ബസന്ധിയുമായി എന്നാണ് ഞാന്‍ ചങ്ങാത്തത്തിലായത്? ഒരു ട്രെയിന്‍ യാത്രക്കിടയിലാണ് ആദ്യമയി കണ്ടത്. അത് ഒരു സൌഹൃദമായിരുന്നോ? അല്ലെന്ന് പറയാനും വയ്യ. എന്തായലും എനിക്ക് ബസന്ധിയെ വളരെ ഇഷ്ടമായി. അവള്‍ക്ക് എന്നേയും അവളാണോ അതോ അവനോ? അവരെ എന്താണ്, വിളിക്കേണ്ടത്? എനിക്കറിയില്ല.... അവര്‍ക്കും ആര്‍ക്കും പക്ഷെഅ ‘ബസന്ധി ചേച്ചി’ എന്ന വിളി അവര്‍ക്ക് ഏറെ പ്രിയപെട്ടതായി. എനിയ്ക്ക് തോന്നി. അതുകൊണ്ടാണ് എന്നെക്കാള്‍ ഇളയതാണെങ്കിലും അവരെ ഞാന്‍ ‘ബസന്ധി ചേച്ചി ‘ എന്ന് വിളിക്കുന്നത്.
ആരാ ബസന്ധി എന്നു പറഞ്ഞില്ലല്ലോ എവിടെ നിന്നും തുടങ്ങണം. എങ്ങിനെ പരിചയപ്പെടുത്തണം? എനിക്ക് ബോംബെയില്‍ ഒരു ഹോസ്പിറ്റലില്‍ നേഴ്സായി ജോലികിട്ടി. മാസത്തില്‍ ഒരു തവണ നാട്ടിലേയ്ക്ക് വരും. ആ യാത്രയ്ക്കിടയില്‍ എപ്പോഴോ.......”മാ , രൂപ ദീജിയേ”
എന്നു പറഞ്ഞ് ഒരു അര്‍ദ്ധനാരീരൂപം. ആണും പെണ്ണും അല്ലാത്ത രൂപം. എനിക്കു പേടി തോന്നി. പിന്നീട് ട്രെയിന്‍ യാത്രക്കിടയിലെ ഒരു സഹയാത്രിക പോലെയായി. എത്രയോ ശീഖണ്ഡി രൂപങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷെയെന്തോ എന്നില്‍ ആ രൂപം മാത്രം മായാതെ കിടന്നു. അങ്ങനെയാ ഞാന്‍ അവളുടെ പേര് ചോദിച്ചത്. ബസന്ധി ചേച്ചി എന്നു പറഞ്ഞ് ഒരു പൊട്ടിച്ചിരി.
ഒരു ദിവസം ഞാന്‍ ജോലി കഴിഞ്ഞ് ഫ്ലാറ്റിലേയ്ക്ക് മടങ്ങുമ്പോള്‍ “ഏയ്.....മാഡം” എന്ന ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി. ബസന്ധി ചേച്ചി , അതാ അവിടെയൊരു ഫാന്‍സി കടയില്‍ നില്‍ക്കുന്നു. ഞാനൊന്നു പുഞ്ചിരിച്ചു. അവള്‍ എന്റെ കൂടെ കൂടി. എന്റെ വീടെവിടെയാണെന്നും വീട്ടില്‍ അരെല്ലാം മുണ്ടെന്നും അറിയാന്‍ ബസന്ധിചേച്ചിയ്ക്ക് തിടുക്കമായിരുന്നു., ഞാനൊരു മലയാളിയാണെന്നറിഞ്ഞപ്പോള്‍ അവരുടെ മുഖത്ത് ഒരു ചെറുചിരിപൊട്ടി. എന്നിട്ട് എന്നോട് ചോദിച്ചു. “ മലയാളം അറിയാമോ?” ആ ചോദ്യം കേട്ട് ഞാന്‍ ഞെട്ടിപ്പോയി. അത്രയ്ക്ക് നന്നായി മലയാളം സംസാരിക്കുന്നു. എനിയ്ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ചോദിച്ചു.”അല്ല ബസന്ധിചേച്ചിയുടെ നാട് എവിടെയാണ് , അരെല്ലാം ഉണ്ട്. ഏതു കമ്പനിയില്‍ ജോലി ചെയ്യുന്നു?” എന്റെ ചോദ്യം കേട്ടപ്പോള്‍ അവര്‍ അത്ഭുതത്തോടെ എന്നെ നോക്കി. ആ കണ്ണുകളില്‍ കണ്ണീര്‍ പൊഴിയുന്നതുപോലെ. അവരുടെ കണ്ഠമിടറി. “മാഡം......നിങ്ങളെ പോലുള്ളവര്‍ ഞങ്ങളോട് സംസാരിക്കാറില്ല. ഞങ്ങളെ കാണുന്നതു തന്നെ എല്ലാവര്‍ക്കും, അറപ്പും വെറുപ്പുമാണ്..........”ബസന്ധി സംസാരം നിര്‍ത്താനുള്ള ഭാവമില്ല.
