കാത്തിരിപ്പ്‌

ടെലിവിഷനില്‍ വന്ന്‌ നിറയുന്ന ചാനലുകളില്‍ മനം മയക്കുന്ന പരസ്യങ്ങള്‍ മിന്നി മറഞ്ഞു. മൊബെയില്‍ ഫോണിന്റെ പരസ്യമാണ്‌. ലോകത്തിന്റെ ഏതോ വിദൂരഭാഗത്ത്‌ നിന്ന്‌ മകന്‍ അയക്കുന്ന സന്ദേശം കൃത്യമായി ഇവിടെ അമ്മക്ക്‌ എത്തുന്നു.

ആ അമ്മക്ക്‌ മടുപ്പനുഭവപ്പെട്ടു. എവിടെയും കണ്ണീരും സെന്റിമെന്‍സും തന്നെ വില്‍പനച്ചരക്ക്‌. നാല്‌ ആണ്‍മക്കളുടെ അമ്മയായ തനിക്ക്‌ ഏകാന്തമായ വാര്‍ദ്ധക്യകാലമാണെന്ന്‌ ആരറിയാന്‍?

ഇന്നലെ മൂത്തമകന്‍ പ്രദീപ്‌ കാലിഫോര്‍ണിയായില്‍ നിന്ന്‌ വിളിച്ചിരുന്നു. പതിവുപോലെ അനൗപചാരികമായ സംഭാഷണം. ബാങ്കിലെ എ.റ്റി.എം കാര്‍ഡ്‌ എങ്ങനെ കൈകാര്യം ചെയ്യണമെന്നതായിരുന്നു അവന്‌ പ്രധാനമായും പറയാനുണ്ടായിരുന്നത്‌. രണ്ട്‌ മിനിറ്റിനുശേഷം രണ്ടാമന്‍ പ്രമോദ്‌ വിയന്നയില്‍നിന്ന്‌ വിളിച്ചു. ഇന്റര്‍നെറ്റില്‍ ഇ-മെയില്‍ സന്ദേശം സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ആവശ്യമില്ലാത്തതൊന്നും സെര്‍ച്ച്‌ ചെയ്യരുതെന്നുമുളള താക്കീതോടെ അവന്‍ സംഭാഷണം നിര്‍ത്തി.

ആ അമ്മ, നഗരത്തില്‍ പ്രശസ്‌തമായ ഒരു സര്‍ക്കാര്‍ വിദ്യാലയത്തില്‍നിന്ന്‌ പ്രഥമാദ്ധ്യാപികയായി വിരമിച്ചിട്ട്‌ വര്‍ഷങ്ങളായി. അവര്‍ മനസ്സിലോര്‍ത്തു. "ദൈവമേ എന്റെ മക്കള്‍ക്ക്‌ വേറൊന്നും പറയാനില്ലല്ലോ, അമ്മക്ക്‌ സുഖമാണോ എന്നുപോലും അവര്‍ ചോദിച്ചില്ല. തിരക്കായിരിക്കും" അവര്‍ സ്വയം സമാധാനിച്ചു. വീണ്ടും ടെലിഫോണ്‍ മണിയടിച്ചു. "പ്രശാന്താണ്‌, എവിടെയായിരുന്നു ഇതുവരെ" പ്രശാന്തന്‍ എപ്പോഴും അങ്ങനെയാണ്‌. എപ്പോഴും തിരക്കിലായിരിക്കും. നെയ്‌റോബില്‍ താമസിക്കുന്ന അവന്‍ പറഞ്ഞത്‌ കെനിയായിലെ അരക്ഷിതാവസ്ഥയാണ്‌. ഇടക്കിടെ പട്ടാളലഹള നടക്കുന്നതു കാരണം സ്‌കൂളുകളും ഓഫീസുകളും പ്രവര്‍ത്തിക്കുന്നില്ല. അവസാനം ഒരന്വേഷണം പേരിന്‌-

"അമ്മയുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഏത്‌ ബാങ്കിലാണ്‌ നിക്ഷേപിച്ചിട്ടുളളത്‌? അത്‌ എന്‍.ആര്‍.ഐ അക്കൗണ്ടിലേക്ക്‌ മാറ്റിയാല്‍ കുറച്ചുകൂടി റേറ്റ്‌ കൂടുതല്‍ കിട്ടും."

ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റായ പ്രശാന്തന്‌ ആകെ പറയാനുളളത്‌ ഇതുമാത്രമേയുളളുവെന്ന്‌ അവര്‍ ഓര്‍ത്തു.

