ഓശാനയ്ക്കുശേഷമുള്ള പകലില്‍ സംഭവിച്ചത്!

ദുരന്തങ്ങള്‍ കെട്ടിയേല്‍പ്പിക്കപ്പെട്ടവന്റെ നിസ്സാഹയതയോടെ അയാള്‍ മണ്ണില്‍ പറ്റിച്ചേര്‍ന്നുകിടന്നു. “കൃഷ്ണാ, കൃഷ്ണേട്ടാം മോനേ.....”
എന്ന് വിളിച്ച് പിറകെ നടന്നിരുന്നവരുടെ മുഖങ്ങളില്‍ ക്രൌര്യത്തിന്റെ പിശാചുക്കള്‍ ചിരിക്കുന്നതും, അപരിചിതത്വത്തിന്റെ ശ്മശാനമൂകത പരക്കുന്നതൂം കണ്ട് അയാള്‍ ഞടുങ്ങി. അടിക്കൊണ്ട് നിലവിളിച്ചപ്പോഴൊക്കെ ജനക്കൂട്ടം,ഏറ്റവും വൃത്തികെട്ടാ പദങ്ങളുപയോഗിച്ച് അയാളെ പരിഹസിച്ചുകൊണ്ടിരുന്നു. ‘സത്യമെന്തെന്ന് ചോദിച്ചറിയാന്‍ ആരെങ്കിലും തയ്യാറായിരുന്നെങ്കില്‍!. അയാള്‍ മോഹിച്ചു. ഇല്ല അങ്ങനെയൊന്നുണ്ടാവില്ല. കൈയ്യിലകപ്പെട്ട ഇര ആള്‍ക്കൂട്ടത്തിന്റെ വന്യമായ ആവേശാമാണ്. അവസാന തുള്ളി രക്തംവരെ ഊറ്റിക്കുടിച്ച് അവര്‍ ആഘോഷത്തോടെ പിരിഞ്ഞു പോകും!.

അല്പം മുമ്പ് തച്ചുതകര്‍ക്കപ്പെട്ട ശരീരത്തിന്റെ വേദനയേക്കാള്‍, അന്യമായിപ്പോകുന്ന ബന്ധങ്ങളുടെ ഊഷമളതയേക്കുറിച്ച്, അയാള്‍ വൃഥാ വ്യാകുലപ്പെട്ടുകൊണ്ടിരുന്നു. “വൃത്തികെട്ട പന്നീ നിന്നെയാണല്ലോ ഞാന്‍..........” മോഹനേട്ടന്‍, അയാളെ കാറിത്തുപ്പി കടന്നുപോയി. ബന്ധങ്ങള്‍ അതിന്റെ സുപ്രധാന കണ്ണികളിലൊന്ന് പറിച്ചെറിഞ്ഞുകഴിഞ്ഞു. ഈ ഗ്രാമം അയാളെ എല്ലാ ഉപചാരങ്ങളോടെയും സ്വീകരിച്ചത് ഈ പേരിന്റെ വിശ്വാസീയതയിലായിരുന്നല്ലോ? ഇനിയും ശേഷിക്കുന്നത് ഒരാള്‍ മാത്രം! ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി, നിലവിളിച്ച്, ഒരു പക്ഷെ തന്നെ ശപിച്ച്, ഏത് നിമിഷവും അവര്‍ വരും? വാക്കിലും നോക്കിലും സ്നേഹം നിറഞ്ഞൊഴുകുന്നവള്‍! തനിക്കവരെ നേരിടാന്‍ വയ്യ. അയാള്‍ കൊച്ചുകുട്ടിയേപ്പോലെ പൊട്ടിക്കരഞ്ഞു.

