പുഴ പറഞ്ഞത്

കാറിന്റെ പിന്‍സീറ്റില്‍ ചാരിക്കിടന്ന് കണ്ണടച്ചപ്പോള്‍ തെളിഞ്ഞത് മാളുവിന്റെ മുഖമാണ്. നല്ല ഇരുട്ട്. കാറില്‍ ലൈറ്റിട്ടിട്ടില്ല. സമയമിപ്പോള്‍ എത്രയായിട്ടുണ്ടാവും? ഏഴ് ? ഏഴര? മാളു മേല്‍ കഴുകി വന്ന് കാര്‍ട്ടൂണ്‍ കാണുന്നുണ്ടാവും. സ്ക്കൂളീല്‍ നിന്നെത്തിയപ്പോള്‍ പാലുകുടിയ്ക്കാന്‍ പതിവുപോലെ മടികാണിച്ചിരിക്കുമോ? പകരം ടിന്നെല്ലാം പരതി എന്തെങ്കിലുമൊക്കെ കഴിച്ചിരിക്കും, സുമതി പുറകെ നടന്ന് ഓരോന്നിനും നിര്‍ബന്ധിക്കുന്നുണ്ടാവും. താനില്ലെങ്കില്‍ അവള്‍ക്കെല്ലാത്തിനും വാശിയാണ്. ഒന്ന് സംസാരിയ്ക്കാമെന്നു വച്ചാല്‍ മൊബൈലില്‍ റേഞ്ചില്ല. “അമ്മ പിന്നേം പോവ്വാണോ? ഇന്നലെ രാത്രിയും അവള്‍ സങ്കടത്തോടെ ചോദിച്ചു. തന്റെ യാത്രകളോരോന്നും അവളുടെ ഏകാന്തതയുടെ ആഴം കൂട്ടുന്നുണ്ടെന്ന് അറിയാഞ്ഞിട്ടല്ല. മറ്റൊരു വഴിയില്ല. ഈയാഴ്ചയിലെ രണ്ടാമത്തെ യാത്രയാണിത്. കമ്പനി പറയുന്നു. ചോദ്യങ്ങളേതുമില്ലാതെ താനതനുസരിയ്ക്കുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത്, ഹോട്ടല്‍ ശരിയാക്കിയിട്ടാവും പറയുക, ഇന്ന ദിവസം ഇന്നിടത്തേയ്ക്ക് എന്ന്, രോഹിണിയുടെ പബ്ലിക്ക് റിലേഷന്‍ കപ്പാസിറ്റിയെപ്പറ്റി വലിയ മതിപ്പാണ് പ്രസിഡണ്ടിന്, മീറ്റിംഗുകളും ചര്‍ച്ചകളും ഇംപ്രൂവ്മെന്റ് പ്ലാനുകളും ഒക്കെയായി ഓരോ തവണയും രോഹിണിയുടെ കയ്യിലൂടെ മറിയുന്നത് കോടികളുടെ ഇടപാടാണ്. വെറുതെയല്ല , വേണ്ടതിലധിക, പ്രതിഫലം തന്നു തന്നെയാണ് കമ്പനി തന്റെ സേവനം ഉപയോഗപ്പെടുത്തുന്നത്. കമ്പനിക്ക് നഷ്ടം വരുമോ, വന്നാല്‍ അത് തന്റെ നിലനില്‍പ്പിനെ എങ്ങനെ ബാധിക്കും എന്നും മറ്റുള്ള വേവലാതികള്‍ കൊണ്ട് ഓരോ മീറ്റിംഗിനു മുമ്പും രോഹിണി കടുത്ത മാനസിക സംഘര്‍ഷമനുഭവിക്കാറുണ്ട്. ഒരു പോജക്ട് ശരിയാവാഞ്ഞാല്‍ അതു മതി യാതൊരു വിശദീകരണവുമില്ലാതെ ‘താങ്ക് യു’ കാര്‍ഡ് തന്നു വിടാന്‍. മറിച്ചായാലോ? ടൈബൌണ്ട് അല്ലാത്ത പ്രമോഷന്‍, ഇന്‍സെന്റീവ്.... തനിയ്ക്കും മാളുവിനും സുഖമായി കഴിയാവുന്നതിലധികം ശമ്പളം ഇപ്പോള്‍ കിട്ടുന്നുണ്ട്. പക്ഷേ കിട്ടാത്തതൊന്നേയുള്ളു. അവളോടൊപ്പം കഴിയാനുള്ളാ സമയം.