“ബസന്ധി എനിക്ക് ഇത്തിരി തിരക്കുണ്ട് നീ ഞായറാഴ്ച എന്റെ ഫ്ലാറ്റിലേയ്ക്ക് വന്നാല്‍ മതി. ഇതാ എന്റെ ഫോണ്‍ നമ്പര്‍. ഫോണ്‍ വിളിച്ചിട്ട് വരുക”. വിളിച്ചിട്ട് വരുക”. എന്ന് പറഞ്ഞ് ഞാന്‍ വേഗത്തില്‍ നടന്നു.
നൈറ്റ്ഡ്യൂട്ടി കഴിഞ്ഞ് ഫ്ലാറ്റിലേക്ക് മടങ്ങാനായി ധൃതികൂട്ടുന്ന എന്നെ ഡോക്ടര്‍ ഹേമ വിളിച്ചു, ഒരു കാര്‍ഡ് കൈയ്യിലുണ്ട്.
“എന്താ ഡോക്ടര്‍, കല്ല്യാണ കത്താണോ? കണ്‍ഗ്രാജുലേഷന്‍.
“സിസ്റ്റര്‍ കാര്‍ഡിലുള്ളത് വായിച്ചു നോക്കൂ ഞാനാ കാര്‍ഡ് ധൃതിയില്‍ വായിച്ചു.
“അന്ദേരിയിലെ ഒരു അഗതി മന്ദിരത്തിന്റെ ഉത്ഘാടനത്തിന്റെ ക്ഷണക്കത്താണ്”. ഡോക്ടര്‍ പറഞ്ഞു.
“സാരമില്ല. ആശംസകള്‍ ഈ നല്ല് കാര്യത്തിലേക്ക് ട്രന്‍സ്ഫര്‍ ചെയ്യാം/.
ഡോക്ടര്‍ ഒന്നു പുഞ്ചിരിച്ചു. എന്തു ഭംഗിയാണാ ചിരിക്ക്. “തീര്‍ച്ചയും വരാം. ഞായറാഴ്ചയല്ലേ? ഈ മാസം ഞാന്‍ നാട്ടിലേക്ക് പോകുന്നില്ല? ഈ മാസം ഞാന്‍ നാട്ടിലേക്ക് പോകുന്നില്ല”. ഉത്ഘാടനത്തിന് വരാമെന്ന് ഉറപ്പുനല്‍കി ഞാന്‍ ഫ്ലാറ്റിലേക്ക് പോയി.
ഞായറാഴ്ച രാവിലെ എഴുന്നേറ്റ് ഒരുങ്ങി. ഇന്ന് ഒഴിവുദിനമല്ലേ, അതുകൊണ്ട് റോഡാകെ വണ്ടികള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നു. എന്തായാലും ഞാനൊരു ടാക്സി പിടിച്ച് അന്ദേരിയിലേക്ക് പോയി. അവിടെയെത്തിയ ഞാന്‍ അത്ഭുതപ്പെട്ടു. അവിടെ ഹോസ്റ്റപിറ്റലിലെ സ്റ്റാഫും ഡോക്ടറും, പിന്നെ ബസന്ധിചേച്ചിയും.
‘വരൂ സിസ്റ്റര്‍ , ഇരിക്കൂ.......” എന്നെ വരവേറ്റത് ബസന്ധി ചേച്ചിയാണ്. തിരിച്ചു പോയോലോ എന്ന് ഞാനെന്റെ മനസ്സിനോടു ചോദിച്ചു. അപ്പോഴാണ് ഡോക്ടര്‍ വന്നെന്നെ അകത്തേക്ക് ക്ഷണിച്ചത്. ഞാനും അവരോടൊപ്പം കൂടി.
ഡോക്ടര്‍ ഉത്ഘാടന പ്രസംഗത്തിനായി എഴുന്നേറ്റു. ആ കണ്ണുകളില്‍ അശ്രു പൊഴിഞ്ഞു. കണ്ഠമിടറിക്കൊണ്ട് പറഞ്ഞു.
