വന്‍കര വിസ്ഥാപനം

അരുന്ധതിയുടെ ശാഠ്യങ്ങള്‍ക്കുമുമ്പില്‍ അമ്മ തോറ്റുപോകുന്ന ചില സന്ദര്‍ഭങ്ങളുണ്ട്‌. അവള്‍ ചിലപ്പോള്‍ മുതിര്‍ന്ന ഒരാളെപ്പോലെയാണ്‌ പെരുമാറുക. അപ്പോള്‍ തന്റെ പ്രതീക്ഷകള്‍ക്കനുസരിച്ച്‌ മകള്‍ വളരുന്നതിന്റെ തൃപ്‌തി അമ്മയുടെ മുഖത്ത്‌ വിരിയും. അവരുടെ കണ്ണടയുടെ കട്ടിച്ചില്ലുകള്‍ക്കപ്പുറത്ത്‌ അരുന്ധതിക്ക്‌ ഒന്നും കാണാന്‍ കഴിയില്ല. എങ്കിലും കൊത്തിയെടുത്തതുപോലെ ദൃഢവും ഭംഗിയുളളതുമായ ചുണ്ടുകളുടെ കോണില്‍ അരുന്ധതിക്കു മാത്രം കാണാവുന്ന ഒരു ചിരി പൊടിയും- ഒരഭിനന്ദനം. അതു കാണ്‍കേ അവള്‍ക്ക്‌ വല്ലാത്തൊരീറ വരും- ഈ അമ്മയ്‌ക്കെന്താ ഒന്നു നന്നായി ചിരിച്ചുകൂടെ? ചിരി വരാവുന്ന മറ്റു സന്ദര്‍ഭങ്ങളുണ്ട്‌. പക്ഷെ അപ്പോള്‍ അമ്മ സ്ഥിരമായി പറയുന്നൊരു വാക്യമുണ്ട്‌. 'ഡോണ്ട്‌ ബി സില്ലി'. സില്ലി ആവാതിരിക്കാന്‍ അരുന്ധതി ശ്രമിച്ചു.

ഒരു 'പിടി തരായ്‌ക' കിടന്നു കറങ്ങുന്നുണ്ടായിരുന്നു അവളുടെ ബോധത്തില്‍. നോട്ടങ്ങള്‍ക്കെല്ലാമപ്പുറത്താണ്‌ കാഴ്‌ചകളേറെയും എന്ന മട്ടില്‍ ഒരു ഇരിക്കപ്പൊറുതിയില്ലായ്‌മ അവളെ നിസ്സഹായതയുടെ കയത്തിലെറിഞ്ഞു. ആ നിസഹായതയില്‍നിന്നാണ്‌ തന്റെ നിസ്സാരത അവള്‍ തിരിച്ചറിഞ്ഞത്‌. അസഹ്യമായ ഒരറിവായിരുന്നു അത്‌. തന്റെ നാട്യങ്ങളെല്ലാം തിരിച്ചറിയപ്പെട്ട ഒരു പാവം പെണ്‍കുട്ടിയായിരുന്നു അരുന്ധതി.

നിസാരമായ ഇടയിളക്കങ്ങളില്‍ നിന്നാണ്‌ കാലക്രമേണ വന്‍കരാ വിസ്ഥാപനങ്ങള്‍പോലും സംഭവിക്കുന്നതെന്ന്‌ ജ്യോഗ്രഫിയാണ്‌ അവളോടു പറഞ്ഞത്‌. 'പ്ലേറ്റ്‌ ടെക്‌റ്റോണിക്‌സ്‌' എന്നാണ്‌ മിസ്സ്‌ പറഞ്ഞത്‌. അവരുടെ കാരുണ്യം നിറഞ്ഞ വലിയ ചിരിയ്‌ക്കപ്പുറത്ത്‌ വേള്‍ഡ്‌ മാപ്പ്‌ തൂങ്ങിക്കിടന്നു. മിസ്സിന്റെ സൗമ്യഭാവത്തിന്‌ ഒരിക്കലും ചേരാത്തതാണ്‌ ജോഗ്രഫി. പൊതുവെ വിഷമമാണ്‌ അവള്‍ക്കത്‌. എങ്കിലും മമതയുടെ ഒരു നേര്‍രേഖയിലൂടെ ജ്യോഗ്രഫിയിലേക്ക്‌ ഒരു വഴി കണ്ടെത്താന്‍ അവള്‍ക്ക്‌ കഴിഞ്ഞിരുന്നു. വന്‍കരാ വിസ്ഥാപനത്തെക്കുറിച്ചും ദ്വീപുകള്‍ രൂപം കൊളളുന്ന അന്തര്‍സംഘര്‍ഷത്തെപ്പറ്റിയും അവള്‍ പഠിച്ചത്‌ മിസ്സിന്റെ നിര്‍ബന്ധം കൊണ്ടുമാത്രമായിരുന്നു.

