തലയണ മതിലിനോട് ചേര്‍ത്ത് വച്ച അതില്‍ ചാരിയിരുന്നു. അല്പം ഭക്ഷണമെങ്കിലും കിട്ടിയിരുന്നെങ്കില്‍ ഈ രാത്രയില്‍ സമാധാനമായി ഉറങ്ങിയേനെ. അടുപ്പില്‍ വെച്ച കലം പോലെ വയര്‍ പുകയുന്നു. കുറച്ചധിക്കം വെള്ളം കുടിച്ചു. അതിപ്പോള്‍ വിനയായി. നടക്കുമ്പോഴും, ഇരിക്കുമ്പോഴും കാലിയായ വയറ്റില്‍ വെള്ളം ഇളകി മറിയുന്നു, വെള്ളം നിറഞ്ഞ വീര്‍ത്ത വയറുമായി മതില്‍ ചാരി ഇരിക്കാനും ഒരസ്വസ്ഥത. അല്പം താഴേക്കിറങ്ങിയിരുന്ന് കിടപ്പിനൊരു സുഖം കണ്ടെത്തി. എന്തെങ്കിലുമൊരു പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ എന്നും ഇത് തന്നെയായിരിക്കും അവസ്ഥ.
വീട്ടില്‍ നിന്നും രുചികരമായ് ഭക്ഷണം കഴിച്ച ദിവസം മറന്നു. വാങ്ങിച്ചു വെച്ച പച്ചക്കറികള്‍ ചീഞ്ഞു പോയി. വേദനയോടെയാണ് അതെല്ലാം എടുത്ത് പുറത്തേക്ക് കളഞ്ഞത്. കര്‍ഷകന്റെ വിയര്‍പ്പ് വീണ് നനഞ്ഞ മണ്ണില്‍ വിളഞ്ഞവ ആര്‍ക്കും പ്രയോജനപ്പെടാതെ പോയതിന്റെ വേദന ഇപ്പോഴും എന്റെ പിന്നാലെയുണ്ട്.
അമ്മയെ കുറ്റപ്പെടുത്താനാവില്ല. അമ്മയുടെ ആരോഗ്യം അനുദിനം ക്ഷയിച്ചു. തുടങ്ങിയിരിക്കുന്നു. പഴയപോലെ വീട്ടു ജോലികള്‍ ചെയ്യാന്‍ സാധിക്കുന്നില്ല.
കറികളുടെ ചേരുവകള്‍ പിശ്കുന്നു വസ്ത്രം കഴുകുമ്പോള്‍ വെളുക്കുന്നില്ല.
മനസ്സിനൊപ്പം ശരീരം ചലിക്കുന്നില്ല.
കൈകാല്‍ മരവിപ്പ്, നടവേദന, രക്തസമ്മര്‍ദ്ദം ഇവ കൂടുകയും കുറയുകയും ചെയ്യുന്നതുകൊണ്ട് അസുഖങ്ങളുടെ നീണ്ട നിര തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. എല്ലാത്തിനും പ്രത്യേകം പ്രത്യേകം മരുന്നുണ്ട്. ഒന്നും തീര്‍ത്ത് കഴിക്കാറില്ല, അല്പം ആശ്വാസം തോന്നിയാല്‍ ഉടനെ മരുന്ന് വേണ്ടെന്ന് വയ്ക്കും എത്ര നിര്‍ബന്ധിച്ചാലും കേള്‍ക്കാത്ത ഭാവം നടിക്കും. അപ്പോഴാണ് ഞാന്‍ മരുന്നിന് ചിലവായ പണത്തിന്റെ കണക്ക് പറയുക.
“എന്നോട് നിനക്ക് അല്പമെങ്കിലും സ്നേഹമുണ്ടെങ്കി ല്‍ നീയൊരു പെണ്ണ് കെട്ട്”
ഇപ്പോള്‍ ചെവിയും കണ്ണും നാക്കും നഷ്ടപ്പെട്ടത് എനിക്കാണ്.
