വില്പന

അതെഃ അതൊരു വിചിത്രമായ സ്വപ്നം തന്നെയായിരുന്നു.

തീന്‍ മുറിയില്‍ ഞാനും അപ്പനും മാത്രമെ ഉണ്ടായിരുന്നുള്ളൂ‍. ഇരുട്ട് ഞങ്ങള്‍ക്കിടയില്‍ ഒരു തിരശ്ശീലപോലെ വീണുകിടന്നു. തീന്‍ മേശയ്ക്കപ്പുറം ഇപ്പുറവും പര്‍സ്പരം കാണാകെ, ഒന്നും മിണ്ടാതെ ഞങ്ങള്‍ ഒരുപാടു നേരമിരുന്നു. മേശമേല്‍ പുളിപ്പില്ലാത്ത അപ്പവും വീഞ്ഞുനിരന്നിരുന്നു, ചില്ലു ഗ്ലാസ്സില്‍ വീഞ്ഞ് നുരഞ്ഞുപൊന്തുന്നത് ഞാനറിഞ്ഞു. പുളിപ്പില്ലാത്ത അപ്പത്തിന്റെ മണം തീന്‍ മുറിയില്‍ നിറഞ്ഞു. എനിക്ക് ധൃതിയായി. പക്ഷേ അപ്പന്‍ മുന്‍ കൈ എടുത്തില്ല. മൌനം പൊട്ടിയ ചില്ലുഗ്ലാസ്സു പോലെ ഞങ്ങളെ കുത്തി നോവിച്ചുകൊണ്ടിരുന്നു.

നിരത്തിലൂടെ വല്ലപ്പോഴും കടന്നുപൊകുന്ന വാഹനങ്ങളുടെ മഞ്ഞച്ച വെളിച്ചം നിഴലുകളിളക്കി സ്ഫടികപാത്രങ്ങളില്‍ത്തട്ടിതിളങ്ങി. അതിന്റെ
ഇത്തിരി മാത്രയില്‍ അപ്പന്റെ മുഖത്തെ സ്തോഭം വിവേചിച്ചെടുക്കുവാന്‍ ഞാന്‍ ശ്രമിച്ചു, പക്ഷേ, അത് പ്രായോഗികമായിരുന്നില്ല. അപ്പോള്‍ അപ്പന്‍ ദീര്‍ഘമായി ശ്വസിച്ചു. വീട് അതിന്റെ അസ്തിവാരത്തില്‍ ഇളകുന്നതുപോലെ എനിക്ക് തോന്നി. ആ നിമിഷത്തില്‍ ഞാന്‍ അപ്പനെ ഭയക്കാന്‍ തുടങ്ങി. ഞാന്‍ തീപ്പെട്ടി തപ്പിയെടുത്തു.

വേണ്ട അന്നേരം അപ്പന്‍ പറഞ്ഞു.
പക്ഷേ, അത് കേട്ടതായി ഭാവിക്കാതെ ഞാന്‍ മെഴുകുതിരി കത്തിച്ചു. അതൈന്റെ ഇളകുന്ന വെളിച്ചം ചുവരില്‍ അപ്പന്റെയും എന്റെയും നീളന്‍ നിഴലുകളേ അടുപ്പിച്ചു. ഞാന്‍ സംഭ്രമത്തോടെ അപ്പന്റെ മുഖത്തേക്ക് പാളി നോക്കി. ആ നിമിഷം ചില്ലു ജാലകത്തിലൂടെ കാറ്റിന്റെ ഒരു ചീള് തെറിച്ചു വീണ് മെഴുകുതിരി ഊതിക്കെടുത്തി. പുറത്ത് ഒരു മിന്നല്‍ പാളി. ഭൂമി കുലുങ്ങുമാറ് ഇടിവെട്ടി.

എന്റെ ഹൃദയം വിറ പൂണ്ടു. ആലംബത്തിനായി ഞാന്‍ കൈ നീട്ടി. ജര വീണ, അപ്പന്റെ കയ്യില്‍ ഞാന്‍ തൊട്ടു.മാംസം കയ്യില്‍ നിന്ന് അടര്‍ന്നതിനാല്‍ ഞാന്‍ അപ്പന്റെ എല്ലിലാണ് സ്പര്‍ശിച്ചത്. അപ്പോള്‍ അപ്പന്‍ ഒരു ഗ്ലാസ്സ് വീഞ്ഞ് എന്നരികിലേക്ക് നീക്കി വച്ചു.

