ഞങ്ങളീ ഗ്രാമത്തിലെ താമസക്കാര്‍. യാതൊരുവിധ പ്രയാസങ്ങളുമില്ലാതെ എല്ലാവരും സന്തോഷത്തോടുകൂടിയാണ് ഇവിടെ വസിക്കുന്നത്. കുന്നും വലലേലകളും പറമ്പുകളും കുണ്ടനിടവഴികളും നിറഞ്ഞതാണ് ഈ ഗ്രാമം. ഓരോ കുടുംബവും പരസ്‌പര സഹകരണത്തോടെയും സ്‌നേഹത്തോടെയും ഇവിടെ ജീവിക്കുന്നു. അതുകൊണ്ടുതന്നെ ദുരിതദുഃഖങ്ങളൊന്നും ഞങ്ങള്‍ക്ക് ഏശാറില്ലായിരുന്നു. ഇല്ലായ്‌മകളും വല്ലായ്‌മകളും ഗ്രാമത്തില്‍നിന്ന് തുടച്ചുമാറ്റാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായിരുന്നു.
എല്ലാ ആഘോഷങ്ങളും ഞങ്ങള്‍ ഒന്നിച്ച് നടത്തി.
വിഷു
ഓണം
പെരുന്നാള്‍
ക്രിസ്‌തുമസ്
തുടങ്ങിയവയൊക്കെ- അതുപോലെ
ജനനം
വിവാഹം
സല്‍ക്കാരങ്ങള്‍
കലാപ്രവര്‍ത്തനങ്ങള്‍
അങ്ങിനെയങ്ങിനെ നിരവധി ആചാരങ്ങളും അനുഷ്‌ഠാനങ്ങളും.. ചിലപ്പോള്‍ കടന്നുവരുന്ന മരണം ഗ്രാമത്തെയാകെ ദുഃഖിപ്പിക്കുന്നു. അപ്പോഴും എല്ലാവരുടെയും സഹായവും സഹകരണവും ദുഃഖത്തിന്റെ തീവ്രത കുറയ്‌ക്കുന്നു.
അതുകൊണ്ട് ഞങ്ങള്‍ക്ക് ഞങ്ങളുടെ ഗ്രാമത്തെ 'ഒരുമ'യുടെ ഗ്രാമം എന്ന് വിളിക്കുന്നതില്‍ ഒരു സങ്കോചവുമില്ലായിരുന്നു.
ഞങ്ങളുടെ ഗ്രാമക്കാര്‍ ആരുംതന്നെ മറ്റൊരു ഗ്രാമത്തിലേക്ക് ചേക്കേറാന്‍ ആഗ്രഹിച്ചില്ല. അതുപോലെ ജനിച്ച മണ്ണ് അന്യാധീനപ്പെടാനും ഞങ്ങള്‍ അനുവദിച്ചില്ല.
അങ്ങിനെയിരിക്കെയാണ് ഗ്രാമത്തിലെ മണിശങ്കര്‍ അയ്യരുടെ മകന്‍ മോഹന സുബ്രഹ്‌മണിക്ക് എയര്‍ഫോഴ്‌സില്‍ ജോലി കിട്ടുന്നത്. ഇതിനുമുമ്പ് കീഴോത്ത് തറവാട്ടിലെ ഉണിക്കോരന്‍ നായരുടെ മകന്‍ ഗോപാലകൃഷ്‌ണന് ഒരു സ്വകാര്യ സ്‌കൂളില്‍ ജോലി ലഭിച്ചു എന്നതല്ലാതെ മറ്റാര്‍ക്കും തന്നെ ഇവിടെ സര്‍ക്കാര്‍ ജോലി ലഭിച്ചിരുന്നില്ല എന്നത് വാസ്‌തവം.