പൂര്‍ണ്ണ വിരാമമിട്ടതുപോലെ ഞാന്‍ നിശബ്ദനായി.
അപ്പോഴെല്ലാം ഞാന്‍ അമ്മയെ വഴക്ക് പറയുകയോ, ഉപദേശിക്കുകയോ ചെയ്തിട്ടുണ്ടോ, അപ്പോഴെല്ലാം ഒരു വെല്ലുവിളിയെന്നോണം അമ്മ ഈ ആവശ്യം എന്റെ മുന്നിലേക്കിടും.
അമ്മ പറഞ്ഞത് ശരിയാണ് എനിക്ക് പ്രായം നാല്പത് കഴിഞ്ഞു ഇതേവരെ വിവാഹത്തെ കുറിച്ച് ഗൌരവമായി ചിന്തിച്ചിട്ടില്ല.
“ചെറുപ്പത്തിന്റെ ചുറുചുറുക്കില്‍ ഇപ്പോള്‍ ഇങ്ങനെയൊക്കെയാവാം. പ്രായമാകുമ്പോള്‍ എന്തായിരിക്കും സ്ഥിയെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ?”
എന്റെ ഭാവിയെ കുറിച്ച് പലരും ആശങ്കാകുലരാണെന്ന യാഥാര്‍ത്ഥ്യത്തെ മറു ചോദ്യം കൊണ്ടാണ് ഞാന്‍ നേരിട്ടത്.
“ശരി, ഞാന്‍ വിവാഹം കഴിച്ചെന്നിരിക്കട്ടെ. പെട്ടെന്ന് ഭാര്യ മരിച്ചു പോയാലോ, അതുമല്ലെങ്കില്‍ എനിക്കു മുമ്പെ അവല്‍ കിടപ്പിലായി പോയാലോ”
പറഞ്ഞത് അബദ്ധമായിപ്പോയെന്ന ഭാവത്തോടെ നിറം മങ്ങിയ ചിരിയുമായി അവര്‍ പിന്‍ വാങ്ങും
എന്റെ ചോദ്യത്തിന് കൃത്യമായ മറുപടി ആരും തരാത്തതു കൊണ്ടല്ല ഞാന്‍ അവിവാഹിതനായി കഴിയുന്നത്. വിവാഹം കഴിക്കാത്തതിന്റെ ബുദ്ധിമുട്ട് ഇതു വരെ ഞാന്‍ അനുഭവിച്ചിട്ടില്ല.
എല്ലാ ബുദ്ധമുട്ടുകളും അനുഭവിച്ചത് അമ്മയാണ്. സംസാരിക്കാനും കൈസഹായത്തിനും ഒരാളില്ലാതെ ഏകാന്ത തടവുപുള്ളിയെപ്പോലെ അമ്മയിനി എത്രനാള്‍..........
“നമുക്കൊരു വേലക്കാരിയെ നിര്‍ത്തിയാലോ”
ഈ നിര്‍ദ്ദേശം ഞാന്‍ പലപ്പോഴും മുന്നോട്ട് വെച്ചിട്ടുണ്ട്.
പക്ഷെ , കേട്ട ഭാവമില്ല. വീണ്ടും ആവര്‍ത്തിച്ചാല്‍ പഴയ മറുപടിയായിരിക്കും ലഭിക്കുക.
അതുകൊണ്ട് ഞാന്‍ മൌനം ദീക്ഷിച്ചു.
എന്നും അമ്മയെ ആശ്രയിച്ചു കഴിയുന്നത് ശരിയാണോ?
എന്തുകൊണ്ട് വീട്ട് ജോലികള്‍ എനിക്ക് ചെയ്തുകൂടാ?
തുടങ്ങിയ ചിന്തകള്‍ തലയിലേക്ക് പലപ്പോഴായി കടന്നു വരുന്നുണ്ട്
ഉദ്യേഗം കഴിഞ്ഞാല്‍ അല്പം പൊതുപ്രവര്‍ത്തനത്തില്‍ ഇടപെടുന്നതുകൊണ്ട് വീട്ടില്‍ അധിക സമയം ചെലവഴിക്കറുണ്ട്.
