ടവര്‍ ഓഫ് സയലന്‍സ്

സുള്‍ഫിത്ത് മെഡിക്കല്‍ എന്‍ ട്രന്‍സ് റാങ്കില്‍ താഴെയായിപ്പോയപ്പോള്‍ കുഞ്ഞാമ്മദിന്റെ അഭിപ്രായം അന്തിലുവിന് ഇഷ്ടപ്പെട്ടില്ല. ഇരുവരും വാക്കേറ്റം മൂത്ത അടിയിലേയ്ക്കെത്തിയപ്പോള്‍ പിടിച്ചു മാറ്റാനായി അയ്ദുവിനും, വീരാനും, കുഞ്ഞു ബാവയ്ക്കും, പാണാട്ടി മമ്മദിനും ഏറെ പ്രയത്നിക്കേണ്ടി വന്നു.

ഇജ്ജ് ഓലെ കലട്ടറോ, ഡോട്ടറേ, അക്കിക്കോ.......ന്റെ മെക്കട്ട് കേറണേന്തിനാ..............?

കുഞ്ഞാമ്മദിനെ വിറയ്ക്കുകയായിരുന്നു. അന്തിലു ശ്വാസഗതികള്‍ നിയന്ത്രിച്ച് അതിന് നിശബ്ദനാകാന്‍ ശ്രമിച്ചു. പൊതുവെ ശാന്തപ്രകൃതനാണയാള്‍ എന്ന കാര്യത്തില്‍ കവലയിലുള്ള ആര്‍ക്കും സംശയമില്ല. പക്ഷേ ഇപ്പോഴെന്തു പറ്റി?

ആളുകളുടെ അടക്കം പറച്ചില്‍ കൂട്ടിയപ്പോള്‍ അന്തിയു അവിടെ നിന്നും പിന്തിരിഞ്ഞു.

മനസ്സിനെ നിയന്ത്രിക്കാന്‍ പറ്റാതെ വന്നതിനെക്കുറിച്ചോര്‍ത്ത് സ്വയം ശപിച്ചാണ് അന്തിലു നടന്നത്. എന്തായിരുന്നു അപ്പോള്‍ തനിക്ക് പറ്റിയത്? കുഞ്ഞാമ്മദ് പറഞ്ഞതിലെന്താ തെറ്റൊള്ളത്? “ ബാല്ല്യ പീസൊക്കെ കൊടുത്ത് ഓലെ പഠിപ്പിക്കാണ്ട് കെട്ടിച്ചു വിടാന്‍ നോക്ക് എന്നല്ലേ പറഞ്ഞുള്ളു........അതിന് ഞാനെന്തിനാ ദോഷം കൊണ്ടത്?
ചിന്തകള്‍ മനസ്സിനെ അലട്ടി.
മക്കളിലൂടെഅയാള്‍ കണ്ട സ്വപ്നങ്ങളെ ആര്‍ക്കും കുറ്റം പറയാനാവില്ല. ബാല്യത്തില്‍ ഉമ്മ നിഷ്ക്കരുണം ഉപേക്ഷിച്ച് മറ്റൊരാളുടെ ഭര്‍ത്താവായപ്പോള്‍ തന്നെ കൂടുവച്ച് അനാഥത്വം അയാളുടെ ഭൂതകാലത്തെ ഭരിക്കാനുണ്ട്. പത്താം തരത്തില്‍ പഠിക്കുമ്പോള്‍ ഒന്നര രൂപ ഫീസടയ്ക്കനില്ലാതെ സ്കൂളില്‍ പോകാന്‍ വിഷമിച്ച് കള്ള വണ്ടി കയറി നാടുവിട്ടതാണയാള്‍.

ചെന്നെത്തിയത് അന്നത്തെ ബോബെയില്‍. ഇലക്രിക് ട്രെയിനാല്‍ നിയന്ത്രിക്കപ്പെടുന്ന ബോംബെ ചര്‍ച്ച ഗേറ്റിലൂടെ മാഹിമിലൂടെ ബാന്ദ്രയിലൂടെ, സാന്താക്രൂസിലൂടെയെല്ലാം നിശബ്ദം ഓടി തളര്‍ന്നു. പലതരം ജോലികള്‍ ചെയ്തു. പേരും ജാതിയും മതവും നഷ്ടപ്പെട്ട നിരവധി മനുഷ്യരെ കണ്ടു. അവരുടെ വിഷമങ്ങളറിഞ്ഞു. തിരക്കുകള്‍ കണ്ടു. ആ തിരക്കിലലിഞ്ഞ് കാലത്തോടൊപ്പം ചലിച്ചു. പിന്നെ പല സംസ്ഥാനങ്ങളിലൂടെ കറങ്ങി അയാള്‍ ഇന്ത്യയെ അറിഞ്ഞു. കോടി ജനങ്ങളില്‍ ആരുമറിയാത്ത ആരുമില്ലാത്ത ഒരാളെപ്പോലെ നടന്നു. കടന്നുപോയ വര്‍ഷങ്ങള്‍ അയാളെ അലട്ടിയില്ല.. പ്രായവും എങ്കിലും താനെയില്‍ വച്ച് ചുറ്റും ഫ്ലാറ്റ് സമുച്ചയങ്ങളുള്ള ഒരു പാതയുടെ അരികില്‍ ആരോ കുത്തിമലര്‍ത്തിയ മകനെ കെട്ടിപ്പിടിച്ച് കരയുന്ന ഒരമ്മയെ ഒരിക്കല്‍ കണ്ടപ്പോള്‍ അയാള്‍ നാടിനെക്കുറിച്ചാലോചിച്ചു. ഉമ്മയെ കാണണമെന്ന ഉല്‍ക്കടമായ ആഗ്രഹമുണ്ടായി.