എന്നാല്‍ ഒരു നിലപാടിലും എത്തിച്ചേരാന്‍ അരുന്ധതിക്ക്‌ കഴിയുമായിരുന്നില്ല. തന്റെ അസ്വസ്ഥതകളുടെ മുഴുവന്‍ കാരണം ഈ സന്നിദ്ധാവസ്ഥയാണെന്ന്‌ അവളറിയുകയും ചെയ്‌തിരുന്നു. ഇടക്ക്‌ തന്നെ കാണാനെത്തുന്ന അച്‌ഛനോ തന്നെ മാത്രം ചുറ്റിക്കറങ്ങുന്ന അമ്മയോ ആരുടെ പക്ഷത്താണ്‌ താന്‍ നിലയുറപ്പിക്കേണ്ടതെന്ന്‌ അവള്‍ക്കൊരിക്കലും തീരുമാനിക്കാന്‍ കഴിഞ്ഞില്ല. രണ്ടാളെപ്പറ്റിയും അവള്‍ക്ക്‌ പരിഭവമുണ്ടായിരുന്നു. എന്തിനാണ്‌ അച്‌ഛനുമമ്മയും വേര്‍പിരിഞ്ഞതെന്ന്‌ അവള്‍ക്കൊരിക്കലും മനസ്സിലായില്ല.

മിസ്സിന്റെ ജ്യോഗ്രഫിയില്‍നിന്ന്‌ ഉഷ്‌ണജലപ്രഭാവങ്ങള്‍ അരുന്ധതിയിലേക്കൊഴുകുന്നു. തണുത്തു കിടക്കുന്ന ഉപരിജലത്തിനു താഴെ, നിര്‍ണ്ണയിക്കാനാവാത്ത ആഴങ്ങളില്‍ ഉയര്‍ന്ന ദ്രവണാങ്കങ്ങളില്‍ ഊഷ്‌മാവിന്റെ പ്രവാഹങ്ങള്‍. അവളുടെ കുട്ടിത്തത്തിന്റെ കലപിലകള്‍ക്കപ്പുറത്തുളള നേര്‍മകളിലേക്ക്‌, അവ്യക്തതകളിലേക്ക്‌ ഒരു പ്രസരം അതിന്റെ വജ്രഭേദിയായ വഴി കണ്ടെത്തുന്നു. പൊടുന്നനെ ക്ലാസ്‌ റൂം മാത്രമല്ല മുഴുവന്‍ പ്രപഞ്ചവും ഇരുണ്ടതും നിശബ്‌ദവുമായി മാറിപ്പോകുന്നു.

താന്‍ ക്ലാസില്‍ എഴുന്നേറ്റു നില്‌ക്കുകയാണെന്നും കുട്ടികളും മിസ്സും അമ്പരന്ന്‌ തന്നെ നോക്കുകയാണെന്നും മനസ്സിലായപ്പോള്‍ അരുന്ധതി ഒരു രാത്രി സ്വപ്‌നത്തിന്റെ നടുക്കെപ്പോഴോ തെരുവിലെ പകല്‍വെളിച്ചത്തിലേക്ക്‌ തെറിച്ചുവീണതുപോലെ അരണ്ടുപോയി. ഡസ്‌കിലേക്ക്‌‌ കമിഴ്‌ന്നു വീണ്‌ അനിയന്ത്രിതമായ ഒരു കരച്ചിലിന്റെ ധാരയിലേക്ക്‌ അവള്‍ സ്വയം അലിയിച്ചു കൊടുത്തു. മിസ്‌ പഞ്ഞിപോലെ മൃദുലമായ കൈകൊണ്ട്‌ അവളെ തഴുകുകയും 'അരുന്ധതീ, മോളെ, എന്തുപറ്റി?"- എന്നെല്ലാം ചോദിക്കുകയും ചെയ്‌തു. അതും അവളുടെ നിയന്ത്രണത്തിന്റെ തടയണകളെ തകര്‍ത്തു കളഞ്ഞു.