സാരമില്ല. മക്കളുടെ ജീവിതസാഹചര്യം മാറിയിരിക്കാം, അവര്‍ വീണ്ടും ആശ്വാസത്തിന്റെ പുറംതോടിലൊളിച്ചു.

ടീച്ചര്‍ നാലാമന്റെ വിളി കാത്തിരുന്നു. അവന്‍ ആദ്യത്യന്‍, ബ്രസീലിലെ കരിമ്പു ഗവേഷണകേന്ദ്രത്തിലെ പ്രശസ്‌തനായ ശാസ്‌ത്രജ്ഞന്‍, പത്ത്‌ മിനിറ്റിനകം വിളിച്ചു. അങ്ങനെ അന്നത്തെ ടെലിഫോണ്‍ സൗഹൃദം അവസാനിച്ചിരിക്കുന്നു. അവര്‍ മനസ്സിലോര്‍ത്തു. നേരം 10 മണിയായിക്കാണും. ഇന്ന്‌ ചെയ്‌തു തീര്‍ക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ മനസ്സിലുറപ്പിച്ചു.

ഏതായാലും പ്രീതി വന്നിട്ട്‌ പോകാം. അവള്‍ 11 മണിക്ക്‌ വരും. നേരം പോകാന്‍ വേണ്ടി ടീവി തന്നെ ആശ്രയം. പുതിയ ചാനലില്‍ വാര്‍ദ്ധക്യരോഗങ്ങളും സംരക്ഷരണവും എന്ന വിഷയത്തെക്കുറിച്ച്‌ ചര്‍ച്ച.

"വാര്‍ദ്ധക്യകാലത്തെ സംരക്ഷണംകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ പ്രധാനമായും സംരക്ഷണവും ശുശ്രൂഷയുമാണ്‌. തികച്ചും മാനസികമായ സമീപനം. അതാണ്‌ ആവശ്യം" ചര്‍ച്ച നിയന്ത്രിക്കുന്ന ആള്‍, ആവേശപൂര്‍വ്വം പറഞ്ഞു. പ്രായം അയാളേയും അതിവേഗത്തില്‍ ആക്രമിച്ചുകൊണ്ടിരിക്കുന്നു എന്ന കാര്യം ടീച്ചര്‍ ശ്രദ്ധിച്ചു.

'വൃദ്ധര്‍ ഇങ്ങിനെ കൂടിയാല്‍ നമ്മുടെ നാടിന്റെ സാമ്പത്തികസ്ഥിതി വളരെ മോശമാകാനാണ്‌ സാധ്യത, അവരുടെ ചിലവുകള്‍, പെന്‍ഷന്‍, തീരെ ഉല്‍പാദനപരമല്ലാത്ത കാര്യങ്ങളാണ്‌ ഇവ"

കൂട്ടത്തില്‍ ഏറ്റവും ചെറുപ്പവും സൗന്ദര്യവുമുളള ചെറുപ്പക്കാരന്‍ ആവേശഭരിതനായി പറഞ്ഞു.

ഏതോ ഹൈടെക്‌ ബാങ്കിന്റെ പ്രതിനിധിയായിരിക്കും. ചെറുപ്പക്കാരന്റെ അഭിപ്രായം വയസ്സന്‍ ഗ്രൂപ്പിനെ ഒന്ന്‌ പരുങ്ങലാക്കി.

എന്നാലും വിട്ടുകൊടുക്കാതെ ഒരാള്‍ പ്രതിരോധിച്ചു. "എല്ലാം നമുക്ക്‌ ലാഭങ്ങളുടെ പട്ടികയില്‍ പെടുത്താന്‍ പറ്റില്ല. ഉദാഹരണത്തിന്‌ മാതൃത്വം, അതിന്റെ വില ഒരിക്കലും നിശ്ചയിക്കാന്‍ പറ്റില്ല." പറഞ്ഞ ആള്‍ ഈയിടെ എജീസ്‌ ഓഫീസില്‍നിന്ന്‌ വിരമിച്ച രഘുവരന്‍ നമ്പ്യാരാണെന്ന്‌ ടീച്ചര്‍ക്ക്‌ മനസ്സിലായി.

രംഗം സംഘര്‍ഷഭരിതമാവാനുളള സാധ്യത മനസ്സിലാക്കി ടീച്ചര്‍ ചാനല്‍ മാറ്റി. സൗന്ദര്യം കാത്തു സൂക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച്‌ സുന്ദരിമാര്‍ ചര്‍ച്ച നടത്തുന്നു. ഇവിടെയും വാര്‍ദ്ധക്യം വിലയില്ലാത്ത വസ്‌തുവാണെന്ന്‌ ടീച്ചര്‍ തിരിച്ചറിഞ്ഞു. കോളിംഗ്‌ബെല്‍ മുഴക്കി. ആശ്വാസം ടീച്ചര്‍ മനസ്സിലോര്‍ത്തു പ്രീതി വന്നിട്ടുണ്ടായിരിക്കും.