പതിനെട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഈ ഗ്രാമത്തിലെത്തുമ്പോള്‍ കൃഷ്ണന് പന്ത്രണ്ട് വയസ്സായിരുന്നു പ്രായം അന്ന് ഓശാന ഞായറാഴ്ചയായിരുന്നു. കുരുത്തോലകളുടെ ഇളകുന്ന കടല്‍, അവന് അഭിമുഖമായി ഗ്രാമത്തിലെ ദേവാലയത്തിലേയ്ക്ക് ഒഴുകികൊണ്ടിരുന്നു, പള്ളിമണിയുടെ നാദം അവനെ പൊതിഞ്ഞു. അപ്പോള്‍ വിളികേള്‍ക്കാത്ത് ലോകത്ത് നിന്ന്, മാതൃത്വത്തിന്റെ വിശുദ്ധദേവാലയം, അവനിലേക്ക് ഇറങ്ങി വന്ന് അവനെ ചുംബിച്ചു.

വിശപ്പ് അസഹനീയമായപ്പോള്‍, എന്തെങ്കിലും കഴിക്കാന്‍ കിട്ടുമോയെന്ന് അവന്‍ അന്വേഷിച്ചു. ഞായറാഴ്ചയായിരുന്നതിനാല്‍ ഗ്രാമത്തിലെ കടകള്‍ ഒഴിഞ്ഞുകിടന്നു. പ്രത്യേകിച്ച് വിശേഷദിവസവും ! എങ്കിലും അവന്‍ പ്രതീക്ഷയോടെ മുമ്പോട്ടു നടന്നു. അരുന്ധതി വിലാസം’ എന്ന ചെറിയ ഹോട്ടലിനുമുമ്പില്‍ അവനെത്തി അപ്പോള്‍, അവിടെ ‘മോഹനനെന്ന’ അതിന്റെ ഉടമസ്ഥന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. “ എല്ലാം കഴിഞ്ഞിരിക്കുന്നു. കുട്ടീ. പതിവുകാരെക്കേ വന്ന് കഴിച്ചു പോയി ഇന്ന് അവര്‍ക്കുള്ളത് മാത്രമേ ഉണ്ടാക്കിയുള്ളു. “ അവന്റെ കണ്ണുകള്‍ നിറഞ്ഞു. ഇറങ്ങിനടക്കാന്‍ ഒരുങ്ങിയപ്പോള്‍ മോഹനന്‍ അവനെ തിരിച്ചുവിളിച്ചു.“കൈകഴുകി ഇരുന്നോളൂ എനിക്കെടുത്തു മാറ്റിവച്ചത് നമ്മുക്കൊരുമിച്ച് കഴിക്കാം”. അങ്ങനെ പറഞ്ഞെങ്കിലും മോഹനന്‍ കഴിച്ചില്ല. വാക്കുകള്‍ക്കപ്പുറത്ത്, ഏതോ ഒരു പൂര്‍വ്വ ജന്മബന്ധം അവര്‍ക്കിടയില്‍ നിറഞ്ഞു. അപ്പോള്‍ കൃഷ്ണന്‍ തന്റെ ജീവിതം അയാള്‍ക്ക്മുന്നില്‍ തുറന്നുവച്ചു. എല്ലാം കേട്ടുകഴിഞ്ഞ് മോഹനന്‍ തെല്ലിട നിശ്ശബ്ദനായി. പിന്നെ അവന്റെ തലയില്‍ തലോടി. “ ഈ ചെറു ബാല്യത്തില്‍ വളരെയേറെ സഹിച്ചിരിക്കുന്നു നീ! എന്തുപറയാനാ ഓരോരുത്തരുടേം തലേലെഴുത്ത്!. നീ വിഷമിക്കേണ്ട എന്തെങ്കിലും വഴിയുണ്ടാകും”.