മിസ്സിന്റെ ഫോണ്‍ കിട്ടിയതും ഞെട്ടിപ്പിടഞ്ഞ്‌ അമ്മ വന്നു. പെട്ടെന്ന്‌ ഞെട്ടിയെഴുന്നേറ്റ്‌ 'അമ്മേ' എന്ന്‌ അലറുകയായിരുന്നു എന്നാണ്‌ മിസ്‌ പറഞ്ഞത്‌. അമ്മ ഒരക്ഷരം മിണ്ടാതെ സ്തബ്ധയായി നില്‌ക്കുന്നത്‌ അരുന്ധതി കണ്ടു. ഒന്നും ഓര്‍മ്മിച്ചെടുക്കാന്‍ അരുസന്ധിക്ക്‌ കഴിഞ്ഞില്ല. ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക്‌ വരുമ്പോള്‍ അമ്മയുടെ കൈ അവളെ ചുറ്റിപ്പിടിച്ചിരുന്നു. 'ഡോണ്ട്‌ ബി സില്ലി' എന്ന്‌ അമ്മ പറഞ്ഞേക്കുമെന്ന്‌ അവള്‍ കരുതി. എന്നാല്‍ അമ്മ നിശ്ശബ്‌ദയായിരുന്നു.

രാത്രി, ഏറെക്കാലത്തിനുശേഷം അമ്മയുടെ കൂടെ കിടക്കുമ്പോള്‍ അവള്‍ക്ക്‌ പ്രത്യേകിച്ച്‌ ഒന്നും തോന്നിയില്ല. അസ്വാതന്ത്ര്യത്തിന്റെ ഒരുല്‍ക്കണ്‌ഠയല്ലാതെ. അമ്മയുടെ വലംകൈ അവളുടെ ദേഹത്തായിരുന്നു. അതുകൊണ്ട്‌ തിരിഞ്ഞു കിടക്കേണ്ടിവന്നപ്പോഴെല്ലാം വളരെ ശ്രദ്ധിച്ചും ശ്വാസമടക്കിപ്പിടിച്ചും ചെയ്യേണ്ടിവന്നു അവള്‍ക്ക്‌. സ്വപ്‌നങ്ങളുടെ ഒരു ഘോഷയാത്ര ആയിരുന്നു രാത്രി. നേര്‍ത്ത മയക്കങ്ങളുടെ ഇടയുണര്‍ച്ചകളിലെല്ലാം കണ്ട സ്വപ്‌നത്തെപ്പറ്റി അമ്പരക്കുകയായിരുന്നു അവള്‍. അന്നാദ്യമായി അവള്‍ അച്‌ഛനെ സ്വപ്‌നം കണ്ടു. നേര്‍ത്ത നിലാവില്‍ ഏതോ മരച്ചുവട്ടില്‍ നില്‌ക്കുന്ന ഒരവ്യക്ത രൂപം. മയങ്ങിയും ഉണര്‍ന്നും അവള്‍ രാത്രി കഴിച്ചുകൂട്ടി.

പ്രഭാതത്തില്‍ നേര്‍ത്ത ഒരു പനി അവളെ അലസയാക്കിക്കളഞ്ഞു. കിടക്കയില്‍ നിന്ന്‌ എഴുന്നേല്‍ക്കാന്‍പോലും അവള്‍ക്ക്‌ തോന്നിയില്ല. എഴുന്നേല്‌ക്കാനും സ്‌കൂളില്‍ പോകാനും അമ്മ നിര്‍ബന്ധിച്ചതുമില്ല. ഒരു ദിവസം വിശ്രമിച്ചോളൂ എന്ന്‌ ഭാവിക്കുന്നതായി തോന്നുമായിരുന്നു അമ്മയുടെ മുഖം കണ്ടാല്‍. എന്നാല്‍ അരുന്ധതിയെ ഒറ്റക്കാക്കിയിട്ട്‌ എങ്ങനെയാണ്‌ ആപ്പീസില്‍ പോവുക എന്ന്‌ അവര്‍ കൂടെക്കൂടെ ആശങ്കപ്പെടുകയും ചെയ്‌തു. 'അമ്മ പൊയ്‌ക്കോളൂ' എന്ന്‌ പലതവണ അരുന്ധതി പറഞ്ഞതിനുശേഷമാണ്‌ അമ്മ പോയത്‌. പോകുംമുമ്പ്‌ ഒരു നൂറു നിര്‍ദ്ദേശങ്ങള്‍ അരുന്ധതിക്ക്‌ നല്‌കുകയും ചെയ്‌തു.