രാവിലെ എട്ടു മണിമുതല്‍ രാത്രി എട്ടുവരെയാണ് ഓഫീസ്. പക്ഷേ മിയ്ക്കവാറും ദിവസങ്ങളില്‍ ഒമ്പത് കഴിഞ്ഞാണ് വീട്ടിലെത്തുക. ഉറങ്ങാതെ കാത്തിരിക്കും, നാലാം ക്ലാസ്സുകാരി മാളു. ചിലപ്പോള്‍ താന്‍ വന്നിട്ടു വേണം അവളുടെ സ്റ്റിക് പികചേഴ്സ് വര്‍ക്ക് ചെയ്യാന്‍. ഒന്നും രണ്ടു തവണ ടീച്ചര്‍ കുറിപ്പു കൊടുത്തയച്ചു. ‘സ്റ്റിക്കിംഗ് വര്‍ക്ക് നോട്ട് നീറ്റ്. പാവം അവള്‍ തനിയെ ചെയ്തതായിരുന്നു. എല്ലാ തൊണ്ണീറുശതമാനം കുട്ടികാളും ‘എ പ്ലസ്സ്’ വങ്ങുന്ന ക്ലാസ്സില്‍ മാളുവിനെ അറുപത്തഞ്ചോ എഴുപതോ ശതമാനം മാര്‍ക്കു മാത്രം. അവളെ എങ്ങനെ കുറ്റം പറയും? എന്തെങ്കിലൂം പറഞ്ഞുകൊടുക്കാനോ പഠിപ്പിയ്ക്കാനോ തനിയ്ക്കൊട്ടും സമയമില്ല. എന്തിന്? അവളോട് നേരവണ്ണം സംസാരിക്കുകതന്നെ അപൂര്‍വ്വം. ട്യൂഷന് അവള്‍ക്കൊട്ടുപോവുകയും വേണ്ട സ്കൂക്കുളില്‍ നിന്ന് വന്നാല്‍ ഒന്നുകില്‍ ടി.വി., അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ - ഇവയുടെ മുന്നില്‍ കഴിയും ഞാന്‍ വരുന്നതുവരെ. വന്നാല്‍ സാരി പോലും മാറാതെ അവളെ കെട്ടിപ്പിടിച്ചിരിയ്ക്ക്ണം. ആ ഇരിപ്പില്‍ കുട്ടി ഉറങ്ങിപ്പോവുകയും ചെയ്യും. സ്കൂളില്‍ നിന്ന് മാളുവിന് കിട്ടുന്ന അടിയുടെ കാര്യവും ബസ്സിലെ വഴക്കും ഒക്കെ പറഞ്ഞു കേള്‍പ്പിക്കുന്നത് സുമതിയാണ്. മനസ്സിലെന്തൊക്കെയോ കോര്‍ത്തുവലിയ്ക്കുന്ന അനുഭവമാണ് രോഹിണിയ്ക്ക്, അപ്പോഴൊക്കെ.

മാനസികമായും ശാരീരികമായും സാമ്പത്തികമായും തളര്‍ത്തിയ, രാജീവുമായുള്ള വേര്‍പാടിന്റെ ദിവസങ്ങളില്‍ ഒരനുഗ്രഹമായി കിട്ടിയതാണീ ജോലി. അതുകൊണ്ട് തനിയ്ക്കും മാളുവിനും ആരെയും ആശ്രയിക്കാതെ കഴിയാമെന്നായി, അവളെ നല്ല സ്ക്കൂളില്‍ ചേര്‍ക്കാനായി. രാജീവ് ബാക്കിവച്ചു പോയത് നീറുന്ന ഓര്‍മ്മകളും, മദ്യപാനം സൃഷ്ടിച്ച കടവും. “ഞങ്ങളുടെ തറവാട്ടില്‍ സ്ത്രീകള്‍ പണം കൈകാര്യം ചെയ്യാറില്ല” എന്ന രാജീവിന്റെ നിലപാട് താറുമാ‍റാക്കിയത് തന്റെ ജീവിതമാണ്. ഒന്നും ഓര്‍ക്കാറില്ല ഓര്‍ക്കാന്‍ സമയമില്ലാത്തത് ഒരു കണക്കിന് നന്നായി. മാളു ഓര്‍ക്കാറുണ്ടോ, അവളുടെ അച്ഛനെ? അറിയില്ല. അവളൊന്നും ചോദിക്കാറില്ല. കുട്ടി ഓരോ ക്ലാസ്സും മാറുമ്പോഴാണ് വിഷമം. “ഓപ്പണ്‍ ഹൌസ്” മിസ്സായി ഒരു ക്ഷമാപണത്തോടെ അതിനടുത്ത ദിവസങ്ങളിലെപ്പോഴെങ്കിലും ടീച്ചറെ കാണാന്‍ ചെന്നുനില്‍ക്കുമ്പോഴാകും മിക്കവാറും ചോദ്യം. “മാളവികയുടെ അച്ഛനെവിടെയാണ്”? അച്ഛനില്ല” എന്നുത്തരം പറയുമ്പോള്‍ ഒരു കമ്പനി എക്സിക്യൂട്ടീവിന്റെ ഗൌരവം അറിയാതെ കടന്നുവരുന്നതുകൊണ്ടാവാം. കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടാകാത്തത്

