കാഴ്‌ചയ്‌ക്കുമപ്പുറം,

ഇടവകക്കാരുടെ സംശയവര്‍ത്തമാനങ്ങള്‍ക്കിടയിലൂടെ ജോസഫ്‌ അച്ചന്റെ മേടയുടെ പടി കയറി നിര്‍ത്താതെയുളള നടപ്പിന്റെ വേവലാതികള്‍ക്കിടയിലും നല്ലൊരു ഇടയനായി ബൈബിളിലെ വചനങ്ങള്‍ ഉരുവിട്ട്‌ പ്രാര്‍ത്ഥനയിലായിരുന്നു. കൈവിരലുകള്‍ക്കിടയിലൂടെ കൊന്തമണികള്‍ താഴേക്ക്‌ ഊര്‍ന്നുകൊണ്ടിരുന്നു ഇപ്പോഴും ഒന്നുമറിയാത്ത മനസോടെ ജോസഫ്‌ അച്ചനുമുന്നില്‍ സ്‌തുതി പറഞ്ഞു. പളളിമുറ്റം ഇടവകയായി. പലതരം ഒച്ചകള്‍. ആധിപിടിച്ച മനസുകള്‍ മുകളില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന പളളിമണി നോക്കി മിണ്ടാതെ നിന്നു. ഏലിക്കുട്ടി കര്‍ത്താവിന്റെ മുന്നില്‍ മുട്ടുകാലില്‍ നിന്നു. ജപമാലയിലെ ഈശോയെ നെഞ്ചോട്‌ ചേര്‍ത്തു, മനമുരുകി പ്രാര്‍ത്ഥിച്ചു.. ചങ്കിലെ മിടിപ്പ്‌ മുത്തുമാലയില്‍ മുട്ടികൊണ്ടിരുന്നു.

"കര്‍ത്താവേ.. ഇതെങ്ങാനും അച്ചായനറിഞ്ഞാ.. പിന്നെ ചത്താമതിയായിരുന്നു.." പതം പറഞ്ഞ വാക്കുകള്‍ക്കുളളില്‍ ചങ്കില്‍ എരിഞ്ഞ വേവുണ്ടായിരുന്നു. കരച്ചിലിനും പ്രാര്‍ത്ഥനയ്‌ക്കുമിടയ്‌ക്ക്‌ കൈയൂങ്ങി നെഞ്ചിന്‌ ഒരിടി വച്ചുകൊടുത്തു ഏലിക്കുട്ടി. ആ നേരം അവള്‍ക്ക്‌ പിന്നിലെ ഫോണ്‍വിളിച്ചു.

"ഏലിയെ... ഇത്‌ ഞാനാടീ.. നീയെവിടാ ന്റെ ... പൊന്നേ. .." അത്‌ ഫെര്‍ണ്ടാസായിരുന്നു. അയാളുടെ ശബ്‌ദം ദാഹിച്ചതുപോലെയായിരുന്നെങ്കിലും വാക്കുകളില്‍ നിറയെ ഏലിക്കുട്ടിയോടുളള പ്രണയമായിരുന്നു അവള്‍ ഫെര്‍ണ്ടാസിന്റെ സ്‌നേഹത്തിലേക്ക്‌ വിളികേട്ടു.

"എന്നാ... ഏലിയേ ഈ കേള്‍ക്കുന്നതൊക്കെ... ഇനി ഞാനെങ്ങനെ ആലിസിന്റെ മുഖത്ത്‌ നോക്കും നീ പറ."

ഒറ്റപ്പെടുത്തിയ വാക്കുകളായിരുന്നു ഏലിക്കുട്ടിയെ പൊളളിച്ചത്‌. ആ തകര്‍ച്ചയില്‍ അവളുടെ ജീവിതവും സ്വപ്‌നങ്ങളുമുണ്ടായിരുന്നു.