“ഈ അഗതി മന്ദിരം ബസന്ധിചേച്ചിയെ പോലുള്ളവര്‍ക്കാണ്. സമൂഹത്തില്‍ ചേച്ചിയെ പോലുള്ളവര്‍ വളരെയധികം വേദനകളും പീഡനങ്ങളും വിഷമങ്ങളും അനുഭവിക്കുന്നുണ്ട്. ഈ സമൂഹത്തില്‍ അവര്‍ ഒരു ശാപമായാണ് കരുതുന്നത്. അവരും മനുഷ്യരാണ് വികാരങ്ങളും, സ്നേഹവും ദയയും ദുഃഖവും സന്തോഷവും ഉള്ള മനുഷ്യരാണ്. ഇവിടെ എല്ലാവര്‍ക്കും സ്വാഗതം പ്രത്യേകിച്ച് ബസന്ധി ചേച്ചിയെ പോലുള്ളവര്‍ക്ക്. ഞാ......ന്‍ ഒരു ഡോക്ടറായതിനു പിന്നില്‍ ഒരു കഥയുണ്ട്”. ഡോക്ടര്‍ ഹേമ അതു പറയാനരംഭിച്ചതും, ബസന്ധി ചേച്ചി സ്റ്റേജിലേയ്ക്ക് ചാടിക്കയറി. ഡോക്ടര്‍ അതെല്ലാം പിന്നെ പറയാം എന്നു പറഞ്ഞ് അതില്‍ നിന്നു പിന്മാറി, പിന്നീട് ഞങ്ങളെല്ലാവരു ഭക്ഷണത്തിനു ശേഷം നന്ദി പറഞ്ഞ് തിരിച്ചു പോയി.
ഡ്യൂട്ടിയില്‍ കയറിതുടങ്ങുമ്പോഴാണ് ഡോക്ടറുടെ ഫോണ്‍:
“സിസ്റ്റര്‍ വേഗം വരണം. ബസന്ധിചേച്ചിയ്ക്ക് പെട്ടെന്നൊരു നെഞ്ചുവേദന. അടുത്തിരിക്കാന്‍ ആരുമില്ല വേഗം പി.ആര്‍.ഹോസ്പിറ്റലിലെത്തണം”
“ഓ ഈ ഡോക്ടര്‍ക്കിതെന്തുപറ്റി. ആ ബസന്ധിചേച്ചിയെ ഇത്രയ്ക്ക് ഇഷ്ടപ്പെടാന്‍. എന്തായാലും വേഗം ചെല്ലാം ഞാന്‍.”
“റൂം, നമ്പര്‍ 99-ല്‍ ബസന്ധി ചേച്ചിയെ ഓക്സിജന്‍ കൊടുത്ത് കിടത്തിയിരിക്കുന്നു. അവര്‍ക്ക് ആരും ഇല്ല സിസ്റ്റര്‍ വേഗം അവിടേയ്ക്ക് ചെല്ല്”
ഞാന്‍ വേഗം ഹോസ്പിറ്റലിലെത്തി - ഡോക്ടറും അവിടെയെത്തിയിരുന്നു. ഡോക്ടര്‍ ആകെ അസ്വസ്ഥയായതുപോലെ .
“ഒരു രോഗിയെ അഡ്മിറ്റു ചെയ്താല്‍ ഡോക്ടറെന്തിനാ ഇത്രയും ടെന്‍ഷനാവുന്നത് . അവരെന്താ ഡോക്ടറുടെ റിലേഷ്........ന്‍................”വേണ്ട ഞാന്‍ വാക്കുകള്‍ വിഴുങ്ങി
“ബസന്ധി ചേച്ചി നല്ല ഉറക്കത്തിലാണ്.”
“ഡോക്ടര്‍ ഒന്നു വിശ്രമിക്ക് ഞാന്‍ നോക്കികോളാം”
രാത്രി 2 മണി ആയിക്കാണും ബസന്ധി ചേച്ചി എന്നെ വിളിച്ചു.
“സിസ്റ്റര്‍ , ഡോക്ടര്‍ എവിടെ?”