കാറ് ഇപ്പോള്‍ മലകയറുകയാണ് തോന്നുന്നും. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. സാരികൊണ്ട് പുതച്ചിരുന്നു. ചില്ല് താഴ്ത്തിയിടാന്‍ തോന്നുന്നില്ല, ചീവീടുകളുടെയും, മറ്റേതോ ജീവികളുടെയും ഒച്ച. വീടുകളൊന്നുംകാണാനില്ല. “ഇനി എത്ര ദൂരമുണ്ട്. “ഒരരമണിക്കൂറ്” ഡ്രൈവര്‍ മിതഭാഷണിയായതു ഭാഗ്യം. ചിലപ്പോള്‍ ഇങ്ങനെയുള്ള യാ‍ത്രയില്‍ ഡ്രൈവറുടെ വാചാലത് ശല്യമാകും. എവിടെനിന്ന് വരുന്നു. എവിടെ പോകുന്നു. എന്തിന്, ആരെ കാണാന്‍, ഒറ്റക്കാണോ, തുടങ്ങി നൂറു ചോദ്യങ്ങള്‍. താല്പര്യമില്ലായമ കാണിച്ചാലും രക്ഷയില്ല. ചിലര്‍. വൃത്തികെട്ട നോട്ടം സമ്മാനിച്ചുകൊണ്ടിരിയ്ക്കും. എല്ലാം ഒഴിവാക്കാന്‍ കാറില്‍ കയറിയാലുടനെ കണ്ണടച്ച ഉറങ്ങുന്നതായി ഭാവിക്കുകയാണ് പതിവ് , പലപ്പോഴും.

മുന്തിയ ഹോട്ടലുകള്‍, നല്ല ഭക്ഷണം, യാത്ര സൌകര്യം എല്ലാം ഉണ്ടെങ്കിലും ഓരോ യാത്രയും അസുഖകരമായ ഒരനുഭവമാണ്, രോഹിണിക്ക് , മനസ്സിലൊരു വിങ്ങലാണ് തിരിച്ച് വീട്ടിലെത്തുംവരെ. താനിവിടെയല്ല, മാളുവിന്റെ അടുത്താണ് ഉണ്ടേകേണ്ടത് എന്ന തോന്നല്‍ മാത്രമല്ല കാരണം. യാത്രകളെല്ലാം അവസാനിക്കുന്നത് സ്വന്തം മനസ്സിലേയ്ക്കുതന്നെ. തീരം തല്ലി, കലങ്ങി മറഞ്ഞൊഴുകുന്ന പുഴ പോലെ പ്രക്ഷുബ്ധമായ മനസ്സ്. കരയില്‍ കാണാന്‍ ഇഷ്ടപ്പെടാത്ത കാഴ്ചകള്‍, നോവിക്കുന്ന അനുഭവങ്ങള്‍, ഭയാനകമായ ഏകാന്തത. പ്രത്യേകിച്ചും ഈ യാത്ര തന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു. ചില തീരുമാനങ്ങള്‍ ഇപ്പോള്‍ എടുത്തേപറ്റൂ. ജീവിതത്തെ വീണ്ടും മാറ്റി മറിച്ചേക്കാവുന്ന തീരുമാനങ്ങള്‍. തിരിച്ചു മറിച്ചും ആലോചിച്ചിട്ടും ഒന്നുമാകുന്നില്ല. മുമ്പ് രാജീവിനൊപ്പം ഇറങ്ങിത്തിരിച്ചപ്പോള്‍ തനിയ്ക്ക് തന്റെ കാര്യം മാത്രമേ തീരുമാനിയ്ക്കാനുണ്ടായിരുന്നുള്ളു. പക്ഷേ ഇപ്പോഴങ്ങനെയല്ലല്ലോ. ഏതു തീരുമാനവും മാളുവിനെക്കൂടി ബാധിയ്ക്കുമെന്നതുകൊണ്ട് കൂടുതല്‍ ശ്രദ്ധിച്ചേ പറ്റൂ.