നിലവിളികള്‍ അടയിരിക്കുന്ന ആ വീടിന്റെ മുറ്റത്തെത്തിയപ്പോള്‍ കൃഷ്ണന് ഭയം തോന്നി. അതിന് ചുറ്റുമുള്ള വിശാലമായ പറമ്പ് കാട്പിടിച്ചുകിടന്നിരുന്നു. അവന്റെ അമ്പരപ്പ് മനസ്സിലാക്കിയ മോഹനന്‍ അവനോട് പറഞ്ഞു. “നീ പേടിക്കേണ്ട. എല്ലാം ഞാന്‍ നിന്നോട് പറഞ്ഞതല്ലേ. ത്രേസ്യാച്ചേടത്തിയെ എനിയ്ക്ക് നന്നയറിയാം. അവര്‍ നിന്നെ പൊന്നുപോലെ നോക്കും അവര്‍ക്കും, കുഞ്ഞുനും ഒരു തൊണയായിനിന്ന് എല്ലാം നോക്കി നടത്തിയാ മതി” മോഹനന്‍ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു. പിന്നെ ആരോടെന്നില്ലാതെ പറഞ്ഞു. “ഔസേപ്പച്ചായന്‍ ഉണ്ടായിരുന്നപ്പോ എങ്ങനെ കിടന്ന പറമ്പാ! നോക്കാനാളില്ലാണ്ടായ ഒക്കെ നശിക്കും. കുഞ്ഞിന്റെ ദീനമാ എല്ലാം തകിടം മറിച്ചത് അതിനേക്കുറിച്ചുള്ള വേവലാതി നെന്‍ഞ്ചില്‍ കൂടുകൂട്ടി നടന്നാ ഔസേപ്പച്ചായന്‍........! അന്നും പതിവ് പോലെ എന്റെ
കടയില്‍ വന്ന് ചായകുടിച്ച് പിരിഞ്ഞതാ പിന്നെ കേട്ടത് ചങ്ക് പൊട്ടി ചത്തൂന്നാ”

........കൃഷ്ണന്റെ ഓര്‍മ്മകളുടെ ആകാശത്ത് അമിട്ടുകള്‍ പൊട്ടിച്ചിതറി. അവിടെ വെടിമരുന്നിന്റെ മണം നിറഞ്ഞു. ഉത്സവത്തിനു വന്ന പുരുഷാരം വിറങ്ങിലിച്ചുനിന്നു. “ചതിച്ചു നമ്മുടെ വേലായുധേട്ടന്‍!” കരിമരുന്നുപുരയില്‍ പൊലിഞ്ഞുപോയ അച്ഛനേക്കുറിച്ചുള്ള ചിന്തകള്‍ അവനെ ശ്വാസം മുട്ടിച്ചു. തന്നെ മാറോട് ചേര്‍ത്ത്, കരഞ്ഞുതളര്‍ന്ന രാത്രികളിലെപ്പോഴോ, അമ്മയില്‍ നിന്ന്, സമയവും, കാലവും, ബന്ധങ്ങളും, ആളുകളും പടിയിറങ്ങിപ്പോയി. കുറെ ദിവസം അമ്മ ആരോടും മിണ്ടാതെ, ശൂന്യതയിലേക്ക് ദൃഷ്ടികളുറപ്പിച്ചിരുന്നു. പിന്നെ അലര്‍ച്ചകളും, നിലവിളിയുമായി അമ്മ രൌദ്രഭാവം കൈക്കൊണ്ടപ്പോള്‍, കൃഷ്ണന് അത് താങ്ങാവുന്നതിലപ്പുറമായിരുന്നു. അയല്‍ക്കാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചിട്ടും അമ്മയുടെ നിലയ്ക്ക് മാറ്റമെന്നുമുണ്ടായില്ല. വീട്ടിലെത്തിയപ്പോള്‍ അമ്മയെ ചങ്ങലയിലേക്ക് മാറ്റേണ്ടിവന്നു. അയല്‍ക്കരുടെ സ്നേഹവും സഹതാപവും എത്രനാള്‍?. ‘ ഇനിയെന്തെന്ന ചോദ്യം അവനെ പുതിയ തീരുമാനത്തിലെത്തിച്ചു. എന്ത് ജോലിചെയ്തും അമ്മയെ സംരക്ഷിക്കണം. മരുന്നിന്റെ ശക്തിയില്‍ മണിക്കൂറുകളോളം തളര്‍ന്നുറങ്ങുന്ന അമ്മയെ ചങ്ങലയില്‍ ബന്ധിച്ച്, അവന്‍ ജോലിതേടിയിറങ്ങി. അവന്റെ അവസ്ഥ മനസ്സിലാക്കിയ പലരും അവന് ചെറിയ ജോലികള്‍ നല്‍കി. കിട്ടുന്ന പ്രതിഫലത്തിന് എന്തെങ്കിലും വാങ്ങി, വീട്ടില്‍ തിരിച്ചെത്തുമ്പോള്‍, അമ്മയുടെ കിടപ്പ് അവനെ ദുഃഖിപ്പിച്ചു. ഭക്ഷണം വായില്‍ വച്ചുകൊടുക്കുമ്പോള്‍, കഴിക്കാതെ വാശിപിടിച്ച്, ചിലപ്പോള്‍ അത് അവന്റെ മുഖത്തേയ്ക്ക് തുപ്പി, അവര്‍ രോഗത്തിന്റെ താളലയങ്ങളില്‍ കരഞ്ഞും പൊട്ടിച്ചിരിച്ചും ജീവിച്ചു, പഴയനിലയിലേയ്ക്ക് അമ്മയെ തിരികെ കൊണ്ടു വന്നേ പറ്റൂ. ആ ചിന്ത അവന്റെ മനസ്സിനും ശരീരത്തിനും പുതിയ കരുത്തു നല്‍കി.