അതുകൊണ്ടാണ് വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടാത്തത്.
ഇതിന് പരിഹാരം കണാന്‍ വേണ്ടിയാണ് മുന്‍കൂട്ടി തീരുമാനിച്ച് ഒരു ദിവസം ലീവെടുത്തത്.
രാവിലെ കുളിയും ഭക്ഷണവും മരുന്നും കഴിച്ച് അമ്മ ഉറക്കത്തിലാണ്.
ഞാന്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍ ബക്കറ്റില്‍ നിറച്ച് സോപ്പുപൊടിയുമായി കിണറിനടുത്തേക്ക് നടന്നു അകത്ത് ഫോണിന്റെ നിലവിളി.
ബക്കറ്റ് താഴെ വച്ച് അകത്തേക്ക് ചെന്ന് ഫോണെടുത്ത്.
“ഹലോ”
“എടാ. നീ അറിഞ്ഞില്ലേ സദ്ദാമിനെ വധിച്ചു. ഇന്ന് പ്രതിഷേധ പ്രകടനം നടത്തണം. നീ ഉടനെ എറണാകുളത്തെത്തണം.
മറുഭാഗത്ത് ഫോണ്‍ താഴെ വച്ച ശബ്ദം
ആവേശത്താല്‍ ഒറ്റ ശ്വാസത്താലാണ് അയാള്‍ ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്.
ശബ്ദം കൊണ്ട് എനിക്ക് ആളെ മനസ്സിലായി.
പക്ഷെ, എനിക്കൊരു സംശയം.
ബലിപെരുന്നാള്‍ ദിവസമായ ഇന്നും തന്നെ സദ്ദാമിനെ തൂക്കികൊന്നിട്ടുണ്ടാകുമോ?
സദ്ദാമിനെ എങ്ങനെയെങ്കിലും വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് വിചാരണ തുടങ്ങിയതെന്ന് നേരത്തെ തന്നെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഈ ദിവസം തന്നെ വധശിക്ഷ നടപ്പിലാക്കിയാല്‍ അത് കൂടുതല്‍ പ്രതിഷേധത്തിനും അക്രമത്തിനും ഇടവരുത്തുകയില്ലേ.
ഒരു പക്ഷെ സദ്ദാമിനെ കൊന്നെന്ന വാര്‍ത്ത പ്രചരിപ്പിച്ച് പ്രതിഷേധത്തെ അളക്കാനുള്‍ല അമേരിക്കന്‍ തന്ത്രമായിരിക്കുമോയിത്? ആയിരിക്കില്ല. കാരണം കൃത്യമായ വിവരം കിട്ടിയതുകൊണ്ടാണല്ലോ അവന്‍ എന്നെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചത്.
എത്രയും പെട്ടെന്ന് എറണാകുളത്തെത്തണം.
അപ്പോഴാണ് ഒരു പ്രശനം.
എല്ലാ വസ്ത്രങ്ങളും മുഷിഞ്ഞ് കിടക്കുന്നു.
ഈ അവസ്ഥയില്‍ എങ്ങനെ യാത്ര പോകും
ഉണ്ണാനും ഉടുക്കാനുമില്ലാത്ത കോടിക്കണക്കിന് ജനങ്ങളുള്ള ഈ നാട്ടില്‍ വിയര്‍പ്പുനാറ്റമുള്ള വസ്ത്രത്തിന്റെ പേരില്‍ മാറിനില്‍ക്കുന്നത് എന്നെപ്പോലുള്ള ഒരാള്‍ക്ക് ചേര്‍ന്നതല്ല.
ശക്തമായ മുഷ്ടി ചുരുട്ടലിനും മൂര്‍ച്ചയേറിയ വാക്കുകള്‍ക്കുമാണ് എന്നും വില അല്ലാതെ തേച്ചു മിനുക്കിയ വസ്ത്രത്തിനല്ല.