ഇതെന്റെ രക്തമാണ്........നീയത് പാനം ചെയ്തുകൊള്‍ക. അപ്പന്‍ പറഞ്ഞു പിന്നെ ഒരു കഷ്ണം പുളിപ്പില്ലാത്ത അപ്പം എനിക്ക് നല്‍കി അപ്പന്‍ തുടര്‍ന്നു.

ഇതെന്റെ മാംസം ഭക്ഷിച്ചു കൊള്‍ക

വക്കുകളുടെ ഉറവിടമേതെന്നറിയാതെ ഞാന്‍ ഇരുട്ടിലേക്ക് പകച്ചു നോക്കി. ഇരുട്ടില്‍ ഒരുപാട് അപ്പന്മാര്‍ നിരന്നിരുന്ന് വിചാരണ ചെയ്യുന്നതുപോലെ എനിക്ക് തോന്നി.
കുടിക്കെടാ - അപ്പന്‍ എന്നെ ശാസിച്ചു.

ഇരുട്ടില്‍ത്തപ്പി പാനപാത്രമെടുത്ത് ഞാന്‍ ചുണ്ടോടടുപ്പിച്ചു. അത് അപ്പന്റെ രക്തമായിരുന്നു,. പുളിപ്പില്ലാത്ത് ഒരു കഷ്ണം അപ്പം ഞാന്‍ നാവില്‍ വച്ചു. അത് അപ്പന്റെ മാംസം തന്നെയായിരുന്നു.

അപ്പോള്‍ അപ്പന്‍ ഉറക്കെ ചിരിക്കാന്‍ തുടങ്ങി. ഒരു ഗുഹയിലെന്നവണ്ണം അവ മുറിയില്‍ ചിറകടിച്ചാര്‍ത്തു. ഞാന്‍ പേടിയോടെ അപ്പാ എന്നു വിളിച്ചതും അപ്പന്‍ കൈവീശി എന്നെ ആഞ്ഞടിച്ചു. എന്റെ തലച്ചോറാകെ ഇളകി മറിഞ്ഞു. നിലയില്ലാക്കയത്തില്‍ പ്പെട്ടപോലെ ഞാന്‍ നിന്നാടി. പിന്നെ, മുഖം കുത്തി നിലത്തു വീണു.

പുറത്തു പെയ്യുന്ന മഴയിലേക്ക് ഇരുട്ടുലൂടെ തുഴഞ്ഞ് കുടയില്ലാതെ അപ്പന്‍ പോയി.
പാതിയില്‍ ഉറക്കം ഞെട്ടി ഞാന്‍ കിടന്ന് കിതച്ചു. അപ്പന്റെ വാക്കുകള്‍ അപ്പോഴും എന്റെയുള്ളില്‍ പിടഞ്ഞുകൊണ്ടിരുന്നു. യൂദാസിന്റെ മുഖവും ഭാവവും. ഞാന്‍ എന്നെ സംശയിച്ചു തുടങ്ങി.

അപ്പന്‍ കിടക്കുന്ന കട്ടിലിനുതാ‍ഴെ വെരും നിലത്ത് ഷീറ്റു വിരിച്ചാണ് ഞാന്‍ കിടന്നിരുന്നത്. ആശുപത്രി വരാന്തയില്‍ മങ്ങിക്കത്തുന്ന ട്യൂബ് ലൈറ്റിന്റെ വിളര്‍ത്തവെളിച്ചം നിഴലുമായി കൂടിച്ചേര്‍ന്ന് മുറിയില്‍ വിണുകിടന്നു. അപ്പുറത്തെ വാര്‍ഡില്‍ നിന്ന് ഇടയ്ക്കിടെ ഉയരുന്ന വൃദ്ധന്റെ ചുമയൊഴിച്ചാല്‍ ആശുപത്രി പൊതുവെ നിശ്ശബ്ദമായിരുന്നു. ഫാന്‍ മന്ദഗതിയില്‍ കറങ്ങിക്കിണ്ടിരുന്നു.