“ഉറങ്ങി വേണമെങ്കില്‍ ഞാന്‍ പോയി വിളിക്കാം”
“വേണ്ട ഉറങ്ങിയിക്കോട്ടെ. പാവം , ഒത്തിരി വിഷമിച്ചുകാണും” പിന്നെയും ഒത്തിരി പിറുപിറുത്തു. വീണ്ടും മയക്കത്തിലേക്ക് വഴുതി വീണു
ഉറക്കം എന്റെ കണ്‍പോളകളെ ചെറുതായി തഴുകികൊണ്ടിരുന്നു. ഫോണ്‍ ബെല്ല് അതില്ലതാക്കി. ഡോക്ടറുടെ കോളായിരുന്നു അത്.
“ബസന്ധി ചേച്ചിയ്ക്ക് എങ്ങനെയുണ്ട്? എഴുന്നേറ്റോ? 2 മണിയ്ക്ക് കൊടുക്കനുള്ള ഇഞ്ചക്ഷന്‍ കൊടുത്തോ” ഇങ്ങനെ എത്രയെത്ര ചോദ്യങ്ങള്‍ എല്ലാറ്റിനും ‘യസ്സ്’ എന്ന മറുപടി . വീണ്ടും കസേരയില്‍ വന്നിരുന്നു. എന്താ ഈ ഡോക്ടര്‍ക്ക് ഈ രോഗിയോട് ഇത്ര പ്രത്യേകിച്ച്, അതും ഇതുപോലുള്ളൊരാള്‍ എത്ര ആലോചിച്ചിട്ടും ഒന്നും മനസ്സിലാവുന്നില്ല. അപ്പോഴാണെന്നെ ആ വിളി ആ ശ്രദ്ധയില്‍ നിന്നും പിന്‍ തിരിച്ചത്.
“സിസ്റ്റര്‍.......... കുറച്ച് വെള്ളം.......”
ഞാന്‍ ചേച്ചിയുടെ വായില്‍ പതുക്കെ വെള്ളമൊഴിച്ചുകൊടുത്തു.
“സിസ്റ്റര്‍ ഉറങ്ങിയില്ലാ, അല്ലേ..........”
“ഇല്ല ഡോക്ടര്‍ പ്രത്യേകം പറഞ്ഞു. അതുകൊണ്ട് ഞാന്‍ ഇവിടെ തന്നെ ഇരിക്കുകയായിരുന്നു.”
ബസന്ധി ചേച്ചിയുടെ കണ്ണിലൂടെ കണ്ണീര്‍ ഒഴുകുന്നു.
“എന്താ ചേച്ചി........, വേദനയുണ്ടോ? എന്തെങ്കിലും അസ്വസ്ഥത തോന്നുന്നോ? ഡോക്ടറെ വിളിക്കണോ? ഞാനാകെ വിഷമിച്ചു.
“വേണ്ട സിസ്റ്റര്‍ എന്റെ അടുത്തിരിക്കൂ സിസ്റ്ററുടെ വീടെവിടെയാ? മലയാളിയാണെന്നല്ലാതെ വേറൊന്നും സിസ്റ്ററെ പറ്റി എനിക്കറിയില്ല.
“ ഞാന്‍ കൊല്ലം ജില്ലക്കാരിയാണ് എനിക്ക് അച്ഛനും അമ്മയും ഒരനുജനുമുണ്ട്, അവന്‍ എഞിനീയറിംഗിനു പഠിക്കുന്നു.”
“അവരോടൊക്കെ ഇങ്ങോട്ടോന്നു വരാന്‍ പറയൂ.....”
“അവര്‍ക്ക് ഈ നഗരമൊന്നും പറ്റില്ല. ബസന്ധിചേച്ചി, ഒന്നു ചോദിച്ചോട്ടെ. ചേച്ചി ഡോക്ടറുടെ ആരാ? അല്ലാ...... ഡോക്ടര്‍ക്ക് എന്തോ ഒരു വിഷമം ചേച്ചിയുടെ കാര്യങ്ങള്‍ ഇടയ്ക്കിടെ ഫോണ്‍ ചെയ്ത് ചോദിക്കുന്നു. അതുകൊണ്ടാണ്ചോദിച്ചത്”.
“ഏയ്, ആരുമല്ല, ഡോക്ടര്‍ ഇവിടെ ഒറ്റയ്ക്കല്ലേ, ഞാനും, ഒറ്റയ്ക്ക്. അപ്പോള്‍ ആ ബുദ്ധിമുട്ട് മനസ്സിലാക്കിയിട്ടാവും”.
“അതിന് ചേച്ചി ഒറ്റയ്ക്കാണോ? ചേച്ചിയുടെ നാടെവിടെയാ?. ചേച്ചിയും മലയാളിയാണോ? നന്നായി മലയാളം പറയുന്നു.
