സ്മാര്‍ത്ത വിചാരം

അടുക്കളദോഷം ആരോപ്പിച്ച് സാധനത്തിന്റെ അഞ്ചാം പുരയിലാക്കുന്നതിന്റെ ദൃശ്യങ്ങള്‍ തത്സമയം ചാനലുകളില്‍ കാണിച്ചു തുടങ്ങി. സ്ക്രീനിനു താഴെ ചുവന്ന അക്ഷരങ്ങളില്‍ ഫ്ലാഷ് ന്യൂസ് മിന്നി. ആരാന്റെ അമ്മയ്ക്ക് പ്രാന്ത് പിടിച്ച തമാശകാണാന്‍ നല്ല രസമല്ലേ ആളുകള്‍ തിങ്ങികൂടും. കുളിയും ജപവും മൂന്നു നേരം മൃഷ്ടാന്ന ഭോജനവും വെടിവട്ടമൊക്കേയായി കൂടാന്‍ അകലെ നിന്നു പോലും നമ്പൂതിരിമാര്‍ എത്തിത്തുടങ്ങി. കലവറയിലേക്ക് വേണ്ടുന്നതൊക്കെ അടുപ്പിയ്ക്കണം ഒന്നിനും ഒരു കുറവും ഉണ്ടാകരുതെന്ന് വലിയ തമ്പ്രാന്‍ പ്രത്യേകം ഏല്പിച്ചതാണ്. കാര്യസ്ഥന്‍ അച്ചുതന്‍ നായര്‍ ഉത്തരവാദിത്വങ്ങളുടെ ഭാരവുമായി ഓടി നടന്നു.

“ന്നാലും ഈ കുഞ്ചാത്തലിന് എന്തേ ഇങ്ങനൊക്കെ തോന്നാന്‍!” എന്ന് ഉത്തരം കിട്ടാത്തൊരു ചോദ്യം ഈ തിരക്കിനിടയിലും അച്ചുതന്‍ നായരുടെ ഉള്ളില്‍ക്കിടന്ന് പരക്കം പാഞ്ഞു. എല്ലാ ചടങ്ങും ലൈവായി പകര്‍ത്താന്‍ ചാനലുകള്‍ തമ്മില്‍ മത്സരം മൂത്തു. ഒടുവില്‍ വലിയ
തമ്പ്രരാന്‍ ആ കച്ചവടം സനാതന ടി.വി.യുമായി ഉറപ്പിച്ചു. അതോടെ ആ ശല്യം കുറഞ്ഞു കിട്ടി.

ദേശബന്ധുമനയ്ക്കലെ സ്മാര്‍ത്തന്‍ എത്തിക്കഴിഞ്ഞു വന്നുകൂടിയ നമ്പൂതിരിമാര്‍ ചിലര്‍ക്കെല്ലാം ആശങ്കയുണ്ട്........’ തന്റെ പേരെങ്ങാനും പറഞ്ഞാലോ.......” സാധനത്തിന് പറഞ്ഞുകൂടാത്ത തായിട്ട് ഒന്നുമില്ല. ഇറങ്ങി പുറപ്പെട്ടിരിയ്ക്കല്ലേ.’ എന്ന വല്ലാ‍ത്തൊരു ഭയം അവരെ ഗ്രസിയ്ക്കാന്‍ തുടങ്ങി. ചിലരൊക്കെ ഈശ്വരനെ അകമഴിഞ്ഞ പ്രാര്‍ത്ഥിക്കുകയാണ്, തെളിവുകളില്ലാതെ ഒക്കെ തേഞ്ഞുമാഞ്ഞു പോകണേ എന്ന്.

ഇല്ലത്ത് സദ്യ പൊടിപൊടിയ്ക്കുകയാണ്. നേരാവണ്ണം ഭക്ഷണം പോലും നല്‍കാതെ ആ പാവത്തിനെ അഞ്ചാം പുരയിലാക്കിയിട്ട് മറ്റുള്ളവര്‍ ആഘോഷിക്കുന്നു. അച്ചുതനായര്‍ക്ക് സങ്കടം വന്ന് മുട്ടി. കൂമ്പാള കോണകമുടുത്തു നടക്കുന്ന പ്രായംതൊട്ട് നോക്കി വളര്‍ത്തിക്കൊണ്ടു വന്നതാണ്. വേളി കഴിഞ്ഞ് കൂടെ ഇങ്ങോട്ട് പോരുമ്പോള്‍ ഇങ്ങനെ ഒരു യോഗം വരുമെന്ന് കരുതിയതല്ല. സ്മാര്‍ത്തന്റെ ചോദ്യങ്ങള്‍ വാല്യക്കാരത്തി മുഖാന്തിരം കുഞ്ചാത്തലിന്റെ തോലുരിയ്ക്കാന്‍ തുടങ്ങി. പക്ഷേ........ഒരു കൂസലും കൂടാതെ തെളിവുസഹിതം പേരുകള്‍ വെളിപ്പെടുത്തി തുടങ്ങി. പലരും പരിഭ്രാന്തരായി സ്ഥലം വിടുന്നു. ‘ അടുത്ത പേര് ആരുടേതാകും’ എന്ന ഭയം ഒരു സാംക്രമിക രോഗം പോലെ കാണികലെ നടുക്കി. അപകടം മുന്‍ കൂട്ടി മണത്തറിഞ്ഞ സ്മാര്‍ത്തന്‍ സ്വരം കടുപ്പിച്ച പറഞ്ഞു. “ ഇനി മതിയാക്കാം....ന്താ..”
സമ്മതം എല്ലാവര്‍ക്കും സമ്മതം ‌ പലയിടത്തുനിന്നും ആശ്വാസത്തിന്റെ നിശ്വാസങ്ങള്‍ ഉയര്‍ന്നു