ഞാന്‍ വാച്ചിലേയ്ക്ക് നോക്കി പുലരാന്‍ അധികനേരം ഉണ്ടായിരുന്നില്ല.
അപ്പന്‍ ഇവിടെ വന്നതില്‍ പിന്നെ ആറു ദിവസം തികയുന്നു.

ഞാന്‍ എഴുന്നേറ്റ് അപ്പനരികില്‍ ഇരുന്നു... എന്റെ മനസ്സാകെ വിങ്ങുന്നുണ്ടായിരുന്നു, കുറ്റബോധത്തോടെ ഞാന്‍ അപ്പന്റെ വിളര്‍ത്ത മുഖത്തേക്ക് നോക്കി. അപ്പന്‍ ഉറക്കത്തിന്റെ താഴ്ചകളിലേക്ക് പടവുകളിറങ്ങി. പുതപ്പു നീങ്ങി അപ്പന്റെ ശോഷിച്ച നെഞ്ചികൂട് കാണാമായിരുന്നു. അവയില്‍ വളര്‍ന്നു നില്ക്കുന്ന രോമങ്ങളുടെ വെളുത്ത സമൃദ്ധിയിലെവിടെയോ നെടുനീളത്തില്‍ ഒരു മുറിക്കല ഒളിച്ചുകിടന്നു. അപ്പന്റെ മേല്‍ചുണ്ട് അല്പം പിളര്‍ന്നിരുന്നു, ഇതെന്റെ രക്തമാണ്. പാനം ചെയ്തു കൊള്‍ക എന്ന് അത് മന്ത്രിക്കുന്നതുപോലെ എനിക്ക് തോന്നി. എനിക്ക് പേടിയായി. അപ്പന്റെ നെഞ്ചില്‍കൂട്ടില്‍ പ്പിടയുന്ന വെള്ളരിപ്പിറാവുകളെ ഞാന്‍ പുതപ്പിച്ചു. എപ്പോള്‍ വേണമെങ്കിലും നിലച്ചേക്കാം ചികിത്സകൊണ്ട് വലിയ കാര്യമില്ല എന്ന് ഡോക്ടര്‍ മുന്നറിയിപ്പുതന്ന ആ ഹൃദയത്തെ തൊട്ടതുപോലെ എനിക്കപ്പോള്‍ തോന്നി. വെളുത്ത വസ്ത്രങ്ങള്‍ മാത്രം ധരിക്കുന്ന ഡോക്ടര്‍ ഗബ്രിയേലിനെ ഞാന്‍പ്പോള്‍ ഓര്‍ത്തു. ആ ഓര്‍മ്മയുടെ ചവര്‍പ്പില്‍ ഞാന്‍ പിടഞ്ഞു.

ഇന്നലെ ഗബ്രിയേലിനൊപ്പമാണ്. അയാള്‍ വന്നത്. അപ്പന്റെ ജീവന്‍ ഒരു തുലാസിലെന്നപോലെ ആടിക്കൊണ്ടിരുന്നപ്പോള്‍ അപ്പന്റെ ചികിത്സായെപ്പറ്റി എന്തെങ്കിലും പറയാനിയിരിക്കും ഡോക്ടറുടെ ഈ വരവ് എന്നാണ് ഞാന്‍ കരുതിയത്. അതിന്റെ ഒരു ബഹുമാനം എന്റെ ചലനങ്ങളില്‍പ്പോലും ഉണ്ടായിരുന്നു. അപ്പനെ ഒന്ന് ഓടിച്ചുനോക്കി ഡോക്ടര്‍ എന്നെനോക്കി ചിരിച്ചു.

