റാന്തല്‍ വിളക്കുകള്‍

കോടമഞ്ഞ്‌ അന്തരീക്ഷമാകെ മൂടിക്കിടക്കുന്ന ശൈത്യകാലത്തിലെ ഒരു പ്രഭാതത്തില്‍ ലണ്ടന്‍ നഗരത്തിലെ നഗരവീചികളിലൂടെ മഞ്ഞകലര്‍ന്ന പച്ചനിറമുളള കാറില്‍ ഒരുപാട്‌ ലക്ഷ്യങ്ങളുമായി ക്രിസ്‌റ്റി ലണ്ടന്‍ വിമാനത്തിലേക്ക്‌ അടുത്തുകൊണ്ടിരുന്നു. കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമെല്ലാം പറന്ന്‌ നടക്കുന്ന ക്രിസ്‌റ്റിയുടെ പഠനകാലം. ഇന്റര്‍നെറ്റിന്റെ ചിലന്തിവലകള്‍ ക്രിസ്‌റ്റിയുടെ മനസിനെ അടക്കിപിടിച്ചു കൊണ്ടിരുന്നു. ഇന്റര്‍നെറ്റിലെ മാന്ത്രികലോകത്ത്‌ ക്രിസ്‌റ്റി മലയാളം എന്ന ഭാഷയെ പരിജയപ്പെടുന്നു. അവന്‌ കൗതുകമായി. മലയാളം എന്ന ഭാഷയെ കൂടുതലായി അറിയാന്‍ അവന്റെ മനസ്‌ വെമ്പല്‍ കൊണ്ടു. സൈബര്‍ യുഗത്തിന്റെ മാന്ത്രികതയില്‍ ലണ്ടന്‍ നഗരത്തിന്റെ നഗരതീരങ്ങളില്‍ വച്ച്‌ ക്രിസ്‌റ്റി മലയാള ഭാഷ പഠിച്ചു. മലയാള ഭാഷ അവന്റെ മനസിനെ വല്ലാതെ ആകര്‍ഷിച്ചു. മലയാളത്തെക്കുറിച്ചറിയാന്‍ അവന്റെ മനസ്‌ വെമ്പല്‍ കൊണ്ടു. കടലിനക്കരെ ഏതോ ഒരു വന്‍കരയില്‍ ഏതോ ഒരു രാജ്യത്തിന്റെ തെക്കേ അറ്റത്ത്‌ സ്ഥിതി ചെയ്യുന്ന കേരളത്തെ അവനറിഞ്ഞു. ഇന്റര്‍നെറ്റിന്റെ മന്ത്രികജാലകങ്ങളിലൂടെ അവന്‍ കേരളത്തെ കണ്ടു. നിറയെ കേരവൃക്ഷങ്ങള്‍ നിറഞ്ഞാടുന്ന സുന്ദരമായ കേരളം. പച്ചപ്പ്‌ നിറഞ്ഞ്‌ തുളുമ്പി നില്‍ക്കുന്ന നെല്‍വയലുകളും വരണ്ടുണങ്ങിയ പാടങ്ങളുടെ നടുവില്‍ വൈക്കോല്‍കൊണ്ട്‌ നിര്‍മ്മിച്ച കര്‍ഷക കുടിലുകളുമെല്ലാം അവനെ വല്ലാതെ ആകര്‍ഷിച്ചു. അങ്ങനെ മലയാളത്തിന്റെ മാന്ത്രികലോകത്തു കൂടി യാത്ര ചെയ്യാന്‍ ക്രിസ്‌റ്റി കേരളത്തിലേക്ക്‌ തിരിക്കുന്നു. കുറച്ച്‌ നാളത്തേക്ക്‌ ക്രിസ്‌റ്റി ലണ്ടന്‍ നഗരതീരങ്ങളോട്‌ യാത്ര പറഞ്ഞു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കറുത്തനിറമുളള ഹൈവേയിലൂടെ വിമാനം അരിച്ചിറങ്ങിയപ്പോള്‍ ക്രിസ്‌റ്റി എന്തിനൊക്കെയോ വേണ്ടി വെമ്പല്‍ കൊണ്ടു. അങ്ങകലെ രാജ്യങ്ങള്‍ അപ്പുറത്ത്‌ ലണ്ടന്‍ നഗരിയില്‍ ഇരുന്ന്‌ താന്‍ ഇത്രയും നാള്‍ കണ്ട സ്വപ്‌നദേശത്ത്‌ ഇപ്പോഴിതാ എത്തിയിരിക്കുന്നു. ലണ്ടനിലെ കോടമഞ്ഞ്‌ ഇവിടെ ക്രിസ്‌റ്റിയെ തേടിയെത്തിയില്ല. ശരീരത്തിന്റെ അര്‍ദ്ധഭാഗങ്ങളെല്ലാം വെളിയില്‍ കാണിച്ച്‌ സ്വര്‍ണത്തലമുടിയുമായി നഗരവീചികളിലൂടെ നടക്കുന്ന സ്‌ത്രീകളേയും ക്രിസ്‌റ്റിക്ക്‌ ഇവിടെ കാണാന്‍ കഴിഞ്ഞില്ല. കേരളത്തിലെ ജനുവരിയിലെ കാറ്റിന്‌ എന്തോ ഒരു വശീകരണസുഗന്ധമുളളതുപോലെ ക്രിസ്‌റ്റിക്ക്‌ തോന്നി.