"ഒക്കെ തകര്‍ത്തിട്ട്‌ ഒരു പുണ്യാളന്‍, എന്നാത്തിനായിരുന്നു ഇങ്ങനെയൊക്കെ. ചതിയനാ നിങ്ങള്‌..വിശ്വസിക്കാന്‍ കൊളളരുതാത്തോന്‍. ഇനി ഞാനെങ്ങനെ എന്റെ പിള്ളേരടേപ്പനുമായി എടവകയിലൂടെ നടക്കുമെന്റീശോയോ..." പിന്നീട്‌ ഏലിക്കുട്ടിയുടെ ശബ്‌ദം കരച്ചിലായിരന്നു. ഭര്‍ത്താവ്‌ ശവപ്പെട്ടി കച്ചവടക്കാരന്‍ ഒരു ചാക്കോയും രണ്ടും മൂന്നും വയസ്സ്‌ പ്രായമുളള മക്കളുമൊത്തൊരു ജീവിതമായിരുന്നു ഏലിക്കുട്ടിയുടേത്‌. ഇടയ്‌ക്ക്‌ അവളുടെ ഏകാന്തതയെ സമ്പന്നമാക്കി ഫെര്‍ണാണ്ടസും. ആ ജീവിതങ്ങളുടെ സമാധാനങ്ങളിലേക്കാണ്‌ അയാള്‍ ഒരു ഫോണ്‍ കോളായെത്തിയത്‌. കേട്ടത്‌ പലവീടുകളിലേയും ഒതുക്കി പിടിച്ച മനസ്സുകളായി. ഫോണിലെ വര്‍ത്തമാനങ്ങള്‍ക്ക്‌ പിന്നില്‍ സംശയത്തിന്റെ നോട്ടങ്ങള്‍ ആരുടെയോ വരവിലേക്ക്‌ കാത്തിരുന്നു.

വര്‍ത്തമാനത്തിന്റെ വാതായനം തുറന്ന പൗലോസിനെ ചുറ്റിപ്പിടിച്ചത്‌ കുറെ മുഖങ്ങളായിരുന്നു. എത്രയെന്നും ആരെന്നും തിരിച്ചറിയാന്‍ കഴിയാത്ത വേവലാതിക്കുളളില്‍ പൗലോസ്‌ മുറിയ്‌ക്കുളളില്‍ ചുറ്റിനടന്നു. കരങ്ങളുയര്‍ത്തി ഉടയവനെ വിളിച്ചു. വിശുദ്ധവസ്‌ത്രമണിഞ്ഞ്‌ പറന്നിറങ്ങുന്ന മാലാഖമാരുടെ കാഴ്‌ച പൗലോസിന്‌ നഷ്‌ടം വരുന്നതായി തോന്നിച്ചു. പഴയ ജീവിതം ഉപേക്ഷിച്ച്‌ ആത്മിയതയില്‍ മനസ്‌ തറച്ച്‌ ബാക്കി ജീവിതം കാരുണ്യമാക്കി പകരുകയായിരുന്നു പൗലോസ്‌. ഇടവകയില്‍ കേട്ട വര്‍ത്തമാനങ്ങളുടെ വെപ്രാളങ്ങളില്‍ നിന്നും അല്‍പം മനഃശാന്തി തേടി പൗലോസ്‌ മത്തായി സുവിശേഷം പത്താം അധ്യായം തുറന്നു.