മരുന്നുകള്‍ കൊണ്ട് കാര്യമൊന്നുമില്ല. ഡോക്ടര്‍ കൂടെ വന്ന ആളുടെ നേരെ തിരിഞ്ഞു മരുന്നൊന്നും ഏശുന്നില്ല.
ഡോക്ടറുടെ നേരെ തലകുലുക്കി അയാള്‍ അത് സമ്മതിച്ചു.
മിസ്റ്റര്‍ ജോസഫ്..........ഡോക്ടര്‍ എന്നെ നോക്കി. ക്ഷമിക്കണം ഞാന്‍ പരിചയപ്പെടുത്താന്‍ മറന്നു. ഇത് മിസ്റ്റര്‍ ആല്‍ വിന്‍ ആന്റണി ശവക്കച്ചവടക്കാരന്‍.
ശവപ്പെട്ടിക്കച്ചവടക്കരന്‍ എന്നത് തെറ്റി ഉച്ചരിച്ചതാകാം ഡോക്ടര്‍ എന്നു കരുതി ഞാന്‍ ഒരു നിമിഷം മിണ്ടാതെ നിന്നു. മരണത്തിന്റെ കാലൊച്ചകള്‍ക്കായി മാത്രം കാതോര്‍ത്തു കിടക്കുന്ന അപ്പന്റെ അരികിലേക്കുള്ള ഈ ശവപ്പെട്ടിക്കച്ചവടക്കരന്റെ വരവ്, അതും അപ്പനെ ചികിത്സിക്കുന്ന ഡോക്ടര്‍ മുഖേനയുള്ള വരവ് ഒരേ സമയം എന്നെ തളര്‍ത്തുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു.

ഞാന്‍ ......ഞാന്‍ .........എന്തു പറയണമെന്നറിയാതെ, എങ്ങനെ പ്രതികരിക്കണമെന്നറിയാതെ ഞാനങ്ങനെ നില്ക്കവെ
ആല്‍വിന്‍ആന്റണി മന്ദഹസിച്ച് എനിക്കുനേരെ കൈ നീട്ടി. എന്റെ കൈ അയാളുടെ കൈവള്ളയില്‍ ഞെ രിഞ്ഞമര്‍ന്നു. ഞാന്‍ പെട്ടെന്ന് കൈ പിന്‍ വലിച്ചു. മരിച്ച ഒരാളുടേതുപോലെ തണുത്തതായിരുന്നു. അയാളുടെ വിരലുകള്‍.

മിസ്റ്റര്‍ ജോസഫ്.......അപ്പോള്‍ ഡോക്ടര്‍ ഗബ്രിയേല്‍ പറഞ്ഞു തുടങ്ങി. ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുക. മുഴുവന്‍ കേട്ടുകഴിയുമ്പോള്‍ നിങ്ങള്‍ക്ക് ദേഷ്യം വരും, സങ്കടം വരും. ഞാനൊരു കൂട്ടിക്കൊടുപ്പുകാരനാണെന്ന് വരെ നിങ്ങള്‍ പറഞ്ഞെന്ന് വരും. പക്ഷേ, ആവശ്യം എന്റേതുമാത്രമല്ല, നിങ്ങളുടേതുമാണ്. വൈകാതെ നിങ്ങള്‍ക്കത് ബോധ്യപ്പെടും.

ഞാന്‍ ആകാംഷയോടെ ഡോക്ടറെ കേട്ടുകൊണ്ടിരുന്നു. ഡോക്ടര്‍ പറഞ്ഞു വരുന്നത് എന്തെന്ന് എനിക്ക് പിടികിട്ടിയിരുന്നില്ല. അതിന്റെ പരിഭ്രമം എന്നില്‍ നിറഞ്ഞു നിന്നു.

ഈ കിടക്കുന്ന ലോപ്പസ്, നിങ്ങളുടെ അപ്പന്‍........ഡോക്ടര്‍ അപ്പനിലേക്ക് മുഖം തിരിച്ചു. എത്രനാള്‍ ഇങ്ങനെ കിടക്കുമെന്ന് പറയാന്‍ കഴിയില്ല. ജീവന്റെ ഒരു ശേഷിപ്പ് മാത്രമേ ഈ ശരീരത്തിലുള്ളൂ. നിങ്ങള്‍ക്ക് വേണമെങ്കില്‍ വീട്ടിലേക്ക് കൊണ്ടുപോകാം. അല്ലെങ്കില്‍........