ചാരിയിട്ട വാതില്‍ തളളിത്തുറന്ന്‌ പ്രീതി വന്നപ്പോള്‍ ടീച്ചര്‍ ഉഷാറായി. 'ടീച്ചര്‍ ഞാന്‍ ലേശം വൈകിപ്പോയി, മുഷിയല്ലേ ഇപ്പം ശരിയാക്കാം' അവളുടെ ക്ഷമാപണം കണ്ട്‌ ടീച്ചര്‍ക്ക്‌ ചിരിവന്നു. താനിപ്പോഴും മോഡല്‍ ഗേള്‍സ്‌ പ്രിന്‍സിപ്പാള്‍ ആണെന്നാണ്‌ ഇവളുടെ വിചാരം. ഇന്റര്‍നെറ്റില്‍ ഇ മെയില്‍ സന്ദേശങ്ങള്‍ സ്വീകരിക്കാനും പ്രീതി ടീച്ചറെ സഹായിക്കുന്നു. ചില ദിവസങ്ങളില്‍ ടീച്ചറുടെ അടുക്കള പ്രീതിയുടെ ഉത്തരവാദിത്വത്തിലായിരിക്കും.

"ടീച്ചറെ അമീര്‍ അലിയുടെ മെയില്‍ വന്നിട്ടുണ്ട്‌." പ്രീതി സന്തോഷത്തിലാണ്‌.

സന്തോഷം പുറത്തുകാണിക്കാതെ ടീച്ചര്‍ മോനിട്ടറില്‍ നോക്കി. അതേ അമീര്‍ അലി. ബ്രൂണെയില്‍ നിന്ന്‌ തനിക്ക്‌ സന്ദേശം അയക്കാറുളള അദ്ധ്യാപകന്‍.

പ്രീതി പതിവ്‌ സന്ദേശങ്ങള്‍ കീബോര്‍ഡില്‍ ടൈപ്പ്‌ ചെയ്‌തു. യാദൃശ്ചികമായി ഇന്റര്‍നെറ്റില്‍കൂടി പരിചയപ്പെട്ട ബ്രൂണെക്കാരന്‍ അമീര്‍ അലിക്ക്‌ തന്റെ ഇളയ മകന്‍ ആദിത്യന്‍ പ്രായമാണെന്ന്‌ ടീച്ചര്‍ ഓര്‍ത്തു.

അനാഥനായ അലി ഒന്നിടവിട്ട ദിവസങ്ങളില്‍ വിളിക്കും. തന്നെ അമ്മ എന്നാണ്‌ അവന്‍ വിളിക്കുന്നത്‌. അവനോട്‌ സംസാരിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക്‌ പഴയ പ്രസരിപ്പ്‌ വീണുകിട്ടും.

അടുക്കളയില്‍ പ്രീതി അന്ന്‌ ഭരണം നടത്തി. ടീച്ചര്‍ കുളിക്കാന്‍ കയറി. ഓവനില്‍ വെച്ച്‌ വെന്ത കോഴി പുറത്തെടുത്ത്‌ അതില്‍ കശുവണ്ടി പരിപ്പും കരയാമ്പുവും അരച്ചുചേര്‍ത്തു പ്രീതി.

കഴിഞ്ഞവര്‍ഷം ആദിത്യനും ഭാര്യയും ബ്രസീലില്‍നിന്ന്‌ വന്നപ്പോള്‍ പ്രീതിയെ പഠിപ്പിച്ച ബ്രസീല്‍ ചിക്കന്‍കറി റെഡിയായി. പേരിന്‌ കഴിച്ചെന്നു വരുത്തി ടീച്ചര്‍ എഴുന്നേറ്റു. ഓക്കാനം മാറാന്‍ വായില്‍ ഏലക്കായ എടുത്തു ചവച്ചു.

രവീന്ദ്രന്‍ചേട്ടന്റെ അമ്മ മരിച്ചതില്‍പിന്നെ നല്ല ഭക്ഷണം കണ്ട കാലം മറന്നു.