നാളെയാണ് വിദേശ പ്രതിനിധികളുമായുള്ള ചര്‍ച്ച. പ്രകൃതി സുന്ദരമായ ഇത്തരം സ്ഥലങ്ങളില്‍ കമ്പനി ചര്‍ച്ച വെയ്ക്കുന്നത് മനഃപ്പൂര്‍വ്വം തന്നെയാണ്. ചര്‍ച്ചകള്‍ നടക്കുന്ന പ്രദേശം തീരുമാനങ്ങളില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നതായാണ് അനുഭവം. ചര്‍ച്ചകള്‍ നടക്കുന്ന പ്രദേശം തീരുമാനങ്ങളില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നതായാ‍ണ് അനുഭവം. നഗരത്തില്‍ നിന്ന് ഒരുപാടു ദൂരെയുള്ള സ്ഥലങ്ങളില്‍ രോഹിണിക്ക് ഇഷ്ടമേയല്ല. പതിനൊന്നു വര്‍ഷം പഴക്കമുള്ള ചില ഓര്‍മ്മകള്‍ രോഹിണിയെ വേട്ടയാടും. മലമുകളിലെ ആ റിസോര്‍ട്ട് , തണുത്ത രാത്രിയും, രാജീവ് മുറിപ്പെടുത്തിയ മനസ്സും ശരീരവും ഒക്കെ ഉറക്കം കെടുത്തും. ആത്മവിശ്വാസത്തെ തകര്‍ക്കും. ഇതുപോലുള്ള വ്യക്തിപരമായ കാര്യങ്ങള്‍ മേലധികാരികളോട് പങ്കുവെയ്ക്കാന്‍ വയ്യല്ലോ. അതുകൊണ്ട് ഓരോ തവണയും രോഹിണി മാനസിക പീഡ അനുഭവിച്ചുകൊണ്ടിരുന്നു.

വഴിവിളക്കുകളുടെ മങ്ങിയ പ്രകാശം മാത്രം അവിടവിടെ കാണാം. വഴിയിലെ കാഴ്ചകള്‍ വ്യക്തമല്ല. ദൂരെനിന്നും വെള്ളത്തിന്റെ ശബ്ദം. പുഴക്കരയിലൂടെയാണ് യാത്രയെന്ന പതിയെ തിരിച്ചറിഞ്ഞു. ഹോട്ടലിനടുത്ത് പുഴയുള്ള കാര്യം ഓഫീസില്‍ ആരും പറഞ്ഞില്ല. രോഹിണിയ്ക്ക് പെടുന്നനെ സന്തോഷം തോന്നി. പുഴക്കരെയുള്ള ഒരു കൊച്ചു വീട്ടിലെ സ്വൈര്യമായ താമസത്തിന്റെ ഓര്‍മ്മകള്‍ അപ്പോള്‍ രോഹിണിയെ വന്നു കെട്ടിപ്പിടിച്ചു. അച്ഛന്റെയും അമ്മയുടേയും ചേച്ചിയുടേയും സാമീപ്യം രോഹിണി തൊട്ടറിഞ്ഞു. നിലാവുള്ള രാത്രികളില്‍ പുഴയില്‍, അകലെ ആദ്യം ഒരു പൊട്ടുപോലെ പ്രത്യക്ഷപ്പെടുകയും പിന്നീട് തെളിവാര്‍ന്നു വരികയും ചെയ്യുന്ന ഒരു തോണിയെയും അതിലുണ്ടാക്കുമെന്ന് ഉറപ്പുള്ള അച്ഛനെയും കാത്ത് ഉമ്മറത്തിരിക്കുന്ന ഒരു കുടുംബത്തിന്റെ ചിത്രം മിഴിവാര്‍ന്നു വന്നു. അമ്മയുടെ മൃദുലമായ വിരലുകള്‍ തന്റെ മുടിയിഴകളിലൂടെ സഞ്ചരിക്കുന്നുണ്ട്. തോണി കടവിനോടടുക്കുമ്പോള്‍ ഓറിപ്പോയി അച്ഛനെ ആദ്യം ആരും തൊടും എന്നു മത്സരിച്ചോടുകയണ് ചേച്ചിയും താനും. അതാ! അച്ഛന്‍ തന്നെ എടുത്ത് വട്ടം കറക്കുന്നു........ രാജീവുമായുള്ള അടുപ്പം തന്നില്‍ നിന്ന് അപഹരിച്ചെടുത്തത് സുരക്ഷിതത്വത്തിന്റെ ഈ പുതപ്പാണ്. പകരം സമ്മനിച്ചതോ? മാറിമാറിയെടുക്കുന്ന വാടക വീടുളിലെ, പുഴയും ആകാശവും കാണാത്ത അപരിചിതത്വവും, രാത്രികളിലെ നീണ്ടുനീണ്ടകാത്തിരിപ്പും. രാജീവുമായുള്ള ബന്ധം ഒരു ചലച്ചിത്രത്തിലെ ക്യാമറ-ട്രിക്കുപോലെ പെട്ടെന്ന് അമ്മയേയും, അച്ഛനേയും, ചേച്ചിയേയും തന്റെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷരാക്കി. “മാഡം ഹോട്ടലെത്തി”. ഡ്രൈവറ് ഡോര്‍ തുറന്നു പിടിച്ചു. നേരത്തെ അറിയിച്ചിരുന്നതുകൊണ്ടും അറിയപ്പെടുന്ന കമ്പനിയുടെ പ്രതിനിധിയായതുകൊണ്ടും ഹോട്ടലില്‍ നിന്ന് കാറിനടുത്തേയ്ക്ക് സ്വീകരിയ്ക്കാനാളിറങ്ങിവന്നു. “പുഴ കാണുന്ന ഒരു മുറി വേണം”, രോഹിണി പറഞ്ഞു. “അതു തന്നെയാണ് അറേഞ്ചു ചെയ്തിരിയ്ക്കുന്നത്, മാഡം”, ചെറുപ്പക്കാരന്‍ ഭവ്യമായി അറിയിച്ചു.

