ആരുടെയോ നഷ്‌ടപ്പെട്ട കഥയില്‍നിന്ന്...
അയാള്‍ക്ക് അയാളോടുതന്നെ പുച്ഛം തോന്നിയത് എപ്പോഴാണ്? അയാള്‍ ആലോചിച്ചു. വളരെ ചെറുപ്പത്തില്‍, അല്ല; കുട്ടിയായിരുന്നപ്പോള്‍ത്തന്നെ വീഴ്‌ചകള്‍ പഠിക്കേണ്ടതായിരുന്നു. ഇണക്കവും പിണക്കവും തമ്മിലെ വ്യത്യാസംപോലും അയാള്‍ തിരിച്ചറിഞ്ഞിരുന്നില്ല. പിണങ്ങിയവര്‍ മനസ്സിലെ മുറിവു സൂക്ഷിക്കുകയും ഇണങ്ങുമ്പോള്‍പോലും മുറിവ് ഓര്‍മ്മിക്കുകയും ചെയ്യും. എന്നാല്‍, അയാള്‍ അങ്ങനെയായിരുന്നില്ല. എല്ലാം മറക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന സ്വഭാവമായിരുന്നു. ശത്രുതയ്‌ക്ക് അയാളുടെ മനസ്സില്‍ ദീര്‍ഘായുസ്സുണ്ടായിരുന്നില്ല. ജീവിതത്തെ പഠിക്കനോ എന്തെങ്കിലും നേടാനോ കഴിയാതെ പോയ അലസനായിരുന്നു അയാളെന്നു പറഞ്ഞാല്‍ പൂര്‍ണ്ണമായും ശരിയാണ്. കരിമ്പിന്‍ ചണ്ടിപോലെ അയാള്‍ മാറുകയായിരുന്നു. ശത്രുവും മിത്രവുമൊന്നുപോല്യായിരുന്നു അയാള്‍ക്ക്. വാക്കുകള്‍ വിലപിടിച്ച നാണയങ്ങളാണെന്ന് അയാള്‍ വൈകിയേ മനസ്സിലാക്കിയുളളൂ. ഒരാള്‍ പുഞ്ചിരിച്ചാല്‍ അയാള്‍ നല്ല മനുഷ്യനാണെന്ന് പറയുന്ന ആളാണ് താനെന്ന് അടുത്ത ചങ്ങാതി പരിഹസിച്ചതോര്‍ക്കുന്നു. ആ ചങ്ങാതിയും കാര്യങ്ങള്‍ തുറന്നുപറഞ്ഞില്ല. സൂചിപ്പിക്കുക മാത്രം ചെയ്തു. അതില്‍നിന്ന് ജീവിതത്തിന്റെ വലിയ തത്ത്വം തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
കാലത്തിലൂടെ ജീവിതത്തെ മാറ്റപ്പെടുത്തുവാന്‍ കഴിയുമോ?
രണ്ട്
മനസ്സില്‍ നിന്നു മറഞ്ഞുപോയ വാക്കുകള്‍ ഓര്‍മ്മിച്ചെടുത്തുകൊണ്ട് ജലദാസ് എഴുത്തിലേക്കു മടങ്ങുകയായിരുന്നു. അയാളുടെ മനസ്സിലെ താളമായിരുന്നു അക്ഷരം. അടച്ചു കുറ്റിയിട്ട മുറിയില്‍ ലാമ്പിന്റെ വെളിച്ചത്തില്‍, കട്ടിലില്‍ വിരിച്ച തഴപ്പായില്‍ തനിച്ചിരുന്നു. അയാള്‍ക്കുമുന്നില്‍ പുസ്‌തകങ്ങളും മാസികകളും-മൗനത്തിന്റെ ഓരോരോ അടുക്കുകള്‍. അടുത്ത മുറിയില്‍ സുജാതയും മകളും - അവര്‍ ഉറങ്ങിയിട്ടുണ്ടാവും. മേശപ്പുറത്തുവച്ചിരുന്ന പുസ്‌തകങ്ങള്‍ക്കിടയില്‍ നിന്നു കടലാസുകള്‍ കീറാതെ, പയ്യെ വലിച്ചെടുത്തു. നീണ്ട കവിതയായിരുന്നു. പ്രണയിച്ചവരുടെ ഇടയിലെ അദൃശ്യമായ മതില്‍. വീട്ടിലും പുറത്തും അപരിചിതരെപ്പോലെ, ഒരിക്കലും കാണാത്തവരെപ്പോലെയായിരുന്നു പെരുമാറ്റം. മഞ്ഞുപോലെ ഭാഷ തണുത്തിരിക്കുന്നു. അയാള്‍ അയാളുടെ ഭാഷയിലൂടെ കണ്ണോടിച്ചു. ഫിയദോറിനെപ്പോലെ ജീവിതത്തെ അപ്പാടെ പകര്‍ത്താന്‍ കഴിയുമോ? എഴുതാനും പറയാനും കഴിയാത്ത സംഭവങ്ങള്‍ മനസ്സില്‍ നിറയെ. ഓരോരുത്തരും ഓരോ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലാണ്. മനുഷ്യരുടെ യാത്ര ശവവാഹകരുടെ യാത്രയാണ്. അയാള്‍ കടലാസുകള്‍ തിരിയെ പുസ്‌തകങ്ങള്‍ക്കിടയില്‍വച്ചു. കണ്ണാടി ജനലുകള്‍ക്കിടയിലൂടെ ശൂന്യതയിലേക്കു നോക്കി.