“ഞാന്‍ ..........ന്‍ മലയാളി..........യല്ല...........അതെ .........എന്തിനാ ഞാന്‍ സിസ്റ്ററോട് കള്ളം പറയുന്നത്. അതും രാത്രി മുഴുവന്‍ ഉറക്കമിളച്ച് എന്നെ ശുശ്രുക്ഷിക്കുന്ന സിസ്റ്ററോട് ഞാനും ഒരു മലയാളിയാണ്..........”എനിക്ക് അത്ഭുതമാണ്‍ തോന്നിയത്.
“ മലയാളം സംസാരിക്കാന്‍ അറിയാമെന്നല്ലാതെ ഒരു മലയാളിയുടെ ഛായയേയില്ല. ആട്ടെ, നാട്ടിലെവിടാ?”
“പാലക്കാട് പുതുക്കോട് എന്നൊരു കൊച്ചു ഗ്രാമത്തിലാ.......... ആ ........., അതെല്ലാം ഞാന്‍ മറക്കാന്‍ ശ്രമിക്കുന്നു.”
“ബസന്ധി ചേച്ചി.........., ഡോ...ക്ടര്‍........ചേ.......ച്ചീടെ........., അല്ല പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ വേണ്ട, പറയേണ്ട”.
എന്നു പറഞ്ഞ് തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ണും അടച്ച് ചേച്ചി കിടന്നു. ഞാനൊന്നും മിണ്ടിയില്ല.
ഏതാണ്ട് നാലരയായപ്പോള്‍ വീണ്ടും ഡോക്ടറുടെ ഫോണ്‍.
“ഒരു കുഴപ്പവുമില്ല. കുറച്ച് ഉറങ്ങി പിന്നെ എന്നോട് വര്‍ത്തമാനം പറഞ്ഞിരുന്നു. മരുന്നെല്ലാം സമയത്തിനു കൊടുത്തിട്ടുണ്ട്. ഡോക്ടര്‍ രാവിലെ ഒമ്പതു മണീയാവുമ്പോള്‍ എത്തിയാല്‍ മതി”.
ഡോക്ടറോട് ആശ്വാസമറുപടി കൊടുത്ത് ഞാനുമൊന്ന് മയങ്ങി. വാതില്‍ മുട്ടുന്ന ശബ്ദം കേട്ടപ്പോഴാണ് മയക്കത്തില്‍ നിന്ന് ഞാനുണര്‍ന്നത്. വാതി തുറന്നപ്പോള്‍ ഡോക്ടര്‍ ഹേമ.
“ഗുഡ് മോര്‍ണിംഗ്”
“ഗുഡ് മോര്‍ണിംഗ് ഡോക്ടര്‍. ഇത്രനേരത്തെ എന്തിനാ വന്നത്. ഒമ്പതു മണിക്ക് വന്നാല്‍ മതിയെന്നല്ലേ ഞാന്‍ പറഞ്ഞത്.”
“എനിക്കെവിടെ ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ഒരു അസ്വസ്ഥത സിസ്റ്ററെ ഞാന്‍ വല്ലാതെ ബുദ്ധിമുട്ടിച്ചു, അല്ലെ. അമ്മ ഉറങ്ങുകയാണോ?” ഡോക്ടര്‍ ചേച്ചിയെ വിളിച്ചു.
‘അമ്മയോ.........ആ എല്ലാവരേയും അമ്മ, ചേച്ചി, ആന്റീ എന്നൊക്കെ വിളിക്കുന്നതുപോലായിരിക്കും. ഞാന്‍ മനസ്സില്‍ പിറുപിറുത്തു.
അമ്മേ.....അമ്മേ..........” ഡോക്ടര്‍ സ്നേഹത്തോടെ ബെഡിനരികത്തിരുന്ന് ബസന്ധി ചേച്ചിയെ വിളിച്ചു. അവര്‍ മെല്ലെ കണ്ണുതുറന്നു. ഡോക്ടര്‍ അവരുടെ തലയില്‍ തലോടിക്കൊണ്ടിരുന്നു. ഒരമ്മയെ മകള്‍ തലോടുന്ന് പോലെ.
“സിസ്റ്റര്‍ പോയി വിശ്രമിച്ചോളൂ. ഞാന്‍ ഇവിടെ ഇരിക്കാം”
“ഡോക്ടര്‍..........ഇവര്‍ ഡോക്ടറുടെ ആരാ.........?”
മടിച്ചു മടിച്ചാണെങ്കിലും ഞാന്‍ ചോദിച്ചു.