കുളികഴിഞ്ഞു വന്നപ്പോഴേയ്ക്ക് യാത്രയുടെ ക്ഷീണം മിയ്ക്കവാറും പോയ്ക്കഴിഞ്ഞിരുന്നു. ചൂടുള്ള ഒരു കാപ്പി കൂടി കുടിച്ചപ്പോള്‍ നല്ല ഉന്മേഷം തോന്നി. എ.സി.ഓഫ് ചെയ്ത് പുഴക്കരയിലേയ്ക്കുള്ള ജനാലകള്‍ തുറന്നിട്ടപ്പോള്‍ കാറ്റു വന്നു തൊട്ടു. കളകള’ ശബ്ദം മുറിയില്‍ നിന്ന് കേളക്കാം. തണുപ്പ്, പുഴ , കാറ്റ്......... മനസ്സ് പ്രണയാതുരമാകുന്നു. ദീപക്കിനോട് സംസാരിയ്ക്കാതെ വയ്യ. മൊബൈലില്‍ റേഞ്ചുണ്ട്, ഭാഗ്യം. പക്ഷേ, നമ്പര്‍ ബിസിയാണ്. നേരത്തെ വിളിച്ചപ്പോഴുംബിസിയായിരുന്നു.

പ്രണയത്തിന്റെ ഇതുവരെ കാണാത്ത വഴികളിലൂടെയാണ് ദീപക്കുമായുള്ള അടുപ്പം തന്നെ കൊണ്ടുപോകുന്നതെന്ന് രോഹിണിയ്ക്ക് തോന്നാറുണ്ട്. ഇത്രയും സ്ഥലം തന്റെ മനസ്സില്‍ ഉണ്ടായിരുന്നോ എന്നത്ഭുതം തോന്നും ചിലപ്പോള്‍. ഉള്ളില്‍ തനിക്കുപോലുമജ്ഞാതമായി കിടന്നിരുന്ന പുല്‍മേടുകളും, കാനനഭംഗികളും കടല്‍ക്കരയും ആകാശവും ഒക്കെ കടന്നുള്ള യാത്രകള്‍. ഓരോ നിമിഷവും ഞാനും കൂടെയുണ്ട് എന്നുറപ്പുതന്നുകൊണ്ട് ദീപക്. മനസ്സിന്റെ മൂലയില്‍ എന്നോ നടതള്ളിയ ഓണവെയിലും വിഷുപ്പുലരിയും തിരുവാതിര രാവുകളും വീണ്ടു അഴകോടെ തിരിച്ചെത്തിയതുപോലെ. ജീവിയ്ക്കാനുള്ള പ്രതീക്ഷ തരുന്നു. ഓരോ വാക്കും. രാവിലെ എന്നും കിട്ടറുള്ള എസ്.എം.എസ്സുകള്‍ ദിവസത്തെ മുഴുവന്‍ പ്രകാശമാനമാക്കുന്നു. അറിഞ്ഞു തന്നെയാണ് ദീപക്കിന് ആ പേരിട്ടതെന്ന് തോന്നും പരിചയപ്പെട്ടിട്ടിപ്പോള്‍ അഞ്ചു വര്‍ഷമാകുന്നു. ഒന്നിച്ചു ജീവിയ്ക്കാനുള്ള തീരുമാനം വൈകിയ്ക്കുന്നത് താന്‍ തന്നെയാണ്. തീരുമാനമെടുക്കാറാകുമ്പോള്‍ എന്തോ ഒന്ന് പുറകോട്ട് പിടിച്ചു വലിയ്ക്കുന്നതുപോലെ ദീപക്കിന് തന്നോടുള്ള പ്രണയത്തിന്റെ ആഴത്തില്‍ രോഹിണിയ്ക്ക് സംശയമേതുമില്ല. പക്ഷേ മാളു- അവളെ ദീപക് സ്വീകരിക്കുന്നതെങ്ങനെയെന്നറിയില്ല. ഇപ്പോഴും . മാളുവിനെപ്പറ്റി പറയാന്‍ തുടങ്ങുമ്പോഴേയ്ക്കും വിഷയം മാറ്റും. എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. കുട്ടികളെ ഇഷ്ടമില്ലായിരിക്കുമോ ദീപക്കിന്? ഒരിക്കല്‍ മാളു അവള്‍ക്ക് സമ്മാനം കിട്ടിയ ഒരു പാട്ട് പാടിക്കേള്‍പ്പിക്കുകയായിരുന്നു. ദീപക് അന്ന് പ്രതികരിച്ചിതിങ്ങനെയാണ്. “എല്ലാ അമ്മമാരുടെയും വിചാരം അവരുടെ മക്കള്‍ മികച്ച കലാകാ‍രന്മാരും, കലാകാരികളുമാണെന്നാണ്. മാതൃത്വം സത്യം കാണുന്നതില്‍ നിന്നുമവരെ അകറ്റുന്നു. മാളവിക തരക്കേടില്ലാതെ പാടും അത്രയേയുള്ളു. ഇക്കാര്യം അവളെ ആദ്യമേ പറഞ്ഞു മനസ്സിലാക്കുകയാണ് നല്ലത്.