മോഹനസുബ്രഹ്‌മണിക്ക് ജോലി ലഭിച്ചത് അങ്ങ് ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയിലും. മകന്‍ പോയാല്‍പിന്നെ അയ്യരും ഭാര്യ സുബ്രഹ്‌മാളും മാത്രമായി വീട്ടില്‍. ഞങ്ങളുടെ ഗ്രാമത്തിന്റെ പ്രത്യേകതയനുസരിച്ച് ഒറ്റപ്പെടലിന്റെ വ്യഥ അയ്യര്‍ക്കും ഭാര്യക്കും അനുഭവപ്പെടില്ല.
എന്നാല്‍ ഇതുവരെ മകനെ പിരിഞ്ഞിരുന്നിട്ടില്ലാത്ത അയ്യര്‍ക്കും ഭാര്യക്കും മകന്റെ അഭാവം വല്ലാത്ത മാനസികപ്രയാസം ഉണ്ടാക്കി. സുബ്രഹ്‌മണിക്കും അങ്ങിനെതന്നെ.
മോഹനസുബ്രഹ്‌മണി പോയതിനുശേഷം കത്തകളുടെ പ്രവാഹം. കത്തെഴുതാനും വായിക്കാനും മാത്രം അവര്‍ സമയം കണ്ടെത്തി. ഭക്ഷണം വേണ്ട, ഉറക്കമില്ല. ആകെക്കൂടി അസ്വസ്ഥമായ ദിനരാത്രങ്ങള്‍.
ഗ്രാമജനത അവരെ ആശ്വസിപ്പിക്കുവാന്‍ എത്ര ശ്രമിച്ചിട്ടും അവരുടെ മനസ്സില്‍ നിന്നും മകനെ വേര്‍പിരിഞ്ഞതിന്റെ ദുഃഖമകറ്റാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അവരുടെ ദുഃഖം ഗ്രാമത്തിന്റെ ദുഃഖമായി.
മോഹനസുബ്രഹ്‌മണി ഉപയോഗിച്ചിരുന്ന വസ്‌ത്രങ്ങളും പുസ്‌തകങ്ങളും, കട്ടിലും, കസേരകളും മേശകളും എല്ലാം മണിശങ്കര്‍ അയ്യരില്‍ എന്തെന്നില്ലാത്ത വേര്‍പിരിയലിന്റെ അസ്വസ്ഥത പടര്‍ത്തിക്കൊണ്ടിരുന്നു. കിട്ടിയ ജോലി ഉപേക്ഷിച്ചു പോരേണ്ടിവരുമെന്ന ഘട്ടമെത്തിയപ്പോഴാണ് അച്‌ഛനെയും അമ്മയെയും ഡല്‍ഹിക്ക് കൊണ്ടുപോകുന്നു എന്ന വാര്‍ത്ത ഗ്രാമത്തില്‍ പരന്നത്. അത് അയ്യര്‍ക്കും അമ്മാള്‍ക്കും സന്തോഷത്തിന് വകനല്‍കി. മോഹനസുബ്രഹ്‌മണിക്കും അങ്ങിനെതന്നെയാണല്ലോ? പക്ഷെ ഞങ്ങളുടെ ഗ്രാമജനതയുടെ കാര്യമോ? അതാണ് ഏറെ സങ്കടം. അതുവരെ ഞങ്ങളുടെ ഗ്രാമത്തിന്റെ ഒരു ഭാഗമായ അയ്യരുടെ കുടുംബം ഡല്‍ഹിയിലേക്ക് താമസം മാറ്റുന്നു. ഇനി ആ വീട് അടഞ്ഞുകിടക്കും. ഗ്രാമത്തിലെ ആര്‍ക്കും അവിടെ ചെന്ന് സുഖാന്വേഷണങ്ങള്‍ നടത്തേണ്ട.
അങ്ങിനെ ആ ദിനവും വന്നു.