"മനുഷ്യരുടെ മുന്നില്‍ എന്നെ ഏറ്റുപറയുന്ന ഏവനേയും സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്‌ മുന്നില്‍ ഞാനും ഏറ്റു പറയും. എന്നെ തളളി പറയുന്നവനയോ.. എന്റെ പിതാവിന്‌ മുന്നില്‍ ഞാനും തളളി പറയും." സുവിശേഷവരികള്‍ക്കിടയിലൂടെ പൗലോസ്‌ ഒറ്റപ്പെട്ട്‌ നടന്നു. നഗരത്തില്‍ ഇന്റര്‍നെറ്റ്‌ കഫേ നടത്തിരുന്ന സുമുഖനായ ചെറുപ്പക്കാരനായിരുന്നു പൗലോസ്‌. നീണ്ട്‌, മെലിഞ്ഞ്‌ മനോഹര കൈവിരലുകളുളള പെണ്‍കുട്ടികളുടെ സൗന്ദര്യം അയാളുടെ കണ്ണുകള്‍ കുടിച്ചു. തുടര്‍ന്ന്‌ പൗലോസിന്റെ രാവുകള്‍ക്ക്‌ ഓരോ സുന്ദരികളുടെ പേരുകളായിരുന്നു. ഇടയ്‌‌ക്ക്‌ എപ്പോഴോ അയാളുടെ മനസ്‌ പ്രാര്‍ത്ഥനയുടെ നേരുകളിലേക്ക്‌ മുട്ടുകുത്തി. അങ്ങനെ, കഫേപൂട്ടി വെളളവസ്‌ത്രം ധരിച്ച്‌ ഇടവകയില്‍ പ്രബോധനം പഠിപ്പിച്ചു. അവിടേക്ക്‌, അന്നയും, സൂസിയും ക്ലാരയുമെത്തിയത്‌ പൗലോസിനെ തേടിയായിരുന്നു. അവര്‍ ചങ്കെരിഞ്ഞ്‌ പൗലോസിനോട്‌ പറഞ്ഞു.

"ഞങ്ങടെ ജീവിതം തുടങ്ങീട്ടെ ഒളളായിരുന്നു, ആ സ്‌നേഹമായിരുന്നു സന്തോഷമായിരുന്നു പൗലോസേ.. നിങ്ങള്‍ തട്ടിയെറിഞ്ഞെ... ശ്വാസം കുടുങ്ങി നിന്നുപോയ സൂസി ഭര്‍ത്താവിനെക്കുറിച്ച്‌ ഓര്‍ത്തുപോയി. കോര, ബാങ്ക്‌ ഉദ്യോഗസ്ഥനും സുന്ദരനും സല്‍സ്വഭാവിയുമായിരുന്നു. അയാള്‍ പാലില്‍ നാട്ടുവൈദ്യം ചേര്‍ത്തു കുടിച്ച്‌ രാത്രിയിലെ ശ്വാസ തടസ്സവും കിതപ്പും നിയന്ത്രിച്ചിരുന്നു. ഭര്‍ത്താവിന്റെ വരവിലേക്ക്‌ ഒരു ചിരിയുമായി കാത്തുനിന്ന സൂസി ഒരു പിടച്ചിലോടെയാണ്‌ ആ വാര്‍ത്തയിലേക്ക്‌ വീണത്‌. പിന്നെ തുടരെ ഫോണ്‍ കറക്കിക്കറക്കി അന്നയേയും സൂസിയേയും ഒപ്പം കൂട്ടി. പൗലോസിന്റെ കഫേയിലെ കണ്ടുമുട്ടലാകണം അവരെ സുഹൃത്തുക്കളായി തീര്‍ത്തത്‌. സൂസിയുടെ നെഞ്ചിടിപ്പിനേക്കാള്‍ ശക്തമായിരുന്നു അന്നയുടെ വാക്കുകള്‍. "ഇറക്കി വിട്ടാ മേറ്റ്വിടെയും പോകാതെ ഞാനിങ്ങട്‌ വരും അതുറപ്പാ... എന്റെ ഈ വിരലുകളില്‍ നിങ്ങള്‍ മുത്തം വയ്‌ക്കുമായിരുന്നില്ലേ.. കൊതിയോടെ നാവില്‍ വയ്ക്കാറില്ലായിരുന്ന്വോ... ഇനി ഞാനിവിടില്ലേ എപ്പോഴും എവിടെവേണേലും. ക്ലാര കരയുക മാത്രം ചെയ്‌തു. ഭര്‍ത്താവ്‌ സോളമന്‍ മരിച്ച ഓര്‍മ്മദിനത്തിലെ പ്രാര്‍ത്ഥനയുടെ കണ്ണീര്‌ അവളുടെ തൊണ്ടയില്‍ പിടഞ്ഞ്‌ കിടന്നു.