ഉറക്കമില്ലാത്ത രാത്രികളെ ശപിച്ചുകൊണ്ട് ഇരുട്ടിലൂടെ ജലദാസ് നടന്നു. ജീവിതത്തിന് ഇത്രയും നീളം വേണമായിരുന്നോ? അയാള്‍ സ്വയം ആലോചിച്ചു. സുജാതയും മക്കളുമായുളള ബന്ധമവസാനിച്ചതോടെ ജീവിതപ്പാതയുടെ ഒടുവിലത്തെ യാത്രയാണ്. ചിരിക്കുവാന്‍ കാത്തിരിക്കുന്നവരുടെ മുഖങ്ങള്‍ മനസ്സില്‍ കാണുന്നുണ്ട് അയാള്‍. സുജാതയും മീരയും നേവല്‍ ബെയ്‌സിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറുമെന്ന് ഭാര്യയുടെ അനുജത്തി ഓര്‍മ്മപ്പെടുത്തിയിട്ടുണ്ടായിരുന്നു. വൃദ്ധയായ അമ്മയെ കുഞ്ഞുമ്മയോടൊപ്പം പറഞ്ഞയച്ചതു ശരിയായില്ലെന്നു മനസ്സു പലതവണ പറഞ്ഞുകൊണ്ടിരുന്നു. ഉണങ്ങാത്ത മുറിവുകള്‍പോലെ.. അച്‌ഛന്‍ പിരിഞ്ഞിരുന്ന കാലം പഠിപ്പിച്ചതും വളര്‍ത്തിയതും അമ്മയാണ്. അമ്മ തുണീം പാത്രോം കഴുകില്ലെന്നാണ് സുജാതയുടെ പിറുപിറുപ്പ്. മകള്‍ കൂട്ടുകാരിയുടെ കൂടെ തിരുവനന്തപുരം യാത്ര കഴിഞ്ഞെത്തിയതേയുളളൂ. സുജാതയുടെ നാടായ വെടിവച്ചാം കോവിലിലും പോയിരുന്നു. അമ്മയും മകളും തമ്മിലുളള അടക്കം പറച്ചിലില്‍ തെറിച്ചു വീണ വാക്കുകള്‍. അച്‌ഛന്റെ സ്ഥാനത്തെ ആദരിക്കാത്ത മക്കള്‍. താനങ്ങനെയായിരുന്നോ? ഒന്നുപറഞ്ഞിട്ടു പോകാന്‍ അവര്‍ക്കു മനസ്സില്ലല്ലോ എന്ന്. അയാള്‍ മരടുകവലയിലെ തട്ടുകടയില്‍ ചെന്നിരുന്നു. കുമാരേട്ടന്‍ നല്‌കിയ കട്ടന്‍ചായ ഒരു കവിള്‍ കുടിച്ച് ഗ്ലാസ് കൈകള്‍ക്കുളളില്‍ പിടിച്ചു.