ട്രഷറിയുടെ പെന്‍ഷന്‍ കൗണ്ടര്‍, നല്ല തിരക്കാണ്‌. ടീച്ചര്‍ ആകെക്കൂടിയൊന്ന്‌ നോക്കി. എല്ലാവരും ഉണ്ട്‌. പക്ഷേ മാലതി ഇല്ല. കിടപ്പിലായോ അതോ മക്കളുടെ കൂടെ താമസിക്കാന്‍ അമേരിക്കയിലേക്ക്‌ പോയോ? ചോദിക്കാന്‍ ആരെയും കണ്ടില്ല.

കൗണ്ടറില്‍ പുതിയ ആളാണ്‌. ഇതിന്‌ മുമ്പ്‌ കണ്ട് പരിചയമില്ല. അവള്‍ പതുക്കെ ടോക്കണ്‍ നമ്പര്‍ വിളിക്കാനാരംഭിച്ചു. തൊട്ടുളള മേശയിലെ വലിപ്പില്‍ മൊബെയില്‍ ചിലച്ചു. ഉല്ലാസത്തോടെ ടോക്കണ്‍ റജിസ്‌റ്ററിന്റെ ഇടയില്‍ തിരുകി വെച്ച്‌ കൗണ്ടറിന്റെ ഒരു മൂലയിലേക്ക്‌ ചാരിനിന്ന്‌ സംസാരിക്കാന്‍ ആരംഭിച്ചു.

കൗണ്ടറില്‍ തിരക്ക്‌ കൂടുന്നു. കാലാവധി കഴിഞ്ഞ ആ വയസ്സന്‍മാരെ പൂര്‍ണ്ണമായി അവഗണിച്ചുകൊണ്ട്‌ അവള്‍ സംസാരം തുടര്‍ന്നു. ഭര്‍ത്താവായിരിക്കും വിളിച്ചത്‌. സംസാരത്തിലെ ഉല്ലാസം ടീച്ചറെ അങ്ങനെയാണ്‌ ഓര്‍മ്മപ്പെടുത്തിയത്‌.

"ജോലിസമയത്ത്‌ മൊബെയില്‍ഫോണ്‍ ഉപയോഗിക്കുന്നത്‌ ശരിയാണോ? പ്രത്യേകിച്ചും ഇങ്ങനെ കൗണ്ടര്‍ ഡ്യൂട്ടി ചെയ്യുമ്പോള്‍?" ടീച്ചര്‍ വളരെ മയത്തില്‍ ചോദിച്ചു.

പുച്ഛത്തില്‍ ചിറികോട്ടലായിരുന്നു മറുപടി.

പെന്‍ഷന്‍ബുക്കും ബാഗും വെക്കാന്‍ അലമാരിയുടെ വലിപ്പു തുറന്നപ്പോള്‍ തന്റെ ആഭരണപ്പെട്ടി എടുത്തുനോക്കി. എല്ലാം പഴയ രീതിയിലുളള ആഭരണങ്ങള്‍. കഴിഞ്ഞ വര്‍ഷം നാല്‌ മരുമക്കളും അവധിക്ക്‌ വന്നപ്പോള്‍ ഇതെല്ലാം അവര്‍ക്ക്‌ പങ്കുവെച്ചുകൊടുക്കാന്‍ നോക്കി.

"എനിക്ക്‌ ഇതൊന്നും വേണ്ട, ഇത്‌ പഴയ ടൈപ്പാണ്‌." പ്രദീപിന്റെ ഭാര്യ പറഞ്ഞത്‌ താഴെയുള മൂന്നുപേരും ഏറ്റു പറഞ്ഞു. ആര്‍ക്കും വേണ്ടാതെ ആഭരണങ്ങള്‍ അലമാരിയുടെ മൂലയില്‍ വീര്‍പ്പുമുട്ടുന്നു.

കല്യാണത്തിന്‌ രവീന്ദ്രന്‍ ചേട്ടന്റെ അമ്മ തന്നെ അണിയിച്ചതാണ്‌. അമ്മയ്‌ക്ക്‌ അമ്മൂമ്മ അണിയിച്ചത്‌. ചങ്ങല നീളുന്നു.

നഗരത്തിലെ പ്രശസ്‌തമായ പത്രമാഫീസില്‍ ചരമകോളങ്ങളുടെ ഫില്ലിംഗ്‌ നടത്തുകയാണ്‌ തോമസ്‌. ഇന്ന്‌ മരണങ്ങള്‍ ഒരുപാടുണ്ട്‌. മരിച്ചവരെല്ലാം വി.ഐ.പി.കള്‍ ആയതുകൊണ്ട്‌ അവരുടെ മക്കളുടെ പേരും ജോലിസ്ഥലവും വേണം. പണ്ടത്തെപ്പോലെയല്ല മക്കളുടെ ജോലിസ്ഥലം ലോകം മുഴുവന്‍ പരന്നു കിടക്കുന്ന കാലമാണ്‌. തോമസ്‌ അടുത്ത ചരമത്തിലേക്ക്‌ കണ്ണോടിച്ചു.