'മുന്‍വാതിലും അടുക്കളവാതിലും അടച്ച്‌ താഴുതിടുക, ആരുവിളിച്ചാലും കതക്‌ തുറക്കരുത്‌- പ്രത്യേകിച്ച്‌ പുരുഷന്‍മാര്‍! ജനല്‍ തുറന്ന്‌ കാര്യം പറഞ്ഞാല്‍ മതി. എന്തെങ്കിലും കുഴപ്പം തോന്നിയാല്‍ ഉടന്‍ അടുത്ത വീട്ടിലേക്ക്‌ ഫോണ്‍ ചെയ്യുക. എന്നിട്ട്‌ ഉടന്‍ തന്നെ അമ്മയുടെ മൊബെയിലിലേക്ക്‌ വിളിക്കുക.' അമ്മയുടെ വെപ്രാളം കണ്ടപ്പോള്‍ അരുന്ധതിക്ക്‌ ചിരിവന്നു.

വെറുതെയിരുന്ന്‌ മുഷിഞ്ഞപ്പോഴാണ്‌ അരുന്ധതി അമ്മയുടെ അലമാര പരതാന്‍ തുടങ്ങിയത്‌. അമ്മയുടെ സ്വകാര്യശേഖരങ്ങളിലേക്ക്‌ ഒട്ടൊരു വിസ്‌മയത്തോടെ അവള്‍ കടന്നുചെന്നു. കുറെ ഡയറികളുണ്ടായിരുന്നു അമ്മയുടെ സ്വകാര്യ ശേഖരത്തില്‍. ചില ഡയറികളില്‍ നിറയെ കവിതകളായിരുന്നു. അരുന്ധതി ചിരിച്ചുപോയി. കവിതകള്‍! അമ്മ കവിതയെഴുതുക! കട്ടിക്കണ്ണടയ്‌ക്കുളളിലെ കരിങ്കല്‍ ഗൗരവത്തിന്‌ കവിത! 'ഡോണ്ട്‌ ബിസില്ലി' എന്ന ഒരൊറ്റ വാക്യത്തിലൂടെ തന്റെ കളിമ്പങ്ങളെ മുഴുവന്‍ നിലം പരിശാക്കിക്കളയുന്ന പ്രായോഗികമതിയായ ഒരു 'വീട്ടമ്മ'.

അതോടൊപ്പം അമ്മയുടെ കവിതയുടെ ഉറവുകള്‍ വറ്റിപ്പോയ വഴികളും അവള്‍ കണ്ടു.

1992 ഫെബ്രു-10

ഏറെക്കാലമായി കവിതയെഴുതിയിട്ട്‌. എഴുതാന്‍ തോന്നുന്നില്ല. എന്നാലിന്ന്‌- എന്തോ-ഒരു പ്രചോദനം. പക്ഷെ എഴുതാനിരുന്നപ്പോള്‍ ഒരക്ഷരം പോലും പുറത്തുവരുന്നതുമില്ല. മനസ്സില്‍ എന്തൊക്കെയോ നിറഞ്ഞുനില്‌ക്കുന്നുണ്ട്‌. കുറെനേരത്തിനുശേഷം ഒന്നുമെഴുതാതെ എഴുന്നേറ്റു പോയി. ഉച്ചയൂണിനുളള കറികള്‍ ഉണ്ടാക്കുമ്പോഴും മനസ്‌ കവിതയുടെ മേഘവീഥികളിലായിരുന്നു. ശിവേട്ടനില്‍നിന്ന്‌ ആദ്യമായി ഇന്നൊരു പ്രശംസ കിട്ടി. കറി വളരെ നന്നായിരിക്കുന്നുവെന്ന്‌. പെട്ടെന്ന്‌ എനിക്ക്‌ കരയണമെന്നു തോന്നി. ശിവേട്ടനറിയില്ലല്ലോ എന്റെ കവിതയായിരുന്നു ആ കറിയെന്ന്‌.