അവളൊരു കുട്ടിയാണെന്ന് അയാള്‍ മറന്നു പോയല്ലോ എന്നോര്‍ത്ത് രോഹിണിയ്ക്കന്ന് വലിയ വിഷമം തോന്നി. മറ്റൊരിക്കല്‍” ഒരു സ്ത്രീ പൂര്‍ണ്ണയാകുന്നതും സുന്ദരിയാകുന്നതും അവള്‍ അമ്മയാകുമ്പോഴാണ് എന്നാണ് പറയപ്പെടുന്നത്. പക്ഷെ എനിയ്ക്കുതോന്നത്, അവള്‍ പ്രണയിനിയാകുമ്പോഴാണ് എന്നാണ്. പ്രണയത്തിന്റെ ഒരു ബൈ പ്രൊഡക്ട് മാത്രമാണ് മാതൃത്വം. അതുകൊണ്ടുതന്നെ അതൊരു ബാധ്യതയുമാണ്. പ്രണയം പൂര്‍ണ്ണമാകുന്നത് അത് പ്രണയം മാത്രമാകുമ്പോഴാണ്. ദീപക്കിന്റെ വാക്കുകള്‍ കുറേ നാള്‍ രോഹിണിയെ കുത്തിനോവിച്ചുകൊണ്ടിരുന്നു. എന്താണ് ദീപക് പറഞ്ഞു വരുന്നത്? മാളുവിനെ.......? കൂടുതലൊന്നും ആലോചിയ്ക്കാനോ ദീപക്കിനോടു അതേപ്പറ്റി സംസരിയ്ക്കാനോ, രോഹിണിയ്ക്കാവാറില്ല, അയാളുടെ പ്രണയം എന്നന്നേക്കുമായി നഷ്ടപ്പെട്ടലോ എന്ന ഭയം അവളെ അതില്‍ നിന്നും പിന്തിരിപ്പിച്ചു.

അടുത്താഴ്ച ദീപക് അമേരിക്കയില്‍ പോവുകയാണ്. അവിടെത്തന്നെ സ്ഥിരതാമസമാക്കാനും ഉദ്ദേശിക്കുന്നു. അതിനു മുമ്പ് തന്റെ തീരുമാനമറിയിച്ചേ പറ്റൂ. ഒന്നിച്ചുള്ള ജീവിതം വേണമോ വേണ്ടയോ? വേണം എന്നു തീരുമാനിയ്ക്കുമ്പോള്‍ മാളുവിന്റെ വാടിയ മുഖം മനസ്സിലേയ്ക്കു വരുന്നു. “ നമുക്ക് നമ്മള്‍ മാത്രം മതി അമ്മേ” എന്നവള്‍ നിശബ്ദയായി അപേക്ഷിക്കുന്നതുപോലെ വേണ്ടെന്നു വെച്ചാലോ? അതു ചിന്തിയ്ക്കാനേ വയ്യ. പിന്നെ എന്തു പ്രതീക്ഷയിലാണ് താന്‍ ജീവിതം മുന്നോട്ടു കൊണ്ടുപോവുക? മനസ്സിന്റെ ഒഴിച്ചിട്ടയിടങ്ങളിലൊക്കെ ദീപക് പ്രകാശവുമായി നിറഞ്ഞിരിക്കുകയാണ്. അത് സ്വയമൂതിക്കെടുത്താന്‍ വയ്യ. ഇനി വയ്യ. ആരോടാണ് ഒരഭിപ്രായം ചോദിക്കുക? ആരുമില്ലല്ലോ, തനിയ്ക്ക് ? മനസ്സാകട്ടെ മൌനം പാലിക്കുന്നു.