അയ്യരും അമ്മാളും മകനോടൊപ്പം ഡല്‍ഹിയിലേക്ക് യാത്രയായി. ഗ്രാമം ഒന്നടങ്കം അവരെ യാത്രയാക്കി. അന്ന് 'ഒരുമ'യുടെ ഗ്രാമം ഉറങ്ങിയില്ല. എല്ലാവരുടെയും മനസില്‍ ഒരു വേര്‍പിരിയലിന്റെ അലോസരം ഉയര്‍ന്നുകൊണ്ടേയിരുന്നു
പിന്നീട് ഞങ്ങള്‍ അടഞ്ഞുകിടന്ന അയ്യരുടെ ഭവനം നോക്കി നെടുവീര്‍പ്പിട്ടു. അനാഥമായ ഒരു ഭവനം.
ഇനി എപ്പോഴാണ് അവിടെ വിളക്ക് തെളിയുക.
ഞങ്ങള്‍ കാത്തിരുന്നു.
ഞങ്ങള്‍ സമാധാനിച്ചു.
കുറച്ചുകാലം കഴിയുമ്പോള്‍ അവര്‍ തിരിച്ചുവരും.
മോഹനസുബ്രഹ്‌മണിക്ക് വിവാഹം നടക്കും. പിന്നെ അവര്‍ ഇവിടെത്തന്നെയാകും.
മോഹനസുബ്രഹ്‌മണി ഭാര്യയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. എന്നാലും ഇടയ്‌ക്കിടക്ക് ലീവ് തരമാകുമ്പോള്‍ ഇവിടെ വരുമല്ലോ. അന്ന് ഈ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് സന്തോഷമാകും.
അയ്യരുടെ ഭവനം ചിലപ്പോഴെങ്കിലും സജീവമാകും. മോഹനസുബ്രഹ്‌മണിക്ക് കുട്ടികള്‍ ജനിക്കും. അപ്പോള്‍ ആ വീട് ശബ്‌ദമുഖരിതമാകും.
ഞങ്ങള്‍ ഗ്രാമക്കാര്‍ അങ്ങിനെയൊക്കെ സമാധാനിച്ചു. പക്ഷെ ഞങ്ങളെയൊന്നും അമ്പരപ്പിച്ച് കൊണ്ട് സംഭവം മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു.
പരിചയമില്ലാത്ത കുറെ മുഖങ്ങള്‍ ഞങ്ങളുടെ ഗ്രാമത്തിലെത്തി. അയ്യരുടെ ഭവനം സന്ദര്‍ശിക്കാനാണ് അവര്‍ വന്നത്. എന്തിനായിരിക്കും?
അയ്യര്‍ അയാളുടെ സ്ഥലവും വീടും വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
ആ വാര്‍ത്ത ഞങ്ങളെ തളര്‍ത്തി. ഗ്രാമത്തിലെ ആദ്യത്തെ സംഭവം. ഞങ്ങളുടെ ദേശക്കാരുടെ ആദ്യ അനുഭവം. എന്ത് ചെയ്യും? അയ്യരുടെ സ്വത്തല്ലെ. അത് വില്‍ക്കുന്നതില്‍ ഗ്രാമക്കാര്‍ക്ക് തടസം നില്‍ക്കാന്‍ പറ്റുമോ? ഏതായാലും അയ്യര്‍ വന്നാല്‍ അത് വില്‍ക്കാതിരിക്കാന്‍ ഒന്നുപദേശിക്കാമെന്ന് കരുതി.
പക്ഷെ ജനം നിരാശരായി.
അയ്യരും കുടുംബവും ഇനി ഈ ഗ്രാമത്തിലേക്കില്ല. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അപ്പോള്‍ ഈ ഭവനവും പുരയിടവും നോക്കി നടത്താന്‍ പ്രയാസം. അതുകൊണ്ട് വസ്‌തു കൈമാറുന്നു. അങ്ങിനെയാണ് 'ജോസഫ് എന്ന ഡാനിയേല്‍' ഞങ്ങളുടെ ഗ്രാമക്കാരനായത്.
ഗ്രാമത്തിലെ പുതിയ താമസക്കാരന്‍, വളരെ നല്ല സ്വഭാവം.