“അത്....... എന്റെ അമ്മ “
“എന്ത് അമ്മയോ? ഈ ബസന്ധി ചേച്ചി ഡോക്ടറുടെ അമ്മയോ..........?”
“അതെ സിസ്റ്റര്‍, എന്നെ ഒരു ഡോക്ടറാക്കിയത് എന്റെ ഈ അമ്മയാണ്. ഇവരെന്റെ അച്ഛനും കൂടിയാണ്.
“വിരോധമില്ലെങ്കില്‍......, കുറച്ച് തെളിച്ചു പറയാമോ?”
“ഇരിക്കൂ, ഞാന്‍ ഇനിയും ഇതു മറച്ചു വെക്കാനാഗ്രഹിക്കുന്നില്ല., ഇവര്‍ എന്റെ അച്ഛനുമ്മമയുമാണെന്ന് എല്ലാവരും അറിയണം. അതിന് എന്തപമാനം വന്നാലും ഞാന്‍ സഹിക്കാം”.
ബസന്ധി ചേച്ചി ഞങ്ങളുടെ സംഭാഷണം കേട്ടുണര്‍ന്നു.
“ഡോക്ടര്‍ പറയുന്നത് വിശ്വസിക്കരുത് സിസ്റ്റര്‍. അതു നുണയാണ്. എല്ലാം ഭഗവാന്‍ നിശ്ചയിക്കുന്നു, ഞാന്‍ അനുസരിച്ചു അത്രമാത്രം”.
എനിക്കൊന്നും മനസ്സിലായില്ല.
ഡോക്ടര്‍ പറഞ്ഞു.
“സിസ്റ്റര്‍ ഇവര്‍ പാലാക്കാട്ടുള്ള പുതുക്കോട് എന്ന ഗ്രാമത്തിലാണ് ജനിച്ചത്. രാമന്‍ നായരുടേയും ലക്ഷ്മിയമ്മയുടേയും മൂന്നാമത്തെ മകന്‍, രാകേഷ്. അവരുടെ അമ്മായിയുടെ മോളാണ് ഞാന്‍”.
ബസന്ധി ചേച്ചി എന്തേ പറയാന്‍ വിതുമ്പി.
“ഇനി ഞാന്‍ പറയാം. ഇപ്പോള്‍ ആ ഗ്രാമത്തിലാര്‍ക്കും എന്നെ അറിയില്ല. എന്നെപ്പോലെ അവിടെ ആരുമില്ല.
എന്റെ ജീവിതത്തിന്റെ നല്ല നാളുകള്‍ ആകെ 13 വയസ്സുവരെ. എന്റെ കൂട്ടുകാര്‍ക്കെല്ലാം കൌമാരത്തിന്റെ തുടിപ്പുകള്‍ കണ്ടുതുണ്ടി. പക്ഷേ........ എനിക്ക് ......അതൊന്നും ഓര്‍ക്കാന്‍ കൂടി വയ്യ. ക്ലാസില്‍ ഒമ്പതാം നമ്പറായിരുന്നു, എന്റേത്, അതുകൊണ്ട് കുട്ടികളെന്ന ഒമ്പതെന്ന് പറഞ്ഞ് കളിയാക്കി വിളിച്ചു. എസ്സ്. എസ്സ്.എല്‍.സി.യ്ക്ക് സ്ക്കൂളില്‍ ഒന്നാമന്‍ ഞാനായിരുന്നു, ഞങ്ങളാ സന്തോഷവേള ആഘോഷിച്ചു, അപ്പോഴാണ് ഒരുത്തന്‍ എന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലെ ചോക്ലേറ്റ് എടുക്കാന്‍ നോക്കിയത്. എനിക്ക് ഇക്കിളിയായി. അവന്‍ ഒന്നുംകൂടി ശ്രമിച്ചു. എന്റെ പോക്കറ്റില്‍ വീണ്ടും കൈയ്യിട്ടു. അവന്‍ എന്റെ മാറിടത്തില്‍ ഒരു തട്ടു തട്ടി. എനിക്ക് ഒരു വല്ലായ്മ.