ദീപക് തിരിച്ചു വിളിക്കാത്തനെന്താണ് മുമ്പൊക്കെ തന്റെ മിസ്ഡ് കോള്‍ കണ്ടാലുടന്‍ വിളിയ്ക്കാറുള്ളതാണ്, ഒരു ക്ഷമാപണത്തോട്, കുറച്ചു നാളായി ഇങ്ങോട്ട് വിളിയ്ക്കുന്നതേ വിരളമാണ്. അതിന് എന്തെങ്കിലും കാരണമുണ്ടാവും പറയാന്‍, ഫോണിന്റെ സമീപത്തില്ലായിരുന്നു. തിരക്കയിരുന്നു. കോള്‍ കണ്ടില്ല അങ്ങനെ പലതും, ദീപക്കിനെ നന്നായറിയാവുന്നതുകൊണ്ട് ഇതൊന്നുമാവില്ല കാരണമെന്നറിയാം. പുറമേനിന്നുള്ള ഒരു പ്രതിബന്ധവും ബാധിക്കുന്നയാളല്ല ദീപക്. തനിയ്ക്കായി മാത്രം കരുതിവെച്ച നമ്പര്‍ എന്നാണ് പറഞ്ഞിട്ടുള്ളത്. പക്ഷേ ഇപ്പോള്‍ വിളിക്കുമ്പോള്‍ പലപ്പോഴും നമ്പര്‍ ബിസിയാണ്. വിദേശത്ത് പോകുന്ന തിരക്കല്ലേ, ആരെയെങ്കിലുമൊക്കെ വിളിയ്ക്കാന്‍ കാണും എന്നോര്‍ത്ത് സമാധാനിയ്ക്കും. ദീപക്കിനോട്, എന്തോ ചോദിയ്ക്കാന്ന് തോന്നാറില്ല., തന്നില്‍ നിന്നെന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടോ? ഉണ്ടാവാതിരിയ്ക്കട്ടെ.

നല്ല തണുപ്പുണ്ട്. രാത്രി കനത്തിരിക്കുന്നു. ഇപ്പോള്‍ പുഴയുടെ സംഗീതം നന്നയി കേള്‍ക്കാം. ജനലരികില്‍ പോയി നിന്നു. അത്ഭുതം പുഴയില്‍ നിറയെ വെളിച്ചത്തിന്റെ മിന്നമിന്നികള്‍! ഒരു കടവ് ദൃശ്യമാകുന്നു. കടവിന്റെ പടികളില്‍ മുഴുവന്‍ ആരോ ചിരാതുകള്‍ കൊളുത്തി വെച്ചിരിക്കുന്നു! ആരായിരിക്കും അത് എന്തിനു‍? ആശയറ്റ മനസ്സുകള്‍ക്ക് പ്രതീക്ഷയായി ആരാണൊ ദീപങ്ങള്‍ തെളിയിച്ചത്? കുറേ നേരം ആ ദീപക്കഴ്ചയില്‍ മുഗ് ദ്ധയായ്ക് രോഹിണി ജനാലയ്ക്കരികില്‍ നിന്നു. പുഴയെന്താണ് തന്നോടു പറയാനാഗ്രഹിക്കുന്നത്? പ്രതീക്ഷ വെയ്ക്കു. മുന്നോട്ടു പോകൂ എന്നാണോ? തന്റെ ഉള്ളിലുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണോ, ഇത് താനത് അങ്ങനെയെടുക്കാന്‍ പോകുന്നു. ദീപകിനോട് ആ ദൃശ്യത്തെക്കുറിച്ചു പറയാന്‍ മനസ്സു വെമ്പി, അത് താന്‍ കണ്ടപോലെ ദീപക് ആസ്വദിക്കുമെന്നുറപ്പാണ്. കൂട്ടത്തില്‍, തനിയ്ക്ക് ഒന്നിച്ചു കഴിയാന്‍ സമ്മതമാണെന്നും. നാളെയാകട്ടെ, മുന്നോട്ടുള്ള വഴിയില്‍ കത്തിച്ചുവെച്ച അനേകം നിറദീപങ്ങളുടെ പ്രഭയില്‍ മനസ്സുനിറച്ച് രോഹിണി സുഖമായുറങ്ങി.