1993 ഏപ്രില്‍ ഇരുപത്‌.

ശിവേട്ടന്റെ പെരുമാറ്റം ചിലപ്പോഴൊക്കെ സഹിക്കാവുന്നതിലപ്പുറമാകുന്നുണ്ട്‌. മാറിയിരുന്ന്‌ കരയുകയല്ലാതെ മറ്റെന്താണ്‌ ചെയ്യുക? ഞാന്‍ ശ്രമിക്കാത്തതു കൊണ്ടാണത്രേ ജോലി കിട്ടാത്തത്‌. നന്നായി പ്രിപ്പയര്‍ ചെയ്‌താല്‍ പി.എസ്‌.സി പരീക്ഷ പാസാകാന്‍ വിഷമമൊന്നുമില്ലെന്നാണ്‌ ശിവേട്ടന്‍ പറയുന്നത്‌. ശരിയായിരിക്കാം. രാത്രി അടുക്കളയടച്ച്‌ പഠിക്കാനിരിക്കുമ്പോള്‍ മണി പതിനൊന്നു കഴിയും. ജനറല്‍നോളജിന്റെ ഉണക്കപ്പുസ്‌തകം കൈയിലെടുക്കുമ്പോഴേ എനിക്കുറക്കം വരും. മതി. കിടക്കട്ടെ.

1994 ജനുവരി പതിനേഴ്‌

രാത്രി 12 മണി. കണ്ണ്‌ നിറഞ്ഞിരിക്കുന്നതിനാല്‍ ഒന്നും വായിക്കാന്‍ കഴിയുന്നില്ല. രാത്രി വായിക്കാനിരുന്നതേയുളളൂ. ഞാനൊന്ന്‌ മയങ്ങിപ്പോയി. മുഖത്ത്‌ ആരോ കല്ലെറിയുന്നതുപോലെയാണ്‌ തോന്നിയത്‌. ഞെട്ടിയുണര്‍ന്നപ്പോള്‍ മനസ്സിലായി. ശിവേട്ടന്‍ മുഖത്ത്‌ വെളളം കുടഞ്ഞതാണ്‌. രണ്ടുപേര്‍ക്കും ജോലിയില്ലെങ്കില്‍ ജീവിക്കാനാവില്ല എന്നാണ്‌ ശിവേട്ടന്‍ പറയുന്നത്‌. എനിക്ക്‌ ജോലി കിട്ടിയില്ലെങ്കില്‍ ശിവേട്ടന്‍ എന്നെ ഉപേക്ഷിച്ചേക്കും. ഇതാ ശിവേട്ടനും മോളും വീണ്ടും ഉറങ്ങിക്കഴിഞ്ഞു. മോളുടെ അടുത്തുകിടന്ന്‌ ശിവേട്ടനെയും കെട്ടിപ്പിടിച്ച്‌ ഉറങ്ങാന്‍ കൊതിയാകുന്നു. പക്ഷെ...

1993 മെയ്‌ പതിനെട്ട്‌

പന്ത്രണ്ടാമത്തെ പി.എസ്‌.സി പരീക്ഷയും ഇന്നു കഴിഞ്ഞു. ജില്ല മാറി അപേക്ഷിച്ചാല്‍ സാധ്യതയുണ്ടാകും എന്നു ശിവേട്ടന്‍ പറഞ്ഞതുകൊണ്ടാണ്‌ ആ ജില്ലയില്‍ പരീക്ഷയെഴുതിയത്‌. ഭയമുണ്ടായിരുന്നു തനിയെ പോയിവരാന്‍. ശിവേട്ടന്‍ മോളെയും കൊണ്ട്‌ വീട്ടിലിരുന്നു. അവളെ കൊണ്ടുപോയാല്‍ പരീക്ഷയില്‍ ശ്രദ്ധിക്കാന്‍ കഴിയില്ലെന്ന്‌ ശിവേട്ടന്‍ പറഞ്ഞു. പാവം... എന്റെ മോള്‍... പരീക്ഷാസെന്ററിലെ ബാത്ത്‌റൂമില്‍ മുലപ്പാല്‍ പിഴിഞ്ഞു കളയുമ്പോള്‍ ഞാന്‍ കരയുകയായിരുന്നു. എന്നിട്ടും പാല്‍ നിറഞ്ഞ്‌ മാറിടം വിങ്ങുകയായിരുന്നു പരീക്ഷാഹാളില്‍. ഇടയ്‌ക്കെപ്പോഴോ പുറത്ത്‌ ഒരു കുഞ്ഞുകരഞ്ഞപ്പോള്‍ ഞെട്ടിയെണീറ്റുപോയി. പിച്ച വെക്കുന്ന മകളുടെ പിന്നില്‍ ഒരു മുലക്കുപ്പിയുമായ്‌ നടക്കുന്നത്‌ ശിവേട്ടനാണെന്ന്‌ ഭ്രമിച്ചു പോയി.