അല്ലെങ്കില്‍ ..........? ഞാന്‍ ചോദ്യഭാവത്തില്‍ ഡോക്ടറെ നോക്കി

ഞങ്ങളുടെ മെഡിക്കല്‍ കോളേജിന് അപ്പനെ വിട്ടുതരിക. ഡോക്ടര്‍ സാവധാനം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍.

എന്റെ മുഖഭാവം സൂക്ഷ്മമായി ശ്രദ്ധിച്ച് ഡോക്ടര്‍ തുടര്‍ന്നു. മെഡിക്കല്‍ കോളേജുകല്‍ കൂടിയപ്പോള്‍ ഡെഡ് ബോഡീസ് കിട്ടാത്ത അവസ്ഥ. ഉള്ളതാണെങ്കില്‍ തമിഴ് നാട്ടിലേക്കും കര്‍ണാടകയിലേക്കും പോകുന്നു ഇത്തരം അവസ്ഥയില്‍ നിങ്ങളെപ്പോലുള്ളവര്‍ക്കേ ഞങ്ങളെ സഹായിക്കാന്‍ പറ്റൂ. വെറുതേ വേണ്ട. ആശുപത്രിച്ചെലവുകള്‍ കഴിച്ച് ഇരുപതിനായിരം രൂപ തന്നേക്കാം.

ഒരു കച്ചവടം നടന്നുകഴിഞ്ഞെന്ന ചാരിതാര്‍ത്ഥ്യത്തോടെ മന്ദഹസിച്ച് ഡോക്ടര്‍, ആല്‍ വിന്‍ ആന്റണിയെ നോക്കി. അത് ശരിവയ്ക്കുന്ന ഭാവത്തില്‍ അയാള്‍ തലകുലുക്കി

പക്ഷേ...........ഇരുപതിനായിരം രൂപയുടെ പ്രലോഭനം എന്നില്‍ ഉണ്ടാക്കിയ ആശയക്കുഴപ്പം മറികടക്കാന്‍ വേണ്ടി ഞാന്‍ പെട്ടെന്ന് പറഞ്ഞു.
അപ്പന്‍ മരിച്ചിട്ടില്ലല്ലോ!
ഒരു തമാശ കേട്ടപോലെ ഡോക്ടര്‍ ഉറക്കെ ചിരിച്ചു. പിന്നെ എന്റെ തോളില്‍ കൈവച്ചു നോക്കൂ ജോസഫ് ...... മരിച്ച ഒരാലെ ജീവിപ്പിക്കാന്‍ മെഡിക്കല്‍ സയന്‍സിന് കഴിയില്ല. പക്ഷേ, ഒരാളെ കൊല്ലാന്‍ ദാ ഒരു ചെറിയ ഇഞ്ചക്ഷന്‍ ധാരാളം മതി. അത്
നിങ്ങള്‍ക്കുകൂടി പ്രയോജനപ്പെടുന്നതാണെങ്കില്‍ പ്രത്യേകിച്ചും

ഒരു വിറയല്‍ ഉള്ളിലൊളിപ്പിച്ച് ഞാന്‍ അപ്പനെ നോക്കി. മരണത്തിന്റെ മഹാനദിക്കരയില്‍ തനിച്ചായിരുന്നു. അപ്പന്‍.
പെട്ടെന്നൊരു തീരുമാനം എടുക്കണ്ട ആരെങ്കിലുമായി കൂടിയാലോചിക്കാനുണ്ടെങ്കില്‍ അങ്ങനെ. തിരിച്ചു നടക്കുമ്പോള്‍ ഡോക്ടര്‍ പറഞ്ഞു തീരുമാനം അനുകൂലമാണെങ്കില്‍ ദാ, ഈ നമ്പരില്‍ വിളിക്കുക.

ഡോക്ടര്‍ നല്കിയത് ആല്‍ വിന്‍ ആന്റണിയുടെ വിസിറ്റിംഗ് കാര്‍ഡായിരുന്നു. അവര്‍ വരാന്തയിലൂടെ നടന്നകലുന്നതും നോക്കി ഒരു തീരുമാനമെടുക്കാനാവാതെ ഞാന്‍ നിന്നു.