കോളേജില്‍ ചേരാനുള്ള ആപ്ലിക്കേഷന്‍ ഫോം വാങ്ങാന്‍ പോയപ്പോള്‍ കൂട്ടുകാര്‍ എന്നെ തുറിച്ചു നോക്കുന്നു. മീശയും താടിയും മുളച്ചിട്ടുണ്ട് അതോടൊപ്പം മാറിടത്തില്‍................എനിക്കു പറയാന്‍ വയ്യ. മാനസികമായി ഞാന്‍ വളരെയധികം വിഷമിച്ചു. എന്നാലും ഞാന്‍ ആപ്ലീക്കേഷനയച്ചു. സെക്കണ്ഡ് ഗ്രൂപ്പെടുത്തിട്ട് ഒരു ഡോക്ടറാകണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ......” ബസന്ധി ചേച്ചിയുടെ കണ്ണിലൂടെ കണ്ണീരൊഴുക്കി.
“അമ്മേ........ഒന്നും ആലോചിക്കേണ്ട...................നന്നായി ഒന്നും ഉറങ്ങിക്കോളൂ.” ഡോക്ടര്‍ അവരെ ആശ്വസിപ്പിച്ചു.
‘സിസ്റ്റര്‍ വരൂ, നമുക്കല്പം വെളിയിലിരിക്കാം. ബാക്കി ഞാന്‍ പറഞ്ഞുതരാം”. ഡോക്ടര്‍ തുടര്‍ന്നു,” അവര്‍ക്ക് കോളേജില്‍ പോവാന്‍ കഴിഞ്ഞില്ല. കുട്ടികളും, നാട്ടുകാരും , അവരെ കളിയാക്കി. അവര്‍ ശരിക്കുമൊരു ശിഖണ്ഡിയായ് മാറി. എത്ര നാളിതു മറച്ചു വെയ്ക്കും. എന്റെയമ്മയ്ക്ക ചേച്ചിയെ വലിയ ഇഷ്ടമായിരുന്നു. ചേച്ചിയ്ക്ക് എന്നെയും. ഞാനന്ന് ഒന്നാം ക്ലാസില്‍ പഠിക്കുകയായിരുന്നു, എല്ലാം സഹിക്കാന്‍ എന്റെ അച്ഛനും അമ്മയും എന്നും പറയുമായിരുന്നു. പക്ഷേ വളരുന്തോറും ആകെ........എനിക്കു പറയാന്‍ വയ്യ. അത്രമാത്രം അവര്‍ അനുഭവിച്ചിരുന്നു, അവരുടെ ആശകളും, മോഹങ്ങളും അതോടെ തകര്‍ന്നു.. വീടിനകത്ത് ചുരുണ്ടു കൂടിയിരിക്കലായി. ആരെയും കാണില്ല. രാത്രി ഒന്നു വെളിയിലേക്കിറങ്ങും. പാവം, കരഞ്ഞു കരഞ്ഞ് എല്ലും തോലുമായി ആര്‍ക്കെന്തു ചെയ്യാന്‍ കഴിയും. എല്ലവരും വളരെ ഉപദേശിച്ചു നോക്കി, പക്ഷേ, അവരൊരു തീരുമാനമെടുത്തു. ബോംബെയിലേയ്ക്ക് വന്നു തന്നെ പോലുള്ള വരുടെ കൂടെകൂടി. അവര്‍ക്ക് അപ്പോഴുമൊരു ലക്ഷ്യമുണ്ടായിരുന്നു. ഒരു ഡോക്ടറാകണമെന്ന്. അത് അവര്‍ എന്നിലൂടെ കാണാന്‍ ആഗ്രഹിച്ചു. എനിക്കു പഠിക്കാന്‍ വേണ്ട സഹായങ്ങള്‍ ഒരുക്കിതന്നു, ഒരു കണ്ടീഷന്‍ വച്ചുകൊണ്ട്. ആരാണ് സഹായിക്കുന്നത് എന്ന് ആരോടും പറയരുത്. ഞാന്‍ ഒരു സ്പ്പോണ്‍സറുടെ കീഴില്‍ പഠിക്കുന്നു എന്നല്ലാതെ. ഞാനത് മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചു. എത്ര പണം ആവശ്യമുണ്ടെങ്കിലും ഒന്നും ഫോണ്‍ ചെയ്താല്‍ മത് അടുത്ത ദിവസം പണം എത്തിക്കും. ,പാവം അവരനുഭവിച്ച മാനസിക വിഷമം ലോകത്ത് മറ്റാരും അനുഭവിക്കരുത്. എന്റെ അമ്മ പറഞ്ഞു തന്നിട്ടുള്ള അറിവും ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതും എല്ലാം എത്ര ഭയാനകം. അവരുടെ കുറ്റമാണോ ഇങ്ങനൊരു ജന്മം എല്ലാ മനുഷ്യര്‍ക്കുമുള്ളതുപോലെ ഒരു മനസ്സ് അവര്‍ക്കുമുണ്ട്. ആശകളും അഭിലാഷങ്ങളുമുണ്ട്. സന്തോഷവും വിഷമവുമുണ്ട്. അതെല്ലാം ആ മനസ്സിലൊതുക്കി കളിയും പാട്ടുമായി അവര്‍ അവരുടെ ദുഃഖം പങ്കിടുന്നു. സമൂഹം അവരെ നികൃഷ്ടജീവികളായി കരുതുന്നു. എവിടെയും, പരിഹാസം, കാണുന്നതു പോലും അപശകുനമായി കരുതുന്നു.”