പളളിമണിക്ക്‌ കീഴെ ജനങ്ങള്‍ നിറഞ്ഞുകൊണ്ടിരുന്നു. പലകത്തട്ടില്‍ പ്രാവുകള്‍ കുറുകി. അച്ചന്‍ കുരിശ്‌ വരച്ചു. മനസ്‌ നൊന്ത്‌ കര്‍ത്താവിനെ വിളിച്ചു. ഒന്നുമറിയാത്തവരെപ്പോലെ ക്രൂശിച്ച്‌ കുരിശില്‍ തറച്ച ക്രിസ്‌തുവിന്റെ മുഖം അച്ചനു മുന്നില്‍ വേദനയായി നിറഞ്ഞു.

"എന്റെ കുരിശുമേല്‍ കര്‍ത്താവേ ഇതെന്നാ മറിമായം... എന്റെ തടിപ്പണി ജീവിതത്തീ ഇതാദ്യാച്ചോ' തടിപ്പണിക്കാരന്‍ ചാണ്ടിമാപ്പിളയുടെ പേടി പിന്നെ മൗനമായിരുന്നു. പളളിമുറ്റത്ത്‌ ആളുകള്‍ കൂട്ടം കൂടി ആലോചനയിലാണ്ടു. അവരുടെയെല്ലാം തീരുമാനങ്ങളില്‍ ഭിന്നിപ്പില്ലാത്ത സ്വരത്തിന്റെ ശക്തിയുണ്ടായിരുന്നു അവര്‍ ഊഹിച്ചു. ചിലര്‍ വാതുപറഞ്ഞു വാശിപിടിച്ചു.

"ഈ പറയുവാന്ന്‌ വച്ചാ... അതിപ്പോ എങ്ങനാന്റ... കറിയാച്ചോ... എന്നാ. അറിഞ്ഞിട്ടാ നിങ്ങളീ ചോയിക്കണെ അങ്ങനെ പറയാന്‍ തക്ക അടുക്കും ക്രമവുമൊന്നുമില്ലന്നേ. നമ്മടെ കോശിമാപ്പിളല്ലെ അങ്ങരെടെ സംഭവം കഴിഞ്ഞിട്ടിപ്പോ ആറേഴ്‌ കൊല്ലത്തീ മേലയായില്ലിയോ.. എന്നാ വടക്കെ തറയിലെ വര്‍ഗീസിന്റെ കാര്യോ, അത്‌ കഴിഞ്ഞിട്ടിപ്പോ കൊല്ലം ഒന്നല്ലെ ആയുളളൂ എന്നിട്ടിപ്പോ ഇത്‌ രണ്ടും മുന്‍പും പുറകുമല്ലായിരുന്നോ പറച്ചില്‌ പേര്‌ വിളിച്ച്‌ തുറങ്ങിയാപിന്നെ വീട്ടുപേരും അപ്പന്റെ പേരുമൊക്കെ ഉണ്ടെന്നാ കേക്കണെ... കര്‍ത്താവേ.. ഇതിങ്ങനെ പോയാ.. തമ്മീ കൊല്ലാനും മരിക്കാനുല്ലേ നേരളളൂ.

ആ പ്രശ്‌നങ്ങളുടെ നടുവിലേക്കാണ്‌ ജ്വല്ലറിയുടെ മതില്‌ തുരന്ന്‌ ഉളളം കണ്ട പത്രോസിനേയും രാത്രിയ്‌ക്കൊപ്പം അതിര്‌ തന്റേതാക്കിയ ലോനപ്പന്റെയും കൈക്കുളള വിലങ്ങുമായി ഒരു പോലീസ്‌ വാന്‍ ഇടവകയിലേക്ക്‌ എത്തിചേര്‍ന്നത്‌ ലോനപ്പനും പത്രോസും പണ്ടേ അച്ചനു മുന്നില്‍ മുട്ടുകുത്തി സമാധാനവും സമ്പാദ്യങ്ങളുമായി ഇടവകയിലെ പ്രമാണിമാരായി തീര്‍ന്നിരുന്നു. ഇന്ന്‌ നഷ്‌ടം വന്ന സമാധാനം ചേര്‍ത്തു പിടിച്ചവര്‍ അച്ചന്റെ മേടയ്‌ക്ക്‌ കീഴെ കാത്തിരുന്നു.