ഗ്രാമക്കാര്‍ക്ക് ഡാനിയേലിനെ വളരെ ഇഷ്‌ടമായി. ഗ്രാമവാസികളെ തന്റെ പെരുമാറ്റം കൊണ്ട് കൈയിലെടുക്കാന്‍ ഡാനിയേലിന് കഴിഞ്ഞു. ദിവസങ്ങള്‍ക്ക് ചിറകുമുളച്ച് അത് പറന്നുകൊണ്ടേയിരുന്നു.
അയ്യരെയും കുടുംബത്തെയും ഞങ്ങള്‍ മറന്നു.
അത് സ്വാഭാവികം.
മറക്കുകയല്ല, കാലചക്രത്തില്‍പെട്ട് ഒഴുകിക്കൊണ്ടിരിക്കുമ്പോഴുണ്ടാകുന്ന ഓര്‍മ്മയുടെ നിറംമങ്ങല്‍. അത്രമാത്രം.
അയ്യര്‍ക്ക് പകരം ഡാനിയേല്‍!
പ്രഭാതകുളിരേറ്റുവാങ്ങി ഞങ്ങള്‍ ഉറക്കമുണര്‍ന്നപ്പോഴാണ് കാതടപ്പിക്കുന്ന ഭയങ്കരശബ്‌ദം കേട്ടത്. ഗ്രാമത്തിലാകെ മഞ്ഞുപെയ്യുന്നതുപോലെ - മഞ്ഞുപെയ്യാന്‍ ഇത് മകരമാസവുമല്ല. പിന്നെന്താണ്?
ഞങ്ങള്‍ ഗ്രാമവാസികള്‍ ശബ്‌ദം പുറപ്പെടുവിക്കുന്ന ദിക്കുനോക്കി നടന്നു. ഡാനിയേലിന്റെ പുരയിടത്തില്‍ നിന്നായിരുന്നു ആ ശബ്‌ദം. അയാളുടെ വീടിനോട് ചേര്‍ന്നുളള പാറക്കെട്ടിനടുത്ത് നിന്നാണ് പൊടിപടലം ഉയരുന്നത്. ഇല്ലത്തിന്റെ പടിവാതില്‍ക്കല്‍ ഒരു കൂറ്റന്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുന്നു. അതില്‍നിന്നാണ് ഭീതിദമായതും കാതടപ്പിക്കുന്നതുമായ ശബ്‌ദം.
ഞങ്ങള്‍ അന്വേഷണമായി. സ്വതസിദ്ധമായ ചിരിയോടെ ഡാനിയേല്‍ മൊഴിഞ്ഞു.
"ഇവിടെ ഒരു കിണര്‍ കുഴിക്കുന്നു. പാറ തുറന്ന് ഒരു കിണര്‍."
"ഒരു കിണറുണ്ടല്ലോ. പിന്നെന്തിനാണ് മറ്റൊരു കിണര്‍.' ഞങ്ങളുടെ അടുത്ത ചോദ്യം കേട്ടപ്പോഴും അയാള്‍ തന്റെ മാഞ്ഞുപോകാത്ത ചിരിയുമായി അതിനും മറുപടി പറഞ്ഞു.
"അത് വീട്ടാവശ്യത്തിന്. ഇത് കൃഷിക്ക്!"
ഞങ്ങള്‍ക്ക് തൃപ്‌തിയായി. പാറക്കെട്ടിനോട് ചേര്‍ന്നു കിടക്കുന്ന വിശാലമായ പാടം. അവിടെ കൃഷിയിറക്കിയിട്ട് വര്‍ഷങ്ങളോളമായി. കാര്‍ഷികവൃത്തിയില്‍ നഷ്‌ടം സംഭവിച്ചതോടെ അയ്യരത് നിര്‍ത്തുകയായിരുന്നു. ഏതായാലും ജോസഫ് എന്ന ഡാനിയേലിന്റെ നല്ല മനസ്സിന് ഞങ്ങള്‍ നന്ദി പറഞ്ഞു. കുറെ പേര്‍ക്കെങ്കിലും വയലില്‍ പണിയെടുക്കാമല്ലൊ എന്നോര്‍ത്തപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമായി.