കണ്ണു തുറന്നപ്പോള്‍ നേര്‍ത്ത സുപ്രഭാതം കേട്ടിരുന്നു. അഞ്ചു മുപ്പത് ആയതേയുള്ളു. സൂര്യനുദിച്ചിട്ടില്ല. തലേദിവസത്തെ കാഴ്ച മനസ്സിലേക്കോടിയെത്തി. ജനാല തുറന്നിട്ടു, ചിരാരുകള്‍ കെട്ടിരുന്നു, ഇന്നലെതന്നെ വിചാരിച്ചതാണ് ഇന്നത്തെ സൂര്യോദയം കാണണമെന്ന്. ഒരു പുതിയ കാര്യം തുടങ്ങാന്‍ പോവുകയാണല്ലോ, കമ്പനിയും താനും. സൂര്യനാകട്ടെ കണി. ഷോള്‍ പുതച്ച് പുറത്തിറങ്ങി.ലോബിയില്‍ നിന്നും കാണുമ്പോഴും പുഴ മനോഹരിയായിരുന്നു. അവിടവിടെ തെളിയുന്ന, പുലര്‍കാല വെളിച്ചത്തിന്റെ കുങ്കുമപ്പൊട്ടുകളുള്ള, മഞ്ഞിന്റെ നേര്‍ത്ത സാരിയുടുത്ത്........ഓരത്തെ വൃഷങ്ങളില്‍ കിളികളുടെ സംഗീതം. പുഴക്കരികെയുള്ള ഒരു കല്ലില്‍ എല്ലാം ആസ്വദിച്ചങ്ങനെയിരുന്നു. ജലപ്പരപ്പില്‍, കുറേ വഞ്ചികള്‍ കണ്ണില്‍പ്പെട്ടു. അഞ്ചോ ആറോ ഉണ്ട്, അവയിലെ അര്‍ദ്ധനഗ്നരായ മനുഷ്യര്‍ വെള്ളത്തില്‍ മുങ്ങുന്നു. കയ്യിലെന്തോ എടുത്ത് പൊങ്ങുന്നു. മണല്‍ വാരുകയാണവര്‍ എന്നു മനസ്സിലാക്കാന്‍ കുറച്ചു സമയമെടുത്തു. ഒരുപക്ഷെ അത്തരമൊരുകാഴ്ച് അവിടെ തീരെ പ്രതീക്ഷിക്കാത്തതുകൊണ്ടാവാം. രോഹിണിയെ ആകര്‍ഷിച്ച പ്രഭാത ദൃശ്യങ്ങള്‍ക്കൊന്നും കണ്ണും കാതുമില്ലാത്ത വിധം അവര്‍ക്കൊക്കെ തിരക്കായിരുന്നു. രോഹിണിയെ കണ്ടപ്പോള്‍ ഒന്നും രണ്ടുപേര്‍ തുറിച്ചു നോക്കി. എന്തൊക്കെയോ വിളിച്ചു പറഞ്ഞു. ആ സമയത്ത് ഒരു സ്ത്രീയെ അവരവിടെ കാണാനിഷ്ടപ്പെടുന്നില്ലെന്നു തോന്നുന്നു. ഉദിച്ചു വന്ന സന്തോഷം പെട്ടെന്നസ്തമിച്ചു. ഹോട്ടലിലേയ്ക്ക് തിരിച്ചു വന്നു. റിസപ്ഷനിസ്റ്റ് അത്ഭുതത്തോടെ ചോദിച്ചു. “മാഡം, ഈ തണുപ്പത്ത്. ഇത്ര രാവിലെ എവിടെപ്പോയി”? ” “വെറുതെ, പുഴ കാണാന്‍ “. പുഴയില്‍ നിന്നുള്ള ശബ്ദം ഇപ്പോള്‍ അത്യുച്ചത്തിലായിരിക്കുന്നു. രോഹിണി റിസപ്ഷനിസ്റ്റിനോടു ചോദിച്ചു. രാത്രി കടവിലാരാണ് ദീപം കൊളുത്തിവെയ്ക്കുന്നത്. അമ്പലമുണ്ടോ അടുത്ത്? നല്ല ഭംഗിയുള്ള ഒരു കാഴ്ചയായിരുന്നു അത്? പെണ്‍കുട്ടിയുടെ മുഖത്ത് നിര്‍വികാരതയായിരുന്നു. “ ഓ അതോ? അത് രാത്രി മണല്‍ വാരുന്നവര്‍ കത്തിച്ചു വെയ്ക്കുന്നതാണ്. പോലീസ് വരുന്നതു കേട്ടാ‍ല്‍ വിളക്കു കെടുത്തി മുങ്ങിക്കളയും, അവരും, കടവില്‍ കാവല്‍ നില്‍ക്കുന്ന ഏജന്റുമാരും. അല്ല പോലീസും മോശമില്ല. എല്ലാവരും അറിഞ്ഞു തന്നെയാണ് ഈ പരിപാടി. മാഡം വിചാരിയ്ക്കുന്നതുപോലെ പുഴയ്ക്കു ഭംഗിക്കൂട്ടാനൊന്നുമല്ല അത്....”

രോഹിണി മുറിയിലേയ്ക്കു തിരിച്ചു കയറി പുഴയിലേക്കു തുറക്കുന്ന ജനാലകള്‍ വലിച്ചടച്ചു. ദീപക്കിന്റെ നമ്പര്‍ മൊബൈല്‍ ഫോണില്‍ നിന്നും
ഡെലീറ്റ് ചെയ്തു.

ഡോ. ഇ. സന്ധ്യ.


-, തൃശ്ശൂര്‍,



Your response will be e-Mailed to the poster.