ഇടവകയിലെ വര്‍ത്തമാനങ്ങളില്‍ നിന്നും കുറച്ച്‌ മാറി കടലിലേക്കാഴ്‌ന്നിറങ്ങി പോകുന്ന മാതൃകയില്‍ പണികഴിപ്പിച്ച ഒരു മുന്തിയ ഹോട്ടലിലെ ബാറിലെ ഇത്തിരി വെളിച്ചത്തിന്‌ കീഴെയിരുന്ന്‌ ജോണ്‍ വര്‍ഗ്ഗീസപ്പോള്‍ ബ്ലൂലേബല്‍ വിസ്‌കി വെളളം പകരാതെ അകത്തേക്കൊഴുക്കി. തൊണ്ടക്കുഴി കത്തി ഒരാളല്‍. ഉളളിലെ അണയാത്ത കനലുകളൊക്കെയും വീണ്ടും തീയാക്കി മാറ്റുകയായിരുന്നു ജോണ്‍.

ഓര്‍മ്മളുടെ കുഴയലില്‍ ഗ്ലാസിന്റെ വക്കിലേക്ക്‌ കുപ്പി ഒരിക്കലൂടെ മുട്ടിച്ചു ജോണ്‍. ആ നേരം മേശയുമേലെ സെല്‍ഫോണില്‍ വന്നെത്തിയത്‌ ഗ്ലാഡിസ്സായിരുന്നു.

"എന്റെ പ്രിയപ്പെട്ടവളെ" ജോണ്‍ പുന്നാരത്തോടെ ഫോണ്‍ കൈയിലെടുത്തു മുത്തം നല്‍കി. നെഞ്ചോട്‌ ചേര്‍ത്തു.

"നിന്നെയോര്‍ത്തോര്‍ത്ത്‌ ദാ... ഞാനിവിടെ തനിച്ച്‌, വയ്യ, വല്ലാതെ ബോറാകുന്നു. നീ എന്റെ കൊതി തീരാത്ത നീര്‍മാതളമല്ലെ..." ഫോണിലൂടെ അവളുടെ ഹൃദയത്തിലേക്ക്‌ ഇറങ്ങി പോകവെ ജോണിനെ കുറുകെ ഗ്ലാഡിസ്‌ പറഞ്ഞു.

"ജോണ്‍ പ്ലീസ്‌, നിനക്കൊന്നു വരാമോ വേഗം.." ഒരാഴ്‌ചയായപ്പോഴെക്കും നിനക്കവനെ മടുത്തുവോ... ജീവിതമായാല്‍ ഇങ്ങനെ ആസ്വദിച്ചു ആസ്വദിച്ച്‌ ഒരു ദിനം പടേന്നങ്ങ്‌... ഹെന്റെ കര്‍ത്താവേ.. ആര്‍ത്തി പിടിച്ച ഒരു വേട്ടമൃഗത്തെപ്പോലെ ചിന്തകള്‍ അയാള്‍ക്കുളളില്‍ തിളച്ചു. ജോണ്‍ പാര്‍ക്കിലെത്തി, കാറിന്റെ ഡോര്‍ വലിച്ചെറിഞ്ഞ്‌ അവളിലേക്ക്‌ വന്നു.

"വരൂ, ഗ്ലാഡിസ്‌. നമുക്കേതേലും ഹോട്ടലിന്റെ തണുപ്പിലേക്ക്‌ പോയിരിന്നലോ."