ബക്കറ്റില്‍ തിരുകിവെച്ച വസ്ത്രങ്ങളി നിന്നും നല്ലതൊരെണ്ണമെടുത്ത് ദേഹത്തേക്കിട്ടു.
സൂര്യന്‍ തീക്കനല്‍ കോരിയിട്ട പകല്‍ മുഴുവനും അലഞ്ഞു തിരിഞ്ഞ് നടന്ന് വൈകിട്ടാണ് ഞാന്‍ വീട്ടിലെത്തിയത്. പതിവുപോലെ അമ്മ
ഉറക്കത്തിലാണ്. ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്ന് അകത്ത് കടന്നു. വിയര്‍പ്പിലും പൊടിയിലും ശരീരത്തോട് ഒട്ടിച്ചേര്‍ന്നു കിടന്ന ജുബ്ബയും പാന്റും വലിച്ചൂരിയെടുത്ത് മൂലയിലേക്കെറിഞ്ഞ് പാതി മുഷിഞ്ഞ ലുങ്കി ധരിച്ച് ബാത്ത് റൂമിലേയ്ക്ക് നടന്നു
ഷവര്‍ തുറന്ന് തണുത്തവെള്ളം ശരീരത്തിലേക്ക് വീഴത്തി.
തലയിലൂടെ താഴേക്കിറങ്ങിയ ഓരോ തുള്ളി വെള്ളത്തിലേയും തണുപ്പ് ശരീരം വലിച്ചെടുത്തു.
വിയര്‍പ്പും പൊടിയും കഴുകി കളഞ്ഞതോടെ എന്റെ ശരീരത്തില്‍ നിന്നും മറ്റൊരു രൂപം ഇറങ്ങിപ്പോകുന്നതായി എനിക്ക് അനുഭവപ്പെട്ടു.
കുളിയുടെ അത്ഭുതസിദ്ധിയിലൂടെ വിശപ്പിന്റെയും യാത്രയുടേയും ക്ഷീണത്തെ ഞാന്‍ കീഴടക്കി.
തലമുടി ചീകി കൊണ്ടിരിക്കെ പുറകില്‍ അമ്മ നില്‍ക്കുന്നത് കണ്ടു.
വാടിയ താമരപോലെ ക്ഷീണിച്ചം മുഖം
കണ്‍ തടങ്ങളില്‍ കറുപ്പ്
കണ്ണുകള്‍ രണ്ടും താഴേക്ക്
കൈയ്യില്‍ അലക്കി തേച്ച എന്റെ ഒരു ജോഡി വസ്ത്രം
എന്റെ മോനേ, നിനക്ക് നാണവും മാനവും ഇല്ലാതെ പോയല്ലോ. വിയര്‍പ്പ് നാറിയതിട്ടോണ്ട് നീ എവിടെയാ പോയത്”.
ഞാന്‍ യാന്ത്രികമായി അത് വാങ്ങിച്ചു.
നടുവേദന സഹിക്കാന്‍ വയ്യാതെ കൈ നടുവിന് കൊടുത്ത് നീരു വന്ന് വീര്‍ത്ത കാലുമായി തൊങ്ങി തൊങ്ങി കസ്സേരയുടെ നേരെ അമ്മ നടക്കുന്നത് കണ്ട് എന്റെ ഹൃദയം തേങ്ങി.
ഞാനിപ്പോള്‍ അമ്മയോട് കാണിക്കുന്നതാണ് ഏറ്റവും വലിയ ക്രൂരത.
വാര്‍ദ്ധക്യത്തിലെ ശാരീരികവിഷമതകളെ ഞാന്‍ മനസ്സിലാക്കുന്നില്ല.
പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല
ലോകത്തിലെ എല്ലാ അമ്മമാരും എന്നെ കുറ്റക്കാരനെന്ന് വിളിച്ച് പ്രതിഷേധിക്കുന്നതായി എനിക്ക് തോന്നി.
ലജ്ജയും അപമാനവും കൊണ്ട് ഞാന്‍ തന്നെ ഇല്ലാതായി തീര്‍ന്നു.