പിന്നീടാണ് ഞങ്ങളെ അത്ഭുതപ്പെടുത്തികൊണ്ട് അവിടെ കൂറ്റന്‍ വാട്ടര്‍ടാങ്ക് വന്നത്. അപ്പോഴും ഞങ്ങള്‍ സന്തോഷിച്ചു. തുടര്‍ന്ന് വലിയ കെട്ടിടങ്ങള്‍. വിലകൂടിയ യന്ത്രങ്ങള്‍. ധാരാളം ജോലിക്കാര്‍. പേരിന് ഗ്രാമത്തിലെ ആള്‍ക്കാര്‍ക്കും അവിടെ ജോലി കിട്ടി. ഞങ്ങള്‍ ഗ്രാമക്കാര്‍ സന്തോഷിക്കാതെന്ത് ചെയ്യും?
ഒരിക്കല്‍ ഞങ്ങള്‍ ആ കെട്ടിടവും അവിടുത്തെ പ്രവര്‍ത്തനവും വീക്ഷിക്കാന്‍ ചെന്നു. വളരെ മാന്യമായ ഡാലിയേലിന്റെ സംഭാഷണത്തില്‍ ഞങ്ങള്‍ ആകൃഷ്‌ടരായി. അദ്ദേഹം ഞങ്ങളെ സ്‌നേഹത്തോടെ സ്വീകരിച്ചു. വര്‍ണ്ണത്തില്‍ പൊതിഞ്ഞ കുപ്പിയിലെ ജലം കുടിക്കാന്‍ തന്നു. അതിന്റെ രുചിയിലും ഞങ്ങള്‍ മയങ്ങി. വലിയ വാഹനങ്ങളില്‍ നിറമുളള പാനീയം പുറത്തേക്കൊഴുകി.
'തരിശുനിലം കൃഷിയോഗ്യമാക്കുമെന്നും പറഞ്ഞിരുന്നല്ലോ' ചിലരിലെ സംശയങ്ങള്‍ക്ക് മറുപടി വന്നു. ഈ പാനീയത്തിന്റെ വിറ്റുവരവിലെ ലാഭം കൃഷിക്കായി നീക്കിവെക്കും.
ജോസഫ് ഡാനിയേല്‍ ഞങ്ങളുടെ സംരക്ഷകന്‍. ഗ്രാമമൊന്നാകെ അങ്ങനെ മൊഴിഞ്ഞു.
ആദ്യമൊക്കെ സൗജന്യമായി ലഭിച്ച പാനീയത്തിന് പിന്നീട് വില നല്‍കേണ്ടിവന്നു. ഞങ്ങളില്‍ പലരും അത് കുടിക്കാതായി. പക്ഷെ ഞങ്ങളുടെ കുട്ടികള്‍ കരയാന്‍ തുടങ്ങി. 'സില്‍ക്ക' വേണം... 'സില്‍ക്ക' വേണം. ആ പാനീയത്തിന്റെ പേര് കുട്ടികളില്‍ പതിഞ്ഞുപോയിരിക്കുന്നു. അവരുടെ കരച്ചില്‍ മാറ്റാന്‍ എന്തു വില കൊടുത്തും 'സില്‍ക്ക' വാങ്ങേണ്ടിവന്നു. യുവതീ യുവാക്കള്‍ ഊണിനോടൊപ്പം 'സില്‍ക്ക' കുടിച്ചു തുടങ്ങി. അവര്‍ക്ക് സാധാരണജലം വേണ്ടാതായി.
ഒരു സുപ്രഭാതത്തില്‍ ഞങ്ങളുടെ കിണറുകളില്‍ വെളളം നന്നേ കുറഞ്ഞു. പിന്നീട് അത് അടിത്തട്ടിലേക്ക് താണുതാണുപോയി.
ഞങ്ങള്‍ ഗ്രാമജനത ഡാനിയേലിന്റെ ഫാക്‌ടറിപടിക്കലേക്ക് നീങ്ങി.
