പ്ലാറ്റ്‌ഫോമിലെ തിരക്കില്‍ ഒട്ടകം ശിരസ്സു കുലുക്കി മുന്നോട്ടു കുതിച്ചു. ഏതോ ഒരു നിമിഷത്തില്‍ തലയില്‍ വന്നുവീണ ഭീമാകാരമായ ഒരു പെട്ടി അതിന്റെ യാത്രയുടെ ആവേശത്തേയും വേഗതയേയും കീഴ്‌പ്പെടുത്തിയിരുന്നു. ചിലപ്പോള്‍ ആ പെട്ടിയുടെ ഭാരം അതിനെ ജനപ്രളയത്തിന്റെ അടിത്തട്ടിലേക്ക് മുക്കിയും, ശ്വാസം മുട്ടിച്ചും ബന്ധപ്പെടുത്തിയിരുന്നു. എങ്കിലും, ആത്മബലവും കായികബലവും ഉപയോഗിച്ച് അത് അതിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ചു. പ്ലാറ്റ്‌ഫോമുകള്‍ കയറിയും ഇറങ്ങിയും അത് പുറംലോകത്തിലേക്ക് എത്തപ്പെട്ടു. ഒട്ടകത്തിന്റെ തലയിലെ ചുമട് ആരൊക്കെയോ ചേര്‍ന്ന് പിടിച്ചിറക്കി. അധികം ഭാരമെടുത്ത് ശീലമില്ലാത്ത ആ സാധുജീവി ജീവിതത്തിന്റെ മരുഭൂമിയില്‍ എപ്പോഴും തനിച്ചായിരുന്നു.
ന്യൂഡല്‍ഹിയില്‍ നിന്നും വന്ന ട്രെയിന്‍ തിരുവനന്തപുരത്തേക്ക് മെല്ലെ നീങ്ങിത്തുടങ്ങിയിരുന്നു. ഒട്ടകം തല ചരിച്ച് ആ പോക്ക് നോക്കിനിന്നു.
അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പാണ്, ഇതേപോലൊരു ദിവസം തന്റെ മകളെ ഇതേ വണ്ടി ഡല്‍ഹി എന്ന മഹാനഗരത്തിലേക്ക് കൊത്തിക്കൊണ്ടു പോയത്.
ജസിക്കാലാലിന്റെയും പ്രിയദര്‍ശിനി മാത്തൂരിന്റെയും കൊലപാതകങ്ങള്‍ കേട്ട അയാള്‍, ഈ കഴിഞ്ഞ വര്‍ഷങ്ങള്‍ ജീവിച്ചത്, ഒടുങ്ങാത്ത ആധിയോടെ ആയിരുന്നു. മകളെ വീണ്ടും നേരില്‍ കണ്ടപ്പോള്‍ അയാള്‍ക്ക് ഒത്തിരി ആശ്വാസം തോന്നി, മകള്‍ അയാളോടൊന്നും സംസാരിക്കുകയോ ഒന്നു ചിരിക്കുകയോ പോലും ചെയ്‌തില്ലെങ്കിലും..
മകളുടെ നോട്ടത്തിലും ഭാവത്തിലും ഒരു നീരസം അയാള്‍ അറിഞ്ഞു. പോകുമ്പോള്‍ കെട്ടിപ്പിടിച്ചും, ഉമ്മവച്ചും കരഞ്ഞ അതേ മകള്‍ തന്നെയോ ഇത്, അയാള്‍ക്ക് തെല്ല് അതിശയം തോന്നിരുന്നില്ല. അന്ന് അവള്‍ ഒരു സാധു പെണ്‍കുട്ടിയായിരുന്നു. ഇന്ന് ജീന്‍സും, ഇറുകിപ്പിടിച്ച ടീ ഷര്‍ട്ടും...
അയാളുടെ പഴകിയ കുപ്പായം വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നു. മുതുകില്‍ അയാള്‍ക്ക് വലിയ ഒരു മുഴ ഉണ്ടായിരുന്നു, ആ മുഴ വളരെ ചെറുതായിരുന്നു. അയാള്‍ വളരുന്നതിലും വേഗത്തില്‍ മുഴയും വളര്‍ന്നു. ഇപ്പോള്‍ ആ മുഴക്ക് അയാളുടെ ശിരസോളം വലിപ്പമുണ്ട്. ആ മുഴയുടെ ഉപോത്‌പന്നമായി ഒരു കൂനും. സദാസമയവും തുപ്പല്‍ കെട്ടിനില്‍ക്കുന്ന ചുണ്ടും, പീളകെട്ടി നില്‍ക്കുന്ന കണ്ണുകളും... ആളുകള്‍ അയാളെ ഒട്ടകം എന്നു വിളിച്ചു. അയാള്‍ എതിര്‍ത്തില്ല. പുതിയ തലമുറയും... അതും അയാള്‍ ചിരിച്ചു തളളി.