അപ്പോഴാണ് പിറകില്‍ പതുക്കെയുളള ചിരിയും വളകിലുക്കവും കേട്ടത്. ഇടയ്‌ക്കിടെ കാണാറുളള, ചന്തമുളള സ്‌ത്രീ. ആളൊഴിഞ്ഞ വീടിന്റെ ഗെയ്‌റ്റില്‍, മുണ്ടിന്‍ തുമ്പുകള്‍ ഗെയ്‌റ്റില്‍ കെട്ടി, അതില്‍ അവളുടെ കുഞ്ഞു കിടപ്പുണ്ട്. ചിലപ്പോള്‍ കുഞ്ഞും തൊട്ടിയുമുണ്ടാവും- അവളെ കാണാനുണ്ടാവില്ല.
കുറേനാള്‍ മുന്‍പ്, ഗെയ്‌റ്റിനരികില്‍ കിടന്നിരുന്ന വിലാസമെഴുതാത്ത കവര്‍ കുമാരേട്ടന്‍ നല്‌കിയതോര്‍മ്മിച്ചു. അതു പൊട്ടിച്ചു നോക്കിയപ്പോള്‍ ആരുടെയോ ചെറുകഥയായിരുന്നു.
വീടിന്റെ തുറസ്സായ ഭാഗത്തു കിടന്ന ചാരുകസേരയില്‍ ചിത്രം വായിക്കുകയായിരുന്നു ജലദാസ്. സുജാതയും മീരയും ജോലിയിടങ്ങളിലേക്കു പോയി. ഭാഷയ്‌ക്കു പകരം മൗനത്തിന്റെ ബിംബങ്ങള്‍ കടന്നുവരുന്നു. ആള്‍ക്കൂട്ടം പോലും മൗനമായി മാറുന്ന കാലം. കാലത്തിനോ, മനുഷ്യനോ മാറ്റം? അക്ഷരത്തിലൂടെ ജീവന്‍ തുടിച്ച ബന്ധം ഒറ്റ മനസ്സായി രൂപം കൊണ്ടു. അയാള്‍ കാലത്തെ കണ്ണടയിലൂടെ വായിച്ചു. നീല ബ്ലൗസും പച്ചപാവാടയും ധരിച്ച് ഓലക്കുടിലിലെത്തിയ സുജാത മനസ്സിലുണ്ട്. തോളില്‍ ഹാന്‍ഡ് ബാഗുണ്ടായിരുന്നോ? ഇരുപത്തേഴുവര്‍ഷം മുന്‍പുളള കാഴ്‌ചയില്‍ ചെറിയ ചെറിയ ഓര്‍മ്മക്കുറവ്. കാലത്തിനിടയില്‍ തരിശുനിലമാണ്. തരിശുനിലം. ജലവിതരണം മുടങ്ങിയ ദിവസമായിരുന്നു. അവള്‍ ശേഖരിച്ചു വച്ചിരുന്ന വെളളത്തില്‍ നിന്നു കുറച്ചെടുത്തു കുളിക്കാനൊരുങ്ങി. അവള്‍ കലിതുളളിവന്ന് ബക്കറ്റുകൊണ്ടു തലയ്‌ക്കടിച്ചു വീഴ്‌ത്തുകയായിരുന്നു. സദാംഹുസൈനെ തൂക്കിലേറ്റിയ ദിവസമായിരുന്നു ഡിസംബര്‍ 30. വായിലൂടെ നുരയും പതയുമൊലിപ്പിച്ച്, കൈകാലുകളിട്ടടിച്ചു തറയില്‍ കുറേനേരം കിടന്നു. ചെറുപ്പത്തിലെ അപസ്‌മാരമുണ്ടായിരുന്നുവെന്ന് അമ്മയുടേയും കുഞ്ഞമ്മയുടെയും വാക്കുകള്‍.
മതിലിനപ്പുറത്ത് ഓട്ടോ വന്നുനിന്നു. ഉയരമുളള ഒരാള്‍ ഗെയ്‌റ്റിനരികില്‍ നിന്നുകൊണ്ടു ചോദിച്ചു..
"ദാസാറിന്റെ വീടല്ലേ?"
അയാള്‍ എണീറ്റു ഗെയ്‌റ്റിനരികില്‍ ചെന്നു.
"അതേ" അയാള്‍ പറഞ്ഞു.