കേരളത്തിന്റെ ആത്മാവുറങ്ങുന്ന ഗ്രാമങ്ങള്‍ തേടി ക്രിസ്‌റ്റി സഞ്ചരിച്ചു. ഏക്കറ്‌ കണക്കിന്‌ വിസ്‌തൃതിയുളള നെല്‍പാടങ്ങളുടെ നടുവില്‍ വെട്ടിയുണ്ടാക്കിയ മണ്‍പാതയിലൂടെ നടന്നുനീങ്ങിയപ്പോള്‍ തന്റെ സ്വപ്‌നങ്ങള്‍ പൂവണിയും പോലെ ക്രിസ്‌റ്റിക്ക്‌ തോന്നി. കൊയ്‌ത്തു കഴിഞ്ഞ ഒരുപാടത്തിന്റെ കരയില്‍ കര്‍ഷകര്‍ കെട്ടിയുണ്ടാക്കിയ വൈക്കോല്‍ കുടിലില്‍ ക്രിസ്‌റ്റി തന്റെ സ്വപ്‌നദേശത്ത്‌ ആദ്യത്തെ രാത്രി ഉറങ്ങാന്‍ കിടന്നു. ഒരുപാട്‌ കുടിലുകള്‍ ചുറ്റുമുണ്ട്‌. എല്ലാ കുടിലുകളിലും റാന്തല്‍വിളക്കിന്റെ പ്രകാശം മങ്ങിയ നിലയില്‍ പാറി നടക്കുന്നു. ക്രിസ്‌റ്റി ഉറങ്ങാതെഴുന്നേറ്റു. അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും അകലെ കത്തിനില്‍ക്കുന്ന റാന്തല്‍വിളക്കുളള ഒരു കുടിലിലേക്ക്‌ ക്രിസ്‌റ്റിയുടെ കണ്ണ്‌ പതിഞ്ഞു. പുലയന്റെയും പുലയച്ചിയുടെയും അടക്കി പിടിച്ചുചിരി അവന്‍ കേട്ടു. പകലത്തെ ചൂടില്‍ പണിയെടുക്കുന്ന പുലയന്റെ രാത്രി പുലയച്ചി ആശ്വസിപ്പിക്കുകയാണ്‌. ക്രിസ്‌റ്റി മനസില്‍ ഒന്നുചിരിച്ചു. അറിയാതെ അവന്റെ മനസ്‌ ലണ്ടന്‍ നഗരത്തിലേക്ക്‌ സഞ്ചരിച്ചു. രാത്രി ബാറുകളില്‍ കുടിച്ച്‌ കൂത്താടുന്ന ഇംഗ്ലീഷുകാരേക്കാള്‍ എത്രയോ രസമാണ്‌ ഈ പുലയന്റെയും പുലയച്ചിയുടെയും രാത്രികള്‍. പാടവരമ്പത്തുകൂടി ക്രിസ്‌റ്റി നടക്കാന്‍ തുടങ്ങി. കുളിരുളള തണുത്ത കാറ്റ്‌ വീശുന്നുണ്ട്‌. നിലാവിന്‌ എന്തോ പ്രത്യേക സൗന്ദര്യമുളളതുപോലെ അവന്‌ തോന്നി. ലണ്ടനില്‍ മാര്‍ബിളിട്ട തടാകങ്ങളുടെ തീരങ്ങളില്‍ വൈന്‍ കുടിച്ച്‌ കിടക്കുമ്പോള്‍ കാണുന്ന നിലാവിനേക്കാള്‍ എത്രയോ സുന്ദരമാണ്‌ ഈ നിലാവ്‌. അകലെനിന്നും താരാട്ടിന്റേയും നൊമ്പരത്തിന്റേയും മധുരശബ്‌ദങ്ങള്‍ അന്തരീക്ഷത്തിലൂടെ ക്രിസ്‌റ്റിയുടെ ചെവിയിലേക്ക്‌ ഒഴുകിയെത്തി. അവന്‌ കിട്ടാത്ത മാതൃസ്‌നേഹം ഒരുപക്ഷെ അവനപ്പോള്‍ അനുഭവിച്ചു. നിലാവിലൂടെ വവ്വാല്‍കൂട്ടങ്ങള്‍ പാറിപ്പോയപ്പോള്‍ ക്രിസ്‌റ്റി അത്ഭുതത്തോടെ നോക്കിനിന്നു. സ്വപ്‌നദേശത്തിന്റെ രാത്രി സൗന്ദര്യത്തില്‍ ക്രിസ്‌റ്റി അലിഞ്ഞില്ലാതാവുകയായിരുന്നു. പാടത്തിനരികിലുളള തോട്ടിലെ വെളളമെല്ലാം വറ്റി. ഒരുചാണ്‍ വെളളമേയുളളൂ. പരല്‍മീനുകള്‍ രാത്രിയായിട്ടും വെളളത്തിലൂടെ ഒഴുകിനടക്കുന്നുണ്ടായിരുന്നു. പെട്ടെന്ന്‌ അകലെ ഒരുപാട്ട്‌ കേട്ടു. കേരളത്തിന്റെ കൃഷിയും സംസ്‌കാരവും എല്ലാം അടങ്ങുന്ന ഒരു നാടന്‍പാട്ട്‌. ഒരുപക്ഷെ ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട പാണന്റെ പാട്ട്‌ ഇതായിരിക്കണം. ക്രിസ്‌റ്റി ആ പാട്ടിന്റെ ഉറവിടം തേടി പാടത്തുകൂടി നടന്നു നീങ്ങി.