“മോനേ കൃഷ്ണാ, എന്റെ കുഞ്ഞ് അമ്മയ്ക്കു വേണ്ടി ഒത്തിരി പാടുപെടുന്നുണ്ടല്ലോ” കൃഷ്ണന്‍ ആശ്ചര്യത്തോടെ അമ്മയെ നോക്കി. “ഇന്നലെ വേലായുധേട്ടന്‍ എന്റെ അരികത്തു വന്നു. നമ്മുടെ മോനേ നീയെന്തിനാ ഇങ്ങനെ കഷ്ടപ്പെടുത്തുന്നതെന്ന് ചോദിച്ചു.” അമ്മയുടെ ഇരുട്ട് വീണുപോയ ഓര്‍മ്മകളുടെ വിദൂരത്തെവിടെയോ, താനും അച്ഛനും ഇപ്പോഴുമുണ്ടെന്ന തിരിച്ചറിവ്, അവനെ ആഹ്ലാദിപ്പിച്ചു. അവന്‍ അമ്മയെ കെട്ടിപ്പിടിച്ചു. “ എനിക്ക് ഒരു കഷ്ടപ്പാടുമില്ലമ്മേ. എന്റെയമ്മയുടെയൊപ്പം എപ്പോഴുമീകൃഷ്ണനുണ്ട്”. അവര്‍, അവന്റെ മുഖം കൈകളിലെടുത്ത് തെരുതെരെ ചുബിച്ചു. മാതൃത്വത്തിന്റെ വാത്സല്ല്യം അണപൊട്ടിയൊഴുകിയ നിമിഷത്തിലെപ്പോഴോ, അമ്മയുടെ തളര്‍ച്ച കൃഷ്ണനറിഞ്ഞു അവരുടെ കണ്ണുകള്‍ പിറകോട്ട് മറിഞ്ഞു. “കൃഷ്ണാ, എന്റെ കൃഷ്ണാ” എന്നവര്‍ പിറുപിറുത്തുകൊണ്ടിരുന്നു. പിന്നെ ഒരു നിശ്ചലതയില്‍, തന്റെ അനാഥത്വത്തെ അംഗീകരിക്കാന്‍ കൂട്ടാക്കാതെ അമ്മയെ തന്നോട് ചേര്‍ത്ത് അവന്‍ ഉറക്കെക്കരഞ്ഞു.