കാലം വരുത്തിയ മാറ്റങ്ങള്‍ ഏറെയുണ്ട്. ഉമ്മ തിരിച്ചറിയുമോ എന്ന ആശങ്ക കൂടെയുണ്ട്.

പക്ഷേ അത്ഭുദപ്പെടുത്തുന്ന രീതിയില്‍ ഉമ്മയുടെ പുതിയ കുടുബം വളര്‍ന്ന ധനികരായിക്കഴിഞ്ഞിരുന്നു. ഉമ്മ ചെന്നതിന് ശേഷമാണെന്ന ധാരണ അവിടെയെല്ലാവര്‍ക്കുമുണ്ട്. അതിന്റെ ഒരു പരിഗണനയും ഉമ്മയ്ക്കുണ്ട്. വീടിന് മുന്നില്‍ പകച്ചു നിന്ന അയാള്‍ ഒരു രാജ്ഞിയെപ്പോലെ ഉമ്മയെ കണ്ടു. കാതില്‍ പിന്നലിക്കത്തും, പിന്നെ കച്ചിക്കുഴവും മണീം, കസവു കുപ്പായോം, തട്ടോം ഒക്കെയായി, ഒരു ഹാജിയാരുടെ വീടരായി ഉമ്മ തിളങ്ങി നില്‍ക്കുന്നു.

ഉമ്മയ്ക്ക് മകനെ മനസ്സിലായി. കരഞ്ഞു കെട്ടിപ്പിടിച്ചു. രക്തബന്ധമല്ലെങ്കിലും, സഹോദരങ്ങള്‍ അയാളെ നോക്കി ചിരിച്ചില്ല. ഹാജിയാര്‍ അയാളെയൊന്ന് തറപ്പിച്ചു നോക്കി. അപ്പോള്‍ അയാള്‍ക്ക് ഒരന്യഥാബോധം തോന്നി. എങ്കിലും ഉമ്മയോടൊപ്പം പിന്നാമ്പുറത്തേയ്ക്ക് പോയി.

പുറത്തും അകത്തുമായി നിരവധി പണിക്കാര്‍. അവള്‍ എത്തിനോക്കുന്നുണ്ട്. ഉമ്മ തന്നെ മകനു വേണ്ടി ചോറുവിളമ്പി., ഊണ് കഴിയുന്നതുവരെ അടുത്തിരുന്നു. ഒരായിരം പ്രാവശ്യം തലോടി. ഒരുപാട് വിശേഷങ്ങള്‍ പറഞ്ഞു. പീട്യേക്കുടിയുടെ ഒരറ്റത്ത് വഴിയോട് ചേര്‍ന്നുള്ള പത്തുസെന്റ് ഉമ്മ കൊടുത്തതാണ്. ഒരു കൊച്ചുവീട് പണിയാനും സഹായിച്ചു. കൂട്ടിനായി കുഞ്ഞാമിനയെ ഉമ്മ തന്നെ കണ്ടെത്തി. ഒരു വല്ലാത്ത ആവേശത്തോടെ അവള്‍ക്കും വേറെയാരുമില്ല. അകത്തെ പണികള്‍ക്ക് ഉമ്മയ്ക്ക് സഹായിയായിരുന്നു.

ഒരു ജീവിതം അവിടെ തുടങ്ങി. മീന്‍ കുട്ട സൈക്കിളിലേറ്റി അയാള്‍ ആഞ്ഞു ചവിട്ടി. സുള്‍ഫിക്കര്‍ - സുള്‍ഫിത്ത് - ഒരു വയസ്സ് പ്രായവ്യത്യാസത്തില്‍ രണ്ട് കഞ്ഞുങ്ങളെ അയാള്‍ക്ക് കൊടുത്തു കുഞ്ഞാമിന.

അന്തിലു വളരെ പെട്ടെന്ന് നാട്ടുകാര്‍ക്ക് പരിചിതനായി. പൊതുവെയുള്ള അയാളുടെ ശാന്തപ്രകൃതം. പിന്നെ ആ പ്രായത്തിലുള്ള സാധാരണക്കരേക്കള്‍ ലോകപരിചയം ഇതൊക്കെയാണ്. നാട്ടുകാര്‍ അയാളില്‍ ഇഷ്ടപ്പെട്ടത്.

ഇന്ത്യയെ നെടുകെ പിളര്‍ന്ന് സ്പന്ദിക്കുന്ന റെയില്‍വേയെക്കുറിച്ചും. വിവിധ ഭാഷങ്ങളാല്‍ മനം മയക്കുന്ന ഇന്ത്യന്‍ സൌന്ദര്യത്തെക്കുറിച്ചും അയാളുടെ അറിവ് കവലയിലെ വട്ടം കൂടലുകളില്‍ കുറേശ്ശേ വിളമ്പി. സംശദുരീകരണങ്ങള്‍ ധാരാളമുണ്ടായി. സൌമ്യതയോടെയുള്ള അയാളുടെ മറുപടി കേള്‍ക്കാന്‍ എല്ലാവരും കാതുകൂര്‍പ്പിച്ചു. ബംഗാളും ത്രിപുരയും കണ്ട അയാള്‍ക്ക് കമ്മ്യൂണിസ്റ്റുകള്‍ പ്രസ്ഥാനത്തോട് തോന്നിയ മതിപ്പ് പൊതുവെ കമ്മൂണിസ്റ്റുകള്‍ മാത്രമുള്ള കവലയിലെ ശ്രോതാക്കളില്‍ ഹരം പകരുന്നതായിരുന്നു.

ചെറുപ്പം മുതലെയുള്ള അയാളുടെ വായനാ ശീലം ഈ വട്ടം ചുറ്റലുകളിലും നഷ്ടപ്പെട്ടിരുന്നില്ല. വായനശാലയിലെ ഏതാണ്ടെല്ലാ ബുക്കുകളും അയാള്‍ ഇതിനോടകം വായിച്ചു കഴിഞ്ഞു.