"നാളെ രണ്ടുമണിക്ക് പോലീസ് സ്‌റ്റേഷനില്‍ വരണം. നിങ്ങളുടെ മകന്‍ പരാതി നല്‌കിയിട്ടുണ്ട്." പോലീസുകാരന്‍ പറഞ്ഞു.
പോലീസുകാരന്‍ ഓട്ടോയില്‍ കയറിപ്പോയി.
ജലദാസ് എഴുത്തുമുറിയിലെ ഷെല്‍ഫില്‍ നിന്ന് അടുക്കുതെറ്റാതെ, പഴയ ഡയറിയെടുത്തു. പഴന്തുണികൊണ്ടു പൊടിതുടച്ചു. അതിനുളളിലെ നിറംമങ്ങിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയില്‍ നോക്കിനിന്നു.
ആകാശം പോലെ നീലനിറമുളള കണ്ണുകള്‍; ആ കണ്ണുകള്‍ നിശ്ശബ്‌ദം പറയുന്നതുപോലെ തോന്നി. നിങ്ങള്‍ കറുത്തതാണ്. അതുകൊണ്ട് എനിക്കിഷ്‌ടമായി... അയാളെ ഇഷ്‌ടമല്ല.
അന്നയുടെ കടച്ചിലിന്റെ നാളുകളായിരുന്നു. ചുവപ്പും നീലയും നിറമുളള പക്ഷികള്‍.
ബദല്‍ മാസികയുടെ ലക്കങ്ങള്‍ അയാളുടെ മുന്നില്‍ കൂട്ടിവച്ചുകൊണ്ട് അന്ന പൊട്ടിക്കരഞ്ഞു. അവളുടെ വലിയ കണ്ണുകളും ചുണ്ടുകളും മുഖവും ദ്രൗപദിയെപ്പോലെ തോന്നിച്ചു. വസ്‌ത്രാക്ഷേപ സമയത്ത് ദ്രൗപദി രജസ്വലയായിരുന്നു. ഒറ്റവസ്‌ത്രം ധരിച്ചുളള ദ്രൗപദിയുടെ രൂപമായിരുന്നു അന്നയ്‌ക്ക്.
വിവാഹത്തിനുശേഷം സ്വകാര്യമായി ജലദാസ് എന്നോടു പറഞ്ഞുഃ "അന്നക്ക് എന്നെ വളരെ ഇഷ്‌ടമായിരുന്നു."
ഞാന്‍ മൗനമായി അയാളെ നോക്കി.
അയാളുടെ ചിരി എന്റെ മനസ്സില്‍ മുഴങ്ങുന്നു.
മൂന്ന്
ടൗണിലെ പോലീസ് സ്‌റ്റേഷന്‍ റോഡരികിലാണ്. മതിലിനുളളില്‍ നിന്ന്, വളര്‍ന്നുമുറ്റിയ ഒരാല്‍മരം ഇലക്‌ട്രിക് ലൈനുകളിലേക്കു ചാഞ്ഞുനിന്നിരുന്നു. അയാള്‍ സ്‌റ്റേഷനിലെത്തി സ്വയം പരിചയപ്പെടുത്തി. യൂണിഫോമിലല്ലാത്ത ഒരാള്‍. ബഞ്ചിലിരിക്കാന്‍ കൈചൂണ്ടി പറഞ്ഞു. അയാള്‍ കണ്ണടയിലൂടെ ടൗണിലേക്കു കണ്ണു പായിച്ചു. ജനാധിപത്യ രഹിതമായ കാഴ്‌ചകള്‍ കണ്ടുകൊണ്ടിരുന്നു അയാള്‍. സുജാതയും മകളും മകനും പോലീസ് സ്‌റ്റേഷന്റെ പടികള്‍ കയറിവരുന്നു. ജീവിതം മുഴുവന്‍ വിഫലമായ ത്യാഗത്തിന്റെ കഥയാണോ? അവര്‍ മുറിക്കുളളിലേക്കു കടന്നു പോകുന്നതയാള്‍ അറിഞ്ഞു. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ഫോട്ടോകളില്‍ നോക്കിയിരുന്നു. നെഹ്‌റുവിന്റെ കുപ്പായക്കുടുക്കില്‍ തിരുകി വച്ച റോസാപ്പൂവുണ്ടായിരുന്നു. നെഹ്‌റുജിയുടെ ഹൃദയം റോസയുടേതുപോലെ മൃദുവായിരുന്നു.