ചാനലുകാര്‍ സന്തോഷംകൊണ്ട് മതിമറന്നു. എത്ര വേണമെങ്കിലും വലിച്ചു നീട്ടാം. ഒരു മെഗാസീരിയലോളം തന്നെ പ്രേക്ഷകരെ കിട്ടാന്‍ ഒരു വിഷമവും ഉണ്ടാവില്ല.

പടിയടച്ച് പിണ്ഡം വെയ്ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ അച്ചുതന്‍ നായരുടെ ഇടനെഞ്ചുപൊട്ടി. പാവം പുറലോകം കണ്ടിട്ടില്ലാത്ത ഒരു സാധുപെണ്‍കുട്ടി.......കണ്ട ചണ്ടി പ്പണ്ടാരങ്ങളൊക്കെ പടിപ്പുരയ്ക്ക് പുറത്ത് തമ്പടിച്ചിരിക്കുകയാണ്. .പുറത്തേയ്ക്ക് തള്ളിവിടേണ്ട താ‍മസമേയുള്ളൂ, ചെന്നായ്ക്കള്‍ അതിനെ കടിച്ചുകീറും. ഈശ്വരാ,........ തനിയ്ക്കും ആ പ്രയത്തിലുള്ള ഒരു മകള്‍ ഉണ്ട്. വലിയ തമ്പ്രാന്റെ മുഖത്ത് ലവലേശം ദുഖമില്ലല്ലോ അമ്മാത്തോല് കരഞ്ഞുകരഞ്ഞ് പാതി മരിച്ചതുപോലെ ആയിട്ടുണ്ട്.

അഞ്ചാമ്പുരയുടെ വാതില്‍ കടന്ന് ഒരു ചെറിയ ഭാണ്ഡവുമായി കുഞ്ചാത്തല് പുറത്തിറങ്ങി. എല്ലാ കണ്ണൂകളും അങ്ങോട്ട് നീണ്ടു പെട്ടെന്ന് ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി കോട്ടും സൂട്ടുമണിഞ്ഞ ഒരാള്‍ അവരുടെ അടുത്തെത്തി. ക്യാമറകളും ലൈറ്റുകളും കണ്‍കൂര്‍പ്പിച്ചു. എല്ലാവരേയ്യും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം മൈക്കില്‍ ഉറക്കെ പറഞ്ഞു. “കുടി വെള്ളം പോലും കച്ചവടം ചെയ്യുന്ന ഹീനമായ ഈ കാലഘട്ടത്തില്‍, ജനസേവനത്തിന്റെ നിസ്തൂല മാതൃകയായ ഈ വനിതാ രത്നത്തെ ഞങ്ങള്‍ ആദരിയ്ക്കാന്‍ പോവുകയാണ്.” ജനങ്ങള്‍ ഒന്നടങ്കംശ്വാസം അടക്കിപ്പിടിച്ച് നിന്നു. “ശ്രീവട്ടോളി കണാരന്‍ രൂപകല്പന ചെയ്ത ശില്പവും പത്തുലക്ഷം രൂപയും, സമ്മാനിക്കാന്‍ “ഇന്‍ഡീസെന്റ് ഗ്രൂപ്പിന്റെ എം.ഡി. ശ്രീ ബാഹുലേയനെ ഈ വേദിയിലേക്ക് സാദരം ക്ഷണിക്കുന്നു.”

നമ്പൂതിരിമാര്‍ കാര്യമറിയാതെ പകച്ചു നിന്നു. അവര്‍ക്ക് തടയാന്‍ കഴിയുന്നതിന്നു മുന്‍പ് തന്നെ ബാഹുലേയന്‍ കുഞ്ചാത്തലിനെ പൊന്നാടയണിയിച്ചു. എല്ലാം ഞൊടിയിടയില്‍ കഴിഞ്ഞു. ശീല്പവും , ടാക്സ് കഴിച്ച് ബാക്കി തുകയ്ക്കുള്ള ചെക്കും കൈമാറിയപ്പോള്‍ അച്ചുതന്‍ നായരുടെ കണ്ണുകള്‍ സന്തോഷംകൊണ്ട് നിറഞ്ഞുതുളുമ്പി ഇളഭ്യനായി ഇരിക്കുന്ന സ്മാര്‍ത്തനെ അയാള്‍ കൊഞ്ഞനം കാട്ടി.

പടിയ്ക്കുപുറത്ത് കുഞ്ചാത്തലിനെ കാത്ത് സിനിമാക്കാര്‍ സന്നദ്ധസംഘടനകള്‍, ശാസ്ത്രജ്ഞന്മാര്‍, സന്യാസിമാര്‍ തുടങ്ങി വലിയ വലിയ മന്ത്രിമാര്‍ വരെ കാത്തു നില്ക്കുകയാണത്രേ.............

ഇന്ദുബാല.


-, ലക്കടി,



Your response will be e-Mailed to the poster.