“അമ്മേ” ഒരു നിലവിളിയില്‍ കൃഷ്ണന്റെ ഓര്‍മ്മകള്‍ മുറിഞ്ഞു. മോഹനേട്ടനോടൊപ്പം, വീടിനകത്തേക്ക് ഓടിക്കയറുമ്പോള്‍, സുന്ദരിയായ ഒരു പെണ്‍കുട്ടി അവളുടെ കൈയ്യില്‍ക്കിട്ടുന്നതൊക്കെ എറിഞ്ഞുടച്ചുകൊണ്ടിരുന്നു. അത് തടയാന്‍ ശ്രമിച്ച അവളുടെ അമ്മയെ അവള്‍ കടിച്ചു. അപരിചിതരെകണ്ട്, അവള്‍ ഒരു നിമിഷം ശാന്തമായിനിന്നു. പിന്നെ അടുത്തിരുന്ന ഗ്ലാസെടുത്ത് കൃഷ്ണനുനേര്‍ക്ക് വലിച്ചെറിഞ്ഞു. അവന്‍ സമര്‍ത്ഥമായി ഒഴിഞ്ഞുമാറി. അവളുടെയടുത്തേയ്ക്ക് അവന്‍ നടന്നടുത്തു. ഉന്മാദത്തിന്റെ നിലയില്ലാക്കയത്തില്‍, മുങ്ങിയും പൊങ്ങിയും ജീവിച്ച അവന്റെയമ്മയായിരുന്നു, അപ്പോള്‍ അവന്റെ മനസ്സില്‍. അവന്‍ അവളുടെ കൈകള്‍ കൂട്ടിപ്പിടിച്ചു. “വരൂ” അവളെ കട്ടിലില്‍ ഇരുത്തിയ കൃഷ്ണന്‍ അവളുടെയമ്മയില്‍ നിന്ന് വെള്ളം വാങ്ങി അവള്‍ക്ക് കുടിക്കാന്‍ കൊടുത്തു. പെണ്‍കുട്ടി അവനെ തുറിച്ചു നോക്കി പിന്നെ ആര്‍ത്തിയോടെ അത് വലിച്ചുകുടിച്ചു.

കൃഷ്ണന്റെ പരിചരണവും, സ്നേഹവും, ബോധത്തിന്റെ പ്രകാശമാനമായ് ലോകത്തേയ്ക്ക് അവളെ തിരികെ കൊണ്ടുവന്നു. “കൃഷ്ണേട്ടാ” എന്ന അവളുടെ വിളിയില്‍,സഹോദരസ്നേഹം ഒഴുകുന്നത് അവന്‍ തിരിച്ചറിഞ്ഞു. അവര്‍ക്കുവേണ്ടി, എന്തൊക്കെയോ ചെയ്തുതീര്‍ക്കാനുണ്ടെന്ന ചിന്ത അവനെ കൂടുതല്‍ കര്‍മ്മനിരതനാക്കി. അവന്റെ മേല്‍ നോട്ടത്തില്‍ ആ ഭവനം പുതിയ ചൈതന്യമുള്‍ക്കൊണ്ടു. “ എന്ത് കാര്യമായിട്ടാ അവന്‍ ആ തള്ളയേയും മകളേയും നോക്കുന്നത്.. രക്തബന്ധം തോറ്റുപോകും” നാട്ടുവര്‍ത്തമാനങ്ങളില്‍, കൃഷ്ണന്‍ ആഘോഷമായി മാറി. അവന്റെ സംസാരം ജനം ശ്രദ്ധിച്ചു. അവന്‍ നടന്നുവരുമ്പോള്‍ അവര്‍ ആദരവോടെ അവനെ നോക്കി.

“മോനേ കൃഷ്ണാ , ചെറുക്കനും വീട്ടുകാര്‍ക്കും അവളെ ബോധിച്ച നിലയ്ക്ക്, ഇനിയും വച്ചു താമസിപ്പിക്കാതെ കല്ല്യാണം നടത്തണം. എന്റെ വീട്ടുകാരെ വിവരമറിയ്ക്കണം. ഔസേപ്പച്ചായന്റെ കൂടെ ഇറങ്ങിപ്പോന്നപ്പോ മുറിഞ്ഞ ബന്ധമാ അത്. എല്ലാം ഒന്നു ശരിയായെങ്കില്‍ ! ഇവളുടെ കല്ല്യാണം അതിനൊരു നിമിത്തമാകണെ എന്നാണ് എന്റെ പ്രാത്ഥന”.

“അമ്മ തനിച്ച്.........”