കസേരയില്‍ കൈയ്യൂന്നി അമ്മ വളരെ പ്രയാസപ്പെട്ട് ഇരുന്നു.
“ഞാനൊരു വാഷിംഗ് മെഷീന്‍ ഇന്‍സ്റ്റാല്‍മെന്റില്‍ വാങ്ങിച്ചു.ഇനിയെനിക്ക് കല്ലിലൊന്നും അലക്കാന്‍ വയ്യ”.
ഇത്രയും പറഞ്ഞപ്പോള്‍ ത്തന്നെ അമ്മ കിതച്ചു.
പലതവണ ഏമ്പക്കം വിട്ടു.
അലക്കുയന്ത്രത്തിന് പുറകെ ഫ്രിഡ്ജ് , മിക്സി, ഗ്രൈന്റര്‍, ഓവണ്‍ തുടങ്ങിയ ഉപകരണങ്ങള്‍ എന്റെ വീട്ടില്‍ സ്ഥാനം പിടിച്ചു.
ഇതൊന്നും അമ്മയുടെ പ്രശനത്തിന് പരിഹാരമായില്ല,
ഇരുപത് കിലോമീറ്ററോളം ബസ്സ് യാത്ര ചെയ്ത് അമ്മയ്ക്കുള്ള കഷായവും വാങ്ങിച്ച് വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുകയാണ് ഞാന്‍. കണ്ടക്ടറുടെ വക ആട്ടും തുപ്പും മനസ്സിനും,യാത്രക്കരുടെ വക ചവിട്ടും കുത്തും ശരീരത്തിനും ഏറ്റതുമൂലം അവശനാണെങ്കിലും അമ്മയെക്കുറിച്ചുള്ള ചിന്തകളായിരുന്നു എന്റെയൊപ്പം.
എന്നത്തേയും പോലെ തന്നെ ഇന്നും രാവിലെ വളരെ വൈകിയാണ് ഞാന്‍ ഉണര്‍ന്നത്. അര്‍ദ്ധബോധാവസ്ഥയില്‍ വാരി വലിച്ചുടുത്ത മുണ്ടും ധരിച്ച് പാതി തുറന്നുകിടന്ന വാതിലിന്റെ വിടവിലൂടെ പുറത്ത് കടന്ന്, പിച്ച വെച്ചു നടക്കുന്ന കുട്ടിയെപ്പോലെ തപ്പിത്തടഞ്ഞ് അടുക്കളയിലെത്തി.
പതിവിന് വിപരീതമായി അവിടെ അമ്മയെ കണ്ടില്ല.
എവിടെപ്പോയീ............
ടപ്പില്‍ നിന്നും ബക്കറ്റിലേക്ക് വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോള്‍ ബാത്ത് റൂമിലുണ്ടെന്ന് മനസ്സിലായി.
വാഷിംഗ് ബെയ്സനിലെ കണ്ണാടിക്ക് നേരെ ചെന്നു.
മുഖത്തേക്ക് വീണു കിടക്കുന്ന പനം കുലപോലുള്ള മുടിയുള്ള മുടിയിഴകളിലൂടെ ഞാന്‍ എന്റെ മുഖം കണ്ടു
ശരിക്കും ഒരു ഭ്രാന്തന്റെ രൂപം
കൈവിരലുകള്‍ കൊണ്ട് തലമുടി മുകളിലേക്കുയര്‍ത്തിവെച്ചു.