പാടത്തിന്റെ നടുവില്‍ ഉണങ്ങിനില്‍ക്കുന്ന ഒരു മരത്തിന്റെ ഒടിയാറായ ഒരു ചില്ലയിലിരുന്ന്‌ പാണന്‍ പാടുന്നു. കീറിയ ഒരു അരമുണ്ടും തലയില്‍ ഒരു പാളത്തൊപ്പിയുമായിരുന്നു പാണന്റെ വേഷം. മേലാകെ കറുത്തിരിക്കുന്നു. തന്റെ ജീവിതത്തിലെ നൊമ്പരങ്ങള്‍ പാട്ടിലുടെ പാടി ആ ഗ്രാമത്തെ ഉറക്കുന്ന പാണനെ കുറിച്ചോര്‍ത്തപ്പോള്‍ ക്രിസ്‌റ്റിക്ക്‌ അത്ഭുതമായി. ക്രിസ്‌റ്റിയെ കണ്ടപാടെ പാണന്‍ ശിഖരത്തില്‍ നിന്ന്‌ ചാടിയിറങ്ങി പാടവരമ്പത്തുകൂടെ നടന്നു നീങ്ങാന്‍ തുടങ്ങി. പാണന്റെ കണ്ണില്‍നിന്നും കണ്ണുനീര്‍ ഒഴുകുന്നത്‌ ക്രിസ്‌റ്റി കണ്ടു. തെങ്ങിന്‍തോപ്പും തോടും കടന്ന്‌ അകലെ മറയുന്ന പാണന്റെ രൂപം ക്രിസ്‌റ്റി നിലാവില്‍ ഒരുപാട്‌ നേരം നോക്കിനിന്നു. മലയാളമണ്ണിന്റെ മാന്ത്രിക സൗന്ദര്യത്തിലും ആചാരങ്ങളിലും സൗന്ദര്യത്തിലുമെല്ലാം ക്രിസ്‌റ്റി അലിഞ്ഞില്ലാതാവുന്നതുപോലെ തോന്നി. പാണന്റെ വ്യക്തിത്വം ഒരു അത്ഭുതമായി തോന്നി ക്രിസ്‌റ്റിക്ക്‌. നേരം നീങ്ങിക്കൊണ്ടിരുന്നു. ഒന്നുരണ്ടു കുടിലുകളില്‍ കര്‍ഷകര്‍ ഉണരാന്‍ തുടങ്ങി. റാന്തല്‍വിളക്കുകള്‍ ഒന്നൊന്നായി ചിരിക്കാന്‍ തുടങ്ങി. കിഴക്ക്‌ കിളികളുടെ കളകളാരവം മുഴുങ്ങിക്കൊണ്ടിരുന്നു. വീണ്ടും ഒരു പ്രഭാതം കൂടി ആ സ്വപ്‌നദേശത്തെ തേടിയെത്തി. ജനുവരിയിലെ തണുപ്പില്‍ ക്രിസ്‌റ്റിയുടെ കൈകളിലേക്ക്‌ മഞ്ഞ്‌ പൊഴിയാന്‍ തുടങ്ങി. ഒരു അത്ഭുതരാത്രിപോലെ തോന്നി ക്രിസ്‌റ്റിക്ക്‌ ആ നിമിഷങ്ങള്‍.