ഇത്രേം അറിവ് നീണ്ട വിധം പ്രയോഗിച്ചിരുന്നെങ്കീ ഏതെങ്കിലും സര്‍ക്കാരാപ്പീസില്‍ ശിപായി പണിയെങ്കിലും കിട്ടിയേനേ എന്ന് അയാളോട് പറഞ്ഞത് ഡോക്ടന്‍ നാസിറുദ്ദീനാണ്. പക്ഷേ കാലം അതിനുള്ള സാഹചര്യമൊരുക്കിയില്ല. കടന്നുപോയ പ്രായവും ഹാജിയാര്‍ മരിക്കുന്നതുവരെ മാത്രമേ ഉമ്മയുടെ സഹായം അയാള്‍ക്ക് കിട്ടിയുള്ളൂ. പിന്നെ കുശുകുശുക്കലും ഉപരോധവും ഉമ്മയുടെ മനസ്സ് നീറ്റി. ഉമ്മയെ വിഷമിപ്പിക്കാതിരിക്കാ‍നായി സഹായങ്ങള്‍ക്കു വേണ്ടി അയാള്‍ അവിടേയ്ക്ക് പോകാതായി. എങ്കിലും പിന്നാമ്പുറത്തെ വഴിയിറമ്പില്‍ നിന്ന് ഉമ്മയെ കണ്ടു. സംസാരിച്ചു. ഉമ്മയ്ക്കിഷ്ടപ്പെട്ടാ മിഠായി വാങ്ങിക്കൊടുത്തു. അത് നുണഞ്ഞ് ചിരിക്കുന്നത് നോക്കി നിന്നു.

സുള്‍ഫിക്കര്‍ പത്താം തരമെത്തിയതു മുതലാണ് സംസാരപ്രിയനായ് ഡോക്ടര്‍ നാസിറുദ്ദീന്റെ വൈകുന്നേരങ്ങളിലെ സൊറകളിലേയ്ക്ക് അയാള്‍ നിത്യസന്ദര്‍ശകനായത്. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചാണ് അയാള്‍ കൂടുതലായി അറിയേണ്ടത്.

സെക്കണ്ടറിയ്ക്ക് സുള്‍ഫിക്കര്‍ സയന്‍സ് ഗ്രൂപ്പില്‍ നേടിയ മാര്‍ക്കു കണ്ട് മെയില്‍ നേഴ്സിംഗിന് കര്‍ണ്ണാടകയില്‍ ഒരു സീറ്റൊപ്പിച്ചു കൊടുത്തത് ഡോക്ടറായിരുന്നു. വീടിന്റെ ആധാരം ബാങ്കില്‍ പണയപ്പെടുത്തി ലോണെടുക്കുമ്പോള്‍ അതിലും ആദ്യമൊന്ന് പതറി.

“ബേജാറാവാതെ, ഗള്‍ഫില്‍ മെയില്‍ നേഴ്സിന് നല്ല ചാന്‍സാണ്. മൂന്ന് വര്‍ഷം കൊണ്ട് ഈ പ്രശനങ്ങളൊക്കെ തീര്‍ക്കാവുന്നതേയുള്ളൂ.....’
ഡോക്ടറുടെ വാക്കുകള്‍ കേട്ട് ആശങ്കവിടാതെ അയാളൊന്ന് ചിരിച്ചു.

താഴെ സുള്‍ഫിത്തുണ്ട്. പഠിക്കാന്‍ സുള്‍ഫിയേക്കര്‍ മിടുക്കുണ്ട്. അടുത്ത വര്‍ഷം കേരളത്തിലെവിടെയെങ്കിലും സര്‍ക്കാരാഫീസില്‍ ഒരു സീറ്റ് കിട്ട്യാ മത്യാര്‍ന്നു.......’

ആ പ്രതീക്ഷയാണിപ്പോള്‍ തകര്‍ന്നത്. അന്തിലുനെടുവീര്‍പ്പിട്ടു. കാലിന്റെ ഞെരിയാണിയില്‍ ഞരമ്പ് തടിച്ച് തിണര്‍ത്തു തുടങ്ങിയിട്ട് മാസങ്ങളായി. അസഹ്യമായ വേദനയുമുണ്ട്. സൈക്കിള്‍ ചവിട്ടിയാണത്. അയ്യായിരം രൂപാ കുറി കിട്ടിയപ്പോ ഒരു എം.80 വാങ്ങണമെന്ന് തീരുമാനിച്ചിരുന്നു. സുള്‍ഫി അപ്പോഴാണ് പൈസയുടെ ആവശ്യമറിയിച്ച് വിളിച്ചത്. അതയച്ചു കൊടുത്തു അടുത്ത ദിവസം വഴിയിറമ്പില്‍ നിന്ന് കുശലം പറയുമ്പോള്‍ ഉമ്മ കലങ്ങിയ കണ്ണുകള്‍ ശ്രദ്ധിച്ചു. നരകയറിയ മുടിയിലൂടെ വിരലോടിച്ചു ഒന്ന് വിങ്ങി.

‘ഇയ്യ് ......... കവലേല് അടി കൂട്യോ?
‘ഏയ്........ഒന്നൂലാ ഉമ്മാ..... അത് പോട്ടെ......’
ചെറിയേഓളെ ഏടേ ചേര്‍ക്കും..........?
‘കാസര്‍കോട്ട് ഡോക്ടറുടെ പരിചയത്തീ ഒരു നേഴ്സിംഗ് കോളേജുണ്ട് . അവിടിത്തിരി കാശ് കൊറവാ........ എന്നാലും പൈസ കൊറേ വേണം..........’
‘അനക്കെത്ര മേണ്ടി?’
ഉമ്മ മടിശ്ശീലയില്‍ നിന്നും കുറച്ച് നേട്ടെടുത്തു. അയാള്‍ ചിരിച്ചു കൊണ്ട് തടഞ്ഞു.