ജലദാസ് ഹാഫ് ഡോര്‍ തുറന്ന് ഇന്‍സ്പെക്‌ടറുടെ മുന്‍പില്‍ നിന്നു. വെളുത്ത ശരീരവും ഗര്‍വു കലര്‍ന്ന കണ്ണുകളുമുളള ഇന്‍സ്പെക്‌ടര്‍ പറഞ്ഞുഃ "സ്‌ത്രീയെ പീഡിപ്പിക്കുക നിയമവിരുദ്ധമാണ്. നിങ്ങളുടെ കൂടെ ജീവിക്കാന്‍ അവര്‍ക്ക് ആഗ്രഹമില്ല. അവരുടെ വസ്‌ത്രങ്ങളും വീട്ടുപകരണങ്ങളുമെടുക്കാന്‍ അനുവദിക്കണം."
മൗനം അയാളുടെ ശീലമാണ്.
ഇന്‍സ്പെക്‌ടര്‍ തുടര്‍ന്നുഃ 'അവരെ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണം നിങ്ങള്‍. ഇല്ലെങ്കില്‍ പരാതിയനുസരിച്ചു നടപടിയെടുക്കും. അടുത്തമാസം ഇരുപത്തിയെട്ടിനു വരണം ഇരുകൂട്ടരും. ഫൊളോ അപ്. ശരി..."
പരാതി രജിസ്‌റ്ററില്‍ അയാളും മകനും ഒപ്പുവച്ചു.
വീട്ടിലേക്കുളള യാത്ര ഓട്ടോയിലായിരുന്നു ജലദാസ്. പിറകെ മറ്റൊരു ഓട്ടോയില്‍ ഭാര്യയും മക്കളും. സ്വാതന്ത്ര്യം നഷ്‌ടപ്പെടുക ജീവിതത്തിന്റെ ശിരച്ഛേദമല്ലേ? വൃത്തത്തിനകത്തൊതുങ്ങി ജീവിക്കുക മരണമാണ്. അതുവയ്യാ. കുശവന്‍ പണിത മണ്‍കുടം പോലെയാണ് ജീവിതം. കുടുംബജീവിതത്തിന്റെ ആയുസ് കുറഞ്ഞുകുറഞ്ഞു വരുന്നതെന്തേ? അയാള്‍ ചിന്തിച്ചു. വിവാഹം കഴിഞ്ഞു പിറ്റേന്നു പിരിയുന്നവര്‍ വിരളമല്ലെന്ന് ജീവിതരേഖകള്‍. എവിടെയോ യാത്രയ്‌ക്കിടയില്‍ സി. അച്യുതമേനോന്‍ കേരളത്തിലെ കുടുംബബന്ധങ്ങള്‍ ശിഥിലമാവുന്നുവെന്ന് പറഞ്ഞതോര്‍ത്തു, വിഫലമായിപ്പോവുന്ന ബന്ധങ്ങളുടെ പുനരാവര്‍ത്തനമാണ് ജീവിതം. അധികാരം കൊണ്ടു ഭാര്യയെ അടിമപ്പെടുത്താന്‍ ശ്രമിച്ചതാണ് താളപ്പിഴയെന്ന് ഒടുവില്‍ ജലദാസനറിഞ്ഞു. സമയം കടന്നുപോയിരുന്നു. ഞാന്‍ ആര്? അയാള്‍ ചോദിച്ചുകൊണ്ടിരുന്നു. തന്നെത്തന്നെ തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് പിശക്. ഉളളില്‍ തനിക്കുപകരം മറ്റാരുടെയോ ഭാവമായിരുന്നു; കുശുമ്പനും ധിക്കാരിയുമായ ഒരാളുടെ.
ഓട്ടോ വീടിനുമുന്നില്‍ നിറുത്തി; അയാള്‍ ചാടിയിറങ്ങിപ്പോകവെ ഡ്രൈവര്‍ വിളിച്ചു. "സാറേ, രൂപ തന്നില്ലല്ലോ!"