മകളെ കണ്ട അമ്മ അന്തംവിട്ടുനിന്നു. എങ്കിലും മകളുടെ മാറ്റത്തില്‍ അവര്‍ ഉളളുകൊണ്ട് സന്തോഷിച്ചു.
ഒട്ടകം തയ്യല്‍ മെഷീന്‍ വെറുതെ ചവുട്ടി ശബ്‌ദമുണ്ടാക്കിക്കൊണ്ടിരുന്നു. അയാള്‍ക്കറിയാവുന്ന ഒരു ജോലി അത് മാത്രമായിരുന്നു. ഇപ്പോള്‍ പഴയതുപോലൊന്നും ജോലി കിട്ടാതായി. എല്ലാവരും ടൗണില്‍ കൊണ്ടുപോയാണ് തയ്യ്‌ക്കാറുളളത്... പോരാത്തതിന് റെഡിമെയ്‌ഡ് തുണികളുടെ പ്രളയം... വല്ലപ്പോഴും കിട്ടുന്ന ഒരു ചട്ടയുടെ തുണിയോ, കീറിയ തുണികളുടെ പാച്ച് വര്‍ക്കുകളോ മാത്രമാണ് അയാള്‍ക്കിപ്പോള്‍ കിട്ടാറുളളത്. എങ്കിലും അയാള്‍ ജോലിയില്‍ വ്യാപൃതനായിരുന്നു. ചിലപ്പോള്‍ പഴയ തുണികളില്‍ വെറുതെ നൂലുപാകിക്കൊണ്ടിരിക്കും, അതുമല്ലെങ്കില്‍ മെഷീന്‍ തുറന്ന് അതില്‍ ഓയിലിടുകയോ, അതുമായി എന്തെങ്കിലും സംവാദിച്ചുകൊണ്ടിരിക്കുകയോ ചെയ്യും. അയാളും അതുമായിട്ടുളള ബന്ധം ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല. നീണ്ട മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍...
'നമ്മുടെ രണ്ടുപേരുടേയും കാലം ഇനി... അധികമൊന്നുമില്ലെടോ'... ചിലപ്പോള്‍ തുറന്നുവച്ച് ഓയിലിടുമ്പോള്‍ അയാള്‍ അതിനോടു പറയും.
'അച്‌ഛന്റെ മുതുകിലെ കൂന് കുറെക്കൂടി വലുതായോ.... എന്നൊരു സംശയം' - ഇടയ്‌ക്ക് മകള്‍ അമ്മയോടു പറയുന്നതു കേട്ടു.
'എന്താടീ... ആയോ... എന്നൊരു നീട്ട്..' അമ്മ ചിരിച്ചു തളളി.
അയാളുടെ മനസ്സിടിഞ്ഞു. വലതുകൈ ഉയര്‍ത്തി മുഴയുടെ വലുപ്പം ഒന്നുകൂടി അയാള്‍ തിട്ടപ്പെടുത്തി. അയാള്‍ ദിവസം രണ്ടുമൂന്നു പ്രാവശ്യമെങ്കിലും അങ്ങനെ നോക്കാറുണ്ട്. അയാള്‍ക്കും അത് ശരിയെന്നു തോന്നി.
രാത്രിയിലും പകലുമെല്ലാം മകളുടെ മൊബെയില്‍ ചിലച്ചു ശബ്‌ദമുണ്ടാക്കിക്കൊണ്ടേയിരുന്നു. ഹിന്ദിയല്ലാത്ത ഏതോ ഒരു ഭാഷ... അനായാസം സംസാരിക്കുന്നത് കേട്ട അയാള്‍ മകളെ അതിശയത്തോടെ നോക്കിയിരുന്നു.
'മോള് പഞ്ചാബിയും പഠിച്ചു , കേള്‍ക്കുന്നില്ലേ... അവളുടെ ഹോസ്‌പിറ്റലിന്റെ മാലിക്ക് പഞ്ചാബിയാ.... ഇടയ്‌ക്കവള്‍ ലുധിയാനയിലും മസൂരിയിലും, നൈനിറ്റാളിലുമൊക്കെ പോകാറുണ്ടെന്നു പറഞ്ഞു'.. ഭാര്യ ഇടയ്‌ക്കുവന്നു പറഞ്ഞു.