അന്ന്‌ രാവിലെ ആ ഗ്രാമത്തിന്റെ ഒരു മൂലയില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരു പാഠശാലയിലേക്ക്‌ ക്രിസ്‌റ്റി അടുത്തുകൊണ്ടിരുന്നു. മുളങ്കോലുകൊണ്ട്‌ കെട്ടിയുണ്ടാക്കിയ വേലിയും കടന്ന്‌ ആ ഗ്രാമീണ പാഠശാലയിലേക്ക്‌ ക്രിസ്‌റ്റി കയറിയപ്പോള്‍ അത്ഭുതമായി തോന്നി ക്രിസ്‌റ്റിക്ക്‌. മാര്‍ബിള്‍ പതിച്ച മതില്‍കെട്ടുകളുളള ലണ്ടനിലെ കോളേജ്‌ ക്യാംപസിനേക്കാള്‍ എത്രയോ വ്യത്യസ്‌തം.

മലയാളം ക്ലാസില്‍ ക്രിസ്‌റ്റി ഒരു സ്വപ്‌നലോകത്തെന്നപോലെ ഇരുന്നു. ജനുവരിയാണെങ്കിലും പതിവില്ലാതെ മഴപെയ്യാന്‍ തുടങ്ങിയിരുന്നു. ക്ലാസിന്റെ പിറകിലുളള വാഴത്തോപ്പിലെ വാഴയിലകളിലേക്ക്‌ മഴവെളളം വീഴുന്നത്‌ ക്രിസ്‌റ്റി അത്ഭുതത്തോടെ നോക്കിനിന്നു. ക്ലാസിലെ ജാലകങ്ങള്‍ക്കിടയിലൂടെ നോക്കിയാല്‍ അകലെ നെല്‍വയലുകളില്‍ മഴപെയ്യുന്നത്‌ ക്രിസ്‌റ്റിക്ക്‌ നല്ലവണ്ണം കാണാമായിരുന്നു. പാടത്തിനുമുകളില്‍ കെട്ടി നില്‍ക്കുന്ന മഞ്ഞ്‌ കണ്ടപ്പോള്‍ ക്രിസ്‌റ്റിക്ക്‌‌ ലണ്ടനിലെ ഗ്രീന്‍ പാര്‍ക്കുകളെ ഓര്‍മ്മവന്നു. ഇടുങ്ങിയ പൈന്‍മരങ്ങള്‍ക്കിടയിലൂടെ ഒഴുകിനടക്കുന്ന മഞ്ഞിനെ ക്രിസ്‌റ്റി അറിയാതെ ഓര്‍ത്തുപോയി.