കണ്ണാടി സ്റ്റാന്റില്‍ നിന്നും ബ്രഷും പേസ്റ്റുമെടുത്ത് പല്ലു തേച്ചു. ഉറക്കം വിട്ടുമാറാത്തതിനാല്‍ തലയില്‍ വലിയ ഭാരം കയറ്റി വെച്ചിരിക്കുന്നത് പോലെ ഞാന്‍ ആടിക്കൊണ്ടിരുന്നു, ആടുന്നതിന്റെ താളത്തിനൊപ്പിച്ച് പേസ്റ്റ് പതപ്പിച്ച വായ കഴുകി വൃത്തിയാക്കി. മുഖത്തേക്ക് തണുത്ത വെള്ളം കോരിയിട്ടപ്പോള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നപ്പോലെ ഞാന്‍ കണ്ണുകള്‍ തുറന്നു. ഒരു രാത്രിയെ എന്റെ മുഖത്തുനിന്നും കഴുകിക്കളഞ്ഞുകൊണ്ട് വെള്ളത്തുള്ളികള്‍ താഴെ വീണു. ബാക്കിയുള്ളത് മുണ്ടിന്റെ അറ്റം കൊണ്ട് തുടച്ചു മാറ്റി.
കൊള്ളാം..........
കണ്ണാടിയില്‍ എന്റെ രൂപം കണ്ട് തൃപ്തിയടഞ്ഞു.
ഇപ്പോള്‍ എന്നെ ഭ്രാന്തനെന്ന് ആരും വിളിക്കില്ല.
ഇനി ഒരു കപ്പ് ചായ, പത്രം വായന, അപ്പോള്‍ അടുക്കളയില്‍ നിന്നും അമ്മയുടെ വിളി വരും .
“മോനെ......... സമയം എത്രയായെന്നാ നിന്റെ വിചാരം
പെട്ടെന്നാണ് അമ്മയെ ഓര്‍മ്മ വന്നത്.
ബാത്ത് റൂമില്‍ ബക്കറ്റ് നിറഞ്ഞ് ഒഴുകുന്നതിന്റെ ശബ്ദം
“അമ്മേ...”
ഞാന്‍ ഉറക്കെ വിളിച്ചു.
എവിടെ നിന്നോ ഒരു മൂളല്‍ കേട്ടു,
ഞാന്‍ ഞെട്ടിത്തിരിഞ്ഞ് വീണ്ടും വിളിച്ചു,
അതേ മൂളക്കം വീണ്ടും കേട്ടു.
ഞാന്‍ ബാത്ത് റൂമിനടുത്തേക്ക് ഓടിച്ചെന്നു.
വാതില്‍ മലര്‍ക്കെ തുറന്നു കിടക്കുന്നു
തുറന്നിട്ട ടാപ്പില്‍ നിന്നും വെള്ളം ബക്കറ്റില്‍ നിറഞ്ഞ് ഒഴുകുന്നു.
ടാപ്പ് പൂട്ടി
അകത്തേക്ക് ഓടി ചെന്ന് അമ്മയുടെ മുറിയുടെ വാതില്‍ തുറന്നു.
കട്ടിലില്‍ മൂടിപ്പുതച്ചുക്കിടക്കുന്ന അമ്മ.
വാതില്‍ തുറന്ന ശബ്ദം കേട്ട് പുതപ്പ് കഴുത്തോളം താഴ്ത്തിവെച്ചു.
“എനിക്കിന്നു വയ്യ മോനെ..... വല്ലാത്ത ക്ഷീണം.”
ആശങ്കയോടെ ഞാന്‍ കട്ടിലിനരുകില്‍ ഇരുന്നു.
നെറ്റിയില്‍ കൈവച്ചു നോക്കി. ചൂട് കൂടുതലാണ്.
“ഓ.......അതൊക്കെ മാറിക്കോള്ളും,”
നിസ്സാരമട്ടിലുള്ള ഈ മറുപടിയില്‍ ഒതുക്കുവാന്‍ ഞാന്‍ സമ്മതിച്ചില്ല.
നടന്ന് നടന്ന് വീടിന്റെ മുന്നിലെത്തി,
സമയം രാത്രി ഒന്‍പത് മണി. രാത്രിയുടെ ഇരുട്ടില്‍ ഇലക്ട്രിക് ബള്‍ബിന്റെ പ്രകാശത്തില്‍ മറ്റ് വീടുകളെക്കാള്‍
എന്റെ വീടിന് ചുറ്റും ഉച്ച സൂര്യന്റേതുപോലുള്ള പ്രഭാവലയം.