അയാള്‍ക്കഭിമാനം തോന്നി. എങ്കിലും, നഴ്‌സായ മകള്‍ക്ക് ഈ സ്ഥലങ്ങളുമായുളള ബന്ധം... അയാളുടെ മനസ്സ് ഒരിക്കല്‍കൂടി ഇടിഞ്ഞു.
പോസ്‌റ്റുമാന്‍ കയറിവരുന്നത് കണ്ടപ്പോള്‍ ഉളെളാന്നാളി. അയാള്‍ക്ക് വളരെക്കാലമായി കത്തുകള്‍ വന്നിട്ട്. മകള്‍ അയച്ചുതരുന്ന മണിഓര്‍ഡറുകള്‍ അല്ലാതെ മറ്റൊന്നും അയാള്‍ക്ക് തപാല്‍ മാര്‍ഗ്ഗം വരാനില്ലായിരുന്നു. രജിസ്‌ട്രില്‍ ഒപ്പിട്ടു വാങ്ങുമ്പോള്‍ അയാള്‍ പോസ്‌റ്റുമാനോടായി തിരക്കി.
'എന്തായിത്'
'ജപ്‌തിനോട്ടീസാണെന്നു തോന്നുന്നു .' പോസ്‌റ്റുമാന്‍.
അയാള്‍ തയ്യല്‍മെഷീന്‍ ആഞ്ഞുചവിട്ടി, ദേഷ്യവും ദുഃഖവും വരുമ്പോള്‍ അയാള്‍ അങ്ങനെയാണ്.
അടുത്ത ദിവസം അയാള്‍ ബാങ്കിലേക്ക് ചെന്നു. 'സഹകരണ ബാങ്ക് ക്ലിപ്‌തം' എന്ന ബോര്‍ഡ് പഴകിദ്രവിച്ച കതകുപാളിയില്‍ ഒരു പിടിവിട്ട് തൂങ്ങിക്കിടന്നിരുന്നു. അയാള്‍ ഉളളിലേക്ക് നോക്കി. പുരാവസ്‌തുഗവേഷകനെപ്പോലെ ബാങ്ക് മാനേജര്‍ രാമന്‍നായര്‍ ചിലന്തിവല കെട്ടിയ ഷെല്‍ഫില്‍ നിന്നും എന്തൊക്കെയോ തപ്പി എടുക്കുകയായിരുന്നു. അയാള്‍ കതകില്‍ തട്ടിയപ്പോള്‍ അകത്തുനിന്നും രാമന്‍നായര്‍ ആരാണെന്നന്വേഷിച്ചു. അയാള്‍ അകത്തേക്ക് ചെന്ന് രാമന്‍നായരുടെ മുന്നില്‍ ഓച്ഛാനിച്ചുനിന്നു.
'ങാ... ഒട്ടകമോ!' അത്രയും പറഞ്ഞ് അയാള്‍ വീണ്ടും ഷെല്‍ഫിലേക്കു തിരിഞ്ഞു.
'അയച്ചത് കിട്ടിയില്ലേ...' രാമന്‍നായര്‍ കിട്ടിയെന്ന് അയാള്‍ തല മെല്ലെക്കുലുക്കി പറഞ്ഞു. രാമന്‍നായര് ഒരു കസേര അയാള്‍ക്ക് നേരെ നീക്കിയിട്ടു കൊടുത്തു.
'പതിമൂന്നു വര്‍ഷം മുന്‍പെടുത്ത വീടിന്റെ ലോണാ, ആദ്യം കൃത്യമായി പലിശ അടച്ചതുകൊണ്ടാ ഇത്രയും നാളും മാനേജ്‌മെന്റ് ഒരു നടപടിയും എടുക്കാതിരുന്നത്. പിന്നെ രണ്ടാമത്തെ ലോണ്, മോളെ നഴ്‌സിങ്ങിനുവിട്ടപ്പോള്‍ എടുത്തത്... അതിന്റെ ഗഡുക്കളോ പലിശയോ അടച്ചിട്ടുമില്ല...' രാമന്‍നായര്‍ ക്ഷുഭിതനായി.
കണക്കുകള്‍ പലിശയും കൂട്ടുപലിശയും ചേര്‍ത്ത് രാമന്‍നായര്‍ അയാളുടെ മുന്നിലേക്ക് നിരത്തി. അയാള്‍ നിശബ്‌ദനായി ഇറങ്ങിനടന്നു.
ബസ്‌സ്‌റ്റോപ്പിലെ വെയിറ്റിംങ്ങ് ഷെഡില്‍ അയാള്‍ വെറുതെ എന്തൊക്കെയോ ആലോചിച്ചു കൂട്ടിയിരുന്നു.