അടുത്ത പേജില്‍ ഒരു കവിതപോലെ ഇങ്ങനെ കുറിച്ചിരുന്നു.

-മകളേ

നീ കുടിയ്‌ക്കാത്ത മുലപ്പാല്‍ നിറഞ്ഞ്‌ എന്റെ നെഞ്ചുവിങ്ങുന്നു.

നിന്റെ അച്‌ഛന്‍ കുടിയ്‌ക്കാത്ത സ്‌നേഹം കവിഞ്ഞ്‌ എന്റെ മനവും...

ഈ ബാത്ത്‌റൂമിന്റെ ക്ലോസെറ്റിയില്‍ മുലപ്പാല്‍ എനിക്ക്‌ പിഴിഞ്ഞു കളയാം.

പക്ഷെ സ്‌നേഹത്തെ ഏതു ക്ലോസെറ്റിലാണ്‌ എനിക്ക്‌ പിഴിഞ്ഞ്‌ കളയാന്‍ കഴിയുക?

വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ അടുത്ത ഡയറിക്കുറിപ്പു കണ്ടത്‌.

2001 ആഗസ്‌റ്റ്‌ മൂന്ന്‌

ഇന്ന്‌ ശമ്പളം കിട്ടി. പലചരക്കു കടയിലുണ്ടായിരുന്ന കടം തീര്‍ത്തു. ഇനി വാടക കൊടുക്കണം. വീട്ടിലെത്തിയപ്പോള്‍ പ്രതീക്ഷിച്ചപോലെ. ശിവേട്ടന്‍ വരാന്തയിലുണ്ട്‌. താക്കോല്‍ അയല്‍വീട്ടില്‍ കൊടുക്കാതിരുന്നത്‌ മനഃപൂര്‍വ്വമായിരുന്നു. പുറത്തിരിക്കട്ടെ. കഴിഞ്ഞമാസം മൂന്നാം തീയതി വന്നുപോയിട്ട്‌ പിന്നെ ഇന്നാണ്‌. അരുന്ധതിക്ക്‌ അച്‌ഛനെ കണ്ടിട്ട്‌ പ്രത്യേകിച്ച്‌ സന്തോഷമൊന്നും കാണുന്നില്ല. ഭര്‍ത്താവ്‌! മൂന്നാം തീയതിമാത്രം ഭാര്യയെയും മകളെയും ഓര്‍മ്മിക്കുന്ന ഭര്‍ത്താവ്‌. പുറത്തുതന്നെ കിടക്കട്ടെ. ക്രൂരമായൊരു സംതൃപ്‌തിയാണ്‌ തോന്നുന്നത്‌. ഒന്നുറക്കെ ചിരിക്കാന്‍ തോന്നുന്നുണ്ട്‌. രാവിലെ പറയും- 'പണം ഇവിടെ വെച്ചേക്കണ്ട. ബാക്കി ഇങ്ങെടുക്ക്‌. ബാങ്കിലിട്ടേക്കാം? തരില്ല എന്നു പറയുമ്പോള്‍ ആ മുഖത്തുണ്ടാവുന്ന ഞെട്ടല്‍ മനസ്സില്‍ കാണാന്‍ കഴിയുന്നുണ്ട്‌ ഞെട്ടട്ടെ.