ഭിത്തികള്‍ക്ക് പുതിയനിറങ്ങള്‍ തേച്ച് പിടിപ്പിച്ചതിന്റെ തിളക്കം
തോട്ടത്തിലെ ചെടികള്‍ക്ക് മുന്‍പത്തേക്കാള്‍ കൂടുതല്‍ ഉന്മേഷവും പൂക്കള്‍ക്ക് ശോഭയും
വിസ്മയത്തോടെ അമ്പരപ്പോടെ ഞാന്‍ വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി.
സ്വീകരണ മുറിയിലെ ഡൈനിംഗ് ടേബിളില്‍ മാലാഖകുഞ്ഞുങ്ങളെപ്പോലെ രണ്ട് കുട്ടികുട്ടികള്‍. ശീതളും ശില്പയും
“ഹായ്.........ദേ അമ്മാവന്‍ വന്നു”
മേശപ്പുറത്ത് വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പി വച്ചിരിക്കുന്നു.
സാമ്പാര്‍ ഒഴിച്ച് കുഴച്ച ചോറ് വായിലേക്ക് വയ്ക്കുന്നതിനിടയിലാണ് രണ്ട് പേരും എന്നെ കണ്ടത്. സാമ്പാറിന്റെയും അവശിഷ്ടങ്ങള്‍ അവരുടെ ചുണ്ടുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്നു.
ചോറും കറികളും ആസ്വാദിച്ച് കഴിക്കുകയാണ് രണ്ടു പേരും
അടുത്ത ഉരുളച്ചോറ് വായിലേക്ക് വയ്ക്കുന്നതിനിടയില്‍ ശില്പ വിസ്മയത്തോടെ നില്‍ക്കുന്ന എന്റെ നേരെയൊന്നും, നോക്കി.
“അമ്മാമയെ തനിച്ചാക്കിയിട്ട് എവിടെയായിരുന്നു ഇത്രയും നേരം “
പ്രായവും പക്വതയും നിറഞ്ഞ പെണ്‍കുട്ടിയെപ്പോലെയാണ് ഇത്തവണ അവള്‍ സംസാരിച്ചത്. അവളുടെ ചോദ്യത്തിന് മുന്നില്‍ വഴിതെറ്റി വന്ന യാത്രക്കാരനെപ്പോലെ ഞാന്‍ കുഴങ്ങി.
“ങാ......നീ എത്തിയോ എവിടെയായിരുന്നു ഇത്രയും നേരം അതും സുഖമില്ലാത്ത അമ്മയെ തനിച്ചാക്കിയിട്ട് അമ്മയ്ക്ക അസുഖമാണെന്ന വിവരം നീയെന്താ അറിയിക്കാതിരുന്നത്.”
കുട്ടികള്‍ക്ക് കുടിക്കാനുള്ള വെള്ളവുമായി അടുക്കളയില്‍ നിന്നെത്തിയ ചേച്ചിയുടെ വാക്കുകളില്‍ കുറ്റപ്പെടുത്തലിന്റെ മൂര്‍ച്ചയുണ്ടായിരുന്നു.
ശരിയാണ്, വിളിച്ചു പറയാതിരുന്നത് എന്റെ തെറ്റുതന്നെ.
രാവിലെ വൈദ്യരെ കാണാന്‍ പോകുന്നതിനിടയില്‍ പലപ്രാവശ്യം ചേച്ചിയെ ഫോണില്‍ വിളിച്ചതാണ്. അപ്പോഴെല്ലാം മറുഭാഗത്ത് എഗേജിഡായിരുന്നു. പോകുന്ന വഴി നിന്നും വിളിക്കാമെന്ന് കരുതിയാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ബസ്സസ്റ്റോപ്പില്‍ ചെന്നതും ഉടനെ വണ്ടിക്കിട്ടിയതുകൊണ്ട് പിന്നീട് വിളിക്കാനും സാധിച്ചില്ല.