“ചേച്ചി പിന്നെ നാട്ടിലേക്ക് പോയിട്ടില്ലേ?”
“ഇല്ല , പോയിട്ടെന്തിനാ? അവര്‍ എനിക്കു വേണ്ട എല്ലാ പഠന ചിലവുകളും വഹിച്ചു. വലിയ ഡോക്ടറാകണം. എന്നിട്ട് എന്നെപ്പോലുള്ളവര്‍ക്ക് ഒരു അഗതിമന്ദിരം പണിയണം. വൃദ്ധസദനം പോലെ? ഇതെല്ലാം ബസന്ധി ചേച്ചിയുടെ ആഗ്രഹങ്ങളായിരുന്നു. ഒന്നാം റാങ്കോടെ പാസ്സായ ഞാന്‍ നാലു വര്‍ഷം അമേരിക്കയില്‍ ജോലി ചെയ്ത് സമ്പാദിച്ച പണം കൊണ്ടാണ് ഈ ഹോസ്പിറ്റലും. അഗതിമന്ദിരവും. പണിതത്. ഇനി എന്റെ ചേച്ചിയെ അല്ല ചേട്ടനെ അല്ല എന്റെ അച്ഛനമ്മയെ ശുശ്രൂഷിച്ച് കഴിഞ്ഞ് എനിക്കവരെ സന്തോഷിപ്പിക്കണം. പക്ഷേ..........., ഞാനെന്തു ചെയ്താല്‍ അവര്‍ പൂര്‍ണ്ണമായും സന്തോഷിക്കുമോ?“
‘ഓ..........., വല്ലാത്തൊരു ജന്മം.’ ഞാന്‍ ആത്മഗതം പറഞ്ഞു
“ഡോക്ടര്‍, പത്തു മണിക്കൊരു ഇഞ്ചെക്ഷന്‍ കൊടുക്കാനുണ്ട്”. ഞാന്‍ ഡോക്ടറെ ഓര്‍മ്മപ്പെടുത്തി.
“സിസ്റ്റര്‍ തന്നെ കൊടുത്തോളൂ, ഞാനിപ്പോള്‍ വരാം”.ബസന്ധി ചേച്ചി ചരിഞ്ഞു കിടക്കുന്നു. ഞാന്‍ സിറിഞ്ചില്‍ മരുന്നു നിറച്ച് ചേച്ചിയെ വിളിച്ചു.
“ചേച്ചി.............., ഒന്നെഴുന്നേറ്റേ..............”
ഒന്നല്ല അഞ്ചു തവണ ഞാന്‍ ചേച്ചിയെ വിളിച്ചു
ചേച്ചിയതു കേട്ടില്ല.
ഞാന്‍ ഡോക്ടറുടെ അടുത്തേക്കോടി.
“ഡോ.......ക്ടര്‍...., ബസന്ധി ചേച്ചി......, വിളിച്ചിട്ടെഴുന്നേല്ക്കുന്നില്ല”.
ഡോക്ടര്‍ റൂമിലേക്കോടി. ചേച്ചിയുടെ പള്‍സുനോക്കി, ഹൃദയമിടിപ്പു നോക്കി. പക്ഷേ , എല്ലാം ശാന്തമാക്കി അവര്‍ പരലോകത്തേക്കുള്ള യാത്ര തുടങ്ങിയിരിക്കുന്നു. ഡോക്ടര്‍ ഒരു കൊച്ചു കുട്ടിയെ പോലെ വിങ്ങിപൊട്ടി ദൈവം അവരുടെ ആത്മാവിന് ശാന്തി നല്‍കട്ടെ എല്ലാം ഭഗവാനിലര്‍പ്പിച്ച് ആ പാദങ്ങളില്‍ ഞാന്‍ നമസ്ക്കരിച്ചു.
ശാരിക.റ്റി.എസ്.