‍ ചെയ്യുവാനായിരുന്നുവോ ഈ ജന്മം... എന്തിന്‌... എന്താണ്‌ നേടിയത്‌... പള്ളിപറമ്പിലെ ഈ ആറടി മണ്ണിനു വേണ്ടിയോ...

ഇപ്പോള്‍ മുകളില്‍ കൂടി കുറുക്കന്‍മാരും നരിച്ചീറുകളും ഓടി നടക്കുന്നുണ്ടായിരിക്കും, പാമ്പുകളും അട്ടകളും ഇഴയുന്നുണ്ടായിരിക്കും... പ്രാണവായു പോലെ കാറ്റു വീശുന്നുണ്ടാകും... ജീവിതങ്ങള്‍ പോലെ കരിയിലകള്‍ പറന്നു നടക്കുന്നുണ്ടാകും... എന്തൊക്കെ നേടാനാണ്‌ പറന്നത്‌, പക്ഷെ ഒരു കരിയില പോലുമാകാതെ ഈ മണ്ണിനടിയില്‍... അല്ലാഹുവേ, കൃഷ്ണകുമാരമേനോന്റെ മക്കള്‍, ഏതഴുകലിന്റെ ജീര്‍ണ്ണതയുമായായിരിക്കണം അവര്‍ പറന്നു നടക്കുന്നത്‌.....

" മതി അസൈനാര്‍കുട്ടീ, നിന്റെ വിലാപം ഞങ്ങള്‍ കേള്‍ക്കുന്നു, രാത്രി അവസാനിക്കുന്നു, ഞങ്ങള്‍ പോവുകയായി, ഇനിയും ഞങ്ങള്‍ വരും, ലോകാവസാനത്തിനു ശേഷം, മഹിഷറാമൈതാനത്തിലേക്ക്‌ നിന്നെ കൊണ്ടു പോകുന്നതിന്‌... അന്നവിടെ വച്ചുള്ള അവസാന വിചാരണയില്‍ നിന്റെ കണക്കുകള്‍ കൂട്ടി കിഴിക്കപ്പെടും... നിന്റെ അവസാന വിധി പറച്ചില്‍, അതു വരെ നീ ഉറങ്ങിക്കൊള്ളുക.. ഞങ്ങള്‍ വിട കൊള്ളട്ടെ, അസ്സലാമു അലൈക്കും..."

ആ മുഴക്കമുള്ള ശബ്ദം അവസാനിച്ചു. സലാം മടക്കുമ്പോഴേക്കും മണ്ണിനിടിയില്‍ അസൈനാര്‍കുട്ടി വീണ്ടും ഒന്നുമറിയാത്ത നിദ്രയിലേക്ക്‌ ആണ്ടു പോവുകയായിരുന്നു.... വഅലൈക്കുമസ്സലാം...

ഷമ്മി


-, അബുദാബി,



Your response will be e-Mailed to the poster.