സത്യവതി രവീന്ദ്രന്‍, റിട്ടയേര്‍ഡ്‌ ഹെഡ്‌മിസ്‌ട്രസ്സ്‌, ഗവ. ഹൈസ്‌കൂള്‍, വിദ്യാനഗര്‍, നിര്യാതയായി. പരേത റിട്ടയേര്‍ഡ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ പരേതനായ രവീന്ദ്രനാഥന്റെ ഭാര്യയാണ്‌. മക്കള്‍- പ്രദീപ്‌ (സോഫ്‌റ്റ്‌ വെയര്‍ എന്‍ജിനീയര്‍, കാലിഫോര്‍ണിയ), പ്രമോദ്‌ (ബയോടെക്‌നോളജിസ്‌റ്റ്‌, വിയന്ന), പ്രശാന്ത്‌ (ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌, കെനിയ), ആദിത്യന്‍ (സയന്റിസ്‌റ്റ്‌, ബ്രസീല്‍)

വാര്‍ത്ത എഡിറ്റു ചെയ്യുമ്പോള്‍ തോമസ്‌ മനസ്സിലോര്‍ത്തു.

"എന്തൊരു മഹാഭാഗ്യം ആ ടീച്ചറുടേത്‌. മക്കളുണ്ടായാല്‍ ഇങ്ങനെ വേണം" വാര്‍ത്ത ഫില്ലിങ്ങിന്‌ കൊടുത്ത്‌ അയാള്‍ കാന്റീനിലേക്ക്‌ പോയി.

വീട്‌ പതുക്കെ നിറഞ്ഞു തുടങ്ങി. വീട്ടുമുറ്റത്ത്‌ പല നിറത്തിലുളള വിദേശ കാറുകള്‍ ഒഴുകി വന്നു നിറഞ്ഞു.

അമ്മ വളരെ ശാന്തമായി വിശാലമായ മുറിയില്‍ വെളള പുതച്ച്‌ കിടന്നു. രക്ഷപ്പെട്ടതിന്റെ ആശ്വാസം അവരുടെ മുഖത്തുണ്ടോ? ആവോ? റീത്തുകളുടെ ഭാരം അവരെ ശല്യപ്പെടുത്തിയില്ല.

പ്രീതി ഇന്റര്‍നെറ്റില്‍ വന്ന സന്ദേശങ്ങള്‍ ശേഖരിച്ചുകൊണ്ടിരുന്നു.

എല്ലാവരും പുറപ്പെട്ടു കഴിഞ്ഞു. ബോഡി ഫ്രീസറില്‍ വെയ്‌ക്കുക. സന്ദേശത്തിന്റെ വ്യാപ്‌തി അവളെ കരയിപ്പിച്ചു.

ജീവിച്ചിരിക്കുമ്പോള്‍ ഫ്രിഡ്‌ജില്‍ വെച്ച ഒരു ഭക്ഷണവും കഴിക്കാത്ത പാവം അമ്മ ഫ്രീസറിന്റെ തണുപ്പില്‍ മക്കള്‍ക്ക്‌ വേണ്ടി കാത്തുകിടക്കുന്നു.

ചുവരില്‍ ചിത്രമായി മാറിയ രവീന്ദ്രനാഥന്‍ നമ്പ്യാര്‍ ഭാര്യയെ വിളിച്ചു.

ടീച്ചര്‍ പതുക്കെ തലയാട്ടി, റീത്തുകളുടെ ഭാരം കൂടി വരികയാണ്‌.

കീബോര്‍ഡില്‍ നിന്ന്‌ പ്രീതി വിരലെടുത്തു. മോണിറ്റര്‍ സ്‌ക്രീനില്‍ കരയുന്ന അമീര്‍ അലിയുടെ മുഖം. തുളളിച്ചാടുന്ന സ്‌ക്രീന്‍ സേവര്‍, പതുക്കെ ശൂന്യമായ മോണിറ്റര്‍ സ്‌ക്രീന്‍, അവള്‍ പതുക്കെ മേശപ്പുറത്ത്‌ തല താഴ്‌ത്തിയിരുന്നു.

കെ.എസ്‌. ശ്രീനാഥ്‌


-, തൃശ്ശൂര്‍,



Your response will be e-Mailed to the poster.