‘പണ്ടത്തെ പഠിപ്പൊന്ന്വല്ലാ ഉമ്മാ......... കെട്ട് കണക്കിന് നോട്ടുകള് വേണം, ബാങ്കീന്ന് ഒരു ലോണെടുക്കണം മോടെ പേരിലു........
ഡോക്ടറ് മാനേജരോട് സംസാ‍രിച്ചിട്ടൊണ്ട്.......’

‘ലോണൊക്കെ എടുത്താ അന്നെക്കൊണ്ട് കുട്ട്യാ കൂടോ....? ഈ ചവിട്ടു വിറ്റാ ന്നാ കിട്ടാനാ........?
‘സാരല്യ ഉമ്മ രണ്ടു വര്‍ഷം കൂടി കഴിഞ്ഞാ സുള്‍ഫീടെ പഠത്തം തീരും. പിന്നെ കഷ്ടപ്പാടൊക്കെ ഒതുങ്ങൂല്ലേ......’ ലോണിന് വേണ്ടി ബാങ്കില്‍ നില്‍ക്കുമ്പോള്‍ സുള്‍ഫിത്ത് ഉപ്പയെ നോക്കി. ആ കണ്ണുകളില്‍ എന്നെ പണയം വയ്ക്ക്വാണോ ഉപ്പാ..... എന്ന് ചോദ്യം ഉയരുന്നുണ്ടോ? ഉള്ളിലെ നീറ്റലൊതുക്കി നിശബ്ദം ഇല്ല മോളേ........ എന്ന് നിശ്വസിച്ചു അവളെ ചേര്‍ത്തണച്ചപ്പോള്‍ സുള്‍ഫിത്ത് കാരണമറിയാതെ ഒന്ന് പകച്ചു.

അടുത്തിടെ വായിച്ച ഒരു യുവ കഥാകൃത്തിന്റെ മനസ്സില്‍ സ്പര്‍ശിച്ച കഥയിലെ വാചകങ്ങള്‍ മനസ്സിലെത്തി.

‘ജീവിതത്തിന്റെ പ്രലോഭനം ഭയങ്കരമാണ്. ആഗ്രഹങ്ങളുടെ അഗാധതയിലേയ്ക്ക് അത് നമ്മെ കെട്ടിത്താഴ്ത്തും. ഒരു മണ്‍കുടം പോലെ നമ്മളതിന്റെ സൌമ്യതയിലേയ്ക്കിറങ്ങി ജലസസ്യങ്ങള്‍ക്കിടയില്‍ അവയുടെ തലോടലേറ്റ് അറിയാതെ ഉറങ്ങി ഒരു സ്വപ്നമായിപ്പോകും.
ചിലപ്പോള്‍ ഒരു ചിരകാല സുഹൃത്തിന്റെ സ്വാതന്ത്ര്യത്തോടെ തോളില്‍ അമര്‍ത്തി ഒരു വഴിയ്ക്ക് കൊണ്ടുപോകും. പിന്നെ ഏതെങ്കിലും ഒരു കൊടുംവനത്തില്‍ വച്ച് കൈയ്യൊഴിയും.

ഒരു ചെറിയ ഞെട്ടല്‍.... മാനേജരുടെ ഒരല്പം ഈര്‍ഷ്യ കലര്‍ന്ന സ്വരം. അവിടെയല്ലാ....... ഇവിട്യാ ഒപ്പിടേണ്ടത്.......... കൈകകളില്‍ കിടന്ന് പേന വീണ്ടും പതുങ്ങി..

കാസര്‍കോട് അഡ്മിഷനു വേണ്ടി സുള്‍ഫിക്കറാണ് പോയത്. ഒരു വര്‍ഷം കൊണ്ട് അവനാകെ മാറിപ്പോയി. മുടിയിലൊക്കെ എന്തോ ചായം പൂശി പുറകോട്ടൊതുക്കി അവനൊരു കോളേജ് കുമാരനായിരിക്കുന്നു. സിനിമയിലൊക്കെ കാണുന്ന ചെറുപ്പക്കാരെപ്പോലെ. സംസാരത്തില്‍ ഇംഗ്ലീഷിന്റെ കടന്നു കൂടല്‍.

കവലയിലെ വട്ടം കൂടലുകള്‍ സുള്‍ഫിക്കര്‍ ചര്‍ച്ചയാവുന്ന വിവരം അന്തിലു അറിഞ്ഞു. പഠിക്ക്വാണെങ്കി തമിഴ് നാട്ടിലോ, കര്‍ണ്ണാടകത്തിലോ പഠിക്കണം. കുട്ട്യോള്‍ക്ക് നല്ല കരുത്തും തന്റേടോം ഉണ്ടാകും............’

ഉറക്കം കൈവിട്ട അന്നേ രാത്രി കഞ്ഞാമിനയുടെ ചെവിയില്‍ അയാളത് അഭിമാനത്തോടെ പറഞ്ഞപ്പോള്‍ അവള്‍ക്ക് അരിശം തട്ടി...

‘കണ്ണുകിട്ടും........ന്റെ മോന് .......’ ചാടിയെഴുന്നേറ്റ് അടുക്കളയില്‍ നിന്ന് ഉപ്പൂം മുളകും കൈയ്യിലെടുത്തു. മുറിയിലേയ്ക്ക് ചെന്ന് ഉറങ്ങിക്കിടക്കുന്ന സുള്‍ഫിക്കറിന് ചുറ്റും വീശി പിറുപിറുത്ത് അടുക്കളയിലേയ്ക്ക് പോയി. അടുപ്പില്‍ ഉപ്പും മുളകും പൊട്ടിത്തെറിച്ചു. ആശ്വാസത്തോടെ കൈതുടച്ച് കട്ടിലിലിരുന്ന് - ‘കണ്ണേറ്റിട്ടൊണ്ട് ഒറപ്പാ.... വറ്റല് മൊളകല്ലേ...... തരിമ്പ് മണോല്ല്യേ...........’
അന്തിലും ‘ മണ്ടി.......’ എന്ന് മനസ്സില്‍ പറഞ്ഞ് ചിരിച്ചു.