അയാള്‍ തിരിയെ ഓട്ടോയുടെ അടുത്തെത്തി പോക്കറ്റില്‍ നിന്നു പേഴ്‌സെടുത്തു. അപ്പോഴേക്കും ഓട്ടോയില്‍ ഭാര്യയും മക്കളുമെത്തിയിരുന്നു. വീട്ടുപകരണങ്ങള്‍ കൊണ്ടു പോകുന്നതിനു 'മഹേന്ദ്ര'യുടെ ചെറിയൊരു വാഹനമൊപ്പമുണ്ടായിരുന്നു. വീടുകള്‍ തമ്മില്‍ വേര്‍തിരിക്കുന്ന വഴിയിലൂടെ അയാള്‍ വേഗം വീട്ടില്‍ കയറി. ഇല്ലന്റ് മാഗസിനും കത്തുകളും ചെറുമേശയില്‍ കിടന്നിരുന്നു. വാതില്‍ തുറന്നു. സിറ്റൗട്ടില്‍ നില്‌ക്കുന്ന ഭാര്യയോടും മക്കളോടും ഈര്‍ഷയോടെ പറഞ്ഞുഃ "ഇതൊക്കെ നിങ്ങളുടേതാണോ? എന്റേതാണ്. എന്റേതാണ്. ഇഷ്‌ടമുളളത് എടുത്തോളൂ.."
സിറ്റൗട്ടിലെ അരഭിത്തിയോടു ചേര്‍ന്നു കിടന്ന കസേരയില്‍ അയാള്‍ ഇരുന്നു. കട്ടിലും മേശയും വീട്ടുപകരണങ്ങളും കൊണ്ടുപോകുന്നതിനിടയില്‍ ബാങ്കില്‍ നിന്നയച്ച നോട്ടീസ് ജലദാസ് വായിക്കുകയായിരുന്നു. മകന് മലേഷ്യയില്‍ ജോലിക്കുപ്പോകുന്നതിന് ബാങ്കില്‍ നിന്ന് നാലുലക്ഷം രൂപ കടമെടുത്തിരുന്നു. ഉദ്യോഗസ്ഥകളായ ഭാര്യയും മകളും സാക്ഷികള്‍. ബാങ്കില്‍ നിന്നെടുത്ത വായ്‌പയില്‍ ഒരുതവണ പോലും തിരിയെ അടച്ചില്ല.
അഭയാര്‍ത്ഥിയാകുകയാണോ? അയാള്‍ മനസ്സിലെ പ്രകാശത്തോടു ചോദിച്ചു.
"ഇതുകൂടിയിരിക്കട്ടെ?" ഭാര്യയുടെ കൈകളില്‍ അമൃതാനന്ദമയിയുടെ ഫോട്ടോയും സ്‌റ്റീല്‍ കൊണ്ടുളള വിളക്കും അയാള്‍ കൊടുത്തു.
ഓട്ടോയും ചെറുവാഹനവും പോകുന്നത് ജാലകത്തിലൂടെ ജലദാസ് കണ്ടു. അവരുടെ ചിരിച്ച മുഖങ്ങള്‍ ഇരുള്‍വീഴാന്‍ തുടങ്ങുന്ന മുറികളിലൂടെ അയാള്‍ നിശബ്‌ദമായി നടന്നുകൊണ്ടിരുന്നു.
അടിക്കുറിപ്പ്
ഈ കഥയില്‍ സംഭവങ്ങളുടെ ഉറവിടം അയാള്‍ പറഞ്ഞതാണ്. എന്റെ ഭാവനയും അനുഭവങ്ങളും കഥയെ രൂപപ്പെടുത്തുവാന്‍ സഹായിച്ചിട്ടുണ്ട്. എന്റെ മനസ്സും രീതിയും കഥയിലുണ്ട്. അയാളും അന്നയും എന്റെ സ്വന്തം കഥാപാത്രങ്ങളാണ്. നിയമത്തിനു കഥയെയോ കഥാകാരനെയോ സ്‌പര്‍ശിക്കാന്‍ കഴിയില്ല. എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്നു പറയുക പൂര്‍ണ്ണമായ സ്വാതന്ത്ര്യത്തെയാണ്. കഥയെയും കഥാകാരനെയും സ്വതന്ത്രമായിവിടുക.
*കെ.പി. അപ്പന്‍
*2006 ഡിസംബര്‍ 30, രാവിലെ 8.30
സതീഷ് ചേലാട്ട്