“ അതിന് നീ വിഷമിക്കേണ്ട......ഇവിടെ നീ വേണം ഞാന്‍ നാളയേ തിരിച്ചെത്തൂ. മോളേ നീ കൃഷ്ണനെ നോക്കിക്കോണം.“

“ തള്ള കണ്ടവഴിക്ക് പോയാ കൃഷ്ണന്‍ കുഞ്ഞിനെ കാക്ക കൊണ്ടുപോകും”
അവളുടെ തമാശയില്‍ അവര്‍ രണ്ടുപേരും ചിരിച്ചു. പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്, മാതാപിതാക്കളുടെ ഹൃദയത്തില്‍ കൊടുങ്കാറ്റുവിതച്ച പെണ്‍കുട്ടി, നര്‍മ്മരസത്തിന്റെ ചരടില്‍, തന്റെ മനസ്സിനെ സമതുലനാവസ്ഥയില്‍ നിറുത്താന്‍ കെല്‍പ്പുള്ളവളായിരിക്കുന്നു കൃഷ്ണന് അഭിമാനം തോന്നി.

“ അമ്മയോടെപ്പം അങ്ങാടിവരെ ഞാനുമുണ്ട്. നാളികേരത്തിന്റെ പണം ഇനിയും മൂസാ തന്നിട്ടില്ല. പണം തരാനുള്ളപ്പോ, അയാളെ മഷിയിട്ടുനോക്കിയാ കാണില്ല. ങാ മോളെ കൃഷ്ണേട്ടന്‍ ഉടനെയെത്താം” അയാള്‍ ത്രേസ്യായേടൊപ്പം ഇറങ്ങിനടന്നു.

വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍, കണ്ട കാഴ്ച കൃഷ്ണനെ തളര്‍ത്തിക്കളഞ്ഞു. കീറിപ്പറിഞ്ഞ്, സ്ഥാനം തെറ്റിയ വസ്ത്രങ്ങളുമായി രക്തത്തില്‍ കുളിച്ച് തന്റെ സഹോദരി; അവളുടെ നെഞ്ചില്‍ ആഴ്ന്നിരിക്കുന്ന കത്തി വിറയ്ക്കുന്നതായി അയാള്‍ക്ക് തോന്നി. അയാള്‍ അവളെ വാരിയെടുത്ത് തന്റെ മടിയില്‍ കിടത്തി, സാവധാനം കത്തി വലിച്ചൂരിയെടുത്തു.
“മോളെ, എന്റെ മോളേ...” അയാള്‍ സമനില തെറ്റിയവനേപ്പോലെ അലറിക്കരഞ്ഞു.

“കൊല്ലവനെ..........” ആള്‍ക്കൂട്ടം ഓടിയടുക്കുന്നു. കൃഷ്ണന്‍ ഒരു പ്രതിമപോലെ അവളുടെയടുത്തിരുന്നു. അവര്‍ അവനെ പൊതിരെ തല്ലി.
“പെറ്റ വയറിനേപ്പോലും വിശ്വസിക്കാന്‍ പറ്റാത്ത കാലമാ, പിന്നെ ഒരന്യന്‍; എവിടെയോ കിടന്ന തെണ്ടിയെ വളര്‍ത്തി വലുതാക്കിയതിന് ത്രേസ്യായ്ക്ക് കൂലികിട്ടി”. ഒരാള്‍ അവനെ ചവിട്ടി പുറത്തേയ്ക്ക് തെറിപ്പിച്ചു.

പോലീസ് ജീപ്പിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍, കൃഷ്ണന്‍ തന്റെ വളര്‍ത്തമ്മയെ കണ്ടു. എല്ലാം തകര്‍ന്നവളേപ്പോലെ, അവര്‍ അവന്റെ മുമ്പില്‍ നിന്നും അവരെ നേരിടാനാവാതെ, കൃഷ്ണന്‍ കണ്ണുകള്‍ മേല്‍പ്പോട്ടുയര്‍ത്തി, അവള്‍ അയാളുടെ ഷര്‍ട്ടില്‍ പിടിച്ചുലച്ചു.
“എന്തിനാ നീയെന്റെ കുഞ്ഞിനെ..........”
എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും, കൃഷ്ണന് അതിനു കഴിഞ്ഞില്ല. അയാളുടെ ചുണ്ടുകള്‍ വിറച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകി. അത് ത്രേസ്യായുടെ, കൈത്തണ്ടില്‍ വീണ് ചിതറി. ജനക്കൂട്ടം ചവിട്ടിയരച്ച, സത്യത്തിന്റെ മുഖം, തന്റെയുള്ളില്‍ വളര്‍ന്നു നിറയുന്നതായി ത്രേസ്യാ അറിഞ്ഞു. അവള്‍ തന്റെ മുഖം അയാളുടെ നെഞ്ചോടു ചേര്‍ത്തു. പിന്നെ അയാളുടെ ഹൃദയഭാഗത്ത് ചുംബിച്ചുകൊണ്ട് മന്ത്രിച്ചു.