ഡോക്ടറെ കബളിപ്പിച്ച് മൂന്നരലക്ഷം രൂപാ തട്ടിയെടുത്തു എന്ന വാര്‍ത്ത അയാ‍ള്‍ പത്രത്തിലൂടെയാണ് അറിഞ്ഞത്. അതും മാര്‍ക്കറ്റില്‍ മീനെടുക്കാന്‍ പോയപ്പോള്‍. ഡോക്ടറെ കാണാനായ് ശ്രമിച്ചെങ്കിലും ആള്‍ക്കൂട്ടവും പോലീസും അയാളെ പിന്തിരിപ്പിച്ചു. പത്രത്തില്‍ വായിച്ചതുപോലെ കവലയിലും സംഭവത്തിന്റെ റീപ്ലേ നടക്കുന്നുണ്ട്.
‘വീട്ടില്‍ സുഖമില്ലാതെ കിടക്കുന്ന അമ്മയെ ചികിത്സിക്കണം എന്ന അപേക്ഷയോടെ രണ്ട് ചെറുപ്പക്കാരെത്തുന്നു. അവരെ വിശ്വസിച്ച് വണ്ടിയില്‍ കയറിയ ഡോക്ടറെ കുറെ അകലെ കൊണ്ടുപോയി ബന്ധനസ്ഥനാക്കി സ്വന്തം മൊബൈലില്‍ വിട്ടിലേയ്ക്ക് വിളിപ്പിച്ച് കാശ് ആവശ്യപ്പെടുന്നു. കാശ് കൊടുത്തില്ലെങ്കില്‍ കൊല്ലുമെന്ന ഭീഷണി. അവസാനം കാള്‍ കൊടുത്തു തന്നെ ഡോക്ടര്‍ മോചിതനാവുന്നു.

ചെറുപ്പക്കാരുടെ പ്രായത്തെക്കുറിച്ചു പറഞ്ഞത് കേട്ടപ്പോള്‍ അന്തിലുവിന്റെ ഉള്ളിലൊരു തീപ്പൊരിപാറി.
ശരിയാണ്. കൌമാരം പിന്നിടുമ്പോള്‍ ഒരു വല്ലാത്ത സങ്കീര്‍ണ്ണത ഓരോരുത്തരും അനുഭവിക്കുന്നുണ്ട്. നിയന്ത്രണമില്ലാത്ത ഒരവസ്ഥയാണിത്. ലക്ഷ്യത്തിനുവേണ്ടി സ്വീകരിക്കുന്ന മാര്‍ഗ്ഗം അതിരുകടന്നതാവും.

ഒരു തുരുമ്പും അവശേഷിപ്പിക്കാതെ ചെറുപ്പക്കാര്‍ ചെയ്ത കൃത്യത്തെ പര്‍വ്വതീകരിച്ച കവലയിലെ കൂട്ടം മൂന്ന് നാല് ആഴ്ചകള്‍ക്കു ശേഷം തിരിച്ചു പറയാനായ് തുടങ്ങിയപ്പോള്‍ അന്തിലു അത്ഭുദപ്പെട്ടു. ഡോക്ടര്‍ സ്വയം കെട്ടിച്ചമച്ചതാണ് ഈ തട്ടിക്കൊണ്ടു പോകല്‍ നാടകമെന്ന്. അങ്ങനെയത് പരന്നപ്പോള്‍ അയാള്‍ക്ക് ഡോക്ടറെ കാണാതിരിക്കാനായില്ല.

‘ഞാനെല്ലാം അറിയുന്നുണ്ട്. അകത്ത് എന്റെ ഭാര്യ ഇനിയും കരഞ്ഞ് തീര്‍ന്നിട്ടില്ല. പോലീസുകാരുടെ ചോദ്യം ചെയ്യല്‍ ഭീകരം. നീയാര്‍ക്കും കൊണ്ടുപോയി കൊടുത്തെടീ എന്ന വിരട്ടല്‍. അഞ്ചു നേരം പടച്ചോന്റെ മുമ്പീ മുട്ടുകുത്തുന്നവനാ ഞാന്‍ ഒരിക്കെ ഈ സത്യം തെളിയും.

അന്തിലും ഡോക്ടറുടെ കൈയ്യിലമര്‍ത്തി സമാധാനിപ്പിച്ചു. പിന്നീടൊരിക്കള്‍ സന്ധ്യയ്ക്ക് വീട്ടിലെത്തുമ്പോള്‍ ചുറ്റും ആളുകളാണ് അയാളെ എതിരേറ്റത്. തിണ്ണയുടെ കീഴെ കരഞ്ഞ് ചടഞ്ഞിരിക്കുന്ന കുഞ്ഞാമിനയെ കണ്ട അയാളുടെ ഉള്ളം പകച്ചു.

സുള്‍ഫിയെ അന്വേഷിച്ച് പോലീസെത്തിയിരിക്കുന്നു!. ഇന്നലെ രാത്രി വളരെ വൈകി അവനെത്തിയെന്ന് മീനെടുക്കാന്‍ രാവിലെ പോകുമ്പോള്‍ കുഞ്ഞാമിന പറഞ്ഞിരുന്നു. രാവിലത്തെ തത്രപ്പാടില്‍ അവനെ കാണാന്‍ നിന്നില്ല. ഉച്ചയോടെയാണ് പോലീസ് ജീപ്പ് വീട്ടുമുറ്റത്തെത്തിയത്. സുള്‍ഫിക്കര്‍ പിന്നമ്പുറത്തൂടെ ഓടി രക്ഷപ്പെട്ടുവത്രേ.