നേരം നല്ലപോലെ പുലര്‍ന്നിരുന്നു. സിസ്റ്റര്‍ പുതിയ ഗ്ലൂക്കോസ് ബോട്ടില്‍ ഡ്രിപ് സ്റ്റാന്റില്‍ തൂക്കിയിട്ട് പോയി. ഗ്ലൂക്കോസ് തുള്ളിതുള്ളിയായി അപ്പനിലേയ്ക്ക് ഇറങ്ങുന്നതും നോക്കി ഞാന്‍ കട്ടിലിനരികില്‍ ഇരുന്നു. ഞരമ്പുകള്‍ പിടയുന്ന, ജരവീണ അപ്പന്റെ കൈകള്‍ പുലര്‍കാലത്ത് കണ്ട സ്വപ്നത്തിലെ മാംസം അടര്‍ന്ന് എല്ലുകള്‍ ദൃശ്യമായ അപ്പന്റെ കൈകള്‍. അപ്പന്റെ ചൂണ്ടുവിരല്‍. അതില്‍ തുങ്ങി പാടവരമ്പിലൂടെ നടന്ന് പള്ളിപ്പെരുന്നാളിനുപോയ കുട്ടിക്കാലത്തിന്റെ ഓര്‍മ. തിരക്കില്‍ ആ വിരല്‍ വിട്ടു പോയപ്പോള്‍ പരിഭ്രമത്തോടെ ഉറക്കെക്കരഞ്ഞത്, ഇടിയും മഴയുമുള്ള തുലാവര്‍ഷരാത്രികളില്‍ അപ്പനെ കെട്ടിപ്പിടിച്ച് ഉറങ്ങിയത്, മഞ്ഞപ്പിത്തം പിടിച്ച് അമ്മ മരിച്ചുപോയപ്പോള്‍ നമുക്കിനി ആരുണ്ട് ജോസപ്പേ’ എന്ന പതം പറഞ്ഞ് അപ്പന്‍ ഉറക്കെ കരഞ്ഞത്, പിന്നെ സ്വപ്നയുടെ കയ്യും പിടിച്ച് പടികയറിവന്ന എന്നെ തലയില്‍ കൈവച്ച് അപ്പന്‍ അനുഗ്രഹിച്ചത്. ഓര്‍മ്മകള്‍ അങ്ങനെയാണ്. അവ ഒരിക്കലും അവസാനിക്കുന്നില്ല.

അപ്പന്റെ നെറ്റിയില്‍ ഞാന്‍ പതിയെ തലോടി. ആ ഒരു സുഖത്തില്‍ അപ്പന്‍ മേഘപാളികള്‍ക്കിടയിലൂടെ ഒഴുകിനീങ്ങുന്നതുപോലെ എനിക്ക് തോന്നി. ഉറക്കത്തില്‍ ചുണ്ടില്‍ നിന്ന് അപ്പന്റെ നരച്ച താടിയിലേക്ക് തുപ്പല്‍ ഒലിച്ചിറങ്ങിയിരുന്നു. ഞാനത് തുടച്ചുകളഞ്ഞു. പിന്നെ , അപ്പന്റെ അടഞ്ഞ കണ്ണുകള്‍ ഞാന്‍ തുറന്നു. ഒരു മനുഷ്യന്‍ നടന്നു തീര്‍ത്ത വഴിത്താരകള്‍ അവയില്‍ ഖനീഭവിച്ചു കിടക്കുന്നത് ഞാന്‍ കണ്ടു. ജോസപ്പേ, നമുക്കിനി ആരുണ്ട് മോനേ? അപ്പന്‍ അങ്ങനെ പറഞ്ഞുവോ? പേടിയോടെ ഞാന്‍ അപ്പന്റെ കണ്ണുകള്‍ അടച്ചു. പിന്നെ ആ നെറ്റിയില്‍ ചുണ്ടുകളമര്‍ത്തി.

അനന്തരം ആല്‍ വിന്‍ ആന്റണി എന്ന ശവക്കച്ചവടക്കാരനെ വിളിച്ച് ഞാന്‍ കച്ചവടം ഉറപ്പിച്ചു.

പി.ആര്‍.രഘുനാഥ്.


-, മലപ്പുറം,



Your response will be e-Mailed to the poster.