"വേണ്ട. ജോണ്‍, എന്റെയീ അവസ്ഥയില്‍ നിന്ന്‌ നിനക്കെന്നെയൊന്ന്‌ സഹായിക്കാമോ.."

ഗ്ലാഡിസിന്റെ വാക്കുകളില്‍ കുതിര്‍ന്ന നനവില്‍ തൊട്ട്‌ ജോണ്‍ ചോദിച്ചു.

ജോണിന്‌ മറുപടിയായി മനസ്സില്‍ കരുതിവച്ച വാക്കുകള്‍ ഹൃദയത്തിന്‌ മേല്‍ തിളയ്‌ക്കുന്ന വേവലാതിയുടെ അസ്വസ്തത അവള്‍ക്കുളളില്‍ വിതുമ്പലായി. ജോണ്‍ അവളുടെ ചുണ്ടുകളില്‍ നോക്കി കാത്തിരുന്നു. അവള്‍ കരച്ചിലില്‍ കുതിര്‍ന്ന വര്‍ത്തമാനം ജോണിന്റെ കാതുകളിലേക്ക്‌ ഇട്ടുകൊടുത്തു.

"ജോണ്‍ നീയെന്നെ കുറ്റപ്പെടുത്തരുത്‌, അലക്‌സിയുടെ മിന്ന്‌ കഴുത്തിലണിയും മുന്‍പേ എന്റെ ഹൃദയം ശുദ്ധമാക്കണമെന്ന്‌ ഞാനാഗ്രഹിച്ചു. നീയും ഞാനുമുള്‍പ്പെട്ടെ എല്ലാം. ഒന്നും മറച്ചില്ല ഞാന്‍, പക്ഷെ അന്ന്‌ ഞാന്‍ ഏറ്റു പറഞ്ഞതൊക്കെ ഒരു പകല്‍പോലെ ഇടവകക്കാര്‍ക്ക്‌ മുന്നില്‍ വെളിപ്പെടാന്‍ പോണൂന്ന്‌ കേള്‍ക്കുമ്പോ. എനിക്കു വയ്യ.... ജോണെ."

ഉളളിലെ വീര്യമത്രയും കത്തിതീര്‍ന്ന വെളിപ്പാടില്‍ ജോണ്‍ കേട്ടിരുന്നു. കുമ്പസാരിച്ച്‌, തലതൊട്ട്‌ പരിശുദ്ധയാക്കപ്പെട്ടിപ്പോ പറഞ്ഞതൊക്കെയും ഒരു വെളിപാടുപോലെ... കുമ്പസാരകൂട്‌ സംസാരിക്കുന്നത്രേ. വിശ്വസിക്കില്ല ജോണേ... കാണാണ്ട്‌ ആരുമത്‌ വിശ്വസിക്കില്ല."

കേട്ടതൊന്നും മനസിലാകാത്തവനെപോലെ ജോണ്‍ തലകുമ്പിട്ടിരുന്നു. നട്ടെല്ലില്‍ നിന്നും ഭയത്തിന്റെ നാവ്‌ മേലെക്ക്‌ കടന്ന്‌ അവന്റെ ഹൃദയത്തില്‍ തൊട്ടു. അവിടെ തെളിഞ്ഞ കുമ്പസാരകൂടിന്റെ വശങ്ങളില്‍ പാപത്തിന്റെ പടം പൊഴിക്കുന്ന കുറെ ജീവിതങ്ങളും. തെറ്റുകളൊഴിഞ്ഞ്‌ വിശുദ്ധിയുടെ കുരിശ്‌ നെറുകയില്‍ തൊടുവിച്ച വിശ്വാസങ്ങള്‍ക്ക്‌ മേലെ വര്‍ത്തമാനം പടര്‍ന്നുകൊണ്ടിരുന്നു. പലരും ഉളളില്‍ പരിശോധകരായി. കണ്ടിറങ്ങിയവരുടെ മനസ്സില്‍ നിറയെ സത്യത്തിന്റെ തകര്‍ന്ന ഹൃദയനോവിന്റെയും നനവുണ്ടായിരുന്നു. ബാക്കിയായവര്‍ ആ കണ്ണുകളിലേയ്‌ക്ക്‌ നോക്കി മിണ്ടാത്തവരായി.