ഡോക്ടറെ തട്ടിക്കൊണ്ടു പോയതുപോലെ സമാനമായ ഒരു സംഭവന്‍ കാര്‍സര്‍കോട് സുള്‍ഫിത്ത് പഠിക്കുന്ന നേഴ്സിംഗ് കോളേജിന്റെ ഉടമ ഡോക്ടര്‍ക്കും സംഭവിച്ചു. അതില്‍ പറ്റിയ ഒരു പാകപ്പിഴയുടെ തുരുമ്പ് തേടി വന്നിരിക്കുന്നതാണിത്. തട്ടികൊണ്ടുപോകല്‍ ശ്രമം പൊളിഞ്ഞപ്പോള്‍ പോലീസുകാര്‍ പരിശോധിച്ച വാനില്‍ നിന്നും കിട്ടിയ ഡ്രൈവിംഗ് ലൈസന്‍സാണ് തുരുമ്പ്, അത് സുള്‍ഫിക്കര്‍ പഠിക്കുന്ന കോളേജിലെ ഏല്‍ദോയുടേതാണ്. അവനെ ചോദ്യം ചെയ്തതിലൂടെ ഇവിടെയെത്തി.
‘മാതാപിതാക്കള്‍ ശ്രദ്ധിച്ചില്ലെങ്കീ മക്കളിങ്ങനെ പല തോന്ന്യാസങ്ങളും കാണിക്കും......’
ആള്‍ക്കൂട്ടത്തിന്റെ കമന്റ് അന്തിലുവിനെ തോല്‍പ്പിക്കാന്‍ പോന്ന വിധത്തിലായിരുന്നു.
അകത്തു നിന്നും അപ്പോള്‍ ഒരു മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. അയാളൊന്ന് ഞെട്ടി. കുഞ്ഞാമിനയും, ആരുടേതാണിത്? ഓടിപ്പോകുന്ന തിരക്കില്‍ സുള്‍ഫി മറന്നു വച്ചതാണോ?.
“ങ്ഹാ.. പുത്തന്‍ മൊബൊലൊക്കെ വാങ്ങി. ഇതൊക്ക്വാ പണീങ്കി എന്തിനാ മൊബൈല്....... കാറ് വാങ്ങാലോ........’

ആള്‍ക്കൂട്ടം ചിരിക്കുന്നതു കണ്ടപ്പോള്‍ ബോംബെയിലെ അഴുക്കു ചാലുകള്‍ നിറഞ്ഞ ഇടവഴികളിലൂടെ കനത്ത ശരീരവും, നീട്ടി വളര്‍ത്തിയ മുടിയും, ചുവപ്പിച്ച ചുണ്ടുകളും, കാതില്‍ പ്ലാസ്റ്റിക് ഞാത്തുകളുമായി സാരി ചുറ്റി ഓടിയടുത്ത് കൈകൊട്ടിച്ചിരിക്കാറുള്ള ശിഖണ്ഡിയുടെ പിന്മുറക്കാരുടെ കൂട്ടത്തെ ഓര്‍മ്മവന്നു.

വരാന്തയിലേയ്ക്ക് തകര്‍ന്ന മനസ്സോടെ അയാളിരുന്നു. ആള്‍കൂട്ടത്തെ തള്ളി മാറ്റി ഉമ്മ ഓടിവരുന്നുണ്ട്. കണ്ണുനീര്‍ സൃഷ്ടിച്ച മറവിലും അയാളത് കണ്ടു പിന്നാലെ റാഫിയുണ്ട്. ഉമ്മയുടെ ഇളയ മകന്‍ മക്കളില്‍ അന്തിലുവിനോടെന്തെങ്കിലും സംസാരിക്കാറുള്ളത് അയാള്‍ മാത്രമാണ്. അരികത്തിരുന്ന ഉമ്മയുടെ മടിയിലേയ്ക്ക് മുഖം പൂഴ്ത്തി അയാളൊന്ന് ചുരുങ്ങി. പതിയെ ശബ്ദമില്ലാതെ തേങ്ങി.

ഇയ്യ് .......ബെഷമിക്കാതെ. ഓരോ കാലക്കേട്..........’
റഫിയെ നോക്കുമ്പോള്‍ അയാളില്‍ ലേശം കനം തൂങ്ങുന്നു. ഒരു പ്രശ്നത്തിലേയ്ക്ക് തലയിടേണ്ടി വരുന്നതിലുള്ള വിഷമം.
‘ഇനീപ്പോ ഡി.വൈ.എസ്.പീ.ടെ മുമ്പീനേരിട്ട് ഹാജരാകാം അതാ നല്ലത്. രാവിലെ തന്നെ ചെക്കനെ അവിടെയെത്തിക്കണം. ഓനി ചുറ്റുവട്ടത്തെവിടേലും കാണും. ഓടിപ്പോയാലും എങ്ങട് പാനാ.......!

‘അനക്കൂടെ ഒന്ന് പൊയ്ക്കൂടേ....................?
‘ഉമ്മ മുണ്ടാണ്ടിരി. ഫോണില് വിളിച്ച് പറഞ്ഞോളാം ഞാന്‍ ഇടി കിട്ടാണ്ട് നോക്കാം അത്രേ ന്നെക്കൊണ്ട് ഒക്കൂ.........!
എല്ലാവരും ഒഴിഞ്ഞു. രാത്രി മഴ തകര്‍ക്കുമെന്ന് തോന്നുന്നു. കുഞ്ഞാമിന തളര്‍ന്ന മനസ്സോടേ അകത്തേയ്ക്ക് നീങ്ങി. അയാള്‍ നിശബ്ദനായി കസേരയിലേയ്ക്ക് ചാഞ്ഞു. മഴത്തുള്ളികള്‍ വലിയ ശബ്ദത്തോടേ പാഞ്ഞെത്തി.