കിണറിലെ ജലം കുറയാന്‍ കാരണം അയാളുടെ ആ വലിയ കിണറാണെന്ന് ഞങ്ങളില്‍ ചിലര്‍ തിരിച്ചറിഞ്ഞിരുന്നു.
അപ്പോഴും അയാള്‍ സ്വതസിദ്ധമായ ശൈലിയില്‍ പുഞ്ചിരിച്ചു.
"വെളളത്തിനു പകരം ശുദ്ധമായ സില്‍ക്ക കഴിക്കൂ. പരിശുദ്ധമായ പാനീയം. നിങ്ങളുടെ കിണറുകളിലെ ജലം അശുദ്ധമാണ്. അതുകൊണ്ട് കിണര്‍ജലം ഒഴിവാക്കൂ."
ഞങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്യേണ്ടെ. കുളിക്കേണ്ടെ. വസ്‌ത്രങ്ങള്‍ അലക്കേണ്ടെ. ഞങ്ങളുടെ ആശങ്കകള്‍ക്കൊക്കെ അയാള്‍ക്ക് മറുപടിയുണ്ടായിരുന്നു.
'നിങ്ങള്‍ ഭയപ്പെടേണ്ട. നിങ്ങള്‍ക്കാവശ്യമുളള വെളളം ഞാന്‍ തരും. എല്ലാവരുടെയും വീട്ടുമുറ്റത്ത് പൈപ്പ്‌വഴി വെളളമെത്തിക്കും. ടാപ്പ് ഫിറ്റ് ചെയ്യും. പിന്നെ വെളളം കിണറില്‍നിന്നും കോരിയെടുക്കേണ്ട."
ഡാനിയേലിന്റെ മധുരവും സൗമ്യവുമായ സ്വരം ഞങ്ങളെ ആനന്ദനിര്‍വൃതിയിലേക്ക് നയിച്ചു. എന്നാല്‍ ചിലര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ ഭൂരിപക്ഷത്തന്റെ അഭിപ്രായം പാലിക്കപ്പെട്ടു.
ഞങ്ങള്‍ ഞങ്ങളുടെ കിണറുകള്‍ മണ്ണിട്ട് മൂടി. മുറ്റത്തെ വാട്ടര്‍ടാപ്പില്‍ നിന്നും വെളളം ആവശ്യാനുസരണം എടുത്തുപയോഗിച്ചു. ഒരു മാസം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഗ്രാമക്കാര്‍ക്ക് ഒരു തപാല്‍ കിട്ടി. അതില്‍ ഇപ്രകാരം എഴുതിയിരുന്നു.
നിങ്ങളുപയോഗിച്ച വെളളക്കരം 250.00 രൂപ.
10-12-05ന് മുമ്പായി വെളളക്കരമടച്ചില്ലെങ്കില്‍ നിങ്ങളുടെ വീട്ടിലേക്കുളള വാട്ടര്‍ കണക്‌ഷന്‍ നിര്‍ത്തലാക്കും.
ഞങ്ങള്‍ ഒന്നടങ്കം രശീത് വലതുകൈയിലുയര്‍ത്തി പിടിച്ച് ജോസഫ് ഡാനിയേലിന്റെ ഫാക്‌ടറിയിലേക്ക് നീങ്ങി. ഫാക്‌ടറികവാടത്തിന് മുമ്പില്‍ നൂറുകണക്കിന് ഡാനിയേല്‍മാര്‍ കൈയില്‍ തോക്കുകളേന്തി നിലയുറപ്പിച്ചിരുന്നു. അവര്‍ക്കെല്ലാം നടുവില്‍ ജോസഫ് എന്ന ഡാനിയേല്‍.
അയാളുടെ മുഖത്ത് പുഞ്ചിരി കണ്ടില്ല. ആ മുഖം ഇരുണ്ടതായിരുന്നു. അയാളുടെ കണ്ണുകള്‍ കഴുകന്‍ കണ്ണുകള്‍പോലെ തിളങ്ങിക്കൊണ്ടിരുന്നു.
കെ.വി പ്രഭാകരന്‍