രാത്രി. ഇടവകമുറ്റം. ജനങ്ങള്‍.

നിലവാവിന്‌ കീഴെ അവര്‍ ഉറങ്ങാതെ കാത്തിരുന്നു. ഉളളം നിറയെ പകയുമായി. അവള്‍ക്കിടയില്‍ മൂകസാക്ഷിയായി വികാരിയച്ചന്‍. മിഴികളില്‍ ആകാശവും മനസ്സില്‍ പ്രാര്‍ത്ഥനയുമായി നിന്നു. ഒറ്റദിവസം കൊണ്ട്‌ അന്യമാക്കപ്പെട്ട ജീവിതങ്ങള്‍ക്ക്‌ മേലെ നിലവിളിയുയര്‍ന്നു. പിതൃത്വം ചോദ്യം ചെയ്യപ്പെട്ട മക്കളെ ചേര്‍ത്തു കേഴുന്നവര്‍. താലിയ്‌ക്ക്‌ മേലെ മറ്റൊരു പുരുഷന്റെ മുഖം ചേര്‍ത്തവര്‍. ചോരകറയുടെ സത്യം കഴുകിയൊഴിഞ്ഞവര്‍. അങ്ങനെയങ്ങനെ ജാലകക്കൂടിലേക്ക്‌ മനസ്സ്‌ ചേര്‍ത്ത വിചാരങ്ങളെല്ലാം കര്‍ത്താവിന്‌ മുന്നില്‍ വച്ചവര്‍ മുട്ടുകുത്തി.

മനസ്സുകളുടെ ആഴങ്ങളിലേക്ക്‌ മഴതിമര്‍ത്തു. അത്‌ മരണത്തിന്റെ വിളര്‍ച്ചകളില്‍ പതിയിരുന്നു ആ രാത്രിയ്‌ക്കുമപ്പുറം ഒരു പകലുണ്ടായി. വീണ്ടും രാത്രിയും പകലുകളുമുണ്ടായിക്കൊണ്ടേയിരുന്നു. മഴയൊഴിഞ്ഞ പകല്‍. വെയില്‍നരച്ചു. കാറ്റില്‍ ജീവന്റെ ഒച്ചയനക്കം. അടക്കിയ കരച്ചില്‍.. ഭയം തിരയുന്ന കണ്ണുകള്‍.. ചിതറിപ്പോയ നഷ്‌ടജീവിതചിഹ്നങ്ങള്‍ സാക്ഷ്യം നിന്നു.

കാഴ്‌ചയുടെ ദിക്ക്‌ അവസാനിക്കുന്നിടത്ത്‌, മണ്ണിലേക്ക്‌ ആഴ്‌ന്നുപോയ ഒരു കുമ്പസാരകൂട്‌. സത്യങ്ങള്‍ പെയ്‌തൊഴിഞ്ഞ കൂടിന്‌ കീഴെ മരണം വലിച്ച്‌ കൊണ്ടുപോയ ഒരായുസിന്റെ ഒടുക്കത്തെ പിടച്ചിലെപ്പോഴോ ഹൃദയത്തിലേക്ക്‌ ചേര്‍ത്തു വച്ച കൈയ്‌ക്കുളളില്‍ പൊട്ടിപ്പോയ ജപമാലയില്‍ കുടുങ്ങി കര്‍ത്താവ്‌... ബാക്കി കൊന്തമണികള്‍ കുമ്പസാരകൂടിന്റെ ജാലകപഴുതിലൂടെ ഒന്നൊന്നായി ഊര്‍ന്ന്‌ അയാളുടെ നെറുകയിലേക്ക്‌ അങ്ങനെയങ്ങനെ....യങ്ങനെ...

എം.എച്ച്‌. സഹീര്‍


-, ദുബായ്,



Your response will be e-Mailed to the poster.