ക്ലാസ്‌റൂമിന്റെ വിണ്ടുകീറിയ മതില്‍കെട്ടിനുളളിലൂടെ മഴവെളളം മലയാള പുസ്‌തകത്തിന്റെ പുറംതാളിലേക്ക്‌ വീണപ്പോള്‍ ക്രിസ്‌റ്റി തരിച്ച്‌ പോയി. ക്രിസ്‌റ്റി തൂവാലകൊണ്ട്‌ ആ വെളളം തുടച്ചു നീക്കി. അതിനിടയില്‍ രണ്ട്‌ കണ്ണുകള്‍ ക്രിസ്‌റ്റിയെ തേടിയെത്തി. പെണ്‍കുട്ടികളുടെ ഇടയില്‍നിന്നും മഞ്ഞപ്പട്ടു പാവാടയിട്ട ഒരു സുന്ദരിയുടേതാണ്‌ ആ കണ്ണുകളെന്ന് ക്രിസ്‌റ്റിക്ക്‌ മനസിലായി. ക്രിസ്‌റ്റി നോക്കിയപ്പോള്‍ ആ കണ്ണുകള്‍ പിന്‍വലിഞ്ഞു. കസവിന്റെ കരയുളള മുണ്ടുടുത്ത്‌ ക്ലാസെടുക്കുന്ന മലയാളം മാഷിനെ ക്രിസ്‌റ്റി അത്ഭുതത്തോടെ നോക്കിനിന്നു. പേരു വിളിച്ചപ്പോള്‍ തന്നെത്തേടിയെത്തിയത്‌ അമ്മുക്കുട്ടിയുടെ കണ്ണുകളാണെന്ന്‌ ക്രിസ്‌റ്റിക്ക്‌ മനസിലായി.