'ഒട്ടകത്തിന്റെ പ്രയാസം ഒക്കെ മാറിയല്ലോ, കൊച്ചിനു നല്ലൊരു ജോലിയായി, എന്നാ മോളു തിരികെ പോണത്!' - ബസു കയറാന്‍ വന്ന ഒരു പരിചിതന്‍ ചോദിച്ചു.
'അടുത്ത ഞായറാഴ്‌ച'- അയാള്‍
ചിന്തിച്ചു ചിന്തിച്ചു മനസിനു ഭാരം കേറിയപ്പോള്‍ അയാള്‍ വീട്ടിലേക്കു നടന്നു.
ജപ്‌തി നോട്ടീസെന്നു കേട്ടപ്പോള്‍ ഒട്ടകത്തിന്റെ ഭാര്യയ്‌ക്ക് ആധികേറി. വസ്‌തുവിന്റെ പ്രമാണം വച്ചാണ് വിദ്യാഭ്യാസ ലോണെടുത്തത്. മകളെ ഒന്നും അറിയിക്കേണ്ട എന്നുവച്ച് അവര്‍ പറയാതിരുന്നു. അതൊരു ശനിയാഴ്‌ച രാത്രി ആയിരുന്നു, മകള്‍ പോകുന്നതിന്റെ തലേരാത്രി.
'നീ മോളോടൊന്നു പറ ജപ്‌തിക്കാര്യം, അവളെന്തെങ്കിലും ചെയ്യാതിരിക്കില്ല- അയാള്‍.
അവര്‍ ഒരു തയ്യാറെടുപ്പില്‍ ആയിരുന്നു. എങ്ങനെ പറയണം, മോള്‍ക്ക് പ്രയാസമാകുമോ..
ജപ്‌തി എന്നു കേട്ടപ്പോള്‍ മകള്‍ ദേഷ്യം കൊണ്ട് അടിമുടി വിറച്ചു.
'നാണമില്ലേ, തളെള നിങ്ങള്‍ക്കിതു പറയാന്‍, നല്ല സമയത്തൊക്കെ തിന്നും കുടിച്ചും കളഞ്ഞു... ' അവള്‍ ക്ഷുഭിതയായി ചെന്ന് പെട്ടിതുറന്ന് ഒരു ഡയറിയെടുത്തു നിവര്‍ത്തി.
അത് കണക്കുകള്‍ ആയിരുന്നു.. അഞ്ചുവര്‍ഷത്തെ കണക്കുകള്‍.... മാസാമാസം അയച്ചുകൊടുത്ത പണത്തിന്റെ കണക്കുകള്‍... ആ ഡയറിയില്‍ എല്ലാമുണ്ടായിരുന്നു... അവര്‍ മറന്നു പോയതും... നിസാരമായിക്കണ്ട പലതും...
ഒട്ടകം ഇരുട്ടില്‍ എല്ലാം ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ടായിരുന്നു. പിന്നെ ഇരുപത്തിയഞ്ചു വര്‍ഷം മുന്‍പുളള ഒരു പെരുമഴക്കാലത്തിലേക്ക് ചെന്നുപതിച്ചു.
മഴ നനഞ്ഞാണ് ഏഴുമാസം മാത്രം പ്രായമുളള കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് കവലയിലെ ഹോസ്‌പിറ്റലില്‍ ചെന്നത്.
'നിമോണിയ ഏറ്റവും കൂടിയ സ്‌റ്റേജിലാണ്, എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല' - ഡോക്‌ടര്‍ കൈമലര്‍ത്തി.
'സിറ്റി ഹോസ്‌പിറ്റലില്‍ ചെന്നാല്‍ ഒരു പക്ഷെ രക്ഷപ്പെട്ടേക്കും, അതും ഉറപ്പുപറയാന്‍... അവിടുത്തെ ചിലവുകള്‍ നിങ്ങളെക്കൊണ്ട് താങ്ങാന്‍ കഴിയില്ല.' - ഡോക്‌ടര്‍ മറ്റ് രോഗികളിലേക്ക് ശ്രദ്ധ തിരിച്ചു.
അയാള്‍ സിറ്റി ഹോസ്‌പിറ്റലിലേക്ക് കുതിച്ചു.
'ഇവിടുത്തെ ചിലവുകള്‍ നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ല, പണം ചിലവാക്കിയിട്ട് കുഞ്ഞിനെ തിരികെ കിട്ടിയില്ലെങ്കില്‍... ' ഡോക്‌ടര്‍ കേസെടുക്കാതെ ഒഴിഞ്ഞു മാറി.