കാലില്‍ ആരോ കെട്ടിപ്പിടിച്ച് കരയുന്നുണ്ടോ...........? അയാള്‍ എഴുന്നേറ്റ് നോക്കുമ്പോള്‍ സുള്‍ഫിയാണ് അവനെ മഴ നനഞ്ഞ് വിറയ്ക്കുന്നു. പെട്ടെന്നയാള്‍ സര്‍വ്വതും മറന്നു. മകനെ സ്നേഹിക്കുന്ന കനിവുള്ള ഉപ്പായി.

‘സാരല്യടാ..... നീ വെഷമിക്കാതിരി. തെറ്റാര്‍ക്കും പറ്റാം. നാളെത്തന്നെ ഡി.വൈ.എസ്.പി.ടെ ആഫീസിപോയി ചെയ്ത തെറ്റുകളേറ്റ് പറഞ്ഞ് മാപ്പപേക്ഷിക്കാം. നീയിപ്പോ അകത്തുപോയിം തല തോര്‍ത്ത്. പിന്നെ വല്ലതും കഴിച്ച് കെടന്നുറങ്ങ്......

അയാളുടെ പൊതു വിജ്ഞാനത്തിനപ്പോള്‍ മങ്ങലേറ്റു. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പോക്കറ്റില്‍ നിന്നും മകന്‍ അമ്പതു രൂപാ മോഷ്ടിച്ചതിനെ ചോദ്യം ചെയ്ത ലാഘവം മാത്രേ മനസ്സിലുള്ളൂ.

ഡി.വൈ.എസ്.പി.യുടെ മുറിയിലേയ്ക്ക് അയാള്‍ മകനെയും കൂട്ടി നടക്കുമ്പോള്‍ ഒരു കനത്ത നിശബ്ദത അവിടെ പരന്നു.ചുറ്റും കാക്കി ധാരികള്‍ സൃഷ്ടിച്ച ഭീതിദമായ നിശബ്ദത. മേശപ്പുറത്ത് സുള്‍ഫിയുടെ ഒരു വലിയ ഫോട്ടോയുണ്ട്. അടുത്തുതന്നെ അവന്റെ കൂട്ടുകാരുടേയും ഉണ്ട്. ഡി.വൈ.എസ്. പി. സുള്‍ഫിക്കറെ ശ്രദ്ധിച്ച് എഴുന്നേല്‍ക്കുമ്പോള്‍ അവന്‍ ഉപ്പയുടെ പിന്നിലേയ്ക്ക് ഒതുങ്ങി. കൈകളില്‍ ചേര്‍ത്ത് പിടിച്ചു. ‘

‘ഇവനാണ്‍ സൂത്രധാരന്‍ അല്ലേ..........? മാറി നിക്കടാ. ഇങ്ങട്............’

അയാളുടെ അലര്‍ച്ചയില്‍ അന്തിലു നടുങ്ങി. സുള്‍ഫിക്കര്‍ വാവിട്ടു കരഞ്ഞു. അന്തിലുവിന് അയാള്‍ക്ക് മുന്നിലേയ്ക്ക് മകനെ മാറ്റി നിര്‍ത്താന്‍ പാടുപെടേണ്ടിവന്നു. അടുത്ത നിര്‍ദ്ദേശം അന്തിലുവിനോട് മുറി വിട്ടിറങ്ങാനായിരുന്നു..ഭാരമേറിയ കാല്പാദങ്ങള്‍ വലിച്ചുവച്ച് മുറി വിട്ടിറങ്ങുമ്പോള്‍ കനത്ത ശബ്ദത്തോടെ വാതിലടഞ്ഞതിനൊപ്പം സുള്‍ഫിക്കറുടെ ഭയാനകമായ കരച്ചിലും അകന്നു.

പിന്നെ കനത്ത നിശബ്ദത. ഭിത്തിയിലേയ്ക്ക് ചാരി നില്‍ക്കുമ്പോള്‍ പണ്ട് പാഴ്സി സ്നേഹിതനൊപ്പം മലബാര്‍ ഹില്‍സിനരികിലെ ടവര്‍ ഓഫ് സലയലന്‍സ് കണ്ടത്. ഓര്‍മ്മ വന്നു. ശരിക്കും നിശബ്ദതയുടെ ഗോപുരം തന്നെ.

പാഴ്സികള്‍ വളരെ നല്ല ഹൃദയ മുള്ളവരാണ്. അവര്‍ക്ക് സ്നേഹിക്കാനേ അറിയൂ. ബോംബെയില്‍ അവര്‍ക്കായി ഒരു പഞ്ചായത്ത് തന്നെയുണ്ട്. അവരുടെ നിയമങ്ങളേയും വിശ്വാസങ്ങളേയും സംരക്ഷിക്കുന്ന രീതിയിലാണത്.

മരണശേഷം അവരുടെ ശരീരം കെട്ടിത്തൂക്കി ചുറ്റും കഴുകന്‍ മാര്‍ ഉള്ള ഒരു കിണറിലേയ്ക്ക് താഴ്ത്തുകയാണത്രേ ചെയ്യുക. മോക്ഷ പ്രാപ്തിക്കു വേണ്ടി ശരീരം കഴുകന്മാ‍ര്‍ ഭക്ഷക്കണമെന്നാണ് അവരുടെ വിശ്വാസം കഴുകകൂട്ടങ്ങള്‍ കൊത്തിവലിച്ച ശരീരം എങ്ങനെ വികൃതമായിരിക്കും എന്നപ്പോള്‍ ആലോചിച്ചിരുന്നു. ഇവിടെ എന്റെ കുഞ്ഞിനെ ജീവനോടെ കൊടുത്തിരിക്കുകയാണല്ലോ എന്നോര്‍ത്ത് വിറങ്ങലിച്ചപ്പോഴേയ്ക്കും വാതില്‍ ഒരു വലിയ ഞരക്കത്തോടെ തുറന്നടഞ്ഞു.