ക്ലാസ്‌ കഴിഞ്ഞ്‌ ജനുവരിയിലെ തണുത്ത സായാഹ്‌നത്തില്‍ ക്രിസ്‌റ്റി പാടത്തുകൂടി നടന്നുനീങ്ങി. രാത്രിയായപ്പോള്‍ രണ്ട്‌ കണ്ണുകള്‍ വീണ്ടും ക്രിസ്‌റ്റിയെ നോക്കുന്നത്‌ ക്രിസ്‌റ്റി കണ്ടു. അങ്ങനെ സ്വപ്‌നദേശമായ മലയാളമണ്ണ്‌ അമ്മുക്കുട്ടിയെ ക്രിസ്‌റ്റിക്ക്‌ ഒരു സമ്മാനമായി കൊടുത്തു. ഓരോ പ്രഭാതങ്ങളിലും സായന്തനങ്ങളിലും അമ്മുക്കുട്ടി ഒരു നിഴലായി ക്രിസ്‌റ്റിയെ പിന്തുടര്‍ന്നു. അവര്‍ക്കിടയില്‍ സ്‌നേഹത്തിന്റെ ഒരുപാട്‌ പനിനീര്‍പ്പൂക്കള്‍ വിരിഞ്ഞുകൊണ്ടിരുന്നു. മലയാളത്തിന്റെ മാന്ത്രികലോകത്ത്‌ ക്രിസ്‌റ്റി ഒരുപാട്‌ നാള്‍ പാറിനടന്നു. അങ്ങനെ കര്‍ക്കിടകം തകര്‍ത്തുപെയ്യുന്ന ഒരു രാത്രി ലണ്ടന്‍ നഗരം വീണ്ടും ക്രിസ്‌റ്റിയെ തിരിച്ചുവിളിച്ചു. പഠനത്തിനുശേഷം ക്രിസ്‌റ്റി തന്റെ സ്വപ്‌നദേശത്തോട്‌ യാത്രയാവാനൊരുങ്ങി. അവസാനമായി ക്രിസ്‌റ്റി ആ പാഠശാലയേയും വൈക്കോല്‍ കുടിലിനേയും കണ്ണീരോടെ ഒന്നു നോക്കി. നെല്‍വയലുകള്‍ വെളളത്താല്‍ മൂടപ്പെട്ടു കിടക്കുന്നു. തോടും പാടവുമൊന്നും വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ല. ഗ്രാമത്തിലെ കുസൃതിക്കുട്ടികള്‍ തോര്‍ത്ത്‌ മുണ്ടുടുത്തും അല്ലാതെയും വെളളപ്പൊക്കത്തില്‍ നീന്തിക്കളിക്കുകയാണ്‌. വാഴത്തടകൊണ്ടുളള ചങ്ങാടത്തില്‍ കുട്ടികള്‍ പാടത്തിനക്കരേക്ക്‌ തുഴഞ്ഞ്‌ തുഴഞ്ഞ്‌ പോയിക്കൊണ്ടിരിക്കുന്നു. എല്ലാം ഒരു മധുരസ്വപ്‌നം പോലെ തോന്നുന്നു. ക്രിസ്‌റ്റി പോവാനൊരുങ്ങിയപ്പോള്‍ അമ്മുക്കുട്ടി അവന്റെയരികിലേക്ക്‌ ഓടിയെത്തി. അവള്‍ വിതുമ്പുന്നുണ്ടായിരുന്നു. "ഇനിയെന്നാ വരിക" ഇടറിയ ശബ്‌ദത്തോടെ അവള്‍ ചോദിച്ചു. 'അറിയില്ല' ക്രിസ്‌റ്റി നൊമ്പരത്തോടെ പറഞ്ഞു. അവരുടെ ഇടയില്‍ കുറെനേര്‍ം നൊമ്പരം തളം കെട്ടിനിന്നു. ഇനിയൊരിക്കലും ഈ ജന്മം കണ്ടുമുട്ടില്ലെന്ന്‌ അവര്‍ക്കറിയാമായിരുന്നു.

ഇത്രയും നാള്‍ ഒരു സ്വര്‍ഗത്തിലെന്നപോലെ താന്‍ ജീവിച്ച സ്വപ്‌നദേശവും വെടിഞ്ഞ്‌ ക്രിസ്‌റ്റി നടന്നകന്നുകൊണ്ടിരുന്നു. അകന്നകന്ന്‌ പോകുന്തോറും ക്രിസ്‌റ്റി തിരിഞ്ഞുനോക്കി. ആ വെളളത്താല്‍ മൂടപ്പെട്ടു കിടക്കുന്ന നെല്‍വയലുകളും പാഠശാലയും പാണനും കുറെ നൊമ്പരത്തിന്റെ സവൃതിമന്ദിരങ്ങള്‍പോലെ നില്‍ക്കുന്നു. ഒപ്പം ഒരു സ്വപ്‌നത്തിലെന്നപോലെ അമ്മുക്കുട്ടിയും തേങ്ങുന്നുണ്ടായിരുന്നു.

തകര്‍ത്തുപെയ്യുന്ന കര്‍ക്കിടക പേമാരിയില്‍ ക്രിസ്‌റ്റി ആകാശത്തിന്റെ അനന്തതയിലേക്ക്‌ പറന്നകന്നു. പൈന്‍മരങ്ങള്‍ കാവല്‍ നില്‍ക്കുന്ന തന്റെ ലണ്ടന്‍ നഗരവും തേടി. അമ്മുക്കുട്ടിയും പാണനും മലയാളമണ്ണുമെല്ലാം ക്രിസ്‌റ്റിയുടെ ഓര്‍മ്മയിലെ നല്ല നാളുകളായി അവശേഷിക്കുന്നു.

ഷഫീക്‌ കെ.എ.


-, ആലുവ,



Your response will be e-Mailed to the poster.