ഡയറിയില്‍ നിന്നു തലയുയര്‍ത്തുന്ന അരുന്ധതി പ്ലേറ്റ്‌ ടെക്‌റ്റോണിക്‌സ്‌ എന്താണെന്ന്‌ തിരിച്ചറിയുന്നു. സമുദ്രജലപ്രവാഹങ്ങള്‍ തിരിച്ചറിയുന്നു. ചെറുചെറു ചലനങ്ങളിലൂടെ, നൂറ്റാണ്ടുകളിലൂടെ വന്‍കരകള്‍ വേര്‍തിരിഞ്ഞു വന്നതെങ്ങനെയെന്ന്‌ തിരിച്ചറിയുന്നു. ജ്യോഗ്രഫി മിസ്‌ പറഞ്ഞു പഠിപ്പിച്ചതെല്ലാം ഇനിയൊരിക്കലും മറക്കാത്തവിധം അവളുടെ ബോധത്തില്‍ പതിയുന്നു. അവള്‍ വായിക്കാനെടുത്ത ഡയറിയുടെ അവസാനപുറത്തും ഒരു കവിതയായിരുന്നു.

'ഞെട്ടറുത്താല്‍

വാന്നൊഴുകുന്ന

നീരിന്റെ ആഴം

കടല്‍ക്കയത്തിനില്ലെന്ന്‌,

മുറിച്ചുവെച്ച വാക്കിന്റെ തുടുപ്പ്‌

പഴുത്ത ലജ്ജയ്‌ക്കുമില്ലെന്ന്‌,

നീ പറഞ്ഞു.

അതുകൊണ്ടല്ലോ

നിന്റെ നാവും

കണ്ണും ചെവിയുമിറുത്ത്‌

നിലാവത്തുണങ്ങാന്‍ വെച്ച്‌

കറുത്ത കാലത്തെ

ഞാന്‍

കൈകൊട്ടി വിളിപ്പത്‌.'

* * *

വൈകിട്ട്‌ വാതില്‍ തുറന്ന്‌ അകത്തേക്കു കയറിയ അമ്മയുടെ മുമ്പില്‍ അരുന്ധതി വിലങ്ങനെ നിന്നു. 'ഏങ്ങ്‌' എന്നൊരു ഞെട്ടലോടെ അമ്മ അനങ്ങാനെ നിന്നുപോയി.

"എന്തുപറ്റി മോളെ" പരിഭ്രമത്തോടെ അമ്മ ചോദിച്ചു. അരുന്ധതി ഒന്നും മിണ്ടിയില്ല.

"പനി കുറഞ്ഞില്ലേ.." അമ്മ അവളുടെ നെറ്റിയില്‍ കൈവെച്ചു നോക്കി.

"പനി കാര്യമായിട്ടില്ല. എങ്കിലും സൂക്ഷിക്കണം. പുറത്തിറങ്ങി നടക്കണ്ട."

അവളെ കടന്ന്‌ അമ്മ അകത്തേക്ക്‌ നടന്നു.

'അമ്മേ' അരുന്ധതി വിളിച്ചു.

സംശയത്തോടെ തിരിഞ്ഞു നിന്ന അമ്മയ്‌ക്ക്‌ അരുന്ധതിയുടെ കണ്ണുകളെ നേരിടാന്‍ കഴിഞ്ഞില്ല.

"മോളേ നിനക്കെന്താ... എന്തുപേറ്റെ..." അവളുടെ ഭാവം കണ്ട്‌ അമ്മയുടെ സ്വരം ചിലമ്പി.

"അമ്മ ഇനിയും കവിതയെഴുതണം"

ദൃഢമെങ്കിലും ശാന്തമായി അരുന്ധതി പറഞ്ഞു.

"എങ്ങ്‌.. കവിതയോ?"

'അതെ - കവിത"

"എന്തിന്‌?"

"എനിക്കുവേണ്ടി- അമ്മ എഴുതണം"

"മോളേ.."

അരുന്ധതിയെ കെട്ടിപ്പിടിച്ച്‌, അവളുടെ കവിളില്‍ മുഖം ചേര്‍ത്ത്‌ അമ്മ പൊട്ടിക്കരഞ്ഞു.

വി.പി. ഏലിയാസ്‌


-, കോഴിക്കോ‍ട്,



Your response will be e-Mailed to the poster.