കുട്ടികള്‍ക്ക് വെള്ളം കൊടുക്കുന്നതിനിടയില്‍ ചേച്ചി വീണ്ടും പറഞ്ഞു
രാവിലെ അമ്മയുടെ വിശേഷങ്ങള്‍ അറിയാന്‍ വേണ്ടിയാ ഫോണ്‍ ചെയ്തത്. അപ്പോഴല്ലെ വിവരം അറിയുന്നത്. എന്തായാലും നീ ചെയ്തത് ഒട്ടും ശരിയായില്ല. അതെങ്ങനെയാ നാട്ടുകാരുടെ വിശേഷം അന്വേഷിച്ച് നടക്കാനല്ലേ നിനക്ക് നേരം”.
വയര്‍ നിറയെ കഴിച്ചതിന്റെ തൃപ്തിയോടെ കുട്ടികള്‍ മുഖം കഴുകാന്‍ പോയി.
മേശപ്പുറത്തെ ഒഴിഞ്ഞ പാത്രങ്ങള്‍ അടുക്കി വെയ്ക്കുകയാണ് ചേച്ചി. വിചാരണയ്ക്ക് വിധേയനായവന്റെ മനസ്സോടെ ഞാന്‍ അവിടെത്തന്നെ നിന്നും
“ഹായ്........ ചക്കരക്കുട്ടികള്‍ മതിയാക്കിയോ......ഇനി ഈ പായസം ആരാ കുടിക്ക്വാ.......”
എന്നെ കൂടുതല്‍ അമ്പരപ്പിച്ചുകൊണ്ട് അതാ അമ്മ വരുന്നു. കൈകളില്‍ പായസ്സത്തിന്റെ പാത്രവുമായി യുവത്വത്തിന്റെ ചുറുചുറുക്കോടെ.
കുളിച്ച് ഈറനണിഞ്ഞ തലമുടി
നെറ്റിയില്‍ ചന്ദനക്കുറി
കണ്‍ തടങ്ങളില്‍ കുറുപ്പ് നിറം കാണാനില്ല.
ഏറ്റവും പ്രിയപ്പെട്ട ചുവന്ന കരയുള്ള സെറ്റും മുണ്ടും മാണ് വേഷം,
അമ്മയെ ഇത്രയും ഐശ്വര്യത്തോടെ ഇതിന് മുന്‍പ് ഞാന്‍ കണ്ടിട്ടില്ല.
കുട്ടികളുടെ മുഖം അമ്മ സാരിത്തുമ്പുകൊണ്ട് തുടച്ചു കൊടുത്തു.
പായസ്സം ഗ്ലാസ്സിലൊഴിച്ച് അവര്‍ക്ക് കൊടുത്തു,
ഒഴിഞ്ഞ പാത്രങ്ങളുമായി അടുക്കളയിലേക്ക് നടക്കുന്ന അമ്മയ്ക്ക് ഇപ്പോള്‍ നടുവേദനയില്ല,. കാലില്‍ നീരില്ല.
ഉറച്ചതും ചടുലവുമായ നീക്കം
പെട്ടെന്ന് തിരിഞ്ഞ് നിന്ന് അമ്മ.
“വന്നപാടെ നില്‍ക്കാതെ വേഗം പോയി കുളിച്ച് വന്ന് വല്ലതും കഴിക്കാന്‍ നോക്ക്”.
വീട്ടിലെ ഒച്ചയും അനക്കവും അമ്മയെ ആകെ മാറ്റി മറിച്ചിരിക്കുന്നു.
മാനസികമായി കിട്ടിയ കരുത്ത് ശരീരത്തിന്റെ അവശതകളെ കവര്‍ന്നെടുത്തു.
മനുഷ്യ സമ്പര്‍ക്കമാണ് യഥാര്‍ത്ഥ ചികിത്സയെന്ന് തിരിച്ചറിയാന്‍ കഴിയാതിരുന്ന ഞാന്‍ സ്വയം ചുരുങ്ങി ചുരുങ്ങി ഇല്ലാതെയായി.
യേശുദാസ് വരാപ്പുഴ.