പരിചയമുള്ളമൊരു പോലീസുകാരനാണ് അടുത്തേയ്ക്ക് വരുന്നത്.
‘കഷ്ടം തന്നെ പത്തു പതിമൂന്ന് പേരുള്ള സംഘത്തീ കിട്ടിയ പണം വീതം വച്ചപ്പോ ഇവന് കിട്ടിയത് ഇരുപത്തയ്യായിരം. അതില്‍ പതിനയ്യായിരം മാത്രേ കൈയ്യി കിട്ടിയുള്ളൂ.......ഒരു മൊബൈല്‍ ഫോണ്‍, രണ്ട് പാന്റ്, ഷര്‍ട്ട്........ തീര്‍ന്നു. രണ്ട് തട്ടിക്കൊണ്ട് പോകുലും ഇവര് തന്ന്യാ ചെയ്തത്.

അന്തിലു വിറയലോടെ ശ്രോതാവായി. ഡോക്ടര്‍ നാസിറുദ്ദീന്റെ മുഖം ഓര്‍മ്മയിലേയ്ക്കോടിയെത്തി.
.പോലീസുകാരന്‍ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണെടുത്ത് ആരെറ്റോ വിളിക്കാനായ് നോക്കിയെങ്കിലും കോള്‍ പൂര്‍ത്തിയാക്കാനാവാതെ ശ്രമം ഉപേക്ഷിച്ചു.

‘അവനെ എപ്പ വിടും സാര്‍.............?

അന്തിലുവിന്റെ ദയനീയമായ ചോദ്യത്തിനയാള്‍ ഉറക്കെച്ചിരിച്ചു.
‘വിടാനോ................ കിട്ടീട്ടല്ലേയുള്ളൂ. ഇനി വിസ്താരം, തെളിവെടുപ്പ്............... അങ്ങനെ കെടക്കുന്നു കാര്യങ്ങള്‍. ഇവിടെ നിന്നിട്ടൊന്നും ഒരു കാര്യോല്ലാ..... കോടതീല് ഹാജരാകുമ്പോ ജാമ്യം കിട്ടാനേര്‍പ്പാടൊണ്ടാക്ക്.........’
അന്തിലു പതിയെ പടിയിറങ്ങി.

രാത്രി മഴയുണ്ടെന്ന് ഉറപ്പിക്കാനാവും വെയിലിന് ശക്തമായ പൊള്ളല്‍. തെരുവിലൂടെ അയാള്‍ കനംതൂങ്ങിയ പാദങ്ങള്‍ വലിച്ചു വലിച്ചു നടന്നു. എന്റെ മകനെ അവര്‍ എന്താവും ചെയ്യുക?
അന്ന് രാത്രി ഉറക്കം വരാതെ അയാള്‍ മുറിയിലൂടെ അങ്ങുമിങ്ങു നടന്നും. പുറത്തെ മഴയുടെ ശക്തി അയാളറിഞ്ഞില്ല.
മേശപ്പുറത്ത് മടക്കിക്കൊടുക്കാനുള്ള പുസ്തകം ഇരിക്കുന്നു. ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകളാണതില്‍. പതിയെ കൈയ്യിലെടുത്തപ്പോള്‍ മറിഞ്ഞ താളുകളില്‍ അയാളിത്രയും വായിച്ചു. രാത്രി എപ്പോഴും ഒരിലച്ചോറ് കരുതി വയ്ക്കാന്‍ ഞാന്‍ ഭാര്യയോട് പറഞ്ഞുകൊണ്ടിരുന്നു. അവനെപ്പോഴും വരാം. പട്ടിണി കിടന്ന്, വിശന്ന വയറോടെ, ചടച്ച ശരീരത്തോടെ അവന്‍ വരുമ്പോള്‍ അവന് വേണ്ടി ചോറ് കരുതി വയ്ക്കണം. അവന് വരാതിരിക്കനാവില്ല.

മഴ തകര്‍ത്തു പെയ്യുന്ന രാത്രികള്‍, അച്ഛാ! എന്ന് നിശബ്ദ മായി അവന്‍ വിളിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു.
പുറത്ത് മഴ നനഞ്ഞ് എന്റെ മകന്‍ നില്‍ക്കുന്നു. ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു.
എന്റെ നിഷ്കളങ്കനായ കഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്.

പെട്ടെന്നയാള്‍ക്ക് കരച്ചില്‍ വന്നു. ഉറക്കെ കരയാന്‍ തോന്നി. പൊട്ടിപ്പൊട്ടികരഞ്ഞയാള്‍ മുറിയ്ക്ക് പുറത്തിറങ്ങി ഇറയത്തേയ്ക്ക് കടന്നു. കസേരയിലിരുന്ന് ഉറക്കെ കരഞ്ഞു.

മഴയോടൊപ്പമുള്ള നിലയ്ക്കാത്ത കരച്ചില്‍ കുഞ്ഞാമിന അറിഞ്ഞില്ല. നേരം പുലരുവാന്‍ ഇനിയും സമയമുണ്ട്. അയാളുടെ കരച്ചില്‍ ഇനി കുഞ്ഞാമിന അറിയും അയല്‍പക്കത്തുള്ളവര്‍ അറിയും. എല്ലാവരുമറിയും
മഴപെയ്തൊഴിയുമ്പോള്‍ അല്ലെങ്കില്‍ നേരം പുലരുമ്പോള്‍.

എന്‍.കെ.മുഹമ്മദ് കോയ.



-, ചാലക്കുടി ,



Your response will be e-Mailed to the poster.