'എട്ടുവര്‍ഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം ഉണ്ടായ കുഞ്ഞാ സാറെ, ഞങ്ങള്‍ക്കാരുമില്ല' അയാള്‍ ഡോക്‌ടര്‍ക്കു മുന്നില്‍ കൈകൂപ്പി നിന്നു.
പെട്ടെന്നാണ് അയാളുടെ മനസ്സില്‍ മനുഷ്യ ആന്തരികാവയവങ്ങളെക്കുറിച്ചും അതിന്റെ കമ്പോള പ്രാധാന്യത്തെക്കുറിച്ചും ഒരു ചിന്ത കടന്നുകൂടിയത്. ഡോക്‌ടര്‍ അന്താളിച്ചുനിന്നുപോയി.
'കിഡ്‌നിയ്‌ക്കു വില കിട്ടും... പക്ഷെ അതൊരുനാള്‍ നിങ്ങളെ അപകടത്തില്‍ കൊണ്ടെത്തിക്കാം.'
'അത് സാരമില്ല ഡോക്‌ടര്‍, എന്റെ കുഞ്ഞ് ജീവിക്കട്ടെ, അതുമതിയെനിക്ക്.'
അത് ആരുമറിഞ്ഞില്ല, ഒട്ടകത്തിന്റെ ഭാര്യപോലും.
കുറെനാളുകളായി അടിവയറിന്റെ ഇടത്തുഭാഗത്ത് ഭയങ്കര വേദന അയാള്‍ക്ക് തോന്നിത്തുടങ്ങിയിട്ട്, അതും ആരുമറിഞ്ഞില്ല.
ഇരുട്ടില്‍ അയാളുടെ പീള കെട്ടിയ കണ്ണുകള്‍ പൊട്ടിയൊലിച്ചു, തുപ്പല്‍കെട്ടിനിന്ന ചുണ്ടുകളിലൂടെ നുരയും പതയും ഒലിച്ചിറങ്ങി. പിന്നെ മുതുകിലെ മുഴയുമായി രാത്രിയുടെ മറപറ്റി കൂനിക്കൂടി നടന്നു. ആ യാത്രയുടെ അവസാനം ഇരുട്ടില്‍നിന്നും ഊര്‍ന്ന് അയാള്‍ മരുഭൂമിയിലേക്ക്... ഒരൊട്ടകമായി... ശൂന്യമായ മണല്‍പ്പരപ്പ്... അങ്ങുമിങ്ങും ഒറ്റപ്പെട്ടു നില്‍ക്കുന്ന മുള്‍ച്ചെടികള്‍.. ഉഷ്‌ണക്കാറ്റ് മണല്‍ത്തരികളെ നാലുദിക്കുകളിലും ചുഴറ്റിയെറിഞ്ഞ് താണ്ഡവമാടി.
ഒട്ടകം ചുട്ടുപൊളളുന്ന മണല്‍ത്തരികളെ ചവിട്ടി മെതിച്ചു നടന്നു. എപ്പോഴെന്നറിയില്ല... പല ദിക്കുകളില്‍ നിന്നായി കുറെ ഒട്ടകങ്ങള്‍ അതിന്റെ പിറകെ കൂടി. അവര്‍ക്കു പിറകിനു ശിരസില്‍ പകിടി ധരിച്ച കുറെ മനുഷ്യരും ഉണ്ടായിരുന്നു.
'ഞങ്ങള്‍ നിന്നെപ്പോലെ മനുഷ്യരായിരുന്നു...' അതില്‍ ഒരൊട്ടകം പറഞ്ഞു.
'ജീവിതത്തിന്റെ തീക്ഷ്‌ണമായ അനുഭവങ്ങളാണ് നമ്മുടെ പരിണാമ ഹേതു.. ഒട്ടകങ്ങളുടെ ജനനം ജീവശാസ്‌ത്രപരമായ ജനനപ്രക്രിയയുമായി വലിയ ബന്ധമൊന്നുമില്ല'- മറ്റൊരൊട്ടകം.
'ഇവിടെയും മനുഷ്യരുടെ അടിമകളാണ് നമ്മള്‍' - മറ്റൊരൊട്ടകം.
'ഇവരുടെ ആഹാരവും വെളളവും ചിലരാത്രികള്‍ കൊണ്ടുതീരും. പിന്നെ നമ്മള്‍ ഇവരുടെ ഇരയായിത്തീരും' - മറ്റൊരൊട്ടകം.
ഒട്ടകങ്ങള്‍ തൊട്ടുരുമ്മി മണല്‍പ്പരപ്പിലൂടെ പ്രയാണം തുടര്‍ന്നുകൊണ്ടേയിരുന്നു.
ബാബു ജോര്‍ജ്