“നീയെന്റെ ക്രിസ്തുവാണ്”

പോലീസ് അവനെ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ അവരെ തടഞ്ഞു. “ കൊണ്ടുപോകരുത്. എന്റെ കുഞ്ഞിനെ കൊണ്ടുപോകരുത്. അവനൊരു തെറ്റും ചെയ്തിട്ടില്ല”. അവള്‍ തേങ്ങിക്കൊണ്ട് ജീപ്പിന് പിന്നാലെ ഓടി.

കടന്നു പോകുന്ന വാഹനങ്ങള്‍ക്ക്, തടസ്സം സൃഷ്ടിച്ചുകൊണ്ട്, ദുഃഖവെള്ളിയാഴ്ചത്തെ പരിഹാര പ്രദക്ഷിണം ഗ്രാമവീഥിയിലൂടെ ദേവാലയത്തെ സമീപിച്ചുകൊണ്ടിരുന്നു.

“കുരിശില്‍ക്കിടന്നു ജീവന്‍ പിരിയുന്നു.
ഭുവനൈക നാഥനീശോ................”

ദുഃഖം കലര്‍ന്ന ഈണത്തില്‍ ഗായക സംഘം ആലപിച്ചു. (2) സഹനവഴിയുടെ പന്ത്രണ്ടാം സ്ഥലത്ത് ജനം മുട്ടുകുത്തി.

ആകാശത്തിനും ഭൂമിക്കും മദ്ധ്യേ മൂന്നാണിയില്‍ തൂങ്ങി മനുഷ്യപുത്രന്‍! അവന്‍ തന്റെ ജനത്തെ നോക്കി. മനുഷ്യത്വം മരിച്ചുപോയ, അവരുടെ വരണ്ട മരുഭൂമിയില്‍, രക്തത്തിനും മാംസത്തിനും വേണ്ടിയുള്ള, ഒടുങ്ങാത്ത ആര്‍ത്തിമുളച്ചുപൊന്തുന്നത് അവന്‍ കണ്ടു. അവന്‍ ആകാശത്തേയ്ക്ക് കണ്ണുകള്‍ ഉയര്‍ത്തി. “ എന്റെ ദൈവമെ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് ക്ഷമിക്കേണമേ”.

ഒരു കാര്‍മേഘം സൂര്യനെ മറച്ചു പൊടിപടലമുയര്‍ത്തിയ ശക്തമായ കാറ്റ്, കൃഷ്ണനേയും ജനക്കൂട്ടത്തേയും കടന്നുപോയി. കൃഷ്ണന്‍ ജനത്തെ നോക്കി ചിരിച്ചു. പിന്നെ തന്റെ അനിവാര്യമായ വിധിതേടി യാത്രയാരംഭിച്ചു.


1) കുരുത്തോലകളുടെ :- ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ട് ഓശാന ഞായറാഴ്ച ക്രിസ്ത്യാനികള്‍ നടത്തുന്ന് ചടങ്ങ്.

2) പന്ത്രണ്ടാം സ്ഥലം :- ക്രിസ്തുവിന്റെ കുരിശുമരണത്തെ അനുസ്മരിച്ച് ധ്യാനിക്കുന്ന‍, കുരിശിന്റെ വഴിയിലെ പതിനാല് സ്ഥലങ്ങളിലൊന്ന്.

തോമസ് കെ സെബാസ്റ്റിന്‍


-, കോട്ടയം,



Your response will be e-Mailed to the poster.